നരേന്ദ്ര മോദി സർക്കാരിന് 2014-ൽ അധികാരത്തിലെത്താൻ വഴിയൊരുക്കിയതിൽ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളുടെ ആക്ടിവിസ്റ്റ് മോഡിലുളള റിപ്പോർട്ടിങ്ങിന് ചെറുതല്ലാത്ത പങ്കുണ്ട്. 2 ജി സ്പെക്ട്രം, കൽക്കരിപ്പാടം, ആദർശ് ഫ്ലാറ്റ്, കോമൺ വെൽത്ത് ഗെയിംസ് തുടങ്ങിയ അഴിമതികൾ പുറത്തുകൊണ്ടുവരുന്നതിലും അതിൽ രണ്ടാം യു.പി.എ സർക്കാരിലെ പ്രമുഖർക്കും കോൺഗ്രസിലെ ചില നേതാക്കൾക്കുമുള്ള പങ്ക് തെളിയിക്കുന്നതിലും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ ശ്ലാഘനീയമായ പ്രവർത്തനമാണ് കാഴ്ചവച്ചത്. അതിനൊപ്പം, അണ്ണാ ഹസാരെയുടെ ലോക് പാൽ സമരത്തിനും ആം ആദ്മി പാർട്ടിയുടെ അഴിമതിക്കെതിരെയുള്ള കുറ്റിച്ചൂൽ വിപ്ലവത്തിനുമൊക്കെ അവ അർഹിക്കുന്നതിലുമേറെ കവറേജാണ് പത്ര, ദൃശ്യ മാധ്യമങ്ങൾ നൽകിയത്. ഈ നറേറ്റീവ് ഉഴുതിട്ട നിലത്താണ് മോദിയുടെ ബി.ജെ.പി അധികാരത്തിന്റെ വിത്ത് പാകിയത്. അഴിമതിക്കാരെ പുറത്താക്കുക, പതിറ്റാണ്ടുകളായി അഴിമതിയുടെ ഗുണഭോക്താക്കളായ കുടുംബത്തെ അധികാരത്തിനുപുറത്ത് നിർത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ തന്നെയാണ് ‘കോൺഗ്രസ് മുക്ത ഭാരത്’ എന്ന വലിയ ലക്ഷ്യത്തിലേക്ക് പതിയെ വളർന്നു വന്നത്.
ഒരു കാലത്തും സുതാര്യമായ ടെണ്ടർ നടപടികളിലൂടെയോ സർക്കുലേഷൻ/ കാഴ്ചക്കാരുടെ എണ്ണം തുടങ്ങിയ മാനകങ്ങൾ ഉപയോഗിച്ചുള്ള യുക്തിഭദ്രമായ വിതരണരീതിയിലൂടെയോ അല്ല സർക്കാരും സർക്കാർ ഏജൻസികളും മാധ്യമങ്ങൾക്ക് പരസ്യം നൽകിയിരുന്നത്.
അധികാരം കൈപ്പിടിയിലെത്തിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടിയുടെ ചുക്കാൻ കയ്യിലെത്തിയ വിശ്വസ്തൻ അമിത് ഷായും ആദ്യം കൈക്കൊണ്ട തീരുമാനങ്ങളിലൊന്ന് മാധ്യമങ്ങളെ വരുതിയിലാക്കുക എന്നതായിരുന്നു. എങ്ങനെ കഴിഞ്ഞ സർക്കാരിനെ തളർത്താൻ മാധ്യമങ്ങൾ പ്രവർത്തിച്ചുവോ, അത്തരം ഒരു സാഹചര്യം ഇനിയുണ്ടാകരുതെന്ന തീരുമാനം അവർ കൈക്കൊണ്ടിരുന്നുവെന്നുവേണം തുടർന്നുണ്ടായ സംഭവങ്ങളിൽനിന്ന് അനുമാനിക്കാൻ. വാർത്താസമ്മേളനങ്ങൾ പൂർണമായും ഒഴിവാക്കുക, കേന്ദ്ര സെക്രട്ടറിയേറ്റിൽ ലേഖകർക്ക് പ്രവേശനം നിയന്ത്രിക്കുക, മന്ത്രിമാർ മാധ്യമങ്ങളോട് പ്രതികരിക്കുന്നത് വിലക്കുക, യാത്രകളിൽ വാർത്താസംഘത്തെ കൊണ്ടുപോകുന്ന പതിവ് നിർത്തുക, വിധേയ മാധ്യമങ്ങൾക്കുമാത്രം അഭിമുഖങ്ങൾ നൽകുക തുടങ്ങിയ രീതികൾ അധികാരം ലഭിച്ച ആദ്യ നാളുകളിൽ തന്നെ നടപ്പിലാക്കിയത് ഒരു ദീർഘകാല അജണ്ടയുടെ ആരംഭം മാത്രമായിരുന്നു. ഗുജറാത്ത് കലാപ കാലത്ത് മാധ്യമങ്ങളിൽനിന്ന് ഒരു ദാക്ഷിണ്യവും ലഭിച്ചിട്ടില്ല എന്ന തിരിച്ചറിവും മോദിയെയും ഷായെയും ഇത്തരം ഒരു തന്ത്രം സ്വീകരിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടാകണം.
പുതിയ അധികാരികളെ അവരുടെ അജണ്ട വളരെ എളുപ്പം നടപ്പിലാക്കാൻ സഹായിച്ചത് ഇന്ത്യൻ മുഖ്യധാരാ മാധ്യമങ്ങൾ കാലാകാലങ്ങളായി പിന്തുടർന്ന് വന്നിരുന്ന ബിസിനസ് മോഡൽ ആണ്. ഏതാണ്ട് പൂർണമായും പരസ്യ വരുമാനത്തെ ആശ്രയിച്ചാണ് പത്രങ്ങളും സാറ്റലൈറ്റ് ചാനലുകളും പ്രവർത്തിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ മത്സരം കടുത്തപ്പോൾ ഒരു രൂപയ്ക്ക് പത്രം വിറ്റ് വിപണി പിടിക്കാൻ ദ ടൈംസ് ഓഫ് ഇന്ത്യ പുറപ്പെട്ടത് ആ നഷ്ടം കൂടുതലായി ലഭിക്കുന്ന പരസ്യത്തിൽനിന്ന് നികത്താം എന്ന ആത്മവിശ്വാസത്തിലായിരുന്നു. അച്ചടിക്കാൻ 15 രൂപയെങ്കിലും ചെലവുള്ള പത്രമാണ് ഒരു രൂപയ്ക്ക് വിൽക്കാൻ ഉടമകൾ തയാറായിരുന്നതെന്ന് ഓർക്കണം. പരസ്യദാതാക്കളിൽ നല്ലൊരു വിഭാഗം കേന്ദ്ര സംസ്ഥാന സർക്കാരുകളും പൊതുമേഖലാ സ്ഥാപനങ്ങളും ആയിരുന്നു. ഒരു കാലത്തും സുതാര്യമായ ടെണ്ടർ നടപടികളിലൂടെയോ സർക്കുലേഷൻ/ കാഴ്ചക്കാരുടെ എണ്ണം തുടങ്ങിയ മാനകങ്ങൾ ഉപയോഗിച്ചുള്ള യുക്തിഭദ്രമായ വിതരണരീതിയിലൂടെയോ അല്ല സർക്കാരും സർക്കാർ ഏജൻസികളും മാധ്യമങ്ങൾക്ക് പരസ്യം നൽകിയിരുന്നത്. സർക്കാരിൽ സ്വാധീനമുള്ള മാധ്യമങ്ങൾക്ക് കൂടുതൽ പരസ്യങ്ങൾ ലഭിക്കുമായിരുന്നു; അത്, ഇപ്പോഴും അങ്ങനെ തന്നെ തുടരുകയുമാണ്. ആ സ്വാധീനം മാധ്യമങ്ങൾ നൽകുന്ന പോസിറ്റീവ് കവറേജ് മുതൽ പത്രാധിപർക്ക് മന്ത്രി / മുഖ്യമന്ത്രി / പ്രധാനമന്ത്രി തലത്തിലുള്ള നേതാക്കളുമായുള്ള വ്യക്തിബന്ധം വരെയുള്ള നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് പ്രവർത്തിച്ചിരുന്നത്.
അധികാരികൾക്ക് പ്രിയമുള്ള സത്യം വാർത്തയായി നൽകേണ്ടി വരുമ്പോൾ അത് കണ്ടെത്താൻ പ്രാപ്തരായ മാധ്യമ പ്രവർത്തകരെ കൂടുതൽ വേണ്ടിവരുമല്ലോ. അവർക്കായുള്ള അന്വേഷണം ന്യൂസ് റൂമുകളിൽ ഒരേ തൂവൽ പക്ഷികളെ കൂടുതലായി എത്തിച്ചു.
സത്യത്തിൽ ഈ ലൂപ് ഹോൾ ആണ് മോദി സർക്കാർ മാധ്യമ നിയന്ത്രണത്തിനായി ഫലപ്രദമായി ഉപയോഗിച്ചത്. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ മാത്രമല്ല, തങ്ങളുടെ വരുതിയിൽ നിൽക്കുന്ന ചെറുതും വലുതുമായ കോർപറേറ്റ് സ്ഥാപനങ്ങളുടെ പരസ്യങ്ങൾ വരെ ആർക്കു നൽകണം എന്നതിൽ കേന്ദ്രീകൃതമായ ഒരു അലിഖിത സെൻസർഷിപ്പ് ഏർപ്പെടുത്താൻ മോദി-ഷാ ദ്വന്ദത്തിന് ആദ്യം തന്നെ സാധിച്ചു. പരസ്യ വരുമാനം കുറയുന്നതിനൊപ്പം കുതിച്ചുയരുന്ന ചെലവുകൾ (ന്യൂസ് പ്രിൻറ് വില, ശമ്പളം, ചരക്കുകൂലി തുടങ്ങിയ വകകളിൽ) മാധ്യമ ഉടമകളെ സർക്കാരുമായി ഒരു രഹസ്യ ഉടമ്പടിയിലേക്ക് എത്താൻ പ്രേരിപ്പിച്ചു. ആദ്യം വഴങ്ങാതെ നിന്ന സ്ഥാപനങ്ങളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വരുതിയിലാക്കി. എന്നിട്ടും പിടിച്ചുനിൽക്കാൻ ശ്രമിച്ച എൻ.ഡി.ടി.വിയെപ്പോലുള്ള മാധ്യമങ്ങളുടെ നിയന്ത്രണം ചങ്ങാതി മുതലാളിമാരെക്കൊണ്ട് ഏറ്റെടുപ്പിച്ചു.
ഏതൊരു വ്യവസായത്തെയും പോലെ സങ്കീർണമായ മൂലധന പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന മേഖല തന്നെയാണ് മാധ്യമ വ്യവസായവും. അതുകൊണ്ടു തന്നെ വരുമാനം നിലയ്ക്കുന്ന ഒരു സാഹചര്യത്തിൽ ഒന്നുകിൽ അടച്ചുപൂട്ടുക അല്ലെങ്കിൽ വഴങ്ങുക എന്ന രണ്ടു വഴികളിലേക്ക് അവർക്കും ചുരുങ്ങേണ്ടിവരും. ആയിരക്കണക്കിന് ജീവനക്കാർ പണിയെടുക്കുന്ന ഒരു സ്ഥാപനത്തിന് പലപ്പോഴും രണ്ടാമത്തെ വഴിയാകും കൂടുതൽ പ്രായോഗികം എന്നത് അധികാരികളുടെ ജോലി ഒന്നുകൂടെ എളുപ്പമാക്കി. ഇന്ന് മുഖ്യധാരാ മാധ്യമങ്ങളുടെ റിപ്പോർട്ടിങ്ങിൽ നമ്മൾ കാണുന്ന വഴക്കം പ്രധാനമായും ഇതിന്റെ പ്രതിഫലനമാണ്. ‘ന ബ്രൂയാത് സത്യം അപ്രിയം' എന്ന ഉപനിഷദ് തത്വം വേദവാക്യമായി കാണുന്ന നിലയിലേക്ക് കാര്യങ്ങൾ വളരെ വേഗം മാറി.
സ്വാഭാവികമായും അധികാരികൾക്ക് പ്രിയമുള്ള സത്യം വാർത്തയായി നൽകേണ്ടി വരുമ്പോൾ അത് കണ്ടെത്താൻ പ്രാപ്തരായ മാധ്യമ പ്രവർത്തകരെ കൂടുതൽ വേണ്ടിവരുമല്ലോ. അവർക്കായുള്ള അന്വേഷണം ന്യൂസ് റൂമുകളിൽ ഒരേ തൂവൽ പക്ഷികളെ കൂടുതലായി എത്തിച്ചു. മൂർത്തിയേക്കാൾ ഉഗ്രപ്രതാപിയായ ശാന്തിയായി അർണബ് ഗോസ്വാമിയും നാവിക കുമാറും രാഹുൽ ശിവശങ്കറും അഞ്ജന ഓം കശ്യപുമൊക്കെ ഉറഞ്ഞുതുള്ളാൻ തുടങ്ങിയത് അങ്ങനെയാണ്.
ചെറിയ തോതിലെങ്കിലും ചെറുത്തുനിൽക്കാൻ ശ്രമിച്ചവർക്ക് നേരിടേണ്ടി വന്ന തിരിച്ചടികൾ പ്രതിരോധം എന്ന ഓപ്ഷൻ പ്രായേണ അസാധ്യമാക്കി. ഞാൻ ടൈംസ് ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുന്ന കാലത്ത് നടന്ന ഒരു സംഭവം ഓർക്കുന്നു. ദ ഇക്കണോമിക് ടൈംസ് ദൽഹിയിൽ ഒരു വലിയ കോൺക്ലേവ് സംഘടിപ്പിക്കുന്നു. പ്രധാനമന്ത്രി ഉദ്ഘാടനം; ധനമന്ത്രി ഉൾപ്പെടെ പത്തോളം കേന്ദ്ര മന്ത്രിമാർ പങ്കെടുക്കുന്നു. സദസിൽ അംബാനി മുതൽ നന്ദൻ നിലേകനി വരെയുള്ള തിരഞ്ഞെടുത്ത ബിസിനസ് നേതാക്കൾ.
ഇതാണ് പദ്ധതി. പരിപാടിയുടെ തലേന്നുരാത്രി ആദ്യം പ്രധാനമന്ത്രി അസൗകര്യം അറിയിച്ച് പിന്മാറുന്നു. തൊട്ടു പിന്നാലെ ധനമന്ത്രി, പിന്നെ മറ്റു മന്ത്രിമാർ. പിറ്റേന്ന് ഒൻപതു മണിക്ക് പരിപാടി തുടങ്ങുമ്പോൾ ക്ഷണിക്കപ്പെട്ട വി വി ഐ പിമാർ ആരുമില്ലാത്ത വേദി. അന്ന് ഞങ്ങൾ ഓഫിസിൽ കേട്ട കഥ ടൈംസ് ഓഫ് ഇന്ത്യയും ടൈംസ് നൗ ചാനലും സർക്കാരിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഇക്കണോമിക് ടൈംസ് പത്രവും മിറർ നൗ ചാനലും വിമർശിക്കുന്നു എന്ന പരാതി ആർക്കോ ഉണ്ടായിരുന്നുവെന്നും അതിന്റെ തുടർച്ചയായാണ് പെട്ടെന്ന് പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും ഉണ്ടായ അസൗകര്യമെന്നും ഒക്കെയാണ്. കാര്യം എന്തായാലും തുടർന്നുള്ള ദിവസങ്ങളിൽ ഈ രണ്ടു മാധ്യമങ്ങളിലും ആളായും നയമായും ചില മാറ്റങ്ങളുണ്ടായി.
ദേശീയ മുഖ്യധാരാ മാധ്യമങ്ങളിൽ തിളങ്ങിനിന്ന സിദ്ധാർത്ഥ് വരദരാജനും പി. സായിനാഥും ബർഖ ദത്തും മലയാളിയായ ജോസി ജോസഫുമൊക്കെ സമാന്തര ഡിജിറ്റൽ മാധ്യമ മേഖലയിലേക്ക് ചുവടുമാറ്റാനിടയായ സാഹചര്യവും ഇതാണ്. ‘ഞങ്ങളെയൊക്കെ- അന്വേഷണാത്മക പത്രപ്രവർത്തകരെ- ട്രോഫികൾ പോലെ ഓഫിസിന്റെ പൂമുഖത്ത് സൂക്ഷിക്കുക എന്നതായി മാറി അവരുടെ (മാനേജ്മൻറ്) ലക്ഷ്യം. വാർത്ത ഒന്നും ചെയ്യണ്ട; ചെയ്താലും പുറത്തുവരില്ല’ എന്നാണ് മുഖ്യധാര വിടാനുണ്ടായ സാഹചര്യത്തെ പറ്റി ജോസി ജോസഫ് അടുത്തിടെ ഒരു ഓപ്പൺ ഫോറത്തിൽ പ്രതികരിച്ചത്.
അർണാബ് ഗോസ്വാമിക്കെതിരെ പ്രഥമ ദൃഷ്ട്യാ നിലനിൽക്കുന്ന ക്രിമിനൽ കേസ് റെക്കോർഡ് വേഗത്തിൽ കേട്ട് ജാമ്യം നൽകിയ കോടതി വാർത്ത റിപ്പോർട്ട് ചെയ്യാൻ പോകുന്ന വഴി യു.പി പൊലീസ് കസ്റ്റഡിയിലെടുത്ത സിദ്ദിഖ് കാപ്പനെ മോചിപ്പിക്കാൻ രണ്ടു വർഷമെടുത്തു
വഴിമാറി നടക്കാൻ തീരുമാനിച്ച ദ വയർ, ദ കാരവൻ, ആൾട്ട് ന്യൂസ് മുതൽ ഈ ലേഖനം പ്രസിദ്ധീകരിക്കുന്ന ട്രൂകോപ്പി വരെയുള്ളവരുടെ റവന്യൂ മോഡൽ തന്നെയാണ് അവരുടെ കരുത്തും ദൗർബല്യവും. പരസ്യ വരുമാനത്തെയും സർക്കാർ സഹായത്തേയും ആശ്രയിക്കാതെ സബ്സ്‌ക്രിപ്ഷൻ വരുമാനം, അല്ലെങ്കിൽ അഭ്യുദയകാംക്ഷികളുടെ നിയമാനുസൃതമായ സംഭാവന എന്നിവയെ ആശ്രയിച്ച് പ്രവർത്തിക്കാനാണ് ബദൽ മാധ്യമങ്ങൾ ശ്രമിക്കുന്നത്. അതുപോലും വളരെ ക്ലേശകരമായ ദൗത്യമാണ്. പീപ്പിൾസ് ആർകൈവ് ഓഫ് റൂറൽ ഇന്ത്യക്കു (‘പാരി’) വേണ്ടി തങ്ങൾ വിദേശ സംഭാവന സ്വീകരിക്കുന്നേയില്ലെന്ന് കഴിഞ്ഞ ദിവസം പി. സായിനാഥ് പറഞ്ഞിരുന്നു; എന്തെങ്കിലും ഒരു പഴുതു കിട്ടിയാൽ ഇ ഡി ഓഫീസിൽ കയറുമെന്നതുതന്നെ കാരണം.
മാധ്യമങ്ങൾ ഇത്തരം പ്രതിസന്ധിയിൽ പെടുമ്പോൾ സഹായത്തിനെത്തും എന്ന് നമ്മൾ കരുതുന്നത് കോടതികളും പൗരസ്വാതന്ത്ര്യം പരമപ്രധാനമാണെന്ന് കരുതുന്ന സ്വതന്ത്ര സംഘടകളുമാണ്. ഒരു പരിധിവരെ കോടതികളെയും വരുതിയിലാക്കാൻ ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ടെന്നത് വസ്തുതയാണ്. അർണാബ് ഗോസ്വാമിക്കെതിരെ പ്രഥമ ദൃഷ്ട്യാ നിലനിൽക്കുന്ന ക്രിമിനൽ കേസ് റെക്കോർഡ് വേഗത്തിൽ കേട്ട് ജാമ്യം നൽകിയ കോടതി വാർത്ത റിപ്പോർട്ട് ചെയ്യാൻ പോകുന്ന വഴി യു.പി പൊലീസ് കസ്റ്റഡിയിലെടുത്ത സിദ്ദിഖ് കാപ്പനെ മോചിപ്പിക്കാൻ രണ്ടു വർഷമെടുത്തു എന്ന വസ്തുതയിൽ നിന്ന് വെളിവാകും, നീതി തേടി കോടതിയിലെത്തിയാൽ മാധ്യമങ്ങളുടെ ഗതി എന്താവും എന്നതിനുത്തരം. മനുഷ്യാവകാശ പ്രവർത്തകരെയും വാച്ച് ഡോഗ് വേഷത്തിൽ പ്രവർത്തിക്കുന്ന സംഘടകളെയും തകർക്കാൻ, മാധ്യമങ്ങളെ തകർക്കാൻ നടത്തിയതിനു സമാനമായ നീക്കങ്ങൾ സമാന്തരമായി നടന്നിട്ടുമുണ്ട്. ഭീമ കൊരേഗാവ് കേസിൽ ഇപ്പോഴും ജയിലിൽ കിടക്കുന്ന മനുഷ്യാവകാശ പ്രവർത്തകരും ആംനെസ്റ്റി മുതൽ സി.പി.ആർ വരെയുള്ള എൻ.ജി.ഒകൾ നേരിട്ട അതിക്രമങ്ങളും ഓർക്കുക. പ്രതിസന്ധിഘട്ടത്തിൽ മാധ്യമങ്ങളെ സഹായിക്കാൻ എത്തേണ്ടവർ അവരുടെ അസ്ഥിത്വ പ്രതിസന്ധിക്ക് പരിഹാരം തേടുന്ന അവസ്ഥയിലായി എന്നതാണ് സത്യം.
സംഘടിത പ്രതിരോധം തീർക്കേണ്ടവർ തീർത്തും ദുർബലരായിത്തീർന്ന അത്തരമൊരു ഘട്ടത്തിലാണ് ആ ജോലി സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ട്രോൾ ആയും മീം ആയും ലളിതയുക്തികൾ ഉപയോഗിച്ചുള്ള ഡാറ്റ വിശകലനമായുമൊക്കെ ഒറ്റയാൾ പട്ടാളങ്ങളും ചെറുസംഘങ്ങളും പലപ്പോഴും മാധ്യമ സ്വാതന്ത്ര്യത്തിന് പ്രതിരോധം തീർത്തു. മുഖ്യധാരാ മാധ്യമങ്ങൾ പറയാൻ മടിക്കുന്ന പല സത്യങ്ങളും ജനങ്ങളറിയുന്നതും പലപ്പോഴും സോഷ്യൽ മീഡിയ വഴിയാണ്. ഈ വഴിയും അടയ്ക്കാനുള്ള സംഘടിത ശ്രമങ്ങളുണ്ട്. കിരാതമായ വകുപ്പുകൾ ഐ.ടി നിയമത്തിൽ ചേർക്കാൻ നടത്തിയ ശ്രമം സുപ്രീം കോടതി തടഞ്ഞതിനാൽ നടന്നില്ല. എങ്കിലും പൊലീസിനെ ദുരുപയോഗം ചെയ്ത് അഹിതമായ കമന്റുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നവരെ കസ്റ്റഡിയിലെടുക്കുന്ന നാടകങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. ഇതിനൊക്കെ പുറമെയാണ് പി ഐ ബി യെ സോഷ്യൽ മീഡിയ സെൻസർ ആയി നിയോഗിക്കാനുള്ള പുതിയ നീക്കം.
സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കങ്ങൾ അവശേഷിക്കുന്ന വിമർശനത്തിന്റെ തരികളെ പോലും തുടച്ചുനീക്കുകയെന്ന ലക്ഷ്യം വച്ചുകൊണ്ട് തന്നെയാണ്. എന്നാൽ അങ്ങനെ തകർക്കാൻ കഴിയുന്ന ഒരു ഘടനയല്ല സോഷ്യൽ മീഡിയക്കുള്ളത്. കുത്തക കമ്പനികളായ മെറ്റ, ട്വിറ്റർ തുടങ്ങിയവ വരുതിക്ക് നിന്നാലും ടെലിഗ്രാം, സിഗ്‌നൽ പോലുള്ള ബദൽ രൂപങ്ങൾ പിടികൊടുക്കാതെയുണ്ടാവും. അപ്രഖ്യാപിത മാധ്യമ സെൻസർഷിപ്പിൽ നമ്മുടെ സർക്കാരിന് മാതൃകയായ റഷ്യയിൽ ജേണലിസം സജീവമായി നടക്കുന്നത് നൂറു കണക്കിന് ടെലിഗ്രാം ചാനലുകളിലൂടെയാണ്. വാർത്തകൾക്ക് ഒരു തരം അമരത്വ സ്വഭാവമുണ്ട്; അവ ജീവിച്ചു ജയിക്കുക തന്നെ ചെയ്യും. ▮