കെ. കണ്ണൻ: മീഡിയ വൺ സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടിയും അത് ശരിവച്ചുകൊണ്ടുള്ള കേരള ഹൈകോടതി സിംഗിൾ ബഞ്ച് ഉത്തരവും, മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടുമാത്രമല്ല, നീതിനിർവഹണത്തിന്റെ അടിസ്ഥാനമാകേണ്ട ചില മൂല്യങ്ങളുടെ ലംഘനത്തിലേക്കുകൂടി വിരൽ ചൂണ്ടുന്നുണ്ട്. അതിൽ ഒന്ന്, പെഗാസസ് കേസിൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ സ്വകാര്യതക്കുള്ള അവകാശം, വാർത്താസ്രോതസ്സിന്റെ സംരക്ഷണം, സ്വതന്ത്ര മാധ്യമപ്രവർത്തനം എന്നീ വിഷയങ്ങൾ മനസ്സിലാക്കുന്നതിൽ കേരള ഹൈകോടതി വലിയ പിഴവ് വരുത്തിയെന്നുതന്നെ പറയേണ്ടിവരുന്നു. മാത്രമല്ല, ദേശസുരക്ഷയെക്കുറിച്ചുള്ള ഭരണകൂടത്തിന്റെ ‘സീൽഡ് കവർ' രഹസ്യമാക്കി വക്കുക വഴി കോടതിയും, ചാനലിനെതിരെ ആരോപിക്കപ്പെട്ട ആ ‘കുറ്റകൃത്യം' എന്തുകൊണ്ടാണ് രഹസ്യമാക്കി വക്കുന്നത് എന്ന ചോദ്യവുമുയരുന്നു. പൗരാവകാശം തന്നെയായ മാധ്യമ പ്രവർത്തനത്തിന്റെ കാര്യത്തിൽ, ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിലുള്ള ഇത്തരം ‘പൊരുത്ത'ങ്ങൾ വലിയൊരു അപകട സൂചനയല്ലേ നൽകുന്നത്?
ഷാജഹാൻ മാടമ്പാട്ട്: തീർച്ചയായും. ഈ കോടതിവിധി മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളും ഗവൺമെന്റിന്റെ സമീപനവും എല്ലാം കാണിക്കുന്നത് വളരെ അപകടകരമായ ഒരു ദിശയിലേക്കാണ് നാം പോയിക്കൊണ്ടിരിക്കുന്നത് എന്നുതന്നെയാണ്.
അടിസ്ഥാനപരമായ രണ്ടു കാര്യങ്ങൾ ചൂണ്ടിക്കാണിക്കാം. ഒന്നാമത്തെ കാര്യം, ശിക്ഷയ്ക്ക് വിധേയരായ ആളുകൾക്ക് അവർ എന്തിനു ശിക്ഷിക്കപ്പെട്ടു എന്നത് അറിയുകയേ ഇല്ല എന്നതാണ്. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് വ്യക്തമാണല്ലോ. കോടതി പറഞ്ഞത്, ഗവൺമെൻറ് പറയുന്ന കാര്യങ്ങൾ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടവയായതുകൊണ്ട് ഇതിന് രഹസ്യ സ്വഭാവമുണ്ടെന്നാണ്. മീഡിയ വൺ നടത്തുന്ന ആളുകൾ ദേശീയ സുരക്ഷയ്ക്ക് എന്തെങ്കിലും തരത്തിൽ അപകടം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് രഹസ്യമാക്കി വയ്ക്കാൻ ആഗ്രഹിക്കുന്നത് അവരായിരിക്കില്ലേ? അത് രഹസ്യമായി സൂക്ഷിക്കണമെന്ന് സർക്കാർ എന്തിനാണ് നിർബന്ധം പിടിക്കുന്നത്? ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട അപകടകരമായ കാര്യങ്ങൾ മീഡിയ വൺ ചെയ്തിട്ടുണ്ടെങ്കിൽ ചാനൽ അടച്ചുപൂട്ടിയാൽ മാത്രം മതിയോ? അവർക്കെതിരെ നടപടിയെടുക്കേണ്ടതല്ലേ? ഇത്തരം പ്രകടമായ വൈരുദ്ധ്യങ്ങൾ ഈ വിഷയത്തിലുണ്ട്. ഇപ്പോൾ സർക്കാരും കോടതിയും ഒരു പുകമറ സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നത്. മീഡിയ വൺ ദേശീയസുരക്ഷയ്ക്ക് വിഘാതമാവുന്ന കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അതെന്താണെന്നറിയാൻ ജനങ്ങൾക്ക് അവകാശമില്ലേ?
കേട്ടത് ശരിയാണെങ്കിൽ മാധ്യമങ്ങൾ ഒരു അവശ്യസംഗതിയല്ല എന്ന വാദവും സർക്കാർ കോടതിയിൽ ഉയർത്തിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ നാലാം തൂണായി കണക്കാക്കപ്പെടുന്ന മാധ്യങ്ങൾ ഒരു അവശ്യസർവീസ് അല്ല എന്ന് ഒരു സർക്കാർ പറയുന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. പാർലമെന്റും ഒരവശ്യസംഗതിയല്ല എന്ന് നാളെ ഇവർ പറയുമോ? ഫലത്തിൽ അവർ പാർലമെന്റിനെ അങ്ങനെ തന്നെയാണ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. നീതിന്യായ വ്യവസ്ഥയും അതേപോലെ അനിവാര്യമല്ലെന്ന് വന്നാൽ, അല്ലെങ്കിൽ സർക്കാരിന്റെ സ്വേച്ഛാധിപത്യനീക്കങ്ങൾക്ക് അംഗീകാരം നൽകുന്ന റബ്ബർ സ്റ്റാമ്പ് മാത്രമായി കോടതികൾ മാറിക്കഴിഞ്ഞാൽ പിന്നെ എന്തുണ്ട് ബാക്കി? സർക്കാരിനെതിരെ ശക്തമായ നിലപാടുകളെടുക്കുന്നുവെന്നതല്ല അതൊരു മുസ്ലിം മാനേജ്മെൻറ്നടത്തുന്ന ചാനലാണെന്നതാണ് സർക്കാരിനെ പ്രകോപിപ്പിച്ചതെന്നാണ് ഞാൻ വിചാരിക്കുന്നത്. 350ഓളം പേർ ജോലി ചെയ്യുന്ന ഒരു സ്ഥാപനം പൊടുന്നനെ അടച്ചുപൂട്ടുക, അവരുടെ ഉപജീവനത്തെക്കുറിച്ചുള്ള ഒരു കരുതലും സർക്കാരോ കോടതിയോ കാണിക്കാതിരിക്കുക. ഇതിനെല്ലാം ആധാരമായി വെളിപ്പെടുത്താനാവാത്ത ഇന്റലിജൻസ് റിപ്പോർട്ടുകൾ. Kafkaesque, Orwellian എന്നീ പദങ്ങളുടെ മുഴുവൻ അർത്ഥങ്ങളും ദുഃശ്ശകുനങ്ങളും പൂർണമായും അനുഭവവേദ്യമാവുന്ന ഒരു അവസ്ഥയാണിത്.
നമുക്കിഷ്ടമില്ലാത്ത, നാം വെറുക്കുക പോലും ചെയ്യുന്ന ആശയധാരകൾക്കും ആവിഷ്‌കാര സ്വാതന്ത്ര്യം വകവെച്ചു കൊടുക്കുന്ന, ആ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ പോലും ബലികൊടുത്ത് പോരാടുന്ന ഒരു മനോഭാവത്തിനാണ് ജനാധിപത്യസംസ്‌കാരം എന്ന് പറയുന്നത്
മീഡിയ വൺ ഒരു ‘സോഫ്റ്റ് ടാർഗറ്റ്' ആയതുകൊണ്ടുകൂടിയാണ് അവരെ വേട്ടയാടുന്നത്. മുസ്‌ലിംകളിൽത്തന്നെ വളരെ ചെറിയൊരു വിഭാഗത്തിന്റെ പിന്തുണയുള്ള ഒരു സംഘടന നടത്തുന്ന ചാനൽ. രാഷ്ട്രീയമായും സാമൂഹ്യമായും വലിയ പിന്തുണയോ ഐക്യദാർഢ്യമോ അവർക്ക് ലഭിക്കാൻ സാധ്യതയില്ല എന്നും സർക്കാർ കരുതിയിരിക്കണം. അത്തരമൊരു ചാനലിനെ അടച്ചു പൂട്ടുന്നതിലൂടെ മറ്റു ചാനലുകൾക്ക് കൃത്യമായ ആപൽസൂചന നൽകാൻ സർക്കാരിന് കഴിയും. മര്യാദക്ക് നിന്നില്ലെങ്കിൽ മീഡിയ വണ്ണിന്റെ അവസ്ഥ നിങ്ങൾക്കും വരാം എന്ന സന്ദേശം വളരെ വ്യക്തമായി നൽകാനുള്ള ഒരു നീക്കം കൂടിയായി ഇതിനെ കാണണം. മീഡിയ വണ്ണിനെതിരായ നടപടി മാധ്യമ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമെതിരിലുള്ള ശക്തമായ വെല്ലുവിളിയാണ്. എന്നാലുകളും പക്ഷെകളുമില്ലാതെ, നിരുപാധികം നിർവ്വിശങ്കം ആ ചാനലിന് പിന്തുണ നൽകുകയാണ് എല്ലാ ജനാധിപത്യവാദികളും ചെയ്യേണ്ടത്. മീഡിയ വണ്ണിന്റെ ശൈലിയോടും നിലപാടുകളോടുമുള്ള നമ്മുടെ വിയോജിപ്പുകളോ ജമാഅത്തെ ഇസ്‌ലാമിയുടെ ആശയങ്ങളോടുള്ള എതിർപ്പുകളോ ഇക്കാര്യത്തിൽ നമ്മുടെ സമീപനങ്ങളെ സ്വാധീനിക്കരുത്. നമുക്കിഷ്ടമില്ലാത്ത, നാം വെറുക്കുക പോലും ചെയ്യുന്ന ആശയധാരകൾക്കും ആവിഷ്‌കാര സ്വാതന്ത്ര്യം വകവെച്ചു കൊടുക്കുന്ന, ആ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ പോലും ബലികൊടുത്ത് പോരാടുന്ന ഒരു മനോഭാവത്തിനാണ് ജനാധിപത്യസംസ്‌കാരം എന്ന് പറയുന്നത്. ‘I disapprove of what you say, but I will defend to the death your right to say it' (നിങ്ങൾ പറയുന്നതിനെ ഞാൻ അംഗീകരിക്കുന്നില്ല പക്ഷെ അത് പറയാനുള്ള നിങ്ങളുടെ അവകാശത്തെ ജീവൻ കൊടുത്തും ഞാൻ പിന്തുണക്കും) എന്ന് വോൾട്ടയർ പറഞ്ഞത് ഇവിടെ ഓർക്കാവുന്നതാണ്. ഇവിടെ വിഷയം ഓരോ ദിവസവും ഓജസ്സും ആത്മാവും നഷ്ടപ്പെടുന്ന ഒരു ജനാധിപത്യരാജ്യത്തിന്റെ ഫാസിസത്തിലേക്കുള്ള സംക്രമണമാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണം മാത്രമാണ് മീഡിയ വണ്ണിനെതിരായ നടപടി.
മീഡിയ വൺ ചാനൽ സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മാധ്യമങ്ങളും പൗരസമൂഹവും രാഷ്ട്രീയ പാർട്ടികളുമെല്ലാം യോജിച്ച എതിർപ്പുയർത്തിയിട്ടുണ്ട്. എന്നാൽ, ചാനലിന്റെ നടത്തിപ്പുകാരെന്ന നിലയ്ക്ക്, ജമാ അത്തെ ഇസ്ലാമി എന്ന സംഘടനയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടുള്ള ആക്രമണങ്ങളും ഇതോടൊപ്പമുണ്ട്. മീഡിയ വൺ സംപ്രേഷണം വിലക്കിയ വിഷയത്തിൽ ‘ജമാ അത്തെ ഇസ്ലാമി’ ഫാക്ടറിനെ എങ്ങനെ വിശദീകരിക്കാം? ഒരു മുസ്ലിം ഐഡന്റിറ്റി എന്ന നിലയ്ക്കു കൂടിയുള്ള ആക്രമണമാണോ മീഡിയ വണ്ണിനെതിരെയുള്ളത്? ജമാ അത്തെ ഇസ്ലാമിയോട് പരസ്യമായി തന്നെ വിയോജിപ്പ് പുലർത്തുന്ന ഒരാളെന്ന നിലയ്ക്കുകൂടിയാണ് താങ്കളോട് ഈ ചോദ്യം.
മീഡിയ വണ്ണിനെതിരായ നടപടിയുടെ പശ്ചാത്തലത്തിൽ ജമാഅത്തെ ഇസ്ലാമിയോടുള്ള വിമർശനവുമായി പലരും രംഗത്തുവരുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. അവരുടെ ആശയധാര ജനാധിപത്യവിരുദ്ധമായതിനാലും മതാധിപത്യത്തെ പിന്തുണക്കുന്നതായതിനാലും അവർക്ക് നിഗൂഢതാൽപര്യങ്ങളുള്ളതിനാലും നടപടിയെ എതിർക്കേണ്ടതില്ല എന്നാണ് ഇത്തരക്കാരുടെ നിലപാട്. സമാനമായ ഒരു പ്രവണത ഇപ്പോൾ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട ചർച്ചകളിലും കാണാം. ഹിജാബ് യഥാർത്ഥത്തിൽ ആവശ്യമുണ്ടോ? ഇസ്ലാമിൽ ഒരനിവാര്യമായ കാര്യമാണോ സ്ത്രീകൾ തല മറയ്ക്കുന്നത്? ഹിജാബിന്റെ സാർവത്രികത തന്നെ മുസ്ലിംകൾക്കിടയിൽ മതമൗലികവാദം അനിയന്ത്രിതമായി വളരുന്നതിന്റെ ലക്ഷണമല്ലേ? ഇത്തരം ചോദ്യങ്ങളാണ് ഉയർന്നുവരുന്നത്.
ഈ രണ്ടു കാര്യങ്ങളിലും - ജമാഅത്തെ ഇസ്‌ലാമിയുടെ ആശയധാരയുടെ വിഷയത്തിലും ഹിജാബുമായി ബന്ധപ്പെട്ട മുസ്ലിം സമൂഹത്തിലെ പ്രബല വിഭാഗങ്ങളുടെ നിലപാടിന്റെ കാര്യത്തിലും - വിയോജനപരമായ, മതമൗലികവാദത്തിന്റെയും മതരാഷ്ട്രവാദത്തിന്റെയും എല്ലാ വാദങ്ങളെയും തള്ളിക്കളയുന്ന കാഴ്ചപ്പാട് നിരന്തരമായി സ്വീകരിച്ചുവരുന്ന ഒരാളാണ് ഞാൻ. പക്ഷെ അത്തരം ചർച്ചയ്ക്കുള്ള സന്ദർഭമല്ല ഇപ്പോൾ നമ്മുടെ മുമ്പിലുള്ളത് എന്നാണ് ഞാൻ കരുതുന്നത്. മുമ്പ് പറഞ്ഞതുപോലെ തനിക്കിഷ്ടമില്ലാത്തവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും സ്വത്വാവിഷ്‌കാരത്തിനും കൂടി പിന്തുണ നൽകുന്ന മനോഭാവമാണ് ഒരു ജനാധിപത്യവാദിയിൽ നിന്നുണ്ടാവേണ്ടത്. ജമാഅത്തെ ഇസ്‌ലാമിയുടെ ആശയധാരയെക്കുറിച്ചോ ഹിജാബിന്റെ ശരിതെറ്റുകളെക്കുറിച്ചോ ഉള്ള ചർച്ചയിലേക്ക് ഇപ്പോൾ നാം തലവച്ചു കൊടുക്കുന്നത് സംഘപരിവാർ ആഗ്രഹിക്കുന്ന അജണ്ടയിലേക്ക് നാം സ്വയം ഇറങ്ങിക്കിച്ചെല്ലുന്നതിന് തുല്യമാണ്. അത്തരം വിഷയങ്ങളിലുള്ള സംവാദങ്ങൾ തുടരുക തന്നെ വേണം. മറ്റു തലങ്ങളിൽ.
പല ലിബറലുകളും ഇടതുപക്ഷസുഹൃത്തുക്കളും സൂക്ഷ്മാംശങ്ങളെ പരിഗണിക്കാതെ സമീകരണത്തിന്റെ കുയുക്തി ആന്തരീകരിക്കുന്നുവെന്ന കാര്യം നാം കാണാതിരുന്നു കൂടാ.
ഇപ്പോഴുള്ള പ്രശ്‌നം മൂന്നു കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ്.
1. ഫാസിസം സമഗ്രവും സമ്പൂർണവുമായി നമ്മെ കീഴ്‌പ്പെടുത്തുന്നതിന്റെ കൃത്യമായ നിദർശനങ്ങളാണ് നാമിക്കാണുന്നതെല്ലാം. അത് കാണാതെ മറ്റു ചർച്ചകളിലേക്ക് പോകുന്നത് ഫാസിസ്റ്റ് അജണ്ടകൾക്ക് ശക്തി പകരും. ജൂതരെ ഹിറ്റ്‌ലർ കോൺസെൻട്രേഷൻ കാമ്പുകളിലേക്ക് കൂട്ടത്തോടെ കൊണ്ടുപോകുമ്പോൾ ജൂതന്മാർ വട്ടിപ്പലിശക്ക് കാശ് കൊടുത്തിരുന്നോ എന്ന് തർക്കിക്കുന്നതുപോലെ അശ്ലീലമാണ് ഇതും.
2. മുസ്ലിം സ്വത്വത്തെ - ആഹാര ക്രമം, മതപരമോ സാമൂഹ്യമോ ആയ അടയാളങ്ങൾ, നഗരങ്ങളുടേയും വീഥികളുടെയും മുസ്ലിം പേരുകൾ, ചരിത്രാവശിഷ്ടങ്ങൾ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ - ഇന്ത്യയുടെ പൊതുമണ്ഡലത്തിൽ നിന്ന് സമഗ്രമായി നിഷ്‌കാസനം ചെയ്യാനുള്ള ആസൂത്രിതമായ ഒരു പ്രക്രിയയുടെ ഭാഗമായി വേണം ഇപ്പോഴത്തെ നീക്കങ്ങളെ കാണാൻ. മുസ്ലിം സ്വത്വാവിഷ്‌കാരത്തിൽ യോജിക്കാവുന്നതും വിയോജിക്കാവുന്നതുമായ പലതും കാണും. അതിൽ ഒഴിവാക്കേണ്ടതും പരിഷ്‌കരിക്കേണ്ടതുമായ പല സംഗതികളുമുണ്ട്. പക്ഷെ ആ ചർച്ചയുടെ സന്ദർഭവും വേദിയും ഇതല്ല.
3. അന്ധമായ സമീകരണത്തിന്റെ ഒരു സംവാദഭൂമിക രൂപപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമം ഇവിടെയുണ്ട്. ഭൂരിപക്ഷവർഗീയത സമം ന്യൂനപക്ഷ വർഗീയത, സംഘപരിവാർ സമം ജമാഅത്തെ ഇസ്ലാമി, ഹിജാബ് സമം കാവി ഷാളുകൾ, പ്രതിരോധത്തിന്റെ നിമിഷത്തിൽ നിസ്സഹായതയുടെ കൊടുമുടിയിൽ മുസ്‌കാൻ ഖാൻ വിളിച്ച അള്ളാഹു അക്ബർ സമം അവരെ ആക്രമിക്കാൻ വന്ന കാപാലികർ വിളിച്ച ജയ് ശ്രീരാം.
ഈ സമീകരണത്തിലൂടെയാണ് സംഘപരിവാർ അവരുടെ ദുഷ്ടരാഷ്ട്രീയത്തിന് ന്യായീകരണവും സാധൂകരണവും ഉണ്ടാക്കുന്നത്. പല ലിബറലുകളും ഇടതുപക്ഷസുഹൃത്തുക്കളും സൂക്ഷ്മാംശങ്ങളെ പരിഗണിക്കാതെ സമീകരണത്തിന്റെ ഈ കുയുക്തി ആന്തരീകരിക്കുന്നുവെന്ന കാര്യം നാം കാണാതിരുന്നു കൂടാ.
മാർട്ടിൻ നിമോളർ പറഞ്ഞത് ഒന്ന് കൂടി ഓർമിക്കാം; ആദ്യം അവർ കമ്യൂണിസ്റ്റുകളെ തേടി വന്നു ഞാൻ ഒന്നും മിണ്ടിയില്ല, കാരണം, ഞാനൊരു കമ്മ്യുണിസ്റ്റ് അല്ലായിരുന്നു. പിന്നീട് അവർ തൊഴിലാളികളെ തേടി വന്നു അപ്പോഴും ഞാനൊന്നും മിണ്ടിയില്ല, കാരണം, ഞാനൊരു തൊഴിലാളി ആയിരുന്നില്ല. പിന്നീട് അവർ ജൂതരെ തേടി വന്നു ഞാനൊന്നും മിണ്ടിയില്ല, കാരണം ഞാനൊരു ജൂതനായിരുന്നില്ല. ഒടുവിൽ അവർ എന്നെ തേടി വന്നു, അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ ആരും അവശേഷിച്ചിട്ടുണ്ടായിരുന്നില്ല. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.