ചോദ്യങ്ങളെല്ലാം അവസാനിപ്പിച്ചു കഴിഞ്ഞു,
​ലെഗസി മീഡിയ

തീർത്തും വലതുപക്ഷവൽക്കരിക്കപ്പെട്ട, വരേണ്യസ്വഭാവമുള്ള രാഷ്ട്രീയത്തിന് ആധിപത്യം കിട്ടുന്ന സമയത്ത് ഭരണഘടനാമൂല്യങ്ങൾക്കുവേണ്ടി ലെഗസി മീഡിയ പ്രവർത്തിക്കുമെന്ന് കരുതുന്നത് തെറ്റായ ധാരണയാണ്. മാധ്യമങ്ങളെക്കുറിച്ചുള്ള അമിത പ്രതീക്ഷയുടെ ഭാഗമായാണ് ഇത്തരം വിലയിരുത്തലുകൾ ഉണ്ടാകുന്നത്.

മീപവർഷങ്ങളിൽ, ഇന്ത്യൻ മാധ്യമങ്ങൾക്കുണ്ടായ മാറ്റം ചൂണ്ടിക്കാണിക്കാൻ ഏറ്റവും നല്ല സൂചകം ബാബറി മസ്ജിദാണെന്ന് തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് ഇംഗ്ലീഷ് മാധ്യമങ്ങളുടെ സമീപനമാറ്റത്തെ അത് വളരെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. (തർക്കമന്ദിരം എന്നത് ബാബറി മസ്ജിദിനെ കുറിച്ച് മലയാള പത്രങ്ങൾ അന്ന് സ്വാഭാവികമെന്നോണം വിശേഷിപ്പിച്ച വാക്കായിരുന്നു. അതിൽ മാത്രമായി കുഴപ്പം കാണാനും പറ്റില്ല. ബാബറി മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രവും പള്ളിയും പണിയുകയോ, ദേശീയ മ്യൂസിയമാക്കുകയോ ചെയ്യണമെന്നു പറഞ്ഞ മഹാവിപ്ലവകാരികളും അന്നുണ്ടായിരുന്നു). ബാബറി പള്ളി ഹിന്ദുത്വ തീവ്രവാദികൾ ബി.ജെ.പി ദേശീയനേതാക്കളുടെ നേതൃത്വത്തിൽ പൊളിച്ചതിന്റെ പിറ്റേന്നിറങ്ങിയ ചില പത്രങ്ങൾ നോക്കിയാലും, കേസിൽ സുപ്രീം കോടതി അന്തിമ വിധി പ്രഖ്യാപിച്ചശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന് കല്ലിട്ടപ്പോഴും അതേ പത്രങ്ങൾ വാർത്ത കൈകാര്യം ചെയ്ത രീതി നോക്കിയാലും ഈ മാറ്റം പ്രത്യക്ഷത്തിൽ മനസ്സിലാകും. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് പത്രമെന്ന് കരുതുന്ന ടൈംസ് ഓഫ് ഇന്ത്യ 1992 ഡിസംബർ ഏഴിന് ഇറങ്ങിയപ്പോൾ, ഒന്നാം പേജ് എഡിറ്റോറിയൽ തലക്കെട്ട് A Republic besmirched എന്നായിരുന്നു. ഇന്ത്യൻ എക്സ്പ്രസ് A Nation betrayed എന്നായിരുന്നു ആ ക്രിമിനൽ പ്രവൃത്തിയെ വിശേഷിപ്പിച്ചത്.

പൊതുവിൽ മതേതര മൂല്യങ്ങളോട് കൂറുപുലർത്തുന്ന സമീപനമായിരുന്നു ഇന്ത്യയിലെ മധ്യ ഉപരി വർഗ താൽപര്യങ്ങൾക്കുവേണ്ടി നിലകൊണ്ടിരുന്ന പത്രങ്ങൾ നേരത്തെ ചെയ്തത്. ഇതിലാണ് ഇപ്പോൾ പ്രകടമായ മാറ്റമുണ്ടായിരിക്കുന്നത്.

ഇതേ പത്രങ്ങൾ പക്ഷെ, മതേതര ഇന്ത്യയുടെ പ്രധാനമന്ത്രി ക്ഷേത്രത്തിന് കല്ലിട്ടപ്പോൾ ആവേശത്തോടെ, ആ ഹിന്ദുത്വ പദ്ധതിയുടെ ഭാഗമാകാനാണ് ശ്രമിച്ചത്. ഇന്ത്യൻ എക്സ്പ്രസ് Modi Marks Mandir എന്ന് ആവേശപ്പെട്ടപ്പോൾ ടൈംസ് ഓഫ് ഇന്ത്യയുടെ സന്തോഷം അയോധ്യ ക്ഷേത്രനിർമ്മാണത്തെ മോദി സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി ബന്ധപ്പെടുത്തിയതിലായിരുന്നു. അതായത്, പൊതുവിൽ മതേതര മൂല്യങ്ങളോട് കൂറുപുലർത്തുന്ന സമീപനമായിരുന്നു ഇന്ത്യയിലെ മധ്യ ഉപരി വർഗ താൽപര്യങ്ങൾക്കുവേണ്ടി നിലകൊണ്ടിരുന്ന പത്രങ്ങൾ നേരത്തെ ചെയ്തത്. ഇതിലാണ് ഇപ്പോൾ പ്രകടമായ മാറ്റമുണ്ടായിരിക്കുന്നത്. ഇത് പത്രങ്ങളുടെ സമീപനത്തിൽ വന്ന മാറ്റം എന്നതുപോലെ, ഇന്ത്യയിലെ മധ്യവർഗത്തിന്റെയും ഉപരിവർഗത്തിന്റെയും രാഷ്ട്രീയ നിലപാടുകളിൽ വന്ന മാറ്റവുമായും ബന്ധപ്പെടുത്തി കാണണം.

ഇന്ത്യൻ ഭരണകൂടം മതേതരത്വവുമായി ബന്ധപ്പെടുത്തിയുള്ള അതിന്റെ എല്ലാ നാട്യങ്ങളും അവസാനിപ്പിച്ച്​ ഹിന്ദുത്വത്തെ സ്വീകരിച്ചപ്പോൾ അതിനോട് ഒരു പ്രതിരോധം പോലും ഉയർത്താതെ കീഴടങ്ങിയത് ഇന്ത്യയിലെ ലെഗസി മീഡിയ തന്നെയാണ്. അടിയന്തരാവസ്ഥാ കാലത്തും മറ്റും ചുരുക്കം ചില അപവാദങ്ങൾ ഒഴിച്ചുനിർത്തിയാൽ നേരത്തെയും അങ്ങനെയായിരുന്നു. ഭരണകൂടത്തോട് സമരസപ്പെടുന്ന ലെഗസി മാധ്യമങ്ങൾ, നീതിയുടെ പക്ഷത്തുനിന്നുള്ള ചോദ്യങ്ങൾ ചോദിക്കുമെന്നുതന്നെ കരുതരുത്. കശ്മീരിലും കിഴക്കൻ സംസ്ഥാനങ്ങളിലും ഭരണകൂടം നടത്തിയ മനുഷ്യാവകാശലംഘനങ്ങൾ നേരത്തെയും ഇന്ത്യൻ മാധ്യമങ്ങൾക്ക് പ്രധാന വാർത്തയായിരുന്നില്ല.

കോവിഡിനെ സർക്കാർ കൈകാര്യം ചെയ്യുന്നതിനെ വിമർശിച്ച ലേഖനങ്ങൾ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് പിൻവലിച്ചു. പല മാധ്യമങ്ങളും ഇത് തുടർന്നു. ഔട്ട് ലുക്ക് പത്രാധിപർ റൂബേൻ ബാനർജിയെ മാറ്റിയത് കോവിഡ് കാലത്തെ ഭരണകൂട അനാസ്ഥ കവർ സ്റ്റോറി ആക്കിയതിനായിരുന്നു.

കഴിഞ്ഞ 10 വർഷമായി സംഭവിച്ചത് മറ്റൊന്നു കൂടിയാണ്. ഭരണകൂടത്തോട് വിധേയപ്പെടുന്നതിൽ, ഹിന്ദുത്വ ആശയത്തോട് പൊരുത്തപ്പെടുന്നതിൽ മുഖ്യധാരാ മാധ്യമങ്ങൾ കൂടുതൽ ആവേശം കാണിച്ചുവെന്നതാണ് ഇക്കാലത്തുണ്ടായ മാറ്റം. കോവിഡ് കാലത്ത് സർക്കാരിനെതിരായ വാർത്തകൾ കൊടുക്കരുതെന്ന് പറയാൻ വേണ്ടി ചില പത്രമുതലാളിമാരെയും എഡിറ്റർമാരെയും കണ്ടശേഷമാണ് നരേന്ദ്രമോദി ലോക്ക്​ഡൗൺ പ്രഖ്യാപിച്ചത്. സർക്കാരിന്റെ ഭാഗമാക്കി മാധ്യമങ്ങളെ മാറ്റുകയാണ് അതുവഴി ചെയ്തത്. സർക്കാരിന്റെ മെഗാഫോണുകളായി മാറാൻ മാധ്യമങ്ങളോട് പ്രധാനമന്ത്രി പറയുന്നു. അങ്ങനെ പറയാൻ പ്രധാനമന്ത്രി തങ്ങളെയൊക്കെ വിളിച്ചതിൽ സന്തോഷിക്കുന്ന പത്ര ഉടമകളെയും പത്രാധിപന്മാരെയാണ് പിന്നീട് നമ്മൾ കാണുന്നത്. (ദ ഹിന്ദുവിന്റെ മാലിനി പാർത്ഥസാരഥിയുടെ ട്വീറ്റ് പ്രധാനമന്ത്രിയോട്​ നന്ദി പ്രകടിപ്പിക്കുന്നതായിരുന്നു) ഈ യോഗത്തിനുശേഷം കോവിഡിനെ സർക്കാർ കൈകാര്യം ചെയ്യുന്നതിനെ വിമർശിച്ച ലേഖനങ്ങൾ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് പിൻവലിച്ചു. പല മാധ്യമങ്ങളും ഇത് തുടർന്നു. ഔട്ട് ലുക്ക് പത്രാധിപർ റൂബേൻ ബാനർജിയെ മാറ്റിയത് കോവിഡ് കാലത്തെ ഭരണകൂട അനാസ്ഥ കവർ സ്റ്റോറി ആക്കിയതിനായിരുന്നു.

റൂബേൻ ബാനർജി

നരേന്ദ്രമോദി അധികാരത്തിലെത്തിയപ്പോൾ വ്യാപകമായ വിദ്വേഷ കൊലപാതകങ്ങളും ആക്രമണങ്ങളും ട്രാക്ക് ചെയ്യുന്ന കോളം ഹിന്ദുസ്​ഥാൻ ടൈംസ് പ്രസിദ്ധികരിച്ചിരുന്നു. അങ്ങനെയൊന്ന് ഇന്ത്യൻ മാധ്യമങ്ങളിൽ ആദ്യത്തെതായിരുന്നു. എന്നാൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ ഉടമ ശോഭന ഭാരതീയയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നമ്മിൽ നടന്ന കൂടിക്കാഴ്ചക്കുശേഷം പത്രാധിപർ ബോബി ഘോഷിനെ തന്നെ മാറ്റാൻ പത്രം തീരുമാനിക്കുകയായിരുന്നു. ‘ഹേറ്റ് ട്രാക്കർ’ എന്ന പംക്തി ഉടൻ പിൻവലിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെ സെൻട്രൽ വിസ്റ്റ പദ്ധതിയ്ക്കെതിരായ ചരിത്രകാരൻ രാമചന്ദ്ര ഗുഹയുടെ ലേഖനം പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ചതും ഹിന്ദുസ്ഥാൻ ടൈംസ് ആയിരുന്നു. ഇതേ തുടർന്ന് ഹിന്ദുസ്ഥാൻ ടൈംസിലെ കോളം ഗുഹ അവസാനിപ്പിച്ചു. മാധ്യമങ്ങൾ സെൽഫ് സെൻസറിങിന്റെ അവസ്ഥയിലേക്ക് പോകുന്നതിന് ഇങ്ങനെ എത്രയോ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും.

ഹിന്ദുത്വവാദികളുടെ എതിർപ്പിനെ തുടർന്ന് നോവൽ പ്രസിദ്ധീകരണം അവസാനിപ്പിച്ചതും ഗാന്ധിയുടെ ജന്മദിനത്തിൽ ആർ.എസ്.എസ് തലവന്റെ ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തത്​ ദേശീയതയുടെ പാരമ്പര്യം പേറുന്ന മാതൃഭൂമിയായിരുന്നു. ഇന്ത്യൻ ദേശീയതയെ ഹിന്ദുത്വവുമായി എളുപ്പം വിളക്കിച്ചേർക്കാൻ കഴിയുമെന്ന ‘അറിവ്​’ സംഘ്പരിവാറിനുമാത്രമല്ല ഉള്ളതെന്നാണ് ഇതൊക്കെ തെളിയിക്കുന്നത്.

വൻകിട മാധ്യമ സ്ഥാപനങ്ങൾ കോർപ്പറേറ്റ് സ്ഥാപനങ്ങൾ തന്നെയാണ്. വാർത്തയാണ് അവരുടെ ഉത്പന്നം എന്നതുകൊണ്ട് ആ കോർപറേറ്റ് സ്ഥാപനങ്ങളുടെ അടിസ്ഥാനസ്വഭാവത്തിൽ മാറ്റമുണ്ടാവുമെന്ന് കരുതരുത്.

ലെഗസി മീഡിയയുടെ വർഗം

അധികാരികളുടെ മടിയിൽ കിടക്കുന്ന വാലാട്ടുന്ന പട്ടി എന്ന അർത്ഥത്തിൽ ‘ലാപ്​ഡോഗ്​ മീഡിയ’ എന്ന പ്രയോഗം ബോബ് ഫ്രാങ്ക്ളിനെ പോലുള്ളവർ നടത്തുമ്പോൾ അത് മോദികാലത്തെ ഇന്ത്യൻ മാധ്യമങ്ങളെക്കുറിച്ച് മാത്രമായിരുന്നില്ല. ഏത് കോർപ്പറേറ്റ് സ്ഥാപനവും ഭരണകൂടവുമായി ചേർന്നുപോകുന്ന രീതിയിൽ പ്രവർത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ല. വൻകിട മാധ്യമ സ്ഥാപനങ്ങൾ കോർപ്പറേറ്റ് സ്ഥാപനങ്ങൾ തന്നെയാണ്. വാർത്തയാണ് അവരുടെ ഉത്പന്നം എന്നതുകൊണ്ട് ആ കോർപറേറ്റ് സ്ഥാപനങ്ങളുടെ അടിസ്ഥാനസ്വഭാവത്തിൽ മാറ്റമുണ്ടാവുമെന്ന് കരുതരുത്. മറ്റ്​ ഏത്​ കോർപ്പറേറ്റ് സ്ഥാപനവും ഭരണ സംവിധാനവുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിക്കുന്നതുപോലെ തന്നെയാണ് മാധ്യമ സ്ഥാപനങ്ങളും പൊതുവിൽ പ്രവർത്തിക്കുന്നത്.

എ. എം. ജിഗീഷ്, പി. സായ്നാഥ്

ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളെ പൊതുവായി വിശകലനം ചെയ്​താൽ, ഇന്ത്യയിലെ മധ്യ ഉപരിവർഗത്തിന്റെ താൽപര്യങ്ങളും ആഗ്രഹങ്ങളുമാണ് അവ പരിപാലിക്കുന്നത് എന്നു കാണാം. നവഉദാരവൽക്കരണത്തിനുശേഷം, മധ്യവർഗ മോഹങ്ങളെ പരിപാലിക്കുന്ന നയസമീപനങ്ങളിലേക്ക് ഭരണകൂടം പൂർണമായി മാറിയതോടെ, സർക്കാരിന്റെ നയസമീപനങ്ങളിൽനിന്ന്​ അടിസ്​ഥാന വിഭാഗത്തിൽപ്പെടുന്നവർ പുറത്തായി. ഈ പുറത്താക്കൽ മാധ്യമങ്ങളിലും നടക്കുന്നുണ്ട്. തൊഴിലാളി യൂണിയനുകൾ ഡൽഹിയിൽ വിളിച്ച വാർത്താ സമ്മേളനത്തിൽ ഏകനായി ഇരിക്കേണ്ടി വന്നതിന്റെ കഥ ദ ഹിന്ദു പത്രത്തിന്റെ പ്രതിനിധി എ. എം. ജിഗീഷ് എഴുതിയത് ഈയിടെയാണ്. ഇന്ത്യയിലെ പ്രമുഖ തൊഴിലാളി യൂണിയനുകൾ അവരുടെ സമരത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തോടായിരുന്നു മാധ്യമങ്ങളുടെ ഈ പുച്ഛം. ഇന്ത്യൻ പത്രങ്ങളിൽ ഗ്രാമീണ മേഖലയ്ക്ക് നൽകുന്ന ഇടം ഒരു ശതമാനത്തിൽ താഴെയാണെന്ന് പി. സായ്നാഥ് പറഞ്ഞതും ഇതോടൊപ്പം കൂട്ടിവായിക്കണം. നേരത്തെ പറഞ്ഞ ‘ലാപ്​ഡോഗ്​ മീഡിയ’ എന്നത് വാർത്തകൾക്കുവേണ്ടി സർക്കാരിനെയും കോർപ്പറേറ്റുകളെയും വരേണ്യവിഭാഗത്തിൽപ്പെട്ടവരെയും കൂടുതലായി ആശ്രയിക്കുന്നതാണ്. വരേണ്യവിഭാഗത്തിൽപ്പെടാത്തവരുടെ നിലപാടുകളെ ഇവർ പരിഗണിക്കുന്നുപോലുമില്ല. അവർ റിപ്പോർട്ടിങിനെക്കാൾ കൂടുതൽ വാദപ്രതിവാദങ്ങൾക്ക് മുൻതൂക്കം നൽകുന്നു. ഇതെല്ലാം ഇന്ന് പൊതുവിൽ ഇന്ത്യൻ മാധ്യമങ്ങളുടെ സ്വഭാവമായി കാണേണ്ടതാണ്.

എന്താണ് മോദികാലത്ത് നടക്കുന്നതെന്ന് പോലും രാഷ്ട്രീയമായി തിരിച്ചറിയാനാവാതെ ഹിന്ദുത്വത്തിന്റെയും നവഉദാരവൽക്കരണത്തിന്റെയും വിവിധ രൂപങ്ങളെ ബദൽ എന്നുപറഞ്ഞ് അവതരിപ്പിക്കുകയാണ് കോൺഗ്രസ് മുതൽ ഇടതുപക്ഷം വരെയുള്ളവർ.

മാധ്യമങ്ങൾ നമ്മുടെ സമൂഹത്തിൽനിന്നുതന്നെ ഉണ്ടാകുന്നതാണ്. തീർത്തും വലതുപക്ഷവൽക്കരിക്കപ്പെട്ട, വരേണ്യസ്വഭാവമുള്ള രാഷ്ട്രീയത്തിന് (ഭരണകക്ഷിക്ക് മാത്രമല്ല, പ്രധാന മുഖ്യധാരാ പാർട്ടികൾക്കെല്ലാം) ആധിപത്യം കിട്ടുന്ന സമയത്ത് ഭരണഘടനാമൂല്യങ്ങൾക്കുവേണ്ടി ലെഗസി മീഡിയ പ്രവർത്തിക്കുമെന്ന് കരുതുന്നത് തെറ്റായ ധാരണയാണ്. മാധ്യമങ്ങളെക്കുറിച്ചുള്ള അമിത പ്രതീക്ഷയുടെ ഭാഗമായാണ് ഇത്തരം വിലയിരുത്തലുകൾ ഉണ്ടാകുന്നത്. അടിയന്തരാവസ്​ഥയിലും മാധ്യമങ്ങൾ കീഴടങ്ങിയിരുന്നു. എന്നാൽ ഇന്ദിരാഗാന്ധിയുടെ സമഗ്രാധിപത്യത്തിനെതിരെ രാഷ്ട്രീയമായ ചെറുത്തുനിൽപ്പ് അന്ന് ശക്തമായിരുന്നു. ഇന്ന് അതല്ല അവസ്ഥ. എന്താണ് മോദികാലത്ത് നടക്കുന്നതെന്ന് പോലും രാഷ്ട്രീയമായി തിരിച്ചറിയാനാവാതെ ഹിന്ദുത്വത്തിന്റെയും നവഉദാരവൽക്കരണത്തിന്റെയും വിവിധ രൂപങ്ങളെ ബദൽ എന്നുപറഞ്ഞ് അവതരിപ്പിക്കുകയാണ് കോൺഗ്രസ് മുതൽ ഇടതുപക്ഷം വരെയുള്ളവർ. അത്തരമൊരു കാലത്ത് മാധ്യമങ്ങൾ മാത്രമായി കീഴടങ്ങാതിരിക്കുമെന്ന് കരുതുക വയ്യ.

സിദ്ദീഖ് കാപ്പൻ

വോട്ടെടുപ്പിലൂടെ സർവാധിപതികൾ അധികാരത്തിലേറുകയെന്നത് ഇന്ന് ഒരു പ്രവണതയാണ്. ഇന്ത്യയിൽ മാത്രമല്ല, ബോൾസാനോരാവിന്റെ കാലത്ത് ബ്രസീലിൽ, ട്രംപിന്റെ കാലത്ത് അമേരിക്കയിൽ, തുർക്കിയിൽ ഇപ്പോഴും ഭരണം തുടരുന്ന എർദോഗാൻ എന്നിവരൊക്കെ ഇതിന്റെ ഉദാഹരണമാണ്. അടിയന്തരാവസ്ഥാകാലത്ത്, ഇന്ത്യയുടെ ജനാധിപത്യത്തെക്കുറിച്ച് ലോക രാജ്യങ്ങളെ ബോധ്യപ്പെടുത്താൻ ഇന്ദിരാഗാന്ധി പ്രതിനിധിയെ അയച്ചതുപോലെ, അയക്കേണ്ട സാഹചര്യം ഇന്ന് മോദിക്കില്ല. പത്രസ്വാതന്ത്ര്യം ഇല്ലാതാവുന്നിടത്ത് ജനാധിപത്യം പ്രവർത്തനക്ഷമമല്ല, എന്നല്ല, മറിച്ച്, ജനാധിപത്യം ഇല്ലാത്തിടത്ത് മാധ്യമങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കില്ല എന്നതാണ് ശരി. ഇന്ത്യ മാധ്യമ സ്വാതന്ത്ര സൂചികയിൽ 150-ാം സ്ഥാനത്ത് എത്തിയത് കഴിഞ്ഞ 10 വർഷമായി ഇന്ത്യൻ ഭരണഘടനയെ ആഭ്യന്തരമായി അട്ടിമറിച്ചതിന്റെ ഫലമായി കൂടിയാണ്. സിദ്ദീഖ് കാപ്പൻ അറസ്റ്റ് ചെയ്യപ്പെട്ട് രണ്ടുവർഷത്തിനുശേഷം ജാമ്യം കിട്ടിയെങ്കിലും ഇപ്പോഴും ഡൽഹിയിൽ തുടരുകയാണ്. പക്ഷെ, ഹാഥ്​റസിൽ പെൺകുട്ടിയുടെ മൊഴിയെ സംശയിക്കുന്ന തരതത്തിലുള്ള കോടതി വിധി വന്നുകഴിഞ്ഞു. കുറ്റാരോപിതരിൽ ഒരാളൊഴികെ ജയിലിൽനിന്ന് പുറത്തു വരികയും ചെയ്​തു. അതായത്​, ഏത് സംവിധാനത്തെ നോക്കിയാലും അതിനെ പ്രത്യേകം ഉത്തരവുകൾ ഒന്നും കൂടാതെ അട്ടിമറിക്കാൻ കഴിഞ്ഞുവെന്നതാണ് മോദി ഭരണത്തെ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയിൽനിന്ന് വ്യത്യസ്തമാക്കുന്നത്.

സ്വതന്ത്ര്യ ഇന്ത്യയിൽ നടന്ന ജനകീയമെന്ന് വിലയിരുത്തപ്പെട്ട പ്രക്ഷോഭങ്ങളുടെ ഭാഗമായി പലപ്പോഴും പ്രച്ഛന്നവേഷത്തിൽ ഹിന്ദുത്വ വലതുപക്ഷം ഉണ്ടായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരായ സമരത്തിൽ ഉൾപ്പെടെ.

ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്രമോദിയെ കുറ്റപ്പെടുത്തുന്ന പരമാർശങ്ങൾ അടങ്ങിയ ഡോക്യുമെന്ററി പുറത്തുവിട്ടാൽ പിറ്റേദിവസം ബി ബി സിയിലേക്ക് റെയ്ഡ് നടത്താൻ യാതൊരു മടിയും മോദി ഭരണകൂടത്തിനില്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ പരിതാപകരമായ സമകാലിക അവസ്ഥയെക്കുറിച്ച് കേംബ്രിഡ്​ജിൽ സംസാരിച്ചതിന്റെ പിറ്റേന്ന്​ ബി.ജെ.പി രാഹുൽ ഗാന്ധിയെ നേരിട്ടത് അദ്ദേഹം രാജ്യത്തിന്റെ പ്രതിച്ഛായ ഇല്ലാതാക്കുന്ന വിധത്തിൽ സംസാരിച്ചുവെന്ന് പറഞ്ഞാണ്. കശ്മീരിലും മധ്യ ഇന്ത്യയിലെ ആദിവാസി മേഖലകളിലും, കിഴക്കൻ സംസ്​ഥാനങ്ങളിലുമെല്ലാം നടക്കുന്ന കടുത്ത ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശ വിരുദ്ധവുമായ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുമ്പോഴും ദേശീയതയെ മുൻനിർത്തിയാണ് ഭരണപാർട്ടികൾ പ്രതിരോധം തീർക്കാറ്​. അതിനോടൊപ്പമായിരുന്നു ലെഗസി മീഡിയ പണ്ടും ഇപ്പോഴും.

കേംബ്രിഡ്ജ് സർവകലാശാലയിലെ വിദ്യാർഥികളുമായി സംവദിക്കുന്ന രാഹുൽഗാന്ധി/ photo: rahul gandi,fb page

മറ്റൊരു കാര്യം, സ്വതന്ത്ര്യ ഇന്ത്യയിൽ നടന്ന ജനകീയമെന്ന് വിലയിരുത്തപ്പെട്ട പ്രക്ഷോഭങ്ങളുടെ ഭാഗമായി പലപ്പോഴും പ്രച്ഛന്നവേഷത്തിൽ ഹിന്ദുത്വ വലതുപക്ഷം ഉണ്ടായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരായ സമരത്തിൽ ഉൾപ്പെടെ. കർഷക സമരങ്ങളിലും തൊഴിലാളി സമരങ്ങളിലും മാത്രമാണ് വലതുപക്ഷത്തിന് റോളുണ്ടാവാതിരുന്നത്. എന്നാൽ ഈ സമരങ്ങളെ ലെഗസി മീഡിയ കാര്യമായി പരിഗണിച്ചിട്ടില്ലെന്നും കാണാം. മാധ്യമങ്ങളുടെ സ്വഭാവത്തിൽ അടിസ്ഥാനപരമായ സ്വഭാവമാറ്റം സംഭവിച്ചതുകൊണ്ടല്ല ഇപ്പോൾ ഭരണകൂടത്തിനുമുന്നിൽ കീഴടങ്ങിയതായി തോന്നുന്നത്. ഭരണകൂടം കൂടുതൽ ജനവിരുദ്ധമായതുകൊണ്ടാണ്. ചില മാധ്യമങ്ങൾ ചില ഘട്ടങ്ങളിൽ ജനപക്ഷത്ത് ഉറച്ചനിന്നുവെന്നല്ലാതെ പൊതുവിൽ ഭരണകൂടത്തിനൊപ്പമായിരുന്നു ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങൾ. പൗരസമൂഹത്തെ നിർവീര്യമാക്കിയും രാഷ്ട്രീയ എതിരാളികളെ നിഷ്പ്രഭരാക്കിയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തേരോട്ടമാണ് ഇന്ത്യയിൽ നടക്കുന്നത്. ചില ബദൽ മാധ്യമങ്ങൾ മാത്രമാണ് ഇപ്പോൾ ഇതിനെതിരെ നിൽക്കുന്നത്. അവരെയും ഇല്ലാതാക്കാനുള്ള ശ്രമവും നടക്കുന്നു.

ചില ഡിജിറ്റൽ മാധ്യമങ്ങൾ ജനപങ്കാളിത്തതോടെയും മറ്റും ഉണ്ടാക്കിയെടുക്കുന്ന ശ്രമങ്ങളാണ് യഥാർത്ഥത്തിൽ ഭരണകൂടത്തെ, അതിന്റെ വ്യാജ വാർത്താനിർമിതിയെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നത്. അവയേയും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് അധികാരികൾ.

സാമൂഹ്യ മാധ്യമങ്ങൾ ബദലോ?

സാമൂഹ്യമാധ്യമങ്ങൾ മുഖ്യധാരാ മാധ്യമങ്ങളിൽനിന്ന്​ വ്യത്യസ്തമായ രീതിയിൽ പ്രവർത്തിക്കുമെന്ന് കരുതുക വയ്യ. കാരണം പ്രധാനപ്പെട്ട സാമൂഹ്യമാധ്യമങ്ങളൊക്കെ വലിയ കുത്തക കമ്പനികളാണ്. ഫേസ്ബുക്കിന്റെ മെറ്റ എന്ന കമ്പനി തന്നെയാണ് ഫേസ്ബുക്ക്, വാട്​സ്​ആപ്, ഇൻസ്റ്റഗ്രാം എന്നിവയുടെ ഉടമ. നൂറുകണക്കിന് കോടി ജനങ്ങളുടെ വിവിധ തരത്തിലുളള വിവരങ്ങളുടെ ‘സൂക്ഷിപ്പുകാരാ’ണിവർ. എങ്ങനെയൊക്കെയാണ് ഈ വിവരങ്ങൾ കൊംപ്രമൈസ് ചെയ്യപ്പെടുന്നത് എന്നതിന്റെ നിരവധി ഉദാഹരണങ്ങൾ നമ്മൾ കണ്ടുകഴിഞ്ഞതാണ്. ഇതുമാത്രമല്ല, സാധാരണ മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതിനെക്കാൾ എളുപ്പത്തിലാണ് സ്ഥാപിതതാൽപര്യത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംഘങ്ങൾ സാമുഹ്യമാധ്യമങ്ങളെ തങ്ങളുടെ വിദ്വേഷ പ്രചാരണത്തിന് വേദിയാക്കുന്നുവെന്നതിന് അന്തർദേശീയതലം മുതൽ കേരളം വരെ ഉദാഹരണങ്ങളുണ്ട്. നരേന്ദ്രമോദിയ്ക്കും ബി.ജെ.പിയ്ക്കും വേണ്ടി എങ്ങനെയാണ് സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കപ്പെട്ടതെന്നത് സംബന്ധിച്ച് നിരവധി പഠനങ്ങളും പുറത്തുവന്നുകഴിഞ്ഞു. അതുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളാണ് മുഖ്യധാരാ മാധ്യമങ്ങൾക്ക് ബദൽ എന്നു കരുതാൻ കഴിയില്ല. മറിച്ച്, ചില ഡിജിറ്റൽ മാധ്യമങ്ങൾ ജനപങ്കാളിത്തതോടെയും മറ്റും ഉണ്ടാക്കിയെടുക്കുന്ന ശ്രമങ്ങളാണ് യഥാർത്ഥത്തിൽ ഭരണകൂടത്തെ, അതിന്റെ വ്യാജ വാർത്താനിർമിതിയെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നത്. അവയേയും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് അധികാരികൾ.

സാങ്കേതിക വിദ്യ, മൂലധന കേന്ദ്രീകൃതമാവുമ്പോഴും ചില സാധ്യതകൾ തുറന്നിടുന്നുണ്ട്, ജനങ്ങൾക്കുമുന്നിൽ. അത്തരമൊരു സാധ്യതയാണ് ജനപക്ഷ ഡിജിറ്റൽ മാധ്യമങ്ങൾ. ഇതിനെയും വളരെ സ്വാഭാവികമായും നിയന്ത്രിക്കാനുള്ള ഉപകരണങ്ങൾ ഭരണകൂടത്തിനുണ്ട്. കശ്മീരിൽ ഇന്റർനെറ്റ് ഇപ്പോഴും പൂർണ അളവിൽ ലഭ്യമാണോ എന്നറിയില്ല. ഏതായാലും ഏറ്റവും കൂടുതൽ കാലം ഇന്റർനെറ്റ് നിരോധിക്കപ്പെട്ട സ്ഥലം ജനാധിപത്യ ഇന്ത്യയിലെ കശ്മീരാണ്. അതിനെതിരായ കേസ് പരിഗണിക്കാൻ സുപ്രീംകോടതിയ്ക്കും തിടുക്കമുണ്ടായില്ല. ഭരണകൂട നിയന്ത്രണത്തിനപ്പുറത്താണ് ഡിജിറ്റൽ മീഡിയ എന്നതുകൊണ്ടല്ല, അവ ഒരു സാധ്യതയാകുന്നത്. അതിന്റെ പ്രവർത്തനത്തിനുള്ള ശേഷി പലരീതിയിലാണെന്നതുകൊണ്ടാണ്. എന്നാൽ, ഇന്ത്യയിൽ ഇപ്പോഴും ഏറ്റവും റീച്ചുള്ള ഡിജിറ്റൽ മീഡിയ ലെഗസി മീഡിയയുടെ സ്ഥാപനങ്ങൾ തന്നെയാണ്. ടൈംസ് ഓഫ് ഇന്ത്യ മുതൽ മലയാള മനോരമ വരെയുള്ളവർ. എന്നാൽ മൂലധനത്തിന്റെ നീരാളിപ്പിടുത്തത്തിൽനിന്ന് മാറിനടക്കാനുള്ള ശേഷി ചില ഡിജിറ്റൽ മാധ്യമങ്ങൾ കാണിക്കുന്നുണ്ട്, ലോകത്തെമ്പാടുനിന്നും. മാധ്യമ പ്രവർത്തകർക്കിടയിലുളള കൂട്ടായ്മയിലൂടെ വലിയ അന്വേഷണങ്ങൾ നടത്തുന്നതിലും ഇത്തരം ഡിജിറ്റൽ മീഡിയ പങ്കാളികളാവുന്നുണ്ട്. പെഗാസസിനെക്കുറിച്ചുള്ള അന്വേഷണം ഇതിന്റെ ഉദാഹരണമായി കാണാം. ഇന്ത്യയിൽനിന്ന് ദി വയറാണ് ഇതിന്റെ ഭാഗമായത്. ഭരണകൂടത്തെയും മൂലധനത്തെയും എത്രനാൾ ഇവർക്ക് ചെറുത്തുനിൽക്കാൻ കഴിയുമെന്ന് പ്രവചിക്കുക സാധ്യമല്ല. എങ്കിലും ചെറുത്തുനിൽപ്പിനുള്ള സാധ്യത സാങ്കേതിക വിദ്യയുടെ ജനപക്ഷ ഉപയോഗത്തിലൂടെ സാധ്യമാകുമെന്ന് പ്രതീക്ഷിക്കാം.

‘ബോധം കൊണ്ട് അശുഭാപ്തി വിശ്വാസിയാക്കുമ്പോഴും, ഇച്​ഛാശക്തികൊണ്ട് ശുഭാപ്തി വിശ്വാസിയാകാം.’ ▮


എൻ. കെ. ഭൂപേഷ്

‘ദ ഫോർത്ത്​’ എക്‌സിക്യൂട്ടീവ് എഡിറ്റർ. ഇന്ത്യയിലെ ആഭ്യന്തര കലാപങ്ങൾ എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments