ധന്യ രാജേന്ദ്രൻ

ചെറിയ മീഡിയ ഹൗസുകളെ സർക്കാർ
​സാമ്പത്തികമായി ഞെരുക്കി ഭീഷണിപ്പെടുത്തുന്നു

ഈ സർക്കാർ ഏറ്റവും ഭയക്കുന്നത് ഡിജിറ്റൽ മീഡിയയെയാണ്. കാരണം, അവർക്ക് നിയന്ത്രിക്കാൻ പറ്റാത്ത രീതിയിലുള്ള ജേണലിസം ആണ് ഡിജിറ്റൽ മീഡിയയിൽ കണ്ടുവരുന്നത്, അത് ഏതു ഭാഷയിലേതാണെങ്കിലും.

മനില സി. മോഹൻ: ബി.ജെ.പി. എം.എൽ.എ സതീഷ് റെഡ്ഢി ദ ന്യൂസ് മിനുട്ട് ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കെതിരെ 20 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുത്തിരിക്കുകയാണ്. ബി.ബി.എം.പി. വാർ റൂം 16 കേസും ബി.ജെ.പി എം.പി. തേജസ്വി സൂര്യയുടെ വിവാദമായ ഇസ്‌ലാമോഫോബിക് പരാമർശങ്ങളും സതീഷ് റെഡ്ഢിയുടെ കൂട്ടാളിയുടെ അറസ്റ്റും മാധ്യമ റിപ്പോർട്ടുകളുമെല്ലാമാണ് കേസിലേക്ക് നയിച്ചിരിക്കുന്നത്. കേസിന്റെ പശ്ചാത്തലം വിശദമാക്കാമോ?

ധന്യാ രാജേന്ദ്രൻ: മെയ് നാലിനാണ് ബി.ജെ.പി. എം.പി തേജസ്വി സൂര്യയും മൂന്നു ബി.ജെ.പി എം.എൽ.എമാരും സൗത്ത് ബി.ബി.എം.പി വാർ റൂമിൽ പോയി 16 മുസ്​ലിംകളുടെ പേരുകൾ വായിച്ച് ബഹളം വെച്ചത്. വാർ റൂമിൽ ജോലി ചെയ്യുന്ന 200 ഓളം ജീവനക്കാരിൽ നിന്ന് 16 പേരുടെ പേരുകൾ മാത്രം വായിച്ച് ഷൗട്ട് ചെയ്യുന്നു. കോവിഡ് രോഗികൾക്കുള്ള ബെഡുകൾ കരിഞ്ചന്തയിൽ മറിച്ചുവിൽക്കുന്നുണ്ട് എന്ന ആരോപണം നിലനിൽക്കുന്ന സമയമാണ്. ഈ 16 ജീവനക്കാരാണ് ഈ സ്‌കാമിന് പിന്നിലെന്ന് ഒരു ബി.ജെ.പി എം.എൽ.എ പറയുന്നുണ്ട്. ബി.ജെ.പി എം.പിയും എം.എൽ.എമാരും ഷൗട്ട് ചെയ്യുന്ന വീഡിയോ വൈറലാവുന്നു.
അതിനുശേഷം വൈകുന്നേരം ബംഗളൂരുവിലും കർണാടകയിലും ഈ ‘ടെററിസ്റ്റുകളാ'ണ് നമ്മുടെ ബെഡ് എടുക്കുന്നത്, ഇവരാണ് ഹിന്ദുക്കളെ കൊല്ലുന്നത് എന്നിങ്ങനെയുള്ള മെസേജുകൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി, വൈറലായിത്തുടങ്ങി. എന്നാൽ ബെഡ് സ്‌കാമുമായി ബന്ധപ്പെട്ട് ഇവരിൽ ഒരാളെപ്പോലും പൊലീസ് അറസ്റ്റു ചെയ്തില്ല. പത്തോ പതിനഞ്ചോ ദിവസങ്ങൾക്കുമുമ്പ് മാത്രം ഈ വാർ റൂമിൽ പ്രവർത്തിക്കാൻ തുടങ്ങിയവരായിരുന്നു ഇവരിൽ മിക്കവരും. തുടർന്ന് ബെഡ് സ്‌കാമുമായി ബന്ധപ്പെട്ട് പൊലീസ് നാലോ അഞ്ചോ പേരെ അറസ്റ്റു ചെയ്തു. എന്നാൽ അതിലൊരാൾ ബി.ജെ.പി. എം.എൽ.എ. സതീഷ് റെഡ്ഡിയുമായി അടുത്ത ബന്ധമുള്ള ആളാണെന്ന് പൊലീസ് വൃത്തങ്ങൾ പല മാധ്യമങ്ങളോടും പറഞ്ഞു. മാത്രമല്ല, ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ, വീഡിയോകൾ എന്നിവ പ്രചരിക്കുന്നുമുണ്ടായിരുന്നു. സ്വാഭാവികമായും എല്ലാ മാധ്യമങ്ങളും ഇത് റിപ്പോർട്ടു ചെയ്തു. തേജസ്വി സൂര്യയും ഈ മൂന്ന് ബി.ജെ.പി എം.എൽ.എമാരും വാർറൂമിൽ ചെന്ന് 16 മുസ്​ലിംകളുടെ പേര് വായിക്കുമ്പോൾ, അവരാണ് ഈ സ്‌കാമിന് പുറകിലെന്ന് സ്ഥാപിച്ച്, ഇതിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും അവരുടെ തലയിലാക്കാനാണ് ശ്രമിച്ചത്. എന്നാൽ ഈ ബി.ജെ.പി എം.എൽ.എയുടെ കൂടെ തന്നെ നടന്നിരുന്ന ഒരാളാണ് ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് എന്ന് എല്ലാവരും റിപ്പോർട്ട് ചെയ്തു. അതാണിതിന്റെ ബാക്ക്ഗ്രൗണ്ട്. ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇനി റിപ്പോർട്ടു ചെയ്യാൻ പാടില്ലെന്ന് പറഞ്ഞ് സതീഷ് റെഡ്ഡിയും കോടതിയിൽനിന്ന് ഇപ്പോൾ താൽകാലിക ഇഞ്ചങ്ഷൻ സമ്പാദിച്ചിട്ടുണ്ട്.

ബാംഗളൂർ സൗത്ത്‌ എം.പി. തേജസ്വി സൂര്യ, എം.എൽ.എമാരായ സതീഷ് റെഡ്ഡി, ഉദയ് ഗരുഡാചാർ, രവി സുബ്രഹ്മണ്യ എന്നിവർ ബാംഗ്ലൂർ ബി.ബി.എം.പി വാർ റൂമിൽ / Photo: screengrab, NDTV

മാധ്യമ സ്വാതന്ത്ര്യം എന്ന ആശയത്തെ രാഷ്ട്രീയ-ഭരണ അധികാരങ്ങളുടെ ബലത്തിൽ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ എല്ലാക്കാലത്തും രാഷ്ട്രീയ പാർട്ടികൾ നടത്തിയിട്ടുണ്ട്. പുതിയ കാലത്ത് മുഖ്യധാരാ മാധ്യമങ്ങളേക്കാൾ സമാന്തര മാധ്യമങ്ങളുടെ നിലനിൽപ് തന്നെ ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളാണ് രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത്. അതിന്റെ ഭാഗം തന്നെയാണ് ഇത്തരം കേസുകൾ. കേസിനെ എങ്ങനെയാണ് ന്യൂസ് മിനുട്ട് നേരിടാൻ പോകുന്നത്?

കേന്ദ്ര സർക്കാറിന്റെ ഡിജിറ്റൽ നിയമങ്ങളാണെങ്കിലും, കർണാടകയിൽ നടന്നുവരുന്ന സംഭവങ്ങളായാലും ഒരു കാര്യം വ്യക്തമാണ്, മീഡിയയെ ഒരു പരിധിവരെ സർക്കാരിന് ഭയമുണ്ട്. ഈ സർക്കാർ ഏറ്റവും ഭയക്കുന്നത് ഡിജിറ്റൽ മീഡിയയെയാണ്. കാരണം, അവർക്ക് നിയന്ത്രിക്കാൻ പറ്റാത്ത രീതിയിലുള്ള ജേണലിസം ആണ് ഡിജിറ്റൽ മീഡിയയിൽ കണ്ടുവരുന്നത്, അത് ഏതു ഭാഷയിലേതാണെങ്കിലും. കർണാടകത്തിൽ ഇപ്പോൾ കണ്ടുവരുന്ന പ്രവണത, ഒരു വശത്ത് സതീഷ് റെഡ്​ഢിയെ പോലുള്ള ആളുകൾ കോടതിയിൽ ഡെഫമേഷൻ കേസ് കൊടുക്കുന്നു. മറുവശത്ത്, തങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനേ പാടില്ല എന്ന ഉദ്ദേശ്യത്തിൽ കർണാടകത്തിലെ നിരവധി രാഷ്ട്രീയക്കാർ കോടതിയിൽ നിന്ന് ഇഞ്ചങ്ഷൻ / മീഡിയ ഗാഗ് സമ്പാദിക്കുന്നത്. ഈയിടെ ന്യൂസ് മിനുട്ട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്, കഴിഞ്ഞ മൂന്നു മാസത്തിനിടെ എട്ടു ബി.ജെ.പി. നേതാക്കളാണ് മീഡിയ ഗാഗ് എടുത്തിരിക്കുന്നതെന്നാണ്. ഇവരിൽ ആറു പേർ, തങ്ങൾക്കെതിരെ മോശമായ വാർത്ത വരാൻ സാധ്യതയുണ്ട്, അങ്ങനെയെങ്കിൽ ആ വാർത്ത വരാൻ പാടില്ലെന്നുപറഞ്ഞ് കോടതിയെ സമീപിച്ച് മീഡിയ ഗാഗ് സമ്പാദിച്ചവരാണ്.

സതീഷ് റെഡ്ഡി, തേജസ്വി സൂര്യ / Photo: Satish Reddy , Fb

കേന്ദ്ര, സംസ്ഥാന മന്ത്രിസഭാ പുനസംഘടനക്കുമുമ്പ്​ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, സംസ്ഥാന മന്ത്രിസഭയിലെ രേണുകാചാര്യ എന്നിവർ തങ്ങൾക്കെതിരെ തെറ്റായ വാർത്ത ഉണ്ടാവാൻ സാധ്യത ഉണ്ടെന്നും, അങ്ങനെ വന്നാൽ ആരും റിപ്പോർട്ട് ചെയ്യാൻ പാടില്ലെന്നും പറഞ്ഞ് മീഡിയ ഗാഗ് വാങ്ങിച്ചു.
ഇവരെ കൂടാതെ യെദ്യൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്ര, മുൻ ഇൻഡസ്ട്രീസ് മിനിസ്റ്റർ മുരുകേഷ് നിരാനി എന്നിവരടക്കം കഴിഞ്ഞ ഒരു വർഷത്തിനിടെ 12-ഓളം ബി.ജെ.പി നേതാക്കളാണ് കോടതിയിൽ പോയി മീഡിയ റിപ്പോർട്ടിങ്ങ് തടഞ്ഞുകൊണ്ടുള്ള ഇഞ്ചങ്ഷൻസ് വാങ്ങിയത്.
ഇവിടെ നമ്മൾ കോടതിയേയും ചോദ്യം ചെയ്യേണ്ടതുണ്ട്. എന്തുകൊണ്ടാണ് കോടതി ഇത്ര എളുപ്പം മീഡിയ ഗാഗ് അനുവദിക്കുന്നത്? പ്രിൻറ്​, ടെലിവിഷൻ മാധ്യമങ്ങൾക്ക് കോഡ് ഓഫ് എത്തിക്സ് ഉള്ളതു പോലെ, ഡിജിറ്റൽ മീഡിയക്ക് ഇന്ത്യയിൽ ഒരു തരത്തിലുള്ള നിയന്ത്രണങ്ങളുമില്ല എന്ന വ്യാജ നറേറ്റീവ് സൃഷ്ടിച്ചാണ് കേന്ദ്ര സർക്കാർ ഡിജിറ്റൽ മീഡിയ നിയമങ്ങൾ കൊണ്ടുവരുന്നത്. ഡെഫമേഷൻ, ഹേറ്റ് സ്പീച്ച് തുടങ്ങി രാജ്യത്തെ നിയമങ്ങളെല്ലാം ഡിജിറ്റൽ മീഡിയയ്ക്ക് ബാധകമാണ്. ഇതിനൊക്കെ പുറമെയാണ് മീഡിയ ഗാഗ്സ്. മറ്റൊരു സംസ്ഥാനത്തെ രാഷ്ട്രീയക്കാരും കോടതിയിൽ പോയി ഇത്രയധികം മീഡിയ ഗാഗ് വാങ്ങുന്നതായി അറിവില്ല.

കർണാടകത്തിൽ പല കേസുകളിലും ex parte ഇഞ്ചങ്ഷനാണ് കൊടുത്തിരിക്കുന്നത്. അതായത്, മീഡിയ സ്ഥാപനങ്ങളുടെ വശം കേൾക്കാതെ തന്നെ കോടതി ഇഞ്ചങ്ഷൻ കൊടുക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ട കാര്യമാണ്.

ഈ കേസിൽ ഇനി റിപ്പോർട്ടു ചെയ്യാൻ പാടില്ലെന്നുപറഞ്ഞ് സതീഷ് റെഡ്ഢിയും കോടതിയിൽ നിന്ന് താൽകാലിക ഇഞ്ചങ്ഷൻ സമ്പാദിച്ചിട്ടുണ്ട്. 20 കോടിയുടെ ഡെഫമേഷൻ കേസ് കോടതിയിൽ ഞങ്ങൾ നേരിടും. ഇതിൽ മൂന്നു കാര്യങ്ങളാണുള്ളത്. കർണാടകത്തിൽ രാഷ്ട്രീയക്കാർ ആവശ്യപ്പെടുമ്പോൾ ഉടൻ അനുവദിക്കുന്ന മീഡിയ ഗാഗ് ആണ് ഒന്നാമത്തേത്. കേരളത്തിൽ നമ്മൾ ഇതുകണ്ടത് നടി ആക്രമിക്കപ്പെട്ട കേസിലാണ്. കേസിന്റെ ട്രയൽ റിപ്പോർട്ട് ചെയ്യുന്നത് തടയണമെന്ന് കുറ്റാരോപിതനായ ദിലീപ് മജിസ്ട്രേറ്റ് കോടതിയോട് ആവശ്യപ്പെട്ട സംഭവമായിരുന്നു അത്. കർണാടകത്തിൽ പല കേസുകളിലും ex parte ഇഞ്ചങ്ഷനാണ് കൊടുത്തിരിക്കുന്നത്. അതായത്, മീഡിയ സ്ഥാപനങ്ങളുടെ വശം കേൾക്കാതെ തന്നെ കോടതി ഇഞ്ചങ്ഷൻ കൊടുക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ട കാര്യമാണ്.

രണ്ടാമത്തെ കാര്യം, ഇത്തരത്തിൽ കേസുകൊടുക്കുന്നത് ഭീഷണിപ്പെടുത്തലാണ്. ഇനി റിപ്പോർട്ട് ചെയ്യാൻ പാടില്ല, അല്ലെങ്കിൽ റിപ്പോർട്ടിങ്ങ് രീതി മയപ്പെടുത്തണം എന്ന തരത്തിലുള്ള ഭീഷണി. മറ്റൊന്ന് ഫിനാൻഷ്യൽ ഇന്റിമിഡേഷൻ ആണ്. ഞങ്ങൾക്കെതിരെ വന്ന 20 കോടിയുടെ കേസ് തന്നെ ഉദാഹരണം. താരതമ്യേന ചെറിയ മീഡിയ ഹൗസുകളെ സാമ്പത്തികമായി ഞെരുക്കി ഭീഷണിപ്പെടുത്താനുള്ള ശ്രമമാണിത്. പക്ഷേ അതിനെ നേരിടാൻ തന്നെയാണ് തീരുമാനം. ▮

Comments