ഫിനാൻഷ്യൽ ടൈംസിൽ 2025 ജനുവരിയിൽ വന്ന “The Podcast Bros Who Helped Put Trump Back in the White House” എന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് ഞാൻ വായിച്ചത്. പോഡ്കാസ്റ്റിംങ് എന്ന വിശാലമായ സാംസ്ക്കാരിക സാങ്കേതിക പ്രവണതയെക്കുറിച്ചും അതിന്റെ ശക്തിയെ കുറിച്ചും വീണ്ടും ഈ റിപ്പോർട്ട് ചിന്തിപ്പിച്ചു. ഒരു കാലത്ത് റേഡിയോ വഴി ലോകത്തെ കേട്ട നമ്മൾ, പിന്നീട് ടിവിയും സോഷ്യൽ മീഡിയയും വന്നുവെങ്കിലും, ഇന്നത് വീണ്ടും കേൾവിയുടെ - പോഡ്കാസ്റ്റിങ് മാധ്യമത്തിലൂടെ തന്നെ ആകർഷണം പിടിച്ചെടുക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, ഭാഷകളിലും പ്രാധാന്യത്തിലും വ്യത്യാസമുണ്ടെങ്കിലും, പോഡ്കാസ്റ്റിങ് ഒരു യൂണിവേഴ്സൽ സാംസ്കാരിക പ്രതിഭാസമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ പ്രവണതയ്ക്ക് പിന്നിലെ തിയറി എന്താണ്? ഒരു മാധ്യമ പരിവർത്തനത്തിന്റെ ആവർത്തനമാണോ അതോ വെറും ഒരു ട്രെൻഡ് മാത്രമാണോ? അതോ ആഴത്തിലുള്ള സമൂഹമനശ്ശാസ്ത്രപരമായ മാറ്റങ്ങളോ? അതോ മനുഷ്യന്റെ സർഗാത്മകതയിലേക്കും സത്യാന്വേഷണത്തിലേക്കും ആഹ്വാനം ചെയ്യുന്ന ഒരു കാലഘട്ടത്തിന്റെ ശബ്ദരൂപമാണോ പോഡ്കാസ്റ്റ്?
ഡോണൾഡ് ട്രംപ് രണ്ടാം തവണ വിജയിച്ച് അമേരിക്കൻ പ്രസിഡൻറായ സാഹചര്യത്തിൽ, അദ്ദേഹത്തിനൊപ്പം വേദിയിൽ എത്തിയ യുഎഫ്സി ചീഫ് എക്സിക്യൂട്ടീവ് ഡാന വൈറ്റ് ആവേശഭരിതരായ ജനക്കൂട്ടത്തോട് പറഞ്ഞു; “I want to thank the Nelk Boys, Adin Ross, Theo Von, Bussin’ with the Boys and, last but not least, the mighty and powerful Joe Rogan!” ട്രംപിനെ അധികാരത്തിൽ തിരിച്ചെത്തിച്ചതിൽ പ്രശസ്ത പോഡ്കാസ്റ്റർമാരായ ജോ റോഗനും, തിയോഡോർ കാപിറ്റാനി വോണിനേയും വാനോളം പുകഴ്ത്തുന്നതാണ് മേൽപ്പറഞ്ഞ മാസ് ഡയലോഗ്. കൂട്ടത്തിൽ കനേഡിയൻ-അമേരിക്കൻ യൂട്യൂബ് ചാനലും വിനോദ കമ്പനിയുമായ നെൽക്ക് ബോയ്സിനും അമേരിക്കൻ ഇന്റർനെറ്റ് വ്യക്തിത്വവും ഓൺലൈൻ സ്ട്രീമറുമായ അഡിൻ ഡേവിഡ് റോസിന്റെ പേരും പരാമർശിക്കന്നുണ്ട്. എന്നാൽ പോഡ്കാസ്റ്റർമാരുടെ പവർ ഒന്നു വേറെ തന്നെയാണെന്ന് ചടങ്ങിൽ അവർക്ക് ലഭിച്ച സ്വീകാര്യതയിൽ നിന്ന് വ്യക്തം. പോഡ്കാസ്റ്റുകൾ ആധുനിക രാഷ്ട്രീയത്തിൽ പോലും നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് മുകളിൽ സൂചിപ്പിച്ച ലേഖനം വെളിപ്പെടുത്തുന്നു. അധികാരം, ആശയം, ആവിഷ്കാരം എന്നീ ക്രിയാത്മക ഇടങ്ങളിൽ ഓരോ ‘ശബ്ദത്തിനും’ അർത്ഥം ഉണ്ടാക്കാനുള്ള അവസരം പോഡ്കാസ്റ്റിങ് എന്ന മാധ്യമം മുന്നോട്ട് വെയ്ക്കുന്നുണ്ടെന്ന് പറയാം.

പുതിയ ഓക്സ്ഫോർഡ് അമേരിക്കൻ നിഘണ്ടു പറയുന്നതുപോലെ, പോഡ്കാസ്റ്റ് എന്നത് “സംസാരം, സംഗീതം, സംപ്രേഷണ ഉള്ളടക്കം തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള ഒരു ഡിജിറ്റൽ ഓഡിയോ ഫയൽ ഇന്റർനെറ്റിൽ ലഭ്യമാകുകയും; അതിന്റെ പുത്തൻ എപ്പിസോഡുകൾ സബ്സ്ക്രൈബർമാർക്ക് ലഭ്യമാകുകയും ചെയ്യുന്നതാണ്.” 2004-ൽ ഗാർഡിയൻ ലേഖകൻ ബെൻ ഹാമേഴ്സ്ലി (Ben Hammersley) “Podcast” എന്ന പദം ആദ്യമായി ഉപയോഗിച്ചപ്പോഴും ആരും ഇതിന്റെ സ്വാധീനം ഇത്ര ദൂരം പോകുമെന്ന് കൽപ്പിച്ച് കാണാനിടയില്ല. ആദം കറിയുടെ (Adam Curry) ‘The Daily Source Code’ പോലുള്ള ആദ്യത്തേതെന്ന് പറയാവുന്ന പോഡ്കാസ്റ്റുകൾ ഈ മാധ്യമത്തെ ജനകീയമാക്കി.
2025-ൽ എത്തിക്കഴിഞ്ഞപ്പോൾ, പോഡ്കാസ്റ്റിംങ് ലോകത്താകമാനമായി വ്യാപിച്ച സാംസ്‌കാരിക പ്രവണതയായി മാറിയിരിക്കുന്നുവെന്ന് കാണുന്ന ചില ലേഖനങ്ങൾ വായിച്ചു. ആഗോളതലത്തിൽ 540 മില്യൺ പേർ പോഡ്കാസ്റ്റുകൾ കേൾക്കുന്നുണ്ടെന്നും, ഇന്ത്യൻ പോഡ്കാസ്റ്റ് വിപണി മാത്രം 2026-ഓടെ 17.8 ബില്യൺ രൂപയുടെ മൂല്യത്തിൽ എത്തുമെന്നുമുള്ള പ്രവചനം ഈ മീഡിയ രൂപത്തിന്റെ ഭാവിയെ വ്യക്തമാക്കുന്നു.

പോഡ്കാസ്റ്റിനെ ഒരു പുതിയ ശബ്ദസൗന്ദര്യരൂപമായി ലിനാരെസ്, ഫോക്സ്, ബെറി (Llinares, Fox, & Berry, 2018) എന്നിവർ തങ്ങളുടെ പഠനത്തിൽ വിശേഷിപ്പിക്കുന്നു – ഇവിടെ ഭാഷ, ഉള്ളടക്കം, ദൈർഘ്യം, ഘടന എന്നിവയെ കുറിച്ചുള്ള പാരമ്പര്യ നിയമങ്ങൾ മുഴുവൻ പൊളിച്ച് മാറ്റപ്പെടുന്നു. പോഡ്കാസ്റ്റുകളെ കുറിച്ച് എഡ്മൻഡ്, 2015-ൽ നടത്തിയ പഠനത്തിൽ ഈ മാധ്യമത്തെ സ്ഥിരതയില്ലാത്തതും അനുഭവപരമായതുമായ ഒന്നാണെന്നും – ഒറ്റയടിക്ക് തീർന്നുപോകുന്ന കഥകളല്ല, തുടർച്ചകളായാണ് ഇതിന്റെ സ്വഭാവെന്നും (Dispersed and hybrid, serial and experiential) വ്യാഖ്യാനിക്കുന്നു. ഇതിൽ നിന്നും ‘പോഡ്കാസ്റ്റിങ് എന്നുള്ള മാധ്യമം’ ഒരേ സമയം വ്യക്തിഗതവും, സ്വതന്ത്രവുമായ അനുഭവം നൽകുമ്പോഴും നമ്മുടെ പാരമ്പര്യ മാധ്യമങ്ങളുടെ സ്വഭാവത്തിലുള്ള ‘ദ്വന്ദ്വഭാവത്തെ’ (Dicotomies) വെല്ലുവിളിക്കുന്നുമുണ്ട്. പോഡ്കാസ്റ്റുകൾ ബഹുജന മാധ്യമങ്ങളുടേയും (Mass media) വ്യക്തിഗത ആശയവിനിമയത്തിന്റേയും (Interpersonal Communication) ഇടയിൽ നിലകൊള്ളുന്ന ഒരു അപൂർവമയൊരു ഡിജിറ്റൽ മാധ്യമ രൂപമായി മാറുകയാണോ? O’Sullivan & Carr (2018) എന്നിവർ തങ്ങളുടെ പഠനത്തിൽ ഈ വാദത്തെ സാധൂകരിയ്ക്കുന്നുണ്ട്. ഈ പ്രത്യേകതകളിലൂടെ പോഡ്കാസ്റ്റിങ് എന്ന മാധ്യമം ഒരു സാംസ്കാരിക പ്രതിഭാസമായി മാറിക്കൂടേ എന്ന് തീർത്തും സംശയിക്കാം.
അതേ സമയം പോഡ്കാസ്റ്റുകൾ “മാസ്” മീഡിയയെന്ന നിലയിൽ ഉയരുന്നില്ലെന്ന് ചിലർ കരുതുന്നുണ്ട്. എന്നാൽ അതിൽക്കൂടി കേൾക്കുന്നവരുമായി ഒരു ശബ്ദബന്ധം സ്ഥാപിക്കുന്നതിൽ, ഇവ ‘Masspersonal’ എന്ന തലത്തിൽ അതിന്റെ ശക്തി കാണിക്കുന്നു. എന്നാൽ കേൾക്കാൻ എന്ത് തിരഞ്ഞെടുക്കണം, എപ്പോൾ കേൾക്കണം, എത്രവട്ടം ആവർത്തിച്ച് കേൾക്കണം എന്നതിൽ സ്വതന്ത്രത നൽകുന്ന ഈ മാധ്യമം, ഉപഭോക്താവിന്റെ കയ്യിൽ നിയന്ത്രണം നൽകുന്നുവെന്ന് മാഡ്സെൻ 2009; മക്ക്ലംഗ്, ജോൺസൺ, 2010 (Madsen 2009; McClung & Johnson 2010) എന്നിവരുടെ പഠനത്തിൽ പറയുന്നു. അതിനാൽ പ്രായോഗികമായി പോഡ്കാസ്റ്റിലൂടെ ‘ഓഡിയോ മാധ്യമത്തിന്റെ ഒരു ജനാധിപത്യവൽക്കരണം’ ഡിജിറ്റൽ ഇടത്തിൽ നടക്കുന്നതായി എനിയ്ക്ക് തോന്നുന്നു. മാത്രവുമല്ല അത് പാരമ്പര്യ റേഡിയോ മാധ്യമത്തിന്റെ അധികാര ഘടനകളേയും, പ്രത്യശാസ്ത്ര നിലപാടുകളേയും, മറ്റ് സ്ഥാപിത താൽപര്യങ്ങളേയും ചോദ്യം ചെയ്യുന്നുമുണ്ട്.
ഈ പശ്ചാത്തലത്തിലൊക്കെയായിരിക്കണം പോഡ്കാസ്റ്റിങിനെ സംബന്ധിച്ച ആദ്യത്തെ അക്കാദമിക് സമാഹാരത്തിൽ ലിനാരെസ്, ഫോക്സ്, ബെറി (Llinares, Fox & Berry, 2018) എന്നിവർ പോഡ്കാസ്റ്റ് പഠനം (Podcast Studies) ഒരു സ്വതന്ത്ര മീഡിയാ പഠന ശാഖയായിത്തന്നെ വളരുന്നുവെന്ന് നിരീക്ഷിക്കുന്നുണ്ട്. പോഡ്കാസ്റ്റ് എന്ന മാധ്യമ ശാഖ ‘Journalism, performance art, comedy, drama, documentary, criticism and education’ എന്നീ മേഖലകളെല്ലാം ഉൾച്ചേരുന്നതാണെന്ന് മോറിസും പാറ്റേഴ്സണും (Morris & Patterson, 2015) നടത്തിയ പഠനവും സൂചിപ്പിയ്ക്കുന്നു.

പോഡ്കാസ്റ്റ് എന്നത് വെറും ഒരു സാങ്കേതികവിദ്യയല്ല, അതൊരു സംസ്കാരമായി മാറുന്നത് കാണാം - ഡിജിറ്റൽ ഇടത്തിലെ പുതിയ കേൾവിയുടെ ഒരു സംസ്കാരം. പോഡ്കാസ്റ്റ് ഇന്നത്തെ സാംസ്കാരിക പശ്ചാത്തലത്തിൽ ഒരേ സമയം അരികുവൽക്കരിക്കപ്പെട്ട ശബ്ദങ്ങൾക്കും, മുഖ്യധാരാ വേദികളിൽ നിന്നും പുറത്താക്കിയവർക്കും, സ്വന്തം കഥകൾ പറയാനുള്ള സൗകര്യപ്രദമായ വേദിയായി മാറിയിരിക്കുന്നു. അതിനാൽ ആധുനിക ലോകത്തിന്റെ തിരക്കിൽ, ദ്യശ്യഭാഷയുടെ ആധിക്യത്തിൽ - അതിൽ നിന്നെല്ലാം വിട്ടുനിന്ന് സമൂഹത്തോടും വ്യക്തിയോടുമുള്ള ആന്തരിക സംഭാഷണമാകാൻ കഴിയുമോ പോഡ്കാസ്റ്റിന്? പ്രാതിനിധ്യം, ആവിഷ്കാരം, ആത്മബന്ധിത സംഭാഷണം, രാഷ്ട്രീയ പ്രതിരോധം തുടങ്ങിയവയെ സംയുക്തമായി ഉൾക്കൊള്ളുന്ന ഒരു സാംസ്കാരിക വിനിമയമായി തന്നെ പോഡ്കാസ്റ്റെന്ന മാധ്യമം മാറി കഴിഞ്ഞിട്ടുണ്ട്. ഭാവിയിലെ പോഡ്കാസ്റ്റുകൾ എഐ ആധാരിതമായ ക്യൂറേഷനിലൂടെ വളരെയധികം ഇന്ററാക്ടീവ് ആകാമെങ്കിലും, അതിന്റെ ഉള്ളിലെ അന്തസ്സായ ‘ആഴത്തിൽ സംസാരിക്കാനുള്ള ആഗ്രഹമാണ്’ പോഡ്കാസ്റ്റിനെ സാംസ്കാരികമായി ശക്തിപ്പെടുത്തുന്ന മൂല്യം.
References:
Berry, R. (2006). Will the iPod kill the radio star? Profiling podcasting as radio. Convergence, 12(2), 143–162. https://doi.org/10.1177/1354856506066522
Berry, R. (2018). Podcasting: Considering the evolution of the medium and its association with the word ‘radio’. The Radio Journal: International Studies in Broadcast & Audio Media, 16(1), 7–22. https://doi.org/10.1386/rjao.16.1.7_1
Edmond, M. (2015). All platforms considered: Contemporary radio and transmedia engagement. New Media & Society, 17(9), 1566–1582. https://doi.org/10.1177/1461444814530245
Llinares, D., Fox, N., & Berry, R. (Eds.). (2018). Podcasting: New aural cultures and digital media. Palgrave Macmillan. https://doi.org/10.1007/978-3-319-90056-8
Markman, K. M., & Sawyer, C. E. (2014). Why pod? Further explorations of the motivations for independent podcasting. Journal of Radio & Audio Media, 21(1), 20–35. https://doi.org/10.1080/19376529.2014.891211
Morris, J. W., & Patterson, E. (2015). Podcasting and its apps: Software, sound, and the interfaces of digital audio. Journal of Radio & Audio Media, 22(2), 220–230. https://doi.org/10.1080/19376529.2015.1083374
Madsen, V. M. (2009). Voices-cast: A report on the new audiosphere. Transformations, 17. https://www.transformationsjournal.org/
McClung, S., & Johnson, K. (2010). Examining the motives of podcast users. Journal of Radio & Audio Media, 17(1), 82–95. https://doi.org/10.1080/19376521003719391
Murray, S. (2009). Servicing ‘self-schedulers’: How podcasting represents the (re)construction of radio. Journal of Radio & Audio Media, 16(1), 25–34. https://doi.org/10.1080/19376520902828485
O’Sullivan, P. B., & Carr, C. T. (2018). Masspersonal communication: A model bridging the mass-interpersonal divide. In C. T. Salmon (Ed.), Communication yearbook 34 (pp. 319–354). Routledge.
Spinelli, M., & Dann, L. (2019). Podcasting: The audio media revolution. Bloomsbury Publishing.
