കെ.കെ. കൊച്ച്​

വായനക്കാരുടെ / കാഴ്ചക്കാരുടെ ഓഡിറ്റിംഗിന്
മാധ്യമ ലോകത്തെ വിധേയമാക്കണം

അധാർമികമായ ഒരു വാർത്താനിർമിതിയെ മറച്ചുപിടിക്കുന്നത്​, കുറ്റവാളികളുടെ പ്രഖ്യാപിത നിലപാടാണ്​. തന്മൂലം, മറ്റേതൊരു കുറ്റവാളിയായ പൗരർക്കും ബാധകമായ നിയമവ്യവസ്ഥകളായ പോക്‌സോ വകുപ്പുകളും ഓഫീസ് റെയ്ഡും എതിർക്കപ്പെടേണ്ടതില്ല. അതേസമയം, ബി.ബി.സിക്കെതിരായ നടപടിയോട് താരതമ്യം ചെയ്യുന്ന ഏഷ്യാനെറ്റ് സ്വയം ജാമ്യം എടുക്കുകയുമാണ്.

കെ. കണ്ണൻ: ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഒരു സ്റ്റോറിയുമായി ബന്ധപ്പെട്ട വിവാദത്തിലും ചർച്ചയിലും, മലയാളത്തിലെ മാധ്യമങ്ങളുടെ നിലപാടുകളും വിചാരണ ചെയ്യപ്പെടുന്നുണ്ട്​. ‘മാസം 250 രൂപ മുടക്കി ഞാനെന്തിന് എൻ.എസ്.എസിന്റെയും സംഘപരിവാറിന്റെയും വാർത്ത വായിക്കണം, അതുകൊണ്ട് ഞാൻ മാതൃഭൂമി വായന നിർത്തി' എന്ന് താങ്കൾ കഴിഞ്ഞദിവസം, ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിന് കമന്റിടുകയുണ്ടായി. ഇങ്ങനെയൊരു സന്ദർഭത്തിൽ, നമ്മുടെ മാധ്യമങ്ങളെ മുൻനിർത്തി, ജനാധിപത്യപരമായും ഭരണഘടനാപരമായും ഉറപ്പുനൽകപ്പെട്ട മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രയോഗത്തിനുള്ള സാധ്യതയെ എങ്ങനെ വിശദീകരിക്കാം?

കെ.കെ. കൊച്ച്: ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സ്‌റ്റോറിയുടെ നിർമിതിയുമായി ബന്ധപ്പെട്ട വിവാദത്തിലും ചർച്ചയിലും മലയാളത്തിലെ മാധ്യമങ്ങളുടെ നിലപാടുകൾ പൊളിച്ചെഴുത്തിന് വിധേയമാക്കണമെന്ന അഭിപ്രായമാണ് ഉയർന്നുവന്നിരിക്കുന്നത്. ശബരിമലയിൽ ആചാരലംഘനം നടത്തുന്ന യുവതികൾക്ക് രണ്ടുവർഷത്തെ തടവു വിധിച്ച പ്രതിപക്ഷത്തിന്റെയും പ്രഖ്യാപിത സി.പി.എം വിരുദ്ധരുടെയും പക്ഷപാതിത്വങ്ങളെ മറികടന്നുള്ള പൗരബോധവും വായനയുടെ ഉദ്ബുദ്ധതയും എന്ന നിലയിലാണ് വിവാദങ്ങളെയും ചർച്ചകളെയും കണക്കാക്കേണ്ടത്. ഈയടിസ്ഥാനത്തിലാണ് 250 രൂപ മുതൽമുടക്കുന്ന ഞാൻ, എൻ.എസ്.എസ് കരയോഗങ്ങളുടെയും സംഘ്പരിവാറിന്റെയും വാർത്തകൾ കുത്തിനിറച്ച മാതൃഭൂമി പത്രവായന ഉപേക്ഷിച്ചത്.

കാരണമുണ്ട്; നിരവധി സമുദായങ്ങളും കെട്ടുറപ്പുള്ള സംഘടനകളും നിലവിലുള്ളപ്പോൾ, ഏറ്റവും മുഖ്യം മുൻ ചൊന്ന സമുദായത്തിനും സംഘടനക്കും നൽകുമ്പോൾ, ഹിന്ദു സമൂഹത്തിൽ സ്ഥാപനവൽക്കരിക്കപ്പെടുന്നത്, സമുദായ സമത്വമല്ല, മറിച്ച് നായർ തറവാടിത്തവും നീത്‌ഷേയുടെ ‘അതിമാനുഷികത്വ'വുമാണ്. അതുകൊണ്ടാണ് ഇന്ത്യയിലാദ്യമായി, അനായാസം മുന്നാക്ക സമുദായങ്ങൾക്ക് 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാനും മന്ത്രിസഭയിൽ പകുതിയോളം നായർ സമുദായാംഗങ്ങളെ മന്ത്രിമാരാക്കാനും കഴിഞ്ഞത്.

വസ്തുനിഷ്ഠമായി പരിശോധിച്ചാൽ മാധ്യമ സ്വാതന്ത്ര്യം എന്നത്, മാധ്യമങ്ങൾ സ്വന്തം പ്രതിലോമകരമായ നിലനിൽപ്പിനുവേണ്ടി സൃഷ്ടിച്ചതാണ്. അത്, സമൂഹവിരുദ്ധവും മനുഷ്യാന്തസ്സിന് നിരക്കാത്തതുമായി മാറിയപ്പോഴാണ് ഒരു വശത്ത് മാധ്യമങ്ങൾ സ്വയം നിയന്ത്രണം പാലിക്കണമെന്നും മറുവശത്ത് ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന് വിധേയമായിരിക്കണമെന്നുമുള്ള വാദം ഉയർന്നുവന്നത്. ഈ രണ്ടു കാര്യങ്ങളും പാലിക്കപ്പെടാതെ, ക്രിമിനൽ സംഘമായി മാറിയ മാധ്യമങ്ങളെ മാധ്യമസ്വാതന്ത്ര്യത്തിലേക്കു നയിക്കാൻ ഭരണകൂട നടപടികളോടൊപ്പം ബഹുജനാഭിപ്രായവും അനിവാരമാണ്.

പതിറ്റാണ്ടുകൾക്കുമുമ്പ് ആരംഭിച്ച ചാനലുകൾ ഒഴിച്ചുള്ള മാധ്യമങ്ങൾ കെട്ടിലും മട്ടിലും മാത്രമല്ല, ഉള്ളടക്കത്തിലും ആധുനികവൽക്കരണം ഉൾക്കൊള്ളുന്നവയല്ല. ഇതിനുകാരണം, ഇവ ചില സാമുദായിക വിഭാഗങ്ങളുടെ അഭിരുചിക്കും ഉടമകളുടെ സാമ്പത്തിക താൽപര്യങ്ങൾക്കും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും വേണ്ടിയുള്ളവയാണ് ഇവ എന്നതാണ്​.

ഏഷ്യാനെറ്റ് വാർത്തക്കെതിരായ പരാതിയിൽ, പോക്സോ വകുപ്പുകളടക്കം ചുമത്തി കേസെടുക്കുകയും കോഴിക്കോട് ഓഫീസിൽ പൊലീസ് പരിശോധന നടത്തുകയും ചെയ്തു. ബി.ബി.സിക്കെതിരെ നരേന്ദ്രമോദി സർക്കാർ സ്വീകരിച്ച പ്രതികാര നടപടിയോടാണ് ഇതിനെ ഏഷ്യാനെറ്റ് താരതമ്യപ്പെടുത്തിയത്. അതേസമയം, തങ്ങൾ നടത്തിയ തികച്ചും അധാർമികമായ ഒരു വാർത്താനിർമിതി അവർ ഇപ്പോഴും മറച്ചുപിടിക്കുകയും ചെയ്യുന്നു. മാധ്യമ സ്വാതന്ത്ര്യം എന്നൊരു ആശയം മുൻനിർത്തി, എല്ലാതരം ഓഡിറ്റിംഗിനും അപ്പുറത്തുള്ള ഒരു സംവിധാനമാണ് തങ്ങൾ എന്ന ധാർഷ്ട്യം നിറഞ്ഞ നിലപാട് ഇത്തരം സന്ദർഭങ്ങളിൽ മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാകാറുണ്ട്. അതായത്, വായനക്കാരുടെയും പ്രേക്ഷകരുടെയും ഒരുതരത്തിലുമുള്ള ഇടപെടൽ മാധ്യമങ്ങൾ ഇപ്പോഴും അനുവദിക്കുന്നില്ല. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളുടെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെയും വികാസത്തോടെ, യാഥാസ്ഥിതികമായ ഓഡിയൻസിൽനിന്ന് വ്യത്യസ്തമായി ബഹുസ്വരമായതും വിമർശിക്കാനും ചോദ്യം ചെയ്യാനും തിരുത്തിക്കാനും ​ശേഷിയുള്ള ഒരു ഓഡിയൻസാണ് മാധ്യമങ്ങൾക്കുള്ളത്. ഇത്തരമൊരവസ്ഥയിൽ, എങ്ങനെയാണ് മാധ്യമങ്ങളുടെ കാര്യത്തിൽ രാഷ്ട്രീയമായ ഒരു സോഷ്യൽ ഓഡിറ്റിംഗ് സാധ്യമാകുക?

ചോദ്യത്തിലെ ഏറ്റവും പ്രസക്തമായത്, ‘തങ്ങൾ നടത്തിയ തികച്ചും അധാർമികമായ ഒരു വാർത്താനിർമിതിയെ അവർ ഇപ്പോഴും മറച്ചുപിടിക്കുന്നു' എന്ന പ്രസ്താവമാണ്. കുറ്റവാളികളുടെ പ്രഖ്യാപിത നിലപാടാണിത്. തന്മൂലം, മറ്റേതൊരു കുറ്റവാളിയായ പൗരർക്കും ബാധകമായ നിയമവ്യവസ്ഥകളായ പോക്‌സോ വകുപ്പുകളും ഓഫീസ് റെയ്ഡും എതിർക്കപ്പെടേണ്ടതില്ല. അതേസമയം, ബി.ബി.സിക്കെതിരായ നടപടിയോട് താരതമ്യം ചെയ്യുന്ന ഏഷ്യാനെറ്റ് സ്വയം ജാമ്യം എടുക്കുകയുമാണ്. ഇത്തരമൊരവസ്ഥയിൽ വായനയെ / കാഴ്ചയെക്കുറിച്ച് സമഗ്രമായ പാഠവൽക്കരണം നടത്തേണ്ടതുണ്ട്.

കേരളത്തിലെ മാധ്യമങ്ങൾ ഒന്നൊഴിയാതെ എല്ലാം വ്യാപാര സ്ഥാപനങ്ങളാണ്, വ്യവസായ സ്ഥാപനങ്ങളല്ല. വ്യാപാരിക്ക്, ലഭിക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിക്കേണ്ട കടമ മാത്രമാണുള്ളത്. എന്നാൽ, വ്യാവസായികോൽപ്പന്നങ്ങളാകട്ടെ, കാലോചിതമായി ശാസ്ത്ര- സാങ്കേതികജ്ഞാനത്താൽ പരിഷ്‌കരിക്കപ്പെട്ട് ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതുണ്ട്. മാത്രമല്ല, മാനേജുമെൻറ്​ വ്യവസ്ഥകളിലൂടെ വിപണനം ചെയ്യുകയും വേണം. ഇന്ന് നമുക്ക് ലഭിക്കുന്ന നിർമിതവസ്തുക്കൾ, ഇരുപതോ മുപ്പതോ വർഷം മുമ്പുള്ളവയിൽനിന്ന് എത്രയോ മാറ്റങ്ങൾക്ക് വിധേയമായവയാണ്. പതിറ്റാണ്ടുകൾക്കുമുമ്പ് ആരംഭിച്ച ചാനലുകൾ ഒഴിച്ചുള്ള മാധ്യമങ്ങൾ കെട്ടിലും മട്ടിലും മാത്രമല്ല, ഉള്ളടക്കത്തിലും ആധുനികവൽക്കരണം ഉൾക്കൊള്ളുന്നവയല്ല. ഇതിനുകാരണം, ഇവ ചില സാമുദായികവിഭാഗങ്ങളുടെ അഭിരുചിക്കും ഉടമകളുടെ സാമ്പത്തിക താൽപര്യങ്ങൾക്കും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും വേണ്ടിയുള്ളവയാണ് ഇവ എന്നതാണ്​.

മാധ്യമ വിചാരണയിൽ ഉള്ളുരുകുന്നവർക്ക് കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ത്രീകളായ ശുചീകരണ തൊഴിലാളികളുടെ ആത്മാവബോധം പ്രകടിപ്പിക്കാനാകുന്നില്ല.

ഈ പ്രസിദ്ധീകരണങ്ങൾ സമൂഹത്തെ പ്രതിനിധീകരിക്കാതിരിക്കുന്നതിനാൽ, പെറ്റുപെരുകുന്ന സ്വന്തം സമുദായത്തിൽ വേരുകൾ പടർത്തിയും രാഷ്ട്രീയ പക്ഷപാതിത്വത്തിലൂടെ ഇതര സമുദായങ്ങളിൽ പടർന്നുകയറിയും സ്വയം പ്രഖ്യാപിതി വിധികർത്താക്കളാകുന്നു. ഇത്തരം മാധ്യമങ്ങളാകുന്ന ചിലന്തിവലയിൽ കുരുങ്ങുന്ന മാധ്യമപ്രവർത്തകരാകട്ടെ, സ്ഥാപനത്തിന്റെ നിലനിൽപ്പിനുവേണ്ടി പെരുംനുണയും താൻപോരിമയും രാഷ്ട്രീയ നിരക്ഷരതയും കൊണ്ട് സ്വന്തം നിസ്സഹായാവസ്​ഥ​യെ സാധൂകരിക്കുന്നു. അതുകൊണ്ടാണ് മാധ്യമ വിചാരണയിൽ ഉള്ളുരുകുന്നവർക്ക് കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ത്രീകളായ ശുചീകരണ തൊഴിലാളികളുടെ ആത്മാവബോധം പ്രകടിപ്പിക്കാൻ കഴിയാതെ വരുന്നത്. ഇത്തരമൊരവസ്ഥയിൽ, മാധ്യമപ്രവർത്തകരുടേതുമാത്രമല്ല, വായനക്കാരുടെ / കാഴ്ചക്കാരുടെ ഓഡിറ്റിംഗിന് മാധ്യമലോകത്തെ വിധേയമാക്കേണ്ടതുണ്ട്. ▮


കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

കെ.കെ. കൊച്ച്

എഴുത്തുകാരനും ദളിത് ചിന്തകനും. ദേശീയതയ്‌ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹിക രൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, ദലിതൻ (ആത്മകഥ), മൂലധനത്തിന്റെ ജനാധിപത്യവൽക്കരണവും കെ റെയിലുംഎന്നിവ പ്രധാന കൃതികൾ.

Comments