എത്രമാത്രം അടിച്ചമർത്തിയാലും മാധ്യമങ്ങളെ എന്നെന്നേക്കുമായി നിശ്ശബ്ദമാക്കാനാവില്ലെന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ന്യൂസ് ക്ലിക്ക് എന്ന വെബ് പോർട്ടലിന്റെ സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുർകായസ്തയുടെ മോചനം. പ്രമുഖ മാധ്യമ പ്രവർത്തകനായ പ്രബീറിന്റെ റിമാൻഡും അറസ്റ്റും നിയമവിരുദ്ധമാണെന്ന് പറഞ്ഞാണ് സുപ്രീം കോടതി അദ്ദേഹത്തെ തിഹാർ ജയിലിൽ നിന്നും മോചിപ്പിക്കാൻ ഉത്തരവിട്ടിട്ടുള്ളത്. പ്രബീറിനെയും സഹപ്രവർത്തകരെയും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരായി ചിത്രീകരിച്ച് ജയിലിലടച്ച ഡൽഹി പൊലീസിനും മോദി സർക്കാരിനും മുഖത്തേറ്റത്തടിയാണ് ഈ വിധി. ഇലക്ട്രൽ ബോണ്ട് വിഷയത്തിലും അരവിന്ദ് കെജ്രിവാൾ വിഷയത്തിലും മോദിസർക്കാരിന് ലഭിച്ച പ്രഹരത്തിനുശേഷം പരമോന്നത കോടതിയിൽ നിന്നുണ്ടായ ആഘാതമാണിത്.
അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളിൽ ജയിൽവാസമനുഭവിച്ച പ്രബീർ 48 വർഷത്തിനു ശേഷം വീണ്ടും ജയിലിലടക്കപ്പെട്ടത്, അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ കാലത്താണ് നാം ജീവിക്കുന്നത് എന്ന ഓർമപ്പെടുത്തൽ കൂടിയാണ്. എങ്കിലും ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും ഇനിയും പൂർണമായും ചിതലരിക്കപ്പെട്ടിട്ടില്ലെന്ന ആശ്വാസവും ഈ കോടതി വിധി നൽകുന്നുണ്ട്.
അധികാരികളോട് സത്യം വിളിച്ചു പറഞ്ഞതാണ് പ്രബീറും ന്യൂസ് ക്ലിക്കും ചെയ്ത തെറ്റ്. കർഷക സമരത്തിന് 24x7 കവറേജ് നൽകിയ, കോവിഡ് കാലത്ത് സർക്കാർ കാട്ടിയ ക്രിമിനൽ അനാസ്ഥയിലേക്ക് വെളിച്ചം വീശുന്ന റിപ്പോർട്ടുകൾ നൽകിയ, മിന്നൽ ലോക്ക്ഡൗൺ സൃഷ്ടിച്ച കൂട്ടപലായനത്തിലേക്ക്, ജീവിതദുരിതങ്ങിലേക്ക് കണ്ണുപായിച്ച ന്യൂസ് ക്ലിക്ക് മോദി സർക്കാരിനെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കിയത്. മുഖ്യധാരാ മാധ്യമങ്ങൾ ഇത്തരം യാഥാർഥ്യങ്ങൾ പൊതുജനങ്ങളിൽ നിന്നും മറച്ചുപിടിച്ചപ്പോൾ ന്യൂസ് ക്ലിക്ക് പോലുള്ള വെബ് പോർട്ടലുകളും രവീഷ് കുമാർ ഒഫീഷ്യൽസ്, അജിത് അൻജും, സത്യ ഹിന്ദി തുടങ്ങിയ യുട്യൂബ് പ്ലാറ്റ് ഫോമുകളുമാണ് ജനശബ്ദത്തിന് നാവു നൽകിയത്. ഇത്തരം ബദൽ മാധ്യമങ്ങൾക്ക് ഒരു ഷോക്ക് നൽകുന്നതിന്റെ ഭാഗമായാണ് ന്യൂസ് ക്ലിക്കിന്റെ എഡിറ്ററെ ജയിലിട്ടത്.
വസ്തുതകൾ ജനങ്ങളെ അറിയിക്കുക എന്ന മാധ്യമധർമം നിർവഹിക്കുന്നത് ഭീകരവാദവും രാജ്യദ്രോഹവും വിഘടനവാദവുമാണെന്ന് പ്രബീറിനെതിരെ ഡൽഹി പൊലീസ് സമർപ്പിച്ച കെട്ടുകഥകളെ തോൽപിക്കുന്ന കുറ്റപത്രം വ്യക്തമാക്കുന്നു. വിദേശപണം പറ്റിയ ഇ.ഡി കേസിൽ പ്രബീറിനെ അറസ്റ്റ് ചെയ്യരുതെന്ന ഡൽഹി കോടതി ഉത്തരവിനെ മറികടിക്കാനാണ് ഭീകരവാദികളെ ചൈനീസ് പണം നൽകി സഹായിച്ചുവെന്നാരോപിച്ച് യു എ പി എ ചുമത്തി പ്രബീറിനെയും എച്ച്.ആർ മാനേജർ അമിത് ചക്രർത്തിയെയും അറസ്റ്റ് ചെയ്തത്. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 40 പേരുടെ വീടുകളും റെയ്ഡ് ചെയ്തു. മാധ്യമ സ്ഥാപനങ്ങൾക്കും വിദേശപണം സ്വീകരിക്കാമെന്ന നിയോലിബറൽ യുക്തിയുടെ പിൻബലത്തോടെ പാർലമെൻ്റ് പാസ്സാക്കിയ നിയമനുസരിച്ചാണ് അമേരിക്കക്കാരനായ നിക്ഷേപകനിൽ നിന്ന് ന്യൂസ് ക്ലിക്ക് പണം സ്വീകരിച്ചത്. അതാണ് വലിയ തെറ്റായിപ്പോയെന്ന് ചിത്രീകരിക്കുന്നത്.
പ്രബീറിന്റെ അറസ്റ്റിനെക്കുറിച്ച് ഒക്ടോബർ 5 ന് ദ ഹിന്ദു എഴുതിയ മുഖപ്രസംഗത്തിന്റെ തലക്കെട്ട് അടിയന്തരാവസ്ഥക്കാലം (emergency era) എന്നായിരുന്നു. ഇരുണ്ട യുഗത്തിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് നീങ്ങാൻ പരമോന്നത കോടതിയുടെ ഈ വിധി സഹായിക്കും - ജൂൺ 4 ന് ബാലറ്റ് പെട്ടി തുറക്കുമ്പോൾ മോദിയുടെ തെരഞ്ഞെടുക്കപ്പെട്ട ‘സ്വേഛാധിപത്യം’ മാറി ജനാധിപത്യത്തിലേക്ക് നടന്നടുക്കാൻ കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കോടതി വിധി ഈ പ്രതീക്ഷക്കാണ് കരുത്തേകുന്നത്.