ഒരാൾ വായനക്കാരൻ / വായനക്കാരിയാകുന്നത് തന്റെ ഉണർന്ന ശൂന്യത നിറയ്ക്കുവാനാണ്. ജീവിതത്തിന്റെ ഉത്ക്കണ്ഠകൾ അമർന്നുപോകുകയും ജീവിച്ചിരിക്കലിന്റെ അതിലാഘവത്വം നിറവുള്ള ഒരു വേദനയാകുകയും ചെയ്യുമ്പോഴാണ് ഒരാൾക്ക് വായനയ്ക്കുള്ള വിശപ്പുണ്ടാകുന്നത്.
അയാൾ, തന്നെ ബാധിക്കുകയും ഞെരിക്കുകയും ചെയ്യാത്ത, അതായത് തന്റേതല്ലാത്ത ജീവിതം കൊണ്ട്,വാർത്തകൾ കൊണ്ട് തന്റെ ഒഴിവിടങ്ങൾ നിറയ്ക്കുന്നു. എന്നാൽ വായിക്കുന്നതിൽനിന്ന് മുഴുവൻ അവരവരെത്തന്നെ വായിച്ചെടുക്കുന്നു. ഒരേപുസ്തകം വായിച്ച രണ്ടുകൂട്ടുകാർ ആ രചനയിലെ ഒരേ ഭാഗത്തെ വരികൾ പങ്കുവെച്ച് യൂണിവേഴ്‌സൽ ഫീലിംഗ് ആഘോഷിക്കുമ്പോഴും രണ്ടുപേരും അതിൽ കാണുന്ന ഉൾപിരിവുകൾ നിറഞ്ഞ രേഖപ്പെടുത്തലുകൾ വ്യത്യസ്തമായിരിക്കും. സാംസ്‌കാരിക സംഘർഷങ്ങളുടെ ഭൂതങ്ങളെ കെട്ടഴിച്ചു വിടുന്നതിനുമുമ്പുള്ള വായനതന്നെ ഇതായിരിക്കെ സാംസ്‌കാരിക സംഘർഷങ്ങളുടെ, ഉപബോധം പ്രദർശനശാലയായി മാറിയിരിക്കുന്ന ഈ സോഷ്യൽ മീഡിയക്കാലം എന്തായിമാറി എന്ന് നാം നേരിട്ടനുഭവിച്ചു കൊണ്ടിരിക്കുകയാണ്.
എന്തിനെയും രാഷ്ട്രീയമായി വായിക്കുക എന്നത് കേരളീയരെ ഇന്ന് പ്രത്യേകിച്ച് പഠിപ്പിക്കേണ്ട കാര്യമില്ല. ഇന്നത്തെ സമ്പൂർണമായ വിചാരണയുടെയും സാമൂഹ്യവിഭജനനത്തിന്റെയും വായനയിലേക്ക് ഈ ഡിജിറ്റൽ ലോകം സോഷ്യൽ മീഡിയയിൽ എത്തിച്ചേർന്നതെങ്ങനെ എന്ന് പരിശോധിച്ചാൽ മാത്രമേ നമ്മുടെ വായനയിൽ വന്ന പരിണാമങ്ങളേയും ദിശകളേയും കണ്ടെത്താനാകൂ. അതിനാൽ ഡിജിറ്റൽ റീഡിംഗ് എന്ന് കേൾക്കുമ്പോഴേ നമ്മുടെ മുന്നിൽ വരുന്ന കിൻഡിൽ, ഓൺലൈൻ മീഡിയകൾ, സോഷ്യൽ മീഡിയ, എന്നിവയുടെ ചരിത്രമോ പരിണതിയോ അല്ല ഞാൻ ഈ ലേഖനത്തിൽ എഴുതുവാൻ പോകുന്നത്. ഇന്ന് സോഷ്യൽ മീഡിയ അടക്കമുളള ഡിജിറ്റൽ ലോകം കയ്യാളുന്നതിലേക്ക് മലയാളിയെ നയിച്ച ഭാഷാപരമായ, സാഹിത്യപരമായ, രാഷ്ട്രീയമായ ധാരകളെപ്പറ്റി സമാന്യമായ നിരീക്ഷണങ്ങളാണ് പങ്കുവക്കുവാനഗ്രഹിക്കുന്നത്.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയതും സമീപസ്ഥവുമായ സാമൂഹ്യദുരന്തം ഇന്ത്യ- പാക് വിഭജനത്തിന്റെ രക്തരൂഷിതമായ ദിവസങ്ങളായിരുന്നു. അവ നമ്മുടെ സാഹിത്യത്തിൽ നിന്നും ചരിത്രപുസ്തകങ്ങളിൽ നിന്നും മറയ്ക്കപ്പെട്ടിരിക്കുന്നു. അതുപോലെ, 1921ലെ മലബാർ കലാപദിനങ്ങൾ വേണ്ടെത്ര പോയിട്ട് അൽപ്പമായിപ്പോലും രേഖപ്പെടുത്താതെ പോയിരിക്കുന്നു. ഉറൂബാണ് കുറച്ചെങ്കിലും തന്റെ കൃതികളിൽ അത് രേഖപ്പെടുത്തിയത്. അത് വായിച്ചാൽ ഏതോ തമിഴ്നാട്ടിലെ പിളേരെപ്പിടുത്തക്കാർ ഇതിലേക്കൂടി വന്നുപോയി എന്നുപറയുന്ന ഫീലേ തരൂ.
കവികളിൽ ആശാൻ മാത്രമാണ് ദുരവസ്ഥ എന്ന കവിതയെഴുതിയത്. വടക്കരായ ഒറ്റക്കവികൾ പോലും (പൊന്നാനിക്കളരിയിലെ ആരും തന്നെ) തങ്ങളുടെ കവിതയിൽ അത് അടയാളപ്പെടുത്തിയിട്ടില്ല. ചരിത്രത്തിലെ സാംസ്‌ക്കാരിക സംഘർഷങ്ങളാലുണ്ടാകുന്ന മനുഷ്യദുരന്തത്തെ മറച്ചുപിടിക്കുക എന്നത് ഒരു ഇന്ത്യൻരീതി മാത്രമല്ല, ഒരു ഏഷ്യൻ രീതി തന്നെയാണ്. വല്ലാതെ എടുത്തുപറഞ്ഞ് പിന്നീടുള്ള കലാപങ്ങൾക്ക് കാരണമായി അത് അവശേഷിക്കാൻ പാടില്ല എന്ന ദർശനം അതിനു പിന്നിലുണ്ടായിരിക്കാം.
എന്നാൽ, യൂറോപ്പ് അങ്ങനെയല്ല. ചരിത്രത്തിലെ ഹോസ്റ്റിലിറ്റികളുടെ സ്മാരകങ്ങൾ നിലനിർത്തിക്കൊണ്ട് നിരന്തര ജാഗ്രതയിലേക്ക് പിരിഞ്ഞുകൊണ്ടേയിരിക്കുന്ന ഒരു സമൂഹമാണത്. സ്വന്തം ദർശനങ്ങളിൽ സെമിറ്റിക് മതങ്ങളെയും അതിൽ നിന്നുൽഭൂതമായ പ്രത്യയശാസ്ത്രങ്ങളെയും കണക്കറ്റു വിരോധിക്കുന്ന എഴുത്തുകാരനായ ആനന്ദ്, പക്ഷെ തന്റെ സാമൂഹ്യ ജാഗ്രതയുടെ സിദ്ധാന്തമായി കാണുന്നത് ഈ യൂറോപ്യൻ രീതിയാണ്. ആ ദർശനങ്ങൾ മലയാള നവ വായനയുടെ ഭാഗവത സൂക്തങ്ങളാണ്.
എന്നാൽ, ലോകത്ത് പലയിടത്തും പുനരുദ്ധാനവാദികളെ കെട്ടഴിച്ചു വിടുകയും ശീതയുദ്ധത്തിനുപകരം സാംസ്‌കാരിക സംഘർഷങ്ങൾ ആ സ്ഥാനം ഏറ്റെടുക്കുകയും ചെയ്യുന്ന കാലമായതോടെ നാളിതുവരെ ലോകജനത നേടിയ സൗന്ദര്യശാസ്ത്ര വളർച്ച സംശയിക്കപ്പെട്ടു. യൂറോപ്പ്യൻ കല്പനകളുടെ ആധിപത്യം, ക്രിസ്ത്യൻ മൂല്യവ്യവസ്ഥയുടെ മേൽക്കൈ, മതരാഹിത്യത്തിലേക്ക് വളർന്നുകൊണ്ടിരിക്കുന്ന സൈദ്ധാന്തികത, ലൈംഗികതയുടെ തുറന്ന ലോകത്തെപ്പറ്റിയുള്ള പ്രതീക്ഷകൾ, വ്യക്തിവാദം എല്ലാം ചോദ്യം ചെയ്യപ്പെട്ടു. ആന്തരികവൽക്കരിക്കപ്പെട്ട നീതി എന്ന സങ്കല്പത്തിലെ പൊറുക്കൽ എന്നതിനുപകരം ഭൗതികനീതിയുടെ അടിസ്ഥാനത്തിലുള്ള ശിക്ഷ എന്നതിന് പ്രാധാന്യം വന്നു. ഫാഷിസത്തിന്റെയും കമ്യൂണിസത്തിന്റെയും പ്രേതങ്ങൾ മതതീവ്രവാദത്തിനു പിന്നിൽ നിന്ന് സെക്ടുകളുടെ ഫ്രറ്റേണിറ്റി ഉന്മാദത്തെ ഊതിക്കത്തിച്ചു.
നമ്മുടെ ഭാഷയിൽ മൂന്നു കാര്യങ്ങളാണ് മാറ്റങ്ങൾക്കു കാരണമായത്. ബാബറിമസ്ജിദ് തകർക്കൽ വിശ്വാസരാഹിത്യത്തിന്റെ ആദ്യത്തെ മുദ്രയായിരുന്നു. കമ്യൂണിസത്തിന്റെ അന്താരാഷ്ട്ര തകർച്ച സാമൂഹ്യ വിഭജനത്തെ തീവ്രതരമാക്കി. മണ്ഡൽ കമീഷനും തുടർന്നുവന്ന രാഷ്ട്രീയ സംഘർഷങ്ങളും ഇതിനെല്ലാം തുടർച്ച നൽകി. അങ്ങനെ 90- കൾക്കുശേഷം പൊതു ഇടം പിരിഞ്ഞ് നാനാഭാഗത്തുനിന്നും സ്വന്തം ഉരുവങ്ങളാലെ വന്നു നിർമിച്ചുയർത്തിയ ഒരു സാംസ്‌കാരിക ഇടമുണ്ട്, കേരളത്തിൽ. അതിന്റെ പ്രധാന സ്വഭാവങ്ങൾ ആദ്യ ഘട്ടത്തിൽ ഫാഷിസ്റ്റ് വിരുദ്ധതയും ദലിത് രാഷ്ട്രീയവും ആയിരുന്നെങ്കിൽ അതിനെ ഹൈജാക്ക് ചെയ്യാനുള്ള വലതുപക്ഷത്തിന്റെ വലിയ ശ്രമങ്ങളാണ് പിന്നീടുണ്ടായത്. അക്കാദമിക് സ്ഥാപനങ്ങൾ, പ്രസാധകർ, ലിറ്റററി ജേർണലുകൾ, എൻ.ജി.ഒകൾ എന്നിവയുടെ എംബഡഡ് പ്രവർത്തനങ്ങളാണ് ഇന്ന് കാണുന്ന സാംസ്‌കാരികസ്തംഭങ്ങൾക്കു പിന്നിൽ.
ഇത്രയും നേരം പറഞ്ഞ രാഷ്ട്രീയ സാംസ്‌കാരിക ലോകത്തിനുള്ളിൽ വായനയുടെ ലോകത്തെപ്പറ്റി മാത്രം പറഞ്ഞാൽ ഗദ്യമെഴുത്തിന്റെ മേഖല മുമ്പേ തന്നെ സ്വതന്ത്രമായി മാറിയിരുന്നു. സംസാരഭാഷയിലുള്ള മനോഹരമായ ഗെയിമുകൾ നല്ല രീതിയിൽ വായിക്കപ്പെട്ടു. ഉൽപ്പത്തിയുടെ കാലം തൊട്ടേ കേരളത്തിലുണ്ടായിരുന്ന വിവർത്തന സാഹിത്യം ഇംഗ്‌ളീഷിൽ ചിന്തിക്കാനും ജീവിതത്തെ സ്പർശിക്കാനും നമ്മെ പഠിപ്പിച്ചു. നമുക്ക് ലഭിച്ചിരിക്കുന്ന മലയാള ഭാഷ പല വിധ പരിഷ്‌കരണങ്ങൾക്കു വിധേയമാക്കപ്പെട്ടാണ് ലഭിച്ചിട്ടുള്ളത്. നിരവധി സംസ്‌കാരങ്ങളിൽ നിന്നൊഴുകിയെത്തിയ വാക്കുകളിൽ പ്രതിനിധാനത്തിലാർക്കും മേൽക്കൈ ഇല്ലെങ്കിലും സംഘം മുതൽ ബുദ്ധ ജൈന ഘട്ടങ്ങളിൽ കൂട്ടി കടന്നുപോയതിന്റെ ഭാഗമായി ഒരനുഭവത്തെ അതിന്റെ ഉച്ചരണത്തിലെ ശബ്ദം കൊണ്ടുതന്നെ അതിന്റെ പ്രഥമാനുഭവം കിട്ടുന്ന ഒന്നാകുന്നതിനു പകരം ഒരു തരം 3 ഡയമൻഷൻ പ്രക്രിയയ്ക്ക് വിധേയമായിട്ടുണ്ടെന്നു കാണാം. അലങ്കാരങ്ങൾ കൊണ്ടോ അർത്ഥം കൊണ്ടോ സിദ്ധാന്തങ്ങൾ കൊണ്ടോ പരിഷ്‌കരിക്കപ്പെട്ടാണ് വാക്കുകൾ തയ്യാറാക്കിയിരിക്കുന്നത്.
ഉദാഹരണം, ഏപ്രിൽ എന്ന പേരുകേൾക്കുമ്പോൾ, ആ മാസത്തെക്കുറിച്ച, ആ വാക്ക് പിറന്ന ദേശങ്ങളിൽ കിട്ടുന്ന ശബ്ദത്തിലെ സൂചനകൾ മീനമെന്നോ മേടമെന്നോ കേൾക്കുമ്പോൾ നമ്മുടെ ഭാഷയിലുണ്ടാകുന്നില്ല. എന്നുകരുതി മീനമോ മേടമോ നിർജ്ജീവമായ അടയാളശബ്ദങ്ങൾ മാത്രമാണെന്നല്ല. ആ പേരുകളിലെത്തുവാൻ അനുഭൂതിപരമായ, സാംസ്‌കാരികമായ, ആത്മീയമായ ആചാരപരമായ പാരികല്പനകളുടെ വലിയ പ്രോസസ് തന്നെ ഉണ്ടായിരിക്കാം. പക്ഷേ, അവ ശബ്ദത്തിൽ തന്നെ പ്രഥമാനുഭവം നൽകുന്ന രീതിയെപോലെ സദാ പ്രതിപ്രവർത്തിക്കുന്നില്ല. അങ്ങനെ ഭാഷയെ കൂടുതൽ കൂടുതലായി ശബ്ദത്തിലും അനുഭൂതി പരിസരത്തിലും കണ്ടെത്താനുള്ള പലതരത്തിലുള്ള ശ്രമം ആധുനികത മുതൽ ഉണ്ടായിട്ടുണ്ട്. ആ ശ്രമത്തിൽ ഭാഷയെ സ്വതന്ത്രവും സർവസ്വീകാര്യവും ആക്കുന്ന തരത്തിൽ ഗദ്യത്തിന്റെ ഭാഗത്തുനിന്ന്, മാനക ഭാഷയുടെ ഭാഗത്തുനിന്ന് നിന്നുള്ള വലിയ ശ്രമങ്ങൾ സച്ചിദാനന്റെയും കെ.ജി.എസ്സിന്റെയും ആറ്റൂരിന്റെയുമൊക്കെ ഭാഗത്തുനിന്നുണ്ടായത് എല്ലാ മനുഷ്യർക്കും ഭാഷയിലെ ഏറ്റവും പവിത്രവൽക്കരിക്കപ്പെട്ട കവിത എന്ന ആവിഷ്‌ക്കാര വഴിയിലേക്കുള്ള വാതിൽ തുറന്നു കൊടുത്തു. (ഇവരൊന്നും പദ്യത്തിൽ സംഭാവന ചെയ്തിട്ടില്ലെന്നല്ല) എന്നാൽ ഇന്ന് ഭാഷയെ ശബ്ദത്തിൽ തന്നെ അനുഭൂതിയാക്കാൻ വെമ്പുന്ന മലയാള കവിത കടമ്മനിട്ടയെയും വിനയചന്ദ്രനെയും ബാലചന്ദ്രൻ ചുള്ളിക്കാടിനെയും അയ്യപ്പപ്പണിക്കരേയും വീണ്ടും സന്ദർശിക്കുന്നു.
90- കളിൽ എഴുതിത്തുടങ്ങിയ കവികൾ അതിനുമുൻപ് നടത്തിയ വലിയ വിധ്വംസനങ്ങളിൽ ചിതറിപ്പോയ വാക്കുകളെ ഭാഷയിൽ ഇണക്കി യെടുക്കാനുള്ള ശ്രമങ്ങളായിരുന്നു. ആർ. രാമചന്ദ്രനൊക്കെ സ്വപ്നം കണ്ട ശുദ്ധകവിത എന്നത് നേടിയെടുക്കാൻ കഴിഞ്ഞു. രാഷ്ട്രീയ മനുഷ്യന്റെ വ്യക്തി ജീവിതമായിരുന്നു അവയിലെല്ലാം. രണ്ടായിരത്തിനുശേഷം അതിലേക്ക് ദലിത് കവിത വന്നു ചേർന്നതോടെ അടിമുടി രാഷ്ട്രീയവൽക്കരിക്കപ്പെട്ടു എന്നതിനോടൊപ്പം അവയെല്ലാം കാവ്യഗുണത്തോടെയാകുവാനും വെറും പാട്ട ചെണ്ടയാകാതിരിക്കുന്നതിലും വിജയിച്ചു.
കേരളത്തിലെ നവോത്ഥനത്തിന്റെ ഘടന ഒരിക്കലും ദ്വന്ദവാദത്തിന്റേതായിരുന്നില്ല. ശ്രീനാരായണഗുരു ബ്രാഹ്മണികതയെ ശത്രുവായി പ്രഖ്യാപിക്കുകയോ വേദങ്ങളെയോ ഉപനിഷത്തുക്കളെയോ തള്ളിക്കളയുകയോ ചെയ്യുകയായിരുന്നില്ല ചെയ്തത്. മറിച്ച്, എന്താണ് ബ്രാഹ്മണ്യം, എന്താണ് ഭക്തി, എന്താണ് സന്ന്യാസം എന്നൊക്കെ കാട്ടിക്കൊടുത്തു. അതായത്, നിലവിലുള്ള ശ്രേയോവാദങ്ങളെ വെല്ലുന്ന ഒന്ന് സ്ഥാപിച്ചു. അതിനുമുന്നിൽ വണങ്ങാതെ ഒരു ഹിന്ദു കുലീനനും മുന്നോട്ടു പൊക്കാൻ കഴിയുമായിരുന്നില്ല. കേരളത്തിൽ ദലിത് കവിത കൊണ്ടുവന്ന മൂല്യങ്ങൾ ശ്രദ്ധിച്ചാലും ഇതേ ശ്രേയസ്സിന്റെ ശിഖരനിർമാണം കാണാം. തങ്ങളുടെ കർഷകത്തൊഴിലാളി ജീവിതത്തിന്റെ ശ്രേയസ്സുകളാണ് അവർ മുന്നോട്ടുവെച്ചത്. എസ്. ജോസഫിന്റെ കൊട്ട, ബിനു എം. പള്ളിപ്പാടിന്റെ അവർ കുഞ്ഞിനെ തൊടുമ്പോൾ, എം.ആർ. രേണുകുമാറിന്റെ വിഷക്കായ, എം. ബി. മനോജിന്റെ ചെരുപ്പുകുത്തിയെക്കുറിച്ചുള്ള കവിത...എല്ലാം മുന്നോട്ട് വെച്ചത് തങ്ങളുടെ നിർമാണത്തിന്റേയും കൂട്ടാന്തതയുടെയും വസ്തുസംഭാരത്തിന്റേയും മറ്റൊരു ശ്രേയസ്സാണ്. അങ്ങനെ പ്രതിജീവിതത്തിനുപകരം ഇതര ജീവിതം സാധ്യമാണ് എന്നവർ പറഞ്ഞു. കാരണം, ഒ.ചന്ദുമേനോനിൽ തുടങ്ങി എം.ടിയിലൂടെ, കടമ്മനിട്ടയിലും വിനയചന്ദ്രനിലുമൊക്കെ തുടരുന്ന സാഹിത്യമായിരുന്നു കേരളത്തിലെ സബാൾട്ടൺ എഴുത്തിന്റെ ഒരു മുഖം. കടമ്മനിട്ടയുടെ കുറത്തിയായിരുന്നു നമ്മുടെ കറുത്ത സാഹിത്യം. നായർ ഇൻഫീരിയോരിട്ടി എന്നാക്ഷേപിക്കപ്പെട്ടിരുന്ന ഈ എഴുത്തുകൾ (എം.ടിയുടെ ഭീമനെക്കുറിച്ചുണ്ടായ ആക്ഷേപങ്ങൾ ഓർക്കുക) ഉയർത്തിയ ദ്വന്ദവാദത്തിലേക്ക് ചുരുക്കുവാൻ ദലിത് കവികൾ തയ്യാറായിരുന്നില്ല. എന്നാൽ, ബ്രാഹ്മണികമായ ഒരു മൂല്യത്തേയും അവർ കൈക്കൊണ്ടില്ല. എന്നാൽ ഇത് എഴുത്തിൽ കാലക്രമേണ ഒരു സ്തംഭനം ഉണ്ടാക്കി. ദലിത് കവികൾ തങ്ങൾ ദലിത് കവികളല്ല എന്ന് പ്രഖ്യാപിച്ചു. ഒരു ദലിത് സൗന്ദര്യശാസ്ത്രം രൂപപ്പെടാനിരിക്കെ, പൊതുകവിത എന്ന സങ്കല്പം മുന്നിലേക്കുവെച്ച് ആ നീക്കത്തെ പൊളിക്കുന്ന സമീപനം എസ്. ജോസഫിന്റെ ഭാഗത്തുനിന്നുണ്ടായി. ഇന്ന് പദ്യകവിതയുടെ ട്രെൻഡ് തിരിച്ചുവരുമ്പോൾ ദലിത് കവിതയെ മറച്ചുകൊണ്ടാണ് അതു വരുന്നത്. ഭാഷയിൽ ദലിത് കവികളുണ്ടാക്കിയ വലിയ മാറ്റങ്ങൾ അവഗണിക്കപ്പെടുന്നു. സുധീർ രാജും സജീവൻ പ്രദീപും സുബിൻ അമ്പിത്തറയും എബിൻ ജോസും അനീഷ് പറമ്പുഴയും പോലുള്ള പുതുകവികൾ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
അതുപോലെ, ജേണലുകൾ വഹിച്ച പങ്കും പ്രധാനമാണ്. ഇന്നത്തെ സോഷ്യൽ മീഡിയ ഭാഷയടക്കം നാളിതുവരെയുള്ള പ്രതിരോധ ശബ്ദങ്ങളുടെ, രാഷ്ട്രീയ നിരീക്ഷണങ്ങളുടെ തുടക്കം കലാകൗമുദിയിൽ എസ്. ജയചന്ദ്രൻ നായരിൽ നിന്നായിരുന്നു. അതുവരെ, കുലീനമായ ജീവിതം നയിച്ചിരുന്ന കേരളത്തിലെ ലിറ്റററി മാഗസീനുകൾ രാഷ്ട്രീയനീക്കങ്ങളെ വിറപ്പിക്കുന്ന ലേഖനങ്ങളാൽ നിറച്ചത് അദ്ദേഹമാണ്. അതിന്റെ തുടർച്ചയായി മാധ്യമം ആഴ്ചപ്പതിപ്പ്.ഈ തുടർച്ച മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മാറ്റത്തോടെ പൂർണമായി. അതുവരെ സാഹിത്യമാസിക മാത്രമായി നിന്ന മാതൃഭൂമി,രാഷ്ട്രീയ ലേഖനങ്ങളാൽ നിറഞ്ഞു. ഡിജിറ്റൽ റീഡിങ്ങിനെ നയിക്കുന്ന രീതിയിൽ ബൗദ്ധിക ചർച്ചകളാൽ നിറഞ്ഞതായിരുന്നു ആഴ്ചപ്പതിപ്പിന്റെ നല്ലകാലം. പിൽക്കാലത്ത് ആഴ്ചപ്പതിപ്പിൽ, ക്രിയേറ്റീവ് റൈറ്റിംഗിനെക്കൂടി രാഷ്ട്രീയ ദിശാബോധത്തിലേക്കെ ത്തിക്കുവാൻ ശ്രമങ്ങളുണ്ടായി. കവർസ്റ്റോറി എന്നത് ഒരു ജേണലിസ്റ്റിക് പ്രയോഗം മാത്രമല്ല, മറിച്ച് കവർസ്റ്റോറിയ്ക്കനുസരിച്ച് കവിതകളും കഥകളും വിതാനിക്കാൻ എഡിറ്റർക്ക് കഴിഞ്ഞു. അപ്പോഴും കവിതയിൽ പാരമ്പര്യവാദികളുടെ സീറ്റ് ഭദ്രമായിരുന്നു, ദലിത് കവികളെക്കൂടി അവരോടോപ്പമെത്തിക്കുന്ന കാര്യത്തിൽ വിജയിച്ചെങ്കിലും.
പച്ചക്കുതിരയൊക്കെ ബൗദ്ധികലോകത്തെ ‘ട്രയൽ' ‘ഫയർ' എന്നൊക്കെ വിളിക്കാവുന്ന തരത്തിൽ പ്രവർത്തിച്ചു. ഇതിന്റെ തുടർച്ചയാണ് ഫേസ്ബുക്കിലെ പ്രബലമായ നവരാഷ്ട്രീയത്തിന്റെ ഒരു ധാര. നാട്ടിൽ മാർക്‌സിസ്റ്റുപാർട്ടിയിൽ അംഗമായിരിക്കുകയും എഫ്.ബിയിൽ സി.പി.എമ്മിനെ നായർപ്പാർട്ടി എന്ന് വിളിക്കുകയും ചെയ്യുന്ന ഒരു മെരുക്കൽ തന്ത്രം രൂപപ്പെട്ടു. ബാബരി മസ്ജിദ് ധ്വംസനത്തിനുശേഷം രാജ്യത്തുടനീളം കൊടുങ്കാറ്റുയർത്തുന്ന തരത്തിലുള്ള ഫാഷിസ്റ്റു വിരുദ്ധ പ്രക്ഷോഭങ്ങൾ ഉയർത്തിവിട്ട പാർട്ടിയെയാണ്, മണ്ഡൽ കമീഷനുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം സംവരണത്തിന്റെ ആവശ്യകതയെക്കുറിച്ചു പ്രഭാഷണം നടത്തിയ ഒരു പാർട്ടിയെയാണ്, സവർണപ്പാർട്ടി, ഹിന്ദുപ്പാർട്ടി എന്നിങ്ങനെയുള്ള അധിക്ഷേപങ്ങൾക്കിരയാക്കിയത്. മുൻകാലങ്ങളിൽ ഫാഷിസ്റ്റുകളാൽ കൊലചെയ്യപ്പെട്ട രക്തസാക്ഷികളെ നോക്കി കയ്യടിച്ചുകൊണ്ടിരുന്ന വലതുവർഗീയതയുടെ ആൾക്കാരുടെ പുനരുദ്ധാനമായിരുന്നു എഫ്.ബിയിൽ ഇത്തരം നവരാഷ്ട്രീയ വാദത്തിനു തുടക്കം കുറിച്ചത്.
കേരളം പിടിച്ചെടുക്കുവാൻ ധിഷണാപരമായ വലിയ അട്ടിമറി ആവശ്യമാണെന്ന തിരിച്ചറിവും അതിനെത്തുടർന്നുള്ള ലിറ്റററി ലോകത്തിലെ മാറ്റങ്ങളുമാണ് സോഷ്യൽ മീഡിയയുടെ പ്രസക്തി കേരളത്തിൽ നിർണയിക്കപ്പെട്ടത്. ഈ വലിയ ട്രെൻഡിൽ ഒരു സവർണ ബുദ്ധിജീവിക്ക് സാംസ്‌ക്കാരിക ലോകത്ത്കാലുറപ്പിക്കുവാൻ അതികഠിനമായ ഹിന്ദു ഹെയ്റ്റ് സ്പീച്ചുകൾ ആവശ്യമായി വന്നു. പലപ്പോഴും ഉത്തരേന്ത്യൻ വർഗീയതയ്ക്കെതിരെ തുപ്പിയ ഈ ആക്രോശങ്ങൾ ഒരൊറ്റ ഹിന്ദുവർഗീയവാദിയെപ്പോലും തിരഞ്ഞെടുക്കാത്ത കേരള ഹിന്ദുക്കളുടെ മേലാണ് വന്നുവീണത്. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. പൊതുവെ പ്രതിപക്ഷ ബഹുമാനമുള്ള ദലിത് ബഹുജനങ്ങൾക്കും കേരളത്തിലെ മുസ്ലിംകൾക്കും, സ്വന്തം മതത്തിൽപെട്ട ആൾക്കാർ പോലും വെറുക്കുന്ന നികൃഷ്ടമായ ഒരു മതമാണ് ഹിന്ദുമതം എന്ന ധാരണയിലേക്കെത്തി. രാഷ്ട്രീയ ശരികൾക്കനുസരിച്ച് സിനിമകളും ഹിന്ദു വിരോധത്തിൽ നിർമിക്കപ്പെട്ടു. ക്ഷമാപണ ജീവിതം നയിക്കാത്ത ഒരു ഹിന്ദു സവർണവാദിയായി മുദ്ര കുത്തപ്പെട്ടു.
വായനക്കാരുടെയും എഴുത്തുകാരുടെയും ഇടയിൽ വന്ന ഈ സംഘർഷത്തെ പാരമ്പര്യ കവിതകളുടെയും കഥകളുടെയും ഒരോവുചാൽ മാതൃഭൂമിയിൽ തുറന്നുകൊണ്ടുമാത്രം മറികടക്കാനാകില്ല. എന്താണ് പുതിയ രചന എന്നതിൽ ജൈവബുദ്ധിജീവികൾക്കു പ്രാധാന്യം നൽകി, അക്കാദമീഷ്യൻമാരും പ്രസാധകരും എഡിറ്റർമാരും ചേർന്ന് കഴിഞ്ഞ പത്തു വർഷത്തെ സാഹിത്യത്തെ, സോഷ്യൽ മീഡിയയെ നേതൃസ്ഥാനത്തു വെച്ച് ഒരു ഓഡിറ്റ്നടത്തേണ്ടിയിരിക്കുന്നു. ലിറ്റററി ഫെസ്റ്റിവലുകളോ സോഷ്യൽ മീഡിയയെ പരിഗണിക്കാത്ത യൂണിവേഴ്‌സിറ്റികളോ ഒന്നും ആ സ്ഥാനം വഹിക്കാൻ പര്യാപ്തമല്ലാതിരിക്കെ, അത്തരം ഒരു നീക്കം ആരുനടത്തും എന്നത് ഒരു ചോദ്യചിഹ്നമാണ്.
വായന കേൾവിയിലേക്ക് മാറ്റപ്പെടുന്ന ഒരു കാലഘട്ടമാണ് ഇപ്പോൾ വന്നുചേർന്നിരിക്കുന്നത്. ഡിജിറ്റൽ വായനക്കാലത്തും പുസ്തകങ്ങൾ വാങ്ങി വായിക്കുന്നവർ ഇനി വായന കേൾവിയിലേക്ക് മാറുമ്പോഴും യഥാസ്ഥിതികമായി തുടരാൻ സാധ്യതയുണ്ട്. എങ്കിലും ഡിജിറ്റൽ റീഡിംഗ് പ്രതികരണങ്ങളുടെ വായനയിലേക്ക് കൂപ്പ് കുത്തുന്നു എന്നാക്ഷേപം കുറഞ്ഞപക്ഷം സോഷ്യൽ മീഡിയയുടെ കാര്യത്തിലെങ്കിലും ശരിയായിരിക്കുമ്പോഴും കേൾവി എന്നത് നറേറ്ററുടെ ആറ്റിറ്റ്യൂഡ് അനുസരിച്ച് വഴിതിരിക്കാവുന്ന പാഠമാകാൻ സാധ്യതയുണ്ടെന്ന ആരോപണത്തിൽ കഴമ്പുണ്ട്. ഉദാഹരണത്തിന്, മധുസൂദനൻ നായരുടെ കവിത കേട്ട് വികാരം കൊളളുന്ന ആൾ അതിലെ ലിറ്ററേച്ചറുമായി യാതൊരു ബന്ധവുമില്ലാത്ത ആളായിരിക്കുമെന്നും ആലാപനത്തിന്റെ വികാരധാരക്ക് അനുപൂരകമായ ശബ്ദങ്ങൾ മാത്രമാണ് അത്തരത്തിലുളള കവിതകളെന്നുമുളള ആരോപണം കേൾവിയുടെ വായനയെപ്പറ്റിയുളള നല്ല നിരീക്ഷണങ്ങളിലൊന്നാണ്. എന്നാൽ എഴുത്തുഭാഷയിൽ ശബ്ദത്തിലേക്ക് തിരിച്ചുപോകുന്ന ഭാഷ എന്നത് എക്കാലത്തേയും സ്വപ്നവുമാണ്.