നാവികരെപ്പറ്റി കള്ളവാർത്ത, കേരളത്തിലെ മാധ്യമങ്ങൾ ഉത്തരം പറയണം

നൈജീരിയയിലേക്ക് പോയ മൂന്നു ലക്ഷം ടൺ കാർഗോ കൊള്ളുന്ന ഒരു കപ്പലിലെ ജീവനക്കാരെയാണ് എണ്ണ മോഷ്ടിക്കാൻ പോയ കള്ളക്കടത്തുസംഘമായി ചിത്രീകരിക്കാൻ ചില മലയാളം ഓൺലൈൻ ചാനലുകൾ വ്യഗ്രതപ്പെട്ടത്. ഇത്തരം കുപ്രചരണങ്ങൾ നടത്തിയവർ ഉണ്ടാക്കിയ ആശയക്കുഴപ്പവും അപകടങ്ങളും മലയാളികളടക്കമുള്ള നാവികരും അവരുടെ കുടുംബാംഗങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്.

രു യാത്രാവിമാനത്തെ ഭീകരർ ബന്ദികളാക്കി വെച്ചിരിക്കുന്നു എന്നു കരുതുക. അതിൽ മൂന്നു മലയാളികളടക്കം 16 ഇന്ത്യക്കാരുമുണ്ട്. അത്തരമൊരു സംഭവം എത്തരമൊരു പ്രതികരണമാണ് മാധ്യമങ്ങളിൽ ഉണ്ടാക്കുക! എത്തരത്തിലാണ് രാഷ്ട്രീയ നേതൃത്വവും ഭരണകൂടവും പൊതുജനങ്ങളും അതിനോട് പ്രതികരിക്കുക! അവരുടെ ആശങ്കകൾ ഏതാനും ദിവസങ്ങൾ കൊണ്ട് കെട്ടടങ്ങുമോ! ഇല്ല എന്നു തന്നെയാണ് ഉത്തരം.

സമാനമായ ഒരു ചോദ്യവുമായാണ് കുറച്ചു ദിവസം മുമ്പ് ലോയ്ഡ്സ് ലിസ്റ്റ് എന്ന രണ്ടു നൂറ്റാണ്ടിലധിക കാലത്തെ പ്രവർത്തന പാരമ്പര്യമുള്ള മറൈൻ വാർത്താമാധ്യമം നൈജീരിയയിൽ നീതിരഹിതമായി തടവിലാക്കപ്പെട്ട നാവികരുടെ പ്രശ്നം അന്താരാഷ്ട്ര ശ്രദ്ധയിൽ പെടുത്തിയത്. കൃത്യം പറഞ്ഞാൽ 1734ൽ ആരംഭിച്ച മറിടൈം റിപ്പോർട്ടിങ്ങിന്റെ ചരിത്രമുള്ള മാധ്യമമാണ് ലോയ്ഡ്സ് ലിസ്റ്റ്.

നിലവിൽ ഷിപ്പിങ് മേഖലയുടെ സമസ്തമേഖലകളേയും സൂക്ഷ്മതയോടെ വീക്ഷിക്കുന്ന മറിടൈം ഇന്റലിജൻസിന്റെ അവസാനവാക്ക്. നവംബർ 11 ന് ലോയ്ഡ്സ് ലിസ്റ്റ് പ്രസിദ്ധീകരിച്ച അഭ്യർത്ഥനയുടെ ആദ്യഭാഗമാണ് താഴെ:

All countries must back efforts to free Heroic Idun and its crew

Imagine the reaction of 26 people on board a plane chartered to one of the worlds biggest airlines were detained by an authoritarian regime for three months, over what, at worst, boiled down to a series of genuine misunderstandings and regulatory infringements of the most trifling gravity.

The resultant hostage crisis would garner round-the-clock media coverage, as talk television hosts of the most stridentl populis disposition demanded that special forces go in, all guns literally blazing.

The fate of very large crude carrier Heroic Idun has by contrast attracted little attention, largely as a result of the owners correct initial policy of keeping things quiet and seeking quiet resolution.

എന്ന് തുടങ്ങി കാര്യങ്ങൾ വിശദമാക്കുന്ന കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ്:

Keeping an innocent crew prisoner is just as much piracy when perpetrated by states instead of pirate gangs, and therefore cannot form an element in any legitimate fight against piracy.

Both Nigeria and Equatorial Guinea have acted in an entirely reprehensible fashion. That should have consequences beyond mere tut-tutting.

ശക്തമായ മുന്നറിയിപ്പോടെ അവസാനിക്കുന്ന ഈ കുറിപ്പെഴുതിയത് ഷിപ്പിങ് വ്യവസായത്തെപ്പറ്റി എല്ലാ അറിവുകളുമുള്ള, ആ മേഖലക്കു വേണ്ടി മാത്രമായി പ്രവർത്തിക്കുന്ന ഒരു ബ്രിട്ടീഷ് മാധ്യമമാണ്. ഒരു ബ്രിട്ടീഷ് പൗരൻ പോലും ഹീറോയിക്ക് ഇഡുൻ എന്ന കപ്പലിൽ തടവിലാക്കപ്പെട്ടിട്ടില്ല എന്നും ഓർക്കണം.

കാര്യങ്ങൾ ഇങ്ങനെയായിരിക്കെയാണ് തികഞ്ഞ ഉത്തരവാദിത്തത്തോടെ ഒരു നോർവീജിയൻ കമ്പനിയുടെ കപ്പലിൽ മറ്റൊരു നോർവീജിയൻ കമ്പനിയുടെ ജീവനക്കാരായി ബ്രിട്ടീഷ് പെട്രോളിയം ചാർട്ടർ ചെയ്ത ഒരു വോയേജിന് നൈജീരിയയിലേക്ക് പോയ മൂന്നു ലക്ഷം ടൺ കാർഗോ കൊള്ളുന്ന ഒരു കപ്പലിലെ ജീവനക്കാരെ എണ്ണ മോഷ്ടിക്കാൻ പോയ കള്ളക്കടത്തുസംഘമായി ചിത്രീകരിക്കാൻ ചില മലയാളം ഓൺലൈൻ ചാനലുകൾ വ്യഗ്രതപ്പെട്ടത്. അത് കേട്ടും വായിച്ചും “കള്ളക്കടത്തുകാർക്ക് അങ്ങനെത്തന്നെ വേണം. അവന്മാരവിടെ ജയിലിൽ കിടക്കട്ടെ” എന്ന് കമന്റിട്ട് ആഘോഷിച്ച ജനങ്ങളോട് എന്താണ് പറയേണ്ടത് എന്ന് ഞങ്ങൾ നാവികർക്ക് സത്യത്തിൽ അറിയില്ല. സഞ്ചരിക്കുന്ന ഒരു ദ്വീപ് എന്നു തന്നെ പറയാവുന്ന ഒരു വളരെ വലിയ ക്രൂഡ് കാരിയർ (വി.എൽ.സി.സി) കപ്പലുമായി എഴുപതുകളിലെ മലയാളസിനിമയിലെ ജോസ് പ്രകാശിന്റെ ഗുണ്ടകൾ കൊച്ചിക്കായലിൽ ബോട്ടുമായി കള്ളക്കടത്തിനു പോവുന്നതുപോലെ ഇരുട്ടിന്റെ മറവിൽ എണ്ണ കടത്താൻ പോയി എന്നൊക്കെ വിശ്വസിച്ചവരെ എന്തു പറഞ്ഞു മനസ്സിലാക്കാനാണ്.

ഇത്തരം കുപ്രചരണങ്ങൾ നടത്തിയവർ ഉണ്ടാക്കിയ ആശയക്കുഴപ്പവും അപകടങ്ങളും മലയാളികളടക്കമുള്ള നാവികരും അവരുടെ കുടുംബാംഗങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതിനെല്ലാം ഈ മാധ്യമമേധാവികൾ ഉത്തരം പറയേണ്ടതായി വരും. ഹീറോയിക് ഇഡുനിലെ നാവിക ഉദ്യോഗസ്ഥരെ നിയമിച്ച ഏറെ പഴക്കമുള്ള പ്രമുഖ നോർവീജിയൻ കമ്പനിയോടും അവർ സമാധാനം പറയേണ്ടി വരും. 3 മാസം മുമ്പുതന്നെ ഈ വിവരമറിഞ്ഞ് ഇക്കാര്യത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങ്, നാവികരുടെ യൂണിയനുകളായ NUSI, IMU തുടങ്ങിയ കേന്ദ്രങ്ങളെയെങ്കിലും ബന്ധപ്പെട്ട് സത്യാവസ്ഥ അറിയാനെങ്കിലും ഈ മാധ്യമഭീകരർ ശ്രമിക്കേണ്ടതായിരുന്നു. നൈജീരിയയിലെ ഏതെങ്കിലും മഞ്ഞപ്പത്രം വായിച്ചല്ല മലയാളി നാവികരെപ്പറ്റി കള്ളവാർത്ത എഴുതേണ്ടത്.

എന്തായാലും 31 വർഷമായി കപ്പലിൽ പണിയെടുക്കുന്ന ആളെന്ന നിലയിൽ, നൈജീരിയയും അംഗോളയും ടോഗോയും അടക്കം പശ്ചിമ ആഫ്രിക്കയിലെ നിരവധി രാജ്യങ്ങളിൽ പലപ്പോഴായി കാർഗോ എടുക്കാൻ പോയ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഹിറോയിക് ഇഡുൻ എന്ന കപ്പലിനും അതിലെ ജീവനക്കാർക്കും സംഭവിച്ചതെന്ത് എന്ന് എഴുതിയിരുന്നു. തികഞ്ഞ ഉത്തരവാദിത്തത്തോടെ കേരളത്തിൽ നിന്നുള്ള ത്രിഭാഷാ പോർട്ടലായ ദി ഐഡം ആണ് അത് പ്രസിദ്ധീകരിച്ചത്. കൂടുതൽ വിശദീകരിച്ചുകൊണ്ട് ഒരു വീഡിയോയും ഇപ്പൊൾ ദി ഐഡം പോർട്ടലിൽ ഉണ്ട്.

നൈജീരിയൻ അധികൃതർ അന്യായമായി തടവിലാക്കിയ മൂന്നു മലയാളികളടക്കമുള്ള 26 നാവികരേയും വിട്ടുകിട്ടാനും അവർക്ക് നീതി ലഭിക്കാനും പരിശ്രമിക്കണമെന്ന് എല്ലാ രാഷ്ട്രീയകക്ഷികളുടേയും നേതൃത്വത്തിനോടും ബന്ധപ്പെട്ടവരോടും അഭ്യർത്ഥിക്കുന്നു. നൈജീരിയൻ അധികൃതരുടെ അന്യായമായ തടവിൽ കഴിയുന്ന മുഴുവൻ നാവികരോടും അവരുടെ കുടുംബാംഗങ്ങളോടും ഐക്യദാർഢ്യപ്പെടുന്നു.

Comments