മഹാമാരിയുടെ കാലത്തെ വിദ്വേഷ വൈറസ്

വൈറസ് വ്യാപന കാലത്തും വർഗ്ഗീയത എങ്ങനെയാണ് ഭരണ നേതൃത്വത്തിന്റെയും മാധ്യമങ്ങളുടേയും ഒത്താശയോടെ പടർന്നു പിടിക്കുന്നത് എന്ന് പറയുകയാണ് എഴുത്തുകാരനായ രാം പുനിയാനി. മീഡിയയിലെ ഒരു വിഭാഗം വേണ്ടത്ര ഗൃഹപാഠം ചെയ്യണമെന്നും ഗൃഹപാഠം സത്യസന്ധമാണ് എന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറയുന്നു.

മൂഹത്തിലെ ദരിദ്രജനവിഭാഗങ്ങൾ നേരിടുന്ന പല മനുഷ്യാവകാശലംഘനങ്ങളുടെയും ഹിംസയുടെയും അടിസ്ഥാനം അവരെക്കുറിച്ച് രൂപപ്പെടുത്തിയ ജനകീയ വിചാരങ്ങളും ധാരണകളുമാണ്. 1980കളുടെ മധ്യം മുതൽ നടന്ന പല സംഭവങ്ങളും അത്തരമൊരു അവബോധത്തെ കരുപിടിപ്പിക്കുകയും മതന്യൂനപക്ഷങ്ങളോടുള്ള വിദ്വേഷത്തെ തീക്ഷ്ണമാക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമരകാലത്ത് പൊങ്ങിവന്ന വർഗീയ രാഷ്ട്രീയം, ന്യൂനപക്ഷവിഭാഗങ്ങളെപ്പറ്റി, പ്രത്യേകിച്ച് മുസ്‌ലീങ്ങളെക്കുറിച്ച് ഒരു ഏകരൂപ പ്രതിച്ഛായ സൃഷ്ടിച്ചിരുന്നു. ഇത് പിന്നീട് അടിക്കടി ഉഗ്രമാവുകയാണുണ്ടായത്. മുസ്‌ലീങ്ങളെപ്പറ്റി നിഷേധാത്മക പ്രതിച്ഛായ ഉണ്ടാക്കാൻ എല്ലാ സംഭവങ്ങളെയും വർഗീയ ശക്തികൾ ഉപയോഗിച്ചു; രാംജന്മഭൂമി- ബാബ്‌രി മസ്ജിദ് പ്രശ്‌നമായാലും വിശുദ്ധപശുവിന്റെ കാര്യമായാലും.

മുസ്‌ലീങ്ങളെ മോശം പ്രതിച്ഛായയിലുള്ള വാർപ്പുമാതൃകകളായി നിർമ്മിക്കാൻ ഈ സംഭവങ്ങളെല്ലാം ചതുരുപായത്തോടെ ഉപയോഗിച്ചു. കൊറോണ വൈറസ് ദുരന്തം ഈ നിർമ്മിത പ്രതിച്ഛായയെ പൂർവ്വാധികം തീവ്രതരമാക്കുന്നതിലാണ് കലാശിച്ചത്. ഒരു ദേശീയ അടിയന്തരാവസ്ഥയുടെ വർത്തമാന സാഹചര്യത്തിൽ പരമാവധി ഐക്യമാണ് വേണ്ടത്. എന്നാൽ വർഗീയ ശക്തികൾ, ഇപ്രാവശ്യം ഒരു വിഭാഗം മാധ്യമങ്ങളും, കൊറോണക്കാലത്ത് ഐക്യത്തെ തുരങ്കം വെക്കുന്നതിൽ ഗർഹണീയമായ പങ്കാണ് വഹിക്കുന്നത്.

വൈറസ് വ്യാപനത്തിന്റെ പ്രഭവകേന്ദ്രമായി ഡൽഹിയിലെ നിസാമുദ്ദീൻ മർകസ് പള്ളിയെയും അവിടെ സംഘടിപ്പിക്കപ്പെട്ട തബ്‌ലീഗ് ജമാഅത്ത് സമ്മേളനങ്ങളെയും അതുവഴി തബ്‌ലീഗ് ജമാഅത്തിനെയും പ്രതിക്കൂട്ടിൽ നിർത്തുന്ന ദുഷ്ടലാക്കുള്ള പ്രചാരണ പ്രവർത്തനങ്ങളിലാണ് വർഗീയ ശക്തികൾ വ്യാപൃതമായിരിക്കുന്നത്. തബ്‌ലീഗ് ജമാഅത്തിന്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ട് എന്ന് സമ്മതിക്കുമ്പോൾ തന്നെ മറ്റ് സംഘടനകളുടെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും കാണണം. മഹാമാരിയുടെ കാലത്ത് അനവധാനതയോടെ പെരുമാറിയത് പത്ത് പേരാണെന്ന് കരുതുക. അക്കൂട്ടത്തിൽ നിന്ന് ഒരാളെ മാത്രം ബോധപൂർവ്വം മാറ്റിനിർത്തി പ്രതിക്കൂട്ടിൽ നിർത്തുന്നത് കുടിലലക്ഷ്യത്തോടെയാണ്. തബ്‌ലീഗ് ജമാഅത്തിന്റെ വീഴ്ച ചൂണ്ടിക്കാണിക്കുമ്പോൾ തന്നെ മറ്റുളളവരുടെ സമാനവീഴ്ചകളും ചൂണ്ടിക്കാണിക്കപ്പെടണം.

കനിക കപൂർ

ഈ രോഗം ചൈനയിൽ ആരംഭിച്ച് ഇറ്റലി, സ്‌പെയിൻ, അമേരിക്ക, മലേഷ്യ തുടങ്ങിയ നിരവധി രാജ്യങ്ങളിലേക്ക് പടർന്നതാണല്ലോ. കോവിഡ് പടർന്ന രാജ്യങ്ങളിൽ നിന്ന് വന്നവരിലൂടെയാണ് ഇന്ത്യയിൽ ഈ രോഗം എത്തിയത്. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് മരണം ഉണ്ടാകുന്നത് മാർച്ച് 12നാണ്. സൗദി അറേബ്യയിൽ നിന്ന് വന്ന ഒരാളാണ് മരിച്ചത്. ബ്രിട്ടനിൽ നിന്നുവന്ന സെലിബ്രിറ്റി ഗായികയായ കനികാ കപൂറിനും കോവിഡ് ഉണ്ടായിരുന്നു. അവർ നിരവധി ആളുകളുമായി സമ്പർക്കത്തിലേർപ്പെടുകയും ചെയ്തിരുന്നു. കോവിഡ് രോഗബാധയുള്ള ഒരു സിഖ് മതപ്രചാരകനും ആയിരങ്ങളുമായി സമ്പർക്കം പുലർത്തുകയുണ്ടായി. ഇന്ത്യാ ഗവൺമെന്റിൽ നിന്ന് മുൻകൂട്ടി അനുവാദം വാങ്ങിയാണ് തബ്‌ലീഗ് ജമാഅത്ത് സമ്മേളനം ആസൂത്രണം ചെയ്തത്. കോവിഡിനെപ്പറ്റി ആ സമയത്ത് രാജ്യത്ത് പൊതുവെ അത്ര ആശങ്കാജനകമായ സാഹചര്യമില്ലാതിരുന്നതുകൊണ്ട് നിർദ്ദിഷ്ട സമ്മേളനം തബ്‌ലീഗ് ജമാഅത്ത് റദ്ദ് ചെയ്തില്ല.

തബ്‌ലീഗ് ജമാഅത്തിന്റെ വീഴ്ച ചൂണ്ടിക്കാണിക്കുമ്പോൾ തന്നെ മറ്റുളളവരുടെ സമാനവീഴ്ചകളും ചൂണ്ടിക്കാണിക്കപ്പെടണം.

ലോകാരോഗ്യ സംഘടന കോവിഡിന്റെ പശ്ചാത്തലത്തിൽ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ജനുവരി 30നാണ്. കൊറോണയുയർത്തുന്ന ഭീഷണി കേന്ദ്രം ഗൗരവത്തിലെടുക്കണമെന്ന് ഫെബ്രുവരി 12നാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. അപ്പോൾ രാഹുലിനെ പരിഹസിക്കുകയാണ് ചെയ്തത്. മർക്കസ് സംഭവം മാർച്ച് 13-15 തിയ്യതികളിലായാണ് നടക്കുന്നത്. അതിൽ പങ്കെടുത്ത വിദേശ പ്രതിനിധികൾ സർക്കാറിൽ നിന്ന് മുൻകൂർ അനുമതി നേടിയാണ് ഇന്ത്യയിലെത്തിയത്.

മാർച്ച് 13ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ വക്താവ് പറഞ്ഞത് കോവിഡ് 19മായി ബന്ധപ്പെട്ട് ഇന്ത്യയിൽ അടിയന്തര സാഹചര്യമില്ല എന്നാണ്. മാർച്ച് 13 മുതൽ ഡൽഹി സർക്കാർ കൂട്ടംചേരുന്നതിൽ ചില നിയന്ത്രണങ്ങൾ തുടങ്ങിയിരുന്നുവെങ്കിലും കേന്ദ്രസർക്കാർ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങിയത് മാർച്ച് 22ന് നടപ്പാക്കിയ ജനതാ കർഫ്യൂവിനോടെയാണ്. മാർച്ച് 24ന് ദേശീയ ലോക്ഡൗണും പ്രഖ്യാപിച്ചു. നാല് മണിക്കൂർ സാവകാശമേ അപ്പോൾ ജനങ്ങൾക്ക് കൊടുത്തൂള്ളൂ.

തബ്‌ലീഗ് ജമാഅത്ത് സംഭവം മാധ്യമശ്രദ്ധയിൽ വരുന്നത് മർക്കസ് സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾ കശ്മീരിലും ആറുപേർ തെലങ്കാനയിലും കോവിഡ് ബാധിച്ച് മരിച്ചപ്പോഴാണ്. അപ്പോൾ അതുവരെ അക്ഷരശ്ലോകത്തിൽ വ്യാപൃതരായിരുന്ന അധികാരത്തിന്റെ മടിത്തട്ടിൽ സുഖാലസ്യത്തിൽ കഴിഞ്ഞുപോരുന്ന മാധ്യമപ്രവർത്തകർ സടകുടഞ്ഞെഴുന്നേറ്റു. അവർക്ക് കിട്ടിയ പുതിയ ടോണിക് ഉപയോഗിച്ച് അവർക്ക് ശീലമുള്ള പത്രപ്രവർത്തനം ആരംഭിച്ചു. ഇവർ വളച്ചൊടിച്ച് നൽകിയ വാർത്തകൾ, തബ്‌ലീഗ് ജമാഅത്ത് ആണ് വൈറസ് വ്യാപനത്തിന്റെ പ്രഭവകേന്ദ്രമെന്ന വികലബോധം സമൂഹത്തിലുണ്ടാക്കി. ഇത് വള്ളിപുള്ളി വിടാതെ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു. പറഞ്ഞു പരത്തിയുളള സാമ്പ്രദായിക പ്രചാരണം വേറൊരു ഭാഗത്തും. അങ്ങനെ മുസ്‌ലിമിനെ വൈറസ് വ്യാപനത്തിന്റെ കാരണക്കാരനായി ചിത്രീകരിച്ച് കുറ്റവാളിയാക്കി. ഇതോടൊപ്പം തബ്‌ലീഗ് ജമാഅത്തുകാരെ അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തിലുള്ള കിംവദന്തികളും പ്രചരിച്ചു (ആശുപത്രിയിൽ തബ്‌ലീഗുകാർ മാംസഭക്ഷണം ആവശ്യപ്പെടുന്നു, വൈറസ് വ്യാപനം ലക്ഷ്യമിട്ട് തബ്‌ലീഗുകാർ ആശുപത്രിയിൽ തുപ്പുന്നു എന്നിങ്ങനെ). അതിന്റെ ഫലമോ? പശുവിന്റെ പേരിൽ മുസ്‌ലീങ്ങളെ തല്ലിച്ചതച്ചതിന്റെ തനിയാവർത്തനങ്ങളായി ചില സംഭവങ്ങൾ ഉണ്ടായി. (ഒരു മുസ്‌ലിം യുവാവിനെ തല്ലിച്ചതച്ചു, ഗർഭിണിയായ ഒരു മുസ്‌ലിം സ്ത്രീക്ക് ആശുപത്രിയിൽ പ്രവേശനം നൽകിയില്ല...) പല ഹൗസിങ് സൊസൈറ്റികളും മുസ്‌ലീങ്ങൾ അവരുടെ പരിസരത്ത് പ്രവേശിക്കുന്നത് വിലക്കി. ഇതെല്ലാം വർഗീയവിദ്വേഷം സൃഷ്ടിച്ച മഞ്ഞുമലയുടെ ഒരഗ്രം മാത്രമേ ആകുന്നുള്ളൂ.

മീഡിയയിലെ ഒരു വിഭാഗം 'കൊറോണ ബോംബ്', 'കൊറോണ ജിഹാദ്' എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ സൃഷ്ടിച്ച് ഇന്ത്യയെ കൊറോണ ജിഹാദികൾ വളഞ്ഞതായുള്ള ഒരു പരിഭ്രാന്ത പ്രതീതി സൃഷ്ടിച്ചു. ഇതിന്റെ അനന്തരഫലമോ? പല സംസ്ഥാന സർക്കാരുകളും കൊറോണ രോഗികളുടെ എണ്ണം പുറത്തുവിടുമ്പോൾ തബ്‌ലീഗ് ജമാഅത്തുമായി ബന്ധമുള്ള രോഗികൾ ഇത്ര, അല്ലാത്തവർ ഇത്ര എന്ന മട്ടിൽ രോഗികളെ വിഭജിക്കാൻ തുടങ്ങി. ഈ പശ്ചാത്തലത്തിലാണ് ഡൽഹി സർക്കാറിന്റെ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായ സഫ്രുൽ ഇസ്‌ലാം ഖാന് ഇങ്ങനെ എഴുതേണ്ടി വന്നത്: ' കൊറോണ വൈറസിന്റെ ഇരകളെ രേഖപ്പെടുത്തുന്ന സർക്കാർ ബുള്ളറ്റിനുകൾ 'മർക്കസ് മസ്ജിദ്' എന്ന പ്രത്യേക കോളം കാണിക്കുന്നുണ്ട്! ഇത്തരം അസംബന്ധ വർഗീകരണങ്ങൾ ഇസ്‌ലാമോഫോബിയക്ക് ഇന്ധനം പകരുക മാത്രമല്ല മുസ്‌ലീങ്ങളെ ലക്ഷ്യംവെച്ചുള്ള ഹിന്ദുത്വശക്തികളുടെ ആക്രമണത്തിന് അനായാസമായ പരിതോവസ്ഥ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്.' ഇതിന്റെ ഫലമായി പല സ്ഥലങ്ങളിലും മുസ്‌ലീങ്ങൾ ആക്രമിക്കപ്പെട്ടു. അവർക്ക് സാമൂഹിക വിലക്ക് കൽപ്പിക്കാൻ ആഹ്വാനങ്ങളുണ്ടായി.

ഇപ്പോൾ സാഹചര്യം മാറിയിട്ടുണ്ട്. വ്യാജവാർത്തകളും വിദ്വേഷവാർത്തകളും പ്രചരിപ്പിക്കരുതെന്ന് സർക്കാർ തന്നെ നിഷ്‌കർഷിക്കാൻ തുടങ്ങിയിരിക്കുന്നു. പല മുഖ്യമന്ത്രിമാരും, പ്രത്യേകിച്ച് ആന്ധ്ര, മഹാരാഷ്ട്ര, കേരളം, പശ്ചിമബംഗാൾ മുഖ്യമന്ത്രിമാർ സമൂഹത്തെ വർഗീയമായി വിഘടിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അസംബന്ധ വർഗീകരണങ്ങൾ ഇസ്‌ലാമോഫോബിയക്ക് ഇന്ധനം പകരുക മാത്രമല്ല മുസ്‌ലീങ്ങളെ ലക്ഷ്യംവെച്ചുള്ള ഹിന്ദുത്വശക്തികളുടെ ആക്രമണത്തിന് അനായാസമായ പരിതോവസ്ഥ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്

കൊറോണ വൈറസിന് വംശീയവും മതപരവുമായ മാനം നൽകുന്നത് അവസാനിപ്പിക്കണമെന്നും അവർ കർശനമായി പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ വൈറസ് വ്യാപനത്തെക്കുറിച്ച് യുക്തിഭദ്രമായ ഒരു വിശകലനത്തിന് മുതിർന്നാൽ കിട്ടുന്ന ചിത്രം എന്താണ്? സർക്കാറിന് വളരെ വൈകിയാണ് അപകടത്തെക്കുറിച്ച് തിരിച്ചറിവുണ്ടായത് എന്നതാണത്. മീഡിയയിലെ ഒരു വിഭാഗം വേണ്ടത്ര ഗൃഹപാഠം ചെയ്യുക മാത്രമല്ല, ഗൃഹപാഠം സത്യസന്ധമാണെന്ന് ഉറപ്പുവരുത്തുകയും വേണം. കൊറോണ അന്താരാഷ്ട്ര മഹാമാരിയാണ്. ആഗോള പ്രശ്‌നമാണ്. അത് പടർന്നതിനു പിന്നിൽ പല കാരണങ്ങളുണ്ട്. അവയെ തബ്‌ലീഗ് ജമാഅത്തിലേക്ക് വെട്ടിച്ചുരുക്കുകയും തബ്‌ലീഗ് ജമാഅത്ത് സമം മുസ്‌ലീങ്ങൾ എന്ന് സമീകരിക്കുകയും ചെയ്യുന്നത് ദേശീയ ഐക്യത്തിനും മാനവികതയ്ക്കും നേരെ ചെയ്യുന്ന ദ്രോഹമാണ്.

വിവർത്തനം: ലിഷ കെ.കെ.

Comments