സൈബർ സ്​​പേസ്​ വഴി പ്രിൻറിലേക്ക്​ ക്ഷണം കിട്ടിയ ഒരു എഴുത്തുജീവിതത്തെക്കുറിച്ച്​

‘‘പ്രിൻറ്​ മീഡിയയുടെ സപ്പോർട്ട് ഇല്ലാതെ തന്നെ ഒരാൾക്ക് പല മട്ടിലുള്ള ആവിഷ്‌കാരം സാധ്യമാക്കാനുള്ള കാലത്തിന്റെ വരവു കൂടിയായിരുന്നു സൈബർ കാലത്തിന്റെ വരവ്. അപവാദമുണ്ടാകാമെങ്കിലും എഴുത്തിനെ അത് അതിന്റെ യഥാർത്ഥ അർത്ഥത്തിൽ ജനാധിപത്യവത്ക്കരിച്ചു. ഒരോ ആവിഷ്‌ക്കാരങ്ങളോടും ജനാധിപത്യപരമായി പ്രതികരിക്കാനുള്ള വായനക്കാരുടെ സ്വാതന്ത്ര്യത്തെയും അത് വകവെച്ചു കൊടുത്തു’’- ട്രൂ കോപ്പി വിജയകരമായ മൂന്നുവർഷങ്ങൾ പൂർത്തിയാക്കുന്ന സന്ദർഭത്തിൽ, എഴുത്തുകാരനെന്ന നിലയിൽ താൻ എങ്ങനെയാണ്​ സൈബർ സ്​പെയ്​സിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത്​ എന്ന്​ എഴുതുകയാണ്​ എം.പി. അനസ്​.

രു വ്യാഴവട്ടമായി ഡിജിറ്റൽ മീഡിയയിൽ പല വിധത്തിൽ സജീവമാണ്. ഈയിടെ നോക്കിയപ്പോൾ, കഴിഞ്ഞ ഒരു വർഷത്തെ എന്റെ ശരാശരി സ്‌ക്രീൻ ടൈം ദിവസം 4-5 മണിക്കൂറോളമുണ്ട്. വായനയായും എഴുത്തായും കേൾക്കലായും കാണലായും കവിത ചൊല്ലലായും സംവാദത്തിലായുമെല്ലാം പത്തു പന്ത്രണ്ടു വർഷമായി സൈബർ സ്‌പേസിൽ എന്റെ സമയവുമുണ്ട്.

ബ്ലോഗിൽ എഴുതിക്കൊണ്ടായിരുന്നു സൈബർ ഇടത്തിലുള്ള എഴുത്തു തുടങ്ങിയത്. കവിതയും ചെറുകുറിപ്പുകളുമായിരുന്നു ബ്ലോഗിൽ പ്രധാനമായും എഴുതിയിരുന്നത്. എന്നാൽ, ബ്ലോഗിൽ അധികകാലം എഴുതിനിൽക്കേണ്ടി വന്നില്ല. അപ്പോഴേക്കും ഫേസ്ബുക്കിന്റെ ജനകീയമുഖം പ്രത്യക്ഷമായി. കൂടുതലൊന്നും ചിന്തിക്കാതെ ആ പുതുമാധ്യമത്തെ കൈകൾ നീട്ടി സ്വീകരിച്ചു. വളരെ എളുപ്പം പോസ്റ്റുകൾ എഴുതാനും ഷെയർ ചെയ്യാനും കഴിയുമെന്ന ലാളിത്യം തന്നെയായിരുന്നു അതിന്റെ ആകർഷകത്വം.

എം.പി. അനസ്

കവിത എഴുതുകയും മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾക്ക്​ വല്ലപ്പോഴും മാത്രം അയച്ചുനോക്കുകയും ചെയ്യാറുണ്ടായിരുന്നെങ്കിലും പലപ്പോഴും അച്ചടിച്ചു വന്നിരുന്നില്ല. കാര്യമായിട്ടാരും പ്രസിദ്ധീകരിക്കാറില്ലായിരുന്നതിനാൽ പിന്നീട് അയക്കാറുമുണ്ടായിരുന്നില്ല. ഡയറിയിൽ കവിതകൾ എഴുതും, ഇടയ്ക്ക് എടുത്തു നോക്കും അത്ര തന്നെ. ഇടയ്ക്ക് മാതൃഭൂമി പത്രത്തിലും മനോരമയിലുമെല്ലാം കുട്ടികൾക്കായുള്ള പേജുകളിൽ സാഹിത്യ - സാഹിത്യേതര ലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്നെങ്കിലും വാര്യാദ്യമാധ്യമത്തിലാണ് ആദ്യമായി ഒരു കവിത അച്ചടിച്ചു വന്നത്.

കംപ്യൂട്ടർ വഴിയാണ് തുടക്കത്തിൽ ബ്ലോഗും ഫേസ് ബുക്കുമെല്ലാം ഉപയോഗിച്ചിരുന്നത്. കംപ്യൂട്ടറിൽ Ism സോഫ്റ്റ് വെയർ ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യുകയായിരുന്നു എന്നാണോർമ്മ. സ്മാർട്ട് ഫോണുകൾ ആഗതമാകാൻ കുറച്ചു വർഷങ്ങൾ പിന്നെയുമുണ്ടായിരുന്നു.

ഞാൻ താമസിക്കുന്ന കോഴിക്കോട്​ ജില്ലയിലെ മേപ്പയ്യൂരിൽ കമ്പ്യൂട്ടർ സെന്ററുകൾ പതിയെ മുളച്ചു തുടങ്ങിയ 1998- ൽ തന്നെ സമീപ പ്രദേശമായിരുന്ന പേരാമ്പ്രയിൽ ഒരു സ്വകാര്യ സ്ഥാപനം നടത്തിയിരുന്ന കംമ്പ്യൂട്ടർ സെന്ററിൽ നിന്ന്​ കംമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള ബേസിക് കോഴ്‌സ് നേടിക്കഴിഞ്ഞിരുന്നു. സൈബർ ലോകത്തേക്ക് ധൈര്യസമേതം പ്രവേശിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത കൂടിയായി ഞാനതിനെ മാറ്റുകയും ചെയ്തു. ഫേസ്ബുക്ക് ആപ്ലിക്കേഷൻ വന്നതോടെ അതുതന്നെയായി എഴുത്തിനുള്ള എന്റെ പ്രധാന സ്‌പേസ്.

കവിത, പാട്ട്, സിനിമ- ഇവ മൂന്നും എന്റെ പ്രലോഭനങ്ങളാണ്. അതുകൊണ്ടു തന്നെ കവിത എഴുതുന്നതോടൊപ്പം ഫേസ്ബുക്കിൽ പാട്ടുകളെക്കുറിച്ചും കാണുന്ന സിനിമകളെക്കുറിച്ചും പോസ്റ്റുകൾ എഴുതാറുണ്ടായിരുന്നു. ഫേസ്ബുക്കിലുള്ള എഴുത്ത് അപരിചിതരായ ഒരുപാടുപേരെ പരിചിതരാക്കി. പതിയെപ്പതിയെ കവിത എഴുത്തിനും കവിതയെക്കുറിച്ചുള്ള എഴുത്തിനും വായനക്കാരുടെ പിന്തുണയും പ്രോത്സാഹനവും കിട്ടി. ‘സകലജീവിതം' എന്ന എന്റെ ആദ്യ കവിതാസമാഹാരത്തിന്റെ പ്രസിദ്ധീകരണത്തിന് ആ പിന്തുണ നിമിത്തമായി. വാരാദ്യ മാധ്യമത്തിൽ വന്ന ഒരു കവിത ഒഴികെ മറ്റു മിക്ക കവിതകളും ഞാൻ ഫേസ്ബുക്കിൽ എഴുതിയവയായിരുന്നു, പുസ്തകത്തിലേത്. 2015- മുതൽ ഫേസ്ബുക്കിൽ നിരന്തരം കവിതകൾ പോസ്റ്റ് ചെയ്തു പോന്നു. ഇടയ്ക്ക്, വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കുറിപ്പുകളും.

പോസ്റ്റുകളുടെ ഉള്ളടക്കവും ഭാഷയും ശ്രദ്ധിക്കുന്ന ഒരു എഡിറ്ററും എന്റെയുളളിൽ അതേസമയത്ത് തന്നെ രൂപപ്പെട്ടു വരുന്നതായും എനിക്ക് ബോധ്യപ്പെട്ടിരുന്നു. ഡിജിറ്റൽ പ്രതലം നൽകുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധി ഒരു നീലപ്പെൻസിലിന്റെ കൂർപ്പിച്ച മുനയുടെ നോട്ടം സ്വതന്ത്രമായ ആ ആവിഷ്‌ക്കാരങ്ങളിലൊന്നും വന്നു വീഴുന്നില്ല എന്നതാണ്. പബ്ലിക്കായി ഒരു എഴുത്ത് പോസ്റ്റ് ചെയ്യുന്നതിനുമുമ്പ് അവരവരിലെ എഡിറ്റർ ആ എഴുത്തിലൂടെ പലവട്ടം കടന്നുപോകേണ്ടതുണ്ട് എന്നു തോന്നാറുണ്ട്. യഥാർത്ഥത്തിൽ ഫേസ് ബുക്കുപോലുള്ള ഡിജിറ്റൽ പ്രതലത്തിലെ എഴുത്തുകാർ ഒരു രചയിതാവ് മാത്രമല്ല, എഡിറ്റർ കം റൈറ്റർ എന്ന പദവിയുള്ള ഒരാൾ കൂടിയാണ്. കവിതയെക്കുറിച്ചുള്ള എന്റെ സ്വപ്നങ്ങൾക്കും എഴുത്തുകൾക്കും കൂടുതൽ ഉയരങ്ങളിലേക്ക് പറക്കാനുള്ള ആകാശമായി സൈബർ സ്‌പേസിനെ തന്നെയാണ് ഞാനിപ്പോഴും കാണുന്നത്. ഒരൽപം അതിശയോക്തി കലർത്തിപ്പറഞ്ഞാൽ, സൈബർ സ്‌പേസ് എന്നെയും ഒരു എഴുത്തുകാരനാക്കി. ഫേസ്ബുക്കിൽ എഴുതിയ എന്റെ ലേഖനത്തിനും കവിതയ്ക്കും അച്ചടി ആഴ്ചപ്പതിപ്പുകളിൽ പിന്നീട് ക്ഷണം കിട്ടി എന്നത് മറ്റൊരു കൗതുകം. മുഖ്യധാര എന്ന് വ്യവഹരിക്കപ്പെട്ടിരുന്ന പ്രിൻറ്​ മീഡിയയിലേക്ക് സൈബർ സ്‌പേസ്, വഴിയായി എന്നർത്ഥം.

പ്രിൻറ്​ മീഡിയയുടെ സപ്പോർട്ട് ഇല്ലാതെ തന്നെ ഒരാൾക്ക് പല മട്ടിലുള്ള ആവിഷ്‌കാരം സാധ്യമാക്കാനുള്ള കാലത്തിന്റെ വരവു കൂടിയായിരുന്നു സൈബർ കാലത്തിന്റെ വരവ്. അപവാദമുണ്ടാകാമെങ്കിലും എഴുത്തിനെ അത് അതിന്റെ യഥാർത്ഥ അർത്ഥത്തിൽ ജനാധിപത്യവത്ക്കരിച്ചു. ഒരോ ആവിഷ്‌ക്കാരങ്ങളോടും ജനാധിപത്യപരമായി പ്രതികരിക്കാനുള്ള വായനക്കാരുടെ സ്വാതന്ത്ര്യത്തെയും അത് വകവെച്ചു കൊടുത്തു. ‘ബ്രിട്ടീഷുകാരാണ് നമുക്ക് സംന്യാസം നൽകിയത്’ എന്ന് ശ്രീനാരായണ ഗുരു പറഞ്ഞതു പോലെ, പ്രിൻറ്​ മീഡിയയുടെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തപ്പെട്ട് ഡിജിറ്റൽ മീഡിയയിലൂടെ എഴുതിത്തെളിഞ്ഞ എഴുത്തുകാർക്ക് ഡിജിറ്റൽ സ്‌പെയ്‌സിലെ മുതലാളിത്തമാണ് തങ്ങളെ എഴുത്തുകാരാക്കിയത് എന്നു പറയാമെന്നു തോന്നുന്നു.

സൈബർ കാലഘട്ടം എന്നുകൂടി വിശേഷിപ്പിക്കപ്പെടുന്ന ഈ കാലഘട്ടം കവിതകളെ സംബന്ധിച്ച് സുവർണ കാലം കൂടിയാണെന്ന് പറയാം. ധാരാളം കവികളും കവിതകളും ഇന്ന് വന്നുകൊണ്ടിരിക്കുന്നു. ഭൂമിശാസ്ത്രപരമായും, ഘടനാപരമായും, ഭാഷാപരമായും, പ്രമേയപരമായും സവിശേഷതകളുള്ള അനേകം കവിതകൾ ഇന്ന് ഫേസ്ബുക്കിലൂടെ ആവിഷ്‌കരിക്കപ്പെടുന്നുണ്ട്. ഫേസ്ബുക്ക് തുടങ്ങിയ കാലഘട്ടത്തിൽ എഴുതപ്പെട്ടിരുന്ന കവിതകളുടെ രീതി ഇപ്പോഴുള്ള പോലെയായിരുന്നില്ല. ഫേസ് ബുക്ക് പോസ്റ്റുകളിലൂടെ കടന്നു പോകുന്നവർ പെട്ടെന്ന് സ്‌ക്രോൾ ചെയ്ത് കടന്നുപോകും എന്നതിനാൽ അവരെ ആകർഷിക്കുന്ന രീതിയിൽ വളരെ കുറച്ചു വരികളുള്ള ചെറു കവിതകൾ എഴുതുന്നതിൽ ആയിരുന്നു ഞാനാദ്യം ശ്രദ്ധിച്ചിരുന്നത്. ഒരുപക്ഷേ ആദ്യകാലത്ത് ഫേസ്ബുക്കിൽ എഴുതിത്തുടങ്ങിയ പല കവികളിലും ഈയൊരു രീതി കാണാം. മൂന്നോ നാലോ, അല്ലെങ്കിൽ അഞ്ചോ ആറോ, ഏറിയാൽ പത്തോ വരികളിൽ ആവിഷ്‌കരിക്കപ്പെട്ടവയായിരുന്നു പല കവിതകളും. പലപ്പോഴും യഥാർത്ഥമായി ഉള്ളതിനെ ഉള്ളതുപോലെ ആവിഷ്‌കരിക്കുന്ന ഒരുതരം ആശയ കവിതകളായിരുന്നു അതെല്ലാമെന്ന് ഇന്ന് നോക്കുമ്പോൾ മനസ്സിലാകുന്നുണ്ട്. തുടക്കത്തിൽ, ഫേസ്ബുക്ക് വായിക്കുന്നവരും അത്തരം കവിതകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർച്ചയായി ഫേസ്ബുക്കിൽ വന്നു കൊണ്ടിരുന്ന അത്തരം കവിതകൾ ഒരേ മട്ടിലുള്ളവയാവുകയും അവ വായനക്കാർക്ക് മടുപ്പുണ്ടാക്കുന്നവയായിത്തീരുകയും ചെയ്തു. ഭാഷയിലും ഘടനയിലും വരികളുടെ എണ്ണത്തിലും എല്ലാം സമാനതകൾ വന്നു. ഇത് ഫേസ് ബുക്കിലൂടെ വന്ന ആദ്യ കാല കവിതകളുടെ പരിമിതിയായിരുന്നു.

ഫേസ്ബുക്കടക്കമുള്ള ഡിജിറ്റൽ മാധ്യമങ്ങളിൽ എഴുതുന്നവരോടൊപ്പം, പല മട്ടിലുള്ള വായനക്കാരുടെ ഒരു വലിയ നിരയും സജീവമായുണ്ട്. അവരും തങ്ങളുടെ വായനയെ പരിഷ്‌കരിക്കുകയും ഒരേ മട്ടിലുള്ള ആവിഷ്‌കാരങ്ങളെ പതിയെ പതിയെ കൈവിട്ട് ആഴത്തിലുള്ള വായനയെ പ്രചോദിപ്പിക്കുന്ന രചനകളിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്യുന്നുമുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ വായിച്ചു പോവുക എന്ന സങ്കല്പം മാറുകയും ദീർഘനേരം തന്നെ ഒരു പോസ്റ്റ്, അല്ലെങ്കിൽ കവിതയോ മറ്റേതെങ്കിലും രചനയോ വായനക്കാർ ശ്രദ്ധിക്കും എന്ന നിലയും അതോടൊപ്പമുണ്ടായ പോസിറ്റീവായ ഒരു കാര്യമാണ്. ഇത് മനസ്സിലാക്കിയതുകൊണ്ടു കൂടിയാവണം പിന്നീട് ഫേസ്ബുക്കിൽ വന്നു കൊണ്ടിരിക്കുന്ന രചനകൾ അവയ്ക്ക് മുമ്പുണ്ടായിരുന്ന പരിമിതിയെ മറികടക്കുന്നത് കാണാനാവുന്നത്.

മുഹമ്മദ് അബ്ബാസ്

‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത ' എന്ന നോവൽ രാജശ്രീ എഴുതി തുടങ്ങുന്നത് ഫേസ്ബുക്കിലാണ്. അത്രയും ദീർഘമായ ഒരു നോവൽ ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും ആളുകൾ പിന്തുടർന്ന് വായിച്ചുകൊണ്ടിരുന്നു. മുഴുവനായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നതിന്നു മുമ്പേ അത് പുസ്തകമായി പ്രസിദ്ധീകരിച്ചെങ്കിലും
വലിയ രീതിയിലത് സൈബറിടത്തിൽ ആഘോഷിക്കപ്പെട്ടു. ഡിജിറ്റലായി പ്രസിദ്ധീകരിക്കപ്പെടുന്ന രചനകൾ പ്രിൻറ്​ രീതിയിൽ ഒരു ഹാർഡ് കോപ്പി എന്ന പോലെ പ്രസിദ്ധീകരിക്കുമ്പോഴും വായനക്കാർ സ്വീകരിക്കുന്നുണ്ട്. രാജശ്രീയുടെ നോവൽ തന്നെ അതിന് മികച്ച ഉദാഹാരണമാണ്. ഒരു പക്ഷേ ഒരു കൃതി ഡിജിറ്റലായും പ്രിന്റായും വായിക്കപ്പെടുന്ന പ്രവണത കൂടി ഉണ്ടായി വരുന്നു എന്നർത്ഥം. എഴുത്തുകാരെ സംബന്ധിച്ച് സന്തോഷം നൽകുന്ന കാര്യം കൂടിയാണത്.

പെയിന്റിംഗ് തൊഴിലാളിയായ മുഹമ്മദ് അബ്ബാസ് അദ്ദേഹത്തിന്റെ ദീർഘമായ അനുഭവങ്ങളും ആത്മകഥാംശങ്ങളുമെല്ലാം ഫേസ്ബുക്കിൽ എഴുതിയപ്പോൾ അനേകം വായനക്കാർ അതിനെ പിന്തുടർന്നത് കാണാനാവും. പ്രമോദ് പുഴങ്കരയടക്കമുള്ളവർ എഴുതുന്ന നീണ്ട രാഷ്ട്രീയലേഖനങ്ങൾ ധാരാളം പേർ വായിക്കുകയും ഷെയർ ചെയ്യുകയും ചെയ്യുന്നതും കാണാം. കവി എസ്. ജോസഫ് പുതുകവിതകളുടെ ചരിത്രം തുടർച്ചയായി ഫേസ്ബുക്കിലാണ് എഴുതിയിട്ടിരുന്നത്. ശൈലൻ സിനിമകളെ കുറിച്ചുള്ള റിവ്യൂ ദീർഘമായി തന്നെ ഫേസ്ബുക്കിൽ എഴുതുന്നുണ്ട്. ഷാജു വി.വി, അദ്ദേഹത്തിന്റെ കവിതയും സവിശേഷമായ എഴുത്തുകളും (പലപ്പോഴും അവ ദീർഘങ്ങളാണ് ) ഫേസ്ബുക്കിലൂടെയാണ് വാനക്കാരുമായി പങ്കുവെക്കുന്നത്. വിഷ്ണുപ്രസാദ് തന്റെ കാവ്യാവിഷ്‌കാരത്തിന് പ്രധാന മാധ്യമമായി കാണുന്നതും ഫേസ്ബുക്കിനെ തന്നെ.

കുഴൂർ വിൽസണും വിജിലയും ഡോണ മയൂരയും സുകുമാരൻ ചാലിഗദ്ദ എന്ന ബേത്തിമാരനും അമ്മു ദീപയും വി.അബ്ദുൽ ലത്തീഫും സ്റ്റാലിനയും എൻ.ബി. സുരേഷും ആശ ബിയും രഗില സജിയും നിഷി ജോർജും നിഷ നാരായണനും ആന്റോ ജോണും റാസിയും ടി.പി. വിനോദും കെ.എം പ്രമോദും പ്രദീപ് രാമനാട്ടുകരയും സുനിലൻ കായലരികത്തും സച്ചിദാനന്ദൻ പുഴങ്കരയും കളത്തറ ഗോപനും ബാബു സക്കറിയയും ഡി. അനിൽ കുമാറും ബിജുറോക്കിയും സാഹിറ എമ്മും അക്ബറും സി.എസ്.രാജേഷും അശോകൻ മറയൂരും വി.എം. അരവിന്ദാക്ഷനും വിനോദ് ശങ്കരനും വിദ്യ പൂവഞ്ചേരിയും രതീഷ് കൃഷ്ണയും വിനോദ് വെള്ളായണിയും രാപ്രസാദും (പേരുകൾ ഇനിയുമുണ്ട് ) എല്ലാം ആവിഷ്‌ക്കാരത്തിന് ഫേസ്ബുക്കിനെ / സൈബർ സ്‌പേസിനെക്കൂടി മാധ്യമമാക്കുന്ന കവികളാണ്.

പുതുതലമുറയിലെ ആദിൽ മഠത്തിൽ, ദുർഗ്ഗപ്രസാദ് ബുദ്ധ, അഭിരാം എസ്., രേഷ്മ സി, കാർത്തിക്, അലീന, വിപിത, ഗൗതം, ഷാഫി വേളം, അനസ് കെ. മൊയ്തീൻ അടക്കമുള്ള കവികളും ഫേസ്ബുക്കിനെ കവിതാവതരണത്തിന്റെ മുഖ്യ മാധ്യമമായി സ്വീകരിക്കുന്നത് കാണാം. സ്വന്തം കവിതകളോടൊപ്പം തന്നെ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ള കവികളുടെ കവിതകൾ വിവർത്തനം ചെയ്ത് ഡിജിറ്റൽ മലയാളം വഴി അവതരിപ്പിച്ചു കൊണ്ട് കവി സുജീഷും സജീവമായി സൈബർ സ്‌പേസിലുണ്ട്.

നാരായണ ഗുരുവിന്റെ ആത്മോപദേശ ശതകത്തിന് വ്യാഖ്യാനമെഴുതുന്ന ദേവേശൻ പേരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിനും ധാരാളം വായനക്കാരുണ്ട്. പി സുരേഷ് അദ്ദേഹത്തിന്റെ ഗ്രാമീണ സ്മരണകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ വലിയ പിന്തുണയാണ് വായനക്കാരിൽ നിന്ന്​ കിട്ടിയത്. കവിയും ചിത്രകാരനുമായ ഡോ. സോമൻ കടലൂരിന്റെ കവിതകൾക്ക് വലിയ സ്വീകാര്യത ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും ലഭിക്കുന്നുണ്ട്. സാമൂഹിക- രാഷ്ട്രീയ- സാഹിത്യ സന്ദർഭങ്ങളെ ചേർത്തുവെച്ച്, എൻ. പ്രഭാകരൻ, ഡോ. മനോജ് കുറൂർ, പ്രവാസിയായ ഷിബു ഗോപാകൃഷ്ണൻ, പി.പി. പ്രകാശൻ, ദിനു വെയിൽ, ഡോ. എം. സി. അബ്ദുന്നാസർ, എസ്. മൃദുലാദേവി, ആർ. ഷിജു, വി. കെ. ജോബിഷ് എന്നിവർ എഴുതുന്ന ഫേസ്ബുക്ക് കുറിപ്പുകൾ പലപ്പോഴും വൈറലാവുകയും ധാരാളം വായനക്കാരിലേക്ക് എത്തുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. അവ തന്നെ പിന്നീട് ഡിജിറ്റൽ മാധ്യമങ്ങളും പ്രിൻറ്​ മാധ്യമങ്ങളും പുനഃപ്രസിദ്ധീകരിക്കുന്നതും കണ്ടിട്ടുണ്ട്.

കവിതയും കഥയും നോവലും കുറിപ്പുകളും മാത്രമല്ല ചിത്രങ്ങളും ഡിജിറ്റൽ മാധ്യമങ്ങൾ വഴി സ്വീകരിക്കപ്പെടുന്നുണ്ട്. ചിത്രകാരനായ അഭിലാഷ് തിരുവോത്തിന്റെ ചിത്രങ്ങൾ ഇതിനുദാഹരണമാണ്. സമകാലികമായ രാഷ്ട്രീയ സന്ദർഭങ്ങളിൽ ഊന്നി അഭിലാഷ് വരയ്ക്കുന്ന ചിത്രങ്ങൾക്ക് ഡിജിറ്റൽ മാധ്യമങ്ങളിലൂടെ കിട്ടുന്ന സ്വീകാര്യത വിസ്മയിപ്പിക്കുന്നതാണ്. സമകാലികമായ രാഷ്ട്രീയാവസ്ഥകളെ ആവിഷ്‌ക്കരിക്കുന്ന ചിത്രങ്ങളോടൊപ്പം ആത്മനിഷ്ഠമായ ചിത്രങ്ങളും ഡിജിറ്റൽ സ്‌പേസിലൂടെ അവതരിപ്പിക്കപ്പെടുന്നു.

കവിതകൾ തിരഞ്ഞെടുത്ത്​ അവതരിപ്പിക്കുന്ന പംക്തികളും ഫേസ്ബുക്കിൽ കാണാം. അതിൽ ഏറ്റവും പ്രധാനം കുരീപ്പുഴ ശ്രീകുമാറിന്റെ ‘ഇന്നു വായിച്ച കവിത' എന്ന പംക്തിയാണ്. 12 വർഷമായി ഈ പംക്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യപ്പെടുന്നു. നിരവധി വായനക്കാർ അതിനെ പിന്തുടരുന്നതോടൊപ്പം തിരഞ്ഞെടുത്ത കവിതയെ മുൻനിർത്തിയുള്ള ചർച്ചയിലും കമൻറ്​ ബോക്‌സിൽ അവർ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു. ഒരു ദിവസം പോലും ഒഴിയാതെ കവി കുരീപ്പുഴ ശ്രീകുമാർ ഈ പംക്തി പ്രസിദ്ധീകരിച്ചു പോരുന്നു. അദ്ദേഹം നിത്യവും വായിക്കുന്ന പ്രിൻറ്​, ഡിജിറ്റൽ മാധ്യമങ്ങളിൽ നിന്നും പുസ്തകങ്ങളിൽ നിന്നുമുള്ള കവിതകളിൽ നിന്നാണ് ഇന്ന് വായിച്ച കവിതയിലേക്കുള്ള കവിത തിരഞ്ഞെടുക്കുന്നത്.

കൊറോണക്കാലം ലോകത്തുടനീളമുള്ള മിക്ക മനുഷ്യരെയുമെന്ന പോലെ എന്നെയും സൈബർ സ്‌പേസിൽ ഒതുക്കിയിട്ടിരുന്നു. പ്രത്യേകിച്ച് കൊറോണയുടെ ആദ്യ വർഷത്തിൽ.ഫേയ്‌സ്ബുക്കിലും വാട്​സ്​ആപ്പിലും സജീവമായതോടൊപ്പം, ഗൂഗ്ൾ മീറ്റ്, സൂം, എന്നിവയിലൂടെയും കവിതാവതരണങ്ങളും ക്ലാസുകളും പ്രഭാഷണങ്ങളും ഞാനും നടത്തിക്കൊണ്ടിരുന്നു. ആ സമയത്താണ് മലയാളത്തിലെ ആദ്യത്തെ ഗൗരവമുള്ള ഡിജിറ്റൽ മീഡിയ പ്ലാറ്റ്​ഫോമായി ട്രൂകോപ്പി തിങ്ക് വരുന്നത്. ട്രൂ കോപ്പി വെബ്‌സീന്റെ മുന്നോടിയായിരുന്നു ട്രൂകോപ്പി തിങ്ക്. നിത്യേനെ അപ്‌ഡേറ്റ് ചെയ്​ത്​ ഗൗരവവായനയ്ക്കുള്ള വിഭവങ്ങൾ നൽകുകയായിരുന്നു ട്രൂ കോപ്പി. വായിക്കുന്നതോടൊപ്പം, ഓരോ രചനയും കേൾക്കാനുള്ള സൗകര്യവും വെബ്​സീനിന്റെ പ്രത്യേകതയായിരുന്നു.

മറ്റു പല ഭാഷകളിലും വായന ഡിജിറ്റൽ മീഡിയയിൽ സജീവമായിരുന്നെങ്കിലും കൊറോണക്കാലം വരെയും ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള / മാഗസിനുകളിലൂടെയുള്ള വായന മലയാളത്തിൽ പ്രചുരമായിരുന്നില്ല. ആമസോണിന്റെ കിന്റലിൽ മലയാളം രചനകൾ ഇപ്പോഴും കുറവാണ്. കൂടെക്കൊണ്ടു നടക്കാവുന്ന ഒരു ലൈബ്രറി എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടും ആമസോൺ കിന്റൽ പോലെയുള്ള ലൈബ്രറി ഡിവൈസുകളെക്കുറിച്ച് കവി കൽപ്പറ്റ നാരായണൻ മാഷിനെപ്പോലെ, പ്രശസ്തരായ അപൂർവ്വം വായനക്കാരാണ് സംസാരിച്ചു കേട്ടിട്ടുളളത്. ഒരു പക്ഷേ മലയാളം പുസ്തകങ്ങളുടെ കുറവായിരിക്കാം കാരണം.

മലയാളത്തിലുള്ള, ഗൗരവമാർന്ന ആനുകാലിക രാഷ്ട്രീയ- കലാ- സാഹിത്യാദി വായനയിലേക്ക് മലയാളികളെ കൂട്ടിക്കൊണ്ടുപോകാൻ ട്രൂകോപ്പിയടക്കമുള്ള നവമാധ്യമങ്ങൾക്ക് കഴിയുന്നുണ്ട്. ഗൗരവമായ വായനയും എഴുത്തും പ്രിന്റിൽ നടത്തിയിരുന്ന ഒരു കൂട്ടം വായനക്കാരെയും എഴുത്തുകാരെയും ട്രൂകോപ്പി, ഡിജിറ്റൽ സ്‌പേസിലേക്ക് കൊണ്ടു വരികയും ചെയ്തിട്ടുണ്ട്. പ്രിൻറ് മീഡിയയുടെ ഭൂമികയ്ക്കപ്പുറത്ത് മലയാളികളുള്ള ഇടങ്ങളിലെല്ലാം ട്രൂകോപ്പിക്കും വായനക്കാരുണ്ടായി. മലയാളത്തിലെ പ്രിൻറ്​ ആഴ്ചപ്പതിപ്പുകളും ആനുകാലികങ്ങളും അവയുടെ ഡിജിറ്റൽ പതിപ്പുകൾ മാഗ്സ്റ്ററിലും മറ്റും ലഭ്യമാക്കുന്നുണ്ടെങ്കിലും സ്‌ക്രീൻ റീഡിംഗിന് സവിശേഷമായി തയ്യാറാക്കപ്പെട്ടിട്ടില്ലാത്തതിനാൽ അവ വായിക്കുന്നതിന്ന് പലപ്പോഴും ബുദ്ധിമുട്ടനുഭവപ്പെടാറുണ്ട്. അതുകൊണ്ടു കൂടിയായിരിക്കാം ചില പ്രിൻറ്​ മാധ്യമങ്ങൾ അവയുടെ വെബ് സീനുകളും പ്രത്യേകമായി ഇപ്പോൾ ആരംഭിച്ചു കാണുന്നത്.

ഏതായാലും ഡിജിറ്റൽ സ്‌പേസിലേക്ക് എഴുത്തുകാരോടൊപ്പം ധാരാളം വായനക്കാരും ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നു. പുതു തലമുറ ഡിജിറ്റൽ സ്‌പേസുമായി ഏറ്റവും കണ്ണിചേർന്നിരുക്കുന്നു എന്നതിനാൽ അവരുടെ വായന പലപ്പോഴും സൈബർ സ്‌പേസിനെ ആശ്രയിച്ചാണ് നടക്കുന്നത്. പക്ഷേ, മലയാളത്തെക്കാൾ ഇംഗ്ലീഷ് ഡിജിറ്റൽ മാധ്യമങ്ങളെയും പുസ്തകങ്ങളെയുമാണ് പുതുമലയാള തലമുറ പലപ്പോഴും തിരഞ്ഞെടുക്കുന്നതെന്ന് അവരുമായുള്ള സംസാരത്തിൽ നിന്നും മനസ്സിലാക്കാൻ പറ്റും. അതുപോലെ, മുഖ്യധാരയിലെ എഴുത്തുകാർ സജീവമായി ഇപ്പോൾ ഡിജിറ്റൽ മാഗസിനുകളിലേക്കും ഫേസ്ബുക്കിലേക്കും വന്നുകൊണ്ടിരിക്കുന്നു. അവർക്കെല്ലാം അനേകം ഫോളോവേഴ്‌സും ഫ്രണ്ട്‌സും വായനക്കാരായിട്ടുമുണ്ട്. ശ്രദ്ധാപൂർവം വായിക്കുന്ന വായനക്കാർ ഡിജിറ്റൽ സ്‌പേസിലുണ്ട് എന്നതുകൂടിയാവണം പ്രിൻറ്​ മുഖ്യധാരാ എഴുത്തുകാർക്കും ഡിജിറ്റൽ സ്‌പേസ് പ്രിയപ്പെട്ടതാകാൻ കാരണം. ഡിജിറ്റൽ മാധ്യമത്തിലൂടെ മാത്രം എഴുതുന്ന, മുഖ്യധാരയ്ക്ക് പുറത്ത് എന്ന് സങ്കൽപ്പിക്കപ്പെടുന്ന ഞാനടക്കമുള്ള എഴുത്തുകാർക്ക് എഴുത്ത് കൂടുതൽ ശ്രദ്ധിക്കുന്നതിനും തങ്ങളുടെ രചനകളെ കൂടുതൽ കൂടുതൽ മികവുറ്റതാക്കുന്നതിനും ഡിജിറ്റൽ സ്‌പേസിലെ വായന ഗൗരവത്തിൽ കാണുന്ന പുതിയ വായനക്കാർ പ്രേരണയായിത്തീരുന്നുണ്ട്.

പ്രിൻറ്​ മീഡിയയിൽ വന്ന എഴുത്തുകൾ അതേ എഴുത്തുകാർ തന്നെ ഡിജിറ്റൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് ഇപ്പോൾ ഒരു ട്രെന്റാണ്. അത്തരം രചനകളെല്ലാം ധാരാളം വായനക്കാരാൽ വായിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അഥവാ ഒരു വലിയ വായനക്കാരുടെ നിരയെ ഡിജിറ്റൽ മീഡിയ പതിയെ പതിയെ ഉണ്ടാക്കി എടുത്തിട്ടുണ്ട് എന്നർത്ഥം. ഇതൊരു ചെറിയ കാര്യമല്ല പ്രത്യേകിച്ച് മലയാളത്തെ സംബന്ധിച്ച്. ഇംഗ്ലീഷിലുള്ള രചനകൾക്ക് ധാരാളം വായനക്കാർ ഡിജിറ്റൽ സ്‌പേസിലുണ്ടെങ്കിലും മലയാളത്തിൽ അടുത്തകാലത്താണ് ഇത്തരം പ്രവണത കാണാനാവുന്നത്. കൊറോണക്കാലം അതിന് നിമിത്തമായി എന്നുവേണം കരുതാൻ. മറ്റൊരു രസകരമായ കാര്യം, ഈ ആഴ്ച പ്രിൻറ്​ മീഡിയയിൽ എന്റെ ഒരു കവിതയുണ്ട്, കഥയുണ്ട് എന്ന് സുഹൃത്തുക്കൾ എഫ്ബിയിലോ വാട്‌സാപ്പിലോ മറ്റോ പോസ്റ്റ് ചെയ്യുമ്പോൾ അതിന്റെ ഡിജിറ്റൽ കോപ്പി ഉണ്ടോ, എന്നും പി.ഡി.എഫ് ഉണ്ടോ എന്നുമൊക്കെ സുഹൃത്തുക്കൾ ചോദിക്കുന്നത് കാണാം. പ്രിൻറ്​ മീഡിയയെക്കാൾ ഡിജിറ്റൽ മീഡിയ വഴി വായിക്കുന്നതിനുള്ള സൗകര്യം തന്നെയായിരിക്കാം അവരുടെ താല്പര്യത്തിന്​ നിദാനം.

ഡിജിറ്റൽ മാഗസിനുകളുടെ വരവോടെ, എഴുത്തുകാർ നേരിട്ട് അവരുടെ രചനകൾ ഫേസ്ബുക്കിലൂടെയും മറ്റും പോസ്റ്റു ചെയ്യുന്നതിനെക്കാൾ ഒരു പത്രാധിപസമിതിയുടെ മേൽനോട്ടത്തിലുള്ള ഡിജിറ്റൽ സ്‌പേസിലൂടെ വരുന്ന രചനകൾക്ക് വായനക്കാർ പ്രാധാന്യം നൽകുന്നുണ്ട് എന്നു തോന്നുന്നു. കാരണം സ്വയം എഡിറ്റർ വഴി വരുന്ന രചനകളെക്കാൾ പലപ്പോഴും അത്തരം രചനകൾക്ക് സ്വീകാര്യതയും പ്രാധാന്യവും കിട്ടുന്നതായി തോന്നിയിട്ടുണ്ട്.
കവിത എഴുതി നേരിട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നതിൽ നിന്ന്​വ്യത്യസ്തമായി ഞാനും അത് ഏതെങ്കിലും ഡിജിറ്റൽ മാധ്യമത്തിലേക്ക് അയക്കുകയും അതിലൂടെ പ്രകാശിപ്പിക്കുന്നത് കാണാൻ കാത്തിരിക്കുകയും ചെയ്യാറുണ്ടിപ്പോൾ. ഫേസ്ബുക്കിൽ എഴുത്തുകാർ തന്നെ നേരിട്ട് പോസ്റ്റ് ചെയ്യുന്നതിനെക്കാൾ ആധികാരികത ഡിജിറ്റൽ മാധ്യമങ്ങൾ വഴി പ്രസിദ്ധീകരിക്കപ്പെടുമ്പോൾ ഉണ്ടാവുന്നു എന്ന തോന്നലാണ് അതിനുള്ള ഒരു കാരണം. മറ്റൊന്ന്, പുതിയ എഴുത്തുകാർക്ക് ഡിജിറ്റൽ മാധ്യമങ്ങൾ നൽകുന്ന പ്രാധാന്യമാണ്. മാത്രമല്ല, ഒരാളുടെ ഫേസ്ബുക്കിനും വാട്‌സാപ്പിനുമൊക്കെയപ്പുറത്തുള്ള ഡിജിറ്റൽ വായനക്കാരിലേക്ക് കൂടി ഒരു രചന എത്തുന്നതിന്ന് അത് സാധ്യതയൊരുക്കുന്നു.

2020 ലാണ് എന്റെ ‘അയ്യങ്കാളിമാല ' എന്ന മാലപ്പാട്ട് കാവ്യം ട്രൂകോപ്പി തിങ്കിൽ പ്രസിദ്ധീകരിക്കുന്നത്. അയ്യങ്കാളിയുടെ ജീവിതത്തെ മാപ്പിളപ്പാട്ട് ഘടനയിലുള്ള മാലപ്പാട്ടിന്റെ രീതിയിൽ ആവിഷ്‌കരിക്കുകയായിരുന്നു ആ കാവ്യത്തിലൂടെ. മാലപ്പാട്ടുകൾ, വായിക്കുന്നതോടൊപ്പം തന്നെ പാടുന്നതിനു വേണ്ടിക്കൂടിയുള്ളതാണ്. ട്രൂകോപ്പിയിൽ ടെക്​സ്​റ്റായും ഒപ്പം, ഞാനത് പാടി അവതരിപ്പിച്ചതിന്റെ വോയ്സായും അയ്യങ്കാളിമാല പ്രസിദ്ധീകരിച്ചിരുന്നു. പ്രസിദ്ധീകരിച്ച് നിമിഷങ്ങൾക്കകം തന്നെ അത് അനേകം വായനക്കാർ ഏറ്റെടുത്തു. അഭിപ്രായങ്ങൾ അതേസമയം തന്നെ അതിനടിയിൽ രേഖപ്പെടുത്തുകയും ചെയ്തു. കവിത എഴുതുന്ന ഒരാൾ എന്ന രീതിയിൽ, കുറെക്കൂടി ആളുകൾ എന്നെ തിരിച്ചറിയുന്നതിന്ന് ആ കാവ്യത്തിന്റെ ട്രൂ കോപ്പിയിലൂടെയുള്ള പ്രസിദ്ധീകരണം കാരണമായി. ലോകത്തുടനീളമുള്ള മലയാളി വായനക്കാർക്ക് ആ കൃതി വായിക്കാനും കേൾക്കാനും കഴിഞ്ഞു. ഡിജിറ്റൽ മാധ്യമത്തിലൂടെ എഴുത്തുകാർക്ക്​ വളരാനും സവിശേഷമായ കൃതികൾ തന്നെ എഴുതി അവതരിപ്പിക്കാനും കഴിയുമെന്ന് ഒരുപക്ഷേ എന്നെപ്പോലെ ഡിജിറ്റൽ മാധ്യമത്തിലൂടെ എഴുതുന്ന പല എഴുത്തുകാർക്കും കരുതാൻ അയ്യങ്കാളിമാലയുടെ പ്രസിദ്ധീകരണം കാരണമായിട്ടുണ്ടാകും.
അയ്യങ്കാളിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു മാപ്പിളപ്പാട്ട് കാവ്യം ആദ്യത്തേതാണ്. ഒപ്പം, അത് അയ്യങ്കാളിയുടെ ജീവിതം അടിസ്ഥാനമാക്കി ഡിജിറ്റൽ മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ മാലപ്പാട്ടുകാവ്യവുമാണ്.

കോഴിക്കോട് ജില്ലയിലെ മേപ്പയൂർ എന്ന ഒരു ഗ്രാമപ്രദേശത്ത് ജീവിച്ചു തുടങ്ങിയ ഞാൻ ഒരു പക്ഷേ ഒരു അധ്യാപകനായും ഏതെങ്കിലും ചില മാഗസിനുകളിൽ കവിതകളും മറ്റും എഴുതുന്ന ഒരാളായും ഒതുങ്ങുമായിരുന്ന ഒരു സന്ദർഭത്തിൽ നിന്ന്​, എന്നെ കുറച്ചുകൂടി വിപുലമായ അർത്ഥത്തിലേക്ക് കൊണ്ടുവരാൻ സൈബർ സ്‌പേസിന് കഴിഞ്ഞു എന്നത് വ്യക്തിപരമായി സന്തോഷം നൽകുന്നതോടൊപ്പം അതൊരു ഉദാഹരണവുമാണ്, സൈബർ സ്‌പേസ് നമ്മുടെ ആവിഷ്‌കാരങ്ങളെ ഏതെല്ലാം രീതിയിലാണ് മാറ്റിമറിക്കുന്നത് എന്നതിന്റെ.

അയ്യങ്കാളിമാല പോലെയുള്ള ഒരു കാവ്യം ട്രൂ കോപ്പി എന്ന ഡിജിറ്റൽ മാധ്യമത്തിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അത് പിന്നീട് പട്ടാമ്പി കാർണിവൽ പോലുള്ള കാവ്യോത്സവങ്ങളിലേക്കും കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ പോലെയുള്ള സാഹിത്യോത്സവങ്ങളിലേക്കും ക്ഷണിക്കപ്പെട്ടതും, അതിനിടയിൽ തരംഗമായി വന്നുപോയ ക്ലബ്ബ് ഹൗസിൽ മലയാളത്തിന്റെ വലിയ കവികളിൽ ഒരാളായ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അദ്ധ്യക്ഷതയിൽ ചർച്ച ചെയ്യാൻ കാരണമായതും.

നേരത്തെ സൂചിപ്പിച്ചതുപോലെ സ്വയം എഡിറ്ററായി ആവിഷ്‌കരിക്കപ്പെടുന്ന ഒരു രചനയെക്കാൾ സ്വീകാര്യത ഒരു പത്രാധിപസമിതിയുടെ നേതൃത്വത്തിലുള്ള ഡിജിറ്റൽ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്ന രചനകൾക്കുണ്ട്. ട്രൂകോപ്പി തിങ്കിന് പുറമെ ധാരാളം ഡിജിറ്റൽ മാധ്യമങ്ങൾ മലയാളത്തിലും വന്നുകൊണ്ടിരിക്കുന്നു എന്നത് ഇതിന് തെളിവാണ്. ഫേസ്ബുക്കിലും ബ്ലോഗിലും മറ്റും എഴുതിയിരുന്ന എഴുത്തുകാർ പലരും ഇത്തരം ഡിജിറ്റൽ മാധ്യമങ്ങളിൽ ഇപ്പോൾ സജീവമായി എഴുതിക്കൊണ്ടിരിക്കുന്നു. ഒപ്പം, മുഖ്യധാരയിലെ എഴുത്തുകാരുമുണ്ട്.
ഡോ. പി. കെ. പോക്കർ മാഷിനെപ്പോലുള്ളവരുടെ അതിദീർഘമായ തത്വചിന്താ ലേഖനങ്ങൾ വരെ ഇത്തരം ഡിജിറ്റൽ മാധ്യമങ്ങൾ വഴി പ്രസിദ്ധീകരിക്കുന്നതും കാണാനാവും.

എം.ടിയും ആനന്ദും സച്ചിദാനന്ദനും ചുളളിക്കാടും എൻ.എസ്. മാധവനും സാറാ ജോസഫും സക്കറിയയും ഉണ്ണി ആറും ഉൾപ്പെടെയുള്ള, പ്രിൻറ്​ മീഡിയയിലൂടെ പ്രിയപ്പെട്ടവരായിത്തീർന്ന മലയാളത്തിലെ വലിയ എഴുത്തുകാരുടെ രചനകൾ ഡിജിറ്റൽ സ്‌പേസിൽ പ്രസിദ്ധീകരിച്ച്​ ട്രൂകോപ്പി തിങ്ക് അതിന്റെ പെയിഡ് വെബ്‌സീൻ തുടങ്ങിയതോടെ ഡിജിറ്റൽ സ്‌പേസിലുള്ള വായനയുടെ മറ്റൊരു ഘട്ടം മലയാളത്തിൽ ആരംഭിക്കുകയായിരുന്നു എന്നുപറയാം.

പണം നൽകി അച്ചടി ആഴ്ചപ്പതിപ്പുകൾ വാങ്ങി വായിക്കുന്ന ഒരു സംസ്‌കാരത്തിലേക്ക് മലയാളത്തിലെ ഡിജിറ്റൽ മാധ്യമങ്ങളും ചുവടുവെക്കുന്നതിന്റെ പ്രാരംഭം കൂടിയാണത്.തീർച്ചയായും പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒരു രീതി. ഏറ്റവും മികച്ച രീതിയിൽ വായിക്കുന്നതിനായി ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കുന്നതിന് സാമ്പത്തിക ബാധ്യതകൾ ഏറെയുണ്ട്. ഇത് മനസ്സിലാക്കി വായനക്കാരും ഈ മാഗസിനുകൾ വാങ്ങുകയും അവയോടൊപ്പം സാമ്പത്തികമായി ചേർന്ന് നിൽക്കുകയും ചെയ്യേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഡിജിറ്റൽ ആനുകാലികങ്ങൾക്കും അവയിലൂടെ എഴുതുന്നവർക്കും എഴുത്തിന്റെ സംസ്‌ക്കാരിക മണ്ഡലത്തിൽ തുടർച്ചയായി നിലനിൽക്കാൻ കഴിയൂ.

Comments