ബി.ജെ.പി ഐ.ടി സെൽ നിലവാരത്തിലേക്ക് പതിച്ച മാതൃഭൂമിയുടെ രാഹുൽ കാരിക്കേച്ചർ

മാതൃഭൂമി രാഹുൽഗാന്ധിയെ വിമർശിക്കുന്നതിനെ ഉൾക്കൊള്ളാനുള്ള വിവേകം എല്ലാ ജനാധിപത്യ മനസ്സുകൾക്കുമുണ്ട്. എന്നാൽ ബി ജെ പി മാതൃകയിൽ അവഹേളനവും അപമാനവുമാകുമ്പോൾ അത് പത്രധർമ്മമല്ല.

ബി ജെ പി ഐ.ടി സെൽ ജീവനക്കാരിയായിരുന്ന സാധ്വി ഖോസ്‌ലെ മുമ്പൊരിക്കൽ നടത്തിയ വെളിപ്പെടുത്തലിൽ അതിന്റെ പ്രവർത്തന രീതികൾ വിശദമാക്കിയിരുന്നു. ഹിറ്റ്ലിസ്റ്റിൽ പെടുത്തിയ മാധ്യമ പ്രവർത്തകർ, ഗാന്ധി കുടുംബം, ബോളിവുഡ് ഖാൻമാർ, ലിബറലുകൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കെതിരെ ആക്ഷേപവും പരിഹാസവും ചൊരിയാൻ സദാ സജ്ജരായിരിക്കുന്നവരിൽ ഉയർന്ന അഞ്ചക്ക ശമ്പളം വാങ്ങുന്നവരായി മാത്രം ആയിരത്തിലധികം പേരുണ്ടെന്ന് അവർ പറഞ്ഞിരുന്നു. ട്വീറ്റിനും, ഹാഷ്ടാഗിനും എണ്ണം പറഞ്ഞ് പണം കൈപ്പറ്റിപോകുന്ന നിരവധി സബ് ഏജൻസികൾ വേറെയുമുണ്ട്. അബദ്ധങ്ങൾ പിന്നീട് ആചാരവും ശേഷം ശാസ്ത്രവുമാകുന്ന പരിണാമ പ്രക്രിയയിൽ അപ്രതീക്ഷിത കണ്ണിയാവാൻ കേരളത്തിന്റെ മാതൃഭൂമിയും കച്ച കെട്ടുന്നുവെന്നറിയുമ്പോൾ മിച്ചം വരുന്നത് ഒരുതരം മരവിപ്പും അവിശ്വസനീയതയുമാണ്.

സാധ്വി ഖോസ്‌ലെ
സാധ്വി ഖോസ്‌ലെ

കഴിഞ്ഞ ഒരു ദശകമായി കോൺഗ്രസ് പല തിരിച്ചടികളിലൂടെയുമാണ് മുന്നോട്ടു പോവുന്നത്. നാല് സംസ്ഥാന നിയമസഭ ഫലങ്ങൾ പുറത്തു വന്നത് കഴിഞ്ഞ മൂന്നാം തീയ്യതി ഞായറാഴ്ചയാണ്. ഒരു സംസ്ഥാനത്ത് കോൺഗ്രസ് ഭരണം പിടിച്ചു. മറ്റിടങ്ങളിൽ കോൺഗ്രസ് തുടച്ചു മാറ്റപ്പെട്ടു എന്ന വിലയിരുത്തൽ അവിടങ്ങളിൽ ജയിച്ച പാർട്ടിക്ക് പോലുമില്ല. എന്നാൽ നാലാം തീയ്യതി പ്രസിദ്ധീകരിച്ച മാതൃഭൂമിയിലെ രാഹുൽഗാന്ധിയുടെ കാരിക്കേച്ചർ രാഷ്ട്രീയ വിമർശനങ്ങളുടെ പരിധിയിൽ പെടുന്നതല്ലായിരുന്നു. രാഹുൽഗാന്ധിക്കുനേരെയുള്ള രാഷ്ട്രീയ വിമർശനങ്ങൾ ഉൾക്കൊള്ളാനുള്ള ജനാധിപത്യ ബോധമില്ലാത്തവർ കോൺഗ്രസാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. പക്ഷെ മാതൃഭൂമി ചെയ്തത് അതല്ല. അവർ ബി ജെ പി ഐ.ടി സെല്ലിന്റെ നിലവാരത്തിലേക്ക് അധഃപതിച്ചു. ബോഡി ഷെയിമിംഗിലേക്കും അവഹേളനത്തിലേക്കും അവർ തരം താഴ്ന്നു.

ഡിസംബർ 4ലെ മാതൃഭൂമി ചിത്രത്തിനു സാമ്യം ഒക്ടോബർ 5ന് ബിജെപി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച രാഹുൽഗാന്ധിയെ രാവണനാക്കി ചിത്രീകരിച്ചതിനോടാണ്
ഡിസംബർ 4ലെ മാതൃഭൂമി ചിത്രത്തിനു സാമ്യം ഒക്ടോബർ 5ന് ബിജെപി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച രാഹുൽഗാന്ധിയെ രാവണനാക്കി ചിത്രീകരിച്ചതിനോടാണ്

ഡിസംബർ 4-ലെ മാതൃഭൂമി ചിത്രത്തിനു സാമ്യം ഒക്ടോബർ 5-ന് ബി ജെ പി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച രാഹുൽഗാന്ധിയെ രാവണനാക്കി ചിത്രീകരിച്ചതിനോടാണ്.
ഒന്ന്, മരുഭൂമിയിലെ ആടുജീവിതമാണെങ്കിൽ അടുത്തത് രാമ വിരുദ്ധൻ, രാജ്യ വിരുദ്ധൻ, ധർമ്മ വിരുദ്ധൻ, സാമൂഹ്യതിന്മ എന്ന മട്ടിലാണ്. ജോർജ്ജ് സോറസുമായി ബന്ധിപ്പിച്ചും, രാഷ്ട്രീയ ഭാഗ്യാന്വേഷിയാക്കിയും, ആനിമേറ്റഡ് വീഡിയോ വഴി അവഹേളിച്ചും, പപ്പുവെന്ന് ആർത്തുവിളിച്ചും, പരുങ്ങാതെ രണ്ടു വാചകം പറയാനറിയാത്തവനാക്കിയും, വിദേശങ്ങളിൽ ഇന്ത്യയെ അവഹേളിക്കുന്നയാളാക്കിയും, അമുൽ ബേബി, ഷെഹ്സാദ പ്രയോഗങ്ങളുമായും ഐ.ടി സെൽ തുടങ്ങി വെക്കുന്ന അപവാദങ്ങൾ പലരും ഏറ്റെടുത്ത് കൂറുതെളിയിക്കാൻ മത്സരിക്കുന്നുണ്ട്. ഒരു കാലത്ത് നിക്ഷ്പക്ഷരെന്ന് കരുതിയിരുന്ന മാധ്യമ പ്രവർത്തകരും കലാകാരരും വരെ അതിലുണ്ട്. മാതൃഭൂമി അതിലില്ല എന്നു തന്നെ വിശ്വസിക്കാനാണ് ജനാധിപത്യ കേരളം ഇപ്പോഴും ആഗ്രഹിക്കുന്നത്. അതിനു കാരണങ്ങളുണ്ട്.

കറകളഞ്ഞ ദേശീയ പാരമ്പര്യവും, ദേശീയ നേതാക്കളുടെ നേതൃത്വവും, ദേശീയ പ്രസ്ഥാനത്തിന്റെ പിന്തുണയും, ദേശീയവാദികളുടെ വിയർപ്പുമാണ് മാതൃഭൂമിക്ക് ഊടും പാവും നൽകിയത്. മാതൃഭൂമിയുടെ ഓഹരി പിരിക്കാൻ അരനൂറ്റാണ്ടിലധികം പത്രാധിപരായിരുന്ന കെ.പി. കേശവമേനോൻ ആഹ്വാനം ചെയ്തത് കോൺഗ്രസ് പ്രവർത്തകരോടായാണ്. മാതൃഭൂമിയുടെ സ്ഥാപക മാനേജിംഗ് ഡയറക്ടറായ കെ. മാധവൻനായർ കെ പി സി സിയുടെ സ്ഥാപക സെക്രട്ടറിയും, പ്രസിഡണ്ടുമാണ്. പ്രിന്ററും, പബ്ലിഷറുമായിരുന്ന കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് മണലൂർ എം എൽ എയായിരുന്നു. തൃശൂരിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന, പിന്നീട് ബ്രിട്ടീഷുകാർ കണ്ടുകെട്ടിയ ലോകമാന്യൻ പത്രത്തിന്റെ പത്രാധിപരായിരുന്നു. ക്രൂരമായ ജയിൽ മർദ്ദനങ്ങളിലൂടെ ഭാഗിക ബധിരത ഏറ്റുവാങ്ങേണ്ടി വന്ന കുറൂർ 1923- ൽ മിശ്രഭോജനത്തിന്റെ സംഘാടകനയാതു വഴി സമുദായ ഭ്രഷ്ടും നേരിട്ടു. അദ്ദേഹത്തിന്റെ തെക്കേകുറുപ്പത്ത് വീട് കേരളത്തിലെത്തിയാലുള്ള നെഹ്റുവിന്റെ വാസ സ്ഥലമായിരുന്നു.

കെ.പി കേശവമേനോൻ
കെ.പി കേശവമേനോൻ

ഒരുപക്ഷെ വൈക്കം - ഗുരുവായൂർ സത്യാഗ്രഹങ്ങൾക്കു മുന്നെ താഴ്ന്ന ജാതിക്കാർക്കു വഴി നടക്കാനുള്ള നിശ്ശബ്ദ വിപ്ലവം വിജയിച്ചത് 1917- ൽ കോഴിക്കോട് തളി ക്ഷേത്രത്തിലായിരിക്കും. ക്ഷേത്ര റോഡിലൂടെ കൃഷ്ണൻ വക്കീലിനെ ചേർത്തു പിടിച്ച് കെ. മാധവൻനായരും, കെ.പി. കേശവമേനോനും, മഞ്ചേരി രാമയ്യരും നടന്നപ്പോൾ ജാതിക്കോമരങ്ങൾ സ്തബ്ധരായി നിന്നു. പിന്നീടാർക്കും ആ വഴിയിൽ വിലക്ക് വീണിരുന്നില്ല. സ്ഥാപകരുടെ വിപ്ലവവീര്യവും, നീതിബോധവും മാതൃഭൂമിയിലും നിഴലിച്ചിരുന്നു എന്നു പുതിയ കാലവും പത്രത്തിന്റെ അണിയക്കാരും തിരിച്ചറിയേണ്ടതുണ്ട്. ഒരുദാഹരണം അയവിക്കുന്നത് നന്നാവും.

കെ. മാധവൻനായരുടെ അഭിഭാഷക ലൈസൻസ് റദ്ദാക്കാതിരിക്കാൻ വല്ല കാരണവുമുണ്ടെങ്കിൽ ബോധിപ്പിക്കാൻ മദ്രാസ് ഹൈക്കോടതി 1930-ൽ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഗാന്ധിയുടെ ആഹ്വാന പ്രകാരം സിവിൽ നിയമലഘനത്തിന് മാധവൻനായർ നേതൃത്വം നൽകിയതാണ് ഹൈക്കോടതിയെ പ്രകോപിപ്പിച്ചത്. താൻ സിവിൽനിയമലംഘന സമരത്തിൽ പങ്കെടുത്തിട്ടില്ല എന്നു ബോധിപ്പിച്ച് മാധവൻനായർ ശിക്ഷ ഒഴിവാക്കി. അഭിഭാഷക പദവി നിലനിർത്താൻ കെ. മാധവൻനായർ സ്വാതന്ത്ര്യസമരത്തെ തള്ളിപ്പറഞ്ഞു എന്ന വലിയ വിമർശനമുണ്ടായി. മുഹമ്മദ് അബ്ദുറഹ്മാൻ തീപ്പന്തമായി ജ്വലിച്ചു. മാതൃഭൂമി എന്ന ആശയത്തിന് തുടക്കം കുറിച്ചവരിൽ പെടുന്ന തന്നെയും മൊയ്തു മൗലവിയെയും ട്രസ്റ്റ് രൂപീകരിച്ചപ്പോൾ വെട്ടിമാറ്റിയ ചാലപ്പുറം ഗ്യാങ്ങിനോട് കണക്കുതീർക്കാനുള്ള അവസരം സാഹിബ് പാഴാക്കിയില്ല.

കെ. മാധവൻനായര്‍
കെ. മാധവൻനായര്‍

എന്നാൽ കെ. മാധവൻനായരുടെ ചെയ്തിയെ നിശിതമായി വിമർശിച്ച് മുഖപ്രസംഗമെഴുതി മാതൃഭൂമി വിമർശകരെ സ്തബ്ധരാക്കി. സ്വന്തം മാനേജിംഗ് ഡയറക്ടർക്കെതിരെ എഡിറ്റോറിയലിൽ അച്ചുനിരത്താൻ വണ്ണം സത്യനിഷ്ഠ മുറുകെ പിടിച്ച മാതൃഭൂമി പത്രലോകത്ത് ചിരപ്രതിഷ്o നേടി. പിന്നീടുള്ളത് ചരിത്രമാണ്.

മാതൃഭൂമി രാഹുൽഗാന്ധിയെ വിമർശിക്കുന്നതിനെ ഉൾക്കൊള്ളാനുള്ള വിവേകം എല്ലാ ജനാധിപത്യ മനസ്സുകൾക്കുമുണ്ട്. എന്നാൽ ബി ജെ പി മാതൃകയിൽ അവഹേളനവും അപമാനവുമാകുമ്പോൾ അത് പത്രധർമ്മമല്ല. മോദി ഭരിക്കുന്നത് കൊണ്ട് മുട്ടിലിഴയുന്നതാണ് അഭികാമ്യമെന്ന് കരുതുന്ന മാതൃഭൂമി മാനേജ്മെന്റ് സിങ്കങ്ങൾ പഴങ്കഥകളൊക്കെ ഇടക്ക് മറിച്ചു നോക്കുന്നത് നന്നാവും.

Comments