കെ.എസ്.ഇ.ബി.യുടെ 65-ാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ മാധ്യമ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. നവ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച റിപ്പോർട്ടിനുള്ള പുരസ്‌കാരം ട്രൂ കോപ്പി അസോസിയേറ്റ് എഡിറ്റർ ടി.എം. ഹർഷനാണ്. കേന്ദ്രവൈദ്യുതി നയം സാധാരണക്കാരന്റെ ജീവിതത്തേയും നിലവിലെ വൈദ്യുതി വിതരണ സംവിധാനത്തെയും എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തുന്ന റിപ്പോർട്ടിനാണ് 25,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങിയ പുരസ്‌ക്കാരം.
ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച വാർത്ത / ലേഖനത്തിനുള്ള പുരസ്‌കാരം കേരള കൗമുദി ലേഖകൻ പി.എച്ച്. സനൽകുമാറിനാണ്. താപവൈദ്യുതിയ്ക്ക് ബദലായി ജലവൈദ്യുത ഉത്പാദനവും സൗരോർജ്ജ ഉത്പാദനവും കൂട്ടുന്നത് സംബന്ധിച്ച റിപ്പോർട്ടിനാണ് പുരസ്‌കാരം.
മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്‌കാരം മാതൃഭൂമി ദിനപത്രത്തിലെ ബി. മുരളികൃഷ്ണനാണ്. വൈദ്യുതി ജീവനക്കാരുടെ അപകടകരമായ സാഹസികത ഒപ്പിയെടുത്തതിനാണ് അവാർഡ്.
മികച്ച ടെലിവിഷൻ റിപ്പോർട്ടിനുള്ള പുരസ്‌കാരത്തിന് മാതൃഭൂമി ന്യൂസിലെ ജി. പ്രസാദ് കുമാർ അർഹനായി. കുര്യാർക്കുട്ടി - കാരപ്പാറ പദ്ധതിയുടെ പുനരുജ്ജീവന സാധ്യതകൾ അന്വേഷിച്ച് തയ്യാറാക്കിയ റിപ്പോർട്ടിനാണ് പുരസ്‌കാരം.
അർഹമായ എൻട്രികൾ ലഭിക്കാത്തതിനാൽ മികച്ച ടെലിവിഷൻ ക്യാമറാമാനുള്ള അവാർഡ് നൽകിയിട്ടില്ല. ഓരോ വിഭാഗത്തിലും 25,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങിയതാണ് പുരസ്‌ക്കാരം
ഡോ. സെബാസ്റ്റ്യൻ പോൾ അദ്ധ്യക്ഷനും സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ അഡീഷണൽ ഡയറക്ടർ കെ. മനോജ് കുമാർ, ദി ഹിന്ദു ദിനപത്രത്തിന്റെ ചീഫ് ഫോട്ടോഗ്രാഫറായിരുന്ന എസ്. ഗോപകുമാർ എന്നിവർ അംഗങ്ങളും കെ.എസ്.ഇ.ബി.എൽ പബ്ലിക് റിലേഷൻസ് ഓഫീസർ കൺവീനറുമായ ജൂറിയാണ് പുരസ്‌ക്കാര നിർണയം നടത്തിയത്.