കോർപ്പറേറ്റ് വിജയകഥകളാൽ നിറഞ്ഞിരിക്കുകയാണ് ഇന്ത്യൻ മീഡിയ. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, പവർ പ്ലാന്റുകൾ, ലോജിസ്റ്റിക്‌സ് കോറിഡോറുകൾ, ഓഹരി വിപണിയിലെ കുതിപ്പുകൾ - എല്ലാം ‘ദേശത്തിന്റെ വികസനകഥ’കളായി അവതരിപ്പിക്കപ്പെടുന്നു. അദാനി, അംബാനി തുടങ്ങിയ പ്രമുഖ വ്യവസായ ഗ്രൂപ്പുകളുടെ വളർച്ച രാജ്യത്തിന്റെ വളർച്ചയുമായി തുലനപ്പെടുത്തുന്ന ‘മാധ്യമഭാഷയും ആഖ്യാനവും’ നമുക്ക് പരിചിതമാണ്. ഇത്തരം ‘വികസന’ങ്ങൾ ചോദ്യം ചെയ്യപ്പെടാതെ ആഘോഷിക്കപ്പെടുന്നു; നിക്ഷേപം വിമർശനരഹിതമായി വാഴ്ത്തപ്പെടുന്നു.
ഈ സമാന്തര മാധ്യമപ്രവാഹത്തിൽ, അപൂർവമായി മാത്രം ചില ശബ്ദങ്ങൾ ഉയരുന്നു. ആ ശബ്ദങ്ങൾ ചോദിക്കുന്നു:
ഈ വികസനത്തിന്റെ വില ആരാണ് നൽകുന്നത്? ഈ കരാറുകളുടെ പിന്നിൽ മറഞ്ഞുകിടക്കുന്നത് എന്താണ്?
ഈ കോർപ്പറേറ്റ് വളർച്ചയുടെ രാഷ്ട്രീയബന്ധങ്ങൾ എത്രത്തോളം സുതാര്യമാണ്?
അത്തരം ശബ്ദങ്ങളിലൊന്നാണ് സ്വതന്ത്ര മാധ്യമപ്രവർത്തകനായ രവി നായർ. അദാനി എന്റർപ്രൈസസ് ലിമിറ്റഡ് എന്ന കമ്പനി (Adani Enterprises Ltd -AEL) നൽകിയ ക്രിമിനൽ അപകീർത്തിക്കേസിൽ ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള മജിസ്ട്രേറ്റ് കോടതി രവി നായർക്ക് കഴിഞ്ഞ ഫെബ്രുവരി 10- ന് ഒരു വർഷത്തെ തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിന്നീട് ജാമ്യം നൽകുകയും ശിക്ഷ ഒരു മാസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. ഉന്നത കോടതിയിൽ അപ്പീൽ നൽകാൻ സമയവും അനുവദിച്ചു.
ക്രിമിനൽ അപകീർത്തി നിയമം (section 499 -criminal defamation- of the Indian Penal Code) മാധ്യമസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നുണ്ടോ? പ്രത്യേകിച്ച് അദാനിയെപ്പോലെ ശക്തമായ കോർപ്പറേറ്റുകൾ ഉൾപ്പെടുന്ന കേസുകളിൽ മാധ്യമപ്രവർത്തകർക്കെതിരെ ക്രിമിനൽ അപകീർത്തിനിയമം ഉപയോഗിക്കാമെന്നത് ആശങ്ക ഉയർത്തുന്നതല്ലേ?
പൊതുതാൽപര്യാർത്ഥം കോർപ്പറേറ്റുകൾക്കെതിരായ ന്യൂസ് റിപ്പോർട്ടിംഗിന്റെ ഭാഗമായ വിമർശനങ്ങളാണ് (Dissents) ക്രിമിനൽ അപകീർത്തിനിയമപ്രകാരം ചോദ്യം ചെയ്യപ്പെടുന്നത്. മാധ്യമ വിമർശനം എവിടെ വെച്ചാണ് കോർപ്പറേറ്റുകളുടെ പ്രശസ്തിക്ക് അപകീർത്തികരമായ കുറ്റകൃത്യമായി മാറുന്നത്? സമകാലിക സാഹചര്യത്തിൽ ഈ ചോദ്യങ്ങൾ പരിശോധിക്കപ്പെടുക തന്നെ വേണം.

രവി നായർ ചെയ്ത ‘തെറ്റ്’
എന്താണ് രവി നായർ ചെയ്ത തെറ്റ്?
2020 ഒക്ടോബറിനും 2021 ജൂലൈയ്ക്കും ഇടയിൽ പ്രസിദ്ധീകരിച്ച രവി നായരുടെ പോസ്റ്റുകളിലും ലേഖനങ്ങളിലും അദാനി ഗ്രൂപ്പിന്റെ ഭാഗമായ അദാനി എന്റർപ്രൈസസ് ലിമിറ്റഡിനെ കുറിച്ച് തെറ്റായതും അപകീർത്തികരവുമായ പ്രസ്താവനകളുണ്ടെന്ന് ആരോപിച്ചായിരുന്നു കേസ്.
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഹിൻഡൻബർഗ്- അദാനി തർക്കം എന്നിവ റിപ്പോർട്ട് ചെയ്യുന്നതിൽ പ്രശസ്തനായ സ്വതന്ത്ര അന്വേഷണാത്മക മാധ്യമപ്രവർത്തകനാണ് രവി നായരെന്നത് മറന്നുപോകരുത്. അപ്പോൾ ഈ കേസിന് പുറകിലുളള കാരണം പിടികിട്ടും. എക്സ് പോലുള്ള പ്ലാറ്റ്ഫോമുകളിലും അദാനി വാച്ച് പോലുള്ള സ്വതന്ത്ര ഔട്ട്ലെറ്റുകളിലും ഇദ്ദേഹത്തിന്റെ കമന്ററി പ്രസിദ്ധീകരിക്കുന്നുണ്ട്.
വിമർശനം അവസാനിക്കുന്നതും
അപകീർത്തി തുടങ്ങുന്നതും എവിടെ?
‘അന്വേഷണാത്മക മാധ്യമപ്രവർത്തനത്തെ’ ഇന്ത്യയിലെ ക്രിമിനൽ അപകീർത്തിനിയമത്തിന്റെ പരിധിയിൽ വ്യാഖ്യാനിച്ച് കുറ്റം വിധിക്കുമ്പോൾ ‘വിമർശനം എവിടെ അവസാനിക്കുന്നു, അപകീർത്തി എവിടെ ആരംഭിക്കുന്നു’ എന്ന ചോദ്യം പ്രസക്തമാകുന്നു. രവി നായർ കേസ് അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.
ഒരു സ്വതന്ത്ര മാധ്യമപ്രവർത്തകൻ തന്റെ ട്വീറ്റുകൾ അന്വേഷണാത്മക മാധ്യമപ്രവർത്തനശൈലിയിൽ അവതരിപ്പിച്ചപ്പോൾ, അതിനെ ക്രിമിനൽ അപകീർത്തി നിയമത്തിന്റെ പരിധിയിൽ പെടുത്തി ശിക്ഷിക്കുകയാണ് കോടതി ചെയ്തത്. കോർപ്പറേറ്റുകളും നീതിന്യായവ്യവസ്ഥയും അന്വേഷണാത്മക മാധ്യമപ്രവർത്തനത്തെ എങ്ങനെ ഒരു കുറ്റമായി മാറ്റാൻ ഉപയോഗിക്കുന്നു എന്നത് ‘Indian court sentences journalist to jail in defamation case by Adani Group’ എന്ന തലക്കെട്ടിലുള്ള റോയിട്ടേഴ്സ് വാർത്തയിൽ വ്യക്തമാക്കുന്നു (Reuters News, 2026).
‘മാധ്യമ വിമർശന’ത്തെ ക്രിമിനൽ അപകീർത്തിനിയമത്തിന്റെ പരിധിയിൽ വ്യാഖ്യാനിക്കുന്ന ഘട്ടം എവിടെയാണ് എന്ന ചോദ്യം ഇന്ന് കൂടുതൽ സങ്കീർണ്ണമാകുകയാണ്.
അഭിപ്രായ സ്വാതന്ത്ര്യം സുപ്രീംകോടതി ഉറപ്പുനൽകുന്നതിനാൽ മാധ്യമ വിമർശനം ഇന്ത്യയിൽ അന്തർലീനമായ ഒരു കുറ്റകൃത്യമല്ല. ജനാധിപത്യ സമൂഹങ്ങളിൽ മാധ്യമങ്ങൾ നടത്തുന്ന വിമർശനം നിയമലംഘനമല്ല, ഒരിയ്ക്കലും ആവുകയുമരുത്. എന്നാൽ ‘മാധ്യമ വിമർശന’ത്തെ ക്രിമിനൽ അപകീർത്തിനിയമത്തിന്റെ പരിധിയിൽ വ്യാഖ്യാനിക്കുന്ന ഘട്ടം എവിടെയാണ് എന്ന ചോദ്യം ഇന്ന് കൂടുതൽ സങ്കീർണ്ണമാകുകയാണ്.
അപകീർത്തിനിയമങ്ങൾ പല രാജ്യങ്ങളിലും സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ തടയുന്നതിനും വിമർശനം അടിച്ചമർത്താനുമുള്ള ആയുധവുമായി മാറിക്കൊണ്ടിരിക്കുകയാണെന്നാണ് (La Rue, 2013) ഐക്യരാഷ്ട്രസഭയുടെ, അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രത്യേക റിപ്പോർട്ടർ ഫ്രാങ്ക് ലാ റൂ വ്യക്തമാക്കുന്നത്. (‘Defamation laws are being used to intimidate the press and to jail journalists’ എന്ന തലക്കെട്ടിലാണ് ഈ റിപ്പോർട്ട്).

കോർപ്പറേറ്റുകൾക്കെതിരായ പൊതുതാൽപര്യ വിഷയങ്ങൾ അവതരിപ്പിക്കുമ്പോൾ ആ വിമർശനം ‘കമ്പനിയുടേയോ അദാനിയുടേയോ അപകീർത്തിക്ക്’ തുല്യമായി കണക്കാക്കുന്നത്, നിയമപരമായും നൈതികമായും പ്രശ്നകരമാണ്. രവി നായർ കേസിൽ ഉയർന്ന ചോദ്യവും ഇതുതന്നെയാണ്: ഒരു കോർപ്പറേറ്റ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിമർശനം എപ്പോഴാണ് ‘അപകീർത്തി’യാകുന്നത്? നിയമം ഈ അതിരുകൾ വ്യക്തമായി നിർവചിക്കാത്തിടത്ത്, അത് വ്യാഖ്യാനത്തിന് അതീതമായി മാറുകയും അദാനിയെപ്പോലെ ശക്തരുടെ പക്ഷത്തേക്ക് വഴുതിപ്പോകുകയും ചെയ്യുന്നുണ്ട്.
ഇന്ത്യയിൽ മാധ്യമപ്രവർത്തകർക്കെതിരെ അപകീർത്തിനിയമം ചുമത്തി നിശ്ശബ്ദമാക്കുന്നത് ഒരു പാറ്റേൺ ആയി മാറിയിരിക്കുകയാണെന്ന് അന്താരാഷ്ട്ര റിപ്പോർട്ടുകളിലും സ്വതന്ത്ര മാധ്യമ സംഘടനകളുടെ നിരീക്ഷണങ്ങളിലും വ്യക്തമാകുന്നുമുണ്ട്.
അപകീർത്തിനിയമങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് നീതി തേടാനല്ല, മറിച്ച് മാധ്യമപ്രവർത്തകരെ, പ്രത്യേകിച്ച് അന്വേഷണാത്മക റിപ്പോർട്ടിംങിൽ ഏർപ്പെട്ടിരിക്കുന്നവരെ ഭയപ്പെടുത്താനും നിശ്ശബ്ദരാക്കാനുമാണെന്നാണ് ‘Defamation Laws and Legal Harassment: Tools to Silence Journalists’ എന്ന ICFJ റിപ്പോർട്ട് സൂചിപ്പിക്കുന്നത് (International Federation of Journalists, 2021).
ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനായ പ്രശാന്ത് കനോജിയ (Prashant Kanojia) നേരിട്ട നിയമനടപടികൾ നമ്മുടെ മുമ്പിലുണ്ട്. അപകീർത്തി ഉൾപ്പെടെയുള്ള നിയമവകുപ്പുകൾ യഥാർത്ഥത്തിൽ നീതിപാലനത്തിനല്ല, മറിച്ച് ഭരണകൂടത്തിനോ കോർപ്പറേറ്റുകൾക്കോ എതിരായ വിമർശനത്തെ ഭീഷണിപ്പെടുത്താനും നിശ്ശബ്ദമാക്കാനും ഉപയോഗിക്കപ്പെടുന്നു എന്നത് വാസ്തവമാണ്.
രവി നായർക്കെതിരായ അപകീർത്തി കേസ് പരിഗണിക്കുമ്പോൾ, മാധ്യമപ്രവർത്തകൻ നടത്തിയ വസ്തുതാപരിശോധന, റിപ്പോർട്ടിങ് പശ്ചാത്തലം, മറുപടി നൽകാനുള്ള അവസരം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയെ കോടതികൾ പലപ്പോഴും ഗൗരവമായി പരിശോധിക്കുന്നുണ്ടോ? സംശയമാണ്. അതിനുപകരം, ഒരു വാർത്തയോ അഭിപ്രായമോ അദാനിയുടെ അല്ലെങ്കിൽ കോർപ്പറേറ്റിന്റെ കീർത്തിക്ക് ഹാനി വരുത്തിയോ എന്ന ഏക മാനദണ്ഡത്തിൽ മാത്രമാണ് കുറ്റകൃത്യം നിർണ്ണയിക്കപ്പെടുന്നത്. ഇതുവഴി, പൊതുതാൽപ്പര്യത്തിനായി നടത്തിയ അന്വേഷണാത്മക റിപ്പോർട്ടിങും ‘ക്രിമിനൽ അപകീർത്തി’യാകുന്നു.
സത്യസന്ധമായ അന്വേഷണത്തിന്റെ ഭാഗമായ വാർത്തകൾക്ക് ‘ക്രിമിനൽ ഉദ്ദേശ്യം’ ഉണ്ടെന്ന് തെളിയിക്കാതെ അപകീർത്തിക്കുറ്റം ചുമത്താൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പല കേസുകളിലും പ്രാഥമിക ഘട്ടത്തിൽ തന്നെ മാധ്യമപ്രവർത്തകർക്കെതിരായ ക്രിമിനൽ നടപടികൾ പിന്‍വലിക്കപ്പെട്ടിട്ടുള്ളത്.
സത്യസന്ധമായ അന്വേഷണത്തിന്റെ ഭാഗമായ വാർത്തകൾക്ക് ‘ക്രിമിനൽ ഉദ്ദേശ്യം’ (criminal intent) ഉണ്ടെന്ന് തെളിയിക്കാതെ അപകീർത്തിക്കുറ്റം ചുമത്താൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പല കേസുകളിലും പ്രാഥമിക ഘട്ടത്തിൽ തന്നെ മാധ്യമപ്രവർത്തകർക്കെതിരായ ക്രിമിനൽ നടപടികൾ പിന്‍വലിക്കപ്പെട്ടിട്ടുള്ളത്. എങ്കിലും, ഈ നിയമവ്യാഖ്യാനം സ്ഥിരമായി നടപ്പാക്കപ്പെടുന്നില്ല. അപകീർത്തിനിയമത്തിന്റെ പ്രയോഗത്തിൽ ഒരു വൈരുദ്ധ്യം രൂപപ്പെടുന്നു- നിയമത്തിന്റെ ആത്മാവും പ്രയോഗവും തമ്മിലുള്ള ഈ പാളിച്ചയാണ് മാധ്യമസ്വാതന്ത്ര്യത്തെ ഏറ്റവും ദുർബലപ്പെടുത്തുന്നത്.
പല രാജ്യങ്ങളിലെയും നിയമസംവിധാനങ്ങളിൽ അപകീർത്തിക്കുറ്റം വ്യക്തതയില്ലാത്ത (vague) നിയമഭാഷ ഉപയോഗിച്ച് മാധ്യമപ്രവർത്തകർ ഉയർത്തുന്ന അന്വേഷണാത്മക എഴുത്തുകളെ ‘libel’ അല്ലെങ്കിൽ ‘slander’ എന്നാക്കി പുനർവ്യാഖ്യാനിക്കാൻ ഉപയോഗിക്കപ്പെടുത്തുന്നുവെന്ന് തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച “Defamation Laws and the Global Threat to Investigative Journalism” (2023) എന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഇതിന്റെ ഫലമായി, പൊതുതാൽപര്യത്തിനായി നടത്തിയ അന്വേഷണ റിപ്പോർട്ടിംഗുകൾ പോലും നിയമഭീഷണിയുടെ കീഴിൽ നിശ്ശബ്ദമാകുന്നു.
ഈ പശ്ചാത്തലത്തിൽ രവി നായർ കേസിനെ കൂടി ചേർത്തുനോക്കുമ്പോൾ, എന്തുകൊണ്ടാവും അന്വേഷണാത്മക മാധ്യമപ്രവർത്തകന്റെ സോഷ്യൽ മീഡിയാ പോസ്റ്റുകളെ കോടതി ‘തെളിയിക്കപ്പെടാത്ത ആരോപണങ്ങൾ’ (unverified allegations) മാത്രമായി കണ്ടത്? അന്വേഷണ മാധ്യമപ്രവർത്തനത്തെ അതിന്റെ ഉദ്ദേശ്യവും പശ്ചാത്തലവും പരിശോധിക്കാതെ തന്നെ കുറ്റമായി വായിക്കുന്ന ഈ സമീപനം, എതിർശബ്ദങ്ങളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന നിയമപ്രതിരോധരീതിയായി മാറുന്നുവെന്നത് വലിയ ആശങ്കയാണ്. അതിനാൽ, വിമർശനം എവിടെയാണ് അവസാനിക്കുന്നത്, അത് എപ്പോഴാണ് അപകീർത്തിയുടെ അതിരുകളിലേക്ക് നീങ്ങുന്നത് എന്നത് വ്യക്തമായി നിശ്ചയിക്കാനും, അന്വേഷണ മാധ്യമപ്രവർത്തനത്തെ സംരക്ഷിക്കാനും വ്യക്തമായ നിയമമാനദണ്ഡങ്ങളും സുരക്ഷാകവചങ്ങളും ആവശ്യമാണ്.

കുറ്റമായിത്തീർന്ന ചോദ്യങ്ങൾ
തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഊർജ്ജ മേഖല, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ അദാനി ഗ്രൂപ്പിന് ലഭിച്ച അവസരങ്ങൾ, അവയ്ക്കുപിന്നിലെ നയപരമായ പിന്തുണ, സംസ്ഥാന– കോർപറേറ്റ് ചേർച്ചയുടെ സ്വഭാവം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളെല്ലാം പൊതുതാൽപര്യത്തിന്റെ (Public Concern) പരിധിയിലല്ലേ വരേണ്ടത്? അദാനിയെപ്പോലെയുള്ള വൻ കോർപ്പറേറ്റ് ഗ്രൂപ്പുകളും കേന്ദ്ര- സംസ്ഥാന സർക്കാരുകളും തമ്മിലുള്ള അടുത്ത ബന്ധം എത്രത്തോളം സുതാര്യമാണ്? അതിനാൽ തന്നെ രവി നായർ ഉയർത്തിയ ചോദ്യങ്ങളിൽ സാധാരണക്കാരന്റെ ജനാധിപത്യപരമായി ആശങ്കയും സത്യമറിയാനുള്ള അവരുടെ അവകാശവും ഉണ്ടായിരുന്നു.
എന്നാൽ രവി നായരുടെ കേസിൽ ഈ പൊതുതാൽപര്യത്തിന്റെ പ്രകാശനം കോടതിയിൽ ‘ക്രിമിനൽ അപകീർത്തി’ എന്ന വ്യാഖ്യാനത്തിലേക്ക് വഴിമാറ്റി. ഇവിടെ പ്രശ്നം ‘വസ്തുതാപരമായ ക്യത്യത’ (factual accuracy) മാത്രമല്ല; പൊതുതാൽപര്യത്തിന്റെ പരിധിയിലെ ‘ഉദ്ദേശ്യ’ത്തെ (intent) എങ്ങനെയാണ് നിയമം വായിക്കുന്നതെന്നത് കൂടിയാണെന്ന് തോന്നുന്നു.
രവി നായരുടെ എഴുത്തുകളിലും സോഷ്യൽ മീഡിയാ പോസ്റ്റുകളിലും, സംസ്ഥാന- കേന്ദ്ര സർക്കാരുകളുമായുള്ള അദാനി ഗ്രൂപ്പിന്റെ ബന്ധങ്ങളും സ്വകാര്യ ഇടപാടുകളും വിമർശനാത്മകമായി പരിശോധിക്കപ്പെടുന്നുവെന്നത് വസ്തുതയാണ്. എന്നാൽ ഇത്തരം പൊതുതാൽപര്യ റിപ്പോർട്ടിങിൽ ‘അറിയിക്കാനുള്ള ഉദ്ദേശ്യത്തെ’ (intent to inform) 'ഉപദ്രവിക്കാനുള്ള ഉദ്ദേശ്യം' (intent to harm) ആയി പുനർവ്യാഖ്യാനിക്കുന്ന പ്രവണത ശക്തമാകുകയാണെന്നാണ് യു.എന്നിന്റെയും മറ്റും മാധ്യമസ്വാതന്ത്ര്യ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. പല രാജ്യങ്ങളിലും അപകീർത്തിനിയമം 'അപകീർത്തികരമായ ഉപദ്രവം' (reputational harm) എന്ന പേരിൽ ക്രിമിനലൈസ് ചെയ്യപ്പെടുന്നു (La Rue, 2013). ഇതോടെ, പൊതുനന്മയുടെ പേരിൽ ചോദിക്കുന്ന ചോദ്യങ്ങൾ തന്നെ നിയമപരമായി അപകടകരമാകുന്നു.
പൊതുതാൽപര്യ മാധ്യമപ്രവർത്തനം ജനാധിപത്യത്തിൽ ഉത്തരവാദിത്വം ഉറപ്പാക്കാനുള്ള ഉപാധിയാണ്. എന്നാൽ ക്രിമിനൽ അപകീർത്തി നിയമം പ്രയോഗിക്കുമ്പോൾ, ‘കോർപ്പറേറ്റിന്റെ പ്രതിച്ഛായ’ പൊതുനന്മയെക്കാൾ മുൻഗണന നേടുന്നു.
പൊതുതാൽപര്യ മാധ്യമപ്രവർത്തനം ജനാധിപത്യത്തിൽ ഉത്തരവാദിത്വം ഉറപ്പാക്കാനുള്ള ഉപാധിയാണ്. എന്നാൽ ക്രിമിനൽ അപകീർത്തി നിയമം പ്രയോഗിക്കുമ്പോൾ, ‘കോർപ്പറേറ്റിന്റെ പ്രതിച്ഛായ’ പൊതുനന്മയെക്കാൾ മുൻഗണന നേടുന്നു. തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷന്റെ 2023- ലെ റിപ്പോർട്ടിൽ അപകീർത്തി നിയമം വ്യക്തതയില്ലാതെ പ്രയോഗത്തിൽ വരുത്തുമ്പോൾ ‘പൊതുതാൽപര്യം’ കോടതികളിൽ ദുർബലമാകുന്നുവെന്ന് പറയുന്നുണ്ട് (TRF, 2023). രവി നായരുടെ കേസിൽ ഇതിന്റെ പ്രതിഫലനം വ്യക്തമാണ്: ചോദ്യം ഉന്നയിച്ചതിന്റെ സാമൂഹ്യപ്രസക്തി പരിശോധിക്കുന്നതിനുപകരം, അത് അപകീർത്തി (reputational damage) ഉണ്ടാക്കിയോ എന്ന ചോദ്യത്തിലേക്കുമാത്രം ‘നീതി’ ചുരുങ്ങുന്നു.
ഇന്ത്യൻ ഹൈക്കോടതികൾ പല അവസരങ്ങളിലും ‘fair comment’ ഉം ‘public interest reporting’ ഉം ഭരണഘടനാപരമായി സംരക്ഷിക്കപ്പെടേണ്ടതാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. “Like Killing a Mockingbird: HC Quashes Defamation Proceedings Against Journalists in 2008 Case” എന്ന തലക്കെട്ടിൽ ന്യൂസ് ലോൺഡ്രി റിപ്പോർട്ട് ചെയ്ത കേസിൽ (2024), മാധ്യമപ്രവർത്തകർക്കെതിരായ അപകീർത്തി നടപടികൾ റദ്ദാക്കിയതായി പറയുന്നു. ജനാധിപത്യത്തിൽ ‘വിമർശനം’ കുറ്റമല്ല എന്നതാണ് പ്രസ്തുത കേസിൽ കോടതി അന്ന് വ്യക്തമായി പറഞ്ഞത്. എന്നാൽ, ഈ നിലപാടും രവി നായർ കേസിലുണ്ടായ നിയമനിർണയവും തമ്മിലുള്ള അന്തരം, ഇന്ത്യയിലെ അപകീർത്തിനിയമത്തിന്റെ പ്രയോഗികതലത്തിലെ വൈരുദ്ധ്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

ശക്തമായ കോർപറേറ്റ്,
ദുർബലമായ സ്വതന്ത്ര മീഡിയ
ഇന്ത്യയിലെ പ്രധാന പത്രങ്ങൾ, ടെലിവിഷൻ ചാനലുകൾ, ഓൺലൈൻ ന്യൂസ് പ്ലാറ്റ്ഫോമുകൾ എന്നിവയെല്ലാം കോർപ്പറേറ്റ് ഉടമസ്ഥാവകാശത്തിന്റെ അധീശത്തിലാണെന്നത് യാഥാർത്ഥ്യമാണ്. “The Corporate Takeover of India’s Media” എന്ന തലക്കെട്ടിൽ ഡൗൺ ടു എർത്ത് പ്രസിദ്ധീകരിച്ച അന്വേഷണാത്മക സ്വഭാവമുള്ള ലേഖനം പറയുന്നത്, ഒൻപത് വലിയ കോർപ്പറേറ്റ് ഗ്രൂപ്പുകൾ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമസ്ഥാപനങ്ങളിൽ നിർണായകമായ ഓഹരി പങ്കാളിത്തം കൈവശം വഹിക്കുന്നുവെന്നാണ് (Down To Earth, 2023).
ഇന്ത്യയിലെ പ്രധാന മുഖ്യധാരാ മാധ്യമ സ്ഥാപനങ്ങളെല്ലാം വിപുലമായ മത്സരമില്ലാത്ത, ചുരുക്കം ചില കോർപ്പറേറ്റുകളിൽ ഒതുങ്ങുന്ന തരത്തിലുള്ള ഉടമസ്ഥതാ ഏകീകരണത്തിലാണ് (Oligopolistic ownership) നിലനിൽക്കുന്നതെന്ന് റിപ്പോട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പ്രസിദ്ധീകരിച്ച “Media Ownership Monitor: Who Owns the Media in India” എന്ന റിപ്പോർട്ടിലും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് (RSF, 2024). ഇത് ഇന്ത്യയിൽ കോർപറേറ്റ്– രാഷ്ട്രീയ താൽപ്പര്യങ്ങളെ ചോദ്യം ചെയ്യുന്ന അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന് ഒട്ടും അനുകൂലമല്ലാത്ത മുഖ്യാധാര മാധ്യമപരിസരം രുപപ്പെടുത്തുന്നുവെന്ന് എളുപ്പം മനസിലാക്കാം.
അദാനി ഗ്രൂപ്പും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള ബന്ധങ്ങൾ, പ്രത്യേകിച്ച് സ്വകാര്യവത്കരണ കരാറുകൾക്ക് പിന്നിലെ രാഷ്ട്രീയ–സാമ്പത്തിക ലക്ഷ്യങ്ങൾ എന്നിവയാണ് രവി നായർ അന്വേഷണ റിപ്പോർട്ടിംഗിലൂടെ ഉയർത്തിയത്. എന്നാൽ, ഈ ചോദ്യങ്ങളെ അന്വേഷണ പശ്ചാത്തലത്തിൽ തന്നെ പ്രസിദ്ധീകരിക്കാൻ ചില പ്രമുഖ മാധ്യമസ്ഥാപനങ്ങൾ മടി കാണിച്ചു. അതുകൊണ്ടുതന്നെ ഇന്ത്യയിലെ കോർപ്പറേറ്റുകൾ നയിക്കുന്ന മാധ്യമ ഉടമസ്ഥതാ ഘടനകൾ അന്വേഷണാത്മക മാധ്യമപ്രവർത്തനത്തെ എങ്ങനെ നേരിട്ട് ബാധിക്കുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമായി രവി നായർ കേസിനെ കാണാം. രവി നായരെ പോലുള്ള സ്വതന്ത്ര മാധ്യമപ്രവർത്തകർ അന്വേഷണാത്മക വിമർശനത്തിലേർപ്പെടുമ്പോൾ, അത് കോർപ്പറേറ്റ് ഉടമസ്ഥതാ താൽപര്യങ്ങളുമായി നേരിട്ടുള്ള ഏറ്റുമുട്ടലായി മാറുന്നു. അപകീർത്തി കേസുകൾ, നിയമപീഡനം, നീണ്ടുനിൽക്കുന്ന കോടതി നടപടികൾ എന്നിവ വഴി സ്വതന്ത്ര പത്രപ്രവർത്തനത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ്.
ഡിജിറ്റൽ കാലത്ത്, ഒരു മാധ്യമപ്രവർത്തകന്റെ ഡിജിറ്റൽ ആർക്കൈവുകൾ തന്നെ അദ്ദേഹത്തിനെതിരെ ഉപയോഗിക്കപ്പെടുന്ന തെളിവായി മാറുന്നു.
സോഷ്യൽ മീഡിയ, അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിലെ വെല്ലുവിളികൾ
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ മാധ്യമപ്രവർത്തനത്തിന് പുതിയ ദിശകളും അവസരങ്ങളും തുറന്നതിൽ സംശയമില്ല; പക്ഷേ അവ ഒരു പുതിയ ഭീഷണി പരിസ്ഥിതിയും സൃഷ്ടിച്ചിട്ടുണ്ട്. ഇന്ന് ഒരു സ്വതന്ത്ര അന്വേഷണാത്മക മാധ്യമപ്രവർത്തകന്റെ ഓൺലൈൻ ഫുട്ട് പ്രിന്റ് (Foot print) അവർക്കെതിരെ തന്നെ പ്രയോഗിക്കാനുള്ള നിയമപരമായ ആയുധമായി (Leagal Weapon) ഉപയോഗിക്കപ്പെടുന്ന സ്ഥിതിയുണ്ട്.
രവി നായരുടെ കേസ് ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളിലൊന്നാണ്. അദ്ദേഹത്തിന്റെ എക്സ് പോസ്റ്റുകൾ, അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായിരുന്നുവെന്ന വാദം നിലനിന്നിട്ടും, ക്രിമിനൽ അപകീർത്തി കേസിൽ ‘അന്വേഷണാത്മക വസ്തുതകൾ’ ഒഴിവാക്കി കോടതിയിൽ അവതരിപ്പിക്കപ്പെട്ടു. ഇതിലൂടെ, ഒരു സ്വതന്ത്ര മാധ്യമപ്രവർത്തകൻ ഉന്നയിച്ച യഥാർത്ഥ ചോദ്യങ്ങൾ തന്നെ ‘ക്രിമിനൽ ഉദ്ദേശ്യമായി’ (Criminal Intent) വ്യാഖ്യാനിക്കപ്പെടുന്ന പുതിയ മാധ്യമഭീഷണിയുടെ തുടക്കമാണ് കാണുന്നത്.
ഇന്റർനെറ്റ് ഒരു പുതിയ പൊതുവേദി സൃഷ്ടിച്ചപ്പോൾ, അതിന്റെ വേഗവും വ്യാപ്തിയും ഭരണകൂടങ്ങളെയും കോർപ്പറേറ്റുകളെയും ഒരുപോലെ അസ്വസ്ഥരാക്കിയിട്ടുണ്ട്. അതിനാൽ ഡിജിറ്റൽ കാലത്ത്, ഒരു മാധ്യമപ്രവർത്തകന്റെ ഡിജിറ്റൽ ആർക്കൈവുകൾ തന്നെ അദ്ദേഹത്തിനെതിരെ ഉപയോഗിക്കപ്പെടുന്ന തെളിവായി മാറുന്നു.
അതേസമയം, ഇവിടെ സോഷ്യൽ മീഡിയയുടെ വേഗതയും വ്യാപ്തിയും അന്വേഷണാത്മക മാധ്യമപ്രവർത്തനത്തെ ദ്രുതഗതിയിലുള്ളതും കൂടുതൽ പ്രസക്തവുമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ അന്വേഷണാത്മക മാധ്യമപ്രവർത്തകർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപക ആക്രമണം നേരിടുന്നതായി റോയിട്ടേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ സ്റ്റഡി ഓഫ് ജേണലിസം “Threats to Journalists in India: Journalism in the Age of Intolerance and Rising Nationalism” (2025) എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
രവി നായർ എന്ന അന്വേഷണ ശബ്ദത്തെ നിയമയുദ്ധത്തിലേക്ക് തള്ളുന്ന സാഹചര്യത്തിൽ, സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയർത്തുന്നതുതന്നെ ദേശവിരുദ്ധമോ കുറ്റകരമോ ആയി വ്യാഖ്യാനിക്കാവുന്ന ഒരു വലിയ സാമൂഹിക മനോഭാവത്തിലേക്കുള്ള മാറ്റമായി ഇത് മാറുമോ?

മുഖ്യധാരാ മാധ്യമങ്ങളുടെ മൗനം
രവി നായർക്കെതിരായ ക്രിമിനൽ അപകീർത്തി വിധിയിൽ മുഖ്യധാരാ മാധ്യമങ്ങളുടെ മൗനം പ്രത്യേകം ശ്രദ്ധാർഹമാണ്. മാധ്യമസ്വാതന്ത്ര്യത്തെ നേരിട്ട് ബാധിക്കുന്ന ഒരു കേസ്, അന്താരാഷ്ട്ര മാധ്യമങ്ങളിലും മനുഷ്യാവകാശ സംഘടനകളിലും വലിയ ചർച്ചയായിട്ടും, ഇന്ത്യയിലെ മുഖ്യധാരാ ടെലിവിഷൻ ചാനലുകളിലും പ്രമുഖ ദിനപത്രങ്ങളിലും അതിന് ലഭിച്ച ഇടം തുച്ഛമായിരുന്നു. ഈ മൗനം യാദൃച്ഛികമല്ല; മറിച്ച്, മാധ്യമഘടനാപരമായ പ്രശ്നത്തിന്റെ സൂചനയാണ്.
ഉദാഹരണമായി രാജൻ രഹേജ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഔട്ട് ലുക്ക് മാസികയിൽ, 2021 സെപ്റ്റംബറിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിക്കുന്ന കവർ സ്റ്റോറി തയ്യാറാക്കാൻ ശ്രമിച്ചതിന് പിന്നാലെ എഡിറ്റർ റൂബൻ ബാനർജിക്ക് ജോലി നഷ്ടപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാഷ്ട്രീയ– കോർപറേറ്റ് ബന്ധങ്ങൾ കാരണം ആ വിമർശനാത്മക റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് തടഞ്ഞുവെന്നാണ് ആരോപണം (Al Jazeera Media Institute, 2024). ഈ സംഭവം, മാധ്യമ ഉടമസ്ഥതയും രാഷ്ട്രീയ പക്ഷപാതിത്വവും ചേർന്ന് വാർത്താമാധ്യമങ്ങളുടെ സ്വതന്ത്ര എഡിറ്റോറിയൽ പ്രവർത്തനത്തെ എങ്ങനെ നിയന്ത്രിക്കുകയും തടസപ്പെടുത്തുകയും ചെയ്യുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ്.
ഈ സംഭവത്തിനുശേഷം, എഡിറ്റർ റൂബൻ ബാനർജി എഴുതിയ Editor Missing: The Media in Today’s India എന്ന പുസ്തകത്തിൽ, ഇന്ത്യൻ ന്യൂസ്‌റൂമുകളിൽ പ്രവർത്തിക്കുന്ന അദൃശ്യ സമ്മർദ്ദങ്ങളെയും എഡിറ്റോറിയൽ സ്വാതന്ത്ര്യത്തിനുമേൽ ചെലുത്തുന്ന നിയന്ത്രണങ്ങളെയും വിശദമായി രേഖപ്പെടുത്തുന്നു. വാർത്ത എന്താകണം, എന്ത് ഒഴിവാക്കണം എന്നത് പലപ്പോഴും മാധ്യമപ്രവർത്തകരോ എഡിറ്റർമാരോ തീരുമാനിക്കുന്നതല്ല. മറിച്ച് മാധ്യമ ഉടമസ്ഥതാ താൽപര്യങ്ങളും രാഷ്ട്രീയ അനുകൂലതകളും ചേർന്നുള്ള ഘടനാപരമായ സമ്മർദ്ദങ്ങളാണ് ഈ തീരുമാനങ്ങളെ നിർണ്ണയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
അധികാരത്തെ ചോദ്യം ചെയ്യുന്നതോ, കോർപറേറ്റ് താൽപര്യങ്ങൾക്ക് വിരുദ്ധമായതോ ആയ അഭിപ്രായങ്ങൾ വാർത്താമുറികളിൽ തന്നെ സ്വയം സെൻസർ ചെയ്യപ്പെടുന്ന ഒരു ‘spiral of silence’ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ഇക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്കിലി പ്രസിദ്ധീകരിച്ച “The ‘Spiral of Silence’ in Indian Media” എന്ന പഠനത്തിൽ വ്യക്തമായി പറയുന്നുണ്ട്.
കോർപ്പറേറ്റ് ശക്തിയും രാഷ്ട്രീയാനുഭാവവും ചേർന്നിരിക്കുന്ന സാഹചര്യത്തിൽ, പൊതുനന്മയുടെ പേരിൽ ഉയരുന്ന ചോദ്യങ്ങൾ പോലും നിഷിദ്ധമാക്കപ്പെടുന്ന ഒരു ഘട്ടത്തിലാണ് ഇന്ത്യൻ ജനാധിപത്യം.
രവി നായരുടെ കേസിൽ ഈ പ്രവണത വ്യക്തമായി കാണാം. കോർപ്പറേറ്റ് ശക്തിയെ ചോദ്യം ചെയ്ത ഒരു സ്വതന്ത്ര മാധ്യമപ്രവർത്തകൻ നിയമനടപടി നേരിടുമ്പോൾ പോലും, അതിനെ പ്രധാന വാർത്തയാക്കുന്നത് പല എഡിറ്റോറിയൽ ഡെസ്കുകൾക്കും “അപകടകരമായ ഇടപെടൽ” ആയി തോന്നിയിരിക്കാം. ഇതുവഴി, അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിനെതിരായ നിയമഭീഷണികൾ മാത്രമല്ല, അവയെ റിപ്പോർട്ട് ചെയ്യുന്നതിലും ഒരു ‘മൗനസംസ്കാരം’ രൂപപ്പെടുന്നതായി വിലയിരുത്താം.
രവി നായർ കേസ് ഒറ്റപ്പെട്ട നിയമവിവാദമായി മാത്രം വായിക്കപ്പെടരുത്. അത് ഇന്ത്യയിലെ സമകാലിക മാധ്യമ പരിസരത്തിന്റെ ഘടനാപരമായ പ്രതിസന്ധിയെ തുറന്നുകാട്ടുന്ന അടയാളമാണ്. കോർപ്പറേറ്റ് ശക്തിയും രാഷ്ട്രീയാനുഭാവവും ചേർന്നിരിക്കുന്ന സാഹചര്യത്തിൽ, പൊതുനന്മയുടെ പേരിൽ ഉയരുന്ന ചോദ്യങ്ങൾ പോലും നിഷിദ്ധമാക്കപ്പെടുന്ന ഒരു ഘട്ടത്തിലാണ് ഇന്ത്യൻ ജനാധിപത്യം. വിമർശനവും അപകീർത്തിയും തമ്മിലുള്ള അതിർത്തി മങ്ങിപ്പോകുന്നു. സത്യം തെളിയിക്കേണ്ട ബാധ്യത മാധ്യമപ്രവർത്തകരുടെ മേൽ ചുമത്തപ്പെടുമ്പോൾ, മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമല്ല, മറിച്ച് നിയമത്തിന്റെ ദയാദാക്ഷ്യണ്യത്തിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥയായി മാറുന്നു.
രവി നായരെ പോലുള്ള സ്വതന്ത്ര മാധ്യമപ്രവർത്തകർ നേരിടുന്ന നിയമനടപടികൾ ഒരു വ്യക്തിയെ മാത്രം ലക്ഷ്യമിടുന്നതല്ല; അത് മുഴുവൻ മാധ്യമ സമൂഹത്തോടും “ഇവിടെവരെ മാത്രമേ ചോദിക്കാവൂ” എന്ന മുന്നറിയിപ്പാണ്. ഒരു ജനാധിപത്യത്തിൽ മാധ്യമപ്രവർത്തകരെ ജയിലിലാക്കേണ്ടിവരുന്ന സാഹചര്യം, നിയമത്തിന്റെ ശക്തിയെക്കാൾ ഭരണകൂടത്തിന്റെ അസഹിഷ്ണുതയെയാണ് സൂചിപ്പിക്കുന്നത്.
രവി നായർ കേസിനെ ഒരു ‘അപകീർത്തി വിധി’ (Defamation verdict) ആയി അടച്ചുപൂട്ടാതെ, മാധ്യമ സ്വാതന്ത്ര്യത്തിന്റെ ഭാവിയെ കുറിച്ചുള്ള മുന്നറിയിപ്പായി വായിക്കപ്പെടുമ്പോഴാണ് ഈ ചർച്ചകൾക്ക് യഥാർത്ഥ അർത്ഥമുണ്ടാകുന്നത്.

▮
References:
News Reports and Journalism Platforms:
Reuters (2026, February 11), Indian court sentences journalist to jail in defamation case by Adani Group. Reuters.
https://www.reuters.com/sustainability/boards-policy-regulation/indian-court-sentences-journalist-jail-defamation-case-by-adani-group-2026-02-11/
Scroll. (2026, February 11). Adani defamation case: Journalist Ravi Nair granted bail, sentence suspended for a month. Scroll.in.
https://scroll.in/latest/1090739
The News Minute. (2026, February 11). Journalist Ravi Nair convicted over tweets on Adani: What the case was about.
https://www.thenewsminute.com/news/journalist-ravi-nair-convicted-over-tweets-on-adani-what-the-case-was-about
LiveLaw. (2026, February 10). Gujarat court sentences journalist Ravi Nair in Adani defamation case.
https://www.livelaw.in/news-updates/gujarat-court-sentences-journalist-ravi-nair-in-adani-defamation-case-522645
Newslaundry. (2024, January 19). Seven journalists behind bars in India, five charged under UAPA: CPJ.
https://www.newslaundry.com/2024/01/19/7-journalists-behind-bars-in-india-5-charged-under-uapa-cpj
Newslaundry. (2024, January 5). Like killing a mockingbird: HC quashes defamation proceedings against journalists in 2008 case.
https://www.newslaundry.com/2024/01/05/like-killing-a-mockingbird-hc-quashes-defamation-proceedings-against-journalists-in-2008-case
Down To Earth. (2024). The corporate takeover of India’s media.
https://www.downtoearth.org.in/governance/the-corporate-takeover-of-india-s-media-95981
Caravan Magazine. (2023). The Big Five: The media companies the Modi government must scrutinise to fulfil its promise of ending crony capitalism.
https://caravanmagazine.in/vantage/the-big-five-the-media-companies-that-the-modi-government-must-scrutinise-to-fulfill-its-promise-of-ending-crony-capitalism
Press Freedom Organisations and NGOs:
Committee to Protect Journalists. (2026, February). Indian journalist Ravi Nair sentenced to one year in Adani defamation case.
https://cpj.org/2026/02/indian-journalist-ravi-nair-sentenced-to-1-year-in-adani-defamation-case/
Reporters Without Borders. (2024). Media ownership monitor: Who owns the media in India.
https://rsf.org/en/media-ownership-monitor-who-owns-media-india
Reporters Without Borders. (2024). All charges must be dropped against three Indian journalists released on bail.
https://rsf.org/en/all-charges-must-be-dropped-against-three-indian-journalists-released-bail-says-rsf
International Federation of Journalists. (2024). India: Authorities open defamation cases against three journalists.
https://www.ifj.org/media-centre/news/detail/article/india-authorities-open-defamation-cases-against-three-journalists
Academic Journals, Think Tanks and Research Reports:
Ní Mháinin, E. (2020). Fighting the laws that are silencing journalists: Vexatious legal threats. European Centre for Press and Media Freedom.
Kerševan Poler, D., & Poler, M. (2023). Silencing journalists in matters of public interest. Journalism Practice, 17(6), 1124–1142.
La Rue, F., & Reidy, A. (2013). Defamation is being used to intimidate the press and jail journalists. UN Special Rapporteur Report.
Reuters Institute for the Study of Journalism. (2024). Threats to journalists in India: Journalism in the age of intolerance and rising nationalism.
https://www.reutersinstitute.politics.ox.ac.uk/our-research/threats-journalists-india-journalism-age-intolerance-and-rising-nationalism
Economic and Political Weekly. (2022). The “spiral of silence” in Indian media. EPW, 57(43).
https://www.epw.in/journal/2022/43/postscript/%E2%80%98spiral-silence%E2%80%99-indian-media.html
Digital Media, Hate and Mainstream Media Critiques:
CSO Hate Watch. (2024). Mainstream media and hate narratives in India.
https://www.csohate.org/2024/11/30/mainstream-media-hate-in-india/
Scroll. (2023). Why the rise of ‘Godi media’ is a disaster for Indian democracy and economic growth.
https://scroll.in/article/1077310
Al Jazeera Journalism Review. (2023). Journalism under pressure in India.
https://institute.aljazeera.net/en/ajr/article/2910
Al Jazeera Journalism Review. (2024). Digital intimidation and the silencing of journalists.
https://institute.aljazeera.net/en/ajr/article/3120
NPR. (2023, January 3). Rana Ayyub on online harassment and threats faced by Indian journalists.
https://www.npr.org/2023/01/03/1146590204/rana-ayyub-india-online-harassment-threats
