സൈബർ ലോകത്തിനപ്പുറം പാർശ്വവൽകൃത ലോകവും ഉണ്ട്​

‘‘സൈബർ ലോകത്തിനും മാസ് മീഡിയ കൾച്ചറിനും അപ്പുറം മനുഷ്യരുണ്ട്. അവരിലേക്ക് ഇതിന്റെ പരോക്ഷമായ ഗുണങ്ങൾ അല്പമേ എത്തുന്നുള്ളു. അപ്പോൾ ഇവിടെ ഒരു പാർശ്വവൽകൃത ലോകവും ഉണ്ടാകുന്നു. അധ്വാനിക്കുന്ന മീൻപിടുത്തക്കാർ, കയർത്തൊഴിലാളികൾ, മൈക്കാടുപണിക്കാർ, പെട്ടിക്കടക്കാർ ഒക്കെ സൈബർ ലോകത്തിന് അപ്പുറമാണ്. ഒരർത്ഥത്തിൽ ജ്ഞാനമേഖലയ്ക്കു പോലും വെളിയിലാണവർ. ജ്ഞാനമേഖല അവരെ കൂടുതൽ കൂടുതൽ ഇരുട്ടിലേക്ക് തള്ളുന്നു. യന്ത്രം എന്നതിന്റെ ബൈനറി ഓപ്പസിറ്റുകളായി മാറുന്ന ലോകങ്ങളാണിവ’’- ട്രൂ കോപ്പി വിജയകരമായ മൂന്നുവർഷങ്ങൾ പൂർത്തിയാക്കുന്ന സന്ദർഭത്തിൽ, എങ്ങനെയാണ്​ ഡിജിറ്റൽ സാ​ങ്കേതിക വിദ്യ നമ്മുടെ എഴുത്തിലും ബൗദ്ധിക ജീവിതത്തിലും ഇടപെടുന്നത് എന്ന്​ വിശകലനം ചെയ്യുകയാണ്​ എസ്​. ജോസഫ്​.

പൂർണമായ അർത്ഥത്തിലല്ലെങ്കിലും നമ്മുടെ ലോകം വളരെയേറെ മാറിയിട്ടുണ്ട്. ഇക്കാലം സൈബർ കാലഘട്ടം എന്നു വിളിക്കപ്പെടുന്നു. മാസ് കൾച്ചറിന്റെ അഥവാ മാസ് മീഡിയയുടെ കാലം. ശാസ്ത്രത്തിന്റെയും ടെക്‌നോളജിയുടേയും വളർച്ച മുമ്പെങ്ങുമില്ലാത്ത രീതിയിൽ സംഭവിച്ചു. അത് നിരന്തരം പുതിയ അന്വേഷണങ്ങളിലാണ്. അത് എന്നും അങ്ങനെയാണുതാനും. ജീവിതത്തിന്റെ മിക്കവാറും എല്ലാ മേഖലകളെയും അത് സ്വാധീനിക്കുന്നു. ഒരു കോളേജിൽ പ്രവേശനം കിട്ടാൻ ഒരു കോഫീ ഹൗസിലിരുന്ന് നമുക്ക് അപക്ഷിക്കാം. ഒരു ലാപ് ടോപ്പോ മൊബൈലോ മതി. വില്ലേജാഫീസിൽ നിന്ന് ഒരു സർട്ടിഫിക്കറ്റ് ലഭിക്കാൻ നാം അവിടെ പോകുകയും ഒരു തുക ഓഫീസർക്ക് കൈമടക്കായി കൊടുക്കുകയും ചെയ്യേണ്ടതില്ല. അക്ഷയ വഴി അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് മൊബൈലിൽ വരും. ഒരു വിമാനടിക്കറ്റ് എവിടെയിരുന്നും ബുക്കുചെയ്യാം. ഒരു കാര്യം പൊതുസമൂഹത്തെ അറിയിക്കാൻ ഫേസ്​ബുക്ക് മതി. ഒരു കവിതയോ ലേഖനമോ മൊബൈലിൽ ടൈപ്പു ചെയ്ത് മാധ്യമ ഓഫീസിലേക്ക് അയയ്ക്കാം. ഒരു സന്ദേശമയയ്ക്കാൻ വാട്‌സ്​ആപ്പു മതി. നമ്മുടെ ഇ- മെയിൽ വിലാസം നമ്മുടേത് മാത്രമാണ്. അത് ഈ ലോകത്ത് മറ്റാർക്കും ഇല്ല. ഫേസ്​ബുക്കിലും വാട്‌സാപ്പിലും ആളുകൾ ആശയവിനിമയം നടത്തുന്നു. സാഹിത്യവും രാഷ്ട്രീയ - നൈതിക - സാമൂഹ്യ സംഭവങ്ങളും ചർച്ച ചെയ്യുന്നു. വളരെ പ്രസക്തമായ അറിവുകൾ അതിൽ പ്രചരിക്കുന്നു. ഇപ്പോൾ ഇൻസ്റ്റഗ്രാമിലേക്ക് പുതിയ തലമുറ ചേക്കേറിയിട്ടുമുണ്ട്. ലോക കവിതയെപ്പറ്റി അറിയാൻ പോയട്രി ഇന്റർ നാഷണൽ, പോയം ഹണ്ടർ പോലുള്ള വെബ് സൈറ്റുകളുണ്ട്. ഗൂഗിളിലും സേർച്ചു ചെയ്യാം.

ഉത്തരകാലം എന്നൊരു വെബ് സൈറ്റുണ്ട്. മുമ്പ് സൂചകം നടത്തിയവരിൽ പ്രമുഖനായ കെ.കെ. ബാബുരാജാണ് അത് നടത്തുന്നത്. സൂചകം നിലച്ചിടത്തു നിന്നാണ് ഉത്തരകാലം ആരംഭിച്ചത്. സൂചകം എന്ന അച്ചടി മാസികയ്ക്ക് ഇന്ന് വായനക്കാരെ ലഭിക്കുകയില്ല. അത് വിതരണം ചെയ്യാൻ പ്രയാസമാണ്. മുമ്പുണ്ടായിരുന്ന, മാസിക വിൽക്കുന്ന കടകൾ മിക്കവാറും ഇല്ലാതായി. എറണാകുളത്തു തന്നെ മഹാരാജാസ് കോളേജിനടുത്ത് ഒരു കടയാണ് കണ്ടിട്ടുള്ളത്. പിന്നെ കെ.എസ്.ആർ ടി സിയിലുള്ള ദേശാഭിമാനി ബുക്ക് ഹൗസും . സൗത്ത് സ്റ്റേഷനിലെ കടയും നോർത്ത് സ്റ്റേഷനിലെ കടയും ഇല്ലാതായി. ഉള്ള കടകളിൽ തന്നെ സാഹിത്യമാസികൾ ഇല്ലാതായി. ഇതിന് കാരണമായത് കോവിഡ് എന്ന പകർച്ചവ്യാധിയായിരുന്നു. കോവിഡിനെ മറികടക്കാൻ സഹായിച്ചത് മൊബൈൽ സാധ്യതകളാണ്. വിദ്യാലയങ്ങൾ അടച്ചിട്ടെങ്കിലും ഗൂഗിൾ മീറ്റും സൂമും വാട്‌സ് ആപ്പുമുപയോഗിച്ച് പഠനം നടന്നു. ഇപ്പോഴും ഓൺലൈൻ ക്ലാസുകൾ നടക്കുന്നുണ്ട്. ഗൂഗിളിൽ സേർച്ചു ചെയ്താൽ നോട്ടുകൾ കിട്ടും. യൂ ട്യൂബിൽ ഏത് വിഷയവും ഉണ്ട്.

കെ.കെ ബാബുരാജ്

25 കൊല്ലം മുമ്പായിരുന്നു കോവിഡ് വന്നിരുന്നതെങ്കിൽ നാം അതിജീവനത്തിനുള്ള ഡിവൈസുകൾ ഇല്ലാതെ തകർന്നുപോയേനേ എന്നു തോന്നുന്നു. അങ്ങനെ നോക്കുമ്പോൾ കോവിഡ് സൈബർ ലോകത്തിന്റെ ബൈപ്രോഡക്ട് ആയിരുന്നോ എന്നു പോലും നാം സംശയിച്ചു പോകും. ഏതായാലും അത് എല്ലാവരിലേക്കും സൈബർ സാധ്യതകൾ കൂടുതലായി തുറന്നുവച്ചു എന്നതൊരു സത്യമാണ്. വിദ്യാർത്ഥികൾ , അധ്യാപകർ എന്നിവർക്ക് മൊബൈൽ ഉപയോഗിക്കുന്നതിലുള്ള വിലക്ക് മാറിക്കിട്ടി. എല്ലാവരും സ്മാർട്ട് ഫോൺ സ്വന്തമാക്കുകയും ചെയ്തു. ഇന്നത്തെ കുട്ടികൾക്ക് മുതിർന്നവരേക്കാളും സാങ്കേതിക ജ്ഞാനമുണ്ട്. അവർക്ക് വായനയില്ല, അറിവില്ല എന്നൊക്കെ പറയുന്നത് പൂർണമായും ശരിയല്ല.

എന്റെ ട്രെയിൻ യാത്രയിലെ ഒരനുഭവം പറയാം. ഞാൻ റിസർവേഷൻ കമ്പാർട്ടുമെന്റിൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തിന് വരികയായിരുന്നു. അപ്പോൾ കുറേ ന്യൂജെൻ വിദ്യാർത്ഥികൾ എന്റെ വശത്തും എതിർവശത്തുമായിട്ടിരുന്നു. ഏകാന്തതയും നിശ്ശബ്ദതയും ഇഷ്ടപ്പെടുന്ന ഞാനോർത്തു, എന്റെ ജീവിതം പോയെന്ന്. പക്ഷേ അവർ പറയുന്നത്​, അതിഗഹനങ്ങളായ കാര്യങ്ങളായിരുന്നു. എനിക്കവരോട് മതിപ്പുതോന്നി. ചെറുപ്പക്കാരെക്കുറിച്ചുള്ള എന്റെ അഭിപ്രായം മാറാൻ ഈ സംഭവം കാരണമായി.

വിജ്ഞാന വിസ്‌ഫോടനം നടന്ന ഒരു കാലമാണിത്. യൂറോപ്പിൽ അത് 60- കളിൽ ആയിരുന്നുവെങ്കിൽ നമുക്കത് 90- കളിലായിരുന്നു. യൂറോപ്പുകാരെയാണല്ലോ നമ്മൾ എല്ലാ കാര്യത്തിലും മാതൃകയാക്കുന്നത്. ഇന്ന് പാശ്ചാത്യരും നമ്മളും തമ്മിൽ ജ്ഞാനപരമായി അത്ര കാലവ്യത്യാസമുണ്ടാവുകയില്ല. പുതിയ കാര്യങ്ങൾ ഞൊടിയിടയിൽ നമ്മളിലേക്കെത്തുന്നുണ്ട്. ജ്ഞാനവിസ്‌ഫോടനം എന്നത് ഘടനാവാദവും ഉത്തരഘടനാവാദവും പിൽക്കാല മാർക്‌സിസ്റ്റ് ചിന്തകളും നാനോ ടെക്‌നോളജിയും കൃത്രിമ ബുദ്ധിയും ജനിതക പഠനവും മറ്റുമാണ്. ഭാഷാശാസ്ത്രത്തിൽ തുടങ്ങിയ കണ്ടെത്തലുകൾ സാഹിത്യം, ചരിത്രം, തത്വചിന്ത, നരവംശ ശാസ്ത്രം, മാർക്‌സിസം, സാഹിത്യ നിരൂപണം , സ്ത്രീവാദം , ദലിത് വാദം, പ്രകൃതിവാദം എന്നിവയിലെല്ലാം മാറ്റം വരുത്തി. അവ രാഷ്ട്രീയത്തെയും മാറ്റിമറിച്ചു. പ്രാതിനിധ്യ രാഷ്ട്രീയം ശക്തമായി. മറഞ്ഞു കിടന്ന ജനതകൾ, അവരുടെ രാഷ്ട്രീയം ആവിഷ്‌കാരം ഇവ തെളിഞ്ഞുവന്നു. പുതിയ ഒരു വിസിബിലിറ്റി (ദൃശ്യത) സാധ്യമായി. വസ്തുവല്ക്കരിക്കപ്പെട്ടുകിടന്ന അപരലോകം അഥവാ അപരമനുഷ്യർ കർത്തൃത്വം (Subjectivity )നേടി. പുതിയ ഒരു കർത്തൃത്വം സാഹിത്യമെഴുത്തിൽ ആധിപത്യം നേടി. ശബ്ദമില്ലാതിരുന്ന ജനതകൾക്ക് ഭാഷയുണ്ടായി. അവഗണിക്കപ്പെട്ട ഗ്രാമ്യപദങ്ങൾ കവിതയിലേക്കും ഫിക്ഷനിലേക്കും കയറിവന്നു. ആദിവാസികളുടെ ഗോത്ര ഭാഷകൾ വിദൂര വനമേഖലകളിൽ നിന്ന് നഗരത്തിലേക്ക് വണ്ടി കയറി.

ലോകപ്രശസ്ത സിനിമകൾ, പ്രധാനപ്പെട്ട പുസ്തകങ്ങൾ, സോഫ്റ്റ് വെയറുകൾ ഒക്കെയും ഡൗൺലോഡ് ചെയ്യാം എന്നത് വലിയ സാധ്യതയാണ്. മെറ്റമോർ ഫോസിസ്, ഡിവൈൻ കോമഡി, ബുക്ക് ഓഫ് ദി ഡഡ് എന്നീ പുസ്തകങ്ങളുടെയെല്ലാം പി.ഡി.എഫ് ലഭ്യമാണ്. ഏതൊരു കവിയുടെ കവിതയും ലഭ്യമാണ്. സംഗീതം ലഭ്യമാണ്. കഥകളിയും കൂടിയാട്ടവും യു ട്യൂബിൽ ലഭ്യമാണ്. പ്രഭാഷണങ്ങൾ, ചൊൽ കവിതകൾ ഒക്കെയും ലഭ്യമാണ്. എല്ലാ പ്രിൻറഡ്​ മാധ്യമങ്ങൾക്കും ഓൺലൈൻ പതിപ്പുണ്ട്. ഒരുപാട് പത്രങ്ങളും മാസികകളും മൊബൈലിലോ ലാപ്പിലോ ഒക്കെ വായിക്കാം. മൊത്തത്തിൽ സാധ്യതകളാണുള്ളത്. പുതിയ തലമുറയിലെ ആളുകൾ ഇന്ന് പത്രം വായിക്കാൻ താല്പര്യപ്പെടുന്നില്ല. അവർക്ക് മൊബൈലിൽ ലഭിക്കുന്ന വാർത്തകൾ മതി. പത്രം വായിക്കാത്ത പലരെയും എനിക്കറിയം. കോളേജ് അധ്യാപകർ വരെയുണ്ട് പത്രം വായിക്കാത്തവരായി. രാവിലെ വായിക്കുന്ന പത്രവാർത്തകൾ തലേന്നേ നാം അറിഞ്ഞതായിരിക്കാം. ഒരു കടലാസിൽ വാർത്തകളെ നമുക്ക് തുറന്നു വായിക്കാൻ കഴിയുന്നു എന്നതാണ് പത്രത്തിന്റെ പ്രത്യേകത. പത്രം നമ്മുടെ ജീവിതത്തോട് അടുത്തുനില്ക്കുന്നു. വലിയ ഒരു പാരമ്പര്യം പത്രങ്ങൾക്കുണ്ട്. ട്രെയിനിലും വിമാനത്തിലും ബോട്ടിലും പാർക്കിലും ഒക്കെ മനുഷ്യർ മൊബൈൽ വായിക്കുന്നു. വിശാലമായ ഒരു ലോകമാണ് അത്. അതിൽ സ്വന്തം അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുത്ത് വായിക്കാൻ പറ്റും.

നവമാധ്യമങ്ങളാണ് ഉത്തരാധുനികതയുടെ പ്രയോഗ മേഖലകളിൽ ഒന്ന്. മുഖ്യധാരയിലേക്ക് കറുത്തവരും പാർശ്വവൽകൃതരും മറ്റും കയറിവരുന്നതിൽ വലിയ പിന്തുണയാണ് മീഡിയ നല്കുന്നത്. അന്യരുടെ (Others) പ്രശ്‌നങ്ങൾക്ക് ദൃശ്യത ലഭിക്കുന്നുണ്ട് ഇക്കാലത്ത് എന്നത് ചില്ലറക്കാര്യമല്ല. ഇത് സത്യത്തിൽ ഉത്തരഘടനാവാദം രൂപപ്പെടുത്തിയ രാഷ്ടീയം ഭരിക്കുന്ന ലോകം കൂടിയാണ്. അതിനും മുമ്പേ ദൈവത്തിന്റെ മരണം നീഷേ പ്രഖ്യാപിച്ചല്ലോ. എല്ലാത്തിന്റെയും കേന്ദ്രസ്ഥാനത്തിരുന്ന ദൈവം മരിച്ചെങ്കിൽ പിന്നെ എന്തും അനുവദനീയമാണ് എന്നാണർത്ഥം. ദൈവത്തിന്റെ ആളുകൾ മാറ്റി നിർത്തിയിരുന്ന മനുഷ്യർ മുഖ്യധാരയിലേക്ക് കടന്നുവരുന്നു. അങ്ങനെ ഒരു മാറ്റത്തെ വേഗത്തിലാക്കാൻ എഫ്. ബി, വാട്‌സാപ്പ്​, ബെബ് സൈറ്റുകൾ, ഇന്റർനെറ്റ് മാഗസിനുകൾ എന്നിവയ്ക്ക് കഴിയുന്നുണ്ട്. മനുഷ്യരുടെ യാത്രാസൗകര്യങ്ങളും കമ്മൂണിക്കേഷൻ സൗകര്യങ്ങളും കൂടി. വാട്ട്‌സ് ആപ്പിലൂടെ ഏതു രാജ്യത്തുള്ള വരേയും വിളിക്കാം. വീഡിയോ കാളിങ്ങിലൂടെ വ്യക്തികൾ വിർച്വൽ ഇമേജുകളായി അടുത്തു നിൽക്കുന്നു.

Photo: Pexels

ഫേസ് ബുക്കും കവിതയും

കവിതയിൽ പ്രവേശനം ലഭിക്കാതിരുന്ന ഒരു സമൂഹം കൂടുതലായി കവിതയിലേക്ക് വരുന്നത് എഫ്.ബിയുടെയും ബ്ലോഗിന്റെയും വരവോടെയാണ്. പക്ഷേ, അതിന്റെ യാഥാർത്ഥ കാരണം ഭാഷയിൽ വന്ന മാറ്റവുമാണ്. മലയാളത്തിൽ ശരിക്കും സംസ്‌കൃതത്തിന്റെ കോയ്മ അവസാനിച്ചു. ഇംഗ്ലീഷിന്റെ സ്വാധീനം കൂടി. നാട്ടു മലയാളം മുഖ്യധാരയായി. അങ്ങനെയാണ് നവമാധ്യമങ്ങളിൽ ക്രിയേറ്റീവ് എഴുത്ത് സജീവമായത്. മനുഷ്യരുടെ ആത്മനിഷ്ഠത പ്രതിഫലിപ്പിക്കുന്ന കണ്ണാടികളായി മാറി എഫ്.ബിയും വാട്‌സാപ്പും മറ്റും. ഒപ്പം ആദ്യമുണ്ടായിരുന്ന ബ്ലോഗുകൾ കുറഞ്ഞു. എന്നാൽ എഫ്. ബിയിലേക്ക് ധാരാളം എഴുത്തുകാർ കടന്നുവന്നു. അച്ചടി മാസികകളിലും കവിതകൾ പ്രത്യക്ഷപ്പെടുന്നു. കേരളത്തിൽ ഇന്ന് ധാരാളം പേർ കവിത എഴുതുന്നു. ഇതിനെ കളിയാക്കുന്നവരുണ്ട്. കവിതയെഴുത്തിനെ കുറ്റകൃത്യമായി കാണുന്നവരുണ്ട്. ഓരോരോ കവിതകളും ചെറിയ ആഖ്യാനങ്ങൾ ( Little narratives) ആണെങ്കിലും വൈവിധ്യമേറിയ ഈ കാവ്യലോകത്തെ ഞാൻ കാണുന്നത് ചെറുതുകൾ ചേർന്നുള്ള ഒരു ബൃഹദാഖ്യാന ലോകമായിട്ടാണ്. അത് സ്ത്രീ, ദലിത്, ആദിവാസി, ട്രാൻസ് ജെന്റർ എന്നിവരുടെ എല്ലാമായ ആവിഷ്‌കാരങ്ങളുടെ ഒരു രാഷ്ട്രീയമെഴുത്തായി മാറുന്നു. കവിതാ ഗ്രന്ഥങ്ങൾ മാത്രമല്ല, കഥ, നോവൽ എന്നീ പുസ്തകങ്ങളുടെയും പരസ്യങ്ങളും ലേഖനങ്ങളും അതിലുണ്ട്, കഥയും നോവലും എഴുതുന്നവരും.

വായന മരിക്കുന്നില്ല

വായിക്കുക എന്നാൽ പുസ്തകവായന, പത്രവായന എന്നു മാത്രമല്ല അർത്ഥം. ലോക സഞ്ചാരവും ഒരു വായനയാണ്. കാണൽ എന്നതാണ് അതിന്റെ ബേസ് എന്നു പറയാം. ശരിയാംവണ്ണം കാര്യങ്ങളെ കാണുക. പ്രകൃതി ഒരു പുസ്തകം ആകുന്നു. കമ്പ്യൂട്ടറുകളിലും മിനി കമ്പ്യൂട്ടറായ മൊബൈലിലും ഹൈപ്പർ ടെക്സ്​റ്റുകളും ഹൈപ്പർ ലിങ്കുകളുമുള്ള ഒരു വായനാ ലോകവുമുണ്ട്. ഇംഗ്ലീഷിൽ നമ്മൾ തുറക്കുന്ന ഒരു ഇംഗ്ലീഷ് ആർട്ടിക്കിൾ നിമിഷം കൊണ്ട് മലയാളമായി മാറുന്നു. ടാബിൽ ഇംഗ്ലീഷ് കൃതികൾ വായിക്കുമ്പോൾ അപൂർവ്വ പദങ്ങളുടെ അർത്ഥവും അതിലുണ്ടാകും. ഇത് വായനയെ എളുപ്പമാക്കുന്നു. ഇരുട്ടത്തിരുന്നും മൊബൈൽ വായന സാധ്യമാണ്. അതിൽ എഴുതാനും നമുക്കു കഴിയും. മൊബൈൽ ഇന്നൊരു വിജ്ഞാന ലോകത്തിന്റെ ഉപകരണം കൂടിയാണ്. ആ ലോകം ആദ്യന്തവിഹീനമാണ്. വിരൽത്തുമ്പിലാണ് നിഘണ്ടു. യു ട്യൂബിൽ ഇല്ലാത്ത കാര്യങ്ങൾ ഇല്ല. ടി.വിയും പുസ്തകവും റേഡിയോയും സിനിമയും ഒക്കെയുള്ള ഒരു ലോകമാണ് മൊബൈൽ. ഏതു പത്രവും മാസികകളും അതിൽ ലഭ്യമാണ്.

Photo : Pexels

പരിമിതികൾ

എത്ര മുന്നേറിയാലും ലോകം പരിമിതികൾ ബാക്കിവയ്ക്കും എന്ന കാര്യവും നമ്മൾ പരിഗണിക്കണം. ലോകത്തിന് പൂർണത ഇല്ല. അതാണ് ജീവിതത്തെ സങ്കീർണമാകുന്നത്. അതിനാൽ ഇന്നും സൈബർ കാര്യങ്ങൾ അത്ര എളുപ്പമല്ല താനും. നാം ഒരു മാളിൽ കേറിയാൽ അവിടെ പലതരം സോപ്പുകൾ കാണാം. ഇതിൽ ഏതെടുക്കും എന്നൊരു ചോദ്യമുണ്ട്. വാങ്ങാൻ പോയ സാധനങ്ങളിൽ കൂടുതൽ നാം വാങ്ങുന്നു. കുറവു വാങ്ങുന്നു. കുറവ് നിരാശയുണ്ടാക്കുന്നു. കൂടുതൽ വേയ്സ്റ്റാകുന്നു. നമ്മുടെ ഒരു ദിവസത്തിൽ ചെയ്യാവുന്നതും ഉൾക്കൊള്ളാവുന്നതുമായ കാര്യങ്ങൾക്ക് പരിധിയുണ്ട്. ഇന്നത്തെ ലോകം ഭാരങ്ങൾ വഹിക്കുന്ന ഒരു ലോകമാണ്. ഭാരവണ്ടികൾ, കണ്ടൈനറുകൾ പോകുന്നതായി നാം കാണുന്നു. ചെറുതുകളുടെ ലോകം എന്നു പറയുമ്പോൾ തന്നെ വലുതുകളുടെ ലോകവുമാണിത്. ചെറിയ പുസ്തകങ്ങൾ വലിയ പുസ്തകങ്ങൾ രണ്ടുമുണ്ട്. ഇതെല്ലാം സമയമില്ലാത്ത മനുഷ്യർക്ക് എങ്ങനെ വായിക്കാൻ കഴിയും? കൂടുതൽ ആളുകളും സഞ്ചാരത്തിലാണ്. ടി.വി ചാനലുകൾ നിരവധിയാണ്. ഒരു സമയം ഒരെണ്ണമേ കാണാൻ കഴിയൂ. നിരന്തരമായി പുതുക്കപ്പെടുന്ന ലോകം. പുതിയ മനുഷ്യർ വിസ്മൃതിയെ ആഗ്രഹിക്കുന്നു. കാരണം, ജീവിതം ജീവിക്കുന്നതിലുപരി ജീവിതത്തെ വിസ്മരിക്കാനാണ് അവർ ശ്രമിക്കുന്നത്.

Photo: Pexels

നാം വിവരിച്ച സൈബർ ലോകത്തിനും മാസ് മീഡിയ കൾച്ചറിനും അപ്പുറം മനുഷ്യരുണ്ട്. അവരിലേക്ക് ഇതിന്റെ പരോക്ഷമായ ഗുണങ്ങൾ അല്പമേ എത്തുന്നുള്ളു. അപ്പോൾ ഇവിടെ ഒരു പാർശ്വവൽകൃത ലോകവും ഉണ്ടാകുന്നു. അധ്വാനിക്കുന്ന മീൻപിടുത്തക്കാർ, കയർത്തൊഴിലാളികൾ, മൈക്കാടുപണിക്കാർ, പെട്ടിക്കടക്കാർ ഒക്കെ സൈബർ ലോകത്തിന് അപ്പുറമാണ്. ഒരർത്ഥത്തിൽ ജ്ഞാനമേഖലയ്ക്കു പോലും വെളിയിലാണവർ. ജ്ഞാനമേഖല അവരെ കൂടുതൽ കൂടുതൽ ഇരുട്ടിലേക്ക് തള്ളുന്നു. യന്ത്രം എന്നതിന്റെ ബൈനറി ഓപ്പസിറ്റുകളായി മാറുന്ന ലോകങ്ങളാണിവ. സത്യത്തിൽ ഈ ഉത്തരാധുനിക ഡിവൈസുകൾ കുറേ മനുഷ്യരെ മൃഗലോകങ്ങളിലേക്ക് ചവിട്ടിത്താഴ്ത്തുന്നു. പക്ഷേ മൃഗങ്ങൾ ഒരു പുസ്തകമോ മൊബൈലോ ഉപയോഗിക്കുന്നില്ല. എന്നതുകൊണ്ട് ചവിട്ടിത്താഴ്ത്തപ്പെടുന്നു അവർ എന്നത് നമ്മുടെ കാഴ്ചപ്പാടാകാം.

മാസ്‌കൾച്ചർ അഥവാ മാസ്​ മീഡിയ വഴിയാണ് ഉത്തരാധുനിക കാലത്ത് സംസ്‌കാരങ്ങൾ രൂപപ്പെടുന്നതെന്ന് ഫ്രെഡറിക് ജയിംസൺ പറയുന്നു. അത് നമ്മുടെ പ്രത്യയശാസ്ത്ര ബോധ്യങ്ങളെ രൂപപ്പെടുത്തുകയും പരോക്ഷമായി നമ്മളെ മാസ് മീഡിയ കൾച്ചറിന്റെ സ്വാധീനങ്ങൾക്ക് അടിപ്പെടുത്തുകയും ചെയ്യുന്നു. ഇതിനെയാണ് ജയിംസൺ അധീശത്വം ( Hegemony ) എന്നു വിളിക്കുന്നത്. നമ്മുടേതാകട്ടെ പ്രിമിറ്റീവ്, ട്രൈബൽ, ഫ്യൂഡൽ, ആധുനികം, ഉത്തരാധുനികം എല്ലാം കൂടി ചേർന്ന ഒരു മിശ്രസാഹചര്യമാണ്. ഒരു ടി.വി പോലും ഇല്ലാത്ത പാവപ്പെട്ടവർ ഇവിടെയുണ്ട്. കോളനിക്കാരും കുടിലിൽ താമസിക്കുന്നവരുമുണ്ട്. സ്മാർട്ട് ഫോൺ ഇല്ലാത്തവരുണ്ട്. ലോട്ടറി വില്പനക്കാർ ധാരാളമാണ്. ജയിംസൺ പറയുന്ന ആഴമില്ലായ്മയും എഫക്ടിന്റെ മങ്ങലും / വികാരരാഹിത്യവും ( Waning of affect) പാരഡിയും പാസ്റ്റീഷും ഇവിടത്തെ കലയിലും സാഹിത്യത്തിലും ഭാഗികമായേ സംഭവിച്ചിട്ടുള്ളു. പാശ്ചാത്യ ചിത്രകലയുടെ ( ശില്പകല ചുരുക്കത്തിലും ) ചരിത്രം എഴുതിയ എനിക്ക് ബിനാലെയിൽ പോയിട്ട് പലതും മനസിലാക്കാൻ പറ്റിയില്ല.

ഫ്രെഡറിക് ജയിംസൺ

ബിനാലെയിലെ കലാവസ്തുക്കൾ ശരിക്കും ഇംഗ്ലണ്ടിലും അമേരിക്കയിലും ഉണ്ടായ ഉത്തരാധുനിക കലാപ്രവർത്തനങ്ങളുടെ തുടർച്ചയാണ്. പല രാജ്യങ്ങളിലുള്ള കലാകാരൻമാർ അമേരിക്കയിൽ എത്തുന്നുണ്ട്. അവർ പോപ് ആർട്ടും ഓപ് ആർട്ടും കൺസപ്ച്വൽ ആർട്ടും ഇൻസ്റ്റലേഷനും മറ്റും ചെയ്യുന്നു. നമുക്ക് ഫോർട്ടു കൊച്ചിയിലെത്തിയിട്ട് ആസ്പിൻ വാളിലേക്കോ പെപ്പർ ഹൗസിലേക്കോ പോകാൻ നല്ല വഴി പോലുമില്ല. അതാണ് നമ്മുടെ ഉത്തരാധുനികത. നമ്മുടെ കാവ്യാസ്വാദനത്തിൽ ആഴമില്ലായ്മ, അഥവാ വികാര ശോഷണം, പാസ്റ്റീഷ്, പാരഡി എന്നിവ വേണ്ട വണ്ണം ചർച്ചചെയ്യപ്പെട്ടിട്ടില്ല. അതിന്റെ ചില വശങ്ങൾ വന്നിട്ടുണ്ടെങ്കിലും.

ഒരു കെ. റെയിൽ വരുന്നു എന്നു കേട്ടപ്പോൾ വളരെ വീറോടെ എതിർത്തവരാണ് പാതി മലയാളികൾ. ടി വി യും പത്രങ്ങളും എത്ര പരിഹാസത്തോടെയാണ് അതെല്ലാം ചിത്രീകരിച്ചത്. അപ്പോൾ പാശ്ചാത്യ ചിന്തകളെ അതേപടി നമുക്ക് ഇവിടെ പ്രയോഗിക്കാൻ പറ്റുകയില്ല. നോക്കൂ, അഫ്ഗാനിസ്ഥാനിൽ വച്ച് നമ്മൾ ഇക്കാര്യം പറയുന്നതിനെപ്പറ്റി ആലോചിക്കുക. എത്ര ഇമ്പോസിബിൾ ആയിരിക്കും? അതുപോലെ ചില കാര്യങ്ങൾ ഇവിടെയുമുണ്ട്. എന്നാൽ ടി. വി. ചാനലുകൾ , തമാശപ്പരിപാടികൾ ( Mockery ), ബിഗ് ബോസ്, എഫ്.ബി, വാട്ട്‌സാപ്പ്​, യു ട്യൂബ്, ഇൻസ്റ്റാഗ്രാം എന്നിവയുടെ സ്വാധീനം ചില്ലറയല്ല. അതാണ് നമ്മളിൽ പ്രത്യയശാസ്ത്രം നിർമ്മിക്കുന്നതും പരോക്ഷമായി നമ്മളെ സാംസ്‌കാരികാതീശത്വത്താൽ നിയന്ത്രിക്കുന്നതും.

കുറുകുറെ ബ്രോസ് സംഗീത ആൽബം

ഇവിടത്തെ മാസികകളിൽ രാഷ്ട്രീയനിലപാടുകളാൽ കവിത കൊടുക്കാത്തവർ വമ്പന്റെ എഫ്. ബിയിൽ കവിതയിടുന്നു. ഇതൊന്നും ആരുടേയും കുറ്റമല്ല. കുത്തകകളുടേയും കോർപ്പറേറ്റുകളുടേയും താല്പര്യങ്ങൾ വളരെ സോഫ്റ്റായി നമ്മളിലേക്ക് കിനിഞ്ഞിറങ്ങുന്നു. നമ്മൾ കീഴ്‌പ്പെടുന്നു. ഒരു വലയിൽ കേറിയില്ലെങ്കിൽ വേറൊരു വലയിൽ നാം കേറുന്നു. ആദിവാസികളുടെ കുറുകുറെ ബ്രോസ് ശ്രദ്ധിക്കപ്പെട്ടത് എന്തുകൊണ്ടാണ്? പുതിയ ടെക്‌നോളജിയിലൂടെ മുന്നേറാനേ അവർക്കാവുകയുള്ളു. കവിതയിൽ അവർ ആഴം കുറച്ചും വികാരം കുറച്ചും പാസ്റ്റീഷ് ഉപയോഗിച്ചും ചെയ്യണം. അവർ പോസ്റ്റു സ്ട്രക്ചറലിസവും നരവംശ ശാസ്ത്രവും കമ്പ്യൂട്ടർ ടെക്‌നോളജിയും മനസിലാക്കണം. ഷോർട്ടു ഫിലിമുകൾ, ഡോക്യുമെന്ററികൾ വ്യാപകമായി ചെയ്യണം. അവർ അവരല്ലാതാകണം. അവർ കൺസ് പ്ച്ച്വൽ ആർട്ട് തിരിച്ചറിയണം. ആദിവാസി ഗോത്രങ്ങൾ അവരുടെ സംസ്‌കാരങ്ങൾ, ഭാഷകൾ, ആചാരങ്ങൾ എന്നിവ ഫ്രാക്‌മെന്റുകളാണ്. പരസ്പരം യോജിക്കാത്തവ. അവയെ യോജിപ്പിക്കണം. ചിത്രകല, ശില്പകല, കവിത, സംഗീത വീഡിയോ, നാടൻ പാട്ടുരൂപങ്ങൾ, സിനിമ എന്നിവ പുതിയ രീതിയിൽ പ്രയോഗിക്കണം. ബുദ്ധിപരമാണിവ. ബുദ്ധി എല്ലാവർക്കും ഉണ്ട്.
ഓരോ തരത്തിലാണെന്നുമാത്രം. മനുഷ്യന്റെ ബൈനറി ഓപ്പസിറ്റാണ് യന്ത്രം. കവിത കവിതയല്ല. അത് മനസിലാക്കണം.

Comments