എന്തെങ്കിലും അഭിപ്രായം പറയുമ്പോഴോ നിലപാട്​ എടുക്കുമ്പോഴോ നേരിടേണ്ടിവരുന്ന ഫിൽറ്ററുകളിലൂടെയാണ് ഈ സെൻസർഷിപ്പ്​ അനുഭവിക്കേണ്ടിവരുന്നത്​. / Photo: Pinterest

അരിച്ചരിച്ചിറങ്ങുന്ന ഭയം,
​ഇതാണ്​ സെൻസർഷിപ്പ്​ റൂൾ

നിലനിൽക്കാനുള്ള ഭയം, അല്ലെങ്കിൽ ചെറുത്തുനിന്നാലുണ്ടാകാവുന്ന വയലൻസ്, കാണുമ്പോഴാണ് സെൻസർഷിപ്പ് എത്രത്തോളം നമ്മുടെ അടുത്തെത്തിക്കഴിഞ്ഞു എന്ന് മനസ്സിലാകുന്നത്. ആ ഭയം തന്നെയാണ് ഒരുതരം ചുരുങ്ങലിലേക്ക് മാധ്യമപ്രവർത്തകരെ നയിക്കുന്നത്.

ത്തു വർഷത്തിൽ കൂടുതലായി ഇന്ത്യൻ മീഡിയ അപ്രഖ്യാപിത സെൻസർഷിപ്പാണ് നേരിടുന്നത്. അടിയന്തരാവസ്​ഥയുടേതായ ഒരു സാഹചര്യമുണ്ട്​ എന്നുതന്നെയാണ് നമുക്ക് മനസ്സിലാകുന്നത്. എമർജൻസി എന്നാൽ എന്താണ്, സെൻസർഷിപ്പിന്റെ സ്‌പെയ്‌സിൽ അത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് ഐ.ടി റൂൾസിലും മറ്റും വ്യക്തമായി നിർവചിച്ചിട്ടില്ല. എന്നാൽ, ഒരു മാധ്യമപ്രവർത്തക, അല്ലെങ്കിൽ വ്യക്തി എന്ന നിലയ്ക്ക്, എന്തെങ്കിലും അഭിപ്രായം പറയുമ്പോഴോ നിലപാട്​ എടുക്കുമ്പോഴോ നേരിടേണ്ടിവരുന്ന ഫിൽറ്ററുകളിലൂടെയാണ് ഈ സെൻസർഷിപ്പ്​ അനുഭവിക്കേണ്ടിവരുന്നത്​. അതായത്, ഏതു മാധ്യമത്തിൽ കൂടിയാണെങ്കിലും ഒരു ഇഷ്യു റിപ്പോർട്ട് ചെയ്യുമ്പോഴോ ഒരു അഭിപ്രായം പറയുമ്പോഴോ, പ്രത്യേക നിലപാട് സ്വീകരിക്കുമ്പോഴോ, ആരെയെങ്കിലും വിമർശിക്കുമ്പോഴോ എന്തായിരിക്കും പ്രത്യാഘാതം എന്ന ഭയം. മനസ്സിലേക്ക് അരിച്ചരിച്ചിറങ്ങുന്ന ഭയത്തിന്റെ അളവ് കൂടിക്കൂടിവരുന്നിടത്താണ് ഇത്തരമൊരു സെൻസർഷിപ്പ് ഉണ്ട് എന്ന് വ്യക്തമാകുന്നത്.

വളരെ, ഹിംസാത്മകമായ വയലൻസ് നമ്മൾ കാണുന്നുണ്ട്. ഗൗരി ലങ്കേഷിന്റെ കൊലപാതകം ഒരു ഉദാഹരണം. ഭരണകൂട ഭീകരത എന്നത് വയലൻസിലേക്ക് ട്രാൻസ്‌ലേറ്റ് ചെയ്യപ്പെടുകയാണ്. അത്തരം വയലൻസിനുമുന്നിൽ ഭയം തോന്നുക വളരെ സ്വഭാവികമായ ഒരു റിയാക്ഷനാണ്. സിസ്റ്റമിക് ആയും ഇൻസ്റ്റിറ്റ്യൂഷനലായും, പണം മുടക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരുമെല്ലാം സ്വന്തം സുരക്ഷിതത്വത്തെക്കുറിച്ച്​ ചിന്തിക്കും. പൊളിറ്റിക്കലായി കുറെക്കൂടി വിധേയപ്പെടും. ഇങ്ങനെ വിധേയപ്പെടുന്നവർക്കുമാത്രമായിരിക്കും ഗുണം കിട്ടുക. ഇതെല്ലാമാണ്​ ഒരു സ്‌റ്റേറ്റ് സെൻസർഷിപ്പിന്റെ, അതോറിറ്റേറിയനിസത്തിന്റെ സവിശേഷത. അത്തരമൊരു സംവിധാനം നിലനിൽക്കുമ്പോൾ അതിലേക്ക് താദാത്മ്യപ്പെടും, അങ്ങനെ സുരക്ഷിതമാകാൻ ​ശ്രമിക്കും, കിട്ടുന്ന ഗുണങ്ങൾ നേടിയെടുക്കും. ഇതിന്റെ ഭാഗമായി മാധ്യമ സ്​ഥാപനങ്ങളെ വിലയ്ക്കുവാങ്ങുന്നത്​ നാം കാണുന്നുണ്ട്​. മുതിർന്ന മാധ്യമപ്രവർത്തകർ രാജിവക്കുന്നു, പലർക്കും നിലനിൽക്കാൻ കഴിയാതെ വരുന്നു. അങ്ങനെ Censorship Regime കണ്ടൻറ് മുതൽ കാപ്പിറ്റലിനെ വരെ ബാധിക്കുന്നുണ്ട്. നിലനിൽക്കാനുള്ള ഭയം, അല്ലെങ്കിൽ ചെറുത്തുനിന്നാലുണ്ടാകാവുന്ന വയലൻസ്, കാണുമ്പോഴാണ് സെൻസർഷിപ്പ് എത്രത്തോളം നമ്മുടെ അടുത്തെത്തിക്കഴിഞ്ഞു എന്ന് മനസ്സിലാകുന്നത്. ആ ഭയം തന്നെയാണ് ഇത്തരം ചുരുങ്ങലിലേക്ക് മാധ്യമപ്രവർത്തകരെ നയിക്കുന്നത്.

ഗൗരി ലങ്കേഷ്

ലോകത്തെ ഏറ്റവും വലിയ ‘വർക്കിംഗ് ഡെമോക്രസി’ എന്നൊക്കെ ആഗോളതലത്തിൽ ഇന്ത്യ സ്വയം വിശേഷിപ്പിക്കാറുണ്ടല്ലോ. ബി.ബി.സി പോലൊരു മാധ്യമത്തിന്റെ ഡോക്യുമെന്ററി വിലക്കിയ സമയത്ത്, ബി.ബി.സി വളരെ കൊളോണിയലാണ് എന്ന വാദം ഭരണപക്ഷം ഉയർത്തിയിരുന്നു. അങ്ങനെ പറയുന്ന ഒരു സർക്കാറും ഒരു രാഷ്ട്രീയ കാലാവസ്​ഥയും നിലനിൽക്കുന്ന ഒരു സ്‌പെയ്‌സിൽ തന്നെയാണ്, വളരെയധികം കൊളോണിയലായ, Gag Order പോലെ, മീഡിയയെ അടിച്ചമർത്തുന്ന, കൊളോണിയൽ ഹിസ്‌റ്റോറിക്കൽ ബാക്ക്ഗ്രൗണ്ടുള്ള മെക്കാനിസത്തിലേക്ക് നമ്മൾ ‘റിസോർട്ട്’ ചെയ്യുന്നത് എന്നത്. ഇതൊക്കെ വൈരുധ്യാത്മകമായ കാര്യങ്ങളാണ്.

പ്രതിരോധം തീർക്കുന്നതിൽ സോഷ്യൽ മീഡിയക്കും ഡിജിറ്റൽ മാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്. വിവിധ തലങ്ങളിലുള്ള ഒരുപാട് വ്യക്തികൾ- സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, ദലിതർ- ഇത്തരം പ്ലാറ്റ്​ഫോമുകളിലൂടെ അഭിപ്രായങ്ങൾ തുറന്നുപറയുന്നുണ്ട്.

ഏതുതരം വിമർശനത്തെയും ഭയക്കുന്ന ഒരു ഭരണപക്ഷവും സംവിധാനവുമാണ്​ ഇവിടെയുള്ളത്​. വിമർശനങ്ങളെയെല്ലാം ബ്ലോക്ക്​ ചെയ്​ത്​, ഒരുതരം ഡിസ്‌കോഴ്‌സിനുമുള്ള സ്‌പെയ്‌സും ഉണ്ടാക്കാതിരിക്കുക എന്നുപറയുമ്പോൾ, ജനാധിപത്യപരമായ ഇടങ്ങളെ ചുരുക്കുക തന്നെയാണ് ചെയ്യുന്നത്​. ഇത്തരമൊരു സാഹചര്യത്തിൽ, ഇതിനെതിരെ പ്രതിരോധം തീർക്കുന്നതിൽ സോഷ്യൽ മീഡിയക്കും ഡിജിറ്റൽ മാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്. വിവിധ തലങ്ങളിലുള്ള ഒരുപാട് വ്യക്തികൾ- സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, ദലിതർ- ഇത്തരം പ്ലാറ്റ്​ഫോമുകളിലൂടെ അഭിപ്രായങ്ങൾ തുറന്നുപറയുന്നുണ്ട്. ഇത്തരമൊരു പൊളിറ്റിക്കൽ മൊബിലൈസേഷൻ ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോം വഴി വികസിച്ചുവരുന്നുണ്ട്​ എന്നതിനെക്കുറിച്ച് സർക്കാർ ബോധവാന്മാരാണ്. അത്​ മുന്നിൽ കണ്ടുള്ള ഒരു ‘പുഷ് ബാക്ക്’ കൂടിയാണ് ഐ.ടി നിയമഭേദഗതി. ഫാക്​റ്റ്​ചെക്ക്​ എന്ന പേരിൽ, സെൻസർഷിപ്പിലേക്കുപോകും എന്ന് അനുമാനിക്കാൻ കഴിയുന്ന തരത്തിലുള്ള വ്യവസ്​ഥകളും മറ്റും ഇതിലേക്കാണ്​ വിരൽ ചൂണ്ടുന്നത്.

വിമർശനങ്ങളെയെല്ലാം ബ്ലോക്ക്​ ചെയ്​ത്​, ഒരുതരം ഡിസ്‌കോഴ്‌സിനുമുള്ള സ്‌പെയ്‌സും ഉണ്ടാക്കാതിരിക്കുക എന്നുപറയുമ്പോൾ, ജനാധിപത്യപരമായ ഇടങ്ങളെ ചുരുക്കുക തന്നെയാണ് ചെയ്യുന്നത്​.

എല്ലാതരം വിമർശനങ്ങളെയും ഹിംസാത്മകമായി നേരിടുന്ന ഒരു ഭരണകൂട മൊറാലിറ്റിയാണ് നിലനിൽക്കുന്നത് എന്നതിൽ ഒരു സംശയവുമില്ല.
സത്യം പറയാനുള്ള നമ്മുടെ ധൈര്യത്തിന്റെയും ബോധ്യത്തിന്റെയും കടയ്ക്കൽ വെട്ടുക എന്നതുതന്നെയാണ് ഈ Censorship Regime ന്റെ ലക്ഷ്യം. ഇതിനെ എങ്ങനെ ചെറുത്തുനിൽക്കും എന്നത് കണ്ടറിയേണ്ട കാര്യമാണ്​. കാരണം, നിലനിൽപ്പിനെ സംബന്ധിച്ച്​ കാപ്പിറ്റൽ പ്രധാനമാണ്. മാധ്യമപ്രവർത്തനം എന്നത്​ഒരു പ്രൊഫഷനും ജീവിത മാർഗവുമാണ്. നമ്മുടെ ആദർശങ്ങളിൽ എത്രത്തോളം വിട്ടുവീഴ്ച ചെയ്യാൻ തയാറാണ്, നിലനിൽക്കാൻ തയാറാണ്, അതിനെ ടെസ്റ്റ് ചെയ്യുക കൂടിയാണ് ഇത്തരം നിയന്ത്രണങ്ങളിലൂടെ ചെയ്യുന്നത്​. അതിനോടുള്ള ചെറുത്തുനിൽപ്പ്​ എന്നത് ഒരുപാട് പ്രിവിലേജുകളുടെ കൂടി അടിസ്ഥാനത്തിൽ നിർണയിക്ക​പ്പെടുന്ന ഒന്നാണ്​. ചിലപ്പോൾ നമുക്ക് അത് ഏറ്റെടുക്കാൻ കഴിയും, അല്ലാത്തവർക്ക് വിധേയപ്പെടേണ്ടിവരും, പ്രത്യേകിച്ച്, മധ്യവർഗത്തിൽനിന്നുവരുന്ന മാധ്യമപ്രവർത്തകരെ സംബന്ധിച്ച്. ഇത് സങ്കീർണവും അനവധി തലങ്ങളുള്ളതുമായ ഒരു പ്രതിസന്ധിയാണ്. അതിനെ കൂടുതൽ സങ്കീർണമാക്കുന്നതരത്തിൽ, ഒരു തെരഞ്ഞെടുപ്പിനുള്ള സാധ്യത അടച്ചുകളയുന്ന പ്രപ്പോസലുകളാണ് ഹിന്ദുത്വ ഐഡിയോളജിയും സ്‌റ്റേറ്റും പ്രൊപ്പഗേറ്റ് ചെയ്യുന്നത്.

കുറെക്കൂടി ഇൻക്ലൂസീവ് ആകണമെന്ന് ആഗ്രഹിക്കുന്ന, പൊളിറ്റിക്കലായി ഡൈവേഴ്‌സ് ആയ, ഇൻഫോംഡ് ആയ കുട്ടികളാണ്​ വളർന്നുവരുന്നത്​. സമരങ്ങളുടെ മുൻനിരയിലുള്ള പെൺകുട്ടികളെയൊക്കെ നോക്കൂ. ആ പുരോഗമന മനസ്സുകൾ പ്രതീക്ഷ നൽകുന്ന ഒന്നാണ്​. ▮

Comments