വാർത്താസമ്മേളനം നടത്താത്ത മോദി,
​മാധ്യമങ്ങളുടെ സെൽഫ്​ സെൻസർഷിപ്പ്​

സർക്കാരിന്‌ അലോസരമുണ്ടാക്കുന്ന ഒന്നും താൻ ഉടമയായ മാധ്യമത്തിൽ വരില്ലെന്ന്‌ കോർപറേറ്റ്‌ ഉടമയാണ്‌ ആദ്യം ഉറപ്പുവരുത്തുന്നത്‌. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഉടമയുടെ താൽപര്യത്തിന്‌ വിരുദ്ധമായി ഒന്നും പ്രസിദ്ധീകരിക്കാൻ കഴിയാത്ത അവസ്ഥ

‘ആയിരം നിറതോക്കുകളേക്കാൾ, അവയോടൊപ്പമുള്ള ബയണറ്റുകളേക്കാൾ ഞാൻ ഭയപ്പെടുന്നത്‌ രണ്ടോ മൂന്നോ ദിനപത്രങ്ങളെയാണ്‌’ എന്നു പറഞ്ഞത്‌ നെപ്പോളിയൻ ബോണപ്പാർട്ടാണ്‌ (1769- 1821). യൂറോപ്പിനെ വിറപ്പിച്ച നെപ്പോളിയൻ പോലും ശത്രുസൈന്യത്തേക്കാൾ ഭയപ്പെട്ടത്‌ മാധ്യമങ്ങളെയായിരുന്നു. എന്നാൽ ഇന്നത്തെ ഇന്ത്യയിൽ നെപ്പോളിയന്റെ വാക്കുകൾക്ക്‌ എന്തെങ്കിലും അർഥമുണ്ടെന്ന്‌ തോന്നുന്നില്ല. മുൻ ചീഫ്‌ ജസ്‌റ്റീസ്‌ എൻ.വി. രമണ വിലപിച്ചതുപോലെ, രാവിലെ പത്രങ്ങൾ തുറക്കുമ്പോൾ അതിൽ ഭരണാധികാരികളെ വിറപ്പിക്കുന്ന അന്വേഷണാത്മക വാർത്തകളൊന്നും തന്നെ വരുന്നില്ല. രാജ്യത്തെ ഭൂരിപക്ഷം മാധ്യമങ്ങളും നിലവിലുള്ള ഭരണാധികാരികളുടെ വാഴ്‌ത്തുപാട്ടുകാരായി മാറുമ്പോൾ ഭരണാധികാരികൾ മാധ്യമങ്ങളെ ഭയക്കുന്നത്‌ എന്തിന്‌?

ഭരണഘടനയിലെ 19 (1) എ വകുപ്പ്‌ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പു നൽകുമ്പോഴും മാധ്യമങ്ങൾ എന്തുകൊണ്ടാണ്‌ നിർഭയ മാധ്യമപ്രവർത്തനത്തിന്‌ തയ്യാറാകാത്തത്‌? അദാനി വലിയ തട്ടിപ്പ്‌ നടത്തിയെന്ന്‌ വ്യക്തമായിട്ടും അതിന്റെ ഉള്ളടക്കം തേടി ഒരു മാധ്യമവും പേകാത്തത്‌ എന്തുകൊണ്ടാണ്‌? കഴിവുള്ള, അന്വേഷണത്വരയുള്ള മാധ്യമ പ്രവർത്തകർ ഇല്ലാത്തതുകൊണ്ടാണോ? അല്ലേയല്ല. പിന്നെ എന്താണ്‌ ഇന്ത്യൻ മാധ്യമരംഗത്തെ അലട്ടുന്ന വിഷയം?

 സ്വാതന്ത്ര്യസമരകാലത്തെ എല്ലാ രാഷ്ട്രീയനേതാക്കളും അവരുടെ ആശയങ്ങൾ ജനങ്ങളിലെത്തിക്കാൻ അച്ചടി മാധ്യമങ്ങളെയാണ്‌ ആശ്രയിച്ചത്‌
സ്വാതന്ത്ര്യസമരകാലത്തെ എല്ലാ രാഷ്ട്രീയനേതാക്കളും അവരുടെ ആശയങ്ങൾ ജനങ്ങളിലെത്തിക്കാൻ അച്ചടി മാധ്യമങ്ങളെയാണ്‌ ആശ്രയിച്ചത്‌

സ്വാതന്ത്ര്യസമരവുമായി ഇഴുകിചേർന്നാണ്‌ ഇന്ത്യൻ മാധ്യമപ്രവർത്തനം ആരംഭിക്കുന്നത്‌. സ്വാതന്ത്ര്യസമരകാലത്തെ എല്ലാ രാഷ്ട്രീയനേതാക്കളും അവരുടെ ആശയങ്ങൾ ജനങ്ങളിലെത്തിക്കാൻ അച്ചടി മാധ്യമങ്ങളെയാണ്‌ ആശ്രയിച്ചത്‌. അതുകൊണ്ടുതന്നെയാണ്​ ഗാന്ധിജി മുതൽ ഇ.എം.എസ്‌ വരെ അച്ചടി മാധ്യമങ്ങൾ സ്വയം എഡിറ്റ്‌ ചെയ്‌ത്‌ ഇറക്കിയത്‌. കൊളോണിയൽ മേധാവികൾക്കെതിരെ ജനങ്ങളെ അണിനിരത്തുക എന്ന ധർമമാണ്‌ അന്ന്‌ മാധ്യമങ്ങൾ നിർവഹിച്ചത്‌. അഭിപ്രായസ്വാതന്ത്ര്യം മുറുകെ പിടിക്കാൻ ഈ കാലത്ത്‌ വളർന്നുവന്ന മാധ്യമങ്ങൾ തയ്യാറായതും അതുകൊണ്ടാണ്‌.

നിയോലിബറൽ പരിഷ്‌ക്കാരങ്ങൾ 1990 കളിൽ അവതരിപ്പിക്കപ്പെട്ടതോടെ മാധ്യമമേഖല പൂർണമായും കോർപറേറ്റുകളുടെ കൈവശമായി. എതുവിധേനയും ലാഭം കൊയ്യുക എന്നതുമാത്രമാണ്‌ ഇവരുടെ ലക്ഷ്യം.

എന്നാൽ, സ്വാതന്ത്ര്യാനന്തരം മാധ്യമമേഖലയിൽ വലിയ മാറ്റങ്ങളുണ്ടായി. മാധ്യമങ്ങളുടെ നടത്തിപ്പ്‌ ചെലവേറിയ ബിസിനസായി മാറി. വൻകിട കോർപറേറ്റുകൾ ഈ രംഗത്തേക്ക്‌ കടന്നുവന്നു. നിയോലിബറൽ പരിഷ്‌ക്കാരങ്ങൾ 1990 കളിൽ അവതരിപ്പിക്കപ്പെട്ടതോടെ മാധ്യമമേഖല പൂർണമായും കോർപറേറ്റുകളുടെ കൈവശമായി. ഈ പുത്തൻ പണക്കാർക്കും അതോടൊപ്പം വളർന്നുവന്ന ബി.ജെ.പിക്കും സ്വാതന്ത്ര്യസമരവുമായോ അതുയർത്തിയ മൂല്യബോധവുമായോ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. എതുവിധേനയും ലാഭം കൊയ്യുക എന്നതുമാത്രമാണ്‌ ഇവരുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ്‌ പരസ്യം നൽകുന്ന കമ്പനികളിൽ ഓഹരിനേടുന്ന ‘സീക്രട്ട്‌ ട്രീറ്റി’യും പണം നൽകി വാർത്ത നൽകുന്ന ‘അഡ്വറ്റോറിയലുകളും’ ‘പെയ്‌ഡ്‌ ന്യൂസും’ ഒക്കെ വരുന്നത്‌. അതുകൊണ്ടാണ്‌ മാധ്യമപ്രവർത്തകനായി ജീവിതം ആരംഭിച്ച മാർക്‌സിസ്‌റ്റ്‌ ദാർശനികൻ കാൾ മാർക്‌സ്‌ പറഞ്ഞത്‌, മാധ്യമസ്വാതന്ത്ര്യത്തിനുള്ള ഗ്യാരണ്ടി അത്‌ കച്ചവടമാകാതിരിക്കലാണ്‌ എന്ന്‌.

കാൾ മാർക്‌സ്‌
കാൾ മാർക്‌സ്‌

മാധ്യമ സ്​ഥാപനങ്ങൾക്ക്‌ നിലനിൽക്കാനും വളരാനും സർക്കാരിന്റെ സഹായം അനിവാര്യമായിരുന്നു. ബി.ജെ.പി 2014 ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോൾ മാധ്യമ ഉടമകളായ കോർപറേറ്റുകളും കേന്ദ്ര സർക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്‌ മുമ്പെന്നെത്താക്കാളും ദൃഢമായി. 11 ലക്ഷം കോടി കടം എഴുതി തള്ളി മോദി സർക്കാർ കോർപറേറ്റുകളെ സഹായിച്ചപ്പോൾ സർക്കാരിന്റെ വർഗീയ- ഫാഷിസ്‌റ്റ്‌ അജണ്ടയെ പിന്തുണച്ച്‌ മാധ്യമങ്ങളും രംഗത്തെത്തി. മാധ്യമങ്ങളുടെ സ്വയം സെൻസർഷിപ്പിന്റെ അടിത്തറ ഇവിടെയാണ്‌ രൂപപ്പെടുന്നത്‌. സർക്കാരിന്‌ അലോസരമുണ്ടാക്കുന്ന ഒന്നും താൻ ഉടമയായ മാധ്യമത്തിൽ വരില്ലെന്ന്‌ കോർപറേറ്റ്‌ ഉടമയാണ്‌ ആദ്യം ഉറപ്പുവരുത്തുന്നത്‌. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഉടമയുടെ താൽപര്യത്തിന്‌ വിരുദ്ധമായി ഒന്നും പ്രസിദ്ധീകരിക്കാൻ കഴിയാത്ത അവസ്ഥ സംജാതമായി. എഡിറ്റർമാരല്ല, മറിച്ച്‌ പത്ര ഉടമയാണ്‌ എത്‌ വാർത്തയാണ്‌ പത്രത്തിൽ നൽകേണ്ടത്‌ എന്ന്‌ തീരുമാനിക്കുന്നത്‌. നിയോലിബറൽ കാലത്ത്‌ മാധ്യമ പ്രവർത്തനം ‘മിഷണറി’ പ്രവർത്തനത്തിൽ നിന്ന്‌ ‘മെർസിനറി’ പ്രവർത്തനാമായി അധഃപതിച്ചു.

വേട്ടയാടലുകൾ മഹാഭൂരിപക്ഷം മാധ്യമ പ്രവർത്തകരെയും നിശ്ശബ്‌ദമാക്കി. ബി.ജെ.പിക്കും മോദി സർക്കാരിനും രൂചിക്കാത്ത വാർത്തകളും ആഖ്യാനങ്ങളും വിശകലനങ്ങളും ന്യൂസ്‌ ഡസ്‌ക്കിൽ നിന്ന്​ ഒഴിവാക്കുന്ന സ്ഥിതി സംജാതമായി.

ജനാധിപത്യത്തിന്റെ നാലാം തൂൺ എക്‌സിക്യൂട്ടീവിന്റെ സഹതൂണായി മാറിയത്‌ എങ്ങനെയെന്ന്‌ ‘Modi s India- Hindu Nationalism And The Rise of Ethnic Democracy’ എന്ന പുസ്ത​കത്തിൽ ക്രിസ്​റ്റഫർ ജാഫർലോട്ട്​ (Christophe Jaffrelot) വിശദമാക്കുന്നുണ്ട്‌. 2002 ലെ ഗുജറാത്ത്‌ വംശഹത്യാവേളയിൽ, മോദിക്ക്‌ അതിലുള്ള പങ്ക്‌ വിളിച്ചുപറയാൻ മുഖ്യധാരാമാധ്യമങ്ങൾ ഒരു പരിധിവരെ തയ്യാറായിരുന്നു. മാധ്യമങ്ങളുടെ ഈ സമീപനമാണ്‌ അധികാരം ലഭിച്ചപ്പോൾ മാധ്യമങ്ങളെ പൂർണമായും അവഗണിക്കാൻ മോദിയെ പ്രേരിപ്പിച്ചതെന്ന സൂചനയാണ്‌ പുസ്തകം നൽകുന്നത്‌. താൻ പറയുന്നത്‌ കേട്ടാൽ മതി, (ഉദാ: മൻ കി ബാത്ത്‌ പരിപാടി ) ചോദ്യങ്ങൾ ചോദിക്കേണ്ട എന്ന സമീപനമാണ്‌ പ്രധാനമന്ത്രിയെന്ന നിലയിൽ ഒരു വാർത്താസമ്മേളനം പോലും നടത്താത്ത മോദിക്കുള്ളത്‌.

ക്രിസ്​റ്റഫർ ജാഫർലോട്ട്​
ക്രിസ്​റ്റഫർ ജാഫർലോട്ട്​

മാധ്യമങ്ങളെ ‘മടിത്തട്ട്‌ മാധ്യമങ്ങളാക്കാൻ’ മോദി സർക്കാർ അഞ്ച്‌ കാര്യങ്ങളാണ്‌ പ്രധാനമായും ചെയ്യുന്നതെന്നതാണ്‌ ഗ്രന്ഥകാരൻ പറയുന്നത്‌. സർക്കാരിനെ, ഭരണകക്ഷിയെ വിമർശിക്കുന്ന മാധ്യമങ്ങൾക്ക്‌ കേന്ദ്ര സർക്കാർ പരസ്യം നിഷേധിക്കുക, സി.ബി.ഐ- ഇ.ഡി, ആദായ നികുതി എന്നീ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ റെയ്‌ഡ്‌ നടത്തുക, മാധ്യമങ്ങൾക്ക്‌ താൽക്കാലികമായി പ്രസിദ്ധീകരണ- പ്രക്ഷേപണ അനുമതി നിഷേധിക്കുക, മാധ്യമപ്രവർത്തനം ഗൗരവമായി കാണുന്ന മാധ്യമപ്രവർത്തകരെ പത്ര ഉടമകളെ സ്വാധീനിച്ച്‌ പുറത്താക്കുക, വിമർശിക്കുന്ന മാധ്യമപ്രവർത്തകരെ അറസ്‌റ്റ്‌ ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുക എന്നിവയാണ്‌ മാധ്യമങ്ങളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താൻ സർക്കാർ സ്വീകരിക്കുന്ന മാർഗങ്ങൾ എന്നാണ്‌ ജാഫർലോട്ട്​ വിശദീകരിക്കുന്നത്‌. (പേജ്‌ 298–-306).

പ്രതിപക്ഷ ശബ്‌ദം ജനങ്ങളിലെത്തിക്കുന്നതിൽ സോഷ്യൽ മീഡിയക്ക്​ അഥവാ ഡിജിറ്റൽ മാധ്യമങ്ങൾക്ക്‌ വലിയ പങ്ക്‌ വഹിക്കാൻ കഴിയുന്നുണ്ട്‌. പ്രതിപക്ഷത്തിന്റെ റോളിൽ നല്ല പങ്ക്‌ തന്നെ അവ വഹിക്കുന്നുണ്ട്‌.

ഈ പറയുന്ന ഒരോന്നിനും നിരവധി ഉദാഹരണങ്ങൾ നിരത്താനാകും. ഇത്തരം വേട്ടയാടലുകൾ മഹാഭൂരിപക്ഷം മാധ്യമ പ്രവർത്തകരെയും നിശ്ശബ്‌ദമാക്കി. ബി.ജെ.പിക്കും മോദി സർക്കാരിനും രൂചിക്കാത്ത വാർത്തകളും ആഖ്യാനങ്ങളും വിശകലനങ്ങളും ന്യൂസ്‌ ഡസ്‌ക്കിൽ നിന്ന്​ ഒഴിവാക്കുന്ന സ്ഥിതി സംജാതമായി. ഈ സ്വയം സെൻസർഷിപ്പാണ്‌ മാധ്യമപ്രവർത്തനം നേരിടുന്ന ഏറ്റവും പ്രധാന ഭീഷണി.

അതായത്‌, കേന്ദ്ര സർക്കാരും മാധ്യമങ്ങളെ സ്വയം സെൻസർഷിപ്പ്‌ നടത്താൻ പ്രേരിപ്പിക്കുന്നുവെന്നർഥം. പത്ര ഉടമയും സർക്കാരും കൈകൊള്ളുന്ന നടപടികളാണ്‌ ഇതിന്‌ വഴിവെക്കുന്നത്‌. അതോടൊപ്പം സംഘപരിവാർ അതിക്രമങ്ങളും പ്രചണ്ഡമായ പ്രചാരണങ്ങളും ഇതിന്‌ വഴിവെക്കുന്നു. ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാൻ മുഖ്യധാരാ മാധ്യമങ്ങൾ തയ്യാറാകാത്തിനുള്ള ഉത്തരവും ഇതിൽ നിന്ന്​ വായിച്ചെടുക്കാം. ഇന്ത്യൻ മാധ്യമങ്ങളെ വരുതിയലാക്കിയ മോദി സർക്കാർ ഇപ്പോൾ വിദേശ മാധ്യമങ്ങളെയും ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുകയാണെന്ന്‌ ബി.ബി.സി ഡോക്യമെന്ററിക്ക്‌ അനുമതി നിഷേധിച്ചതിൽനിന്ന്​ വ്യക്തമാകും. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണെന്നും ഇതിൽ നിന്ന്​ മനസ്സിലാകുമെന്നാണ്‌ തോന്നുന്നത്‌.

ഇന്ത്യൻ മാധ്യമങ്ങളെ വരുതിയലാക്കിയ മോദി സർക്കാർ ഇപ്പോൾ വിദേശ മാധ്യമങ്ങളെയും ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുകയാണെന്ന്‌ ബി.ബി.സി ഡോക്യമെന്ററിക്ക്‌ അനുമതി നിഷേധിച്ചതിൽ നിന്ന്​ വ്യക്തമാകും
ഇന്ത്യൻ മാധ്യമങ്ങളെ വരുതിയലാക്കിയ മോദി സർക്കാർ ഇപ്പോൾ വിദേശ മാധ്യമങ്ങളെയും ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുകയാണെന്ന്‌ ബി.ബി.സി ഡോക്യമെന്ററിക്ക്‌ അനുമതി നിഷേധിച്ചതിൽ നിന്ന്​ വ്യക്തമാകും

ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ ഇന്ത്യൻ രാഷ്ട്രീയസമൂഹത്തിന്‌ കഴിയുന്നില്ല എന്നതും ഒരു പരിമിതിയാണ്‌. ആർ.എസ്‌.എസും ബി.ജെ.പിയും മുന്നോട്ടുവെക്കുന്ന വർഗീയ ഫാഷിസ്‌റ്റ്‌ ആഖ്യാനത്തെ ബഹുസ്വരതയുടെയും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും അടിത്തറയിൽ നിന്നുകൊണ്ട്‌ മറു ആഖ്യാനം തീർക്കുന്നതിൽ കോൺഗ്രസ്‌ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക്‌ കഴിയുന്നില്ല എന്നതാണ്‌ യാഥാർഥ്യം. ബി.ജെ.പി ഉയർത്തുന്ന ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ചും വർഗീയ അജണ്ടയെക്കുറിച്ചും രാഹുൽഗാന്ധി സംസാരിക്കുന്നുണ്ടെങ്കിലും അത്‌ സാധാരണ ഇന്ത്യക്കാരുടെ പൊതുബോധമാക്കി മാറ്റാൻ കഴിയുന്നില്ല എന്ന പരിമിതി നിലനിൽക്കുകയാണ്‌. ഭൂരിപക്ഷം മാധ്യമങ്ങളും മടിത്തട്ട്‌ മാധ്യമങ്ങളായതും ഈ പൊതുബോധ നിർമാണത്തിന്‌ തടസം സൃഷ്ടിക്കുന്നു. എങ്കിലും രാജ്യത്താകമാനം സാന്നിധ്യമുള്ള ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിലുള്ള കോൺഗ്രസിന്റെ പ്രവർത്തനം ഒട്ടും പ്രതീക്ഷ നൽകുന്നതല്ല. കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനങ്ങൾക്കാകട്ടെ പരിമിത സാന്നിധ്യം മാത്രമേ രാജ്യത്തുള്ളുതാനും.

ഭരണകക്ഷിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന്​ സൃഷ്ടിക്കപ്പെടുന്ന പല വ്യാജവാർത്തകളും തുറന്നുകാണിക്കാൻ സോഷ്യൽമീഡിയക്ക്​കഴിയുന്നുണ്ട്‌, പ്രത്യേകിച്ചും കേരളത്തിൽ. ദ വയർ, ന്യൂസ്‌ ക്ലിക്ക്‌, ന്യൂസ്‌ ലോണ്ടറി തുടങ്ങിയ ഡിജിറ്റൽ മാധ്യമങ്ങളുടെ പ്രവർത്തനം പ്രതീക്ഷ നൽകുന്നതാണ്‌.

ഈയൊരു പശ്‌ചാത്തലത്തിൽ പ്രതിപക്ഷ ശബ്‌ദം ജനങ്ങളിലെത്തിക്കുന്നതിൽ സോഷ്യൽ മീഡിയക്ക്​ അഥവാ ഡിജിറ്റൽ മാധ്യമങ്ങൾക്ക്‌ വലിയ പങ്ക്‌ വഹിക്കാൻ കഴിയുന്നുണ്ട്‌. എന്തൊക്കെ പരിമിതിയുണ്ടെങ്കിലും, ചില അതിശയോക്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, പ്രതിപക്ഷത്തിന്റെ റോളിൽ നല്ല പങ്ക്‌ തന്നെ അവ വഹിക്കുന്നുണ്ട്‌. ഭരണകക്ഷിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന്​ സൃഷ്ടിക്കപ്പെടുന്ന പല വ്യാജവാർത്തകളും തുറന്നുകാണിക്കാൻ സോഷ്യൽമീഡിയക്ക്​ കഴിയുന്നുണ്ട്‌, പ്രത്യേകിച്ചും കേരളത്തിൽ. ദ വയർ, ന്യൂസ്‌ ക്ലിക്ക്‌, ന്യൂസ്‌ ലോണ്ടറി തുടങ്ങിയ ഡിജിറ്റൽ മാധ്യമങ്ങളുടെ പ്രവർത്തനം പ്രതീക്ഷ നൽകുന്നതാണ്‌. ചില വ്യക്തികൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലുടെ നടത്തുന്ന ഇടപെടലുകളും ശ്രദ്ധേയമാണ്‌. അദാനിയുടെ തകർച്ച സംബന്ധിച്ച വാർത്തകൾ, റഫാൽ കുംഭകോണം, ഹാഥ്‌റസ്‌, പെഗാസസ്‌, ബുൾഡോസർ രാജ്‌ തുടങ്ങിയവ സംബന്ധിച്ച വാർത്തകൾ ജനങ്ങളുടെ മുമ്പിലെത്തിക്കുന്നതിൽ ഇത്തരം ഡിജിറ്റൽ മാധ്യമങ്ങൾ വലിയ പങ്കാണ്‌ വഹിക്കുന്നത്‌.

എന്നാൽ ഇവയുടെ വായമൂടിക്കെട്ടാനും മോദി സർക്കാർ ശ്രമം ആരംഭിച്ചിട്ടുണ്ട്‌. അതിന്റെ ഭാഗമായാണ്‌ ഐ.ടി റൂൾ ഭേദഗതി നീക്കം. പി.ഐ.ബിയെ വസ്‌തുതാ പരിശോധനാ ഏജൻസിയായി നിശ്‌ചയിച്ച്‌ സാമൂഹ്യമാധ്യമ ഉള്ളടക്കത്തെ നിർണയിക്കാനാണ്‌ പരിപാടി. പി.ഐ.ബി വ്യാജമെന്ന്‌ നിർണയിക്കുന്ന വാർത്തകൾ പൂർണമായും നീക്കം ചെയ്യപ്പെടും. എന്നാൽ ഇത്‌ എത്രത്തോളം പ്രായോഗിമാകുമെന്ന കാര്യത്തിൽ സംശയമുണ്ട്‌. ‘ഇന്ത്യ: ദ മോദി ക്വസ്‌റ്റ്യൻ’ എന്ന ബി.ബി.സി ഡോക്യൂമെന്ററിയുടെ ആദ്യഭാഗം പ്രക്ഷേപണം ചെയ്യുന്നത്‌ മോദി സർക്കാർ നിരോധിച്ചെങ്കിലും അത്‌ വ്യാപകമായി ഇന്ത്യയിൽ പ്രചരിപ്പിക്കപ്പെട്ടതു തന്നെ ഉദാഹരണം. നിർമിത ബുദ്ധിയടക്കം മാധ്യമമേഖലയിലേക്ക്‌ വൻതോതിൽ കടന്നവരുന്ന കാലമാണിത്‌. അതുകൊണ്ട്‌ സർക്കാർ ഒരുവഴി അടക്കുമ്പോൾ ജനങ്ങൾക്കുമുമ്പിൽ മറ്റൊരു വഴി തുറന്നുവരും. ഈ സംഘർഷം തുടരുക തന്നെ ചെയ്യും. എല്ലാകാലത്തേക്കുമായി സത്യത്തെ മൂടിവെക്കാനാവില്ല.

രവീഷ്‌ കുമാർ
രവീഷ്‌ കുമാർ

എൻ.ഡി.ടി.വി അദാനി ഏറ്റെടുത്തപ്പോൾ അതിൽ നിന്ന്‌ രാജിവെച്ച രവീഷ്‌ കുമാർ പറഞ്ഞതുപോലെ, ‘ജനാധിപത്യ സ്ഥാപനങ്ങളെല്ലാം തിരോഭവിക്കുമ്പോൾ, ജുഡീഷ്യറി പോലും ദുർബലമാകുമ്പോൾ, നിങ്ങൾ പ്രേക്ഷകർ മാത്രമാണ്‌ ജനാധിപത്യത്തിനൊപ്പം നിലകൊള്ളുക. മാധ്യമ പ്രവർത്തനം അന്തിമമായി സ്ഥാപനങ്ങളെ ആശ്രയിച്ചല്ല, പ്രേക്ഷകരെ (ജനങ്ങൾ) ആശ്രയിച്ചാണ്‌ നിലകൊള്ളുക’.

ജനങ്ങൾ വസ്‌തുതകളും സത്യവും അറിയാൻ ആഗ്രഹിക്കുന്ന കാലത്തോളം മാധ്യമപ്രവർത്തനവും നിലകൊള്ളും. കമ്പോളാധിഷ്‌ഠിത മാധ്യമ പ്രവർത്തനം മാധ്യമരംഗത്തെ വളർത്തുകയല്ല തളർത്തുകയാണ്‌ ചെയ്യുന്നത്‌ എന്ന്‌ തിരിച്ചറിയുന്ന കാലവും വിദൂരമല്ല. മാധ്യമപ്രവർത്തനം സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ഒരു അനിവാര്യതയാണ്‌. അതിനാൽ അതിന്റെ ഉടമകളും ജനങ്ങളായിരിക്കണം എന്ന ആശയത്തിനും പ്രാമുഖ്യം ലഭിച്ചുവരികയാണ്‌. ▮

Comments