സ്‌ക്രീൻ ഗൗരവവായനക്കുള്ളതാണ്​ എന്ന്​ നാം നമ്മെ പറഞ്ഞു പഠിപ്പിച്ചേ മതിയാവൂ

‘‘ലഘുവാണ് ഡിജിറ്റൽ ലോകത്തിന്റെ സാധ്യത. ഹ്രസ്വം എന്നത് അതിന്റെ ആപ്തവാക്യം. ഒരാൾ പറയുന്നത് പൂർണാർത്ഥത്തിൽ ഉൾക്കൊള്ളാനോ വികാരതീവ്രതയോടെ ആ ഗതിയിൽ കേട്ടുമനസ്സിലാക്കാനോ താല്പര്യമോ സമയമോ ആവശ്യമോ ഇല്ല എന്ന് തോന്നുന്നിടത്താണ് ഒന്നേ ദശാശം അഞ്ച്​ അല്ലെങ്കിൽ രണ്ട് മടങ്ങ് അധികവേഗതയിൽ ഓടിക്കാൻ സാധിക്കുന്ന ഓഡിയോ അല്ലെങ്കിൽ വീഡിയോകളുടെ പ്രസക്തി’’- ട്രൂ കോപ്പി വിജയകരമായ മൂന്നുവർഷങ്ങൾ പൂർത്തിയാക്കുന്ന സന്ദർഭത്തിൽ, ഡിജിറ്റൽ വായനയുടെയും എഴുത്തിന്റെയും ലോകത്തെ സാധ്യതകളും പരിമിതികളും പരിശോധിക്കുകയാണ്​ അമ്മു വള്ളിക്കാട്​​.

ചികിത്സക്ക്​ പണം സമാഹരിക്കാൻ തീവ്രരോഗപീഡിതരുടെ കദനകഥകൾ ദയനീയമായി അവതരിപ്പിക്കുന്ന മിലാപ്പ്, കേറ്റോ പോലെയുള്ള പലതരം വെബ്‌സൈറ്റുകളുടെ വീഡിയോ പലപ്പോഴും ഓൺലൈനായി നമുക്കുമുന്നിൽ എത്താറുണ്ട്. ചങ്കുപൊട്ടി തന്റെ കുഞ്ഞിന്റെ ജീവന്​ വിലപിക്കുന്ന അച്ഛനമ്മമാർ, കിടപ്പിലായ ഭർത്താവിനുവേണ്ടി കേഴുന്ന ഭാര്യമാർ, അതിശോച്യാവസ്​ഥയിലുള്ള രോഗികൾക്കരികിൽ അവരെ ചേർത്തുപിടിച്ച് കൈകൂപ്പി നമ്മോട് പണം യാചിക്കുന്ന ഗതികെട്ട മനുഷ്യർ... ഇതെല്ലാം ഡിജിറ്റൽ മാധ്യമങ്ങളിൽ കയറിവരുന്ന സാധാരണ പരസ്യമായി മാറിയിരിക്കുന്നു.

യുനെസ്​കോ പ്രതിനിധികൾ പതിഞ്ഞ ശബ്ദത്തിൽ പട്ടിണിപ്പാവങ്ങളായ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ കഥകൾ നമുക്കുമുന്നിൽ അവതരിപ്പിക്കുന്നു. ഏതെല്ലാം ദൈന്യതകൾ മുന്നിൽ വന്ന് നിലവിളി കൂട്ടിയാലും ഒറ്റ വിരൽത്തുമ്പിൽ അത് നീക്കിക്കളയാൻ നമുക്ക് സാധിക്കുന്നുണ്ട്. യഥാർത്ഥ ജീവിതത്തിൽ ഒരിക്കലും നമുക്ക് കണ്ടുനിൽക്കാൻ സാധിക്കാത്തത്- ഒരുപക്ഷേ ഒരു സിനിമയിൽ പോലും കണ്ടുനിൽക്കാൻ സാധിക്കാത്തത്- യഥാർത്ഥ്യം എന്നറിഞ്ഞിട്ടു കൂടി നാം കണ്ടില്ലെന്ന് നടിക്കുന്നു. ഇത്തരം വേദനകൾ നീക്കിക്കളയാൻ കഴിയുന്നത് നമ്മുടെ സാധാരണത്വമായി മാറിയിരിക്കുന്നു.

Milaap / Ketto

എവിടെയാണ് നമുക്ക് പിഴക്കുന്നത്? തെല്ലും സഹാനുഭൂതിയില്ലാത്ത നിർമമവികാരം നമ്മളിൽ സർവ്വസാധാരണമായി പോയത് എങ്ങനെയാണ്? ഇത് ഡിജിറ്റൽ ലോകത്തിലെ പുതിയ മനുഷ്യരുടെ അറിഞ്ഞോ അറിയാതെയോ ഉള്ള ചെയ്തികളാണ്. ഉപരിപ്ലവതയാണ് അതിന്റെ കാതൽ. അവിടെ ആഴത്തിൽ ഒരിടപെടൽ നമുക്ക് സാധ്യമല്ല. ഒന്നിൽനിന്ന് മറ്റൊന്നിലേക്ക്, അതിൽ നിന്ന് തീർത്തും വ്യത്യസ്തമായ മറ്റൊന്നിലേക്ക്... നമ്മളുടെ മനസ്സും സ്‌ക്രീനിനൊപ്പം തെറ്റിക്കളിക്കുന്നു. നമ്മൾ മണിക്കൂറുകൾ സ്‌ക്രീനിനുമുൻപിൽ ചെലവിട്ടത് എന്തിനുവേണ്ടിയായിരുന്നു എന്ന് ഓർത്തെടുക്കാൻ പ്രയാസപ്പെടും.

ലോകം സമയമില്ലാത്ത മനുഷ്യനുവേണ്ടി നിർമിക്കപ്പെട്ടതാണ്, എന്നാൽ നമ്മുടെ വിലപ്പെട്ട സമയം കവരുന്നതും ഡിജിറ്റൽ ലോകം തന്നെ. കൊള്ളപ്പലിശയ്ക്ക് സമയം കൊടുത്ത്​ ഇരട്ടി തിരിച്ചെടുക്കുന്ന പലിശക്കാരെപ്പോലെ. പല സോഷ്യൽ മീഡിയാ ആപ്പുകളിലും തനിയെ നീങ്ങുന്ന, 30 സെക്കൻഡിൽ കുറവുള്ള ഷോട്ടുകളുമൊക്കെ ഡിജിറ്റൽ കാലത്തെ മനുഷ്യനുവേണ്ടി ഉണ്ടാക്കിയെടുത്തിരിക്കുന്നു. ലഘുവാണ് ഡിജിറ്റൽ ലോകത്തിന്റെ സാധ്യത. ​ഹ്രസ്വം എന്നത് അതിന്റെ ആപ്തവാക്യം. ഒരാൾ പറയുന്നത് പൂർണാർത്ഥത്തിൽ ഉൾക്കൊള്ളാനോ വികാരതീവ്രതയോടെ ആ ഗതിയിൽ കേട്ടുമനസ്സിലാക്കാനോ താല്പര്യമോ സമയമോ ആവശ്യമോ ഇല്ല എന്ന് തോന്നുന്നിടത്താണ് ഒന്നേ ദശാശം അഞ്ച്​ അല്ലെങ്കിൽ രണ്ട് മടങ്ങ് അധികവേഗതയിൽ ഓടിക്കാൻ സാധിക്കുന്ന ഓഡിയോ അല്ലെങ്കിൽ വീഡിയോകളുടെ പ്രസക്തി.

കൃത്യതയോടെ പ്രതികരിക്കാനോ മറ്റു മനുഷ്യരുടെ വികാരവിചാരങ്ങളോട് ഐക്യപ്പെടാനോ, അമൂർത്തമായ അർത്ഥതലങ്ങൾ വായിച്ചെടുക്കാനോ സാധിക്കാത്ത പൊങ്ങുമനുഷ്യരാണ് ഡിജിറ്റൽ ലോകത്തിലുള്ളത്. എളുപ്പം ഗ്രഹിക്കാൻ കഴിയുന്ന പൊതുബോധ്യങ്ങൾ മാത്രമേ നാം ഇത്തരം ഇടങ്ങളിൽ നിന്ന് വായിച്ചെടുക്കുന്നുള്ളൂ, അല്ലെങ്കിൽ വായിച്ച് പരിചയിച്ചിട്ടുള്ളൂ. കപടവാർത്തകൾ അടിപ്പെടുന്ന ജനാധിപത്യവിരുദ്ധ ജനക്കൂട്ടത്തെ സൃഷ്ടിക്കുമെന്ന് ‘Reader Come Home: The reading brain in a Digital world' എന്ന പുസ്തകത്തിന്റെ രചയിതാവ് മേറിയാന വുൾഫ് (Maryanne Wolf ) പറയുന്നു. ഫോട്ടോയും ഹ്രസ്വവീഡിയോയും മാത്രമുള്ള ടിക്​ ​ടോക്​ പോലെയുള്ള മാധ്യമങ്ങൾ നമ്മുടെ മനസ്സിനെ മാറ്റിയെടുത്തിരിക്കുന്നത് നമ്മൾ പോലും അറിഞ്ഞിട്ടില്ല.

Maryanne Wolf

ചിന്തയിലെ മഷി പുരളേണ്ടത് എവിടെയാണ്?

എന്നാൽ, ഒരു പുസ്തകം വായിക്കുമ്പോൾ അഗാധമായ ഒരിടപെടൽ നമുക്കു സാധിക്കുന്നുണ്ട്. ഓരോ വാക്കുകൾക്കിടയിലുള്ള വെളിച്ചത്തെ നമ്മൾ തിരയുന്നുണ്ട്, തെളിച്ചത്തെ തേടുന്നുണ്ട്. വാച്യവും വ്യഞ്ജ്യവുമായ നാനാർത്ഥങ്ങളിലേക്ക് നാം നൂണ്ടുപോകുന്നു. നമ്മുടെ വിചാരങ്ങളെയത് പുതുക്കിയെടുക്കുന്നു. അതിനെ വായനയിൽ പുനഃസൃഷ്ടിക്കുന്നു. നവീന ചിന്തകൾ നാമ്പിടുന്നു. പുസ്തകവും നമ്മളും മാത്രമുള്ള ഈയിടത്ത് ഹൈപ്പർ ലിങ്കുകളും നോട്ടിഫിക്കേഷനുകളും നമ്മെ ശല്യപ്പെടുത്തുന്നില്ല. ആഴത്തിലുള്ള ആശയവിനിമയം സാധ്യമാകുന്നത്, അർഥഗാംഭീര്യം നാം ഉൾക്കൊള്ളുന്നത് വായനക്കിടയിലെ അമൂർത്ത നിമിഷങ്ങളിൽ വച്ചാണ്. സൂക്ഷ്മ വായനയ്ക്കിടയിലെ ചെറു ഇടവേളകളിലാണ്. ആ നേരം നമ്മുടെ ചിന്തകളും അറിവുകളും വായിച്ചെടുക്കുന്ന പുതിയ കണ്ടെത്തലുകളും മനോഹരമായി സമ്മേളിച്ച്​പുത്തൻ തിരിച്ചറിവുകളുമായി മനുഷ്യർ നീങ്ങുന്നു. നമുക്ക് ലഭിക്കുന്ന എല്ലാ വിവരങ്ങളും അറിവോ തിരിച്ചറിവോ ആവണമെന്നില്ല എന്ന് ടി. എസ്. എലിയറ്റ്​ ദ റോക്ക് (The Rock) എന്ന കൃതിയിൽ പറയുന്നു:

Where is the wisdom we lost in knowledge?
Where is the knowledge we lost in information?

സൂക്ഷ്മവായന ഇല്ലാതാകുമ്പോൾ നമുക്ക് നഷ്ടമാകുന്നത് ആത്മാവാണ്, ആത്മദർശനമാണ്, ആത്മാവിഷ്‌കാരമാണ്, ആത്മപരിശോധനയാണ് ആത്മാവിന്റെ പുനർജനിയാണ്.

Readers are thinkers’ എന്നു പറഞ്ഞാണ്​​ ട്രൂകോപ്പി തിങ്ക് നമുക്കുമുന്നിൽ അവതരിച്ചത്​.എഴുതുന്നവരും വായിക്കുന്നവരും തമ്മിലുള്ള അഭേദ്യമായ ബന്ധം ഈ വരികളിലൂടെ സൂചിപ്പിക്കുന്നു. THINK ലെ INK വായിച്ച് തലയിൽ കയറേണ്ടതോ അതോ, ചിന്തിച്ച് പേനയിലൂടെ ഊർന്നിറങ്ങേണ്ടതോ എന്നറിയില്ല, ഒരുപാട് ചിന്തിപ്പിച്ച വാചകം തന്നെയാണ്. തലക്കെട്ട് വാചകത്തിലൂടെ ആഴത്തിലുള്ള വായനയെയും, വായന മുന്നോട്ടുവയ്ക്കുന്ന ചിന്തയെയും അതിന്റെ പ്രാധാന്യത്തെയും അവർ സൂചിപ്പിക്കുന്നു. എന്നിരുന്നാലും അതിനുവേണ്ടി തിരഞ്ഞെടുത്ത മാധ്യമം ഡിജിറ്റൽ ആയതോടുകൂടി അറിഞ്ഞോ അറിയാതെയോ, നമുക്കുമുന്നിലേക്ക് വച്ച ആ വലിയ തിരിച്ചറിവിലേക്ക് നടന്നടുക്കാൻ വായനക്കാർ പ്രയാസപ്പെടുന്നുണ്ട്. അത് എന്തുകൊണ്ടാണെന്ന് ആഴത്തിൽ പരിശോധിക്കണം. അതായത്, ആഴത്തിലുള്ള വായന ഡിജിറ്റൽ മാധ്യമത്തിലൂടെ സാധ്യമാക്കുക പ്രയാസകരമാണ്, എന്നാൽ അസാധ്യമല്ല താനും. അതിനുവേണ്ടി ശാസ്ത്രീയ ഇടപെടലുകൾ നടത്തിയേ മതിയാവൂ. പലരും കരുതുന്നതുപോലെ കേവലം ചിന്താഗതിയിലുള്ള മാറ്റം കൊണ്ട് ഇത് സാധിക്കില്ല. കാരണം, വായന പരിശീലനം ആവശ്യമുള്ള ജൈവിക പ്രക്രിയയാണ്. ‘ഇന്ന് പുസ്തകം നാളെ സ്‌ക്രീൻ’ എന്ന് മുദ്രാവാക്യം വിളിക്കുന്നതുകൊണ്ടും സാധ്യമാവുകയില്ല.

ഡിജിറ്റൽ വായനയിലേക്കുള്ള മാറ്റം ഈ കാലത്തിന്റെ, അടുത്ത തലമുറയുടെ അനിവാര്യതയാണ്. ചില കാലങ്ങളിൽ ഒഴിച്ചുകൂടാനാവാത്തതുകൂടിയെന്നാണ് കോവിഡ് അനുഭവം നമ്മെ പഠിപ്പിച്ചത്. ഈ ചുവടുമാറ്റം ഇന്നല്ലെങ്കിൽ നാളെ നമ്മൾ നിർബന്ധമായും ചെയ്തുതന്നെയാകണം. ഗൗരവതരമായ സൃഷ്ടികൾ ഡിജിറ്റൽ മാധ്യമത്തിലൂടെ വായനക്കാരിലെത്തിച്ച് വായിപ്പിക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. അത് ഈ ഇടനേരത്ത് വലിയ വെല്ലുവിളിയുമാണ്. പുസ്തക വായനയിൽ നിന്ന്​ ഡിജിറ്റൽ വായനയിലേക്ക് മാറുന്ന ഈ കാലഘട്ടത്തെയാണ് ഇടനേരം എന്ന് ഞാൻ വിളിക്കാൻ ശ്രമിച്ചത്. മലയാളത്തിലെ ആദ്യത്തെ അത്തരത്തിലുള്ള ഉദ്യമമാണ് വെബ്‌സീനുകൾ. ഡിജിറ്റൽ മാധ്യമത്തിലേക്ക് ചുവടുവയ്ക്കാത്ത സാഹിത്യം അടുത്ത നൂറു വർഷങ്ങൾ കൊണ്ട് ഇല്ലാതായി പോയേക്കാവുന്ന സ്ഥിതിഗതിയും ഉണ്ടായേക്കാം. യൂണികോഡുകൾ സൃഷ്ടിക്കാത്ത ഭാഷകൾ ആളുകൾ മറന്നു പോയേക്കാം.

വായന തലച്ചോറിന്റേതാണ്, ചിന്താഗതിയുടേതല്ല

അച്ചടിമാധ്യമവും ഡിജിറ്റൽ മാധ്യമവും മുന്നോട്ടുവയ്ക്കുന്ന വായന, അത് കാഴ്ചവയ്ക്കുന്ന രൂപത്തിലുള്ള മാറ്റം മാത്രമല്ല എന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിനെപ്പറ്റി വിശദമായി പറയുന്നത് മേറിയാനാ വൂൾഫ് ആണ്. ഗവേഷകർ നടത്തിയ കോവിഡ്കാല പഠനങ്ങളിൽ രണ്ടു മാധ്യമങ്ങളിലൂടെയുമുള്ള ഗ്രാഹ്യതയുടെ തോതിലുള്ള വ്യത്യാസത്തിന് കാരണങ്ങൾ പലതും പരാമർശിക്കുന്നുണ്ട്. നമ്മുടെ തലച്ചോറിന് വായനക്കുവേണ്ടി പ്രത്യേക കോശങ്ങൾ ഒന്നുംതന്നെയില്ല. മറ്റുള്ള സവിശേഷ കോശങ്ങളെ വായനയ്ക്കായി പരുവപ്പെടുത്തിയെടുക്കുന്നു. കേൾവിക്കും കാഴ്ചക്കുമായി സവിശേഷ കോശങ്ങൾ തലച്ചോറിനുണ്ട്. വായന അതുകൊണ്ടുതന്നെ നാം കൃത്യമായും ശാസ്ത്രീയമായും പരിശീലിച്ച് എടുക്കേണ്ടതുതന്നെയാണ്. ഉദാഹരണത്തിന് സേഫ്റ്റി പിൻ ഉപയോഗിച്ച് കാലിൽ തറച്ച മുള്ളെടുക്കും പോലെയോ, ഹെയർപിൻ ഉപയോഗിച്ച് ചെവി തോണ്ടും പോലെയോ ഉള്ള ഒന്ന്. ഒന്നിനു വേണ്ടിയുള്ളത് മറ്റൊന്നിനുവേണ്ടി ഉപയോഗിക്കുന്നു. മണത്തും കണ്ടും കേട്ടും രുചിച്ചും ഇന്ദ്രിയാനുഭൂതികൾ അറിഞ്ഞ മനുഷ്യൻ വായന തുടങ്ങിയിട്ട് 6000 വർഷം ആകുന്നതേയുള്ളൂ.

പുസ്തകം വായിക്കുമ്പോഴുള്ള തലച്ചോറിന്റെ പ്രവർത്തനവും സ്‌ക്രീനിൽ വായിക്കുമ്പോഴുള്ള പ്രവർത്തനവും തീർത്തും വ്യത്യസ്ത രീതിയിലാണ്. രണ്ടുതരം വായനയ്ക്കും വ്യത്യസ്ത കോശങ്ങളുടെ വ്യത്യസ്തതരം ബന്ധങ്ങളാണ് തലച്ചോർ ഉണ്ടാക്കിയെടുക്കുന്നത് എന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. തലച്ചോറിനെ സംബന്ധിച്ച്​ രണ്ടും രണ്ടു തരം പ്രവർത്തനങ്ങളാണ്. നിശ്ചലമായ പുസ്തകപ്രതലത്തിൽ വായിച്ചെടുക്കുന്നതിനേക്കാൾ എത്രയോ ശ്രമകരമാണ് തലച്ചോറിനെ സംബന്ധിച്ച് ഇളകുന്ന സ്‌ക്രീനിൽ വരികൾ വായിച്ചെടുക്കുന്നത്. കണ്ണുകൾ വരികൾക്കു പിന്നാലെ പായുമ്പോൾ തലച്ചോർ വായിച്ചത് മനസ്സിലാക്കുവാൻ വേണ്ടി ബുദ്ധിമുട്ടുന്നു. ഗൗരവമേറിയ, ആഴത്തിൽ മനസ്സിലാക്കേണ്ട വിഷയങ്ങളിൽ പുസ്തകവായനയേക്കാൾ ഡിജിറ്റൽ വായന പ്രയാസകരമായി ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അത് സ്വാഭാവികമാണ്. തന്നെയുമല്ല ഇതിനോടകം ഡിജിറ്റൽ മാധ്യമത്തിൽ കോഴി ഇര തേടും പോലെ ചിക്കി പെറുക്കിയുള്ള വായനയ്ക്കായി നമ്മുടെ തലച്ചോർ പരുവപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഗൗരവമായ വായനയ്ക്ക് കൂടി ഉതകുന്നതാണ് സ്‌ക്രീനിലെ വായന എന്ന് നാം നമ്മെ പറഞ്ഞു പഠിപ്പിച്ചേ മതിയാവൂ.

ഡിജിറ്റൽ വായനയിലെ പ്രശ്‌നങ്ങളെ മറികടക്കാൻ ഡിജിറ്റൽ മാധ്യമത്തിന്റെ ഗുണവും ദോഷവും മനസ്സിലാക്കി ഈ മാധ്യമത്തെ കൈകാര്യം ചെയ്തു തുടങ്ങുകയാണ് വേണ്ടത്. പി.ഡി.എഫ് വായനേക്കാൾ എത്രയോ എളുപ്പമാണ് ഫ്ലിപ്പ്​ ബുക്കിലുള്ള വായന. വരികളുടെ യഥാസ്ഥാനത്തിന്റെ പ്രസക്തിയാണ് ഇവിടെ സൂചിപ്പിക്കുന്നത്. സ്ഥാനം മാറാതെ വീണ്ടും വീണ്ടും നാം കാണുന്ന രൂപങ്ങൾ, അത് വരികൾ തന്നെയായിരുന്നാലും, നമ്മുടെ മനസ്സിൽ ചിത്രങ്ങളായി ആലേഖനം ചെയ്യപ്പെടുന്നു. പലപ്പോഴും വായിച്ച ഭാഗങ്ങൾ വീണ്ടും വീണ്ടും എടുത്തു നോക്കാം, അത് പേജിനെയും സ്ഥാനത്തെയുമൊക്കെ അടിസ്ഥാനപ്പെടുത്തി ഒരു കാഴ്ച എന്ന നിലയിൽ നമ്മുടെ തലച്ചോറ് സൂക്ഷിച്ചുവയ്ക്കുന്നു. കാഴ്ചയെന്ന ഇന്ദ്രിയാനുഭൂതിയുടെ ഉപയോഗമാണിവിടെ വായന എളുപ്പത്തിലാക്കാൻ സഹായിക്കുന്നത്. കൈവിരൽ തൊട്ട് തൊട്ട് നീങ്ങുന്ന കൃത്യസ്ഥാനമില്ലാതെ, വരികൾ ഒഴുകി നീങ്ങുന്ന, ഡിജിറ്റൽ പ്രതലത്തിൽ ചിത്രാധിഷ്ഠിതമായി ഓർത്തുവയ്ക്കാൻ യാതൊരു സാധ്യതയുമില്ല. ഇരട്ടി പണിയെടുത്താണ് നമ്മുടെ തലച്ചോറ് ഈ വരികൾക്കിടയിൽ നിന്ന് വിവരങ്ങൾ ഗ്രഹിക്കുന്നത്.

അതിനുപുറമേ നമ്മുടെ ശ്രദ്ധ തിരിച്ചുവിടുന്ന പലതും ഡിജിറ്റൽ മാധ്യമത്തിലുണ്ട്. ഇന്റർനെറ്റ് തരുന്ന അനന്തസാധ്യതകൾ ഒരേസമയം ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ, മുഴുകിയുള്ള വായന സാധ്യമാക്കിത്തരാൻ ഗാഡ്ജറ്റുകൾക്ക് സാധിക്കില്ല. ഹൈപ്പർ ലിങ്കുകൾ ഒരുതരത്തിൽ ഗുണകരമാണെങ്കിലും മറ്റൊരു തരത്തിൽ വിഷയത്തിലൂന്നിയുള്ള വായനയെ ബാധിക്കുന്നു. അതായത് ഹിറ്റ്‌ലർ ജൂതരോട്​ ചെയ്ത ക്രൂരതയെ കുറിച്ച് നമ്മൾ വായിക്കുമ്പോൾ, അതിന്റെ രാഷ്ട്രീയ- മാനവിക വശങ്ങൾ വിശകലനം ചെയ്തുകൊണ്ടിരിക്കുമ്പോൾ, ഇങ്ങനെ ഒരാൾ വ്യക്തിജീവിതത്തിൽ എങ്ങനെയായിരിക്കും എന്ന് തിരഞ്ഞുപോകാനുള്ള എളുപ്പസാധ്യതയുണ്ട്. പുസ്തകത്തിന്റെതുപോലെ ഏകദിശയിലുള്ള വായനയല്ല ഡിജിറ്റൽ മാധ്യമം സാധ്യമാക്കുന്നത്. പല ദിശയിലേക്കുള്ള പല മാനങ്ങളുള്ള വായനയിലേക്കാണ് ഇത്തരം വായന നമ്മെ കൊണ്ടുപോകുന്നത്. ഇതിന് ഗുണവും ദോഷവുമുണ്ട്.
ഓഡിയോ ബുക്കുകൾ വളരെ പെട്ടെന്ന് ഗ്രഹിക്കാൻ സാധിക്കുന്നത് കേൾവി എന്ന സ്വാഭാവികമായ ഇന്ദ്രിയാനുഭൂതിയിലൂടെയാണ്. പ്രത്യേകമായി തലച്ചോറിന്​ ജോലി ചെയ്യേണ്ട ആവശ്യമിതിൽ വരുന്നില്ല.

അക്ഷരങ്ങൾ അറിയാതിരുന്ന മനുഷ്യനിൽ നിന്ന്​ അക്ഷരങ്ങൾ ഉൾക്കൊള്ളുന്ന മനുഷ്യനിലേക്കും, ഇപ്പോൾ പുസ്തകങ്ങളിൽ നിന്ന് ഡിജിറ്റൽ ലോകത്തിലേക്കുമുള്ള മനുഷ്യന്റെ ചുവടുമാറ്റം ജൈവപരമായ മാറ്റങ്ങളോടുകൂടിയുള്ളതാണ്. പരിണാമം എന്ന വലിയ പ്രക്രിയയിലെ ഒരു ചെറിയ ദിശാമാറ്റമല്ലിതെന്ന് ആരു കണ്ടു?

ചെലവേറിയ പ്രിൻറ്​ മാധ്യമങ്ങൾ അത്ര വിദൂരമല്ലാത്ത ഭാവിയിൽ എങ്ങനെയായിരുന്നാലും നമുക്ക് നിർത്തിവയ്‌ക്കേണ്ടിവരും. പരിസ്ഥിതി സൗഹൃദമല്ലെങ്കിൽ മലയാള സാഹിത്യത്തിനും നിലനിൽപ്പില്ല. ഡിജിറ്റൽ ലോകത്ത് നിന്നും നാം പഠിച്ചെടുത്ത, കണ്ണോടിച്ച് പെറുക്കിയെടുത്തുള്ള വായനാശീലങ്ങൾ, വളരെ ശ്രദ്ധയോടെ ഉപേക്ഷിച്ച് ശ്രദ്ധ മാറിപ്പോകുന്നത് പരമാവധി കുറച്ചു കൊണ്ടുവന്നു വേണം ഈ മാധ്യമവുമായി നമ്മൾ ഇടപെടാൻ. അല്ലെങ്കിൽ പോകെപ്പോകെ നമ്മെ കാത്തിരിക്കുന്നത് സഹാനുഭൂതിയില്ലാത്ത കേവല വിവരശേഖരണ യന്ത്രതുല്യ മനുഷ്യരാണ്. വിവരങ്ങൾ അറിവോ അനുകമ്പയോ വിവേകമോ ആയി മാറാൻ സാധിക്കാതെ മനുഷ്യമനസ്സിൽ കുടുങ്ങിക്കിടക്കും.

പെരുകുന്ന ഡേറ്റകൾ, തളരുന്ന തലച്ചോർ

ഡിജിറ്റൽ മാധ്യമത്തിലൂടെ നമുക്കു മുന്നിലെത്തുന്നത് എമ്പാടും വിവരങ്ങളാണ്. ഈ പെരുപ്പ് ഒരുതരത്തിൽ പെറുക്കിയുള്ള വായനയ്ക്ക് പ്രേരിപ്പിക്കുന്നു. അവിടെയും ഇവിടെയും അല്ലാതെ എങ്ങനെയാണ് മുഴുവനായി വായിച്ചെടുക്കുന്നത്? കണ്ടന്റുകളുടെ ബാഹുല്യത്തിൽ തന്റേതായ ഒരു ഇടം ഡിജിറ്റൽ മാധ്യമങ്ങൾക്കിടയിൽ നേടിയെടുക്കുക ചില്ലറ കാര്യമല്ല. ഫോൺ തുറന്നാൽ കിട്ടുന്ന വാട്‌സ്ആപ്പ്, ഇ മെയിൽ, സ്‌നാപ്ചാറ്റ്, ട്വിറ്റർ, ഓൺലൈൻ പത്രങ്ങൾ, ഫേസ്ബുക്ക്, ടിക്റ്റോക്ക്, യൂട്യൂബ്, മെസേജുകൾ, പ്രൈം, നെറ്റ് ഫ്ലിക്‌സ് ഇവയെല്ലാം നമുക്ക് മുന്നിലെത്തുന്ന വിവരങ്ങളാണ്. എല്ലാം കൂടി ഒരുമിച്ച് മനസ്സിലാക്കിയെടുക്കാൻ നമ്മുടെ തലച്ചോറിന് സാധിക്കുമോ? ഇത് നമ്മുടെ വായനയെ തളർത്തുന്നുണ്ട് എന്ന് സമ്മതിക്കാതെ തരമില്ല.

ഡിജിറ്റൽ സാധ്യതകൾ

ഒരു യുഗം പിറകെ ഓടിക്കൊണ്ടിരുന്ന വിദേശ മലയാളികൾക്ക് വെബ്സീൻ വന്നടെ സാഹിത്യ ലോകത്ത് പങ്കാളിത്തമുണ്ടായി. സമൂഹത്തിന്റെ പല അടരുകളിലുള്ള ആളുകളെ ചേർത്തുനിർത്താൻ, പുരോഗമനപരവും നവിനവുമായ ആശയങ്ങളെ ഉൾക്കൊള്ളാൻ, വൈവിധ്യങ്ങളെ ഉൾക്കൊള്ളാൻ കെൽപ്പുള്ളതാണ് ഡിജിറ്റൽ ലോകം. ഓഡിയോ ചേർത്തും നല്ല ഇലസ്‌ട്രേഷൻ ചേർത്തും നമ്മുടെ വായനാനുഭവത്തെ മികച്ചതാക്കാൻ പരിധികളില്ലാത്ത അവസരമാണ് ഡിജിറ്റൽ മീഡിയ ഒരുക്കുന്നത്. WTP ലൈവിലൊക്കെ വരുന്ന വരകൾ നോക്കിയിരുന്നുപോകും. എഴുത്തുകാരെ സംബന്ധിച്ച്​ നോൺലീനിയർ ആയ എഴുത്തുകൾ സാധിക്കുന്നത് ഒരു വലിയ കാര്യം തന്നെയാണ്. കട്ട് ആൻഡ് കോപ്പി ഇല്ലായിരുന്നുവെങ്കിൽ എങ്ങനെ എങ്ങനെ എഴുതാൻ സാധിക്കും എന്ന് ചിന്തിക്കുന്ന പുതിയകാല എഴുത്തുകാരുടെ കൂട്ടത്തിൽ തന്നെയാണ് ഞാനും. ഇടയിൽ തിരുകികേറ്റുന്ന, തിരുത്തുകൾ സാധ്യമാകുന്ന ഡിജിറ്റൽ എഴുത്തുകൾ ഒരു വലിയ അവസരമാണ്.

ഡിജിറ്റൽ മാധ്യമം കവർന്നെടുക്കുന്ന സമയം അതായിട്ടുതന്നെ പ്രയോഗത്തിൽ തിരിച്ചുതരുന്നു എന്ന് വേണമെങ്കിൽ പറയാം. പരിധിയില്ലാത്ത എഴുത്താണ് മറ്റൊരു സവിശേഷത. എഴുത്തുകാരനെ സംബന്ധിച്ച്​ സ്ഥലം ഒരു പരിമിതിയേ അല്ല. എത്ര വേണമെങ്കിലും നമുക്ക് എഴുതാം. അനേകം എഴുത്തുകാർക്ക് ഒരുമിച്ച് അവസരം ലഭിക്കുകയും ചെയ്യും. കൃത്യമായി പുസ്തകത്താളുകളിൽ അച്ചടിക്കാൻ വേണ്ടി വെട്ടിയും തിരുത്തിയും കുത്തിയും തിരുകിയും എത്ര ജോലി ചെയ്തിരിക്കും അച്ചടി മാധ്യമത്തിലെ എഡിറ്റർമാർ. തിരുത്താൻ സാധിക്കാത്തയൊന്ന് എന്നാൽ വലിയ സമ്മർദ്ദമാണ് എഴുത്തുകാർക്കും എഡിറ്റർമാർക്കും. അതിൽ നിന്നൊക്കെയുള്ള മോചനമാണ് പുതിയ കാലത്തെ വെബ്‌സീനുകൾ.

വെബ്സീനുകളുടെ നടത്തിപ്പും സൂക്ഷിപ്പും

വെബ്‌സീനുകളുടെ നടത്തിപ്പും അതുപോലെ വളരെ പ്രധാനപ്പെട്ടതാണ്. ബാക്കപ്പ് എടുത്തുവയ്ക്കലും, തിരിച്ചെടുക്കാൻ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കലും ഒക്കെ വളരെ പ്രാധാന്യമർഹിക്കുന്നു. ഒരു ഘട്ടം കഴിഞ്ഞാൽ വെള്ളാനയെ മേയ്ക്കുന്ന അത്രയ്ക്കും ശ്രമകരമാണ് വലിയ ഡേറ്റകൾ കൊണ്ടുനടക്കൽ. ഡിജിറ്റലായി മാറിയ മറ്റ് ഏത് സ്ഥാപനങ്ങളെ പോലെയും കൃത്യമായ അച്ചടക്കത്തോടെ ഇൻഫർമേഷൻ ടെക്‌നോളജി സിസ്റ്റങ്ങളെ കാത്തു പരിപാലിക്കേണ്ടതുണ്ട്. എടുത്തുവയ്ക്കാനുള്ള സ്ഥലം ഒരു പരിമിതി തന്നെയെങ്കിലും, മാസികൾ വർഷങ്ങൾ കഴിഞ്ഞാലും എവിടെയെങ്കിലും ആരുടെ കൈയിൽ എങ്കിലുമൊക്കെ അവശേഷിക്കും. എന്നാൽ ഡിജിറ്റൽ മാധ്യമത്തിൽ നമ്മുടെ ഡാറ്റകൾ ഞൊടിയിടയിൽ നമുക്ക് നഷ്ടപ്പെട്ടേക്കാം. സിസ്റ്റം ക്രാഷ് ആവുന്നതും, വർഷങ്ങൾക്കുശേഷം ഉപഭോക്താക്കൾക്ക് അവർ വില കൊടുത്തുവാങ്ങിയ ലേഖനങ്ങൾ അപ്രാപ്ര്യമാവുകയൊക്കെ സർവ്വസാധാരണമാണ്. അത് അങ്ങനെയൊക്കെ തന്നെയൊക്കെ ആയിരിക്കും എന്നു കരുതി സ്വാഭാവികമായി ഇതിനോടൊക്കെ പൊരുത്തപ്പെടാനുള്ള ഡിജിറ്റൽ സാക്ഷരതയെ നമ്മൾ നേടിയിട്ടുള്ളു. ഒരുകാലത്ത് വളരെ പ്രിയപ്പെട്ടതായിരുന്നു ഓർകൂട്ട്. അവിടെ നമ്മൾ പങ്കുവെച്ച ഒന്നും നിലവിലില്ല. ഇന്ന് നമ്മൾ ആഴത്തിൽ ഇടപെട്ടു കൊണ്ടിരിക്കുന്ന ഫെയ്‌സ്ബുക്കും നാളെ ഓർമയാവും. ഉപഭോക്താക്കൾക്ക് അവർ അവർ വാങ്ങിച്ച ഈ ബുക്കുകളോ ലേഖനങ്ങളോ സൗകര്യാർത്ഥം ഡൗൺലോഡ് ചെയ്തു വയ്ക്കാനുള്ള ഒരു മാർഗം ലഭ്യമാക്കുക തന്നെ വേണം.

Comments