‘‘സെക്രട്ടേറിയറ്റ് ഭരണ സിരാകേന്ദ്രമോ മാഫിയാകേന്ദ്രമോ? സ്വർണക്കള്ളക്കടത്ത് മുതൽ സകലമാന തട്ടിപ്പുകളും നടത്തിയവരുടെ വിഹാരകേന്ദ്രമെന്ന സൽപേരാണ് കുറച്ചു കാലമായി സെക്രട്ടറിയേറ്റിനുള്ളത്. അവിടെയാണ് ഇന്ന് തീപിടുത്ത നാടകം ഉണ്ടായിരിക്കുന്നത്. അതും എൻ.ഐ.എ വിളിച്ചുവരുത്തി മൊഴിയെടുത്ത പ്രോട്ടോക്കോൾ ഉദ്യോഗസ്ഥൻ ഉൾപ്പെടെ കൈകാര്യം ചെയ്യുന്ന ഓഫീസിൽ. നേരത്തേ ഇടിവെട്ടി സി.സി.ടി.വികൾ അടിച്ചു പോയി. ബാക്കി വന്ന കുറച്ച് ഇടി സെക്രട്ടറിയേറ്റിൽ നിന്ന് പതുക്കെ ഇറങ്ങി നടന്ന് ക്ലിഫ് ഹൗസിന്റെ മുകളിലെത്തി അവിടെ വെട്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടിവെട്ടിയപോലെ നാട്ടുകാർ അതു കേട്ടുനിന്നു. പിന്നെ മഴ ഈ വഴിക്കു വന്നില്ല. പൊരിഞ്ഞ വെയിലായി തിരുവനന്തപുരത്ത്. മഴയുടെ ഒരു മട്ടും കാണാത്ത സ്ഥിതിക്ക് ഇടിക്കും സ്‌കോപ്പില്ല. അപ്പോൾ വരുന്നു തീ. അതും കൃത്യമായി പ്രോട്ടോക്കോൾ ഓഫീസറുടെ സെക്ഷനിലെ കമ്പ്യൂട്ടറിൽത്തന്നെ. ഇടിയും തീയുമൊക്കെ പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിക്കുന്ന കാലമാണ് ഇടതുസർക്കാരിന്റെ കാലം. സി.സി.ടി.വി ദൃശ്യം ആവിയായെന്ന് സംശയിക്കുമ്പോഴാണ് ഫയലുകളും ചാരമാകുന്നത്. അതന്വേഷിക്കാൻ എത്തിയ കെ. സുരേന്ദ്രനെയും വി.വി. രാജേഷിനെയും അറസ്റ്റു ചെയ്ത് നീക്കി. ചീഫ് സെക്രട്ടറി തന്നെ ചാടിയിറങ്ങി വന്നാണ് എല്ലാവരെയും പുറത്താക്കിയത് അതിനു പറഞ്ഞതോ വിചിത്രമായ ന്യായവും. രാഷ്ട്രീയക്കാർക്ക് കയറിവരാനുള്ള സ്ഥലമല്ല സെക്രട്ടേറിയേറ്റെന്ന്. ശരിയാണ്. സ്വപ്നക്കും സരിത്തിനും കയറി നിരങ്ങാനുള്ള സ്ഥലമാണല്ലോ ആ കെട്ടിടം. ശിവശങ്കരന്റെ കിങ്കരന്മാരും കൺസൾട്ടൻസി കൂട്ടവും വിലപേശി വാടക ഉറപ്പിക്കുന്ന ഐടി ഫെല്ലോമാരും വിലസുന്ന സ്ഥലം. ''
കേരള സെക്രട്ടറിയേറ്റ് എന്ന ഉദ്യോഗസ്ഥ ഓഫീസ് സമുച്ചയത്തിൽ ഒരു ചെറിയ തീപിടുത്തം ഉണ്ടായ ദിവസം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ന്യൂസ് ചാനലുകളിലൊന്നായ മാതൃഭൂമി ന്യൂസിന്റെ പ്രൈം റ്റൈം ചർച്ചയിൽ അവതാരകൻ വേണു ബാലകൃഷ്ണൻ ചർച്ചക്ക് മുന്നേ പറഞ്ഞ ആമുഖമാണിത്. തീരുന്നില്ല. രണ്ടാം ദിവസവും ഇതേ വിഷയത്തിൽ ചർച്ച നടന്നു.
‘‘സെക്രട്ടറിയേറ്റിലെ തീയും പുകയും കനലായി തെരുവുകളിൽ പടരുന്നു. സർക്കാരിന്റെ ദുരൂഹ നടപടികൾക്കെതിരെ രോഷാഗ്‌നി ആളിക്കത്തുന്നു. പൊലീസിനെക്കൊണ്ട് തല്ലിച്ചതച്ച് അതുകെടുത്താമെന്ന് അധികൃതർ കണക്കുകൂട്ടുന്നു. എന്നിട്ടും പ്രതിഷേധം ജ്വലിച്ചുകൊണ്ടിരിക്കുന്നു. പ്രതിപക്ഷനേതാവ് പ്രഖ്യാപിച്ചു. ഇത് പിണറായി സർക്കാരിനെ പുറത്താക്കാനുള്ള അന്തിമസമരം. മറുവശത്ത് അന്വേഷണ നാടകം നടക്കുന്നു.
പൊലീസ് സംഘം, വിദഗ്ധ സംഘം, പി.ഡബ്ല്യു.ഡി സംഘം, ഇലക്ടിക്കിൽ ഇൻസ്‌പെക്ടറേറ്റ്, ഫോറൻസിക് അങ്ങനെ ഒരുപിടി സംഘങ്ങൾ തകൃതിയായി അന്വേഷിക്കുന്നു. സർക്കാരിനെ എങ്ങനെ സംരക്ഷിക്കാമെന്ന് തലപുകക്കുന്നു. ആദ്യ കണ്ടെത്തൽ തന്നെ എത്ര അപഹാസ്യം. ഒരു ഫാൻ രണ്ടു ദിവസമായി നിർത്താതെ കറങ്ങുകയായിരുന്നു. അതിന്റെ സ്വിച്ചിൽ നിന്ന് പതുക്കെപ്പതുക്കെ തീ ഇറങ്ങി വന്ന് കർട്ടനുകളിലേയ്ക്കും പിന്നെ അപ്രധാന ഫയലുകളിലേക്കും കയറിപ്പിടിച്ചെന്ന്. സുപ്രധാന ഫയലുകളിലേ്ക്ക് ഒന്നു നോക്കുക പോലും ചെയ്തില്ലെന്ന്. ഇതും ഇതിനപ്പുറവും ഇനിയുള്ള നാളുകളിൽ കേൾക്കേണ്ടി വരും.''- എന്നായിരുന്നു ഇൻട്രോ. തീർന്നില്ല കേട്ടോ.
മൂന്നാം ദിവസവും ഇതേ വിഷയത്തിൽ ചർച്ച നടന്നു. ഇതുപോലെ വിഷലിപ്തവും വസ്തുതകളൊന്നുമില്ലാത്ത മലീമസമായ എഡിറ്റോറിയിൽ നിലപാടുകളുടെ അടിസ്ഥാനത്തിൽ നടന്ന ചർച്ച. ഈ വാർത്തകളുടെ ആകെത്തുകയെന്താണ് എന്നത് കേരളത്തിന്റെ മുന്നിലുള്ള വസ്തുതയാണ്. അതിന് എത്രമാത്രമാണ് പൊളിറ്റക്കൽ/ജേണലിസ്റ്റിക് പ്രാധാന്യമെന്നതും.
ഇത് വളരെ ചെറിയ ഒരു ഉദാഹരണം മാത്രമാണ്. അജണ്ടകൾ വച്ചുള്ള തുടർച്ചയായ ദുഷ്പ്രചാരണ ജേണലിസത്തിന്റെ ഉദാഹരണം. എത്രയോ ഒരോരുത്തർക്കും പറയാനാകും.
അന്തിചർച്ചകൾ എന്ന് പ്രശസ്തമായ, നിഷ്പക്ഷ വേഷമണിഞ്ഞ ബി.ജെ.പി പ്രചാരകർക്ക് അജണ്ടകൾ പ്രചരിപ്പിക്കാനുള്ള, സംവിധാനം മാത്രമല്ല; കേരളത്തിലെ മുഖ്യധാരാ ജേണലിസം- സ്ഥാപനങ്ങളും അതിലെ വിഖ്യാത ജേണലിസ്റ്റുകളും- മുഴുവൻ നടത്തിയ പ്രചരണങ്ങളെ കൂടി അതിജീവിച്ചാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വിജയിച്ചത്.
ചെറിയ കാര്യമല്ല, ഇത്. കേരളം പോലൊരു സ്ഥലത്ത് സൂക്ഷ്മമായും ബി.ജെ.പി ശ്രമിക്കുന്ന രണ്ടജണ്ടകളിൽ ഒന്നാണിത്.
ഒന്നാമത്തേത്, ലോക്കൽ ഗ്രീവൻസെസ് എന്ന ആന്റി ഇൻക്വബൻസിയെ അരാഷ്ട്രീയമായി നേരിടുകയാണ്. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കിഴക്കമ്പലം. മാറി മാറി ഭരിക്കുന്ന ഭരണകൂടങ്ങളോടുള്ള പ്രദേശിക എതിർപ്പിനെ മറികടക്കാൻ പ്രത്യക്ഷ രാഷ്ട്രീയം ഇല്ലാത്ത ഒരു സംഘടനയുടെ വരവ്. അവരുടെ ജനക്ഷേമ പ്രദമായ വാഗ്ദാനങ്ങളും നിറവേറ്റലുകളും. ദേശീയമയോ പ്രദേശികമോ ആയ വലിയ ഭരണങ്ങളിലൊന്നും പങ്കാളിത്തമില്ലാത്തതിനാൽ ഒരു ആരോപണവും അവരെ ബാധിക്കില്ല. എന്തെങ്കിലും കുറവുണ്ടായാൽ അത് സംസ്ഥാനത്തിന്റേയും കേന്ദ്രത്തിന്റേയും നിസഹകരണത്തിന്റെ പട്ടികയിൽ പെടുത്താം. കൃത്യമായ വലതുപക്ഷ അജണ്ടയിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തിൽ കോർപറേറ്റ് മുന്നേറ്റത്തിൽ ആരംഭിച്ചതും സമീപ പഞ്ചായത്തുകളിലേക്ക് പടർന്നതും മാത്രമല്ല, എറണാകുളം തിരുവനന്തപുരം കോർപറേഷനുകളിലും പട്ടാമ്പി പോലുള്ള നഗരസഭകളിലുമെല്ലാം വ്യത്യസ്ത ഭാവത്തിൽ വലത് അജണ്ടകൾ നിറവേറ്റാനായി കഴിഞ്ഞ കുറേ കാലമായി അഹോരാത്രം പണിയെടുക്കുന്നുണ്ട്. ജനം ടി.വി, മറുനാടൻ മലയാളി, കർമ്മ ന്യൂസ്, റിപ്പബ്ളിക് എന്നിങ്ങനെ ജേണലിസത്തിന്റെ പേരിൽ നടക്കുന്ന ക്രിമിനൽ പ്രൊപഗാൻഡ ചാനലുകളുടെ ആരാധകരും അഡിക്റ്റുകളുമാണ് ബി.ജെ.പിയുടെ അഭാവത്തിൽ ഈ അരാഷ്ട്രീയ സംഘത്തിന്റെ പുറകിൽ അണിനിരക്കുന്നത് എന്നു കൂടിയുള്ള വസ്തുത കാണണം.
രണ്ടാമത്തെ അജണ്ടയാണ് മീഡിയ. അവിശ്രമം, അവിരാമം നുണക്കഥകളിലും പുകമറകളിലും അഴിഞ്ഞാടുകയാണ് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ. തെളിവുകൾ കേരളസമൂഹത്തിന് മുന്നിലുള്ളതാണ്. ഒരു ഭാഗത്ത് ഇടതുപക്ഷത്തിന്- സംസ്ഥാന സർക്കാരിന്- ഏതെങ്കിലും തരത്തിൽ അനുകൂലമാകുമോ എന്ന് സംശയം പോലും ഉളവാക്കുന്ന വാർത്തകൾ പൂർണമായി തമസ്‌കരിക്കുകയോ അപ്രധാനപ്പെടുത്തുകയോ ചെയ്യുക, മറുഭാഗത്ത് സർക്കാരിനെതിരെ അർധസത്യങ്ങളും വ്യാജങ്ങളും ഊഹങ്ങളും കൊണ്ട് പുകമറ സൃഷ്ടിക്കുക. അഥവാ പോസ്റ്റ് ട്രൂത്ത് എന്ന് വിളിക്കപ്പെടുന്ന കാലത്തെ പൂർണമായി ആവിഷ്‌കരിക്കുക. എന്തുകൊണ്ടാണ്, ഇത്രയധികം ഫാക്റ്റ്സ് ചെക്ക് മെക്കാനിസം ഉള്ള കാലത്ത് അതിന് മെനക്കെടാത്തത് എന്ന് ചോദിക്കരുത്. വാർത്തയല്ല, പ്രൊപഗാൻഡയാണ്ടയാണ് ഇവരുടെ മാധ്യമപ്രവർത്തനം.
ഇത് ബി.ജെ.പി വളരെ കാലമായി പരീക്ഷിച്ച് വിജയിച്ച അജണ്ടയാണ്. 2013 അവസാന കാലം മുതൽ അഴിമതിക്കെതിരെ ആരംഭിച്ച നിഷ്പക്ഷ- അരാഷ്ട്രീയ മുന്നേറ്റം ബി.ജെ.പിയെ കേന്ദ്രത്തിൽ ഭരണം പിടിക്കാൻ സഹായിച്ചതും കോർപറേറ്റുകളെ ഒരു കുടക്കീഴിൽ അണിനിരത്തിയതും മാത്രം മതി ഒരുദാഹരണം. അക്കാലത്ത് തന്നെ തന്നെയാണ് മീഡിയയെ ഇതേ കോർപറേറ്റുകളെ ഉപയോഗിച്ച് വിലക്കുവാങ്ങി പ്രചാരണം ആരംഭിച്ചതും. രാഷ്ട്രീയ സൂക്ഷ്മതയൊന്നും വേണ്ട, ഈ അജണ്ടയുടെ പുനരാവർത്തനം കേരളത്തിലും കാണാൻ, കണ്ണ് തുറന്നിരുന്നാൽ മാത്രം മതി.
2014- മുതൽ സ്വതന്ത്രേച്ഛയുള്ള മാധ്യമങ്ങൾ തുടർച്ചയായി ശ്രമിക്കുന്നത് തന്നെ ഈ അജണ്ടയിൽ വീണുപോകാതിരിക്കാനാണ്. നിഷ്‌കളങ്കമെന്നും സംശുദ്ധമെന്നും തോന്നുന്ന ജേണലിസത്തിന്റെ മറപിടിച്ചാണ് ഈ അജണ്ട മുഖ്യധാരയിൽ കടന്നുവരുന്നത്. ശ്രീജിത്ത് പണിക്കർ എന്ന സംഘപരിവാർ രാഷ്ട്രമീമാംസകനെ നിഷ്പക്ഷനായി അവതരിപ്പിക്കുന്നത് മുതൽ ഇതേ ആശയഉൾക്കരുത്തുമാത്രമുള്ള ജയശങ്കർ ഇടതുനിരീക്ഷകനായി വരുന്നതുവരെ ഇങ്ങനെയാണ്. ഒരേ രാഷ്ട്രീയമുള്ള ശ്രീജിത്ത് പണിക്കരും ജയശങ്കറും ഒരു വേദിയിൽ പരസ്പരം വിരുദ്ധാഭിപ്രായങ്ങൾ എന്ന മട്ടിൽ ഒരേ അഭിപ്രായവും ആശയവും അവതരിപ്പിക്കും. ഇത് സൈറ്റേഷൻസ് വച്ച് പഠിക്കേണ്ട പ്രതിഭാസമാണ്.
കോടതിയിൽ ശിവശങ്കരൻ നടത്തിയ അപ്പോയ്ന്റ്മെന്റ് എന്നുമുതൽ മനഃപൂർവം പ്ലാന്റ് ചെയ്യുന്ന ബൈലൈൻ സ്റ്റോറികളുണ്ട്. കാർട്ടൂണുകളും മിഡിൽ പീസുകളും എഡിറ്റോറിയിൽ പേജ് ലേഖനങ്ങളുമുണ്ട്. കൃത്യവും സൂക്ഷ്മവുമായ അജണ്ട കാണാം. കേരളത്തിൽ കോൺഗ്രസ് തെറ്റിദ്ധരിക്കുന്നത്, അല്ലെങ്കിൽ തെറ്റിദ്ധരിക്കുന്നതായി ഭാവിക്കുന്നത്, ഇത് ഇടതുപക്ഷ സർക്കാരിനെതിരെ നടക്കുന്ന എത്തിക്കൽ ജേണലിസത്തിന്റെ നിലപാടാണ് എന്നാണ്. ഇത് കോൺഗ്രസിനു പോലും അനുകൂലമല്ലെന്നും ആത്യന്തികമായി കോൺഗ്രസിനെ കൂടി ഇല്ലാതാക്കാനുള്ള പദ്ധതിയുടെ തുടർച്ചയാണെന്നും അവർക്ക് അറിയുമോ എന്നറിയില്ല.
ഇതിൽ ആദ്യം ഉദ്ധരിച്ച വേണു ബാലകൃഷ്ണന്റെ ചർച്ചക്കുമുന്നേയുള്ള വിധി പ്രസ്താവമുണ്ടല്ലോ, അതിൽ പറയുന്ന സി.സി.ടി.വി കഥയൊക്കെ, ഈ ചർച്ച നടത്തുന്ന ദിവസത്തിന് എത്രയോ ആഴ്ച മുന്നേ സോഷ്യൽ മീഡിയ പൊളിച്ച് കയ്യിൽ കൊടുത്ത നുണയാണ്. അങ്ങനെയൊന്നില്ല എന്നുള്ളത് ഫാക്റ്റ് ആണ്. നുണയുടെ, കളത്തിന്റെ അകമ്പടിയിലാണ് ചർച്ച നടത്തുന്നത്. ഗോക്രി എന്ന് പിന്നീട് സോഷ്യൽ മീഡിയ വിളിച്ച സംഘപരിവാറിന്റെ ശാസ്ത്രപണ്ഡിതന്റെ പണിയാണ് ഈ ജേണലിസം നിർവ്വഹിക്കുന്നത്. വസ്തുതയാണെന്ന മട്ടിൽ നുണകൾ അവതരിപ്പിക്കുക. നേരത്തേ സ്വയം പടച്ചുവിട്ട നുണയെ റഫറൻസ് ക്വാട്ട് ആയി ഉപയോഗിച്ച് ശാസ്ത്രീയത നൽകുക. ഇത് ഒരു ചർച്ച വിജയിപ്പിക്കുക എന്ന ലളിത ലക്ഷ്യത്തിലുള്ളതല്ല. അത് ഒരു പ്രചാരണത്തിന്റെ സ്വഭാവമാണ്.
നാലരവർഷം ഒരു സർക്കാർ ഭരിച്ചതിനുശേഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ ആ സർക്കാരിന് നേതൃത്വം നൽകുന്ന കക്ഷികൾ ഐതിഹാസിക വിജയം നേടിയ സന്ദർഭമാണ് ഇപ്പോഴുണ്ടായത്. ഇതേ കുറിച്ചുള്ള ചർച്ചയിൽ തികച്ചും അപ്രസക്തനായ, തൃശൂരിലെ ഒരു ബി.ജെ.പി നേതാവ് പരാജയപ്പെടാനുള്ള കാരണത്തെ കുറിച്ച് ഏഷ്യാനെറ്റ് നിർണാകമായ ന്യൂസ് അവറിൽ ദീർഘമായി ചർച്ച ചെയ്യുന്നതും ഈ അജണ്ടയുടെ തുടർച്ചയാണ്. കോർപറേഷനുകളിൽ അഞ്ച്-ഒന്ന്, ഗ്രാമസഭ, ബ്ലോക്ക്, ജില്ല എന്നിങ്ങനെ മുഴുവൻ മേഖലകളിലും ഇടതുപക്ഷം ജയിച്ച് നിൽക്കുകയാണ്. പലയിടത്തും കോൺഗ്രസ് തകർന്നു. പ്രതിപക്ഷത്തിനെതിരെ ആന്റി ഇൻകബൻസി ഉണ്ടാവുക എന്ന സവിശേഷമായ പ്രതിഭാസം ഉണ്ട്. മീഡിയ ഉന്നയിച്ച ആരോപണങ്ങളെ അടിപടലേ ജനം നിരാകരിച്ചു. പക്ഷേ, ചർച്ച ചെയ്യുന്നത്, അപ്രസക്തനായ - ഇവരുടെ ചാനൽ ചർച്ചയിൽ പങ്കെടുത്ത്, ഇവർ നിർലോഭം അനുവദിക്കുന്ന സമയത്ത് നിരങ്കുശമായി മണ്ടത്തരങ്ങളും വിദ്വേഷവും സമാസമം പറയുന്നു എന്ന പ്രസക്തിയല്ലാതെ, കേരള സമൂഹത്തിൽ ഒരു അടയാളവുമില്ലാത്ത- ഒരാളുടെ തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ചാണ്. ഇതാണ് അജണ്ടയുടെ പ്രാക്റ്റീസ്.
സോഷ്യൽ മീഡിയ ഒന്നിന് പുറകെ ഒന്നായി പൊളിച്ചടുക്കിയിട്ടുള്ളതാണ് പല നുണപ്രചാരണങ്ങളും. ബ്ലോഗുകളുടെ കാലത്ത് ഒരു കൂട്ടം എഴുത്തുകാർ ലാവ്ലിൻ കേസിന്റെ പുറകെ പോയി, കോടതി പിന്നീട് കണ്ടെത്തിയത് മുന്നേ തന്നെ, കേസിന്റെ മെറിറ്റില്ലായ്മ കണ്ടെത്തിയിരുന്നു, അത് പരസ്യമാക്കിയിരുന്നുവെന്നത് കേരളത്തിന്റെ ഓൺലൈൻ മീഡിയ ഇന്ററാക്ഷന്റെ ചരിത്രത്തിലുള്ള സുപ്രധാന വസ്തുതയാണ് എന്നോർക്കണം. അത്രയും ദീർഘവും സമഗ്രവുമായ അന്വേഷണ കൗതുകയും സ്ഥൈര്യമുള്ള സ്പേയ്സാണത്. അത് പിന്നീട് വികസിച്ചിട്ടേ ഉള്ളൂ. സ്പ്രിംഗ്ളർ വിവാദമാകട്ടെ, ലൈഫ്മിഷൻ ആരോപണമാകട്ടെ, മാധ്യമങ്ങളും കേന്ദ്ര അന്വേഷണ ഏജൻസികളും ചേർന്നൊരുക്കിയ ഏത് രാഷ്ട്രീയ അജണ്ടകളുമാകട്ടെ, അതിനുള്ള മറുപടികളും, അതിനോടുള്ള ചോദ്യങ്ങളും ഉടനടി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രത്യക്ഷപ്പെടുക മാത്രമല്ല, അതിവേഗതയിൽ പ്രചരിക്കുകയും ചെയ്തിരുന്നു.
ഈ വിവരവിപ്ലവത്തിന് ശേഷമാണ്, അപഹാസ്യമായ നുണകൾ മുഖ്യധാര മാധ്യമങ്ങൾ പുനരാവർത്തിച്ചുകൊണ്ടേയിരിരുന്നത്. എത്തിക്കൽ ജേണലിസമൊന്നും കേരളത്തിലെ മുഖ്യധാരക്ക് പരിചയമുള്ളതല്ല. പക്ഷേ ഫാസിസ്റ്റ് പ്രൊപഗാണ്ടയായി സ്ഥാപനങ്ങളും അതിലെ ജേണലിസ്റ്റുകളും ഒരുപോലെ മാറുന്ന കാഴ്ച ഇക്കാലത്തിന്റേതാണ്. ആറുമാസത്തിലധികമായി, ഒരു കള്ളക്കടത്ത് കേസിൽ പ്രതികളെ രക്ഷിക്കാനും അതിന്റെ പരിസരങ്ങളെ പ്രയോജനപ്പെടുത്തി, സംഘപരിവാർ അജണ്ട നിർവ്വഹിക്കാനും ഇവർ ഒരുമിച്ച് ശ്രമിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ഇത് കൂടുതൽ നിറം പിടിപ്പിച്ച് അവതരിക്കപ്പെട്ടു.
പക്ഷേ നിർദാക്ഷിണ്യം പരാജയപ്പെട്ടു. മുഖ്യധാര ജേണലിസം, അതിന്റെ വലത്പക്ഷ അജണ്ടകൾ സഹിതം, തോറ്റമ്പിയതിന്റെ കൂടെ ദൃഷ്ടാന്തമാണ് ഈ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം.