ഷാജഹാൻ മാടമ്പാട്ട്​

നൈതിക ബോധമുള്ള മലയാളി എഴുത്തുകാർ
എവിടെ എഴുതണം?

പ്രത്യക്ഷമോ പരോക്ഷമോ ആയി ഫാസിസത്തിന് കുടപിടിക്കുന്ന മാധ്യമങ്ങളാണ് മിക്കവയും. അല്ലാത്ത ചിലവ കടുത്ത ജാതീയതയിൽ അഭിരമിക്കുന്നവയും. അതുകൊണ്ട് നാം എഴുതുന്നത് അവർ വളച്ചൊടിക്കാതെ പ്രസിദ്ധീകരിക്കുന്നുണ്ടോ എന്നും നാമാഗ്രഹിക്കുന്നത്ര വായനക്കാർ അവർക്കുണ്ടോ എന്നും മാത്രമേ ഇന്നത്തെ സാഹചര്യത്തിൽ നോക്കാനാവൂ.

ചില പ്രസിദ്ധീകരങ്ങളെയും പ്രസാധകരെയും എഴുത്തുകാർ ബഹിഷ്‌കരിക്കണമെന്ന മുറവിളി അടുത്ത കാലത്ത് വർധിച്ചിട്ടുണ്ട്. ഇതാകട്ടെ പലപ്പോഴും ന്യായവും നൈതിക ശരികളിലൂന്നിയതുമായ ആവശ്യവുമാണ്. പ്രത്യക്ഷമോ പരോക്ഷമോ ആയ വർഗീയ നിലപാടുകൾ, പ്രതിലോമ താൽപര്യങ്ങൾക്കുള്ള കുടചൂടൽ, മതരാഷ്ട്ര വാദത്തിനോടുള്ള അനുരാഗാത്മകഭ്രമം, ന്യൂനപക്ഷമായ സ്വസമുദായത്തിന്റെ താൽപര്യാനുസാരം മാത്രമുള്ള മതനിരപേക്ഷ നിലപാടും തങ്ങൾ ഭൂരിപക്ഷമായിടത്ത് സമത്വാധിഷ്ഠിതമായ ഭരണവ്യവസ്ഥ അനിവാര്യമാണെന്നുമുള്ള ഗാർഹണീയമായ ഇരട്ടത്താപ്പുകൾ - ഇവയൊക്കെയാണ് ബഹിഷ്‌കരണാഹ്വാനങ്ങൾക്ക് ഹേതുവാകുന്നത്.

പ്രായോഗികവും ജനാധിപത്യപരവുമായ കാരണങ്ങളാൽ പൊതുവെ ബഹിഷ്‌കരണയത്‌നങ്ങളോട് വിയോജിപ്പാണ് - അതാവശ്യപ്പെടുന്നവരുടെ നിലപാടിന്റെ നൈതികത പൂർണമായി അംഗീകരിച്ചു കൊണ്ടുതന്നെ

ആർ.എസ്.എസ്. തലവൻ മോഹൻ ഭാഗവതിന്റെ ലേഖനം പ്രസിദ്ധീകരിച്ചപ്പോൾ മാതൃഭൂമിയും താലിബാനോട് മമത പുലർത്തുന്ന ഉള്ളടക്കത്തിന്റെ പേരിൽ മാധ്യമവും സമീപകാലത്ത് ഇത്തരം ആഹ്വാനങ്ങൾക്ക് ശരവ്യമായി. ഈ പ്രസിദ്ധീകരണങ്ങൾ നേരിട്ട വിമർശനങ്ങൾ സാധുവാണെന്ന് ബോധ്യമുള്ള ആളാണ് ഇതെഴുതുന്നത്. ആ വിമർശനങ്ങൾ ഉയർത്തിയവരുടെ കൂട്ടത്തിൽ സജീവമായി നിലകൊണ്ടിരുന്നുവെന്നതും ഈ സന്ദർഭത്തിൽ പറയേണ്ടതുണ്ട്. അതേസമയം, പ്രായോഗികവും ജനാധിപത്യപരവുമായ കാരണങ്ങളാൽ പൊതുവെ ബഹിഷ്‌കരണയത്‌നങ്ങളോട് വിയോജിപ്പാണ് - അതാവശ്യപ്പെടുന്നവരുടെ നിലപാടിന്റെ നൈതികത പൂർണമായി അംഗീകരിച്ചു കൊണ്ടുതന്നെ. ആഗോള ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തിലുണ്ടായ ബഹിഷ്‌കരണത്തിന്റെ രാഷ്ട്രീയത്തോടുള്ള സമൂലമായ വിയോജിപ്പല്ല ഇതെന്നും തുടക്കത്തിലേ വ്യക്തമാക്കാനാഗ്രഹിക്കുന്നു. അത് സംബന്ധമായ സങ്കീർണ പ്രശ്‌നങ്ങളിലേക്ക് വിശദമായി പ്രവേശിക്കാതെ, കേരളത്തിലെ എഴുത്തുകാരുടെ സവിശേഷമായ സാഹചര്യം മാത്രം ചൂണ്ടിക്കാണിക്കുകയാണ്.

 ഗാന്ധി ജയന്തി ദിനത്തിൽ മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ച ആർ.എസ്.എസ്. തലവൻ മോഹൻ ഭാഗവതിന്റെ ലേഖനം.
ഗാന്ധി ജയന്തി ദിനത്തിൽ മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ച ആർ.എസ്.എസ്. തലവൻ മോഹൻ ഭാഗവതിന്റെ ലേഖനം.

ഇസ്രായേലി സാസ്‌കാരിക പരിപാടികൾ എഴുത്തുകാരും ആർട്ടിസ്റ്റുകളും ബഹിഷ്‌കരിക്കണമെന്ന ആഹ്വാനങ്ങൾ, ഡോണൾഡ് ട്രംപിന്റെയോ അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ അംഗങ്ങളുടെയോ ഓർമക്കുറിപ്പുകൾ അമേരിക്കൻ പ്രസാധകർ പ്രസിദ്ധീകരിക്കരുതെന്ന നൂറുക്കണക്കിന് എഴുത്തുകാർ അടുത്ത കാലത്തിറക്കിയ പ്രസ്താവന, ജയ്​പുർ സാഹിത്യമേള; ഖനനം വഴി പ്രകൃതിക്കും ആദിവാസിജീവിതത്തിനും ഉപദ്രവമുണ്ടാക്കുന്ന ‘വേദാന്ത' യുടെ പ്രായോജനം കാരണം ഒഴിവാക്കണമെന്ന ആവശ്യം, യു.എ.ഇയിൽ നടക്കുന്ന എമിറേറ്റ്‌സ് സാഹിത്യമേള മനുഷ്യാവകാശ പ്രശ്‌നങ്ങളുടെ പേരിൽ ബഹിഷ്‌കരിക്കാനുണ്ടായ ആഹ്വാനം - ഇങ്ങനെ അടുത്ത കാലത്ത് നിരവധി ബഹിഷ്‌കരണാഹ്വാനങ്ങളുണ്ടായി.

അനുരഞ്ജനമില്ലാത്ത ഒരു നിലപാടെടുത്താൽ നൈതിക ബോധമുള്ള ഒരു മലയാളി എഴുത്തുകാർക്ക് സാമൂഹ്യമാധ്യമങ്ങളിൽ മാത്രമേ എഴുതാനാവൂ

ആഹ്വാനങ്ങളുടെ രാഷ്ട്രീയത്തോട് യോജിക്കുന്ന എഴുത്തുകാരുടെ ഇടയിൽ തന്നെ വൈവിധ്യമാർന്ന, പരസ്പര വിരുദ്ധമായ നിലപാടുകൾ ഉയർന്നുവന്നു. ഡാൻ ഡേവിഡ് പുരസ്‌കാരം 11 കൊല്ലം മുമ്പ് ലഭിച്ചപ്പോൾ അത് നിരസിക്കണമെന്ന് വലിയൊരു വിഭാഗം എഴുത്തുകാരും രാഷ്ട്രീയ പ്രവർത്തകരും അമിതാവ് ഘോഷിനോട് ആവശ്യപ്പെട്ടത് സ്മരണീയമാണ്. ടെൽ അവീവ് സർവകലാശാല മുൻകൈയെടുത്ത് നൽകുന്ന പുരസ്‌കാരം പാലസ്തീൻ പ്രശ്‌നത്തിൽ താനെടുക്കുന്ന ശക്തമായ നിലപാട് നിലനിർത്തിക്കൊണ്ടുതന്നെ സ്വീകരിക്കാനാണ് ഘോഷ് തീരുമാനിച്ചത്. ‘സംസ്‌കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും' മണ്ഡലങ്ങളിൽ ബഹിഷ്‌കരണം അത്ര ഉചിതവും പ്രായോഗികവുമായ നടപടിയല്ല എന്നാണ് അദ്ദേഹം വാദിച്ചത്. ഉത്പന്നങ്ങളെ പോലെയോ അവയുടെ കമ്പോളങ്ങളെ പോലെയോ അല്ല സാംസ്‌കാരികവേദികൾ. അവ നമ്മുടെ അഭിപ്രായങ്ങൾ, വിശേഷിച്ച് നമ്മുടെ വിമർശനങ്ങൾ, ശക്തമായി അവതരിപ്പിക്കാനും ആളുകളുടെ ചിന്തയെ സ്വാധീനിക്കാനുമുള്ള സാധ്യത പ്രദാനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമാന നിലപാട് മറ്റ് പല എഴുത്തുകാരും സ്വീകരിച്ചു. സാംസ്‌കാരികരംഗത്ത് ഏത് ബഹിഷ്‌കരണവും സ്വതന്ത്രാവിഷ്‌കാരത്തെ ചങ്ങലക്കിടുന്ന പരിപാടിയായി മാറും എന്ന ആശങ്കയാണ് പല ആളുകളും മുന്നോട്ടുവച്ചത്.

അമിതാവ് ഘോഷ്
അമിതാവ് ഘോഷ്

കേരളത്തിൽ നാം അഭിമുഖീകരിക്കുന്നത് വ്യത്യസ്തമായ ഒരു സാഹചര്യമാണ്. അതേസമയം, സമാനമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രശ്‌നങ്ങൾ ഇതിൽ ഉൾപ്പെടുന്നുമുണ്ട്. അതുകൊണ്ടുതന്നെ പൊതുവായ നൈതികതയുടെ തലത്തിൽ തന്നെ വേണം ഇതിനെ സമീപിക്കാൻ. അതോടൊപ്പം, പ്രായോഗികവും ഉചിതവുമായ നടപടികളിൽ യോജിക്കാൻ നമുക്ക് കഴിയണം. അതോടൊപ്പം ബഹിഷ്‌കരണനിലപാടിനെ പിന്തുണക്കാത്ത എഴുത്തുകാരുടെ രാഷ്ട്രീയ പ്രതിബദ്ധതയെ ചോദ്യം ചെയ്യാതിരിക്കാനുള്ള സൗമനസ്യമെങ്കിലും കാണിക്കാൻ സന്നദ്ധമാകണം. കാരണം കേരളത്തിലെ എഴുത്തുകാരുടെ മുമ്പിലുള്ള തിരഞ്ഞെടുപ്പുകൾ വളരെ പരിമിതമാണ്. അനുരഞ്ജനമില്ലാത്ത ഒരു നിലപാടെടുത്താൽ നൈതിക ബോധമുള്ള ഒരു മലയാളി എഴുത്തുകാർക്ക് സാമൂഹ്യമാധ്യമങ്ങളിൽ മാത്രമേ എഴുതാനാവൂ. അവയുടെ ഉടമസ്ഥരാവട്ടെ നാം ബഹിഷ്‌കരിക്കാൻ വിചാരിക്കുന്ന മലയാളിപ്രസാധകരേക്കാൾ ലക്ഷം മടങ്ങ് അപകടകാരികളാണ്! മാതൃഭൂമി അല്ലെങ്കിൽ മാധ്യമം ബഹിഷ്‌കരിക്കാൻ സക്കർബർഗിന്റെ മുഖപുസ്തകം വഴി ആഹ്വാനം ചെയ്യുന്നതിന്റെ വൈരുദ്ധ്യം ഒരർഥത്തിൽ വലിയ തമാശയാണ്. മറ്റൊരർഥത്തിൽ ഇക്കാര്യത്തിൽ എഴുത്തുകാരുടെ മുമ്പിൽ വലിയ തിരഞ്ഞെടുപ്പിനുള്ള സാധ്യതകളൊന്നുമില്ലെന്നുള്ള പാഠവും അത് തരുന്നുണ്ട്.

നൈതികമാനദണ്ഡങ്ങളനുസരിച്ച് പ്രസാധകരെയും പ്രസിദ്ധീകരണങ്ങളെയും വിലയിരുത്തിയാൽ സ്വാതന്ത്രവീക്ഷണവും മനുഷ്യപക്ഷ നിർബന്ധവുമുള്ള മലയാളി എഴുത്തുകാരെ സംബന്ധിച്ച് സ്വന്തം രചനകൾ വെളിച്ചം കാണൽ അസാധ്യമായി മാറും

മാതൃഭൂമിയും മാധ്യമവും ബഹിഷ്‌കരിക്കുന്നുവെന്ന് തന്നെ വിചാരിക്കുക. എവിടെ എഴുതും പിന്നെ- മനോരമ?, കലാകൗമുദി? മനോരമയിൽ എഴുതാൻ എന്ത് ന്യായം നാം കണ്ടെത്തും? അറുപിന്തിരിപ്പൻ രാഷ്ടീയം, മിക്ക കാര്യങ്ങളിലും അഴകൊഴമ്പൻ പൈങ്കിളിത്തരം, നാളിതു വരെ പുരോഗമനപരമായ ഒരു കാര്യത്തിലും മലയാളിയെ പ്രചോദിപ്പിക്കാത്ത പാരമ്പര്യവും പൈതൃകവും, മത - മൂലധന അജണ്ടകൾ. മനോരമയെ അങ്ങനെ വിലയിരുത്തുമ്പോൾ ഭാഷാപോഷിണിയും പുറത്താവും. കലാകൗമുദിയുടെയും കേരളകൗമുദിയുടെയും ഇപ്പോഴത്തെ സ്ഥിതി പറയാതിരിക്കുന്നതാണ് ഭേദം. ഇനി ബാക്കിയുള്ളത് ദേശാഭിമാനി. നിങ്ങൾ പാർട്ടി സഹയാത്രികനല്ലെങ്കിൽ അതിനെയും ബഹിഷ്‌കരിക്കാനുള്ള പരശ്ശതം കാരണങ്ങളുണ്ട്. സ്റ്റാലിന്റെയും മാവോയുടെയും കൂട്ടനരഹത്യകളെ സാധൂകരിച്ചത് മുതൽ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം വരെയുള്ള എത്രയോ കാര്യങ്ങൾമൂലം നിക്ഷപക്ഷമായും നൈതികവൃത്തിയോടെയും ജീവിക്കുന്ന എഴുത്തുകാർക്ക് ദേശാഭിമാനി ചതുർഥിയാകും. ഇവ ഒക്കെ ബഹിഷ്‌കരിച്ച ശേഷം സക്കർബർഗിന്റെ പോലുള്ള ആഗോളമൂലധനശക്തികൾ ഉടമകളായ സാമൂഹ്യമാധ്യമങ്ങളിൽ എഴുതുന്നത് അതിനെക്കാളും മോശമായിരിക്കും. വർഗീയത, ഹിംസാത്മകത, ജാതീയത, അഴിമതി തുടങ്ങി നൈതികമാനദണ്ഡങ്ങളനുസരിച്ച് പ്രസാധകരെയും പ്രസിദ്ധീകരണങ്ങളെയും വിലയിരുത്തിയാൽ സ്വാതന്ത്രവീക്ഷണവും മനുഷ്യപക്ഷ നിർബന്ധവുമുള്ള മലയാളി എഴുത്തുകാരെ സംബന്ധിച്ച് സ്വന്തം രചനകൾ വെളിച്ചം കാണൽ അസാധ്യമായി മാറും. അതുകൊണ്ടുതന്നെ കടുത്ത നിലപാടുകൾ ഇക്കാര്യത്തിൽ എഴുത്തുകാരെ കൊണ്ടെത്തിക്കുന്നത് എഴുത്ത് നിർത്തുകയോ സ്വന്തം ബ്ലോഗ് (രാംമോഹൻ പാലിയത്ത്​ പറഞ്ഞ പോലെ സ്വയം ബ്ലോഗം!) മാത്രം എഴുതുകയോ ചെയ്യുക എന്ന അവസ്ഥയിലാകും. അത്രയും പോണോ നാം?

ഇതുതന്നെ ഏറ്റവും കൂടുതൽ അവതാളത്തിലാക്കുന്നത് എല്ലാ ചങ്ങലകളെയും സ്വപ്രത്യയസ്ഥൈര്യത്തോടെ വലിച്ചെറിഞ്ഞ് സ്വതന്ത്രമായി ചിന്തിക്കുകയും തങ്ങളുടെ നൈതികബോധ്യത്തിനനുസരിച്ച് നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന എഴുത്തകാരെയാണ്. മതസംഘടനകൾ, ജാതിസംഘടനകൾ, രാഷ്ട്രീയകക്ഷികൾ, മറ്റു പലവിധ കൂട്ടായ്മകൾ - ഇവയിൽ നിന്നെല്ലാം അകലം പാലിക്കുകയും സ്വതന്ത്രരായി വർത്തിക്കുകയും എന്നാൽ കൃത്യമായ രാഷ്ട്രീയബോധത്തോടെ കാര്യങ്ങളെ സമീപിക്കുകയും ചെയ്യുന്ന എഴുത്തുകാർ കേരളത്തിൽ വിരളമാണ്.

പക്ഷെ അവർക്ക് തലതൊട്ടപ്പന്മാരുണ്ടാകില്ല, രാഷ്ട്രീയത്തിലും മതത്തിലും ജാതിയിലും. അവർക്കാകെയുള്ളത് അവരുടെ ബോധ്യങ്ങളും അവരുടെ ആത്മാർഥത തിരിച്ചറിയുന്ന ഒരു ചെറിയ വിഭാഗം വായനക്കാരും മാത്രമാണ്. ഓരോ ആഴ്ചയും പല കൂട്ടരുടെ ചീത്ത മാറിമാറി കേൾക്കേണ്ടിവരുന്ന ഈ ഹതഭാഗ്യരുടെ കൂട്ടത്തിലാണ് അത്ര വലിയ എഴുത്തുകാരനൊന്നുമല്ലെങ്കിലും സ്വന്തം ശരികൾ തുറന്നെഴുതുകയും പറയുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ ഞാനെന്നെ കാണുന്നത്. കേരളത്തിലെ ഒരു രാഷ്ട്രീയകക്ഷിയോടും എനിക്ക് അന്ധമായ കൂറില്ല. വിമർശിക്കേണ്ടിടത്ത് വിമർശിക്കും. യോജിക്കേണ്ടിടത്ത് വിയോജിക്കും.
വ്യവസ്ഥാപിത മതശക്തികളുമായി പൂർണമായും കലഹിച്ചാണ് നിൽപ്പ്. ഒരു കൂട്ടായ്മയുടെയും നിരുപാധികമായ പിന്തുണ എന്നെപ്പോലുള്ളവർക്ക് ഒരിക്കലും ലഭിക്കില്ല. ഹിന്ദുത്വ വർഗീയതയെ എതിർക്കുമ്പോൾ മുസ്​ലിംകളിൽ ഒരു വലിയ വിഭാഗം ശ്ലാഘിക്കും. മുസ്​ലിം വർഗീയതയെയോ യാഥാസ്ഥിതികത്വത്തെയോ ചോദ്യം ചെയ്യുമ്പോൾ അവരിൽ ഒരു വലിയ വിഭാഗത്തിന്​ ഹാലിളകും. ഇടതുപക്ഷത്താണ് സ്വയം കാണുന്നതെങ്കിലും വ്യവസ്ഥാപിത ഇടതുപക്ഷവുമായി ഇണക്കത്തേക്കാൾ പിണക്കമാണ് പതിവ്. സംവാദത്തേക്കാൾ തെറിവിളിക്ക് തുനിഞ്ഞിറങ്ങുന്ന ‘പല ജാതി- പല മത- പല പാർട്ടി' ചാവേറുകളുടെ രോഷം അവഗണിച്ച് പൊതുമണ്ഡലത്തിൽ നിൽക്കുന്നത്, എടുക്കുന്ന നിലപാടുകളുടെ നൈതിക വ്യക്തതയിലുള്ള ബോധ്യം കൊണ്ടുമാത്രമാണ്. അങ്ങനെയുള്ള ആളുകൾക്ക് എവിടെ പ്രസിദ്ധീകരിക്കണം എന്ന കാര്യത്തിൽ എടുക്കാവുന്ന പ്രായോഗികവും ഉചിതവും എഴുത്തുകാരനെന്ന നിലയ്ക്ക് ആത്മഹത്യാപരമല്ലാത്തതുമായ സമീപനം എന്തായിരിക്കണം?

ഇക്കാര്യത്തിൽ കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ ഒരുപാട് സാധ്യതകൾ ലഭ്യമല്ല. പ്രസിദ്ധീകരണത്തിന്റെ പ്രത്യയശാസ്ത്രപരമായ നിലപാടിനേക്കാൾ പലപ്പോഴും അതിന്റെ മാന്യതയും മര്യാദയുമാണ് എനിക്ക് പ്രധാന മാനദണ്ഡമായി തോന്നാറ്. ഒരുദാഹരണം മാധ്യമം ആണ്. മാധ്യമം ജമാഅത്തെ ഇസ്​ലാമിയുടെ പ്രസിദ്ധീകരണമാണ് എന്നെനിക്കറിയാം. ജമാഅത്തെ ഇസ്​ലാമിയുടെ പ്രത്യയശാസ്ത്രം കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി കൃത്യമായി മനസ്സിലാക്കിത്തന്നെയാണ് ഞാൻ മാധ്യമത്തിൽ എഴുതിക്കൊണ്ടിരുന്നത്. പക്ഷെ ഒരു പ്രസിദ്ധീകരണമെന്ന നിലയ്ക്ക് അവർ എന്നിലെ എഴുത്തുകാരനോട് തികഞ്ഞ മര്യാദയും സത്യസന്ധതയും ഇതുവരെ പുലർത്തിയിട്ടുണ്ട്. ഒരിക്കൽ പോലും അവരെന്നെ സെൻസർ ചെയ്തിട്ടില്ല. മാധ്യമത്തെത്തന്നെ വിമർശിച്ചിട്ടുണ്ട് ഒരിക്കൽ ഞാനൊരു ലേഖനത്തിൽ. ‘ഈ വാചകം പത്രാധിപർ ഒഴിവാക്കുമെന്ന് ഞാൻ ഭയപ്പെടുന്നു' എന്ന് ബ്രാക്കറ്റിലും എഴുതി. ആ വാചകം പോലും നിലനിർത്തിയാണ് അവർ ലേഖനം പ്രസിദ്ധീകരിച്ചത്. ഒരെഴുത്തുകാരനെന്ന നിലയ്ക്ക് എവിടെ എഴുതിയാലും എന്റെ ബോധ്യങ്ങളാണ് ഞാനെഴുതുന്നത്. അത് കത്രിക വയ്ക്കാതെ വളച്ചൊടിക്കാതെ പ്രസിദ്ധീകരിക്കുന്ന പ്രസിദ്ധീകരണങ്ങളാണ് ഞാൻ തെരഞ്ഞെടുക്കുന്നത്. ഇക്കാര്യത്തിൽ മാധ്യമം എന്നെ ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല. അവർക്ക് യോജിക്കാൻ പറ്റാത്ത പലതും ഞാൻ എഴുതിയിട്ടുണ്ട്. അതെല്ലാം ഒരു വരി മാറ്റാതെ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. അത്യാവശ്യം വായനക്കാരുള്ള ഒരു വാരികയാണ് മാധ്യമം എന്നതിനാൽ പരമാവധി ആളുകളിലേക്ക് എത്തുക എന്ന ഒരെഴുത്തുകാരന്റെ ആഗ്രഹവും ഇത്തരം തിരഞ്ഞെടുപ്പുകൾക്ക് പിന്നിലുണ്ട്. അതേ സമയം വിമർശിക്കേണ്ട സമയത്ത് അതിരൂക്ഷമായി മാധ്യമത്തെയും ജമാഅത്തെ ഇസ്​ലാമിയെയും വിമർശിക്കാൻ ഞാനിത് വരെ മടിച്ചിട്ടില്ല. ഇനിയും അങ്ങനെ തന്നെ തുടരുകയും ചെയ്യും.
അതിന്റെ പേരിൽ എന്നെ പ്രസിദ്ധീകരിക്കേണ്ട എന്ന തീരുമാനം മാധ്യമമോ മറ്റേതെങ്കിലും മാഗസിനോ എപ്പോഴെങ്കിലും എടുത്തേക്കാം. അത് ഒരെഴുത്തുകാരൻ അനിവാര്യമായും നേരിടേണ്ട ഒരു വെല്ലുവിളിയാണ്. അത്തരമൊരു ഘട്ടത്തിൽ അനുരഞ്ജനത്തിന് വഴങ്ങാതിരിക്കുക എന്നതിലാണ് അയാളുടെ വിശ്വാസ്യതയും സത്യസന്ധതയും. പ്ലാറ്റ്ഫോം​ ഏത് എന്നതിനേക്കാൾ എന്ത് പറയുന്നു എന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. ‘തപസ്യ’ എന്നെ ഒരു പരിപാടിയ്ക്ക് ക്ഷണിച്ചാൽ ഞാൻ ചിലപ്പോൾ സ്വീകരിച്ചെന്നിരിക്കും. പക്ഷെ അവിടെച്ചെന്ന് ഞാൻ ഇസ്​ലാമിക തീവ്രവാദത്തെക്കുറിച്ചല്ല, സംഘ്പരിവാര ഫാസിസത്തെക്കുറിച്ചായിരിക്കും സംസാരിക്കുക. എന്നിട്ടും അവരെന്നെ വീണ്ടും ക്ഷണിച്ചാൽ അതിനർഥം ജനാധിപത്യപരമായ ഒരു സംവാദ സംസ്‌കാരത്തിൽ അവർ വിശ്വസിക്കുന്നു എന്നാണ്. അതിന്റെ സദസ്സ് വ്യത്യസ്തമായ വീക്ഷണങ്ങൾ കേൾക്കാൻ സന്മനസ്സ് കാണിക്കുന്നു എന്നുമാണ് അതിനർഥം. ലേഖനമെഴുതാൻ ജന്മഭൂമി ആവശ്യപ്പെട്ടാലും ഇതുതന്നെയാണ് നിലപാട്. (ഒരു മതമൗലികവാദ സംഘടനയും അത്തരം ജനാധിപത്യസംവാദസംസ്‌കാരം പ്രദർശിപ്പിച്ച് രണ്ടാംവട്ടം ക്ഷണിച്ച അനുഭവം ഇതുവരെയില്ല എന്ന് കൂടി കൂട്ടിച്ചേർക്കട്ടെ!) ഫാസിസ്റ്റ്​ വേദിയിൽ എഴുത്തുകാർ പോകണം എന്ന് വാദിക്കാനല്ല ഇത് പറഞ്ഞത്. പോയാൽ പോലും എഴുത്തുകാരെ വിലയിരുത്തേണ്ടത് അവിടെ അയാൾ എന്താണ് പറഞ്ഞത് എന്നതിന്റെ അടിസ്ഥാനത്തിലാവണം എന്ന് ചൂണ്ടിക്കാണിക്കാനാണ്.

ചുരുക്കുന്നു. ബഹിഷ്‌കരണവാദങ്ങൾ കേരളത്തിന്റെ സാഹചര്യത്തിൽ വളരെ വിവേകത്തോടെയും ശ്രദ്ധയോടെയും ഉന്നയിക്കേണ്ട ഒന്നാണ്. ‘മുഖ്യധാര'യിൽ സാംസ്‌കാരിക പ്രസിദ്ധീകരങ്ങൾ വളരെ കുറച്ചേ മലയാളത്തിൽ ഉള്ളൂ. അവയിൽ പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയമോ ആയി നമ്മിൽ പലരുടെയും മാനദണ്ഡങ്ങളനുസരിച്ച് അംഗീകാര്യമായവ ഇല്ല എന്നുതന്നെ പറയേണ്ടി വരും. പ്രത്യക്ഷമോ പരോക്ഷമോ ആയി ഫാസിസത്തിന് കുടപിടിക്കുന്ന മാധ്യമങ്ങളാണ് മിക്കവയും. അല്ലാത്ത ചിലവ കടുത്ത ജാതീയതയിൽ അഭിരമിക്കുന്നവയും. പരിശോധനയ്ക്കിറങ്ങിയാൽ നാം തോറ്റുപോവുകയേ ഉള്ളൂ. അതുകൊണ്ട് നാം എഴുതുന്നത് അവർ വളച്ചൊടിക്കാതെ പ്രസിദ്ധീകരിക്കുന്നുണ്ടോ എന്നും നാമാഗ്രഹിക്കുന്നത്ര വായനക്കാർ അവർക്കുണ്ടോ എന്നും മാത്രമേ ഇന്നത്തെ സാഹചര്യത്തിൽ നോക്കാനാവൂ. ട്രൂകോപ്പി പോലെ അത്യപൂർവമായി എഴുത്തുകാരന്റെ നൈതികതയോട്​ പാരസ്പര്യം പുലർത്തുന്ന പ്രസിദ്ധീകരങ്ങളുണ്ടാവാം. പക്ഷെ അത് മരുഭൂമിയിൽ ആഴ്ചകൾ അലഞ്ഞുതിരിഞ്ഞ ശേഷം ഒരു മരുപ്പച്ച കാണുന്നത് പോലുള്ള ഒരത്ഭുതമാണ്. അല്ലെങ്കിൽ അപവാദമാണ്. (ട്രൂകോപ്പി തുടങ്ങിയ ശേഷം കഴിയുന്നതും അതിൽ തന്നെ എഴുതുന്നതിന് ആ പാരസ്പര്യത്തിന്റെ ഹൃദ്യത തന്നെയാണ് കാരണം!). ▮​


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഷാജഹാൻ മാടമ്പാട്ട്​

സാംസ്​കാരിക വിമർശകൻ, കോളമിസ്​റ്റ്​. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. ധിഷണയും വെളിപാടും, ജെ.എൻ.യുവിലെ ചുവർ ചിത്രങ്ങൾ, God is Neither a Khomeini nor a Mohan Bhagwat: Writings against Zealotryഎന്നിവ പ്രധാന കൃതികൾ

Comments