മാധ്യമങ്ങളുടെ ഈ മൗനം ജനാധിപത്യസമൂഹത്തിന് ഹാനികരമാണ്

അടിയന്തരാവസ്ഥക്കാലത്ത് കുനിയുവാനാണ് മാധ്യമങ്ങളോട് ഭരണകൂടം പറഞ്ഞത്. അപ്പോൾ അവർ മുട്ടിലിഴഞ്ഞു എന്ന് അദ്വാനി പറഞ്ഞു. എന്നാൽ ഇന്ന് മുട്ടിലിഴയാനാണ് മാധ്യമങ്ങളോട് ഭരണകൂടം പറയുന്നത്. അപ്പോൾ മാധ്യങ്ങൾ ഇഴയുക മാത്രമല്ല, ഇനിയൊരിക്കലും നിവർന്ന് നിൽക്കില്ല എന്നുപറഞ്ഞ് തങ്ങളുടെ നട്ടെല്ല് തന്നെ ഊരിയെടുത്ത് അധികാരികൾക്കുമുന്നിൽ കാഴ്ചവെക്കുന്ന രംഗങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

ദേശീയ പ്രസ്ഥാനത്തിന്റെയും നവോത്ഥാന പ്രസ്ഥാനങ്ങളുടെയും തൊഴിലാളി കർഷക മുന്നേറ്റങ്ങളുടെയും ജീവവായു ശ്വസിച്ചാണ് ഇന്ത്യൻ മാധ്യമങ്ങൾ ഉയർന്നുവന്നത്. ദേശീയത, ഭാഷാബോധം, മതനിരപേക്ഷത, എല്ലാ അർത്ഥത്തിലുമുള്ള സ്വാതന്ത്ര്യം, ജനാധിപത്യം, തുല്യത, നീതി തുടങ്ങിയ കാറ്റഗറികൾക്കൊപ്പം അവയുടെ പര്യായം എന്ന നിലയിലായിരുന്നു മാധ്യമങ്ങൾ നിലനിന്നിരുന്നത്.

പക്ഷെ ഇന്ന് കാര്യങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു. സ്വന്തം രാജ്യത്ത് ആഭ്യന്തര ശത്രുക്കളെ കണ്ടെത്തുകയും അവരുടെ കൂട്ടക്കൊലക്ക് നേതൃത്വം നൽകുകയും ചെയ്ത ഒരാൾ പ്രധാനമന്ത്രിയായിത്തീർന്നതോടുകൂടി പഴയ അർത്ഥത്തിലുള്ള ഇന്ത്യ ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യ എന്നത് നമുക്ക് മുഖം നോക്കാനുള്ള കണ്ണാടി ആയിരുന്നു. ആ കണ്ണാടിയാണ് ഉടഞ്ഞുപോയിരിക്കുന്നത്.

തൊഴിൽ നഷ്ടപ്പെട്ട് വഴിയാധാരമാകുമോ, ആക്രമിക്കപ്പെടുമോ, കേസിൽ കുടുങ്ങുമോ, ജയിലിലടക്കപ്പെടുമോ, ജീവൻ തന്നെയും നഷ്ടപ്പെടുമോ, എന്ന ഭയാശങ്കളാണ് മാധ്യമപ്രവർത്തകരെ അലോസരപ്പെടുത്തുകയും വേട്ടയാടുകയും ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഏറ്റവും സുരക്ഷിത മാർഗം സെൽഫ് സെൻസർഷിപ്പ് തന്നെയാണ്. അതായത് മിണ്ടാതെ ഇരിക്കുക.

പക്ഷെ ഈ മൗനം അത് പാലിക്കുന്ന മാധ്യമങ്ങൾക്ക് ഒരു രക്ഷാമാർഗ്ഗമാണെങ്കിലും ജനാധിപത്യസമൂഹത്തിന് ഹാനികരമായാണ് ഭവിക്കുക. ശബ്ദിക്കുന്ന മാധ്യമങ്ങളാണ് ജനാധിപത്യത്തിന്റെ ജീവവായു; പൊതുമണ്ഡലത്തിന്റെ അടിത്തറ. ആധുനിക മാധ്യമങ്ങളുടെ ചരിത്രം ആരംഭിക്കുന്നതുതന്നെയും ഈ അടിത്തറയിൽ നിന്നാണ്.

അടിയന്തരാവസ്ഥക്കാലത്ത് കുനിയുവാനാണ് മാധ്യമങ്ങളോട് ഭരണകൂടം പറഞ്ഞത്. അപ്പോൾ അവർ മുട്ടിലിഴഞ്ഞു എന്ന് അദ്വാനി പറഞ്ഞു. എന്നാൽ ഇന്ന് മുട്ടിലിഴയാനാണ് മാധ്യമങ്ങളോട് ഭരണകൂടം പറയുന്നത്. അപ്പോൾ മാധ്യങ്ങൾ ഇഴയുക മാത്രമല്ല, ഇനിയൊരിക്കലും നിവർന്ന് നിൽക്കില്ല എന്നുപറഞ്ഞ് തങ്ങളുടെ നട്ടെല്ല് തന്നെ ഊരിയെടുത്ത് അധികാരികൾക്കുമുന്നിൽ കാഴ്ചവെക്കുന്ന രംഗങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

സെൽഫ് സെൻസറിംഗ് അഥവാ സ്വയം അടിച്ചേൽപ്പിക്കുന്ന മൗനം ഒരുതരം സീറോ ഡിഗ്രി സെൽഷ്യസ് ആണ്. ഒരർത്ഥത്തിൽ അതിൽ ഒരു നിസ്സഹായത, ഇരയാക്കപ്പെടൽ ഉണ്ട് എന്നുപറയാം. പക്ഷെ മാധ്യമങ്ങൾ അവിടെ നിന്നും താഴോട്ടേക്ക്, മൈനസിലേക്ക് പോകുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

ഇന്ത്യൻ മാധ്യമലോകത്തെ വിമതപക്ഷത്തെ ഏറെക്കുറെ പരിപൂർണമായി നിശ്ശബ്ദമാക്കുന്നതിൽ മോദിവാഴ്ച വിജയിച്ചുകൊണ്ടിരിക്കുകയാണ്. എൻ.ഡി.ടി.വിയെ പരിപൂർണമായി ഇല്ലാതാക്കാൻ ഭരണവർഗ്ഗത്തിന് കഴിഞ്ഞു. ന്യൂസ് ക്ലിക്ക്, എ.ബി.പി ന്യൂസ്, ഔട്ട് ലുക്ക്, ദ വീക്ക്, ആൾട്ട് ന്യൂസ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങൾ ഭരണകൂടവേട്ടക്കും ഭീഷണിക്കും വിധേയമായി. ഏതറ്റംവരെ പോയാലും തങ്ങൾക്ക് ഒന്നും സംഭവിക്കില്ല എന്ന തിരിച്ചറിവാണ് ബി.ബി.സിക്കുനേരെ തിരിയാൻ സംഘപരിവാരത്തിന് ആത്മവിശ്വാസം നൽകിയത്.

ഇന്ത്യൻ സോഷ്യൽ മീഡിയ മാധ്യമരംഗത്തെ പ്രതിരോധത്തിന്റെ അവസാനത്തെ തുരുത്താണ്. ഫാഷിസത്തെ അതിന്റെ മൈക്രോലെവലിൽ നേരിടാനുള്ള സാധ്യത സോഷ്യൽ മീഡിയ തുറന്നിടുന്നുണ്ട്. പക്ഷെ, മെയിൻസ്ട്രീം മീഡിയയിലേതിനേക്കാൾ വേഗത്തിലുള്ള ഒരു കീഴടങ്ങലാണ് സോഷ്യൽ മീഡിയയെ കാത്തിരിക്കുന്നത്. അങ്ങനെ വന്നാൽ അത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി ആയിരിക്കും.

ലേഖനത്തിന്റെ പൂർണരൂപം വായിക്കാം ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 118 ൽ


Summary: അടിയന്തരാവസ്ഥക്കാലത്ത് കുനിയുവാനാണ് മാധ്യമങ്ങളോട് ഭരണകൂടം പറഞ്ഞത്. അപ്പോൾ അവർ മുട്ടിലിഴഞ്ഞു എന്ന് അദ്വാനി പറഞ്ഞു. എന്നാൽ ഇന്ന് മുട്ടിലിഴയാനാണ് മാധ്യമങ്ങളോട് ഭരണകൂടം പറയുന്നത്. അപ്പോൾ മാധ്യങ്ങൾ ഇഴയുക മാത്രമല്ല, ഇനിയൊരിക്കലും നിവർന്ന് നിൽക്കില്ല എന്നുപറഞ്ഞ് തങ്ങളുടെ നട്ടെല്ല് തന്നെ ഊരിയെടുത്ത് അധികാരികൾക്കുമുന്നിൽ കാഴ്ചവെക്കുന്ന രംഗങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.


Comments