സ്വതന്ത്ര ഓൺലൈൻ മാധ്യമമായ The Wire-നെതിരെ വീണ്ടും രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത് അസം പോലീസ്. ഫൗണ്ടിങ് എഡിറ്റർ സിദ്ദാർഥ് വരദരാജനും മുതിർന്ന മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിനും ഗുവാഹത്തി ക്രൈം ബ്രാഞ്ചിൽ നിന്നാണ് സമൻസ് ലഭിച്ചിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം സെക്ഷൻ 152, 196, 197(1)(D)/3(6), 353, 45, 61 പ്രകാരമാണ് കേസെന്ന് സമൻസിൽ പറയുന്നുണ്ട്. രാജ്യത്തിൻെറ പരമാധികാരത്തിനും ഐക്യത്തിനുമെതിരെ പ്രവർത്തിച്ചുവെന്ന കുറ്റമാണ് സെക്ഷൻ 152-ൽ വരുന്നത്. ആഗസ്ത് 14-നാണ് ദി വയർ ഓഫീസിലേക്ക് സമൻസ് എത്തുന്നത്. കഴിഞ്ഞ ദിവസം കരൺ ഥാപ്പറിനും സമൻസ് ലഭിച്ചു. കേസിൽ എഫ്.ഐ.ഐർ ഇട്ട തീയതിയോ മറ്റ് വിശദാംശങ്ങളോ ഒന്നും തന്നെ സമൻസിൽ പറയുന്നില്ല. ഏതെങ്കിലും വാർത്തയുമായി ബന്ധപ്പെട്ടാണോ വീഡിയോയുമായി ബന്ധപ്പെട്ടാണോ എന്ന വിശദാംശങ്ങളൊന്നും തന്നെയില്ല. ഇരുവരെയും അന്വേഷണത്തിൻെറ ഭാഗമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനോട് സഹകരിക്കണമെന്നുമാണ് പറയുന്നത്.
ഓപ്പറേഷൻ സിന്ദൂറിനിടയിൽ ഇന്ത്യയ്ക്ക് യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന ദി വയർ വാർത്തയ്ക്കെതിരെ നേരത്തെയും രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുത്തിരുന്നു. എന്നാൽ ഈ വിഷയത്തിൽ സിദ്ദാർത്ഥ് വരദരാജൻ നൽകിയ ഹർജിയിൽ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും അനുകൂലവിധിയാണ് ഉണ്ടായിരുന്നത്. വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന ഇന്ത്യൻ പ്രതിരോധ അറ്റാഷെയുടെ പ്രസ്താവന ഉദ്ധരിച്ചായിരുന്നു വാർത്ത നൽകിയത്. ഇതേ വാർത്ത മറ്റ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നുവെന്നും എന്തുകൊണ്ടാണ് തങ്ങൾക്കെതിരെ മാത്രം കേസ് വന്നതെന്ന് ദി വയർ കോടതിയോട് ചോദിച്ചിരുന്നു. വിഷയത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് അടക്കമുള്ള നടപടികൾക്കുള്ള നീക്കം തടഞ്ഞുകൊണ്ട് ആഗസ്ത് 12-നാണ് സുപ്രീം കോടതിയുടെ വിധി വന്നത്. മാധ്യമസ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച് കൊണ്ടുള്ള വിധി വന്ന് ദിവസങ്ങൾക്കുള്ളിലാണ് ഇപ്പോൾ മാധ്യമപ്രവർത്തകർക്കെതിരെയും ദി വയറിനെതിരെയും പുതിയ രാജ്യദ്രോഹക്കേസുമായി അസം പോലീസ് എത്തിയിരിക്കുന്നത്.
സിദ്ദാർഥ് വരദരാജനോടും കരൺ ഥാപ്പറിനോടും ആഗസ്ത് 22ന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അഥവാ ഹാജരായില്ലെങ്കിൽ അറസ്റ്റ് ഉണ്ടാവുമെന്നും സമൻസിൽ പറയുന്നു.
