പ്രമോദ്​ രാമൻ / ഫോട്ടോ : നിതീഷ് എം.എൻ.

വിഷ്വൽ വിമാനം കയറിവന്ന കാലം

കേരളത്തിലെ തൽസമയ ദൃശ്യമാധ്യമ വാർത്താസംപ്രേഷണം ആദ്യത്തെ ഒരു പതിറ്റാണ്ട് അനലോഗിന്റേതും പിന്നീടുള്ള ഒന്നരപ്പതിറ്റാണ്ട് ഡിജിറ്റലിന്റേതും എന്ന് ചുരുക്കി പറഞ്ഞുവയ്ക്കാമെന്നു തോന്നുന്നു- ഇന്ത്യയിൽ ഒരു സാറ്റലൈറ്റ്​ ചാനലിനായി ആദ്യമായി തത്സമയം വാർത്ത വായിച്ച മാധ്യമപ്രവർത്തകനായ ലേഖകൻ, ദൃശ്യമാധ്യമ രംഗത്ത്​ രണ്ടര പതിറ്റാണ്ടിനിടെയുണ്ടായ മാറ്റങ്ങൾ വിലയിരുത്തുന്നു.

1995ഏഷ്യാനെറ്റിന്റെ ആദ്യ വാർത്താബുള്ളറ്റിൻ ഫിലിപ്പീൻസിലെ സുബിക് ബേയിൽ നിന്ന് സംപ്രേഷണം ചെയ്യുന്ന സന്ദർഭത്തിൽ സാങ്കേതികവിദ്യ എന്നൊരു കാര്യം തന്നെ ഞങ്ങളുടെ ആരുടെയും ഉൽക്കണ്ഠ ആയിരുന്നില്ല. ലാൻഡ് ഫോൺ, ഫാക്‌സ്, മോഡം ഇതിനപ്പുറമുള്ള സാങ്കേതികവിദ്യ അന്ന് മാധ്യമപ്രവർത്തകർക്ക് പൊതുവേ അറിഞ്ഞുകൂടായിരുന്നു. ദൃശ്യമാധ്യമപ്രവർത്തനം ആയതുകൊണ്ട് ക്യാമറ, മൈക്ക്, അതുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ, എഡിറ്റ് സ്യൂറ്റ് ഇത്രയും കൂടി പരിചിതമാണ്. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കേണ്ട ആവശ്യം തന്നെ ഉണ്ടായിരുന്നില്ല. ഇന്റർനെറ്റ് വന്നുകഴിഞ്ഞിരുന്നു. പക്ഷേ വാർത്തയും ഇന്റർനെറ്റും തമ്മിൽ യാതൊരു ബന്ധവും അന്നുണ്ടായിരുന്നില്ല. എന്തിന് കംപ്യൂട്ടർ എന്നാൽ കോപ്പി അടിച്ചെടുക്കാനുള്ള ഉപകരണം മാത്രമായിരുന്നു. അതും മിക്ക മാധ്യമപ്രവർത്തകരും സ്വയം ചെയ്യുന്നതായിരുന്നില്ല. പ്രത്യേകം നിയോഗിച്ച ഡി.ടി.പി ടീം വേറെ ഉണ്ടായിരുന്നു. അതിൽ പ്രൂഫ് നോക്കലായിരുന്നു ഡെസ്‌ക് ചീഫിന്റെ ഒരു പ്രധാന പണി. സാങ്കേതികവിദ്യയുടെ കാര്യത്തിൽ സാധ്യതകളേക്കാളേറെ തലവേദനകൾ ആയിരുന്നു ടീമിനു മുന്നിൽ.

ഇന്നെല്ലാം സെർവർ ബേസ്ഡ് ആണ്. നെറ്റ് വർക്ക് ബേസ്ഡ് ആണ്. ഈ തുറകളിലെ സേവനദാതാക്കൾ തമ്മിലുള്ള മൽസരം ന്യൂസ് പ്രൊഡക്ഷൻ രംഗത്തും നൂതനമായ മാർഗങ്ങൾ തെളിച്ചുകൊണ്ടിരിക്കുന്നു.

സ്വകാര്യ ചാനലിന്റെ തൽസമയ വാർത്താസംപ്രേഷണം ഇന്ത്യയിൽ നിന്ന് നടത്താൻ കഴിയാത്തതായിരുന്നു ശശികുമാർ നേതൃത്വം നൽകിയ ആദ്യവാർത്താസംഘത്തിന്റെ ആദ്യത്തെ വെല്ലുവിളി. അന്നത്തെ കേന്ദ്രനയം അനുസരിച്ച് ഇന്ത്യൻ മണ്ണിൽ നിന്ന് ദൂരദർശനുമാത്രമേ ഭൂതല- ഉപഗ്രഹ സംപ്രേഷണം സാധ്യമായിരുന്നുള്ളൂ. സ്വകാര്യ സംരംഭകർക്ക് ഇന്ത്യയിൽ നിന്ന് സംപ്രേഷണം നടത്താൻ അനുമതി ഇല്ലായിരുന്നു. അതിനാൽ ഏഷ്യാനെറ്റിന്റെ വാർത്താ സംപ്രേഷണം ഫിലിപ്പീൻസിലെ സുബിക് ബേ എന്ന സ്ഥലത്തുള്ള സ്റ്റുഡിയോയിൽ നിന്നായിരുന്നു. അവിടേക്ക് വാർത്തകളും ദൃശ്യങ്ങളും എത്തിക്കുക എന്നതായിരുന്നു മുഖ്യവെല്ലുവിളി. കേരളത്തിൽ നിന്നുകൊണ്ട് വാർത്ത സംപ്രേഷണം ചെയ്യാമായിരുന്നു. പക്ഷേ തൽസമയം പറ്റില്ല. തൽസമയമല്ലാത്ത ടെലിവിഷൻ വാർത്ത എന്തിനുകൊള്ളാം എന്നായിരുന്നു ഏഷ്യാനെറ്റ് സ്ഥാപകൻ ശശികുമാറിന്റെ ചോദ്യം. അങ്ങനെ വാർത്താ അവതാരകരായ രണ്ടുപേരും ഒരു സാങ്കേതിക പ്രവർത്തകനും ഉൾപ്പെടെ മൂന്നുപേരെ (ഒപ്പം ചീഫ് ന്യൂസ് എഡിറ്റർ നീലൻ കുറേനാൾ ടീമിനൊപ്പം തുടർന്നു) ഫിലിപ്പീൻസിലേക്കും തുടർന്ന് സിംഗപ്പൂരിലേക്കും നിയോഗിച്ചാണ് വാർത്താസംപ്രേഷണം ആരംഭിച്ചത്.

വാർത്തകൾ ഫാക്‌സ് വഴിയാണ് തിരുവനന്തപുരത്തുനിന്ന് ഫിലിപ്പീൻസിലെ സ്റ്റുഡിയോയിലേക്ക് അയച്ചുകിട്ടിയത്. ദൃശ്യങ്ങൾ എസ്.വി.എച്ച്.എസ് ടേപ്പിൽ വിമാനംവഴി അയച്ചുതരികയായിരുന്നു. കേരളത്തിൽ നിന്ന് സിംഗപ്പൂർ വഴി എയർ കൊറിയർ മനിലയിലേക്കും അവിടെ നിന്ന് സുബിക് ബേയിലേക്കും എത്താൻ മുന്നോ നാലോ ദിവസമെടുക്കും. അതായത്, അന്നന്ന് നടക്കുന്ന കാര്യങ്ങളുടെ ദൃശ്യങ്ങൾ ഒരുകാരണവശാലും വാർത്തയിൽ ഉൾപ്പെടുത്താൻ സാധിക്കുമായിരുന്നില്ല. നേരത്തേ ഷൂട്ട് ചെയ്ത് തയ്യാറാക്കുന്ന റിപ്പോർട്ടുകളാണ് ടേപ്പുകളിലാക്കി സുബിക്കിലേക്ക് അയക്കുക. എത്രദിവസം കഴിഞ്ഞ് സംപ്രേഷണം ചെയ്താലും വാർത്താപ്രാധാന്യം പോയിട്ടില്ലാത്ത സോഫ്റ്റ് സ്റ്റോറികൾ.

കേരളത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ആദ്യമായി അതേദിവസം ലഭ്യമായപ്പോൾ സിംഗപ്പൂരിലെ വാർത്താസംഘത്തിനും തിരുവനന്തപുരത്തെ ന്യൂസ് ഡെസ്‌കിനും ഉണ്ടായ ആവേശവും സന്തോഷവും വലുതായിരുന്നു.

ഇതേ സമയത്തുതന്നെ ലോകത്തിന്റെ മറ്റുഭാഗങ്ങളിൽ അന്നന്ന് നടക്കുന്ന കാര്യങ്ങളുടെ ദൃശ്യങ്ങൾ നൽകാൻ കഴിഞ്ഞിരുന്നു എന്നതാണ് കൗതുകകരമായ വൈരുദ്ധ്യം. തിരുവനന്തപുരത്തോ കോഴിക്കോട്ടോ നടക്കുന്ന കാര്യങ്ങളുടെ ദൃശ്യങ്ങളില്ലാത്ത മലയാളം വാർത്തയിൽ കെയ്‌റോയിലും സാവോ പോളോയിലും ഫിലാഡെൽഫിയയിലും നടക്കുന്ന കാര്യങ്ങളുടെ ദൃശ്യങ്ങൾ ധാരാളമായി ഇടം കണ്ടു. റോയിട്ടേഴ്‌സ് വാർത്താ ഏജൻസി നൽകുന്ന ആ ദൃശ്യങ്ങൾ ഞങ്ങൾക്ക് നേരിട്ട് റെക്കോഡ് ചെയ്യാൻ സാധിച്ചിരുന്നു. വാർത്തയിലെ ദൃശ്യാഭാവം ഒരു പരിധിവരെ മറികടന്നത് അങ്ങനെയാണ്.
വായിക്കേണ്ട കോപ്പികളുടെ കാര്യത്തിലാണെങ്കിൽ ഫാക്‌സ് വഴി കിട്ടുന്ന കയ്യെഴുത്ത് കോപ്പികളും ഞങ്ങൾ എഴുതിയെടുക്കുന്ന കോപ്പികളുമായിരുന്നു ആശ്രയം. അവ ഒരു ഹാർഡ്‌പേപ്പറിനു പുറത്ത് സ്റ്റാപ്ലർ ചെയ്താണ് ആങ്കറുടെ മേശപ്പുറത്ത് വയ്ക്കുന്നത്. അത് നോക്കി വായിക്കുകയാണ് അന്നു ചെയ്തത്.

ഇതേ സാഹചര്യം സിംഗപ്പൂരിലേക്ക് മാറിയപ്പോഴും ഏതാണ്ടൊക്കെ തുടർന്നു. പക്ഷേ കേരളത്തിൽ നിന്ന് ദൃശ്യങ്ങൾ എത്തിക്കാൻ പുതിയ മാർഗങ്ങൾ നിലവിൽ വന്നു. ചെന്നൈയിലേക്ക് വിമാനത്തിൽ അയച്ച് അവിടെ നിന്ന് വി.എസ്.എൻ.എലിന്റെ ട്രാൻസ്‌പോണ്ടർ നിശ്ചിതസമയത്തേക്ക് വാടകക്കെടുത്ത് ദൃശ്യങ്ങൾ സിംഗപ്പൂർ എസ്.ടി.ടെലിപോർട്ടിലേക്ക് (സംപ്രേഷണകേന്ദ്രം) അയച്ചു. കേരളത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ആദ്യമായി അതേദിവസം ലഭ്യമായപ്പോൾ സിംഗപ്പൂരിലെ വാർത്താസംഘത്തിനും തിരുവനന്തപുരത്തെ ന്യൂസ് ഡെസ്‌കിനും ഉണ്ടായ ആവേശവും സന്തോഷവും വലുതായിരുന്നു. അങ്ങനെ ഏതാണ്ട് ഉച്ചവരെയുള്ള ദൃശ്യങ്ങളൊക്കെ നൽകാൻ കഴിയുമെന്നായി. ഇതായിരുന്നു ഞങ്ങൾ കണ്ട ആദ്യത്തെ സാങ്കേതിക പുരോഗതി. ഏറെ താമസിയാതെ തിരുവനന്തപുരത്തുനിന്ന് വിമാനത്തിൽ അയക്കുന്നതിന് പകരം രണ്ടോ മൂന്നോ തവണയായി ചെന്നൈയിലേക്ക് ഉപഗ്രഹസമയം വാടകയ്‌ക്കെടുത്ത് അയക്കാൻ സംവിധാനമായി. അതേ ഷെഡ്യൂളിൽ അവ സിംഗപ്പൂരിലുമെത്തി. ഇതോടെയാണ് ഏഷ്യാനെറ്റ് വാർത്ത മലയാളിയുടെ വാർത്തയായത്.

സാങ്കേതികതയെ വാർത്താമൂല്യത്തോട് ഇണക്കിക്കൊണ്ടു പോകുന്നയാളാണ് നല്ല പ്രൊഡ്യൂസർ. എന്നാൽ ഇതിന് അല്പം പോലും സാധ്യത തരാത്ത വിധമായിരുന്നു ഞങ്ങളുടെ പ്രൊഡക്ഷൻ സംവിധാനം.

എന്നാൽ അപ്പോഴും വാർത്താ നിർമാണത്തിന്റെ (പ്രൊഡക്ഷൻ എന്ന ഇംഗ്ലീഷ് വാക്കാണ് പൊതുവേ ഈ ജോലിയെ വിവരിക്കാൻ ഉപയോഗിക്കാറുള്ളത്)
വിവിധ ഘട്ടങ്ങൾ ഞങ്ങൾ കൈകാര്യം ചെയ്തിരുന്നത് തീർത്തും അപാകമായ മാർഗങ്ങളിലൂടെയാണ്. ബ്യൂറോകൾ വഴിയോ ഏജൻസികൾ വഴിയോ കിട്ടുന്ന വാർത്തകളും ദൃശ്യങ്ങളും എഡിറ്റ് ചെയ്ത് റൺഡൗൺ എന്ന ചട്ടക്കൂടിലാക്കി സംപ്രേഷണത്തിനു പാകമാക്കുകയും അത് പി.സി.ആർ (പ്രൊഡക്ഷൻ കൺ​ട്രോൾ റൂം) വഴി തൽസമയ അവതരണത്തിലൂടെ പ്രേക്ഷകരിലെത്തിക്കുകയും ചെയ്യുന്ന പ്രക്രിയ ആണിത്. സാങ്കേതികമായി ഏറെ നിർണായകമായ കാര്യങ്ങൾ ഉൾപ്പെടുന്ന ഈ പ്രക്രിയയിൽ മാധ്യമപ്രവർത്തകൻ സ്വന്തം വാർത്താമനോധർമം കൂടി പ്രയോഗിക്കുന്നുവെന്നാണ് സങ്കൽപം. അതായത്, സാങ്കേതികതയുടെ ആധിക്യം വാർത്താപ്രാധാന്യത്തെ ബാധിക്കാത്ത വിധം വേണം പ്രൊഡക്ഷൻ ജോലി. ഒരു വാർത്ത അതിന് നിശ്ചയിക്കപ്പെട്ട പ്രാധാന്യത്തോടെ പോകാതിരിക്കുന്നതിന് സാങ്കേതിക ന്യായങ്ങൾ പറയുന്നതിൽ കാര്യമില്ല.

സാങ്കേതികതയെ വാർത്താമൂല്യത്തോട് ഇണക്കിക്കൊണ്ടു പോകുന്നയാളാണ് നല്ല പ്രൊഡ്യൂസർ. എന്നാൽ ഇതിന് അല്പം പോലും സാധ്യത തരാത്ത വിധമായിരുന്നു ഞങ്ങളുടെ പ്രൊഡക്ഷൻ സംവിധാനം. കാലേക്കൂട്ടി നിശ്ചയിക്കുന്ന ഒരു റൺഡൗൺ വച്ച് ദൃശ്യങ്ങൾ ഒരു മാസ്റ്റർ ടേപ്പിൽ എഡിറ്റ് ചെയ്തുവയ്ക്കുകയാണ് ചെയ്യുക. ആ ടേപ്പ് ഒരു പ്ലേയറിൽ ഇട്ടുവേണം ദൃശ്യങ്ങൾ കാണിക്കാൻ. അതിനാൽ ഏത് പുതിയ വാർത്ത വന്നാലും നേരത്തേ നിശ്ചയിച്ച ഓർഡറനുസരിച്ച് മാത്രമേ നൽകാനാവൂ. ഇതുണ്ടാക്കിയ അസ്വസ്ഥത വല്ലാത്തതായിരുന്നു. പിന്നെപ്പിന്നെ, ഞങ്ങളുടെ സാങ്കേതിക സുഹൃത്തുക്കളുടെ പിന്തുണയോടെ പരീക്ഷണം നടത്തുകയായിരുന്നു ഏകമാർഗം. പുതിയ വാർത്ത വന്നാൽ അത് അവസാനം എഡിറ്റ് ചെയ്തുവയ്ക്കും. പക്ഷേ റൺഡൗണിൽ വാർത്ത ആദ്യം വയ്ക്കും. ഫാസ്റ്റ് ഫോർവേഡ് ചെയ്ത് ക്യൂചെയ്യലും റീവൈൻഡ് ചെയ്യലും. ഇതാണ് പരിപാടി. കുറച്ച് റിസ്‌കുണ്ട്. എന്നാലും അതല്ലാതെ വേറെ വഴിയില്ലായിരുന്നു.

ഔട്ട്​ഡോർ ബ്രോഡ്കാസ്റ്റ് വാൻ എന്ന ഒ. ബി വാൻ വാടകക്കെടുത്ത് വാർത്ത സംഭവിക്കുന്ന സ്ഥലങ്ങളിൽ നിന്നുള്ള തൽസയ റിപ്പോർട്ടിങ് വ്യാപകമായി സാധ്യമാക്കിയതാണ് ഇന്ത്യാവിഷൻ കുറിച്ച സാങ്കേതിക കുതിച്ചുചാട്ടം

വാർത്താ കോപ്പി ഡി.ടി.പിയിൽ കീ ഇൻ ചെയ്ത് മോഡം വഴി അയച്ചുകിട്ടിത്തുടങ്ങി എന്നതായിരുന്നു മറ്റൊരു മാറ്റം. പക്ഷേ അപ്പോഴും ടെലിപ്രോംപ്റ്റർ എന്ന വിദ്യ ലഭ്യമായിരുന്നില്ല. നേരത്തേ കോപ്പികൾ ഹാർഡ് പേപ്പറിൽ സ്റ്റാപ്ലർ ചെയ്താണ് ഉപയോഗിച്ചതെങ്കിൽ സിംഗപ്പൂരിൽ വച്ച് ഗ്ലൂ സ്റ്റിക് വച്ച് ഒട്ടിച്ചായിരുന്നു ഉപയോഗം. ഗ്ലൂ സ്റ്റിക്കിന് സിംഗപ്പൂരിൽ നല്ല വിലയായിരുന്നതുകൊണ്ട് നാട്ടിൽ നിന്ന് വരുത്തുകയോ പോയിവരുന്നവർ കൊണ്ടുവരികയോ ആണ് ചെയ്തിരുന്നത്. നമ്മൾ സ്റ്റേപ്ലറിൽ നിന്ന് ഗ്ലൂ സ്റ്റിക്കിലേക്ക് സാങ്കേതിക പുരോഗതി കൈവരിച്ചുവെന്ന് ഞങ്ങൾ തമാശ പറഞ്ഞു. വാർത്താ അവതരണത്തിന് ടെലിപ്രോംപ്റ്റർ സംവിധാനം പക്ഷേ സിംഗപ്പൂരിൽ തന്നെ ലഭ്യമാക്കി ഏതണ്ട് ഒരുവർഷം കഴിഞ്ഞപ്പോഴേക്ക് എന്നുകൂടി ഓർക്കുന്നു.

ഇപ്പറഞ്ഞതെല്ലാം അനലോഗിലുള്ള, ലീനിയർ മാതൃകയിലുള്ള ന്യൂസ് പ്രൊഡക്ഷന്റെ, അതുമാത്രം സാധ്യമായിരുന്ന കാലത്തെ ചിത്രമാണ്. ഏറിയും കുറഞ്ഞും ആറേഴുവർഷം വരെ ഏഷ്യാനെറ്റിന്റെ ന്യൂസ് പ്രൊഡക്ഷൻ ലീനിയർ രീതിയിൽ തന്നെ ആയിരുന്നു. രാജ്യത്തുനിന്നുള്ള തൽസമയ സംപ്രേഷണാനുമതി ലഭിച്ച 1998 മുതൽ മദ്രാസിലേക്ക് സംപ്രേഷണം മാറിയെങ്കിലും ടേപ്പുകൾ ഉപയോഗിച്ചുള്ള പ്രൊഡക്ഷൻ രീതി തുടർന്നു. എസ്.വി.എച്ച്.എസ് ടേപ്പുകൾ മാറി ഡിജിറ്റൽ ടേപ്പുകളിലേക്ക് മാറിയിരുന്നു എന്നുമാത്രം. എന്തിന്, 24 മണിക്കൂർ തൽസമയ വാർത്താസംപ്രേഷണം ആദ്യമായി തുടങ്ങിയ ഇന്ത്യാവിഷൻ പോലും ടേപ്പുകളിൽ നിന്ന് മുക്തമായിരുന്നില്ല. ഞാൻ ഇന്ത്യാവിഷനിൽ നിന്ന് മാറുന്ന സമയത്തും (2006) ന്യൂസ് പ്രൊഡക്ഷൻ അനലോഗ് മോഡിൽ തന്നെ. പക്ഷേ ഔട്ട്​ഡോർ ബ്രോഡ്കാസ്റ്റ് വാൻ എന്ന ഒ. ബി വാൻ വാടകക്കെടുത്ത് വാർത്ത സംഭവിക്കുന്ന സ്ഥലങ്ങളിൽ നിന്നുള്ള തൽസയ റിപ്പോർട്ടിങ് വ്യാപകമായി സാധ്യമാക്കിയതാണ് ഇന്ത്യാവിഷൻ കുറിച്ച സാങ്കേതിക കുതിച്ചുചാട്ടം. ആദ്യത്തെ ചാനലായ ഏഷ്യാനെറ്റിനു പോലും ആ ചാട്ടത്തിനൊപ്പം കഷ്ടി ഒപ്പിച്ചു ചാടാനേ അന്ന് സാധിച്ചിരുന്നുള്ളൂ.

പക്ഷേ മനോരമ ന്യൂസിൽ വാർത്ത ആരംഭിച്ചതു തന്നെ ടേപ്പുകൾ ഇല്ലാതെയാണ്. ക്യാമറാ റെക്കോർഡിങ് ഉൾപ്പെടെ എല്ലാം ഡിജിറ്റൽ മോഡിലായിരുന്നു. ഡിജിറ്റൽ കാർഡുകൾ, ലീസ് ലൈനുകൾ, ആദ്യം ഉപഗ്രഹസമയം ഉപയോഗിക്കുന്ന ഡി.എസ്.എൻ.ജികൾ വഴിയും പിന്നീട് ഡാറ്റാ ബേസ്ഡ് ആയ ഉപകരണങ്ങൾ വഴിയുമുള്ള തൽസമയ റിപ്പോർട്ടിങ് എന്നിവ മുതൽ ഏതാണ്ട് പൂർണമായും ഓട്ടോമേറ്റഡ് ആയ പ്രൊഡക്ഷൻ സംവിധാനം വരെയും സജ്ജമാക്കിക്കൊണ്ടാണ് മനോരമ ന്യൂസ് കൺതുറക്കാൻ സജ്ജമായത്. 2006ൽ മനോരമ ന്യൂസ് സംപ്രേഷണം ആരംഭിച്ചപ്പോൾ വാർത്താ ടെലിവിഷൻ രംഗത്ത് ഉള്ളടക്കത്തിൽ വന്ന രൂപപരമായ ഒട്ടേറെ മാറ്റങ്ങൾക്കൊപ്പം കടന്നുവന്നത് സാങ്കേതിക നവീകരണവും ആയിരുന്നു.

ക്യൂ ചെയ്യലുമില്ല, ഫോർവേഡ് റീവൈൻഡ് അടിക്കലുമില്ല. ഏത് വാർത്തയും എവിടേക്കും ഡ്രാഗ് ആൻഡ് ഡ്രോപ് ചെയ്യാവുന്ന നിലയിലേക്ക് പ്രൊഡക്ഷൻ അപ്പാടെ മാറി.

പൂർണമായും സെർവർ ബേസ്ഡ് ആയ, ഓട്ടോമേറ്റഡ് പ്രൊഡക്ഷൻ എന്നുപറയുന്നത് ഞങ്ങൾ വാർത്താസംപ്രേഷണത്തിന്റെ ആരംഭത്തിൽ ഫിലിപ്പീൻസിലിരുന്നും സിംഗപ്പൂരിലിരുന്നും ചെയ്ത പ്രൊഡക്ഷൻ വർക്കിന്റെ പോരായ്മകളെ തിരുത്തുക മാത്രമല്ല, അന്ന് സ്വപ്നം കാണാൻ പോലും കഴിയാതിരുന്ന തലത്തിലേക്ക് ഉയർത്തുക കൂടി ചെയ്ത പ്രക്രിയ ആണ്. വാർത്താ ഏജൻസിയായ അസോസ്യേറ്റഡ് പ്രസ് രൂപകൽപന ചെയ്ത ഇ.എൻ.പി.എസ് (ഇലക്ട്രോണിക് ന്യൂസ് പ്രൊഡക്ഷൻ സിസ്റ്റം) എന്ന സോഫ്റ്റ് വെയർ ടെക്സ്റ്റിനേയും ദൃശ്യത്തേയും ഗ്രാഫിക്‌സിനേയും ഒറ്റക്കോളത്തിൽ സമ്മേളിപ്പിക്കുന്ന ജാലവിദ്യ സമ്മാനിച്ചു. ക്യൂ ചെയ്യലുമില്ല, ഫോർവേഡ് റീവൈൻഡ് അടിക്കലുമില്ല. ഏത് വാർത്തയും എവിടേക്കും ഡ്രാഗ് ആൻഡ് ഡ്രോപ് ചെയ്യാവുന്ന നിലയിലേക്ക് പ്രൊഡക്ഷൻ അപ്പാടെ മാറി. സാങ്കേതികത എന്ന വാക്ക് പലപ്പോഴും നടപ്പാക്കിയെടുക്കാൻ പ്രയാസമുള്ള ഒരുകാര്യത്തെയാണ് ധ്വനിപ്പിച്ചിട്ടുള്ളതെങ്കിൽ അതുവരെ ചെയ്തുകൊണ്ടിരുന്നതിനെയാകെ എളുപ്പമാക്കിത്തീർക്കുന്ന സാങ്കേതികതയെ ആദ്യമായി കാണുകയായിരുന്നു. ഇക്കാലമായപ്പോഴേക്ക് സാങ്കേതികവിദ്യ ദൃശ്യമാധ്യമപ്രവർത്തനത്തിൽ വെല്ലുവിളിയല്ലാതായി എന്നുമാത്രമല്ല, അതിസുന്ദരമായ സാധ്യത കൂടിയായി മാറി.

പിന്നീട് ഇങ്ങോട്ടുള്ളതെല്ലാം ഏവർക്കുമറിയാവുന്ന കാര്യങ്ങൾ. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടു കൊണ്ട് സാങ്കേതികവിദ്യ സ്വയം വളരുകയും ബാക്കിയെല്ലാറ്റിനേയും വളർത്തുകയുമായിരുന്നു. ഇന്നെല്ലാം സെർവർ ബേസ്ഡ് ആണ്. നെറ്റ് വർക്ക് ബേസ്ഡ് ആണ്. ഈ തുറകളിലെ സേവനദാതാക്കൾ തമ്മിലുള്ള മൽസരം ന്യൂസ് പ്രൊഡക്ഷൻ രംഗത്തും നൂതനമായ മാർഗങ്ങൾ തെളിച്ചുകൊണ്ടിരിക്കുന്നു. ഒരുപടികൂടി കടന്ന് ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി ഗ്രാഫിക് സാധ്യതകൾ വാർത്തയെ റിയാലിറ്റിയിൽ നിന്ന് വെർച്വാലിറ്റിയിലേക്കും കൊണ്ടുചെന്നു. ഇന്റർനെറ്റിന്റെ ഉപൽധാരകളായ സമൂഹമാധ്യമങ്ങൾ വഴിയുള്ള സ്വകാര്യ- വ്യക്തിനിഷ്ഠ സംപ്രേഷണങ്ങൾ (ഫേസ് ബുക്ക് ലൈവ്, യൂ ട്യൂബ് വീഡിയോകൾ, ട്വിറ്റർ, ഇൻസ്റ്റഗ്രാം, വാട്‌സാപ്പ്, ക്ലബ് ഹൗസ് അങ്ങനെയങ്ങനെ) പൊതു വാർത്താ സംപ്രേഷണത്തിന്റെ മണ്ഡലത്തെ സാവധാനം, ഒരൊച്ചിന്റെയല്ല, ആമയുടെ വേഗത്തിൽ എന്നുപറയാം, കാർന്നുകയറി കീഴടക്കിക്കൊണ്ടിരിക്കുന്നു.

കേരളത്തിലെ തൽസമയ ദൃശ്യമാധ്യമ വാർത്താസംപ്രേഷണം ആദ്യത്തെ ഒരു പതിറ്റാണ്ട് അനലോഗിന്റേതും പിന്നീടുള്ള ഒന്നരപ്പതിറ്റാണ്ട് ഡിജിറ്റലിന്റേതും എന്ന് ചുരുക്കി പറഞ്ഞുവയ്ക്കാമെന്നു തോന്നുന്നു.▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


പ്രമോദ്​ രാമൻ

മാധ്യമപ്രവർത്തകൻ, കഥാകൃത്ത്. മീഡിയ വൺ എഡിറ്റർ. രതിമാതാവിന്റെ പുത്രൻ, ദൃഷ്​ടിച്ചാവേർ, മരണമാസ്, ബാബരി മസ്ജിദിൽ പക്ഷികൾ അണയുന്നു എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments