മലയാള മാധ്യമങ്ങൾ സംഘപരിവാർ ചട്ടുകങ്ങളെന്ന പ്രചാരണം ഇടതുപക്ഷസൃഷ്ടി

സംഘപരിവാർ സ്വാധീനം, മാനേജുമെന്റ് താൽപര്യങ്ങളുടെ ഇടപെടൽ, ഇടതുവിരുദ്ധത, സെൻസേഷണലിസത്തിലൂന്നിയുള്ള റിപ്പോർട്ടിങ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ നിലപാടിനെതിരെ പൊതുസമൂഹത്തിൽനിന്നും മാധ്യമങ്ങൾക്കകത്തുനിന്നും വിമർശനങ്ങളുയരുന്ന സാഹചര്യത്തിൽ ട്രൂ കോപ്പി തിങ്കിന്റെ അഞ്ചു ചോദ്യങ്ങളോട് പ്രമുഖ മാധ്യമപ്രവർത്തകർ പ്രതികരിക്കുന്നു. യൂടോക് എഡിറ്റർ ഇൻ ചീഫ് ഉണ്ണി ബാലകൃഷ്ണൻ സംസാരിക്കുന്നു.

ഷഫീഖ് താമരശ്ശേരി: മലയാള മാധ്യമങ്ങളുടെ എഡിറ്റോറിയൽ തീരുമാനങ്ങളെ നിയന്ത്രിക്കുന്ന തരത്തിൽ സംഘപരിവാർ അവരുടെ സ്വാധീനം ഉറപ്പിച്ചുവെന്നും ആർ.എസ്.എസ് അനുഭാവമുള്ള മാധ്യമപ്രവർത്തകർക്കും എഡിറ്റർമാർക്കുമുള്ള ആവശ്യകത വർധിക്കുകയാണെന്നുമുള്ള തരത്തിൽ ആരോപണങ്ങൾ ശക്തമാണല്ലോ. അത്തരമൊരു സ്വാധീനം സംഘപരിവാറിന് മലയാള മാധ്യമങ്ങളിൽ ഉണ്ടോ, എങ്ങിനെയാണതിനെ വിലയിരുത്തുന്നത്?

ഉണ്ണി ബാലകൃഷ്ണൻ:2014ൽ നരേന്ദ്രമോദി അധികാരത്തിൽ വരുന്നതോടെയാണ് സംഘപരിവാർ മാധ്യമങ്ങളെ നിയന്ത്രിക്കുന്നു എന്ന ആരോപണം ശക്തമാകുന്നത്. അത് കേവലം ആരോപണം മാത്രമായിരുന്നില്ല. കേന്ദ്ര സർക്കാരിനെതിരെയും ഹിന്ദുത്വ വർഗീയതക്കെതിരെയും സംസാരിക്കുന്ന മാധ്യമങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങൾ നടന്നു എന്നത് വസ്തുതയാണ്. അക്കാര്യത്തിൽ കേന്ദ്ര സർക്കാർ വിജയിക്കുകയും ചെയ്തു. സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങളുടെ എഡിറ്റർമാർ പുറത്താക്കപ്പെട്ടു. പല മാധ്യമ സ്ഥാപനങ്ങളും റെയ്ഡ് ചെയ്യപ്പെട്ടു. മാധ്യമങ്ങൾക്കുള്ള സർക്കാർ പരസ്യങ്ങൾ നിഷേധിക്കപ്പെട്ടു. പല മാധ്യമ പ്രവർത്തകർക്കെതിരെയും രാജ്യദ്രോഹ കുറ്റം വരെ ചുമത്തപ്പെട്ടു. പല ചാനലുകളുടേയും സംപ്രേഷണം റദ്ദാക്കപ്പെട്ടു. ചുരക്കത്തിൽ മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും മൂക്കു കയറിടുന്നതിൽ മോദിയും ബി.ജെ.പി സർക്കാരും വിജയിച്ചു. ഇതാണ് ദേശീയ തലത്തിൽ സംഭവിച്ചത്.

എന്നാൽ ഇതേസമയം, അതായത് 2014 ൽ കേരളത്തിലെ മാധ്യമങ്ങൾ ഇങ്ങനെയൊരു പ്രതിസന്ധിയെ നേരിട്ടിരുന്നോ? ഇല്ല. ഇവിടെ മലയാള മാധ്യമങ്ങൾ അക്കാലത്ത് ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ സോളാർ വിവാദം, ബാർ കോഴ വിവാദം എന്നിവ ആഘോഷിക്കുകയായിരുന്നു. യു.ഡി.എഫ് സർക്കാരിനെതിരെ പ്രതിപക്ഷത്തെക്കാൾ ശക്തമായി ആഞ്ഞടിക്കുകയായിരുന്നു. അന്ന് ചാനൽ ചർച്ചകളിൽ പങ്കാളികളായി ഗാലറിയിലിരുന്ന് കളികാണുകയും അതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയുമായിരുന്നു സി.പി.എമ്മും ഇടതുപക്ഷവും. അന്ന് സംഘപരിവാർ കേരളത്തിലെ മാധ്യമങ്ങളിൽ പിടിമുറുക്കുന്നു എന്നൊരു വാദം എവിടെയും ഉയർന്നിരുന്നില്ല. ദേശീയ തലത്തിൽ ബി.ജെ.പിയും കോൺഗ്രസുമാണ് എതിരാളികൾ. കോൺഗ്രസ് മുക്ത ഭാരതമാണ് ബി.ജെ.പിയുടെ ലക്ഷ്യം. എന്നിട്ടു കൂടിയും കോൺഗ്രസുകാർ ഇങ്ങനെ ഒരാരോപണം മാധ്യമങ്ങൾക്കെതിരെ കേരളത്തിൽ ഉന്നയിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

സോളാർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ആരോപണത്തെ തുടർന്ന്, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജി വെക്കുക എന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് നടത്തിയ സമരത്തിൽ പിണറായി വിജയൻ സംസാരിക്കുന്നു / Photo: cpim.org
സോളാർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ആരോപണത്തെ തുടർന്ന്, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജി വെക്കുക എന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് നടത്തിയ സമരത്തിൽ പിണറായി വിജയൻ സംസാരിക്കുന്നു / Photo: cpim.org

എപ്പോഴാണ് ഈ വാദം കേരളത്തിൽ ഉയർന്നു കേട്ടത്? ആരാണ് ഈ വാദം ഉയർത്തിയത്? അത് പരിശോധിച്ചാലേ ഇപ്പോൾ ഉയർന്നു വന്നിട്ടുള്ള മാധ്യമ വിമർശനത്തിന്റെ യഥാർത്ഥ രാഷ്ട്രീയ പരിസരം ബോധ്യപ്പെടുകയുള്ളു.

2016 ൽ പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുന്നു. കോൺഗ്രസും യു.ഡി.എഫും ഏതാണ്ട് നിലംപരിശാകുന്നു. സ്വാഭാവികമായും മാധ്യമങ്ങൾ തുടക്കത്തിൽ ഇടതുപക്ഷത്തിന്റെ വിജയത്തേക്കാൾ കോൺഗ്രസിന്റെ തകർച്ചയെയാണ് ആഘോഷിച്ചത്. കാരണം അത് മാധ്യമങ്ങളുടെ വിജയമായിരുന്നു. മാധ്യമങ്ങൾ ഉയർത്തിക്കൊണ്ടു വന്ന വിഷയങ്ങൾ ജനങ്ങളെ സ്വാധീനിച്ചതിന്റെ തെളിവായിരുന്നു തെരഞ്ഞെടുപ്പ് ഫലം. ഇടതുപക്ഷം മാധ്യമങ്ങൾക്ക് അന്ന് നന്ദി പറയുകയും ചെയ്തു. എന്നാൽ കുറച്ചു നാളുകൾക്കു ശേഷം മാധ്യമങ്ങൾ ഇടതു സർക്കാരിനെതിരെ തിരിഞ്ഞു. സ്വാഭാവികമാണത്. ഏതൊരു ജനാധിപത്യ സംവിധാനത്തിലും മാധ്യമങ്ങൾ നിർവഹിക്കേണ്ടത് പ്രതിപക്ഷ ധർമ്മമാണ്. അവർ സർക്കാരിന്റെ കുഴലൂത്തുകാരല്ല. സർക്കാരിന് കുഴൽ വിളിക്കാൻ പി.ആർ.ഡി അടക്കം അതിന്റേതായ സംവിധാനങ്ങൾ വേറെയുണ്ട്. എന്നാൽ ഇവിടം മുതലാണ് യഥാർത്ഥത്തിൽ പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്.

സംഘപരിവാർ ദേശീയ മാധ്യമങ്ങളെ പൂർണമായും കീഴടക്കിയ സാഹചര്യം നിലനിൽക്കുമ്പോൾ കേരളത്തിൽ മാധ്യമങ്ങൾ ഇടതു സർക്കാരിനെതിരെ തിരിഞ്ഞാൽ അവർ ആരുടെ വായ്പാട്ടുകാരായിരിക്കും?
സംഘപരിവാറിന്റെ!
പാവം കോൺഗ്രസ് ഒരു വശത്ത് തളർന്നു കുത്തി കിടക്കുകയാണ്. അവർക്ക് അതിനൊന്നും കെല്പില്ല. പിന്നെ ഇടതു സർക്കാരിനെ ദുർബലപ്പെടുത്താൻ കരുത്തുള്ളവർ ആരാണ്? സംഘപരിവാർ. അങ്ങനെയെങ്കിൽ സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ആരുടെ ചട്ടുകങ്ങളാണ്? സംഘപരിവാറിന്റെ! കേരളത്തിൽ വളരെ വേഗത്തിൽ വിറ്റു പോകാൻ കഴിയുന്ന ഈ ആശയം കണ്ടെത്തി പ്രചരിപ്പിച്ചതും സർക്കാരിനെതിരായി ഉയരുന്ന ശബ്ദങ്ങളെ അതിന്റെ യാഥാർത്ഥ്യത്തിൽ നിന്നും അടർത്തി മാറ്റി കാവിവൽക്കരിച്ചതും ഇടതുപക്ഷമാണ്. അതാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയം. കേരളത്തിലെ ഒരു മാധ്യമത്തിലും സംഘപരിവാർ പിടിമുറുക്കിയിട്ടില്ല എന്നു മാത്രമല്ല അടുത്ത കാലത്തൊന്നും അതിന് അവർക്ക് കഴിയുകയുമില്ല. അത്ര ശക്തമാണ് കേരളത്തിലെ മാധ്യമങ്ങളുടെയും മാധ്യമ പ്രവർത്തകരുടെയും മതനിരപേക്ഷ ബോധം. കേരളത്തിലെ ഏത് മാധ്യമ സ്ഥാപനത്തെയാണ് (പാർട്ടി മുഖപത്രം, ചാനൽ എന്നിവ ഒഴിച്ച്) ആർ.എസ്.എസ് നിയന്ത്രിക്കുന്നത് എന്ന് ആ വിമർശനം ഉന്നയിക്കുന്നവർ - അത് ഇടതുപക്ഷമായാലും മാധ്യമ പ്രവർത്തകരായാലും മാധ്യമ വിമർശകരായാലും - പരസ്യമായി പേരെടുത്ത് പറയാൻ തയ്യാറാകാണം.

ഇനി, സംഘപരിവാറിൽ നിന്ന്​ ഏറ്റവുമധികം ഭീഷണി നേരിടുന്നത് ന്യൂനപക്ഷ സമൂഹങ്ങളാണ്. പ്രത്യേകിച്ച് മുസ്‌ലിം സമുദായമാണ്. ആ സമുദായം കേരളത്തിലെ മാധ്യമ പ്രവർത്തനത്തെ ഏറ്റവും സെക്കുലറായാണ് കാണുന്നത്, നിരീക്ഷിക്കുന്നത്! അപ്പോൾ സർക്കാരിനെ വിമർശിക്കുമ്പോൾ ഇന്ന് കേരളത്തിൽ മാധ്യമങ്ങൾ അത്ഭുതകരമായി വർഗീയമായി തീരുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയെ തകർക്കാനും സ്വന്തം പാളിച്ചകൾ മറച്ചു വെക്കാനുമുള്ള കുതന്ത്രമായാണ് ഞാൻ മനസ്സിലാക്കുന്നത്.
(മധുര മനോഹര മനോജ്ഞമായ ഒരു സർക്കാരാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്നത് എന്ന് അതിന്റെ അണികൾ പോലും കരുതുന്നില്ലല്ലോ). ഈ കുതന്ത്രം വിജയിക്കാൻ അനുവദിച്ചു കൂടാ. അത് ജനാധിപത്യത്തിനും കേരളത്തിലെ മാധ്യമ സംസ്‌കാരത്തിനും അപകടകരമാണ്.

ഇടതുസർക്കാരിന്റെ തുടർച്ച അതിന്റെ ജനകീയ അടിത്തറ വിപുലമായതിന്റെ പ്രതിഫലനമായി കാണാത്ത ആളാണ് ഞാൻ. ഏറെക്കാലം കേരളത്തിൽ വലതുപക്ഷം പയറ്റിയ ജാതീയമായ സോഷ്യൽ എൻജിനീയറിംങ് അവരെക്കാൾ നന്നായി നടത്തി നേടിയ വിജയമായാണ് ഞാനതിനെ വിലയിരുത്തുന്നത്. ബാർ കോഴയിൽ കുറ്റവിമുക്തി നേടി മാണി കോൺഗ്രസ് എത്ര വേഗമാണ് എൽ.ഡി.എഫിൽ ഇടം നേടിയത്! (കോവിഡ് കിറ്റ് കിട്ടിയവർ നമുക്കും വോട്ടു ചെയ്തില്ലേ എന്ന വി.ഡി. സതീശന്റെ ചോദ്യം കുറച്ചു കൂടി യാഥാർത്ഥ്യ ബോധമുള്ളതാണ് എന്നർത്ഥം). മികച്ച സോഷ്യൽ എൻജിനീയറിങ്ങിലൂടെ വിജയം നേടുന്നതിനെ ഒട്ടും കുറച്ചു കാണുന്നില്ല. എന്നാൽ അത് സാമൂഹം പുരോഗമിച്ചതിന്റെ സൂചനയായി അവതരിപ്പിക്കാതിരുന്നാൽ മതി. അതായത് സർക്കാരിന്റെ തുടർച്ച ഇടത് അടിത്തറയുടെയും അതുവഴി മതേതരത്വം അടക്കമുള്ള മാനവിക മൂല്യങ്ങളുടെ വികാസവും വ്യാപനവുമായി തെറ്റിദ്ധരിച്ച് വല്ലാണ്ട് അഭിരമിക്കുന്ന അഭിനവ ഇടതു സഹയാത്രികർ എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്, അലോസരപ്പെടുത്തുന്നുമുണ്ട്. തൃക്കാക്കരയിൽ ആവർത്തിക്കാൻ ശ്രമിച്ച അതേ സോഷ്യൽ എൻജിനീയറിങ്ങിന്റെ പരാജയം അവരുടെ കണ്ണ് തുറപ്പിക്കട്ടെ.

വലതുപക്ഷ, പിന്തിരിപ്പൻ അജണ്ടയോടെ മാധ്യമ പ്രവർത്തനം കേരളത്തിൽ സംഭവിക്കുന്നില്ല എന്ന് ഇപ്പറഞ്ഞതിനർത്ഥമില്ല. അത് കേരളത്തിൽ ഇപ്പോൾ പൊടുന്നനെ സംഭവിച്ച ഒരു പ്രതിഭാസവുമല്ല. അതിനോട് ജാഗ്രത പുലർത്തേണ്ടതുമാണ്. എന്നാൽ രണ്ടാം പിണറായി സർക്കാർ അഥവാ ഭരണ തുടർച്ച സംജാതമായതോടെ വല്ലാത്ത ഒരസഹിഷ്ണുത മാധ്യമങ്ങളോട് വർദ്ധിച്ചിട്ടുണ്ട് എന്നത് കാണാതെ പോകരുത്. മാധ്യമമേഖലയിൽ നിന്നടക്കം വളരെയധികം പേർ അതിന്റെ കുഴലൂത്തുകാരായി (ഒന്നോ രണ്ടോ മാധ്യമങ്ങൾ നേരിട്ടു തന്നെയും) രണ്ടാം തരംഗത്തോടെ രംഗത്ത് എത്തിയിട്ടുമുണ്ട്. അവരുടെ ലക്ഷ്യങ്ങളെ കുറിച്ച് സംശയമുള്ള ആളാണ് ഞാൻ. എൽ.ഡി.എഫിനുവേണ്ടി മത്സരിച്ചവരും എസ്.എഫ്.ഐയാണെന്നും സി.പി.എം ആണെന്നും ഇടതുപക്ഷമാണെന്നും പരസ്യമായി തന്നെ പറയുന്നവരുമാണ് അവതാരകരിൽ അധികവും എന്ന വസ്തുത കാണാതെ പോവുകയുമരുത്.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സി.പി.എം അനുഭാവികളായ മാധ്യമ പ്രവർത്തകരെ നേരിൽ കാണാൻ തീരുമാനിച്ചപ്പോൾ എ.കെ.ജി സെന്ററിലേക്ക് മാധ്യമ പ്രവർത്തകരുടെ ഒഴുക്കായിരുന്നു എന്ന് നേരിട്ട് അറിവുള്ള ആളാണ് ഞാൻ. എന്നാൽ കേരളത്തിലെ തൊണ്ണൂറ് ശതമാനം മാധ്യമ പ്രവർത്തകരും ശരിക്കും ദാരിദ്ര്യരേഖക്ക് അല്പം മാത്രം മുകളിൽ നിൽക്കുന്നവരും ആത്മാർത്ഥമായി ഈ പണി ചെയ്യുന്നവരും മറ്റൊന്നും ലക്ഷ്യം വക്കാത്തവരുമാണെന്ന് കഴിഞ്ഞ മുപ്പത് വർഷത്തെ എന്റെ അനുഭവത്തിൽ നിന്നും എനിക്ക് പറയാൻ കഴിയും. അവരുടെ മതേതരബോധമാണ് ഈ സമൂഹത്തിന്റെ നെടുംതൂണ് എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നയാളാണ് ഞാൻ. അവസരം നോക്കി മതേതരത്വം വിറ്റ് കാശാക്കുന്ന ഒരു രാഷ്ട്രീയക്കാരനും ആത്മാർത്ഥതയുടെ ഈ ഒസ്യത്ത് എഴുതി നൽകാൻ ഞാൻ തയ്യാറുമല്ല.

അതുകൊണ്ട് പ്രിയമുള്ളവരെ, നാഭിക്കു ചവിട്ടുന്ന പോലീസുകാരനെതിരെ നിങ്ങൾ എഴുതുകയും പറയുകയും ചെയ്യുക, കറുപ്പിനോടുള്ള പകയെ പരിഹസിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുക. അതുകൊണ്ട് നിങ്ങൾ സംഘപരിവാറാകുന്നില്ല, നിങ്ങളുടെ വാർത്ത കാവി അണിയുന്നുമില്ല. അത്തരം പ്രചാരങ്ങൾ വിലപ്പോവുകയുമില്ല. ഇല്ലാത്ത ഭൂതത്തെ കാട്ടി അധികനാൾ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കേരളത്തിൽ ബി.ജെ.പിക്ക് കാര്യമാത്രമായ സ്വാധീനമൊന്നുമില്ലാതിരുന്നിട്ടും രാഷ്ട്രീയ വ്യവഹാരങ്ങളിൽ തുല്യപ്രാതിനിധ്യം നേടാൻ ടെലിവിഷൻ ന്യൂസ്റൂമുകൾ സംഘപരിവാറിനെ സഹായിച്ചിട്ടുണ്ടോ?

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ സ്വാധീനം അനുസരിച്ച് അഥവാ വോട്ട് ശതമാനം അനുസരിച്ച് ഒരു രാഷ്ട്രീയ പാർട്ടിക്കും എന്റെ അറിവിൽ ഒരു ടെലിവിഷൻ ചാനലും സംവരണം ഏർപ്പെടുത്തിയിട്ടില്ല. കേരളത്തിൽ വാർഡ് തലം മുതൽ ലോകസഭയിലേക്കു വരെ ത്രികോണ മത്സരമാണ് നടക്കുന്നത് എന്ന് സമ്മതിച്ചേ തീരു. ആ അർത്ഥത്തിൽ എല്ലാ stake holders നും തുല്യ പ്രാതിനിധ്യം നൽകുക എന്നത് വാർത്തയിലെ ജനാധിപത്യ രീതിയാണ്. അവിടെ ആരോടും തൊട്ടുകൂടായ്മ സാധ്യമല്ല. അങ്ങനെയൊന്ന് നീതീകരിക്കാവുന്നതുമല്ല. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ VSDP(വൈകുണ്ഠസ്വാമി ധർമ പ്രചാരണ സഭ)യുടെ പ്രതിനിധിയെ വിളിക്കും. അവർ ഒരു കേരളാ പാർട്ടി ആയതുകൊണ്ടല്ല. മറിച്ച് ആ മണ്ഡലത്തിൽ അവർ ഒരു മുഖ്യശക്തിയായതു കൊണ്ടാണ്. ഇത് ടെലിവിഷൻ പിന്തുടരുന്ന രീതിയാണ്.

ഇനി സംഘപരിവാറിനെ സംബന്ധിച്ച പ്രാതിനിധ്യ പ്രശ്‌നത്തിൽ ആവലാതിപ്പെടുന്നത് ഒരുതരം സ്യൂഡോയിസമാണ്. വലിയ അറിവില്ലായ്മ പോലുമാണ്. കാരണം, സംഘപരിവാർ ഇന്ത്യയിൽ അതിന്റെ സ്വാധീനം ഉറപ്പിച്ചതും ഉറപ്പിച്ചുകൊണ്ടിരിക്കുന്നതും ഒരുകാലത്തും മാധ്യമങ്ങളെ ഉപയോഗിച്ചായിരുന്നില്ല. അവർക്ക് അവരുടേതായ രീതികളുണ്ട്. അത് വിജയിച്ചതാണ് ചരിത്രം. അതുകൊണ്ടാണ് അവർ ഇന്ന് അധികാരത്തിലിരിക്കുന്നത്. അതിനെ കണ്ടില്ല എന്നു നടിച്ചിട്ട് കാര്യവുമില്ല. ആ രീതികളെ കണ്ടെത്തി പ്രതിരോധിക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ ടെലിവിഷനിലെ അഞ്ചുപേർ അണിനിരന്ന ഒരു ചർച്ചയിൽ ഒരു ബോക്‌സിൽ ബി.ജെ.പിയുടെ ഒരാൾ പ്രത്യക്ഷപ്പെട്ടതാണ് അഥവാ അങ്ങനെ ചിലരെ അണിനിരത്തിയതാണ് ബി.ജെ.പി വളരാൻ കാരണമായത് എന്ന് ധരിക്കുന്നത് വീണ്ടും മാധ്യമങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഒരു ഒളിച്ചു കളിയാണ്. തുടർന്നും ചർച്ചകളിൽ അവരുണ്ടാവണമെന്നും അവരുടെ അഭിപ്രായത്തെ മാധ്യമങ്ങളും മറുപക്ഷവും നേരിടണം എന്നുമാണ് എന്റെ അഭിപ്രായം.

മാനേജ്മെന്റുകളുടെ രാഷ്ട്രീയ താത്പര്യങ്ങൾക്കനുസൃതമായി വാർത്താലോകം പരിമിതപ്പെടുന്നതുമായി ബന്ധപ്പെട്ട് ധാരാളം ചർച്ചകൾ നടക്കുന്നുണ്ടല്ലോ. മലയാള മാധ്യമങ്ങളിൽ ഇത് എത്രത്തോളം പ്രകടമാണ്. താങ്കളുടെ മാധ്യമ ജീവിതത്തിൽ ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ?

എല്ലാ മാധ്യമമാനേജുമെന്റുകൾക്കും അവരുടേതായ രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ട് എന്നതും അത് വാർത്താ ലോകത്തെ പരിമിതപ്പെടുത്തുന്നുണ്ട് എന്നതും എത്രയോ പഴയ യാഥാർത്ഥ്യമാണ്. മറിച്ചും തിരിച്ചും നാളേറെയായി നാമത് ആവർത്തിച്ചുകൊണ്ടും ഒരുതരത്തിൽ ആഘോഷിച്ചു കൊണ്ടുമിരിക്കുന്നു. ഭൂരിഭാഗം സന്ദർഭങ്ങളിലും മാനേജ്‌മെൻറ്​ ഇടപെടൽ എന്നത് കക്ഷി രാഷ്ട്രീയവുമായി ബന്ധപ്പെട്ട വാർത്തകൾക്കുള്ള നിയന്ത്രണങ്ങളായാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. എന്നാൽ രാഷ്ട്രീയം മാത്രമല്ലല്ലോ, മനുഷ്യാവകാശ സംബന്ധിയായ, ലിംഗ സംബന്ധിയായ, വിദ്യാഭ്യാസ സംബന്ധിയായ അങ്ങനെ വൈവിധ്യപൂർണമായ എല്ലാ വാർത്തകൾക്കും ഇടമുള്ള വലിയ കാൻവാസാണ് നമ്മുടെ മാധ്യമങ്ങൾ. അവിടെ യാതൊരു നിയന്ത്രണങ്ങളും താൽപര്യങ്ങളും നിലനിൽക്കുന്നുമില്ല. എന്നാൽ എത്ര വാർത്തകൾ ഈ മേഖലകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്? ആരാണ് അതിനെതിരെ നിൽക്കുന്നത്? ആരുമില്ല. അടുത്തകാലത്ത് കേരളത്തിലെ ഏതെങ്കിലും ഒരു മാധ്യമം/മാധ്യമ പ്രവർത്തകൻ ഉയർത്തിക്കൊണ്ടുവന്ന ഒരു മനുഷ്യാവകാശ പ്രശ്‌നം ഓർത്തു പറയാമോ? എന്താണ് തടസ്സം? ആരാണ് തടസ്സം? മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തി പലതും നമുക്ക് ചെയ്യാതിരിക്കാമെന്ന സൗകര്യമുള്ളതായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. മിടുക്കൻമാരും മിടുക്കികളുമായ ജേണലിസ്റ്റുകളോടുള്ള എന്റെ ആത്മാർത്ഥമായ പരാതിയാണിത്. ദിലീപിന്റെ കേസിൽ കാണിക്കുന്ന ശുഷ്‌കാന്തിയും അട്ടപ്പാടിയിലെ മധുവിന്റെ കേസിൽ 'കാണിക്കാത്ത' ശുഷ്‌കാന്തിയും മാനേജ്‌മെന്റ് വിഷയമല്ല, നാം വ്യക്തിപരമായി പിന്തുടരുന്ന മാധ്യമ സംസ്‌കാരത്തിന്റെ വിഷയമാണ്.

ഭരണപക്ഷത്തിനെതിരായ പ്രതിപക്ഷ മാധ്യമധർമം നിർവഹിക്കുക എന്നതിലപ്പുറം തീവ്രമായ ഇടതുവിരുദ്ധ മനോഭാവം ഭൂരിഭാഗം മാധ്യമങ്ങൾക്കുമുണ്ട് എന്നതാണ് ഇടതുപക്ഷം നിരന്തരം ഉന്നയിക്കുന്ന ആരോപണം. ഇതിനെ എങ്ങിനെയാണ് വിലയിരുത്തുന്നത്?

അത് ഇടതുപക്ഷത്തിന്റെ ആരോപണം മാത്രമാണ്. ലോകത്തെവിടെയും സമഗ്രാധിപത്യ ഭരണകൂടങ്ങൾ മാധ്യമങ്ങളെ ഇഷ്ടപ്പെട്ടിട്ടില്ല. അത് ഫാസിസമായാലും കമ്യൂണിസമായാലും. ചൈനയിൽ നിന്നോ വടക്കൻ കൊറിയയിൽ നിന്നോ നിങ്ങൾക്ക് ഒരു വാർത്തയും അറിയാൻ കഴിയില്ല എന്ന് ആദ്യം സമ്മതിക്കണം. വിമർശനങ്ങൾ ഇടതുവിരോധമായി മനസ്സിലാക്കപ്പെടുന്നതിന്റെ പ്രത്യയശാസ്ത്രം ഇതാണ്. കേരളത്തിലെ മാധ്യമങ്ങൾ തീവ്ര ഇടതുവിരുദ്ധ മനോഭാവമുള്ളവ ആയിരുന്നെങ്കിൽ എന്ത് അദ്ഭുത വിദ്യയിലൂടെയാണ് കാലാകാലങ്ങളിൽ ഇടതുപക്ഷം കേരളത്തിൽ അധികാരത്തിൽ വന്നിട്ടുള്ളത്? ‘ഇടത് ധാർമികത' എന്ന ആശയം യഥാർത്ഥത്തിൽ രൂപപ്പെടുത്തിയത് കേരളത്തിലെ മാധ്യമങ്ങളാണ്. ചില കമ്യൂണിസ്റ്റ് നേതാക്കളെ പിന്തുടർന്ന് അങ്ങനെയൊന്ന് സമൂഹത്തിൽ സ്ഥാപിച്ചെടുത്തത് മാധ്യമങ്ങളും സാഹിത്യവുമായിരുന്നു. പാർടി സർക്കുലറുകളോ കമ്മിറ്റികളോ ആയിരുന്നില്ല. ആ ധാർമികത തന്നെയാണ് ഇന്നും ഈ പ്രസ്ഥാനങ്ങൾക്ക് ജനമനസ്സുകളിൽ ഇടം നേടിക്കൊടുക്കുന്നത്. അതിനിളക്കം തട്ടുന്ന പ്രവൃത്തികൾ സംഭവിക്കുമ്പോൾ (ഉദാഹരണത്തിന് അഴിമതി, സ്വകാര്യ താൽപര്യങ്ങൾ, കുടുംബ താൽപര്യങ്ങൾ എന്നിങ്ങനെ) അത് ചൂണ്ടിക്കാട്ടപ്പെടുക തന്നെ ചെയ്യും. അതിനെയാണ് തീവ്ര ഇടതു വിരുദ്ധത എന്ന് ഇന്ന് വിളിക്കപ്പെടുന്നത്! കടക്ക് പുറത്ത് എന്നത് അതിനികൃഷ്ടമായ അസഹിഷ്ണുതയാണ്, ആര് പറഞ്ഞാലും. ഇടത് വിരോധം രാഷ്ട്രീയ നിലപാടായി പ്രഖ്യാപിച്ചിട്ടുള്ള മാധ്യമങ്ങൾ കേരളത്തിലുണ്ട്. അതാകട്ടെ രഹസ്യമല്ല താനും. ആ മാധ്യമങ്ങൾക്കാണ് ഇടത് അണികളുടെ വലിയ പിന്തുണ എന്നത് സത്യത്തിൽ കൗതുകകരവുമാണ്. അത് ജനാധിപത്യത്തിന്റെ നല്ല രാസവിദ്യയാണ്.

കേരളത്തിലെ ടെലിവിഷൻ ജേണലിസം ശരിയായ പാതയിൽ തന്നെയാണോ മുന്നോട്ടുപോകുന്നത്? സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവിൽ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെയും തുടർന്നുണ്ടായ കോലാഹലങ്ങളുടെയും സന്ദർഭങ്ങളിൽ മാധ്യമങ്ങൾ സ്വീകരിച്ച സമീപനം, റിപ്പോർട്ടിംഗ് രീതി എന്നിവയെക്കുറിച്ചെല്ലാം മാധ്യമലോകത്തിനകത്തുനിന്നും പുറത്തുനിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ആ വിമർശനങ്ങളോട് എങ്ങിനെയാണ് പ്രതികരിക്കുന്നത്?

ശരിയായ പാത സംബന്ധിച്ച് പൊതുസമ്മിതിയുള്ള ഒരു മാർഗ രേഖയൊന്നുമില്ല. അതുകൊണ്ട് ടെലിവിഷൻ ജേണലിസം ശരിയായ പാതയിലാണോ മുന്നോട്ടു പോകുന്നത് എന്ന് കണ്ടെത്താൻ നാം വൃഥാ വ്യായാമം ചെയ്യേണ്ടതില്ല. മാധ്യമ പ്രവർത്തനത്തിന്റെ ശരിതെറ്റുകൾ അതത് കാലത്തിനനുസരിച്ച് വിലയിരുത്തപ്പെടുന്ന ഒന്നാണ് എന്നതിനാൽ അത് ഞാൻ വിട്ടു കളയുന്നു. എന്നാൽ തുടർന്നുള്ള ചോദ്യത്തിന്, അതായത് സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളോടുള്ള മാധ്യമങ്ങളുടെ സമീപനം പൂർണാമായും ശരിയായിരുന്നു എന്ന അഭിപ്രായക്കാരനാണ് ഞാൻ. അതിന്റെ കാരണങ്ങൾ വിശദീകരിക്കാം. ഒന്നാമതായി നയതന്ത്ര ചാനലിലൂടെ സ്വർണ കടത്ത് നടന്നു എന്നത് വസ്തുതയാണ്. കള്ളക്കടത്ത് സ്വർണം കസ്റ്റംസ് പിടിച്ചെടുത്ത് നമ്മെ നേരിട്ട് കാണിച്ചു തന്നതാണ്. രണ്ടാമതായി ആ കേസിൽ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവർ ജയിലിലടക്കപ്പെട്ടവരാണ്. നിയമ നടപടി ഉണ്ടായി എന്നർത്ഥം.

മൂന്നാമതായി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വരെ ജയിലിലടക്കപ്പെട്ടു. കോൺസുലേറ്റ് ജനറൽ രാത്രിക്ക് രാത്രി ഇന്ത്യ വിട്ടു. ഒരു കുറ്റ കൃത്യം നടന്നു എന്നതിൽ ആർക്കും തർക്കമില്ലല്ലോ. ഒരു കേസിലും അന്തിമ വിധി വരികയോ ആരെങ്കിലും കുറ്റ വിമുക്തരാക്കപ്പെടുകയോ ഏതെങ്കിലും ഏജൻസി കേസ് അന്വേഷണം അവസാനിപ്പിക്കുകയോ ചെയ്തിട്ടുമില്ല. ആകെ തള്ളിപ്പോയത് തീവ്രവാദി ബന്ധം മാത്രമാണ്. അപ്പോൾ കേസുണ്ട്. ഇത് സോളാർ പോലെയല്ല. സോളാറിൽ ഒരു സ്ത്രീ തന്നെ പീഡിപ്പിച്ചവരുടെ പേര് സ്വമേധയാ ഓരോ ദിവസവും വിളിച്ചു പറയുകയായിരുന്നു. ഒരു കേസുമില്ലാതിരുന്നിട്ടും നാമത് മനോഹരമായി (ഇടതു പിന്തുണയോടെ) ആഘോഷിച്ചില്ലെ?

ഇവിടെ സ്‌ട്രോങ്ങായ ഒരു കള്ളക്കടത്ത് കേസുണ്ട്. പോരാത്തതിന് കേവിഡ് കാലത്ത് എല്ലാ യാത്രാ നിയന്ത്രണങ്ങളും ഒഴിവാക്കി സ്വപ്നയെ ബാംഗ്ലൂരിലെത്തിച്ചതിന് സർക്കാരിന് ദുഷ്‌പേരുമുണ്ട്. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഏജൻസികൾ നിർബന്ധിക്കുന്നു എന്ന സ്വപ്നയുടെ ഓഡിയോ നാം നന്നായി പ്രചരിപ്പിച്ചവരല്ലെ. ഇപ്പോൾ സ്വപ്ന വീണ്ടും രംഗത്തു വരുമ്പോൾ നിശ്ചയമായും അവരെ കേൾക്കണം. കാരണം അവർ കോടതി മുമ്പാകെ മൊഴി നൽകിയിട്ടാണ് മാധ്യമങ്ങളെ കണ്ടത്. അവർ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പറയുന്നുവെങ്കിൽ അതിനെ പാർടിയും സർക്കാരും പ്രതിരോധിക്കണം. ജനാധിപത്യപരമായി ചർച്ച നടക്കട്ടെ. അതിന് കറുത്ത മാസ്‌ക് എന്തു പിഴച്ചു. എന്തായിരുന്നു ‘അവതാരങ്ങളും' പൊലീസ് മേധാവിമാരുമായുള്ള ഒത്തുകളി. ഇതൊക്കെ റിപ്പോർട്ട് ചെയ്യാതെ നമ്മുടെ മാധ്യമങ്ങൾ ശ്രീലങ്കയെക്കുറിച്ച് സംസാരിക്കണമായിരുന്നോ? ഈ റിപ്പോർട്ടിങ് എങ്ങനെയാണ് ഇടതു വിരുദ്ധമാകുന്നത്?

സ്വപ്നയുടെ വിരൽ തിളച്ച എണ്ണയിൽ മുക്കി ഉറപ്പുവരുത്തിയ ശേഷം റിപ്പോർട്ട് ചെയ്യണമായിരുന്നു എന്ന മട്ടിൽ ചില മാധ്യമ വിദൂഷികൾ തന്നെ രംഗത്തെത്തിയത് ഏറെ കൗതുകമായി. മാത്രവുമല്ല മുമ്പ് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് സ്വപ്ന ആവർത്തിച്ചതെന്നും പുതുതായി ഒരു വെളിപ്പെടുത്തലുമില്ല എന്നും ജനങ്ങളോട് പറഞ്ഞത് മാധ്യമങ്ങളല്ലെ. കസ്റ്റംസിന് നൽകിയ മൊഴി പകർപ്പ് പുറത്തു വിട്ടത് മാധ്യമങ്ങളല്ലെ. മാധ്യമങ്ങളിൽ നടന്ന ചർച്ചകളിലൂടെയാണല്ലോ ഈ എപ്പിസോഡിലെ എല്ലാ പിന്നാമ്പുറ കഥകളും പുറത്തു വന്നത്. സ്വപ്ന, അവർക്കു പിന്നിലെ സംഘടന, സംഘടനയുടെ താൽപര്യം, വിജിലൻസിന്റെ തട്ടിക്കൊണ്ടു പോക്ക്, സർക്കാരിന്റെ അന്തംവിട്ട ചെയ്തികൾ എന്നിങ്ങനെ എല്ലാം റിപ്പോർട്ടു ചെയ്യപ്പെടേണ്ടതു തന്നെയാണ്. അതുകൊണ്ട് മാധ്യമങ്ങളെ, നിങ്ങൾ ഇനിയും നിങ്ങളുടെ മൈക്കുകൾ ഉയർത്തി തന്നെ പിടിക്കണം. എല്ലാ ശബ്ദങ്ങളും മുഴങ്ങി തന്നെ കേൾക്കട്ടെ.


Summary: സംഘപരിവാർ സ്വാധീനം, മാനേജുമെന്റ് താൽപര്യങ്ങളുടെ ഇടപെടൽ, ഇടതുവിരുദ്ധത, സെൻസേഷണലിസത്തിലൂന്നിയുള്ള റിപ്പോർട്ടിങ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ നിലപാടിനെതിരെ പൊതുസമൂഹത്തിൽനിന്നും മാധ്യമങ്ങൾക്കകത്തുനിന്നും വിമർശനങ്ങളുയരുന്ന സാഹചര്യത്തിൽ ട്രൂ കോപ്പി തിങ്കിന്റെ അഞ്ചു ചോദ്യങ്ങളോട് പ്രമുഖ മാധ്യമപ്രവർത്തകർ പ്രതികരിക്കുന്നു. യൂടോക് എഡിറ്റർ ഇൻ ചീഫ് ഉണ്ണി ബാലകൃഷ്ണൻ സംസാരിക്കുന്നു.


Comments