Photo: Lewis Ogden, flickr

മുട്ടിലിഴയുമോ നിവർന്നുനിൽക്കുമോ സോഷ്യൽ മീഡിയ?

രാജ്യത്ത് നടപ്പിലായിക്കൊണ്ടിരിക്കുന്ന പുതിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളുടെ രാഷ്ട്രീയ പ്രതിരോധമൂല്യത്തെക്കുറിച്ച് ഒരു നിരീക്ഷണം.

മൂഹമാധ്യമങ്ങൾക്കുമേലുള്ള കേന്ദ്ര സർക്കാർ നിയന്ത്രണങ്ങളെക്കുറിച്ച് വലിയ ചർച്ച നടക്കുകയാണല്ലോ. നിയന്ത്രണങ്ങൾ സമൂഹമാധ്യമങ്ങളുടെ രാഷ്ട്രീയ പ്രതിരോധമൂല്യത്തെ വലിയ രീതിയിൽ ബാധിക്കുമെന്ന നിലയിലാണ് വാദങ്ങൾ. ഈ സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളുടെ യഥാർത്ഥ രാഷ്ട്രീയ പ്രതിരോധമൂല്യം എത്രത്തോളമാണ്, അതിന്റെ പരിമിതി എന്തൊക്കെയാണ് എന്ന് പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു.

അസ്തമിച്ച പോരാട്ടവീര്യം

സമകാലിക ചരിത്രത്തിൽ അധികാരവുമായി സാമാന്യജനത്തിന്റെ ഏറ്റവും ശക്തമായ ബലാബലം അവസാനമായി നടന്നത് 2010ലാരംഭിച്ച അറബ് വസന്ത കാലത്താണ്. ടുണീഷ്യയിലെ മുല്ലപ്പൂ വിപ്ലവത്തിൽ തുടങ്ങിയ അധികാര സമരം സൈൻ എൽ അബിദിൻ ബെൻ അലി (ടൂണീഷ്യ), മുഅമർ ഗദ്ദാഫി (ലിബിയ), ഹുസ്‌നി മുബാറക്ക് (ഈജിപ്ത്), അലി അബ്ദുള്ള സലേ (യമൻ) എന്നിവരുടെ സമഗ്രാധിപത്യങ്ങളെ വീഴ്ത്തുകയും ഒട്ടനവധി രാജ്യങ്ങളിൽ ജനപക്ഷ നയങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

സമൂഹമാധ്യമങ്ങളുടെ സ്വീകാര്യതയും ജനകീയതയുമൊക്കെ അറബ്​ വസന്തത്തിനുശേഷം വളർന്നിട്ടേയുള്ളൂ. പക്ഷേ അതിനോട് താരതമ്യപ്പെടുത്താവുന്ന ഒരു വളർച്ച അവയുടെ രാഷ്ട്രീയ പ്രതിരോധ മൂല്യത്തിനുണ്ടായിട്ടില്ല.

അറബ് വസന്തത്തിലെ ജനകീയ മുന്നേറ്റങ്ങളിൽ സമൂഹമാധ്യമങ്ങൾ വലിയ പങ്കാണ് വഹിച്ചത്, പ്രത്യേകിച്ച് ട്വിറ്ററും ഫേസ്ബുക്കും. അറബ് വസന്തം പൊട്ടിപ്പുറപ്പെട്ട ടൂണിഷ്യയിലൊക്കെ താരതമ്യേന വലിയ തോതിൽ ഫേസ്ബുക് ഉപഭോക്താക്കളുണ്ടായിരുന്നു എന്നതാണ് അതിന് ഒരു പ്രധാന കാരണം. മൂന്നാംലോക രാജ്യങ്ങളിൽ ഇന്നത്തെ പോലെ ഒരു സമൂഹമാധ്യമ "ബൂം' ഒന്നും നടന്നിട്ടില്ലാത്ത കാലത്താണ് ഇതൊക്കെ ഉണ്ടായത് എന്നോർക്കണം.
സമൂഹമാധ്യമങ്ങളുടെ സ്വീകാര്യതയും ജനകീയതയുമൊക്കെ അതിനുശേഷം വളർന്നിട്ടേയുള്ളൂ. പക്ഷേ അതിനോട് താരതമ്യപ്പെടുത്താവുന്ന ഒരു വളർച്ച അവയുടെ രാഷ്ട്രീയ പ്രതിരോധ മൂല്യത്തിനുണ്ടായിട്ടില്ല. ‘ബ്ലാക്ക് ലൈവ്‌സ് മാറ്റർ' (Black Lives Matter) ‘മീറ്റൂ' (Me Too) പോലെയുള്ള മുന്നേറ്റങ്ങളെ മറന്നുകൊണ്ടല്ല ഇതുപറയുന്നത്.

ഹുസ്‌നി മുബാറക്ക് പ്രസിഡന്റ് സ്ഥാനം രാജവെക്കുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെ ഫെബ്രുവരി 11ന് തഹ്‌രീർ ചത്വരത്തിൽ നടന്ന ആഹ്ലാദപ്രകടനത്തിൽ നിന്ന്‌ / Photo: Jonathan Rashad, Flickr

എങ്കിലും അധികാര സിംഹാസനങ്ങളെ വിറകൊള്ളിക്കാവുന്ന പോരാട്ടവീര്യം ഒന്നും പിൽക്കാലത്ത് സോഷ്യൽമീഡിയ കാണിച്ചിട്ടില്ല. സമകാലിക സാഹചര്യത്തിൽ ഏറ്റവും മോശം രീതിയിൽ പാൻഡമിക്കിനെ കൈകാര്യം ചെയ്യുന്ന രാജ്യങ്ങളിൽ പോലും വലിയതോതിലുള്ള രാഷ്ട്രീയ സമരങ്ങൾ ഒന്നും അതുവഴി വളർന്നു വരുന്നുമില്ല.

ജനകീയമായി, എന്നിട്ടും...

അഭിപ്രായങ്ങളും മനോഭാവങ്ങളും സൃഷ്ടിക്കപ്പെടുന്ന പൊതുഇടങ്ങൾ ജനാധിപത്യസമൂഹങ്ങളിലെ അധികാര പ്രതിരോധങ്ങളുടെ നട്ടെല്ലാണ്. പൊതുമണ്ഡലം (Public Sphere) എന്ന ആശയത്തെ മുന്നോട്ടുവെച്ച ജർമൻ തത്വജ്ഞൻ ജർഗൻ ഹേബർമാസ് അതിനെ നിർവചിക്കുന്നത് The space made up of private people gathered together as a public and articulating the needs of the society with the state എന്നാണ്. പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യൻ കോഫി ഹൗസുകൾ മുതൽ കേരളത്തിൽ ഒരു കാലഘട്ടം വരെ സജീവമായിരുന്ന ചായക്കടകൾ വരെ പൊതുമണ്ഡലങ്ങൾക്ക് ഉദാഹരണമാണ്. പൊതുമണ്ഡലമെന്നത് ഏറെക്കുറെ സമൂഹമാധ്യമങ്ങൾ മാത്രമായി ചുരുങ്ങിയെന്ന യാഥാർഥ്യമാണ് ഇന്നുള്ളത്.
സമൂഹമാധ്യമങ്ങളുടെ ജനകീയത പൊതുമണ്ഡലം എന്ന സങ്കൽപ്പത്തിന്റെ സാധ്യതകളെ തന്നെ മാറ്റിമറിച്ചു എന്നുവേണമെങ്കിൽ പറയാം. ലിംഗ, വർഗ, സാംസ്‌കാരിക, വിദ്യാഭ്യാസ വ്യത്യാസങ്ങളില്ലാതെ മനുഷ്യന് സ്വതന്ത്രമായി ഇടപെടാവുന്ന ഒരു വേദി അത് യാഥാർഥ്യമാക്കി. ഇങ്ങനെ ഒരു ജനകീയ സ്വഭാവം ക്രമേണ അതിന് വികസിച്ചു വന്നിട്ടുപോലും എന്തുകൊണ്ട് അതിലെ പ്രതിരോധ മൂല്യം ശോഷിച്ചു എന്നത് ചിന്തനീയമാണ്.

മുതലാളിത്തത്തിന്റെ പരിണാമ ചരിത്രത്തിൽ സമൂഹമാധ്യമങ്ങളുടെ സ്ഥാനത്തെക്കുറിച്ച് മനസ്സിലാക്കുക എന്നത് ഈ പ്രശ്‌നത്തിൽ സുപ്രധാനമാണ്. ലാഭോൽപ്പാദനത്തിന് പുതിയ ഇടങ്ങൾ കണ്ടെത്തികൊണ്ടേയിരിക്കുക എന്നത് മുതലാളിത്തത്തിന്റെ നിലനിൽപ്പിന് എല്ലാ കാലത്തും അത്യന്താപേക്ഷിതമാണ്. മൂന്നാം ലോക രാജ്യങ്ങളെ കോളനികളാക്കിയതും, കൊളോണിയൽ കാലത്തിനു ശേഷവും ആഗോളവൽക്കരണത്തിലൂടെ കൂടുതൽ സ്ഥലങ്ങളിലേക്ക് തങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നതും എല്ലാം ഇത്തരത്തിലുള്ള ഇടങ്ങൾക്കുവേണ്ടി കൂടിയാണ്.

പൊതുമണ്ഡലമെന്നത് ഏറെക്കുറെ സമൂഹമാധ്യമങ്ങൾ മാത്രമായി ചുരുങ്ങിയെന്ന യാഥാർഥ്യമാണ് ഇന്നുള്ളത്.

ഈ ഇടം എന്നതിന്, സ്‌പേസ് എന്നതിന് ഭൂമിശാസ്ത്രപരമായ ഒരു മാനം മാത്രമല്ല ഉള്ളത്. സാമാന്യജനത്തിന്റെ സമയവും ക്യാപിറ്റലിസത്തെ സംബന്ധിച്ച് ലാഭമുണ്ടാക്കാനുള്ള സ്‌പേസ് ആണ്. ആ "സമയത്തി'ലാണ് ഏറ്റവും അവസാനമായി ഇടങ്ങൾക്കുവേണ്ടിയുള്ള ലാഭക്കൊതിയുടെ പര്യവേഷണം എത്തിനിൽക്കുന്നത്. സമൂഹമാധ്യമങ്ങളുടെ ആവിർഭാവം ആ പ്രത്യേക പശ്ചാത്തലത്തിൽ മനസ്സിലാക്കേണ്ടതുണ്ട്.

ശത്രു വർഗതാൽപര്യം

ഫ്രഞ്ച് മാർക്‌സിസ്റ്റ് ചിന്തകനും സോഷ്യോളജിസ്റ്റുമായ ഹെൻറി ലെഫെബാ
(Henri Lefebvre ) The Critique of Everyday life എന്ന പുസ്തകത്തിൽ ജോലികൾക്കിടയിലെ ദൈനംദിന ജീവിതം എപ്രകാരമാണ് കോളനിവൽക്കരിക്കപ്പെടുന്നത് എന്നതിനെ കുറിച്ച് പറയുന്നുണ്ട്. മനുഷ്യായുസ്സിലെ ഏറ്റവും ക്രിയാത്മകമായ ഇത്തരം സമയങ്ങളെ ഉപഭോഗത്തിൽ തളച്ചിട്ടുകൊണ്ടാണ് അത് സാധ്യമാക്കുന്നത്.

ചർച്ച ചെയ്യപ്പെടുന്ന വിഷയത്തിന്റെ മെരിറ്റിനേക്കാൾ പ്രാധാന്യം ആ ചർച്ചയിലൂടെ ഉണ്ടാകുന്ന ആനന്ദത്തിനാകുന്ന സാഹചര്യങ്ങളുണ്ട് പലപ്പോഴും. ഫേസ്ബുക് പോസ്റ്റുകളുടെ പ്രാഥമിക ഉദ്ദേശ്യം ലൈക്കുകളാകുന്ന ഘട്ടങ്ങളിൽ എല്ലാം ഇതാണ് നടക്കുന്നത്.

അധ്വാനത്തിനപ്പുറത്തേക്ക് തൊഴിലാളിയുടെ ഒഴിവുവേളകളെയും (leisure) ചൂഷണം ചെയ്യാൻ ശ്രമിക്കുന്നു. മുതലാളിത്തത്തിന്റെ ഈ പ്രവണതയെ കുറിച്ച് സോഷ്യൽ മീഡിയ ഒക്കെ ഉണ്ടാകുന്നതിനു മുൻപാണ് ലെഫെബാ
പറഞ്ഞത്.
സമൂഹമാധ്യമങ്ങളിലും നടക്കുന്നത് മറ്റൊന്നല്ല. അത്തരത്തിൽ സമൂഹമാധ്യമങ്ങളുടെ പ്രതിരോധമൂല്യത്തെ പ്രാഥമികമായി തുരങ്കം വെക്കുന്നത് ചൂഷണ വ്യവസ്ഥയുടെ അനുബന്ധരൂപമെന്ന നിലയിൽ അവയിൽ അന്തർലീനമായി കിടക്കുന്ന വർഗ താൽപ്പര്യങ്ങൾ തന്നെയാണ്. എന്നാൽ മുതലാളിത്തം ഇത്തരത്തിൽ നിർമിക്കുന്ന എല്ലാ ഇടങ്ങൾക്കും അവയുടെ ഉദ്ദേശ്യത്തെ തന്നെ അപനിർമിക്കാനുള്ള ശക്തിയുണ്ടെന്നും ലെഫെബാ
തന്നെ പറയുന്നുണ്ട്. ട്യൂണിഷ്യയിലൊക്കെ നാം കണ്ടത് ആ അട്ടിമറി ശേഷിയാണ്.

ട്യൂണിഷ്യക്കുശേഷം വളരെ കൃത്യമായ നവീകരണങ്ങൾ സമൂഹമാധ്യമങ്ങൾക്ക് സംഭവിച്ചിട്ടുണ്ട്. ടെമ്പ്‌ലേറ്റുകളും ഡിസൈനുകളും എല്ലാം നിലവിൽ സംഘടിത രാഷ്ട്രീയ മുന്നേറ്റങ്ങളെ തീർത്തും നിർവീര്യമാക്കുന്ന രീതിയിലാണ് വിന്യസിക്കപ്പെടുന്നത്. തിരിച്ചറിയപ്പെടാത്ത രൂപത്തിൽ ആണ് അതിന്റെ പ്രവർത്തനം. ലൈക്കുകളുടെ, റിയാക്ഷനുകളുടെ ഒക്കെ അർത്ഥതലങ്ങൾക്ക് പരിണാമം സംഭവിക്കുന്നത് ഈ പശ്ചാത്തലത്തിൽ കൂടിയാണ്.

മുതലാളിത്തത്തിന് വിധേയം

ലാഭലക്ഷ്യാർത്ഥം വികസിപ്പിക്കുന്ന ഇടങ്ങളുടെ രാഷ്ട്രീയ സാധ്യതകളെ പ്രതിരോധിക്കാൻ വ്യവസ്ഥ അത്തരത്തിലുള്ള ഇടങ്ങളെ അമൂർത്തമായി നിലനിർത്താൻ ശ്രമിക്കുന്നു എന്നുകൂടെ പറഞ്ഞു വെക്കുന്നുണ്ട് ലെഫെബാ. സമൂഹമാധ്യമങ്ങളുടെ കാര്യത്തിൽ ഇത് കൃത്യമാണെന്ന് കാണാം. ചർച്ച ചെയ്യപ്പെടുന്ന വിഷയത്തിന്റെ മെരിറ്റിനേക്കാൾ പ്രാധാന്യം ആ ചർച്ചയിലൂടെ ഉണ്ടാകുന്ന ആനന്ദത്തിനാകുന്ന (pleasure) സാഹചര്യങ്ങളുണ്ട് പലപ്പോഴും. ഫേസ്ബുക് പോസ്റ്റുകളുടെ പ്രാഥമിക ഉദ്ദേശ്യം ലൈക്കുകളാകുന്ന ഘട്ടങ്ങളിൽ എല്ലാം ഇതാണ് നടക്കുന്നത്.

ഹെൻറി ലെഫെബാ

സമാനഘട്ടങ്ങളിൽ എല്ലാം പ്രോത്സാഹിപ്പിക്കപ്പെടുന്നത് ലിബറൽ വ്യതിരിക്തതയാണ്. സംഘടിത രാഷ്ട്രീയ മുന്നേറ്റത്തിന് ഈ പ്രവണതകൾ എല്ലാം ചെക്കുകൾ (checks) ആയി പ്രവർത്തിക്കുന്നു. മുതലാളിത്ത ഉൽപ്പാദന വ്യവസ്ഥയിൽ തൊഴിലാളികൾ അന്യവൽക്കരിക്കപ്പെടുന്നത് (alienation) പോലെ തന്നെ മനുഷ്യൻ അയാളുടെ രാഷ്ട്രീയ ഇടപെടലുകളിലും ഒറ്റത്തുരുത്തുകളായി അന്യവൽക്കരിക്കപ്പെടുന്നു. രാഷ്ട്രീയമൂല്യമുള്ള സാമൂഹിക ഇടങ്ങൾ രൂപീകരിക്കപ്പെടുന്ന സാഹചര്യങ്ങൾ എല്ലാം തടയപ്പെടുന്നത് ഇങ്ങനെ ഒക്കെയാണ്.

എത്രയൊക്കെ തടഞ്ഞാലും നിർമിത ബുദ്ധിയുടെയും വ്യവസ്ഥയുടെയും പ്രതിബന്ധങ്ങളെയെല്ലാം പൊളിച്ച് പ്രതിരോധ ഇടങ്ങളായി സാമൂഹിക മാധ്യമങ്ങൾ മാറുന്ന ചില സാഹചര്യങ്ങൾ മാത്രം ഉണ്ടായേക്കാം. അപ്പോൾ മാത്രമെ രാഷ്ട്രീയ പ്രതിരോധവുമായി ബന്ധപ്പെട്ട് ബാഹ്യ നിയമനിർമാണങ്ങൾക്കും, സെൻസറിങ്ങിനും, നിയന്ത്രണങ്ങൾക്കുമൊക്കെ എന്തെങ്കിലും പ്രാധാന്യമുണ്ടാകുന്നുള്ളൂ. അത്തരത്തിലുള്ള അവസരങ്ങൾ വളരെ പരിമിതമാണ്.

ചുരുക്കിപ്പറഞ്ഞാൽ സമൂഹമാധ്യമങ്ങൾക്ക് എല്ലാ കാലത്തും മുതലാളിത്തത്തിന് പൂർണമായും വിധേയപ്പെട്ടുകൊണ്ടുള്ള രാഷ്ട്രീയ നിലനിൽപ്പ് മാത്രമേയുള്ളൂ. വ്യവസ്ഥക്ക് അനഭിമതമായ എന്തിനെയും നിയന്ത്രിക്കാൻ അത് സ്വയേമേവ പ്രാപ്തമാണ്. അതുകൊണ്ടുതന്നെ പ്രാബല്യത്തിൽ വന്നുകൊണ്ടിരിക്കുന്ന നിയന്ത്രണങ്ങൾക്ക് സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ പ്രതിരോധ മൂല്യവുമായി ബന്ധപ്പെട്ട് കനപ്പെട്ട പ്രത്യാഘാതം ഒന്നും ഉണ്ടാക്കാനില്ല. ജനാധിപത്യ അവകാശങ്ങളെ അത് എപ്രകാരം ബാധിക്കുന്നുവെന്ന ആശങ്കയെ മുൻനിർത്തിയാണ് ഈ വിഷയം കൂടുതലായും ചർച്ച ചെയ്യപ്പെടേണ്ടത്.▮

Comments