ഷഫീഖ് താമരശ്ശേരി ട്രൂകോപ്പി പ്രിൻസിപ്പൽ കറസ്പോണ്ടന്റായി ചുമതലയേറ്റു

Think

ട്രൂകോപ്പി പ്രിൻസിപ്പൽ കറസ്പോണ്ടന്റായി ഷഫീഖ് താമരശ്ശേരി ചുമതലയേറ്റു. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഷഫീഖ്, ഡൂൾ ന്യൂസ് ചീഫ് കറസ്പോണ്ടന്റായിരുന്നു. ഓൺലൈൻ ജേണലിസം രംഗത്ത് ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പ്രാധാന്യം നൽകിക്കൊണ്ട് ഷഫീഖ് ചെയ്ത നിരവധി സ്റ്റോറികൾ ഗൗരവമായ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. പരിസ്ഥിതി, പൊലീസ്, സ്ത്രീ, ആദിവാസി, ദളിത് വിഷയങ്ങളിലുള്ള ഇടപെടലുകൾക്കും നിരന്തര പ്രതിപക്ഷം എന്ന നിലയിലുള്ള ജേണലിസത്തിനും ട്രൂകോപ്പിയെ കൂടുതൽ ശക്തമാക്കാൻ ഷഫീഖ് താമരശ്ശേരിയുടെ സാന്നിധ്യം കാരണമാകുമെന്ന് സി.ഇ.ഒ.യും മാനേജിങ്ങ് എഡിറ്ററുമായ കമൽറാം സജീവ് പറഞ്ഞു.

പ്രവർത്തനമാരംഭിച്ച് രണ്ട് വർഷത്തിനകം തന്നെ മലയാള മാധ്യമ രംഗത്തെ മുൻനിരയിലെത്തിയ ട്രൂകോപ്പിയ്ക്ക് നിലവിൽ ട്രൂ കോപ്പി തിങ്ക് എന്ന മൾട്ടിമീഡിയ പോർട്ടലും ട്രൂ കോപ്പി വെബ്സീൻ എന്ന മലയാളത്തിലെ ആദ്യ വെബ് മാഗസിനുമാണ് ഉള്ളത്. ഉടൻ തന്നെ മലയാളത്തിലും ഇംഗ്ലീഷിലുമായി പുസ്തക പ്രസാധന രംഗത്തേയ്ക്കും ട്രൂ കോപ്പി കടക്കുകയാണ്.

Comments