തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലുമായി കമ്പ്യൂട്ടറും ഇന്റർനെറ്റും കേരളത്തിൽ വ്യാപകമായതോടെ മലയാള ഭാഷാസ്‌നേഹികളുടെയും സാഹിത്യ തത്പരരുടെയും ഇടയിൽ ഉയർന്നുവന്ന ആശങ്കകളും ചർച്ചകളും ഇപ്പോൾ ഒന്ന് ഓർമ്മിക്കുന്നത് വളരെ രസകരമായിരിക്കും. ഇവ രണ്ടിന്റെയും കടന്നുവരവോടെ മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകൾ അസ്തമിക്കാൻ പോകുന്നു എന്നും ഇനി ഇംഗ്ലീഷ് മാത്രമേ നിലനിൽക്കുകയുള്ളൂ എന്നുമായിരുന്നു ആ ചർച്ചകളുടെ അടിസ്ഥാനം. രണ്ടു പതിറ്റാണ്ട് കഴിഞ്ഞ് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ എത്ര വ്യർത്ഥമായിരുന്നു ആ ആശങ്കകൾ എന്ന് ഒരു നേർത്ത ചിരിയോടെ നമുക്ക് ഓർത്തെടുക്കാൻ കഴിയും.
ഇന്ന് മലയാള ഭാഷ അതിന്റെ പൂർണസൗന്ദര്യത്തോടെ കമ്പ്യൂട്ടറുകളിലും ഇന്റർനെറ്റിലും വിഹരിക്കുകയാണ്. പൂർണസൗന്ദര്യത്തോടെ എന്നു പറഞ്ഞത് മനഃപൂർവമാണ്. അച്ചടിയുടെ കാലത്ത് അച്ചുനിരത്തുന്നവരുടെയും പ്രസിന്റെയും സൗകര്യത്തിന് വെട്ടിമുറിച്ച് വിരൂപമാക്കിക്കളഞ്ഞ നമ്മുടെ അക്ഷരങ്ങൾ അതിന്റെ പൂർവകാല സൗന്ദര്യത്തോടെയാണ് ഇന്ന് നെറ്റിൽ നമ്മുടെ മുന്നിൽ അറിഞ്ഞോ അറിയാതെയോ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. മലയാളം ഇങ്ങനെ കമ്പ്യൂട്ടറിനെ കീഴടക്കിയതിലും അക്ഷരങ്ങൾ അതിന്റെ തനത് രൂപം തിരിച്ചുപിടിച്ചതിലും നാം നന്ദി പറയേണ്ടത്, പ്രവാസികളായിരുന്ന ഒരുപിടി അക്ഷരസ്‌നേഹികളായ ചെറുപ്പക്കാരോടാണ്.
ഇനി ഓൺലൈൻ മീഡിയകളുടെ കാലമാണ് എന്ന് തിരിച്ചറിഞ്ഞതോടെ അല്പം വൈമസ്യത്തോടെയെങ്കിലും അന്ന് നമ്മുടെ മുഖ്യധാരാ പത്രങ്ങളൊക്കെ അവരുടെ വെബ് എഡീഷൻ ആരംഭിച്ചു. എന്നാൽ ഓരോരുത്തരും അവരവരുടെ സൗകര്യത്തിനനുസരിച്ച് സ്വന്തം ഫോണ്ടുകൾ നിർമിച്ചു. ആ ഫോണ്ട് ഇൻസ്റ്റാൾ ചെയ്താൽ മാത്രമേ നമുക്കത് വായിക്കാൻ കഴിയുമായിരുന്നുള്ളൂ. അങ്ങനെ ആറു വാർത്തയ്ക്ക് നൂറു ഫോണ്ട് എന്ന വിധത്തിൽ ദയനീയമായിരുന്നു അന്നത്തെ സ്ഥിതി. അതിനു പരിഹാരമായിട്ടാണ് പ്രവാസ ചെറുപ്പക്കാർ യൂണിക്കോഡ് ഫോണ്ടുകളുമായി എത്തിയത്. എന്നാൽ അത് സ്വീകരിക്കാൻ മുഖ്യധാരാ മാധ്യമങ്ങൾ വല്ലാത്ത വിമുഖത കാണിച്ചു. സേർച്ച് ലിസ്റ്റിൽ തങ്ങളുടെ വാർത്തകൾ പെടുന്നില്ല എന്നുകണ്ട് ഒടുവിൽ നിവൃത്തിയില്ലാതെയാണ് എല്ലാവരും യൂണിക്കോഡ് ഫോണ്ടുകളിലേക്ക് മാറുന്നത്.
പിന്നീട് മലയാളഭാഷ ലോകത്തിന്റെ എല്ലാ കോണുകളിലേക്കും ഒഴുകിപ്പരക്കുന്ന കാഴ്ചയാണ് നാം കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്.
പണ്ട് ഗൾഫിൽ ഒരു പത്രം കിട്ടണമെങ്കിൽ മൂന്നു ദിവസം കഴിയണമായിരുന്നു. ഒരു വാരിക ഇറങ്ങിയാൽ കിട്ടുന്നത് രണ്ടാഴ്ച കഴിഞ്ഞ്. ഇന്ന് വിരൽത്തുമ്പിൽ ലഭ്യമാകുന്ന വാർത്തയും സാഹിത്യവും സാമൂഹിക വിഷയങ്ങളും ഒരു കാലത്ത് മലയാള ബന്ധം തീരെ ഇല്ലാതിരുന്ന എത്രയധികം മനുഷ്യരെയാണ് വായനയുടെ ലോകത്തേക്ക് വിളിച്ചിറക്കിക്കൊണ്ടുവന്നത്. സോഷ്യൽ മീഡിയകൾ വന്നതോടെ എഴുത്തിലെ കുത്തകയും നഷ്ടമായി. അനുഭവവും സർഗ്ഗാത്മകതയുമുള്ള ആർക്കും എഴുത്തിലൂടെ തങ്ങളെ പ്രകാശിപ്പിക്കാം എന്ന സ്ഥിതി വന്നു. ഇത് കേരളത്തിനകത്തും പുറത്തും മലയാളഭാഷയെ എത്രയധികം പുഷ്ടിപ്പെടുത്തിയെന്ന് നാം കാണാതെ പോകരുത്. മലയാള ഭാഷയോട് ഒരിക്കലും ബന്ധം പുലർത്താൻ സാധ്യതയില്ലാതെയിരുന്ന അനേകർ ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് കഥകളും കവിതകളും അനുഭവങ്ങളും യാത്രാവിവരണങ്ങളും നമുക്ക് സമ്മാനിക്കാൻ തുടങ്ങി. കേരളം ഒരിക്കലും കേൾക്കാൻ ഇടയില്ലാതിരുന്ന എത്രയധികം ജീവിതങ്ങളാണ് ഇവിടെ അടയാളപ്പെടുത്തപ്പെട്ടത്.
വായനയുടെ പുതിയ പ്രതലം ഓൺലൈൻ പ്ലാറ്റ്ഫോമുകൾ തന്നെയാണ് എന്ന് ഇന്നേതാണ്ട് എല്ലാവരും ഒരേപോലെ അംഗീകരിച്ചുകഴിഞ്ഞു; ചിലർ വേദനയോടെയും ചിലർ സന്തോഷത്തോടെയും. പ്രത്യേകിച്ച് പത്രങ്ങളുടെയും വാരികകളുടെയും കാര്യത്തിൽ. പഴയ ശീലങ്ങൾ വച്ച് പ്രിന്റുകൾ വന്നുകൊണ്ടിരിക്കുമ്പോഴും അതിന്റെ ഓൺലൈൻ വായന ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്താൻ ആരും മറക്കുന്നില്ല. കാലവും ടെക്നോളജിയും മുന്നോട്ടാണ് ഒഴുകുന്നത്. ഇനി ഒരു പിൻനടത്തം ആരും ആഗ്രഹിക്കുന്നില്ല, ആഗ്രഹിച്ചാൽ തന്നെ അത് നടപ്പുള്ളതുമല്ല. ഓൺലൈൻ മീഡിയകൾ അക്ഷരരൂപത്തിലും ശബ്ദരൂപത്തിലും തുടങ്ങി മൾട്ടിമീഡിയ സാധ്യതകൾ എല്ലാം ഉപയോഗപ്പെടുത്തി ഒരു പുതിയ വായനാസംസ്‌കാരത്തിന് അടിത്തറയിട്ടു കഴിഞ്ഞു. അതിന്റെ സൗകര്യവും സാധ്യതയും മനുഷ്യൻ നുണഞ്ഞു കഴിഞ്ഞു. പണ്ട് കെ. പി. അപ്പൻ ഉത്തരാധുനികതയെക്കുറിച്ച് പറഞ്ഞതുപോലെ, പുതിയ പ്രവണത സാത്താനെപ്പോലെയാണ്, അവൻ ഇല്ല എന്നു പറയുമ്പോഴും അവൻ ഉണ്ട്. സമ്പൂർണമായ ഓൺലൈൻ വായനയുടെ കാലം വന്നു കഴിഞ്ഞു. ഇനി അതിന്റെ അനന്തമായ വളർച്ച കണ്ട് അദ്ഭുതപ്പെടാനുള്ള കാലമാണ് വരാനിരിക്കുന്നത്.