നമ്മുടെ ന്യൂസ്​ റൂമുകളെ ഓർത്ത്​ സങ്കടത്തോടെ, ലജ്ജയോടെ...

ഒരു മധ്യകാല ‘ഡീപ്​ സ്​റ്റേറ്റി’ലേക്ക്​ വളർന്നുകൊണ്ടിരിക്കുന്ന ഭരണകൂടത്തിനെ പ്രതിരോധിക്കാൻ മാധ്യമങ്ങളൊടൊപ്പം പൊതുസമൂഹവും തയ്യാറാകേണ്ടതുണ്ട്. പോസിറ്റിവ് ന്യൂസുകൾ മാത്രം ആഗ്രഹിക്കുന്ന വായനക്കാർ ഇതിനൊരു ഭീഷണിയാണ്. ഈ കാലത്ത് റിപ്പോർട്ട് ചെയ്യാൻ പോസിറ്റിവ് ന്യൂസുകളില്ലെന്ന യാഥാർഥ്യം വായനക്കാർ മനസ്സിലാക്കണം. ‘ദ ടെലഗ്രാഫ്​’ എഡിറ്റർ ആർ. രാ​ജഗോപാൽ എഴുതുന്നു.

രാജാവ് നഗ്നനാണെന്ന് ഉറക്കെ വിളിച്ചുപറയുക എന്നതാണ് മാധ്യമ ധർമം. എന്നാൽ, നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ ഈ ധർമം മറക്കുകയും മധുരതരമായ ശബ്ദത്തിൽ ഭരണകൂടത്തിന്റെ കൊട്ടിപ്പാട്ടുകാരായി മാറുകയും ചെയ്തു. ഞാനടക്കമുള്ള മാധ്യമപ്രവർത്തകരും മുഖ്യധാരാ മാധ്യമങ്ങളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് ഒരു നുണ പറയുമ്പോൾ അത് തിരിച്ചറിയാൻ കഴിയാത്തതാണ്.

ഉദാഹരണത്തിന് സാമ്പത്തിക പദപ്രയോഗങ്ങളിലും മറ്റും വേണ്ടത്ര വൈദഗ്ധ്യമില്ലാത്തത് പല വിഷയങ്ങളുടെയും അമിത ലളിതവൽക്കരണത്തിന് കാരണമായിട്ടുണ്ട്. ഈ സവിശേഷസ്ഥിയിലാണ് ആൾട്ട് ന്യൂസ് പോലുള്ള മാധ്യമങ്ങളുടെ പ്രാധാന്യം വർധിക്കുന്നത്. നുണകളെ വസ്തുതകൾകൊണ്ട് പ്രതിരോധിക്കുകയാണ് ആൾട്ട് ന്യൂസ് ചെയ്യുന്നത്. വലതുപക്ഷത്തിന്റെ നുണകൾ തകർത്ത് പീഡിപ്പിക്കപ്പെടുന്നവർക്ക് ശക്തി പകരുകയും നുണകളെ ചെറുക്കാൻ ശബ്ദമില്ലാത്തവർക്ക് പ്രതീക്ഷ നൽകുകയുമാണ് ആൾട്ട് ന്യൂസ് പോലുള്ള സെറ്റുകൾ ശ്രമിക്കുന്നത്. ഇത് ഭരണകൂടങ്ങൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. അതുകൊണ്ടാണ് ആൾട്ട് ന്യൂസ് പോലുള്ള പോർട്ടലുകളെ ലക്ഷ്യം വെച്ച് പീഡിപ്പിക്കപ്പെടുന്നവരുടെ അവസാന പ്രതീക്ഷയും തകർക്കാൻ ഭരണകൂടം ശ്രമിക്കുന്നത്. പക്ഷേ ഇന്ന് ആൾട്ട് ന്യൂസ് പോലുള്ള സൈറ്റുകൾക്ക് മാത്രമേ രാജാവ് നഗ്നനാണെന്ന് ഉറക്കെ പറയാനുള്ള ആർജ്ജവമുള്ളു.

ഏക്നാഥ് ഷിൻഡെ. / Photo : Eknath Shinde, Fb Page
ഏക്നാഥ് ഷിൻഡെ. / Photo : Eknath Shinde, Fb Page

വസ്തുനിക്ഷ്ഠമായ റിപ്പോർട്ടിങ്ങിലൂടെ ന്യൂസ് റുമുകൾ ഈ പ്രവണതകൾക്ക് പ്രതിരോധം തീർക്കേണ്ടതുണ്ട്. എന്നാൽ മിക്ക ന്യൂസ് റൂമുകളിലും ഈ വിധം ചെറുത്തുനിൽപ്പ്​​ കാണാത്തതിൽ എനിക്ക് ലജ്ജയും സങ്കടവുമുണ്ട്. എന്തുകൊണ്ടാണ്, മഹാരാഷ്​ട്ര നിയമസഭയിലെ വിശ്വാസവോട്ടിന്റെ രണ്ടുദിവസം മുമ്പുതന്നെ ദേശീയപത്രങ്ങൾ ഷിൻഡെയുടെ വിജയത്തെ ലീഡ് സ്റ്റോറിയായി അവതരിപ്പിച്ചുകൊണ്ടിരുന്നത്‍?. ഷിൻഡെ വിജയിക്കുമെന്നത് പ്രവചനാതീതമായ കാര്യമായിരുന്നല്ലോ. ജമ്മുകശ്മീരിലെ ഒരു തീവ്രവാദിക്ക് ബി.ജെ.പി നേതാക്കളുമായി ബന്ധമുണ്ടെന്ന വാർത്തയുടെ ഫോളോഅപ്പുകളെ മറച്ചുവെക്കാനാണോ ഷിൻഡെയുടെ സ്റ്റോറിയെ ഇവർ ലീഡ് ആക്കിയത്. സ്ഥാപനങ്ങളെയല്ല, വാർത്തകളുടെ തിരഞ്ഞെടുപ്പ് നടത്തുന്ന ഇത്തരം ന്യൂസ് റുമുകളെയാണ് ഈ വിഷയത്തിൽ ഞാൻ കുറ്റപ്പെടുത്തുന്നത്.

നിയമങ്ങൾ മുഴുവൻ ഭരണകൂടം കൈയ്യിലെടുക്കുകയും അവർക്കെതിരെ സംസാരിക്കുന്നവരെ അടിച്ചമർത്തുകയും ചെയ്യുന്നത് ഒരു മാതൃകയായി മാറുമോ എന്നെനിക്ക് ഭയമുണ്ട്.

ബി.ജെ.പി നേതാക്കളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട ജമ്മുകശ്മീരിൽ പിടിയിലായ തീവ്രവാദികൾ
ബി.ജെ.പി നേതാക്കളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട ജമ്മുകശ്മീരിൽ പിടിയിലായ തീവ്രവാദികൾ

സാമ്പത്തിക ആക്രമണം പുതിയ തന്ത്രം

ആൾട്ട് ന്യൂസിനെതിരായ നടപടി നോക്കുക. ഈ സ്​ഥാപനം പൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നടപടികൾ തുടരുന്നതെന്ന് അവർ തന്നെ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. ഇത് അപകടപരമായ ഒരു പ്രവണതയെയാണ് തുറന്നുകാണിക്കുന്നത്. സമാനമായി ന്യൂസ് ക്ലിക്കിന്റെ എഡിറ്ററായ പ്രബീർ പുർകായസ്തയെ 110 മണിക്കൂറിലധികം നീണ്ട റെയ്ഡുകൾക്ക് വിധേയനാക്കി നിശ്ശബ്ദനാക്കാൻ ശ്രമിക്കുന്നതും നമ്മൾ കണ്ടതാണ്. എഡിറ്റർമാരെയും പത്രപ്രവർത്തകരെയും വിളിച്ചുവരുത്തി അവരുടെ കാലുകൾ തകർക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ബി- ഗ്രേഡ് സിനിമാ തന്ത്രങ്ങളേക്കാൾ എളുപ്പമാണ്​ ഇത്തരം നടപടികൾ. പരസ്യദാതാക്കളെ ഭീഷണിപ്പെടുത്തി തങ്ങൾക്കെതിരെ സംസാരിക്കുന്ന മാധ്യമങ്ങളുടെ വായയടപ്പിക്കുക എന്ന മറ്റൊരു തന്ത്രവും അവർ പ്രയോഗിക്കുന്നുണ്ട്.

എന്നാൽ ആൾട്ട് ന്യൂസ് പോലുള്ള മാധ്യമങ്ങൾ പരസ്യങ്ങള ആശ്രയിച്ചല്ല പ്രവർത്തിക്കുന്നത്. വ്യക്തിഗത സംഭാവനകൾ, സ്ഥാപനങ്ങളുടെ സംഭാവനകൾ, എൻഡോവ്‌മെന്റുകൾ തുടങ്ങിയവയിലൂടെയാണ് അവർ വസ്തുനിഷ്‍ഠ മാധ്യമപ്രവർത്തനം നടത്തുന്നത്. നിലവിൽ ആൾട്ട് ന്യൂസിനെതിരെ ചുമത്തപ്പെടുന്ന സാമ്പത്തിക ആരോപണങ്ങൾ പോർട്ടലിന്റെ ഉപജീവന സ്രോതസ്സുകളെ തടയാൻ ഉദ്ദേശിച്ചുള്ളതാണെന്നാണ് ഞാൻ കരുതുന്നത്. ആൾട്ട് ന്യൂസിന്റെ സംഭാവനദാതാക്കളുടെ വിവരങ്ങൾ പങ്കിടാൻ റേസർ പേയോട് പൊലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആൾട്ട് ന്യൂസിന്റെ സംഭാവനകളുടെ പട്ടിക പരിശോധിക്കുന്ന ഈ നടപടിയിലൂടെ ദാതാക്കളിൽ ചിലരെ ഭയപ്പെടുത്താൻ കഴിയില്ലെങ്കിലും സമാനമായ മറ്റ് പോർട്ടലുകളിലേക്ക് തുക സംഭാവന ചെയ്യുന്നതിനുമുമ്പ് ഇത്തരം നടപടികൾ തീർച്ചയായും അവരെ രണ്ടുവട്ടം ചിന്തിക്കാൻ പ്രേരിപ്പിക്കും.

ബോധ്യങ്ങളായി മാറുന്ന സംശയങ്ങൾ

ഭരണകൂടത്തിന്റെ ഇത്തരം ഗൂഢാലോചനകളെല്ലാം നിർഭാഗ്യവശാൽ എല്ലായ്​പ്പോഴും വിജയിക്കാറുണ്ട്. ഇതിൽ ഭാഗികമായി മാധ്യമങ്ങൾക്കും പ്രേക്ഷകർക്കും ഒരുപോലെ പങ്കുണ്ട്. ഭരണകൂടം ഉന്നയിക്കുന്ന ഇത്തരം സാമ്പത്തിക ആരോപണങ്ങളെല്ലാം അതേപോലെ വിശ്വസിക്കുകയും റിപ്പോർട്ട് ചെയ്യുകയുമാണ് നമ്മൾ ചെയ്യുന്നത്. ഭരണകൂടത്തിന്റെ പ്രചാരണോപകരണങ്ങളെ എളുപ്പത്തിൽ വിശ്വസിക്കുന്നത് ഇന്ത്യൻ മാധ്യമങ്ങളുടെയും പ്രേക്ഷകരുടെയും ഡി.എൻ.എയുടെ ഭാഗമായി കഴിഞ്ഞു.എന്താണ് ഇത്തരം ആരോപണങ്ങൾക്കുപിന്നിലെന്ന് മനസ്സിലാക്കാതെ ഞാനുൾപ്പടെയുള്ളവർ സിനിക്കുകളുടെ വേഷത്തിൽ അഭയം തേടുകയാണ്. മാധ്യമങ്ങളിലുള്ള സർക്കാറിന്റെ ചില ലീഡർ അവതാരകരിലൂടെ ഈ ആരോപണങ്ങൾ സംബന്ധിച്ച പ്രേക്ഷകരുടെ സംശയങ്ങളെ ബോധ്യങ്ങളാക്കി മാറ്റാൻ അവർക്ക് കഴിയുന്നു. ഇത് അഴിമതിക്കാരെന്ന് മുദ്രകുത്തപ്പെടുമെന്നു ഭയന്ന് വിമർശകരെ പോലും സർക്കാറിനെതിരെ ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് പിൻവലിപ്പിക്കാൻ കാരണമാകുന്നു.

സീ ന്യൂസ് അവതാരകൻ രോഹിത് രഞ്ജൻ
സീ ന്യൂസ് അവതാരകൻ രോഹിത് രഞ്ജൻ

2024ൽ ഒരു മിറാക്കിൾ നടന്ന് കേന്ദ്രത്തിൽ പുതിയ ഭരണകക്ഷി അധികാരത്തിൽ വന്നാലും ഇതിൽ മാറ്റമുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. സർക്കാരുകൾ ഒരിക്കലും മാറുന്നില്ല. സർക്കാറിനെതിരെ വസ്തുനിഷ്ഠമായി പ്രതികരിക്കുന്നവരെ ഇതേ തന്ത്രങ്ങൾ ഉപയോഗിച്ചുതന്നെ അവർ അടിച്ചമർത്താൻ ശ്രമിച്ചുകൊണ്ടിരിക്കും.

ഇതിനെ രണ്ട് സംഭവങ്ങളിലൂടെ വിശദീകരിക്കാം. കഴിഞ്ഞദിവസം സീ ന്യൂസ് അവതാരകനെ അറസ്റ്റ് ചെയ്യാൻ ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാർ പൊലീസിനെ നോയിഡയിലേക്ക് അയച്ചു. രാഹുൽഗാന്ധിയുടെ വാക്കുകളെ വളച്ചൊടിച്ച അവതാരകന്റെ പ്രവൃത്തിയോട് എനിക്ക് യോജിപ്പില്ല. പക്ഷേ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയെന്ന ബി.ജെ.പിയുടെ ‘പ്ലേ ബുക്ക്’ തന്ത്രം തന്നെ കോൺഗ്രസും പ്രയോഗിച്ചതിനോട് ഞാൻ വിയോജിക്കുന്നു. ഇതേസ്ഥിതി തന്നെയാണ് ദിവസങ്ങളായി കേരളത്തിലും സംഭവിക്കുന്നത്. രണ്ട് യുവാക്കൾ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ചതിന് അവരെ മർദിക്കുകയും മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയുമുണ്ടായി. പുരോഗമനപരവും പരിഷ്കൃതവുമായ ഒരു സർക്കാരിന്റെ പ്രതികരണമാണോ ഇത്? യോഗി ആദിത്യനാഥ് സർക്കാർ സി.‌എ‌.എ വിരുദ്ധ പ്രക്ഷോഭകരോട് ചെയ്യുന്നതും ഇതുതന്നെയാണ്. ഈ വ്യവസ്ഥിതി നമ്മുടെ സമൂഹത്തിൽ ഇതിനകം വേരുപടർത്തിക്കഴിഞ്ഞു.

ആൾട്ട് ന്യൂസിന് ലഭിച്ച 2.31 ലക്ഷം രൂപയെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. പക്ഷേ വസ്തുനിഷ്‍ഠമായ മാധ്യമപ്രവർത്തനത്തിലൂന്നിയ ഒരു ‘പുതിയ ഇന്ത്യയെ' കെട്ടിപ്പടുക്കാൻ 2.31 ലക്ഷം രൂപ മാത്രം മതിയോ? നിയമവിധേയമായി മാത്രം ആൾട്ട് ന്യൂസ് ഈ പണം ഉപയോഗിച്ചതിനാലും ദുരുപയോഗിക്കാത്തതിനാലും ഈ ആരോപണങ്ങൾക്ക് പ്രസക്തിയില്ല. നുണകൾ പൊളിച്ചെഴുതാനാണ് അവർ ഈ പണം ഉപയോഗിച്ചത്. ആ ഉദ്യമത്തിന് അവരെ ബഹുമാനിക്കുകയാണ് വേണ്ടത്, വേട്ടയാടുകയല്ല.

യോഗി ആദിത്യനാഥ്
യോഗി ആദിത്യനാഥ്

ഒരു മധ്യകാല ‘ഡീപ്​ സ്​റ്റേറ്റി’ലേക്ക്​ വളർന്നുകൊണ്ടിരിക്കുന്ന ഭരണകൂടത്തിനെ പ്രതിരോധിക്കാൻ മാധ്യമങ്ങളൊടൊപ്പം പൊതുസമൂഹവും തയ്യാറാകേണ്ടതുണ്ട്. പോസിറ്റിവ് ന്യൂസുകൾ മാത്രം ആഗ്രഹിക്കുന്ന വായനക്കാർ ഇതിനൊരു ഭീഷണിയാണ്. ഈ കാലത്ത് റിപ്പോർട്ട് ചെയ്യാൻ പോസിറ്റിവ് ന്യൂസുകളില്ലെന്ന യാഥാർഥ്യം വായനക്കാർ മനസ്സിലാക്കണം.

ദേശാഭിമാനി വാരികയിൽ ബാലചന്ദ്രൻ ചുള്ളിക്കാടുമായി ഡോ. ഷിജു ഖാൻ നടത്തിയ അഭിമുഖം ഈയിടെ വായിച്ചു. അഭിമുഖത്തിന്റെ അവസാന ഖണ്ഡികയിൽ മഹത്തായ രാഷ്ട്രീയ മുന്നണിയെക്കുറിച്ച് പറയുന്നുണ്ട്. ചുള്ളിക്കാടിനെ പോലെ വ്യവസ്ഥിതിക്കെതിരെ നിരന്തരം കലഹിക്കുകയും ആശയങ്ങൾ പങ്കുവെക്കുന്നവരുമായി നമ്മൾ കൂടുതൽ ഇടപഴകണം. ഇടതുപക്ഷത്തെ വിമർശിക്കുന്നതിനും പിന്നീട് അവരുടെ ആശയങ്ങൾ സംസാരിക്കുന്നതിനും ഞാൻ നിരന്തരം അധിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ കോൺഗ്രസുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഞാൻ ഇതേപോലെ അഭിപ്രായങ്ങൾ പങ്കുവെക്കാറുണ്ട്.

നമുക്ക് ഒറ്റപ്പെട്ട ദ്വീപുകളാകാൻ കഴിയില്ല. നാം ഇടപെടേണ്ടതുണ്ട്. ഒ.വി. വിജയൻ പറഞ്ഞതുപോലെ, സന്ദേഹവും സംവാദവും തുടരുകയെന്നതാണ് ഏക പോംവഴി.


Summary: ഒരു മധ്യകാല ഡീപ്​ സ്​റ്റേറ്റിലേക്ക്​ വളർന്നുകൊണ്ടിരിക്കുന്ന ഭരണകൂടത്തിനെ പ്രതിരോധിക്കാൻ മാധ്യമങ്ങളൊടൊപ്പം സമൂഹവും തയ്യാറാകേണ്ടതുണ്ട്. പോസിറ്റിവ് news മാത്രം ആഗ്രഹിക്കുന്ന വായനക്കാർ ഇതിന് ഭീഷണിയാണ്.


ആർ. രാജഗോപാൽ

കൊൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ദ ടെലഗ്രാഫ്പത്രത്തിന്റെ എഡിറ്റർ

Comments