ഒരു നൂറ്റാണ്ടിലേറെ നീണ്ട ആശയവിനിമയത്തിന്റെ കൗതുകകരമായ ചരിത്രയാത്രയാണ് റേഡിയോയുടേത്. പത്തൊമ്പതാം നൂറ്റാണ്ടു മുതൽ ഡിജിറ്റൽ യുഗം വരെയും റേഡിയോ എന്ന മാധ്യമം അതിന്റെ ശക്തി തെളിയിച്ചു കൊണ്ടിരിക്കുന്നു. നിരവധി പരീക്ഷണങ്ങളുടെ നീണ്ട കഥയുണ്ട് ഈ മാധ്യമത്തിന്റെ ഉത്ഭവത്തിന്. ചെറിയ ദൂരത്തിലേക്ക് ഒരു പരീക്ഷണമെന്നോണം അയച്ച ശബ്ദസിഗ്നൽ മുതൽ ഇന്ന് ദേശഭേദമെന്യേ ലക്ഷക്കണക്കിന് ശ്രോതാക്കളിലേക്ക് എത്തിച്ചേരുന്ന ഒരു ദീർഘ ചരിത്രമാണത്. വൈദ്യുതകാന്തിക തരംഗങ്ങൾ ഉപയോഗിച്ച് വയറുകളില്ലാതെ ആശയവിനിമയം നടത്താനുള്ള ശ്രമങ്ങൾ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നടക്കുകയുണ്ടായി. എന്നാൽ അറ്റ്ലാൻറിക് സമുദ്രത്തിന് കുറുകെ വയർലെസ് സിഗ്നൽ അയച്ചുകൊണ്ട് ഈ പരീക്ഷണത്തിന്റെ പേറ്റന്റ് സ്വന്തമാക്കിയത് മാർക്കോണിയാണ്. ആംപ്ലിറ്റ്യൂഡ് മോഡുലേഷനും ഫ്രീക്വൻസി മോഡുലേഷനും ഉപയോഗിച്ചുകൊണ്ട് വ്യക്തമായ ഓഡിയോ സിഗ്നലുകളിലൂടെ പ്രക്ഷേപണത്തിന്റെ സാങ്കേതികവിദ്യ വളർന്നു. പരസ്പരമുള്ള ആശയവിനിമയത്തിനായി കപ്പലുകളിലാണ് റേഡിയോ സന്ദേശങ്ങൾ ആദ്യകാലത്ത് ഉപയോഗിച്ചത്. 1912 ഏപ്രിൽ മാസം അറ്റ്ലാൻ്റിക് സമുദ്രത്തിൽ വെച്ച് ടൈറ്റാനിക് എന്ന ആഡംബര കപ്പൽ മഞ്ഞുമലകളിൽ തട്ടി തകരുകയും ആയിരക്കണക്കിന് ആളുകൾ മരിക്കുകയും ചെയ്തപ്പോൾ മോഴ്സ് കോഡ് വഴി സന്ദേശങ്ങൾ അയച്ച് നിരവധി പേരെ രക്ഷിക്കാൻ സാധിച്ചു.
ഒന്നാം ലോകമഹായുദ്ധത്തോടെ റേഡിയോയുടെ പ്രാധാന്യം പ്രകടമാവുകയും ഉപയോഗം വർദ്ധിക്കുകയും ചെയ്തു. 1920-കളിൽ ആശയവിനിമയത്തിന്റെ പുത്തൻ വിപ്ലവത്തിനാണ് തുടക്കമായത്. മുപ്പതുകളോടെ റേഡിയോ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറി. ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിലും വിനോദവും വിജ്ഞാനവും കൈമാറുന്നതിലുമുള്ള റേഡിയോയുടെ കഴിവ് ഭരണാധികാരികൾ തിരിച്ചറിഞ്ഞു. ഇത് റേഡിയോയുടെ ചരിത്രത്തിൽ നിർണായകമായ വഴിത്തിരിവായി.

ലോകമെങ്ങുമുള്ള സർക്കാരുകൾ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്നതിന് റേഡിയോ ഉപകരണമാക്കി. സൈനികരുടെയും ജനങ്ങളുടെയും മനോവീര്യം വർദ്ധിപ്പിക്കുക, യുദ്ധവാർത്തകൾ ജനങ്ങളിൽ എത്തിക്കുക, സന്ദേശങ്ങൾ പ്രചരിപ്പിക്കുക തുടങ്ങി സൈന്യത്തിലേക്ക് ജനങ്ങളെ ആകർഷിക്കാൻ വരെ ഈ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗപ്പെടുത്തി.
യുദ്ധോപകരണം എന്ന നിലയിലുള്ള റേഡിയോയുടെ പ്രവർത്തനം
ഒന്നാം ലോകമഹായുദ്ധകാലയളവിൽ റേഡിയോ സാങ്കേതികവിദ്യ ശൈശവാവസ്ഥയിൽ ആയിരുന്നു. എങ്കിലും സൈനികയൂണിറ്റുകൾ തമ്മിലുള്ള ആശയവിനിമയത്തിനും രഹസ്യാന്വേഷണ സേവനത്തിനുമായി ഈ സാങ്കേതികവിദ്യ പരീക്ഷിച്ചു. വയർലെസ്സായി വിവരം കൈമാറാനുള്ള റേഡിയോയുടെ കഴിവ് ബോധ്യപ്പെട്ട നാളുകളായിരുന്നു അത്. യുദ്ധത്തിനുശേഷം വാണിജ്യ സാധ്യത മനസ്സിലാക്കിക്കൊണ്ട് 1920-ൽ അമേരിക്കയിലെ പിറ്റ്സ്ബർഗിൽ കെ.ഡി.കെ.എ എന്ന ആദ്യ വാണിജ്യ റേഡിയോ സ്റ്റേഷന് തുടക്കമിട്ടു.
ഒന്നാം ലോകമഹായുദ്ധാനന്തരം ഉണ്ടായിരുന്ന മഹാമാന്ദ്യം മൂലം റേഡിയോ വലിയ തോതിൽ സാമ്പത്തിക വെല്ലുവിളികൾ നേരിട്ടു. വിനോദ പരിപാടികൾക്ക് തുടക്കമിട്ടുകൊണ്ടാണ് അതിനെ മറികടന്നത്. 1938-ൽ ഓർസൺവെൽസിന്റെ ‘ദി വാർ ഓഫ് ദ വേൾഡ്’ എന്ന പരിപാടി പൊതുജനങ്ങളിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുകയുണ്ടായി. അന്യഗ്രഹാക്രമണമാണോ എന്ന ശങ്കയിൽ ജനങ്ങൾ പരക്കം പായുന്ന സന്ദർഭം വരെ ഈ പരിപാടി സൃഷ്ടിച്ചു. ഈ സംഭവത്തിലൂടെയാണ് റേഡിയോയ്ക്ക് പൊതുജനങ്ങളുടെ മേലുള്ള സ്വാധീനശക്തി എത്ര വലുതാണെന്ന് തിരിച്ചറിയപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിൽ ആശയവിനിമയ മാധ്യമം എന്ന നിലയിലുള്ള റേഡിയോയുടെ കഴിവ് അംഗീകരിക്കപ്പെട്ടു. യുദ്ധ വാർത്തകളുടെ പ്രചരണത്തിനും സൈനികരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനും ഈ മാധ്യമം ഒട്ടൊന്നുമല്ല സഹായിച്ചത്. ഗവൺമെൻ്റുകൾ ജനങ്ങളുടെ പിന്തുണ തേടാനും ഇത് ഉപയോഗിച്ചു. ബിബിസിയും മറ്റു റേഡിയോ നെറ്റ്‌വർക്കുകളും സൈനിക ഉദ്യോഗസ്ഥർക്കും സിവിലിയർക്കും വാർത്തകളും വിനോദങ്ങളും നൽകിക്കൊണ്ട് രാജ്യത്തിന് പിന്തുണയേകി. യുദ്ധകാലത്ത് ടെലിവിഷൻ സ്റ്റേഷനുകൾ അടച്ചുപൂട്ടിയപ്പോൾ ഇംഗ്ലണ്ടിൽ റേഡിയോ എന്നത് യുദ്ധവാർത്തകളും വിവരങ്ങളും അറിയാനുള്ള പ്രാഥമികസ്രോതസ്സായി മാറി. മികച്ച ഗാനങ്ങൾ കോർത്തിണക്കിയ Top 40 പോലുള്ള പരിപാടികൾ കൗമാരക്കാരും യുവാക്കളും ഏറ്റെടുത്തു. എഫ്.എം പ്രക്ഷേപണത്തിലൂടെ Rock and Roll പോലുള്ള പുതിയ സംഗീതരൂപങ്ങൾ കടന്നുവന്നു.

1955 മുതൽ 75 വരെ നീണ്ടുനിന്ന വിയറ്റ്നാം യുദ്ധത്തിൽ റേഡിയോ ആയുധമാക്കി കൊണ്ട് മനശാസ്ത്രപരമായ നീക്കമാണ് അമേരിക്കൻ സൈന്യം നടത്തിയത്. ശത്രു സൈന്യത്തെ കൂറുമാറാനോ കീഴടങ്ങാനോ പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങൾ വൻതോതിൽ പ്രചരിക്കപ്പെട്ടു. 1947 മുതൽ 1991 വരെയുള്ള ശീതയുദ്ധകാലമായിരുന്നു അത്. കിഴക്കൻ യൂറോപ്പിലേക്കും സോവിയറ്റ് യൂണിയനിലേക്കും കമ്യൂണിസ്റ്റ് വിരുദ്ധ സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിനായി യുഎസ് നെറ്റ് വർക്കുകൾ യത്നിക്കുകയുണ്ടായി. സോവിയറ്റ് യൂണിയനും പ്രചാരണ ആവശ്യങ്ങൾക്കായി റേഡിയോ ഉപയോഗിച്ചു. 1990-ലെ ഗൾഫ് യുദ്ധകാലഘട്ടത്തിൽ സൈനിക ആശയവിനിമയത്തിനും പ്രചാരണത്തിനുമായി റേഡിയോയെ ഉപയോഗപ്പെടുത്തി. ഇറാഖി സൈനികർക്ക് സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്യാൻ സഖ്യസേന റേഡിയോ ഉപയോഗിച്ചു. അവരെ കീഴടങ്ങാൻ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു ഈ സന്ദേശങ്ങൾ. 17 വർഷം നീണ്ട യുദ്ധ കാലഘട്ടത്തിൽ ശ്രീലങ്കൻ ജനതയ്ക്ക് ആശ്വാസമേകിയത് അവിടുത്തെ റേഡിയോ ആണ്. സ്വന്തം നാടിൻറെ രക്തരൂക്ഷിത കലാപങ്ങൾ ജനതയെ അറിയിച്ചത് ഈ മാധ്യമമാണ്. തമിഴ് വംശീയ പ്രശ്നങ്ങൾ നടക്കുമ്പോഴും ഇന്ത്യയിലേക്കുള്ള പ്രക്ഷേപണം സിലോൺ റേഡിയോ മുടക്കിയില്ല.
ഇന്ത്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ ജവഹർലാൽ നെഹ്റുവിൻറെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിന് മൂന്ന് പ്രധാന ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്. രാഷ്ട്രീയ ഏകീകരണം, സാമ്പത്തിക വികസനം, സാമൂഹിക നവീകരണം എന്നീ ലക്ഷ്യങ്ങൾ നേടുന്നതിൽ റേഡിയോ പ്രധാന പങ്കു വഹിച്ചു. 1947, 1962, 1965, 1971 എന്നിങ്ങനെ വിവിധ കാലഘട്ടങ്ങളിൽ പാക്കിസ്ഥാനുമായും ചൈനയുമായും ഇന്ത്യ നടത്തിയ യുദ്ധങ്ങളിൽ സുരക്ഷാസേനയുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിലും അതിർത്തിയിലെ സാഹചര്യങ്ങളെ കുറിച്ച് ആളുകളെ അറിയിക്കുന്നതിലും റേഡിയോ പങ്കുവഹിച്ചു.
റേഡിയോയുടെ പ്രവർത്തനം ഗാസയിൽ
എത്രയോ യുദ്ധങ്ങളിലൂടെയും ദുരന്തങ്ങളിലൂടെയും ആണ് ലോകം കടന്നുപോന്നത്. ഇന്നിപ്പോൾ ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ വംശഹത്യയ്ക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും ആണ് ഗാസ സാക്ഷ്യം വഹിക്കുന്നത്. ഗാസയിലെ സംഘർഷങ്ങൾക്ക് എന്നാണ് അന്ത്യം ഉണ്ടാവുക എന്നതാണ് ഈ കാലഘട്ടത്തിന്റെ ദുഃഖം. ഇവിടെ ദുരിതം അനുഭവിക്കുന്ന മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങൾ അവരുടെ കുടുംബാംഗങ്ങൾക്ക് പോലും പലപ്പോഴും ലഭിക്കുന്നില്ല. ഫോൺകോളുകളോ കത്തുകളോ സോഷ്യൽ മീഡിയ സംവിധാനങ്ങളോ ഒന്നും തന്നെ അവരുടെ രക്ഷയ്ക്ക് എത്തുന്നില്ല. എന്നാൽ ഇവർക്കിടയിലുള്ള പാലമാകാൻ അവിടങ്ങളിലെ റേഡിയോകൾക്ക് സാധിക്കുന്നുണ്ട്. പ്രിയപ്പെട്ടവർ കേൾക്കുമെന്ന പ്രതീക്ഷയിൽ അവർ റേഡിയോയിലൂടെ തങ്ങളുടെ ശബ്ദ സന്ദേശങ്ങൾ കൈമാറുന്നു.

ജനങ്ങളുടെ ആശങ്കകളാണ് സംവാദമായും ചർച്ചകളായും ഇവിടെ പ്രക്ഷേപണത്തിന് വിഷയമാകുന്നത്. കുടിയേറ്റം, പൗരരുടെ അടിസ്ഥാന ആവശ്യങ്ങൾ, ലിംഗപരമായ പ്രശ്നങ്ങൾ തുടങ്ങിയവ ഏറ്റവും വിശ്വസ്ത സുഹൃത്തിനോടെന്ന പോലെ ഇവർ പങ്കു വെക്കുന്നു. പലസ്തീനിൽ സാധാരണജനങ്ങൾക്ക് വാർത്തകൾ ലഭിക്കാനുള്ള ഏറ്റവും എളുപ്പമാർഗം ഇപ്പോൾ റേഡിയോയാണ്. ഓൺലൈൻ കണക്റ്റിവിറ്റിക്ക് നിയന്ത്രണങ്ങൾ ഉള്ളതിനാൽ, പലസ്തീനികളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ലഭിക്കുന്നതിനും നിർണായക വിവരങ്ങൾ കണ്ടെത്താനും പലരും റേഡിയോയെ ആശ്രയിക്കുന്നു.
ഈ ആവശ്യം തിരിച്ചറിഞ്ഞ് 2023 നവംബർ 3-ന് ബി.ബി.സി ഗാസയ്ക്കായി ഒരു അടിയന്തര റേഡിയോ സേവനം ആരംഭിക്കുകയുണ്ടായി. രാവിലെയും ഉച്ചയ്ക്കുശേഷവുമായി ഓരോ പരിപാടി വീതം പ്രക്ഷേപണം ചെയ്യുന്നു. സുപ്രധാന വാർത്തകൾ ജനങ്ങളിൽ എത്തിക്കുക എന്നതായിരുന്നു പരിപാടികളുടെ ലക്ഷ്യം. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ പാർപ്പിടം, ഭക്ഷണം, ജലവിതരണം തുടങ്ങിയവയെ സംബന്ധിച്ച പ്രായോഗിക വിവരങ്ങളാണ് പരിപാടിയിൽ ഉൾപ്പെടുത്തുന്നത്. അത്യന്താധുനിക വാർത്താ സേവനങ്ങളായ ഇൻറർനെറ്റ്, ഫോൺ തുടങ്ങിയ ഡിജിറ്റൽ സേവന ശൃംഖലകൾ അടച്ചുപൂട്ടുന്ന സാഹചര്യങ്ങളിൽ ഏറ്റവും വിശ്വസനീയമായ വാർത്താ സ്രോതസ്സ് എന്ന നിലയിൽ ജനങ്ങൾ ബി.ബി.സി റേഡിയോയെയാണ് ആശ്രയിക്കുന്നത്. അൽ ജസീറ അവരുടെ ടെലിവിഷൻ സ്ട്രീമിന്റെ റേഡിയോ പതിപ്പ് പ്രക്ഷേപണം ചെയ്ത് തുടങ്ങിയതും ഇത്തരം ആവശ്യങ്ങൾ മുന്നിൽകണ്ടാണ്.

പ്രാദേശിക ജനങ്ങൾക്ക് വാർത്തകൾ നൽകുന്നതിനുള്ള പ്രധാന ഉറവിടം ഇപ്പോൾ പ്രാദേശിക റേഡിയോ സ്റ്റേഷനുകളാണ്. കാരണം ഈ മാധ്യമം പ്രവർത്തിപ്പിക്കാൻ എല്ലായ്പ്പോഴും വൈദ്യുതിയോ ഇന്റർനെറ്റോ ആവശ്യമില്ല. മീഡിയം വേവിലുള്ള പ്രക്ഷേപണമാണ് ബി.ബി.സി തെരഞ്ഞെടുത്തത്. ഇത് കേൾക്കാൻ ഏറ്റവും വിലകുറഞ്ഞ അനലോഗ് റേഡിയോ മാത്രമേ ആവശ്യമുള്ളൂ. ബാറ്ററിയിൽ ദീർഘനേരം പ്രവർത്തിക്കാനാകുമെന്നതിനാൽ അടിയന്തരഘട്ടങ്ങളിൽ ഇത് ഏറെ പ്രയോജനപ്പെടുന്നു. അതുകൊണ്ടാണ് ഗാസയിലെ ട്രാൻസ്മിറ്ററുകൾ നശിപ്പിക്കപ്പെട്ടിട്ടും റേഡിയോയ്ക്ക് പ്രവർത്തിക്കാൻ സാധിച്ചത്. ഡിജിറ്റൽ കണക്ഷനുകൾ വിച്ഛേദിക്കപ്പെടുന്ന പ്രതിസന്ധിഘട്ടങ്ങളിൽ ഇന്നും റേഡിയോയുടെ പ്രസക്തിയാണ് ഇതെല്ലാം ബോധ്യപ്പെടുത്തുന്നത്. ടെന്റുകളിലും താൽക്കാലിക ക്യാമ്പുകളിലും താമസിക്കുന്ന കുടിയിറക്കപ്പെട്ട നിരവധി കുടുംബങ്ങൾ യുദ്ധത്തിന്റെ സംഭവവികാസങ്ങൾ പിന്തുടരാൻ അവരുടെ ഫോണിലെ എഫ്എം റേഡിയോ ആപ്പുകളെ ആശ്രയിക്കുന്നു. സാധാരണ ജീവിതം പൂർണ്ണമായും നിലച്ചതോടെ ജനങ്ങൾക്ക് ഏക ആശ്വാസമായി മാറുന്നത് റേഡിയോ വാർത്തകളിൽ മുഴുകലാണ്. മറ്റൊന്നും അവർക്ക് ചെയ്യാനില്ലാതായിരിക്കുന്നു. സംഘർഷങ്ങൾ അവസാനിച്ചുവെന്ന വാർത്ത കേൾക്കാനുള്ള പ്രതീക്ഷയാണ് അവരെ ജീവിപ്പിക്കുന്നത്.
എക്കാലവും റേഡിയോയുടെ ശക്തി ജനങ്ങൾക്ക് ഈ മാധ്യമത്തോടുള്ള വിശ്വാസമാണ്. വ്യാജവാർത്തകളുടെയും വിവരണങ്ങളുടെയും അതിപ്രസരണത്തിനിടയിലും റേഡിയോ ആ വിശ്വാസ്യത നിലനിർത്തുന്നു. ലാളിത്യം, പ്രാപ്യത, വൈകാരികമായ അടുപ്പം തുടങ്ങിയവയും റേഡിയോയുടെ മാത്രം പ്രത്യേകതകളാകുന്നു. ചരിത്രത്തിലെ നിർണായകനിമിഷങ്ങൾ - പ്രധാനമായും യുദ്ധങ്ങൾ, ദുരന്തങ്ങൾ, രാഷ്ട്രീയത്തിലെ ഗതിവിഗതികൾ തുടങ്ങിയ കാര്യങ്ങളിൽ ഇടപെടലുകൾ നടത്തിക്കൊണ്ട് വിശ്വാസ്യതയ്ക്ക് കളങ്കമേൽപ്പിക്കാതെ റേഡിയോ അതിൻറെ ജൈത്രയാത്ര തുടരുന്നു.
