മാസ്‌ എൻട്രിയില്‍ ചത്തു നാറുന്ന
സ്‌പെക്ടക്കിള്‍ ജേണലിസം

കേരളത്തിന്റെ വൈകുന്നേരങ്ങള്‍ മത മാത്സര്യഭേദമെന്യേ, ടെലിവിഷന്‍ വിഷപ്പുകയില്‍ ശ്വാസം മുട്ടിത്തുടങ്ങിയപ്പോള്‍, ഇതര മുഖ്യധാരകള്‍ക്ക് അതായത് ഡെഡ് വുഡ് മീഡിയ എന്ന പത്ര വ്യവസായത്തിനും മത-ജാതി-വംശ-ലിംഗ വെറിയാല്‍ അധ്വാനിച്ച് മുഖ്യധാരയെ വെല്ലാന്‍ തുടങ്ങിയ ചില സോഷ്യല്‍ സിക്കാറിയോ സംഘങ്ങള്‍ക്കും അതേ വിഷപ്പുക പല ബ്രാന്‍ഡില്‍ ഉല്‍പാദിപ്പിക്കേണ്ടി വന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പത്രങ്ങളെല്ലാം മാസ് എന്‍ട്രി കൊടുത്തു. ചിലര്‍ ആദര ഭക്തി മൂലം. മറ്റുചിലര്‍ ഭക്ത്യാദരപൂര്‍വ്വം. ഇനിയും വേറെ ചിലര്‍ ഭയാദരപൂര്‍വം. മലയാളത്തില്‍ പ്രചാരത്തില്‍ മുകളില്‍ നില്‍ക്കുന്ന നാലു പത്രങ്ങളില്‍ മൂന്നെണ്ണത്തിനും (യജമാന ഭക്തിയെ വെല്ലുന്ന അടിമ നൈതികതയോടെ മൂന്നാം പത്രം) ഇനി കേരളം വികസനത്തിന്റെയെല്ല ‘വികസന വേഗ’ ത്തിന്റെ വഴിയിലാണെന്ന് ഉറപ്പായും മനസിലായി!

രണ്ടു ദിവസമായിതാ, അരിക്കൊമ്പനാണ് മുഖ്യധാരയുടെ മാസ്എന്‍ട്രി കിട്ടിയത്. മോഡിക്ക് പകരം രാഹുല്‍ ആയിരുന്നെങ്കിലും അരിക്കൊമ്പനു പകരം ചക്കക്കൊമ്പനാണെങ്കിലും മാധ്യമങ്ങള്‍ ഈ സ്‌പെക്ടക്കിളിനേ പ്രാധാന്യം കൊടുക്കൂ. അവര്‍ക്ക് മോഡിയോടോ രാഹുലിനോടോ അരിക്കൊമ്പനോടോ ചക്കരക്കൊമ്പനോടോ ഹോണസ്റ്റി ഇല്ല. അതുകൊണ്ടു തന്നെ ടെലിവിഷന്‍ മുറിയിലെ എഴുന്നള്ളിപ്പ് ആര്‍പ്പുകളിലും അതു കഴിഞ്ഞ് മുഖ്യധാരാ സിക്കാറിയോകളുടെ വ്യക്തി വധം - വെല്ലുവിളി കോമ്പോ ആട്ടക്കളികളിലും പിറ്റേന്ന് രാവിലെ പരിഹാസ്യവും ദയനീയവുമായ പത്ര തലവാചകങ്ങളിലും സ്‌പെക്ടക്കിള്‍ ജേണലിസം ചത്തു വീഴുന്നു. അവിടെ കിടന്ന് നാറുന്നു.

ഈ രാസപ്രവര്‍ത്തനം കഴിയുമ്പോള്‍ ടെസ്റ്റ് ട്യൂബിനടിയില്‍ മത വര്‍ഗ്ഗീയയ്ക്ക് പുറമേ കേരളത്തില്‍ പുതുതായി പടുത്തുയര്‍ത്തുന്ന വംശീയ വിദ്വേഷവും പരിസ്ഥിതി വിരുദ്ധ ഫനാറ്റിസവും അവക്ഷിപ്തപ്പെടുന്നു. ഇതിന്റെ രണ്ടിന്റെയും ലോകത്തിലെത്തന്നെ സന്തുഷ്ട ഇംപോര്‍ട്ടേഴ്‌സ് സംഘപരിവാര്‍ ലിമിറ്റഡ് ആണ്. കാഴ്ചക്കപ്പുറത്തേക്കുള്ള വിശകലനം ഇഷ്ടപ്പെടാത്ത, സംവാദം ഇഷ്ടപ്പെടാത്ത ഒരു ഏകരൂപമനസ്സ് കേരളത്തില്‍, പല രാഷ്ട്രീയ ആശ്ലേഷങ്ങളാല്‍ രൂപപ്പെട്ടു കഴിഞ്ഞു.

Comments