ശശികുമാർ

മാധ്യമങ്ങൾക്കെതിരായി പൊലീസിനെ രംഗത്തിറക്കുന്നത്​ ഒഴിവാക്കണം

മാധ്യമപ്രവര്‍ത്തനം വളരെ endangered ആയ അവസ്​ഥയിലാണെന്ന്​ തിരിച്ചറിയണം. ഈയൊരു സാഹചര്യം കൂടി പരിഗണിച്ചുവേണം ഭരണകൂടങ്ങളുടെ, പ്രത്യേകിച്ച്​, കേരളത്തിലേതുപോലുള്ള പുരോഗമന ഭരണകൂടങ്ങളുടെ, മാധ്യമങ്ങളോടുള്ള സമീപനം.

മനില സി. മോഹൻ: ഒരു വശത്ത് മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ഭരണകൂടങ്ങളാൽ നിയമനടപടികളും എതിർപ്പും വേട്ടയും നേരിടുന്നു. മറുവശത്ത്, വലിയ വിഭാഗം മാധ്യമങ്ങൾ ഭരണകൂടങ്ങളുടെ വക്താക്കളും പ്രയോജകരും പ്രായോജകരുമായി പ്രവർത്തിക്കുന്നു. മാധ്യമ - രാഷ്ട്രീയ രംഗം സങ്കീർണവും പ്രവചനാതീതവുമായിരിക്കുന്നു എന്നുപറയാം. ഇത് കേന്ദ്രത്തിലും കേരളത്തിലും സംഭവിക്കുന്നുണ്ട്. മാധ്യമങ്ങളോട് ശത്രുതാപരമായി പെരുമാറുന്ന ഭരണകൂടങ്ങളും ഭരണകൂടങ്ങളോട് ശത്രുതാപരമായി പെരുമാറുന്ന മാധ്യമങ്ങളും ജനാധിപത്യത്തിന്, സമൂഹത്തിന്, എന്തെങ്കിലും ഗുണം ചെയ്യുമോ?

ശശികുമാർ: ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ക്ക് ഭരണകൂടത്തോട് വിപരീത സമീപനമാണ് വേണ്ടത്. ഭരണകൂടത്തോട് സൗഹൃദം പുലര്‍ത്തുക എന്നതല്ല മാധ്യമധര്‍മം. ഭരണകൂടത്തിന്റെ കുറവുകളും തെറ്റുകളും- പ്രത്യേകിച്ച് ഭരണകൂടം ജനവിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍- ചൂണ്ടിക്കാട്ടുകയാണ് മാധ്യമധര്‍മം. ഭരണകൂടത്തിന്റെ നല്ല കാര്യങ്ങള്‍ പറയാന്‍ പി.ആർ. ഡി ഡിപ്പാര്‍ട്ടുമെന്റുണ്ടല്ലോ. അതുകൊണ്ട്, the media in a democracy is adversarial to those in power എന്നൊരു വിപരീത സമീപനമാണ്​ വേണ്ടത്​. പക്ഷെ, മാധ്യമങ്ങള്‍ തന്നെ ഒരു പ്രശ്‌നമായി മാറി എന്നതാണ് ഇപ്പോഴത്തെ വസ്തുത. മാധ്യമങ്ങളെ ഇന്ത്യയിൽ ‘ഗോദി മീഡിയ’ എന്ന് വിശേഷിപ്പിക്കാം. അതായത്, ഭരണകൂടത്തിന്റെ മടിയില്‍ കിടന്ന് ഭരണകൂടത്തിനുവേണ്ട കാര്യങ്ങള്‍ വിളിച്ചുപറയുന്ന മാധ്യമരീതിയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

കേരളത്തിലും രൂക്ഷമായ അവസ്​ഥയാണ്​ പലപ്പോഴും കാണുന്നത്. ചില പത്രങ്ങളും ചാനലുകളും ഭരണകൂടത്തിനെതിരായി ഒരു കാരണവുമില്ലാതെ നിരന്തരം, ഒരു കാമ്പയിനെന്നപോലെ പറഞ്ഞുകൊണ്ടിരിക്കുന്നു. കുറ്റമുണ്ടെങ്കിലും ഇല്ലെങ്കിലും, നിരന്തരം ഭരണകൂടത്തിനെതിരായി പറഞ്ഞുകൊണ്ടിരിക്കണം എന്നത് എഡിറ്റോറിയല്‍ പോളിസിയായി മാറുമ്പോൾ അതിന്റെ വിശ്വാസ്യത തകരും. മാധ്യമങ്ങള്‍ പറയുന്നതെല്ലാം വിശ്വസിക്കാന്‍ പറ്റുമോ എന്ന്​ ജനങ്ങൾക്കുതോന്നും. മാധ്യമങ്ങളെ വിശ്വസിച്ച് ഒരു നിലപാട് എടുക്കാന്‍ പറ്റുമോ? അതുകൊണ്ടുതന്നെ ഇതൊരു സങ്കീര്‍ണ വിഷയമാണ്​.

ഗൂഢാലോചനാകുറ്റത്തിന് പൊലീസ് കേസെടുത്ത ഏഷ്യനെറ്റ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍

അതേസമയം, ഭരണകൂടങ്ങള്‍ മാധ്യമങ്ങളെ സമീപിക്കുമ്പോള്‍ പൊലീസിനെ കഴിവതും ഒഴിവാക്കണം എന്നതാണ് എന്റെ അഭിപ്രായം. കേരളത്തില്‍ പ്രത്യേകിച്ചും, മറ്റു സംസ്ഥാനങ്ങളിലും കാണുന്നത്, തൊട്ടതിനും പിടിച്ചതിനുമൊക്കെ പൊലീസിനെ രംഗത്തിറക്കുക എന്നതാണ്, പ്രത്യേകിച്ച്​, മാധ്യമങ്ങള്‍ക്കെതിരായി. അത് മാധ്യമപ്രവര്‍ത്തകര്‍ക്കും ജനാധിപത്യത്തില്‍ വിശ്വാസമുള്ള പൗരര്‍ക്കും അടിസ്ഥാനപരമായി എതിര്‍ക്കേണ്ട പ്രശ്‌നമായി മാറുന്നുണ്ട്. കഴിയുന്നതും മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുകയാണ്​ വേണ്ടത്​.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19- freedom of speech and expression- മൗലികാവകാശമാണ് എന്ന് വാദിക്കുമ്പോള്‍, അതിന്റെ അര്‍ഥം, നമുക്ക് മറ്റുള്ളവരെ വിമര്‍ശിക്കാന്‍, പ്രത്യേകിച്ച് ഭരണകൂടങ്ങളുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടാൻ സ്വാതന്ത്ര്യം വേണം എന്നാണ്. ഭരണകൂടം അതിനെതിരായി പ്രവര്‍ത്തിക്കാന്‍ പാടില്ല എന്നതാണ് ഇതിന്റെ ആന്തരാർഥം. ഭരണകൂടങ്ങളെ പുകഴ്ത്താന്‍ നമുക്ക് ഫ്രീഡം ഓഫ് സ്പീച്ചിന്റെ ആവശ്യമില്ലല്ലോ. അങ്ങനെ ചെയ്​താൽ അവര്‍ നമുക്ക് കൂടുതല്‍ പരസ്യം തന്നേക്കാം, മറ്റു റിവാര്‍ഡുകള്‍ തന്നേക്കാം. അത് ജനാധിപത്യത്തില്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ ഓട്ടേണമിയെ ബാധിക്കുന്ന സംഗതിയായി മാറുകയും ചെയ്യും.

മാധ്യമങ്ങൾക്ക് സവിശേഷമായ അവകാശങ്ങൾ ഇല്ല എന്നാണ് ജേണലിസ്റ്റുകൾക്കെതിരെ റിപ്പോർട്ടിങ്ങിൻ്റെ പേരിൽ കേസെടുക്കുന്നവരുടെ വാദം. ജനാധിപത്യ രാജ്യത്ത് പൗരർക്കുള്ള അവകാശ സ്വാതന്ത്ര്യങ്ങൾക്കപ്പുറത്ത് മാധ്യമങ്ങൾക്കോ മാധ്യമ പ്രവർത്തകർക്കോ പ്രത്യേക അവകാശ സ്വാതന്ത്ര്യമില്ല എന്നാണ് വാദിക്കുന്നത്. ജേണലിസം ഒരു തൊഴിൽ മേഖല കൂടിയാണ്. വ്യക്തിയുടെ സ്വാതന്ത്ര്യാവകാശങ്ങളുമായി തുലനം ചെയ്തുകൊണ്ടാണോ മാധ്യമ സ്വാതന്ത്ര്യത്തേയും അവകാശത്തേയും നിർവ്വചിക്കേണ്ടത്? ജേണലിസത്തിൻ്റെ ലോക ചരിത്രം എന്താണ് പറയുന്നത്? ജേണലിസത്തിൻ്റെ വർത്തമാന ചരിത്രത്തെ എങ്ങനെയാണ് വിലയിരുത്തേണ്ടത്?

മാധ്യമപ്രവര്‍ത്തകര്‍ക്ക് പൗരന്‍ എന്നതിലുപരിയുള്ള സ്വാതന്ത്ര്യമോ അധികാരമോ, ഭരണഘടനാപരമായി തന്നെ ഇല്ല എന്നൊരു വാദം രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടത്തിലുള്ളവരും ഉന്നയിക്കുന്നുണ്ട്. ഈ വാദത്തിൽ അര്‍ഥമില്ല. മാധ്യമങ്ങളെ ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന്​ വിശേഷിപ്പിക്കുമ്പോള്‍. ഈ നാലു തൂണുകളും പരസ്പരം ‘ചെക്ക് ആൻറ്​ ബാലന്‍സ്’ ചെയ്യുക എന്നതാണ് ഭരണഘടനയുടെ സ്​പിരിറ്റ്​. യു.എസ് ഭരണഘടനയില്‍ ഇത് സ്പിരിറ്റ് മാത്രമല്ല, ലെറ്റര്‍ ഓഫ് ദി കോണ്‍സ്റ്റിറ്റ്യൂഷൻ പോലുമാണ്. യു.എസ് ഭരണഘടനയിലെ ആദ്യ ഭേദഗതി ഇങ്ങനെ പറയുന്നു: ‘‘Congress shall make no law respecting an establishment of religion, or prohibiting the free exercise thereof; or abridging the freedom of speech, or of the press; or the right of the people peaceably to assemble, and to petition the government for a redress of grievances.’’

നിര്‍ഭാഗ്യവശാല്‍, ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനം എന്നത് ഭരണഘടനാപരമായ അവകാശമായി വന്നില്ല. എന്നാല്‍, ഏതൊരു പൗരനുമുള്ള അവകാശത്തില്‍ കൂടുതല്‍ മാധ്യമങ്ങള്‍ക്കുണ്ട്​ എന്നത് അടുത്തകാലത്തെ കോടതിവിധികളിലൂടെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്​.

മാധ്യമസ്വാതന്ത്ര്യത്തിനെതിരായി യു.എസ്​ കോണ്‍ഗ്രസിനുമാത്രമല്ല, ജുഡീഷ്യറിക്കും പ്രവര്‍ത്തിക്കാനാകില്ല. അത് ഭരണഘടനാപരമായ അവകാശമാണ്.
എന്നാൽ, നമ്മുടെ ഭരണഘടനയില്‍ അങ്ങനെയൊരു അവകാശമില്ല. ഭരണഘടന രൂപീകരിക്കുന്ന സന്ദര്‍ഭത്തില്‍, കോണ്‍സ്റ്റിറ്റ്യുവൻറ്​ അസംബ്ലിയിലും മറ്റും, പത്രങ്ങള്‍ക്ക് പ്രത്യേക അവകാശം വേണമെന്ന കാര്യം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആ ഒരു കാലഘട്ടത്തിന്റെ റിഫ്ലഷൻ മൂലമായിരിക്കാം, ജവഹൽലാൽ നെഹ്‌റുവും പട്ടേലും അംബേദ്കറുമൊക്കെ ‘reasonable restraints’ എന്ന ക്ലോസ് ആവശ്യമുണ്ട് എന്നു വാദിക്കുകയും ഒടുവിൽ അത് നിലനിര്‍ത്തുകയും ചെയ്​തു. (19- 2: ‘reasonable restrictions can be imposed on freedom of speech and expression in the interest of the security of State’). ഈ ക്ലോസ് ഉപയോഗിച്ചാണ്​ ഇപ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നത്​. ഐ.പി.സിയില്‍ പോലും ഈ ക്ലോസ് സൈറ്റ് ചെയ്യുന്നുണ്ട്. (ഇപ്പോള്‍, കൗതുകകരമായി തോന്നാം, അന്ന് ഈ ​ക്ലോസ്​ വേണ്ട എന്നു വാദിക്കുന്നത്, ബി.ജെ.പിയുടെ ഗോഡ് ഫാദര്‍ എന്നു വിശേഷിപ്പിക്കാവുന്ന ശ്യാമപ്രസാദ് മുഖര്‍ജിയാണ്).
അതുകൊണ്ടുതന്നെ, നിര്‍ഭാഗ്യവശാല്‍, ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനം എന്നത് ഭരണഘടനാപരമായ അവകാശമായി വന്നില്ല. എന്നാല്‍, ഏതൊരു പൗരനുമുള്ള അവകാശത്തില്‍ കൂടുതല്‍ മാധ്യമങ്ങള്‍ക്കുണ്ട്​ എന്നത് അടുത്തകാലത്തെ കോടതിവിധികളിലൂടെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്​. പെഗാസസ് കേസിലെ ഇടക്കാലവിധിയില്‍ സുപ്രീംകോടതി ചീഫ്​ ജസ്റ്റിസ് എൻ.വി. രമണയുടെ വിധിയില്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്, മാധ്യമസ്വാതന്ത്ര്യം, സോഴ്​സുകളുടെ സംരക്ഷണം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയവ ജനാധിപത്യത്തിന്റെ തൂണുകളാണ് എന്ന്​. ചീഫ്​ ജസ്​റ്റിസ്​ ഡി.​വൈ. ചന്ദ്രചൂഡ്, മാധ്യമപ്രവര്‍ത്തനത്തിനുവേണ്ട സ്വാതന്ത്ര്യത്തെയും ഓട്ടേണമിയെയും കുറിച്ച് ഈയിടെ വിപുലമായി പറഞ്ഞിട്ടുണ്ട്.

ഭരണഘടനാ ഡ്രാഫ്റ്റിങ്ങ് കമ്മിറ്റി ചെയർമാൻ ഡോ. ബി.ആർ. അംബേദ്കർ ഭരണഘടനയുടെ അവസാന ഡ്രാഫ്റ്റ് പ്രസിഡന്റ് രാജേന്ദ്ര പ്രസാദിന് കൈമാറുന്നു.. / Photo: Wikimedia Commons

നാലാം തൂണായ മീഡിയ​ മറ്റു മൂന്നു തൂണുകളുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നു, അതിനെ വിലയിരുത്തുന്നു- അത് ഒരു invigilating function ആണ്. ഭരണഘടനയില്‍ ഇതിന് separation of powers എന്നു പറയും. നാലാം തൂണ് എന്നത് ഒരു വ്യാഖ്യാനമാണ്. അതാണ് ഭരണഘടനയുടെ സ്പിരിറ്റ് എന്നാണ് ഞാന്‍ വാദിക്കുന്നത്. ജുഡീഷ്യറി ഭരണകൂടത്തെ ഇന്‍വിജിലേറ്റ് ചെയ്യുന്നു, മാധ്യമങ്ങള്‍ ജുഡീഷ്യറിയെപ്പോലും ഇന്‍വിജിലേറ്റ് ചെയ്യുന്നു. ജുഡീഷ്യറിയുടെ ചില വിധികളെയും അഭിപ്രായപ്രകടനങ്ങളെയും കുറിച്ച്​ എഡിറ്റോറിയല്‍വിമര്‍ശനമുണ്ടാകുന്നുണ്ട്, contempt of court വരാത്ത രീതിയില്‍. separation of powers- ന്റെ മാനിഫെസ്‌റ്റേഷന്‍, ഈ ചെക്ക്‌സ് ആൻറ്​ ബാലന്‍സസ്- ഈയൊരു ഫംങ്​ഷൻ ഇല്ലെങ്കില്‍ ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ക്ക് വേണ്ടത്ര സ്വാതന്ത്ര്യം ഉണ്ടാകില്ല. അത്തരമൊരു ജനാധിപത്യം lesser democracy ആയിരിക്കും. അതാണ് ഇന്ത്യയില്‍ ഇന്ന് ഇലക്റ്റഡ് ഓട്ടോക്രസിയാണ് എന്ന വിമര്‍ശനമുയരാന്‍ കാരണം. World Press Index- ലൊക്കെ ഇന്ത്യ വളരെ തുച്ഛമായ സ്ഥാനത്താണുള്ളത്. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറിന്റെ മാധ്യമങ്ങളോടുള്ള സമീപനം എടുത്തുപറയേണ്ടതില്ല. മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെ ‘പ്രൊപ്പഗാന്‍ഡ ആം’ ആയി മാറുന്നു.

മാധ്യമങ്ങള്‍ ആരെയെങ്കിലും കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അത് ക്രിമിനല്‍ കുറ്റമായി മാറുന്ന സാഹചര്യമുണ്ട്​. ക്രിമിനല്‍ ഡിഫമേഷന്‍ പോലുമുണ്ട് ഇന്ത്യയില്‍. ഇത്തരമൊരവസ്​ഥയിൽ പൊലീസ് പ്രോ ആക്​റ്റീവായി രംഗത്തുവന്ന് അതിനെ കുളമാക്കേണ്ട കാര്യമില്ല. അത്​ ആവർത്തിച്ചുകാണേണ്ടിവരു​മ്പോൾ നമുക്കതിനെ വിമർശി​ക്കേണ്ടിവരുന്നു.

ഈയിടെ, ക്രിമിനല്‍ ഡിഫമേഷന്‍ നിയമം നടപ്പാക്കാൻ പാടില്ല എന്ന ചര്‍ച്ച നടന്നിരുന്നുവല്ലോ. രാജ്യദ്രോഹനിയമം സുപ്രീംകോടതി മരവിപ്പിച്ചുവെങ്കിലും ഈ നിയമപ്രകാരം ആര്‍ക്കെതിരെയും കേസെടുക്കാന്‍ പാടില്ല എന്നു പറഞ്ഞെങ്കിലും ഈ നിയമം നിലനിർത്തണമെന്ന്​ ലോ കമീഷൻ റിപ്പോർട്ട്​ ചെയ്​തിരിക്കുന്നു. ഇത്തരം മനഃസ്ഥിതിയാണ് ഭരണഘടനയെ സംബന്ധിച്ച പ്രവര്‍ത്തനങ്ങളില്‍ ഭരണകൂട സ്ഥാപനങ്ങള്‍ക്കുള്ളത്. അപ്പോള്‍, മാധ്യമപ്രവര്‍ത്തനം വളരെ endangered ആയ അവസ്​ഥയിലാണെന്ന്​ തിരിച്ചറിയണം. ഈയൊരു സാഹചര്യം കൂടി പരിഗണിച്ചുവേണം ഭരണകൂടങ്ങളുടെ, പ്രത്യേകിച്ച്​, കേരളത്തിലേതുപോലുള്ള പുരോഗമന ഭരണകൂടങ്ങളുടെ, മാധ്യമങ്ങളോടുള്ള സമീപനം. ചിലപ്പോള്‍ മാധ്യമങ്ങള്‍ ഭരണകൂടങ്ങളെ ലക്ഷ്യം വച്ച് propaganda arm ആയി പ്രവര്‍ത്തിക്കുമ്പോള്‍ അത്​, നിയമവിരുദ്ധമാണെങ്കിൽ, ഭരണകൂടങ്ങള്‍ക്ക് നിയമപ്രകാരം പ്രവര്‍ത്തിക്കേണ്ടിവരും. പക്ഷെ, മിക്കവാറും ഇത്തരം പ്രശ്‌നങ്ങളില്‍ law of defamation ഉണ്ട്. അതായത്​, മാധ്യമങ്ങള്‍ ആരെയെങ്കിലും കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അത് ക്രിമിനല്‍ കുറ്റമായി മാറുന്ന സാഹചര്യമുണ്ട്​. ക്രിമിനല്‍ ഡിഫമേഷന്‍ പോലുമുണ്ട് ഇന്ത്യയില്‍. ഇത്തരമൊരവസ്​ഥയിൽ പൊലീസ് പ്രോ ആക്​റ്റീവായി രംഗത്തുവന്ന് അതിനെ കുളമാക്കേണ്ട കാര്യമില്ല. അത്​ ആവർത്തിച്ചുകാണേണ്ടിവരു​മ്പോൾ നമുക്കതിനെ വിമർശി​ക്കേണ്ടിവരുന്നു.

പരീക്ഷ എഴുതാതെ വിജയിച്ചെന്ന വിവാദത്തില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ആരോപിച്ച് പരാതി നല്‍കിയ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ

ടെലിവിഷൻ ജേണലിസത്തിൻ്റെ വളർച്ചയുടെ കാലം ഇന്ത്യയിലും കേരളത്തിലും എങ്ങനെയാണ് ജേണലിസത്തിൻ്റെ നൈതികതയെ, അന്തസത്തയെ പ്രത്യക്ഷത്തിൽത്തന്നെ ഇല്ലാതാക്കിയത്? ജേണലിസത്തിൻ്റെ അടിസ്ഥാന പാഠങ്ങൾ പോലും മാറ്റിയെഴുതുന്നതിലേക്ക് പ്രിൻറ്​ മീഡിയയും ടെലിവിഷനും ഡിജിറ്റൽ മീഡിയയും എത്തിച്ചേർന്ന രാഷ്ട്രീയ- സാമ്പത്തിക വശങ്ങൾ എന്തൊക്കെയാണ്?

സ്വതന്ത്ര ടെലിവിഷന്‍ ചാനലുകളുടെ വരവും അതിനുശേഷം വന്ന ഡിജിറ്റല്‍ മീഡിയയും മാധ്യമരംഗത്തെ ഒരുപാട് മാറ്റിയിട്ടുണ്ട്. അതൊരു അധഃപ്പതനമായി ഞാന്‍ കാണുന്നില്ല. കാരണം, ​പ്രിൻറ്​ മീഡിയ മാത്രമുണ്ടായിരുന്ന കാലഘട്ടത്തില്‍ പബ്ലിക് സ്ഫിയറില്‍ വേണ്ടത്ര ചര്‍ച്ചകളുണ്ടായിട്ടില്ല. എന്നാല്‍, അത്രക്കു മതി ചര്‍ച്ച എന്നു വാദിക്കുന്നവര്‍ക്ക് അത് വളരെ സൗകര്യപ്രദമായി തോന്നും. tyranny of media- യുടെ ഒരു കാലഘട്ടം പോലുമായിരുന്നു പ്രിൻറ്​ മീഡിയയുടേത്​. ചില വലിയ പത്രങ്ങള്‍ പറയുന്നതായിരുന്നു സത്യം. അതിനപ്പുറമുള്ളത് നമുക്കറിയില്ല. അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മാത്രമാണ് നമ്മള്‍ വായിക്കുന്നത്. ഇപ്പോള്‍ ടെലിവിഷനെ കളിയാക്കി പറയാറില്ലേ, if it is not reported on television, it has not happened. പ്രിൻറ്​ മീഡിയയുടെ കാലത്തായിരുന്നു ഇത് കൂടുതല്‍ സത്യമായിരുന്നത്. Newspaper of record എന്ന് നമ്മള്‍ ഇപ്പോള്‍ പറയുമ്പോള്‍, അതിനൊരു നെഗറ്റീവ് ആസ്‌പെക്റ്റ് കൂടിയുണ്ട്​ എന്നോർക്കണം. newspaper of record ഒരു chronicling ആണ്. ചര്‍ച്ച, അഭിപ്രായവ്യത്യാസം, വിമര്‍ശനം എന്നിവ ഉള്‍ക്കൊള്ളുന്നില്ല എന്നാണ് അതിന്റെ അര്‍ഥം.

ജനാധിപത്യത്തെ ഒരു ഓര്‍ഡര്‍ലിയായ സ്‌പെയ്‌സ് ആയി കരുതുന്നതുതന്നെ പ്രോ ഫാഷിസ്​റ്റ്​ ചിന്തയാണ്. എല്ലാം വളരെ നീറ്റ് ആയി നടക്കുന്ന രീതിയല്ല ജനാധിപത്യം. അതിൽ കുറെ കുഴപ്പങ്ങളും ഡിസോർഡറുകളുമുണ്ടാകും.

അതായത്, ഒരു ഔദ്യോഗിക ഗസറ്റായി പത്രങ്ങള്‍ മാറുന്നു. പക്ഷെ, ടെലിവിഷന്‍ മീഡിയയുടെ explosion, ഡിജിറ്റല്‍ മീഡിയയുടെ എടുത്തുചാട്ടം എന്നിവ മാധ്യമരംഗത്ത്​ വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. അതിലുപരി, സോഷ്യല്‍ മീഡിയയുടെ വരവോടെ, മാധ്യമപ്രവര്‍ത്തനം, democratize into the people എന്നു പറയാം. അത്​ ഡമോക്രറ്റൈസേഷനാണോ വൾഗറൈസേഷനാണോ എന്നൊക്കെ അക്കാദമിക് ചര്‍ച്ച നടത്താമെങ്കിലും സത്യം അതാണ്. ഇപ്പോള്‍ ഏതൊരു പൗരനും മാധ്യമപ്രവര്‍ത്തകരാകാം. വാട്‌സ്ആപ് മെസേജുകളും ട്വീറ്റുകളും വ്ലോഗുകളും മാധ്യമപ്രവര്‍ത്തനമായി മാറിക്കഴിഞ്ഞു. പല പ്രധാന സ്‌റ്റോറികളും വ്ലോഗുകളിലൂടെയാണ് വരുന്നത്. എവിടെയാണ് മാധ്യമപ്രവര്‍ത്തനം അവസാനിക്കുന്നത്​, എവിടെയാണ്​ സോഷ്യല്‍ മീഡിയ തുടങ്ങുന്നത്​; അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ എവിടെ അവസാനിക്കുന്നു, മാധ്യമപ്രവര്‍ത്തനം എവിടെ തുടങ്ങുന്നു എന്നത് ഇപ്പോഴും വ്യക്തമല്ല. ഇതുമൂലം നമുക്കും പഴയ മാധ്യമപ്രവര്‍ത്തനത്തിന്റെ ചില ചട്ടങ്ങളും ധാരണകളും അഴിച്ചുപണിയേണ്ടിവരുന്നുണ്ട്. ജേണലിസം സ്‌കൂളുകളില്‍ പോലും നേരിടുന്ന ഒരു പ്രശ്‌നമിതാണ്: എങ്ങനെയാണ് മാധ്യമപ്രവര്‍ത്തനം പഠിപ്പിക്കുക? ജേണലിസം സ്‌കുളുകളുടെ കരിക്കുലത്തെ തന്നെ ബാധിക്കുന്ന ഒരു പ്രശ്‌നം.

മാധ്യമപ്രവര്‍ത്തനം മുമ്പത്തെ അവസ്ഥയിലേക്ക് മടങ്ങാൻ പോകുന്നില്ല. ജനാധിപത്യത്തെ ഒരു ഓര്‍ഡര്‍ലിയായ സ്‌പെയ്‌സ് ആയി കരുതുന്നതുതന്നെ പ്രോ ഫാഷിസ്​റ്റ്​ ചിന്തയാണ്. എല്ലാം വളരെ നീറ്റ് ആയി നടക്കുന്ന രീതിയല്ല ജനാധിപത്യം. അതിൽ കുറെ കുഴപ്പങ്ങളും ഡിസോർഡറുകളുമുണ്ടാകും. അത് നമ്മള്‍ തിരിച്ചറിയണം.
സിംഗപ്പൂരിനെപ്പോലെ വളരെ ഡവലപ്പ്ഡ് ആയ രാജ്യത്തുപോലും മാധ്യമപ്രവര്‍ത്തനത്തിന് വേണ്ടത്ര സ്വാതന്ത്ര്യമില്ല. ഇക്കണോമിക്​ പ്രസിനുണ്ട്​, എന്നാൽ, പൊളിറ്റിക്കല്‍ പ്രസിന് പരിധികളുണ്ട്. യു.എസില്‍ മാധ്യമസ്വാതന്ത്ര്യമുണ്ട്, സംശയമില്ല. എന്നാല്‍, മാധ്യമങ്ങള്‍ സ്വയം ആ സ്വാതന്ത്ര്യത്തെ എങ്ങനെ ഉപയോഗിക്കുന്നു, അല്ലെങ്കില്‍ യു.എസ് ഇംപീരിയലിസത്തിനെ താങ്ങിനിര്‍ത്താനാണോ ഉപയോഗിക്കുന്നത് എന്നത്​ വേറൊരു വാദമാണ്. അതൊരു വസ്തുതയാണുതാനും.

നമ്മുടേത്​ ഒരു ട്രൂ ഡെമോക്രസിയാണ്​, ഇതുവരെയെങ്കിലും; അത് വലിയ വെല്ലുവിളിയാണെങ്കിലും. മാധ്യമങ്ങള്‍ സ്വാതന്ത്ര്യം പ്രയോഗിക്കുന്നുണ്ട്. ജനാധിപത്യം എന്നാല്‍ neat and orderly affair അല്ല, അതൊരു muddy and messy affair ആണ്. ജനാധിപത്യത്തെ neat and orderly ആക്കാന്‍ ശ്രമിക്കുമ്പോള്‍ അത് പ്രോ​ട്ടോ ഫാഷിസ്​റ്റ്​ ആയി മാറും. അടിയന്തരാവസ്ഥാ കാലത്ത് ഇന്ദിരാഗാന്ധി ശ്രമിച്ചതും അവര്‍ നേരിട്ട തിരിച്ചടികളും ഓർക്കുക. ഇപ്പോള്‍ ബി.ജെ.പിയും അതേരീതിയിലുള്ള സമീപനമാണ് സ്വീകരിക്കുന്നത്. അവര്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ മാത്രം പറയുന്നവ നല്ല മാധ്യമങ്ങള്‍, അല്ലാത്തവ ആന്റി നാഷനല്‍.

മാധ്യമങ്ങളില്‍ നവീകരണം വേണം എന്ന അഭിപ്രായം എനിക്കുണ്ട്, പക്ഷെ, അത് മാധ്യമങ്ങളില്‍നിന്നുതന്നെ വരണം. മാധ്യമങ്ങളില്‍ regulation വേണം എന്നുണ്ടെങ്കില്‍ അതും മാധ്യമങ്ങള്‍ക്കുള്ളില്‍നിന്നുതന്നെ വരണം. external regulation- ന്​ വിധേയമാകുന്ന മാധ്യമപ്രവര്‍ത്തനത്തിന്​, സ്വതന്ത്രമാധ്യമപ്രവര്‍ത്തനമാകാന്‍ പറ്റില്ല.

ബൂര്‍ഷ്വാ പ്രസിനെതിരായി ഒരു സോഷ്യലിസ്റ്റ് പ്രസ് മാർക്​സിന്റെയും ഏംഗൽസിന്റെയും സങ്കല്‍പ്പത്തിലുണ്ടായിരുന്നു. പക്ഷെ, പ്രായോഗികമായി കമ്യൂണിസ്റ്റ് / സോഷ്യലിസ്റ്റ് സൊസൈറ്റികളില്‍ അങ്ങനെയൊരു സ്വാതന്ത്ര്യം വന്നില്ല. അതുകൊണ്ടുതന്നെ, സോഷ്യലിസനും മാധ്യമപ്രവര്‍ത്തനവും തമ്മില്‍ ഒരു മിസ് മാച്ച് പൊതുവേയുണ്ട്.

ഒരു മാധ്യമ സ്ഥാപനത്തിൻ്റെ മൂലധനം അതിൻ്റെ എഡിറ്റോറിയൽ പോളിസിയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. കേരളത്തിൽ നിരവധി ടെലിവിഷൻ ചാനലുകൾ പുതുതായും രൂപമാറ്റം വരുത്തിയും അണിയറയിൽ ഒരുങ്ങുകയാണ്. ദേശീയ തലത്തിൽ എൻ.ഡി.ടി.വി അദാനി കയ്യടക്കി. മലയാളമുൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ എൻ.ഡി.ടി.വി ടെലിവിഷൻ ചാനൽ തുടങ്ങാൻ പോകുന്നു. ഏഷ്യാനെറ്റ് എന്ന കേരളത്തിലെ ആദ്യ സ്വകാര്യ ചാനൽ, ബി.ജെ.പി. എം.പി.യായ രാജീവ് ചന്ദ്രശേഖറുടെ കയ്യിലെത്തിയിട്ട് കുറേക്കാലമായി. മാധ്യമ മേഖലയിൽ നടക്കുന്ന വൻനിക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ അതിൻ്റെ രാഷ്ട്രീയം കൂടി ചർച്ച ചെയ്യേണ്ടത് അനിവാര്യമാണ്. കേരളത്തിലെ മാധ്യമ രംഗത്തെ മൂലധന നിക്ഷേപങ്ങൾ രാഷ്ട്രീയമായും സാമ്പത്തികമായും എന്താണ് ലക്ഷ്യമാക്കുന്നത്? അത് പുരോഗമനപരമാണോ?

മാധ്യമ സ്ഥാപനങ്ങളുടെ മൂലധനവുമായി ബന്ധപ്പെട്ടത്, ഒരു മൂല്യപ്രശ്‌നമാണ്. മാധ്യമങ്ങള്‍ ഒരു capitalist venture ആണ്. 17-ാം നൂറ്റാണ്ടിൽ, പശ്ചിമരാജ്യങ്ങളില്‍ പത്രങ്ങള്‍ കാപ്പിറ്റലിസ്റ്റ് ബിസിനസ് ആയാണ് തുടങ്ങുന്നത്. 200 വര്‍ഷങ്ങളുടെയൊക്കെ സംഘര്‍ഷത്തിനുശേഷമാണ് മാധ്യമ സ്വാതന്ത്ര്യം ഇപ്പോള്‍ തിരിച്ചറിയുന്ന രീതിയില്‍സ്ഥാപിക്കപ്പെടുന്നത്. അതിന് വേറൊരു മോഡല്‍ ഉണ്ടായിരുന്നുവോ? തീര്‍ച്ചയായും ഉണ്ടായിരുന്നു, ദൗര്‍ഭാഗ്യവശാല്‍ അത് മുന്നോട്ടുപോയില്ല. അത് കാള്‍ മാര്‍ക്‌സിന്റേതായിരുന്നു. മാര്‍ക്‌സിനെ മാതൃകാ മാധ്യമപ്രവര്‍ത്തകൻ എന്ന് വിശേഷിപ്പിക്കാം. അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ ഫിലോസഫി, ഇക്കണോമിക്കല്‍ റൈറ്റിംഗ്‌സ് എല്ലാം മാധ്യമപ്രവര്‍ത്തനത്തില്‍നിന്ന് മുന്നോട്ടുവന്നതാണ്. അദ്ദേഹം ആദ്യ കാലത്ത്​ ലണ്ടനില്‍ ന്യൂയോര്‍ക്ക് ട്രിബ്യൂണിന്റെ ചീഫ് ഓഫ് ബ്യൂറോ ആയിരുന്നു. സ്പാനിഷ് സിവില്‍വാര്‍, അടിമത്തം, നീഗ്രോകള്‍, ഏഷ്യന്‍ കാര്യങ്ങള്‍ തുടങ്ങി പല വിഷയങ്ങളെക്കുറിച്ച്​ നൂറോളം ആര്‍ട്ടിക്കിളുകള്‍ എഴുതി. ലോകം അറിയുന്ന വലിയ മാധ്യമപ്രവര്‍ത്തകരില്‍ മാര്‍ക്‌സിനെ ഉള്‍പ്പെടുത്താതിരിക്കാന്‍ വയ്യ. മാര്‍ക്‌സ് പറഞ്ഞിട്ടുണ്ട്, the first buisiness of the free media is not to be a buisiness. അതായത്, മാധ്യമങ്ങള്‍ ഒരു ബിസിനസായി മാറുമ്പോള്‍ തന്നെ ഈ പ്രശ്‌നങ്ങള്‍ അനിവാര്യമായി മാറുന്നു. അതുകൊണ്ടാണ് മാര്‍ക്‌സും ഏംഗല്‍സും 'ബൂര്‍ഷ്വാ പ്രസ്' എന്ന പ്രയോഗം കൊണ്ടുവരുന്നത്. ബൂര്‍ഷ്വാ പ്രസിനെതിരായി ഒരു സോഷ്യലിസ്റ്റ് പ്രസ് അവരുടെ സങ്കല്‍പ്പത്തിലുണ്ടായിരുന്നു. അതിന്റെ സവിശേഷതകളെക്കുറിച്ച് മാര്‍ക്‌സിന് നല്ല ബോധ്യവുമുണ്ടായിരുന്നു.

പക്ഷെ, പ്രായോഗികമായി കമ്യൂണിസ്റ്റ് / സോഷ്യലിസ്റ്റ് സൊസൈറ്റികളില്‍ അങ്ങനെയൊരു സ്വാതന്ത്ര്യം വന്നില്ല. ഒരു volk press, അതായത്, peoples press ആയാണ് മാര്‍ക്‌സ് അതിനെ സങ്കല്‍പ്പിച്ചത്. നിലവിലുള്ള സോഷ്യലിസ്റ്റ് സൊസൈറ്റികളില്‍ പോലും, ചൈനയിലായാലും ക്യൂബയിലായാലും, മാധ്യമപ്രവര്‍ത്തനത്തിന് വേണ്ടത്ര സ്വാതന്ത്ര്യമുണ്ടായില്ല. One of the big setbacks of Communism and Socialism was its inability to factor in the role of freepress in a society. തിയററ്റിക്കലി ഇതിനുള്ള ശക്തമായ അടിത്തറ മാര്‍ക്‌സും ഏംഗല്‍സും നല്‍കിയെങ്കിലും അത്​ അവഗണിക്കപ്പെട്ടു. കമ്യൂണിസത്തിന്റെ തുടക്കത്തില്‍, വിമര്‍ശനം പാടില്ല എന്നൊക്കെ വാദിക്കാം. എന്നാല്‍, പിന്നീടും അത് അതേ രീതിയില്‍ മുന്നോട്ടുപോയി. റോസ ലക്‌സംബര്‍ഗിന്റെയൊക്കെ ചിന്താഗതി മുന്നോട്ടുവന്നിരുന്നുവെങ്കില്‍ അത് വേറെ രീതിയില്‍ മുന്നോട്ടുപോയേനേ. പക്ഷെ, അത് സംഭവിച്ചില്ല. അതുകൊണ്ടുതന്നെ, സോഷ്യലിസനും മാധ്യമപ്രവര്‍ത്തനവും തമ്മില്‍ ഒരു മിസ് മാച്ച് പൊതുവേയുണ്ട്. അത് നിഷേധിക്കാന്‍ പറ്റില്ല.

Photo : Milan K Manoj

കാപ്പിറ്റലിസത്തിന്​ ഒരു inexorable logic ഉണ്ട്, ഇംപീരിയലിസത്തിന്റേതുപോലെ. അതുകൊണ്ടാണ്​ കേരളത്തില്‍, വളരെ പ്രോഗ്രസീവായി തുടങ്ങിയ ഒരു മാധ്യമ സ്ഥാപനത്തിന്റെ ഓണര്‍ഷിപ്പ് മാറിയത്​. അത് അനിവാര്യവുമാണ്. എന്‍.ഡി.ടി.വിയുടെ പോലും ഓണര്‍ഷിപ്പ് മാറുന്നു. അതാണ്, inexorable role of capitalism. ഇത് കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കും. അതിന്റെ ലിബറല്‍ കാരക്റ്റര്‍ എന്നു പറയുന്നതുതന്നെ ഇതാണ്. അതുകൊണ്ട്, ഈ പറഞ്ഞ പ്രശ്‌നങ്ങള്‍ കേരളത്തിലുണ്ട് എന്നത് സമ്മതിച്ചേ പറ്റൂ. സ്വഭാവികമായും പറ്റുന്ന ഒരു ട്രാപ്പ് കൂടിയാണിത്. അപ്പോള്‍ ഒരു പ്രോഗ്രസ്സീവ് / കമ്യൂണിസ്റ്റ് ഭരണകൂടം ഇങ്ങനെയുള്ള മാധ്യമങ്ങളോട്​ എന്ത്​ സമീപനം സ്വീകരിക്കണം എന്നത് ഒരു പ്രശ്‌നമായി വരും. എന്നാലും, മാര്‍ക്‌സിന്റെ പീപ്പിള്‍സ് പ്രസ് എന്ന തരത്തിലുള്ള ഒരു പ്ലൂരല്‍ മാധ്യമ ഡിസ്‌പെന്‍സേഷന്‍ഇന്ത്യയിലും കേരളത്തിലും വരുന്നുണ്ട്.

ഇന്ത്യയില്‍ ഇന്ന് ഡിജിറ്റല്‍ മീഡിയയാണ് തികച്ചും സ്വതന്ത്രമായ മീഡിയ. പല മുഖ്യധാരാ മീഡിയകളും ‘ഗോദി മീഡിയ’യായി മാറുന്നുണ്ട്. അല്ലെങ്കില്‍, അവിടെയും ഇവിടെയും തൊടാതെ വളരെ സേഫ് ആയി കാര്യങ്ങള്‍ പറഞ്ഞുപോകുന്ന മീഡിയയായി മാറുന്നു. ചില കാര്യങ്ങള്‍ നടന്നില്ല എന്നവര്‍ നടിക്കുന്നു. Yevgeny Yevtushenko പറഞ്ഞത് വീണ്ടും പറയേണ്ടി വരുന്നു... When truth is replaced by silence, the silence is a lie. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ഒരിക്കലും സത്യം പറയുന്നില്ല. സത്യത്തിനുപകരം നിശ്ശബ്​ദത പുലര്‍ത്തുമ്പോള്‍, ആ നിശ്ശബ്​ദത നുണയായി മാറുന്നു. ഇങ്ങനെയാണ് മാധ്യമങ്ങള്‍ കാപ്പിറ്റലിസത്തിന്റെ ഏജന്റ് ആയി മാറുന്നത്. ഈയൊരു പ്രക്രിയ നടക്കുമ്പോള്‍ തന്നെ അതിനൊരു കൗണ്ടര്‍ സാധ്യത ഡിജിറ്റല്‍ മീഡിയയിലുണ്ട് എന്നതാണ് നമുക്കുള്ള പ്രതീക്ഷ. കാരണം, ഇന്റര്‍നെറ്റ് എന്നത് ഒരു vast uncontained space ആണ്​. Terra Incognita എന്നു വിശേഷിപ്പിക്കാവുന്ന ഇന്റര്‍നെറ്റ് സ്‌പെയ്‌സില്‍ ആര്‍ക്കും മാധ്യമപ്രവര്‍ത്തനം തുടങ്ങാം, ആര്‍ക്കും സ്റ്റാര്‍ട്ടപ്പ് തു്ടങ്ങാം. അങ്ങനെ ഒരുപാട് മാധ്യമ സ്റ്റാര്‍ട്ടപ്പുകള്‍ വരുന്നുണ്ട്.

ജേണലിസ്​റ്റ്​ യൂണിയനുകൾ മാർജിനലൈസ്​ ചെയ്യപ്പെട്ടുവെങ്കിലും, മാധ്യമപ്രവര്‍ത്തകരുടെ കാരക്റ്റര്‍ ലിബറലും പ്രോഗ്രസ്സീവും തന്നെയായിരുന്നു. കാരണം, ഇന്ത്യയെപ്പോലൊരു ഡവലപ്പിംഗ് സൊസൈറ്റിയില്‍ പബ്ലിക് കോസിൽ വിശ്വാസമുള്ളവര്‍ക്ക് ലിബറലും പ്രോഗ്രസ്സീവും ആകാതിരിക്കാനാകില്ല.

ജനങ്ങളില്‍ എത്തിക്കേണ്ട കാര്യങ്ങളെല്ലാം എത്തിക്കുന്ന മാധ്യമങ്ങളെല്ലാം വാര്‍ത്താമാധ്യമങ്ങളാകണമെന്നില്ല. പ്രത്യേകിച്ച് പുതിയ തലമുറക്ക്, വാര്‍ത്താമാധ്യമങ്ങള്‍ narrow ആയി കണ്‍സ്ട്രക്റ്റ് ചെയ്യുന്ന രീതിയോട് താല്‍പര്യമില്ലാതെ വരുന്നത്​ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്​. അവര്‍ക്ക് സമകാലിക പ്രശ്‌നങ്ങളില്‍ താല്‍പര്യമില്ലാത്തതുകൊണ്ടല്ല, അത് തീർത്തും രാഷ്ട്രീയ വാര്‍ത്ത എന്ന രീതിയില്‍ ഒതുക്കപ്പെടുമ്പോള്‍ അവര്‍ക്ക് അതില്‍ താല്‍പര്യമില്ല. ലോകത്ത് ഒരുപാട് വേറെ കാര്യങ്ങള്‍ നടക്കുന്നുണ്ടല്ലോ. കോണ്‍ഗ്രസിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും അത് നടന്നു, ഇത്​ നടന്നു എന്ന്​ ദിവസവും കണ്ടുകൊണ്ടിരിക്കേണ്ടിവരുമ്പോൾ, അത്​ ഒരു out of proportion ആയി അവര്‍ക്ക് തോന്നും. അത്​ സ്വഭാവികമാണ്. ഊതിവീർപ്പിച്ച ഒരു പാട് വാര്‍ത്തകളുണ്ടാക്കുന്നു. അതില്‍ വായനക്കാര്‍ക്കോ പ്രേക്ഷകര്‍ക്കോ താല്‍പര്യമുണ്ടോ, അത് അവരുടെ ജീവിതത്തെ ബാധിക്കുന്നുണ്ടോ, എന്നൊക്കെ നമ്മള്‍ ശ്രദ്ധിക്കാറുണ്ടോ?
കാപ്പിറ്റലിസത്തിന്റെ ഒരു കണ്‍സംപ്ഷന്‍ മോഡ്, കണ്‍സംപ്ഷന്റെ ഒരു ഫ്യുവലിംഗ് പോയിന്റ് ഇതാണ്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ കണ്‍സ്യൂം ചെയ്തുകൊണ്ടിരിക്കും. ആവശ്യമുള്ള കാര്യങ്ങള്‍ നമ്മള്‍ തിരിച്ചറിഞ്ഞാല്‍ ഈ കണ്‍സപ്ഷന്‍ പാറ്റേണിനെ തന്നെ നമ്മള്‍ വെല്ലുവിളിക്കും. അതുകൊണ്ട് ഒരു ‘ഹാബിറ്റ് ഫോമിംഗ് കണ്‍സ്യൂമേഴ്‌സ്’ ആക്കി മാറ്റുക, ഈയൊരു കാപ്പിറ്റലിസ്റ്റ് മോഡിലേക്ക് നമ്മെ ഫിറ്റ്​ ചെയ്യുക, ഇതാണ് മാധ്യമങ്ങളും അറിഞ്ഞും അറിയാതെയും ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനു പിന്നിൽ മാധ്യമപ്രവര്‍ത്തകരല്ല. അദാനി എന്‍.ഡി.ടി.വി ഏറ്റെടുത്തു. അതുപോലെ റിലയന്‍സിന്​ നിരവധി മാധ്യമ സ്ഥാപനങ്ങളുണ്ട്. ഇവർക്കെല്ലാം കണ്‍ട്രോളിംഗ് ഇന്ററസ്റ്റുണ്ട്. മാധ്യമപ്രവര്‍ത്തനത്തോടുള്ള കൂറോ, ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ നിര്‍വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള വിചാരമോ അല്ല, ഇവരെ നയിക്കുന്നത്​; പകരം ലാഭം, കൂടുതൽ ലാഭം, ലാഭക്കൊതി. മാധ്യമങ്ങള്‍ ലാഭമുണ്ടാക്കാന്‍ പാടില്ല എന്നല്ല പറയുന്നത്, പക്ഷെ, ലാഭക്കൊതി പാടില്ല. പൊതുതാൽപര്യമായിരിക്കണം മാധ്യമങ്ങളുടെ പ്രധാന താൽപര്യം. അതല്ല ഇന്നുള്ളത്. profit maximisation in capitalism- അതാണ് ഇന്ന് ഇന്ത്യയിലെ മാധ്യമങ്ങളെ നയിക്കുന്നത്, കേരളവും ഇതില്‍നിന്ന് വേറിട്ടുനില്‍ക്കുന്നില്ല. കേരളവും ഒരു മാതൃകാ മാധ്യമ സ്​റ്റേറ്റ്​ ആണ്. അതുകൊണ്ടുതന്നെ ഇവിടെ അത് രൂക്ഷമായി അനുഭവിക്കാൻ പറ്റുന്നു.

Photo : Saji Insight

പരസ്പരമുള്ള മത്സരം, ഫാക്റ്റ് ചെക്ക് ചെയ്യാതിരിക്കൽ, ഷാലോ ആയ റിപ്പോർട്ടിങ്ങ്, പ്രൊപ്പഗാൻ്റ, ടെലിവിഷൻ ചർച്ചകളാണ് ജേണലിസം എന്നും ചർച്ചകൾ നയിക്കുന്നവർ മാത്രമാണ് ജേണലിസ്റ്റുകൾ എന്നുമുള്ള തോന്നൽ ഉണ്ടാക്കൽ തുടങ്ങിയ കാര്യങ്ങളൊക്കെ ജേണലിസത്തിൻ്റെ അപചയത്തിനുള്ള ഉദാഹരണങ്ങളായി കുറേക്കാലമായി പറയാറുണ്ട്. മാധ്യമങ്ങളുടെ ഘടനയിലും ഓരോ ഘടകത്തിലും അറിഞ്ഞോ അറിയാതെയോ സംഭവിച്ചിരിക്കുന്ന വലതുപക്ഷവത്കരണത്തെ ഒരു സിസ്റ്റം എന്ന നിലയിലും ആത്മവിമർശനപരമായ ദൗത്യം എന്ന നിലയിലും കാണേണ്ടതുണ്ട്. അങ്ങനെയൊരു സാധ്യത മുന്നിൽ കാണുന്നുണ്ടോ?

വലതും ഇടതും എന്ന ഛായ 17ാം നൂറ്റാണ്ടില്‍ തന്നെ മാധ്യമങ്ങളിൽ സംഭവിച്ചുകഴിഞ്ഞു. നമ്മള്‍ ഇന്ന് കാണുന്ന ഒരു ലിബറല്‍ ഡെമോക്രാറ്റിക് മീഡിയ എന്നത്, 17ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണ് തുടങ്ങുന്നത്. ഹെന്റി എട്ടാമന്റെ കാലത്ത് scandalum magnatum എന്നൊരു നിയമമുണ്ടായിരുന്നു. പബ്ലിഷേഴ്‌സിനെക്കുറിച്ച് ചിലര്‍ എഴുതും, അത് handouts പോലെ വിതരണം ചെയ്യും. പിന്നെയാണ് അത് പ്രിന്റായി വരിക, വ്യാപകമായി വായിച്ചുതുടങ്ങുക. അന്നും നൊബിലിറ്റിക്ക് എതിരായി ഒന്നും പറയാന്‍ പാടില്ല. അതായത്, magnate of the land. അവര്‍ക്കെതിരായി scandals പാടില്ല. അതുകൊണ്ട് മാധ്യമങ്ങള്‍ നൊബിലിറ്റിയെക്കുറിച്ചോ രാജാവിനെക്കുറിച്ചോ ഒന്നും പറയില്ല. പിന്നെ രണ്ട് പാര്‍ട്ടി സിസ്റ്റത്തിലേക്കു വരുന്നു- വിഗ്​ ആന്റ് ടോറീസ്. ടോറി സര്‍ക്കാറിന്റെ ആധിപത്യകാലത്ത്​ വിഗ് എഡിറ്റേഴ്‌സിന്​ ഇംഗ്ലണ്ട് വിട്ടുപോകേണ്ടിവന്നു. മാധ്യമങ്ങളെ ഭരണകൂടത്തിനുവേണ്ടി ഉപയോഗിക്കാൻ, ഒരു ഗവണ്‍മെന്റ് പ്രസ് പോലെ ഉണ്ടാക്കുന്നുണ്ട്. Published by Royal Authority എന്ന രീതിയില്‍ മാധ്യമങ്ങള്‍ പ്രിൻറ്​ ചെയ്യേണ്ടിവരുന്നു. ഇങ്ങനെ, മാധ്യമമേഖലയിൽ ലെഫ്റ്റും റൈറ്റുമായി വലിയ സംഘര്‍ഷങ്ങളുണ്ടാകുന്നുണ്ട്.
യു.എസിലും അത് കാണാം. യു.എസ് സ്വാതന്ത്ര്യപ്രസ്ഥാനത്തിലും ഭരണഘടനാ നിർമാണത്തിലുമൊക്കെ മാധ്യമങ്ങളുടെ പ്രസക്തി വളരെ വലുതാണ്. അന്നൊക്കെ പോസ്റ്റ്മാസ്റ്റര്‍ എന്നു പറഞ്ഞാല്‍ ഒരു പ്രിന്ററും പബ്ലിഷറുമായിരിക്കും. അവരായിരിക്കും മീഡിയ ഓര്‍ഗന്‍സിന്റെയും ജേണലുകളുടെയും പ്രസാധകര്‍. കാരണം, പോസ്റ്റുമാസ്റ്റര്‍മാരാകുമ്പോള്‍ വിതരണം എളുപ്പമാണല്ലോ. സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ തന്നെ അറിയപ്പെടുന്ന വലിയ പേരുകളൊക്കെ പോസ്റ്റുമാസ്റ്റര്‍ ജനറല്‍സും ന്യൂസ് പബ്ലിഷേഴ്‌സുമാണ്​. ഇത് ചരിത്രപരവുമാണ്.

ഒരുപാട് അഭിപ്രായങ്ങളുണ്ടാകണം. ജനങ്ങള്‍ക്ക് അത് സ്വീകരിക്കാം, നിരസിക്കാം, വിമര്‍ശിക്കാം. ഈയൊരു collision of ideas, ideologies, opinion and perspectives- ല്‍ നിന്നാണ് ഒരു വൈബ്രന്റ് മീഡിയ സൊസൈറ്റി ഉണ്ടാക്കാൻ പറ്റുക.

ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനം വ്യവസായമായിട്ടാണ് തുടങ്ങുന്നതെങ്കിലും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടാണ്​ അതിനൊരു കോൺടെക്​സ്​റ്റ്​ വരുന്നത്​. സ്വാതന്ത്ര്യസമരനേതാക്കൾ ഒന്നുകില്‍ അഭിഭാഷകരോ മാധ്യമപ്രവർത്തകരോ രണ്ടും ചേർന്നവരോ ആയിരുന്നു; ഗാന്ധിയെപ്പോലെ. ഗാന്ധി എഴുതുന്നത് സോളിലോകി പോലെയാണ്. അദ്ദേഹത്തിന്റെ എഴുത്തില്‍ moral cleansing- ഉം നടക്കുന്നുണ്ട്. അദ്ദേഹം ആത്മകഥയില്‍ പറയുന്നുണ്ട്, ‘ഇന്ത്യന്‍ ഒപ്പീനിയനി’ന്റെ പേജുകളുമായുള്ള ചര്‍ച്ചയിലൂടെയാണ് സത്യഗ്രഹം എന്ന ആയുധം തന്നെ അദ്ദേഹത്തിന്റെ മനസ്സില്‍ രൂപം കൊള്ളുന്നത് എന്ന്​. അതൊരു വലിയ ആയുധമായി മാറിയല്ലോ. അതാണ് നമ്മുടെ മാധ്യമപ്രവർത്തനത്തിന്റെ ചരിത്രപരമായ ട്രാക്ക്. അതുകൊണ്ടുതന്നെ അതിനൊരു പുരോഗമന, ലിബറല്‍ ഛായയുണ്ടായിരുന്നു. അത്​ ആന്റി കൊളോണിയല്‍ ആയിരുന്നു, ആന്റി ഇംപീരിയല്‍ ആയിരുന്നു. അതായത്, നമ്മുടെ മാധ്യമങ്ങൾക്ക്​ ഒരു ലിബറല്‍ ആൻറ്​ പ്രോഗ്രസ്സീവ് കാരക്റ്റര്‍ ഉണ്ട്​.

1991-ല്‍ ലിബറലൈസേഷന്റെയും ഗ്ലോബലൈസേഷന്റെയും കാലത്താണ്, നാഷനൽ കോൺടെക്​സ്​റ്റ്​ അല്ലെങ്കിൽ​ ‘പബ്ലിക് കോസ്’ എന്ന തരത്തിലുള്ള പ്രാധാന്യം കുറഞ്ഞ്​ മാധ്യമങ്ങൾ തീര്‍ത്തും ബിസിനസായി മാറുന്നത്. ലാഭമല്ല, കൂടുതൽ ലാഭത്തിലേക്കും ലാഭക്കൊതിയിലേക്കും അത്​ മാറി. അതിന്റെ ഭാഗമായി ഒരുപാട് അക്വിസിഷനുകളും മെര്‍ജറുകളും നടന്നു. ആഗോള തലത്തിലേതു പോലെ ഇന്ത്യയിലും വലിയ ബിസിനസുകാര്‍ മാധ്യമങ്ങളെ annex ചെയ്​തു, merge ചെയ്​തു. അങ്ങനെ, മാധ്യമങ്ങളുടെ ഐഡിയോളജി ബാക്ക്ഗ്രൗണ്ടിലേക്ക് മാറി.

ജേണലിസ്​റ്റ്​ യൂണിയനുകൾ മാർജിനലൈസ്​ ചെയ്യപ്പെട്ടുവെങ്കിലും, മാധ്യമപ്രവര്‍ത്തകരുടെ കാരക്റ്റര്‍ ലിബറലും പ്രോഗ്രസ്സീവും തന്നെയായിരുന്നു. കാരണം, ഇന്ത്യയെപ്പോലൊരു ഡവലപ്പിംഗ് സൊസൈറ്റിയില്‍ പബ്ലിക് കോസിൽ വിശ്വാസമുള്ളവര്‍ക്ക് ലിബറലും പ്രോഗ്രസ്സീവും ആകാതിരിക്കാനാകില്ല. അതിനു കാരണം, മാധ്യമങ്ങളുടെ ചരിത്രപരമായ പരിണാമം തന്നെയാണ്; ​ആഗോളീയമായും പ്രത്യേകിച്ച്​ ഇന്ത്യൻ സാഹചര്യത്തിലും.

It is in the beginning of the 1990s that a market paradigm comes into the media. മാര്‍ക്കറ്റില്‍ പോയി വാങ്ങുന്ന ഒരു വസ്തു മാത്രമായി മാധ്യമങ്ങള്‍ മാറി. അപ്പോള്‍ അതിന്റെ ലാര്‍ജര്‍ പബ്ലിക് കോണ്‍ടെക്‌സ്‌റ്റോ പര്‍പ്പസോ ഇല്ലാതായി. സ്വഭാവികമായും പൗരരുടെ മനസ്സില്‍ ഒരു സംശയമുണ്ടാകും: ഒരു മാര്‍ക്കറ്റ് സ്‌പെയ്‌സിലെ പ്രോഡക്റ്റാണെങ്കില്‍ മാധ്യമങ്ങൾക്ക്​ എന്തിന്​ ഭരണഘടനാപരമായ സംരക്ഷണം വേണം? സോപ്പ് വില്‍ക്കുന്നവര്‍ക്കോ, കാറ് വില്‍ക്കുന്നവര്‍ക്കോ ഭരണഘടനാ സംരക്ഷണം ആവശ്യമില്ലല്ലോ. മാധ്യമങ്ങള്‍ അതുപോലൊരു വസ്തുവായി മാറിയാല്‍ എന്തിന് അവര്‍ക്ക് സംരക്ഷണം നല്‍കണം എന്നൊരു ചിന്ത വന്നു തുടങ്ങിയിട്ടുണ്ട്. രാഷ്ട്രീയ താല്‍പര്യമുള്ളവര്‍ ഈയൊരു ചിന്ത എടുത്തിടുന്നുമുണ്ട്, നിക്ഷിപ്ത താല്‍പര്യമായിരിക്കാം.

നിലനിൽക്കാൻ മാധ്യമങ്ങള്‍ക്ക് ഒരു കാരണം വേണ്ടേ? അവ ഒരു പി.ആര്‍ ഔട്ട്ഫിറ്റായി, ഇക്കോണമിയിലെ ഒരു സെഗ്‌മെന്റായി നില്‍ക്കേണ്ട കാര്യമില്ല. അതുകൊണ്ട് മാധ്യമങ്ങള്‍ക്ക് reason for the existance തന്നെ പുനരാലോചിക്കേണ്ട അവസ്ഥയിലാണ്.

ഈ കോണ്‍ടെക്​സ്​റ്റ്​, മാധ്യമങ്ങളുടെ ലെഫ്റ്റ് ലിബറല്‍ കാരക്റ്ററിനുതന്നെ വലിയ തിരിച്ചടിയാകുന്നുണ്ട്. യൂണിയനുകളില്ല, വേജ്‌ബോര്‍ഡ് ഇല്ല, മാധ്യമപ്രവർത്തകർ കരാര്‍ തൊഴിലാളികളായി മാറുന്നു. എന്നാല്‍, ഡിജിറ്റല്‍ മീഡിയയുടെ വരവോടെ ഒരു escape route കിട്ടി, മാധ്യമങ്ങള്‍ക്ക്. പല സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നു. ഇതൊരു തുടക്കമായതിനാല്‍ ഭാവിയെക്കുറിച്ച് നിര്‍ണായകമായി പറയാന്‍ പറ്റില്ല. എന്നാൽ, മെയിന്‍സ്ട്രീം- വലിയ മാധ്യമങ്ങള്‍- എന്നത് മാറി ഒരുപാട് ചെറിയ മാധ്യമങ്ങള്‍, അതായത്​, contesting plural media വരികയാണെങ്കില്‍ ഒരുപാട് അഭിപ്രായങ്ങളുണ്ടാകും. ഇങ്ങനെ ഒരുപാട് അഭിപ്രായങ്ങളുണ്ടാകണം. ജനങ്ങള്‍ക്ക് അത് സ്വീകരിക്കാം, നിരസിക്കാം, വിമര്‍ശിക്കാം. ഈയൊരു collision of ideas, ideologies, opinion and perspectives- ല്‍ നിന്നാണ് ഒരു വൈബ്രന്റ് മീഡിയ സൊസൈറ്റി ഉണ്ടാക്കാൻ പറ്റുക. അത് ഇന്നോ നാളെയോ നടക്കില്ലായിരിക്കും, വര്‍ഷങ്ങളെടുക്കുമായിരിക്കും. എന്നാല്‍, ഡിജിറ്റല്‍ മീഡിയയുടെ വളര്‍ച്ചാഗതിവേഗം കാണുമ്പോള്‍ ഒരുപാട് വര്‍ഷങ്ങളെടുക്കേണ്ടതില്ല എന്നാണ് എനിക്കു തോന്നുന്നത്. അല്ലെങ്കില്‍ അവ എങ്ങനെയാണ് നിലനില്‍ക്കുക? നിലനിൽക്കാൻ മാധ്യമങ്ങള്‍ക്ക് ഒരു കാരണം വേണ്ടേ? അവ ഒരു പി.ആര്‍ ഔട്ട്ഫിറ്റായി, ഇക്കോണമിയിലെ ഒരു സെഗ്‌മെന്റായി നില്‍ക്കേണ്ട കാര്യമില്ല. അതുകൊണ്ട് മാധ്യമങ്ങള്‍ക്ക് reason for the existance തന്നെ പുനരാലോചിക്കേണ്ട അവസ്ഥയിലാണ്. അങ്ങനെ വരുമ്പോള്‍ ഈയൊരു അവസ്ഥ മാറാതിരിക്കില്ല എന്നാണ് എന്റെ വിശ്വാസം.

Comments