ഷഫീക്ക് താമരശ്ശേരി: മലയാള മാധ്യമങ്ങളുടെ എഡിറ്റോറിയൽ തീരുമാനങ്ങളെ നിയന്ത്രിക്കുന്ന തരത്തിൽ സംഘപരിവാർ അവരുടെ സ്വാധീനം ഉറപ്പിച്ചുവെന്നും ആർ.എസ്.എസ്. അനുഭാവമുള്ള മാധ്യമപ്രവർത്തകർക്കും എഡിറ്റർമാർക്കുമുള്ള ആവശ്യകത വർധിക്കുകയാണെന്നുമുള്ള തരത്തിൽ ആരോപണങ്ങൾ ശക്തമാണല്ലോ. അത്തരമൊരു സ്വാധീനം സംഘപരിവാറിന് മലയാള മാധ്യമങ്ങളിൽ ഉണ്ടോ, എങ്ങിനെയാണതിനെ വിലയിരുത്തുന്നത്?
സ്മൃതി പരുത്തിക്കാട്: മലയാളത്തിലെ ചില മുൻനിര ചാനലുകളെ നിയന്ത്രിക്കുന്ന തരത്തിൽ സംഘപരിവാർ സ്വാധീനം ചെലുത്തുന്നുണ്ട് എന്നതിൽ സത്യമുണ്ട്. കേന്ദ്രത്തിനെതിരായ വാർത്തകളിൽ അതിജാഗ്രത പുലർത്തുകയും സംസ്ഥാന സർക്കാറിനെതിരായ വാർത്തകളിൽ "നിർഭയം' നീങ്ങുകയും ചെയ്യുന്നതിൽ നിന്ന് അത് വ്യക്തമാണ്. ആർ.എസ്.എസ് അനുഭാവമുള്ള എഡിറ്റർമാർക്കും മാധ്യമങ്ങൾക്കുമുള്ള ആവശ്യകത വർധിച്ച സാഹചര്യം പക്ഷെ കേരളത്തിൽ നിലവിലുണ്ട് എന്ന് തോന്നുന്നില്ല. സംഘ് പ്രവർത്തനം രണ്ടു തരത്തിലാണ്. ഒന്ന് തലപ്പത്ത് നിയന്ത്രണം എന്ന മട്ടിലാണ് പ്രവർത്തിക്കുക. ഇവിടെ കേന്ദ്രത്തെയും സംഘപരിവാറിനെയും സ്വന്തം നിലക്ക് വിമർശിക്കില്ല. പ്രതിപക്ഷം പറയുന്നു എന്ന മട്ടിൽ മാത്രം കാര്യങ്ങൾ അവതരിപ്പിച്ച് നിഷ്പക്ഷ നിലപാടെടുക്കും. രണ്ടാമത്തേത് ഒരുതരം സമ്മർദ്ദമാണ്. മീഡിയ വൺ അനുഭവം മുന്നിലുണ്ടല്ലോ എന്ന മട്ടിൽ ഒരു അദൃശ്യ വാൾ എപ്പോഴും മുകളിൽ തൂങ്ങിക്കിടപ്പുണ്ടാവും.
ആർ.എസ്.എസ് താല്പര്യങ്ങൾക്ക് വിരുദ്ധമായി റിപ്പോർട്ട് ചെയ്തവരും സംഘപരിവാറിനെ പരസ്യമായി വിമർശിച്ചവരും സ്ഥാപനം മാറേണ്ടിവരികയും മാറ്റിനിർത്തപ്പെടുകയും ചെയ്തത് നമ്മൾ കണ്ടു. ചർച്ചകളിൽ വന്നിരിക്കുന്ന സംഘബന്ധുക്കളുടെ ഭീഷണിക്ക് വഴങ്ങി അവതാരകരെ കൊണ്ട് "വ്യക്തിപരമായി' മാപ്പ് പറയിച്ച ചരിത്രവും മുന്നിലുണ്ട്. അപ്പോഴും ഇടതുസർക്കാരിനെ വിമർശിച്ചുകൂടാ എന്ന ചിലരുടെ നിലപാട് അംഗീകരിക്കാനാവാത്തതാണ്. അസഹിഷ്ണുതയുടെ കാര്യത്തിൽ തീവ്രവലതും ഇടതും തമ്മിലുള്ള മത്സരമാണ് യഥാർത്ഥത്തിൽ നടക്കുന്നത്.
വിഷയാധിഷ്ടിതമായി മാത്രം ചോദിക്കുന്നവരെ സൗകര്യപൂർവം ഓരോ തൊഴുത്തിൽ കൊണ്ട് കെട്ടുകയാണ്. ചോദ്യങ്ങൾ അലോസരപ്പെടുത്തിയാൽ നാളെ ചർച്ചയ്ക്ക് വരില്ല എന്ന ഭീഷണി വലിയ സമ്മർദ്ദം തന്നെ ആണ്. നവമാധ്യമങ്ങളിലെ "നവ' ഇടത് സഹയാത്രികരുടെ (ഒരു തരത്തിലും വിമർശിക്കാൻ യോഗ്യത ഇല്ലാത്തവർ) പരിഹാസം, മുഖമില്ലാത്ത പോരാളികളുടെ കടന്നൽ കൂട്ട ആക്രമണം... ഇതും കേരളത്തിലെ മാധ്യമ പ്രവർത്തകർ നേരിടുന്ന യഥാർഥ്യമാണ്. ഒരു കാര്യം ഉറപ്പാണ്. രാജ്യത്തെ ഹിന്ദി, ഇംഗ്ലീഷ് മാധ്യമങ്ങൾക്ക് മേൽ ഉറപ്പിച്ച സ്വാധീനം നിലവിൽ കേരളത്തെ പൂർണമായി ബാധിച്ചിട്ടില്ല. നാളെ ഉണ്ടായിക്കൂടെന്നില്ല.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കേരളത്തിൽ ബി.ജെ.പിക്ക് കാര്യമാത്രമായ സ്വാധീനമൊന്നുമില്ലാതിരുന്നിട്ടും രാഷ്ട്രീയ വ്യവഹാരങ്ങളിൽ തുല്യപ്രാതിനിധ്യം നേടാൻ ടെലിവിഷൻ ന്യൂസ്റൂമുകൾ സംഘപരിവാറിനെ സഹായിച്ചിട്ടുണ്ടോ?
കൈരളിയിൽ മാധ്യമ പ്രവർത്തനം തുടങ്ങിയ ആളാണ് ഞാൻ. എന്റെ കൈരളികാലത്താണ് മാറാട് കലാപം ഒക്കെ സംഭവിക്കുന്നത്. അന്ന് തീവ്ര വർഗീയത പറയുന്ന ചില നേതാക്കളുടെ പ്രതികരണങ്ങൾ ഒക്കെ കൊടുക്കേണ്ടതില്ല എന്ന തീരുമാനം ഉണ്ടായിരുന്നു. കൈരളി മാത്രമല്ല അന്ന് ഏഷ്യാനെറ്റും നൽകിയിരുന്നില്ല. പിന്നീട് മുഴുവൻ സമയ വാർത്താ ചാനൽ ആയി ഇന്ത്യാവിഷൻ വന്നപ്പോഴാണ് ഈ തീവ്ര മുഖക്കാരൊക്കെ സ്ഥിരം മുഖങ്ങൾ ആക്കപ്പെട്ടത് എന്ന സത്യവും വിസ്മരിച്ചുകൂടാ. പിന്നെ... കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പ് ഫലം വരെ ബി.ജെ.പി ഇല്ലാതെ ചർച്ച പൂർണമാവില്ല എന്ന നിലപാടിലേക്ക് എല്ലാ മാധ്യമങ്ങളും എത്തിയിരുന്നു. പക്ഷെ ഇപ്പോൾ സംഘബന്ധു ആരോപണം നേരിടുന്ന ചാനലിലും ബി.ജെ.പി അതിഥികളെ കാണാറില്ല, അതിന്റെ കാരണം എന്തായാലും. ബി.ജെ.പി നേതാക്കൾക്ക് പൊതു സ്വീകാര്യത നേടിക്കൊടുക്കുന്നതിൽ ചാനലുകൾക്ക് പങ്കുണ്ടാവാം. പക്ഷെ ഇക്കാര്യത്തിൽ കേരളത്തിലെ ഇരുമുന്നണികളുടെയും പങ്ക് കൂടി പരിശോധിക്കേണ്ടേ. തിരഞ്ഞെടുപ്പുകളിൽ ഹിന്ദു വർഗീയതയെ പ്രത്യക്ഷമായും പരോക്ഷമായും പരിലാളിക്കാത്തവരല്ല ഇരു മുന്നണികളും. രാജ്യം ഭരിക്കുന്ന പാർട്ടിയെ എല്ലാ ചർച്ചകളിൽ നിന്നും മാറ്റി നിർത്തുന്നത് കൊണ്ട് എന്ത് പ്രയോജനം.
കേരളത്തിൽ ദൃശ്യ മാധ്യമങ്ങൾ ഇല്ലായിരുന്നെങ്കിൽ സംഘപരിവാറിന് സ്വാധീനമേ ഉണ്ടാകുമായിരുന്നില്ല എന്ന തരത്തിൽ ഉള്ള വിലയിരുത്തൽ ഉപരിപ്ലവമാണ്. കേരളത്തിന്റെ പുരോഗമന മേൽക്കൂരക്ക് താഴെ ഹിന്ദു വർഗീയതക്ക് വളരാൻ ആവശ്യമായ ഘടകങ്ങൾ എല്ലാ കാലത്തും പ്രവർത്തിച്ചിരുന്നു.
മാനേജ്മെന്റുകളുടെ രാഷ്ട്രീയ താത്പര്യങ്ങൾക്കനുസൃതമായി വാർത്താലോകം പരിമിതപ്പെടുന്നതുമായി ബന്ധപ്പെട്ട് ധാരാളം ചർച്ചകൾ നടക്കുന്നുണ്ടല്ലോ. മലയാള മാധ്യമങ്ങളിൽ ഇത് എത്രത്തോളം പ്രകടമാണ്. താങ്കളുടെ മാധ്യമ ജീവിതത്തിൽ ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ?
മാനേജ്‌മെന്റുകളുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് വാർത്താലോകം പരിമിതപ്പെടുത്തിയാൽ കാഴ്ചക്കാർ ഉണ്ടാകുമോ? ചില വിഷയങ്ങൾ എടുക്കുന്നതിൽ പരിമിതി ഉണ്ടെന്ന് അറിയിച്ച ചുരുക്കം ചില സന്ദർഭങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ട്. അതൊഴിച്ചാൽ മുഴുവൻ സമയവും മാനേജ്‌മെന്റ് താല്പര്യം അടിച്ചേല്പിക്കാവുന്ന കാഴ്ചക്കരല്ല കേരളത്തിൽ ഉള്ളത്.
ഭരണപക്ഷത്തിനെതിരായ പ്രതിപക്ഷ മാധ്യമ ധർമം നിർവഹിക്കുക എന്നതിലപ്പുറം തീവ്രമായ ഇടത് വിരുദ്ധ മനോഭാവം ഭൂരിഭാഗം മാധ്യമങ്ങൾക്കുമുണ്ട് എന്നതാണ് ഇടതുപക്ഷം നിരന്തരം ഉന്നയിക്കുന്ന ആരോപണം. ഇതിനെ എങ്ങിനെയാണ് വിലയിരുത്തുന്നത്?
ഇടതുപക്ഷത്തിനെതിരെ തീവ്ര നിലപാട് എടുക്കുന്ന ചില അവതാരകർ ഉണ്ടാകാം. എന്നുവച്ചു വിമർശനമേ പാടില്ല എന്ന നിലപാട് എങ്ങനെ അംഗീകരിക്കും. ഒരു പാർട്ടിയോടും അനുഭാവം പ്രകടിപ്പിച്ചില്ലെങ്കിലും ഇടത് വിരുദ്ധ ചേരിയിൽ കെട്ടുന്നതാണ് അനുഭവം. പിന്നെ സ്വപ്ന സുരേഷ് ഉയർത്തിയ ആരോപണങ്ങൾ എന്ന നിലക്കാണ്, വെളിപ്പെടുത്തൽ എന്ന നിലയ്ക്കല്ല ഞാൻ ചർച്ച ചെയ്തിട്ടുള്ളത് എന്ന് എനിക്ക് ഉറപ്പിച്ചു പറയാനാകും. വിജിലൻസിന്റെ അമിതാവേശവും പൊലീസിന്റെ മാസ്‌ക് അഴിപ്പിക്കലും പറയരുത് എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും. HRDS ന്റെ കടന്നുവരവും അഡ്വ. കൃഷ്ണരാജിന്റെ പ്രത്യക്ഷപ്പെടലുമൊക്കെ തുല്യപ്രാധാന്യത്തിൽ തന്നെ ആണ് മീഡിയ വൺ ചർച്ച ചെയ്തിട്ടുള്ളത്.
കേരളത്തിലെ ടെലിവിഷൻ ജേണലിസം ശരിയായ പാതയിൽ തന്നെയാണോ മുന്നോട്ടുപോകുന്നത്? സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവിൽ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെയും തുടർന്നുണ്ടായ കോലാഹലങ്ങളുടെയും സന്ദർഭങ്ങളിൽ മാധ്യമങ്ങൾ സ്വീകരിച്ച സമീപനം, റിപ്പോർട്ടിംഗ് രീതി എന്നിവയെക്കുറിച്ചെല്ലാം മാധ്യമലോകത്തിനകത്തുനിന്നും പുറത്തുനിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ആ വിമർശനങ്ങളോട് എങ്ങിനെയാണ് പ്രതികരിക്കുന്നത്?
അങ്ങനെ ഒന്നും അവകാശപ്പെടാൻ ഞാൻ ആളല്ല... തെറ്റിയും തിരുത്തിയും തന്നെയാണ് മുന്നേറുന്നത്. കുട്ടികൾ കാണരുത് എന്ന മുന്നറിയിപ്പോടെ സരിത നായരുടെ ആരോപണങ്ങൾ വാർത്താ സമ്മേളനം നടത്തി ആഘോഷിച്ചവർ, സ്വപ്നയുടെ ജയിലിലെ ശബ്ദരേഖ ശരിയെന്ന് അവകാശപ്പെട്ടവർ മറിച്ചുള്ള വിവരങ്ങൾ വരുമ്പോൾ രോഷം കൊള്ളരുത്. സ്വപ്നയുടെ ആരോപണങ്ങളെ പ്രതിപക്ഷം പോലും ആഘോഷിച്ചിട്ടില്ല എന്നത് അവരുടെ തിരഞ്ഞെടുപ്പ് അനുഭവത്തിന്റെ പശ്ചാത്തലത്തിൽകൂടി ആണ്. മീഡിയ വൺ ഏതായാലും കരുതലോടെ തന്നെ ആണ് ഈ വിഷയത്തെ സമീപിച്ചിട്ടുള്ളത് എന്ന് എനിക്ക് ഉറപ്പിച്ചു പറയാനാകും.