കൺമുന്നിലെ ദൃശ്യങ്ങൾ നിറം പിടിപ്പിച്ച നുണകളായി മാറുന്നു. മാധ്യമക്കാഴ്ചകൾക്കുമേൽ അവിശ്വാസം പടരുന്നു. യൂറ്റ്യൂബ് ചാനലുകൾ ആഴമില്ലാഭാഷണങ്ങളുടെ ഏമ്പക്കം വിടുന്നു.
ഇവിടെ, ട്രൂ കോപ്പി തിങ്ക് കാഴ്ചയുടെ രാഷ്ട്രീയം വീണ്ടെടുക്കുന്നു, വിഷ്വൽ- ഓ
ഡിയോ ക്വാളിറ്റിയുള്ള തിങ്കിന്റെ സവിശേഷമായ യൂറ്റ്യൂബ് ചാനലിലൂടെ.
മലയാളത്തിൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത കാഴ്ചകൾ, പുതുമയേറിയ ആഖ്യാനങ്ങളിലൂടെ അവതരിപ്പിക്കുന്നു. സമകാലിക ജീവിതത്തെയും രാഷ്ട്രീയത്തെയും കലയെയും സംസ്‌കാരത്തെയും കുറിച്ചുള്ള വേറിട്ട വർത്തമാനങ്ങളും കാഴ്ചകളും.
വിദ്വേഷ പ്രത്യയശാസ്ത്രങ്ങൾക്കും അവയുടെ ഭരണകൂടങ്ങൾക്കും ലോകമെങ്ങും സമ്മിതിയേറുമ്പോൾ, പകയുടെയും ഹിംസയുടെയും വംശഹത്യയുടെയും ഭൂതകാലത്തിലൂടെ സജി മാർക്കോസ് നടത്തുന്ന അപൂർവ സഞ്ചാരങ്ങൾ. മലയാളിക്ക് അപരിചിതമായ യാത്രകൾ, മലയാളിക്ക് അപരിചിതമായ ആഖ്യാനങ്ങളിലൂടെ.
വിഭജനങ്ങളുടെയും തീവ്രവലതുപക്ഷത്തിന്റെയും ഹൃദയഭൂമിയായ ഉത്തരേന്ത്യയുടെ രാഷ്ട്രീയം ഒരു മാധ്യമപ്രവർത്തകന്റെ സൂക്ഷ്മമായ റിപ്പോർട്ടിംഗിലൂടെ- വി.എസ്. സനോജിന്റെ ഉത്തരേന്ത്യൻ യാത്രകൾ.
ഇന്ത്യയുടെ രാഷ്ട്രീയം മിത്തുകളുടെയും ഐതിഹ്യങ്ങളുടെയും ആധിപത്യശക്തികളുടെയും ആഖ്യാനങ്ങൾ മാത്രമല്ലെന്ന് വിലയിരുത്തിക്കൊണ്ട് സുനിൽ പി. ഇളയിടം ഇന്ത്യൻ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ചരിത്രം പറയുന്നു.
കൊടുങ്ങല്ലൂരിലെ അല്ലി മരക്കാത്തിയും ഫത്തേമയും കാസർകോട്ടെ അന്തായിച്ചയും തിരുവനന്തപുരം കേശവദാസപുരം മാർക്കറ്റിലെ മറിയം സിൽവസ്റ്ററും ആലപ്പുഴയിലെ മംഗലശ്ശേരി പത്മനാഭനും ജീവിതം പറയുമ്പോൾ ആയുസ്സിന്റെ അനുഭവങ്ങൾ ഒഴുകിപ്പടരുന്നു, മുൻതലമുറകളുടെ വലിയൊരു കാലം അനാവൃതമാകുന്നു; ഗ്രാൻമസ്റ്റോറീസിലൂടെ.
എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണന്റെ എഴുതപ്പെടാത്ത റെയിൽവേജീവിതം അദ്ദേഹം തന്നെ പറയുന്നു. അവസാനിക്കാത്ത യാത്രകളുടെയും കഥാപാത്രങ്ങളേക്കാൾ വിചിത്രരൂപികളായ മനുഷ്യരുടെയും യഥാർഥ കഥകൾ.
ക്യാമറാമാൻ വേണുവിന്റെ സിനിമാ ജീവിത പരമ്പര. പ്രിയ സംവിധായകരായ മണി കൗളിന്റെയും പത്മരാജന്റെയും ഇതുവരെ കാണാത്ത ഛായാചിത്രങ്ങൾ ഇതാദ്യമായി വേണുവിന്റെ കാഴ്ചകളിലൂടെ.
ഫെമിനിസത്തിന്റെ വർത്തമാനകാല പരിണാമങ്ങളിലൂടെ ജെ. ദേവികയും ദളിത് രാഷ്ട്രീയത്തിന്റെ രേഖപ്പെടുത്തപ്പെടാത്ത അനുഭവലോകത്തിലൂടെ രേഖ രാജും മാധ്യമങ്ങളെ വിചാരണ ചെയ്ത് കെ.ആർ. മീരയും നടത്തുന്ന രാഷ്ട്രീയ സഞ്ചാരങ്ങൾ.
സംഗീതത്തിലെ സമാന്തര ധാരകളും മുഖ്യധാരയും ഒന്നിക്കുന്ന കാലസഞ്ചാരം. ഹിന്ദുസ്ഥാനി സംഗീതവും സിനിമ സംഗീതവും ഫോക്കും ചേർന്നൊരുക്കുന്ന സിംഫണി. ഔസേപ്പച്ചൻ, മഴ എസ്, പി.കെ. സുനിൽകുമാർ, പിങ്കി പാന്തർ, പിയ എന്നിവരുടെ പാട്ടും പറച്ചിലും.
ഓഷോ രജനീഷിനെക്കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് സീരിയൽ Wild Wild Country കണ്ട് ഓഷോയുടെ സന്തത സഹചാരിയായിരുന്ന മാ ആനന്ദ് ഷീലയെ കാണാൻ തീരുമാനിക്കുകയും അവരെ നേരിട്ടുകാണുകയും ചെയ്ത "സാഹസിക' യാത്രയുമായി റഷീദ് അറക്കൽ.
ജീവിതത്തിൽനിന്ന് ചീന്തിയെടുത്ത വൈവിധ്യമാർന്ന കാഴ്ചകളിലൂടെ ഇവരും: കെ.ഇ.എൻ, മൈത്രേയൻ, ഇ.എ. സലിം, എം. ഷിനാസ്, എതിരൻ കതിരവൻ, നൗഷാദ് അരീക്കോട്, സി.എസ്. ആഷിഖ്...