പിന്തള്ളപ്പെട്ടവരുടെ പ്ലാറ്റ്​ഫോം, മനുഷ്യരെ കൂട്ടിയിണക്കുന്ന മീഡിയ

‘‘ഡിജിറ്റൽ ലോകത്ത് മനുഷ്യർ ഒറ്റപ്പെടുന്നു എന്ന പരാതി സാധാരണമാണെങ്കിലും വാസ്തവം മറിച്ചാണ്. ടെക്നോളജിയുടെ വികാസം മനുഷ്യരെ പരസ്പരം കൂടുതൽ ആശ്രിതരാക്കുകയാണ്. ഒറ്റക്ക് ചെയ്യാമായിരുന്ന പലതും യന്ത്രങ്ങൾ ഏറ്റെടുക്കുമ്പോൾ അത് പൊതുവായ വസ്തുവും അറിവുമായി മാറുകയാണ്. ഡിജിറ്റൽ വായനയും മനുഷ്യരെ കൂടുതൽ പരസ്പരം ബന്ധിപ്പിക്കുകയാണ്. അറിവ് പൊതുവാക്കി മാറ്റുന്നതിന് ഇത് സഹായകമാണ്. സ്ത്രീകൾക്കും, മറ്റു പൊതുധാരയിൽ നിന്ന് പിന്തള്ളപ്പെട്ടവർക്കും ഇപ്പോൾ ആത്മപ്രകാശനം എളുപ്പമായിരിക്കുന്നു.’’- ട്രൂ കോപ്പി വിജയകരമായ മൂന്നുവർഷങ്ങൾ പൂർത്തിയാക്കുന്ന സന്ദർഭത്തിൽ, ടെക്​നോളജി എങ്ങനെയാണ്​ വായനയെയും ആശയവിനിമയത്തെയും നവീകരിക്കുന്നത്​ എന്ന്​ വിശകലനം ചെയ്യുകയാണ്​​ ഡോ. എ.കെ. ജയശ്രീ

ന്നെ പോലെ സുഖത്തിന് താൽപ്പര്യവും, അലസതയുമുള്ളവർക്ക് അത്യാവശ്യം വായിക്കാൻ ഡിജിറ്റൽ കാലം നല്ലതു തന്നെ. ആവശ്യമുള്ളത് തേടി പിടിക്കാൻ എന്താ എളുപ്പം. ലൈബ്രറികളിലോ ബുക്സ്റ്റാളുകളിലോ പോകേണ്ട ആവശ്യം തന്നെയില്ല. പുസ്തകങ്ങളെ താലോലിക്കുന്നതു പോലെ കിന്റലിന്റെയോ സ്മാർട്ട് ഫോണിന്റെയോ ലാപ്‌ടോപ്പിന്റെയോ മിനുമിനുപ്പുള്ള ഉടൽസ്പർശവും വായനയുടെ ആഹ്‌ളാദത്തിന് രസക്കൂട്ട് ചേർക്കില്ലേ? പുസ്തകമോ ലേഖനമോ നമ്മെ തേടി വന്ന വഴി, വായനക്കിടയിൽ രുചി കൂട്ടുന്ന ഒരു കപ്പ് ചൂട് കാപ്പി, തുറന്നിട്ട ജനലിലൂടെ കൊതിപ്പിക്കുന്ന മേഘക്കീറോ നിലാത്തുണ്ടോ അമ്പിളിക്കലയോ, ഇവയെല്ലാം ഓർമ്മയിൽ ഹരമുണർത്തിയേക്കാം. വായനയിലൂടെ പലരിലേക്കും പലയിടത്തേക്കും സഞ്ചരിക്കുമ്പോൾ അനുസാരികളായി വരുന്ന ചുറ്റുപാടുകളും ഇന്ദ്രിയാനുഭവങ്ങളും നമ്മുടെ അകംലോകത്തിൽ എന്നെന്നും നില നിന്നേക്കും. അതിൽ ടെക്നോളജി മാറ്റം വരുത്തുമെന്ന് തോന്നുന്നില്ല. അതിനോട് പൊരുത്തപ്പെട്ടു വരാൻ സമയമെടുക്കുമെന്ന് മാത്രം. ശീലങ്ങൾ രൂപപ്പെടാനുള്ള സമയം. മനസ്സെന്ന മഹാ ഇന്ദ്രിയത്തോടൊപ്പം നമ്മുടെ എല്ലാ ഇന്ദ്രിയങ്ങളും ഒരുമിച്ച് ഉണർന്നിരിക്കുന്നത് കൊണ്ടാണത്.

വാക്കുകൾ കൊണ്ടുള്ള രചനകൾ, അത് വാമൊഴി ആയാലും വര മൊഴിയായാലും ഡിജിറ്റൽ ആയാലും, ഒരുപാട് ലോകങ്ങൾ നമുക്ക് മുന്നിൽ തുറന്നിടുന്നു. ആ ലോകത്ത് ഭാഗികമായെങ്കിലും നമ്മളും ജീവിക്കുന്നു. അവരെ കാണുകയും മണക്കുകയും തൊടുകയും ചെയ്യുന്നു.
""പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കയ്യിലെടുത്തോളൂ'' എന്ന് ബ്രെഹ്റ്റ് പറയുമ്പോൾ അതു കൊണ്ടെന്താ അവർക്ക് പ്രയോജനം എന്നു തോന്നിയിട്ടുണ്ട്. പക്ഷേ, അവരുടെ അനുഭവലോകം വളരുന്നത് നന്നാവുമെന്ന് പിന്നീട് ചിന്തിച്ചു. പട്ടിണി കിടന്നു വായിച്ച് വിഖ്യാതരായ എഴുത്തുകാരായി മാറിയവരുമുണ്ടല്ലോ.

അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിച്ച ശേഷം പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കുന്നത് എനിക്കിഷ്ടമായിരുന്നു. സ്‌കൂളിലെ ലൈബ്രറിയിൽ നിന്ന് തരുന്ന ചവിണ്ട നിറവും പരുപരുപ്പുമുള്ള, ഒരേ പോലെ പുറം ചട്ടയുള്ള നീണ്ട പുസ്തകങ്ങളാണ് ആദ്യത്തെ ഓർമ്മ. മഹാത്മാക്കളുടെ ജീവചരിത്രവും കുട്ടികൾക്കുള്ള കഥകളും ആയിരുന്നു അവ. പുസ്തകങ്ങളുടെ പുറംചട്ടയോട് പിന്നീടൊരിക്കലും താൽപ്പര്യം തോന്നിയിട്ടില്ല. നന്നായി സൂക്ഷിക്കാത്തതു കൊണ്ട് അത് മിക്കപ്പോഴും വായന കഴിയുമ്പോഴേക്കും ഇളകി പോയിരിക്കും. കട്ടി ബയന്റിന് പുറത്ത് പേപ്പർ കൊണ്ടുള്ള റാപ്പർ ഉണ്ടെങ്കിൽ ആ ശല്യം ഇളക്കി മാറ്റി വച്ചാലാണ് എനിക്ക് വായിക്കാൻ കഴിയുക. പുസ്തകത്തിന്റെ താളുകളുടെ മൂല പട്ടിയുടെ ചെവി പോലെ മടങ്ങി ഇരിക്കും. മോടി പിടിപ്പിക്കലിൽ പൊതുവേ താൽപ്പര്യമില്ലാത്ത എന്റെ സ്വഭാവം കൊണ്ടായിരിക്കാം ഇത്. താമസിക്കുന്ന മുറിയിൽ അലങ്കാര വസ്തുക്കൾ വേണമെന്നോ മുറ്റത്ത് പൂച്ചെടികൾ വേണമെന്നോ എനിക്ക് തോന്നാറില്ല. മരങ്ങളും, വച്ചു പിടിപ്പിക്കാത്ത കാട്ടു ചെടികളുമുള്ള പരിസരം എനിക്കിഷ്ടമാണ്. ഹോസ്റ്റലിൽ താമസിക്കുന്ന സമയത്ത്, പുറത്തുള്ള കോളേജിൽ നിന്ന് എന്നെ കാണാൻ വന്ന ഒരു കൂട്ടുകാരി ചോദിച്ചു, "" മുറിയിൽ ഒരു പൂപ്പാത്രമോ, ചുവരിൽ ഒരു ചിത്രമോ മറ്റെന്തെങ്കിലും അലങ്കാര വസ്തുക്കളോ വച്ചു കൂടെ'' എന്ന്. അപ്പോഴാണ് ഞാൻ എന്റെയീ സ്വഭാവം തിരിച്ചറിയുന്നത്.

കുട്ടികൾക്കായുള്ള പുസ്തകങ്ങൾ വായിച്ചു തുടങ്ങിയെങ്കിലും പെട്ടെന്ന് തന്നെ വലിയവർ വായിക്കുന്ന പുസ്തകങ്ങളോടായി എനിക്ക് താൽപ്പര്യം. വക്കെല്ലാം ചിതലരിച്ച ചില പുസ്തകങ്ങൾ വീട്ടിലുണ്ടായിരുന്നു. അച്ഛൻ നാട്ടിലെ വായനശാലയുടെ സെക്രട്ടറി ആയിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്. ലൈബ്രറിയിൽ നിന്ന് അവ ഒഴിവാക്കിയപ്പോൾ വീട്ടിൽ കൊണ്ട് വച്ചതാവണം. അതിൽ ചിലപ്പോൾ ഇരട്ടവാലൻ പുഴുക്കളുമുണ്ടാവും. പുസ്തകത്തിലൂടെ എപ്പോഴും അരിച്ചരിച്ചു നടക്കുന്ന ഇവയെ ഓർത്തു കൊണ്ടാവണം ചില മനുഷ്യരെ പുസ്തകപ്പുഴുക്കൾ എന്ന് വിളിക്കുന്നത്. മുതിർന്നവരുടെ പുസ്തകത്തിൽ പ്രണയമുണ്ടാവും. അതോടോപ്പമുള്ള വിരഹത്തിന്റെ നൊമ്പരമാണ് പ്രൈമറി ക്ലാസിൽ പഠിച്ചിരുന്ന എനിക്ക് മനസ്സിൽ ചലനമുണ്ടാക്കിയത്. അച്ഛൻ വാങ്ങി കൊണ്ടു വന്ന പുതിയ പുസ്തകങ്ങളുടെ കൂട്ടത്തിൽ ലളിതമാക്കിയ ഗദ്യത്തിലുള്ള മഹാഭാരതം ഉണ്ടായിരുന്നു. അതിൽ, അപമാനിക്കപ്പെടുന്ന കർണ്ണനും ദ്രൗപദിയും എന്റെ മനസ്സിനെ നോവിച്ചു കൊണ്ടിരുന്നു. ശ്രീകൃഷ്ണൻ ഒരു തോഴനും അതേ സമയം മഹാത്മാവുമായി ഉള്ളിൽ സ്ഥാനം പിടിച്ചു.

കുട്ടിക്കാലത്തെ പോലെ, കഥകൾക്കകത്ത് ജീവിക്കാനുള്ള കഴിവ് വളരുമ്പോൾ നഷ്ടപ്പെടും. കഥയിലെയും മനസ്സിലേയും ഫാന്റസിയും യാഥാർഥ്യവും തമ്മിൽ വേർ തിരിക്കാനാവാത്ത അവസ്ഥയായിരുന്നു അന്നുണ്ടായിരുന്നത്. അരവിന്ദന്റെ കാർട്ടൂൺ പരമ്പരയിലെ രാമുവിനെ സ്വന്തം ഏട്ടനായാണ് ഞാൻ മനസ്സിൽ കൊണ്ടു നടന്നിരുന്നത്. ഒരു കഥയിൽ വായിച്ച 'പാവുട്ടക്കാട്' വീടിനടുത്തുള്ള ഒരു കുറ്റിക്കാടായിരുന്നു എനിക്ക്. അത് പോലെ മരങ്ങളും ചെടികളും കുന്നുകളും എല്ലാം ഏതെങ്കിലും പുസ്തകത്താളുകളിൽ നിന്ന് ഇറങ്ങി വന്ന് യഥാർത്ഥമായ പോലെ. എന്റെ അനിയത്തിയേയും ഞാനിതൊക്കെ പറഞ്ഞു വിശ്വസിപ്പിക്കും. ഞങ്ങൾ രണ്ട് പേരും ഇതെല്ലാം ഒരു പോലെ കാണുന്നത് കൊണ്ട് അവ യഥാർത്ഥമാണെന്ന് തോന്നി.

വീട്ടിൽ വരുത്തിയിരുന്ന ആനുകാലികങ്ങൾ മാതൃഭൂമി, ജനയുഗം, മനോരമ, എന്നിവയായിരുന്നു. ഈ വാരികകൾ പല തവണ ആവർത്തിച്ചു വായിച്ചിട്ടുണ്ട്. പരീക്ഷ കഴിയുന്ന ദിവസം ഇതെല്ലാം വീണ്ടും വായിക്കുകയാണ് പതിവ്. പരീക്ഷയുടെ അവസാന ദിവസം എഴുത്തിൽ ശ്രദ്ധിക്കുന്നതിനേക്കാൾ വീട്ടിൽ ചെന്ന് വാരികകൾ എടുത്ത് വീണ്ടും വായിക്കുന്നതിനെ കുറിച്ച് ആലോചിച്ച് സന്തോഷിച്ചു കൊണ്ടിരിക്കും. യശ്പാലിന്റെ 'നിറം പിടിപ്പിച്ച നുണകൾ' അന്ന് ഇഷ്ടത്തോടെ വായിച്ച സീരീസ് ആയിരുന്നു. പരസ്യങ്ങളും കാർട്ടൂണുകളും കൂടി എഴുത്തിനോടൊപ്പം ആകർഷകമായി തോന്നി.

ഇവയോടൊപ്പം കേശവൻ വൈദ്യർ പ്രസിദ്ധീകരിച്ചിരുന്ന വിവേകോദയം മാസികയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിജ്ഞാനകൈരളിയും വീട്ടിൽ ഉണ്ടായിരുന്നു. ഹൈസ്‌കൂൾ ക്‌ളാസുകളിൽ എത്തിയപ്പോൾ ഇവയായിരുന്നു കൂടുതൽ ഇഷ്ടം. മിനുമിനുത്ത പുറം ചട്ടയെക്കാൾ നാരായണ ഗുരു, നടരാജ ഗുരു, സഹോദരൻ അയ്യപ്പൻ എന്നിവരുടെ കവർ ചിത്രങ്ങളും ഉള്ളടക്കവുമാണ് എനിക്ക് ആകർഷകമായി തോന്നിയിരുന്നത്. മരോട്ടി ഇലകളുടെ ചിത്രമുള്ള ചന്ദ്രിക സോപ്പിന്റെ പരസ്യം അച്ഛൻ ഉപയോഗിച്ചിരുന്ന ആ സോപ്പിന്റെ മണം കൂടി കൊണ്ട് വന്നു. വിളക്ക് കത്തിക്കാൻ ഉപയോഗിക്കുന്ന മരോട്ടിക്കായയുടെ തോടും, കടുംപച്ച ഇലകളും അതിന് ഒരു ദിവ്യ വൃക്ഷത്തിന്റെ പരിവേഷം നൽകി. പ്യാരി മിഠായിയുടെ പരസ്യങ്ങൾ ഓരോ തവണയും കാർട്ടൂൺ പോലെ രസകരമായി മാറി വന്നു. ""പേരക്കുട്ടികൾക്കായി വച്ചിരുന്നമിട്ടായി ഒട്ടു മുക്കാലുംഞാൻ തിന്നു തീർത്തു'' എന്ന് തലയിൽ കൈ വച്ചു പറയുന്ന മുത്തച്ഛനെ ഇപ്പോഴും മനസ്സിൽകാണാം. പച്ചയിൽ ഗോൾഡൻ ഡിസൈൻ ചെയ്ത പ്ലാസ്റ്റിക്കടലാസിൽ പൊതിഞ്ഞാണ്, പാൽ മണമുള്ള അഞ്ചു പൈസ വിലയുള്ള പ്യാരി മിഠായി വന്നിരുന്നത്. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള നാരങ്ങ മിട്ടായികൾ ഒരു പൈസക്ക് രണ്ടോ മൂന്നോ കിട്ടും. ഇരുപത്തഞ്ചു പൈസ ഒരുമിച്ച് കിട്ടിയാൽ അഞ്ച് പ്യാരി മിട്ടായികൾ വാങ്ങി ശേഖരിച്ച് വച്ച് പരസ്യത്തിലെ മുത്തച്ഛനെ നോക്കി ഇടക്കിടെ ഞാൻ നുണഞ്ഞു രസിച്ചു.

വിവേകോദയവും നാരായണ ഗുരുവിന്റെ കൃതികളും സ്‌കൂളിലെ സംസ്‌കൃത ക്ലാസ്സുകളിലെ ഉപനിഷദ് പഠനവും ഹൈ സ്‌കൂൾ കഴിയാറായപ്പോഴേക്കും എന്റെ വായന ശീലം മാറ്റിയെടുത്തു. അതോടെ നോവലിന്റെയും കഥകളുടെയും ദൈനംദിന ജീവിതത്തിന്റെ മാസ്മരിക ലോകം നുകരാനുള്ള കഴിവ് പതുക്കെ നഷ്ടപ്പെട്ടു. യഥാർത്ഥ അറിവ് ധ്യാനത്തിലൂടെയും നേതി നേതിയിലൂടെയുമാണ് എന്ന ഒരു കാഴ്ചയുടെ ഫലമായിരുന്നു അത്. വായനയിൽ നിന്നും ഒരു തിരിഞ്ഞു നടത്തം എന്ന് വേണമെങ്കിൽ പറയാം. തെളിമയുള്ള ഒരറിവ് തേടി കൊണ്ടിരുന്നപ്പോൾ ഇന്ദ്രിയാനുഭൂതികളുടെ മായികത നഷ്ടമായി.എല്ലാ കാഴ്ചകളിലും ബ്ലൈൻഡ് സ്പോട്ടുണ്ടാകും.ഓരോരുത്തരും ഇഷ്ടവായനകൾ എങ്ങനെയാണ് തെരഞ്ഞെടുക്കുന്നത്? അവരവർ രൂപപ്പെടുത്തിയെടുക്കുന്നതോ സാഹചര്യത്തിനനുസരിച്ച് രൂപപ്പെട്ടു വരുന്നതോ ആയ കാഴ്ചാഭിരുചികളായിരിക്കും അതിനെ നയിക്കുന്നത്.

ഏതായാലും, കിട്ടുന്നത് എന്തും വായിക്കുക എന്ന എന്റെ സ്വഭാവം അക്കാലത്ത് മാറി വന്നു.അനാവശ്യമായ അറിവും അഭിരുചിക്കിണങ്ങാത്ത എഴുത്തുകളും, മനസ്സിൽ ദേഹത്തെന്ന പോലെ അഴുക്ക് പുരട്ടുകയാണെന്ന തോന്നലാണുണ്ടായത്. ആ കാഴ്ചയിൽ കുറേ മാറ്റങ്ങൾ വന്നു എങ്കിലും ആർത്തി പിടിച്ച വായന എനിക്കില്ല. ഒരു സമ്മാനമെന്ന പോലെ നല്ല പുസ്തകങ്ങൾ വന്നു ചേരണമെന്ന് ഇപ്പോഴും കൊതിക്കുന്നു. കോളേജ് കാലത്ത് ഖസാക്കിന്റെ ഇതിഹാസം അങ്ങനെ അവതരിച്ചു. ഒരു സുഹൃത്തിന്റെ കഥ പറച്ചിൽ, കാഫ്കയുടെ മെറ്റമോർഫോസിസിലെത്തിച്ചു. കുന്ദേരയുടെയും മാധവിക്കുട്ടിയുടേയും പുസ്തകങ്ങൾ എനിക്ക് വില മതിക്കാനാവാത്ത സമ്മാനങ്ങളാണ്. നിത്യചൈതന്യയതി വായിക്കാനായി നിർദ്ദേശിച്ച പുസ്തകങ്ങളൊന്നും വായിച്ചില്ല.വായിക്കാനാരംഭിക്കുമ്പോഴേക്കും എന്റെ അഭിരുചികൾ വീണ്ടും കീഴ്‌മേൽ മറിഞ്ഞു. പുതിയ ബ്ലൈൻഡ് സ്‌പോട്ടുകളുണ്ടായി.

എഴുത്തിന്റെ കാര്യത്തിലും ഇങ്ങനെയൊക്കെയാണ്. നവോന്മേഷത്തിന്റെ നറുമണമില്ലാതെ എന്റെ എഴുത്ത് മറ്റുള്ളവർക്ക് അരുചി ഉണ്ടാക്കുമോ എന്ന് ഭയന്ന് പുസ്തകങ്ങളെഴുതാൻ വൈമുഖ്യം പുലർത്തുന്ന ആളാണ് ഞാൻ. ഒരു പുസ്തകം എഴുതി മുഴുമിപ്പിക്കാറായപ്പോൾ മെഴുകുതിരിയിൽ നിന്ന് തീ പടർന്ന് കത്തി പോയി. അതും എഴുത്തിൽ നിന്ന് പിന്തിരിയാൻ കാരണമായിട്ടുണ്ടാവും. ഡിജിറ്റൽ സൗകര്യങ്ങളുള്ളപ്പോൾ ഇത്തരം അപകടങ്ങൾ ഒഴിവാകും.

മൈത്രേയനും സുഹൃത്തുക്കളും ചേർന്ന് പുസ്തകപ്രസാധക സംഘം നടത്തിയിരുന്ന കാലത്ത് പുസ്തകങ്ങളുടെയും വായനയുടെയും മറ്റൊരു അനുഭവമാണുണ്ടായത്. കൊസാംബിയുടെ നീലച്ചട്ടയും ദേവീ പ്രസാദ് ചതോപാദ്ധ്യായയുടെ പച്ചച്ചട്ടയും ഓർക്കുന്നു എങ്കിലും അതുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം നടത്തിയിരുന്ന ചർച്ചകളാണ് മുന്നിൽ വരുന്നത്. വായനയുടെ രാഷ്ട്രീയം ആയിരുന്നു അവയിൽ വിഷയമായിരുന്നത്.എന്ത് വായിക്കുന്നു എന്നതിനേക്കാൾ എന്ത് ഗ്രഹിക്കുന്നു എന്നത് ഒരാളുടെ അഭിരുചിയും അതിനെ രൂപപ്പെടുത്തിയ രാഷ്ട്രീയനിലയുമാണെന്ന തിരിച്ചറിവാണ് ആ സമയത്തുണ്ടായത്. ഫെമിനിസ്റ്റ് ഗ്രൂപ്പുകൾ കൂടി ആരംഭിച്ച ആ സമയത്ത് പുസ്തകം വിൽക്കുക എന്നത് ഒരു രാഷ്ട്രീയ പ്രവർത്തനമായി കണ്ട് കൊണ്ട് ഞങ്ങൾ സ്ത്രീകളും പുസ്തകം വിൽക്കാൻ ഇറങ്ങിയിരുന്നു.ചെറിയ ഫെമിനിസ്റ്റ് പുസ്തകങ്ങളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പ്രധാനമായും ഓഫീസുകളിലാണ് ഞങ്ങൾ പോയിരുന്നത്. ജെന്റർ വ്യത്യാസമില്ലാതെ തന്നെ എല്ലാവരും പുസ്തകം വാങ്ങി. ഓരോരുത്തരും വിൽപ്പനക്ക് ഓരോ ടെക്‌നിക്കുകൾ കണ്ടെത്തി. കൂടുതൽ വിശദീകരണത്തിന് മെനക്കെടാതെ, 'ഒരു സീരിയസ് പുസ്തകമുണ്ട് കേട്ടോ' എന്ന് മാത്രം പറഞ്ഞു കൊണ്ട് വിൽപ്പന നടത്തിയിരുന്ന ഒരു സുഹൃത്തിനെ അത് പറഞ്ഞ് ഞങ്ങൾ എപ്പോഴും കളിയാക്കിയിരുന്നു. കെട്ടു കണക്കിന് മുറിയുടെ മൂലയിൽ കൂട്ടി ഇട്ടിരുന്ന ആ പുസ്തകങ്ങളുടെ ഒരു കോപ്പി പോലും ഇപ്പോൾ കയ്യിലില്ല.

പുസ്തകങ്ങൾ ഷെൽഫിലോ റാക്കിലോ അടുക്കി വക്കുന്ന സ്വഭാവം എനിക്കില്ല. എന്നാൽ, പല പുസ്തകങ്ങളും വീണ്ടും അത്യാവശ്യമായി റെഫർ ചെയ്യണമെന്ന് തോന്നും. അത് അടക്കാനാവാത്ത ആവേശമായാണ് വരുന്നത്. അപ്പോൾ അത് കിട്ടിയില്ലെങ്കിൽ ഭ്രാന്ത് പിടിച്ച പോലെയാകും. അങ്ങനെ വേണ്ടി വരുമെന്ന് തോന്നുന്ന പുസ്തകങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ആരും കാണാതെ തുണികൾക്കിടയിലോ മറ്റോ ഒളിച്ചു വക്കും. എങ്ങനെ ഒക്കെ ഒളിപ്പിച്ച് വച്ചാലും ചിലപ്പോൾ ആവശ്യമായി വരുന്നേരം ഇവ കാണുകയുമില്ല. ഡിജിറ്റൽ കാലം ഇതിനും പരിഹാരമാണ്. ഇ ബുക്ക് ലഭ്യമാണെങ്കിൽ ആ നിമിഷം പുസ്തകം കയ്യിലെത്തും. ഇല്ലെങ്കിൽ ഓൺ ലൈനിൽ അടുത്ത ദിവസങ്ങളിൽ. ആഹാ ! എന്തൊരു സൗകര്യത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഏത് വിഷയവും എപ്പോഴും നമ്മുടെ വിരൽ തുമ്പിൽ..

ഡിജിറ്റലും പ്രിന്റും ഒപ്പം വായിക്കാൻസൗകര്യമുള്ള കാലത്താണ് ജീവിക്കുന്നതെന്ന് ചിന്തിക്കുമ്പോൾ അത് കൗതുകകരമായി തോന്നുന്നുണ്ട്.
സ്മാർട്ട് ഫോൺ, ലാപ് ടോപ്പ് എന്നിവക്ക് പുറമേ കിന്റൽ കൂടി വന്നപ്പോൾ വായനയുടെ അനുഭവതലം ശരിക്കും മാറി എന്ന് പറയാം. നെറ്റ് കണക്ഷൻ കിട്ടാതെ വരുകയും കറന്റ് പോവുകയും ഒക്കെ ചെയ്യുന്ന സമയത്താണ് ഇപ്പോൾ പ്രിന്റ് ചെയ്ത പുസ്തകം വായിക്കാമെന്ന് ആലോചിക്കുന്നത്.

ഓർമ്മ വച്ച കാലം മുതൽ പുസ്തകങ്ങളും ആഴ്ചപ്പതിപ്പുകളും കൂടെ ഉണ്ടെങ്കിലും പകുതി ജീവിതം പിന്നിടുമ്പോഴാണ് കംപ്യുട്ടർ ഒപ്പം കൂടുന്നത്. ലേഖനങ്ങൾ ഒക്കെ ഡൗൺ ലോഡ് ചെയ്‌തെടുക്കാൻ തുടങ്ങിയെങ്കിലും കമ്പ്യൂട്ടറിന് അഭിമുഖം ഇരുന്ന് വായിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. കിടന്നുള്ള വായനാശീലം കൊണ്ടായിരിക്കണമത്. കസേരയിലിരുന്ന് മേശയിൽ ചാരി വായിക്കുന്ന ശീലം ഒരിയ്ക്കലും ഉണ്ടായിരുന്നില്ല. ഒന്നുകിൽ മരച്ചുവട്ടിലിരുന്ന്, അല്ലെങ്കിൽ കട്ടിലിൽ കിടന്ന്. മരച്ചുവട്ടിൽ വീണു കിടക്കുന്ന ഉണങ്ങി പൊടിഞ്ഞ ഇലകളും വാടിയതോ പുതിയതോ ആയ പൂക്കളും ചുള്ളിക്കമ്പുകളും നൽകുന്ന ആമ്പിയൻസ് വായനക്ക് ഒരു ഹരം നൽകും. ഇതൊക്കെ കൊണ്ട് കംപ്യുട്ടറിൽ നിന്നെടുക്കുന്നതൊക്കെ പ്രിന്റ് ചെയ്ത് മാത്രമാണ് വായിച്ചിരുന്നത്.

ലാപ് ടോപ്പുകൾ വന്നതോടെ അത്യാവശ്യത്തിന് അത് നെഞ്ചിൽ വച്ച് കിടന്ന് വായിക്കാമെന്നായി. സ്മാർട്ട്ഫോൺ എത്തിയപ്പോൾ പ്രിന്റ് എടുക്കൽ തീരെ വേണ്ടല്ലോ. കണ്ണിന് സുഖം തരുന്ന തരത്തിൽ വായിക്കാൻ കിന്റലുകളും വന്നു ചേർന്നതോടെ പ്രിന്റ് പുസ്തകം കുറേശ്ശേ അകന്ന് പോയി എന്ന് പറയാം.

ഇതെന്റെ കാര്യമാണ്. എല്ലാവർക്കും ഇങ്ങനെ ആയി കൊള്ളണമെന്നില്ല. പുസ്തകത്താളിന്റെ പുതുമണം രുചിച്ച് മാത്രം വായിക്കാനിഷ്ടപ്പെടുന്നവരാണധികവും. വിരലിനിടയിൽ, പതുപതുപ്പോടെയുള്ള സ്പര്ശവും പുറംചട്ടയുടെ ഡിസൈനും സ്‌റ്റൈലും, വായനയുടെ ആസ്വാദ്യതക്ക് ആവശ്യമാണെന്ന് കരുതുന്നവർ ഏറെയുണ്ട്. ശീലങ്ങളും, ഉള്ളിൽ ഉറങ്ങി കിടക്കുന്ന ഓർമ്മകളുമൊക്കെ ഈ ഇഷ്ടങ്ങളെ സ്വാധീനിക്കുന്നുണ്ടാകാം.

പുതിയ ഏത് ടെക്നോളജി വരുമ്പോഴും അത് ഉൾക്കൊള്ളാൻ നമുക്ക് മടി ഉണ്ടാകും. എന്നാൽ, പതിയെ അത് നമ്മുടെ ജീവിതത്തോട് ചേരും. പ്രിന്റിൽ നിന്ന് ഡിജിറ്റലിലേക്ക് മാറുമ്പോഴും ഇത് തന്നെയാണ് സംഭവിക്കുന്നത്. പുതിയ രീതികൾ ഉള്ളിലേക്ക് ഇഴുകി ചേരാൻ കുറച്ച് സമയമെടുക്കും. വാമൊഴിയിൽ നിന്ന് വരമൊഴിയിലേക്ക് മാറിയപ്പോഴും എഴുത്തോലയിൽ നിന്ന് അച്ചടിയിലേക്ക് വന്നപ്പോഴുമൊക്കെ ഈ അനുഭവം ഉണ്ടായിട്ടുണ്ട്. വാമൊഴിയിൽ നിന്ന് എഴുത്തിലേക്ക് മാറിയപ്പോൾ നമ്മുടെ ഓർമ്മശക്തി കുറഞ്ഞു പോകുമെന്ന് പണ്ഡിതർ പോലും ഉത്കണ്ഠപ്പെട്ടു. എഴുതി സൂക്ഷിക്കാൻ കഴിവ് കിട്ടിയതോടെ ഓർത്ത് വെക്കേണ്ട ആവശ്യം കുറഞ്ഞു. അപ്പോൾ ഓർമ്മക്കുള്ള കഴിവും കുറഞ്ഞിരിക്കാം. പക്ഷേ, അതു കൊണ്ട് മനുഷ്യസമൂഹത്തിന് എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുന്നുണ്ടോ അതോ നേട്ടങ്ങളാണോ ഉണ്ടായത് എന്നതൊക്കെ തീർപ്പ് കൽപ്പിക്കാൻ കഴിയാത്ത കാര്യങ്ങളാണ്.

ഡിജിറ്റൽ വായന വരുമ്പോഴും ഇതു പോലെയുള്ള കാര്യങ്ങൾ സമൂഹത്തെ ആകുലപ്പെടുത്തുന്നുണ്ട്. വായനയുടെയും ചിന്തയുടെയും ആഴം കുറഞ്ഞു പോകുന്നു എന്ന് ചിലർ കരുതുന്നു. എല്ലാം പെട്ടെന്ന് വിരൽ തുമ്പിൽ ലഭ്യമായതിനാൽ ഓർത്ത് വെക്കുകയോ രചനകൾ ശേഖരിച്ച് വക്കുകയോ വേണ്ടി വരുന്നില്ല എന്ന് പറയപ്പെടുന്നു. വിദ്യാർഥികളും ഗവേഷകരും ഇങ്ങനെ പറയുന്നുണ്ട്.

എന്നാൽ, ഇതിനപ്പുറം അറിവ് നമ്മുടെ കയ്യെത്തും ദൂരത്തുണ്ടെന്നത് നൽകുന്നത് വലിയ ആത്മവിശ്വാസമാണ്. മറ്റുള്ളവരുമായി പെട്ടെന്ന് കണക്ട് ചെയ്യാമെന്നത് മനുഷ്യരുടെ ബന്ധത്തെ കൂടുതൽ ഉറപ്പിക്കുകയല്ലേ? ഡിജിറ്റൽ ലോകത്ത് മനുഷ്യർ ഒറ്റപ്പെടുന്നു എന്ന പരാതി സാധാരണമാണെങ്കിലും വാസ്തവം മറിച്ചാണ്. ടെക്നോളജിയുടെ വികാസം മനുഷ്യരെ പരസ്പരം കൂടുതൽ ആശ്രിതരാക്കുകയാണ്. താൽക്കാലികമായെങ്കിലും ഒറ്റക്ക് ജീവിക്കാൻ മനുഷ്യർ പ്രാപ്തരല്ലാതാകുന്നു. ഒറ്റക്ക് ചെയ്യാമായിരുന്ന പലതും യന്ത്രങ്ങൾ ഏറ്റെടുക്കുമ്പോൾ അത് പൊതുവായ വസ്തുവും അറിവുമായി മാറുകയാണ്. ഓരോരുത്തരും സവിശേഷ മേഖലയിൽ പ്രവർത്തിക്കുന്നതിനാലും ടെക്നോളജിക്കൽ ആയ അറിവ് ഏവർക്കും ലഭ്യമാക്കാവുന്നതായത് കൊണ്ടും ഏതൊരാളും മറ്റുള്ളവരോട് കടപ്പെടുന്നു. ഡിജിറ്റൽ വായനയും മനുഷ്യരെ കൂടുതൽ പരസ്പരം ബന്ധിപ്പിക്കുകയാണ്. അറിവ് പൊതുവാക്കി മാറ്റുന്നതിന് ഇത് സഹായകമാണ്. സ്ത്രീകൾക്കും, മറ്റു പൊതുധാരയിൽ നിന്ന് പിന്തള്ളപ്പെട്ടവർക്കും ഇപ്പോൾ ആത്മപ്രകാശനം എളുപ്പമായിരിക്കുന്നു. വാമൊഴി ആയാലും കൈയെഴുത്തായാലും പ്രിന്റ് പുസ്തകമായാലും ഡിജിറ്റൽ രേഖയായാലും ഓഡിയോ ആയാലും രചനയുടെയും വായനയുടെയും ശില്പചാതുരി മനുഷ്യരെ പരസ്പരം തൊടുവിക്കുന്നതാണ്. കൂട്ടി ഇണക്കുന്നതാണ്.


Summary: ‘‘ഡിജിറ്റൽ ലോകത്ത് മനുഷ്യർ ഒറ്റപ്പെടുന്നു എന്ന പരാതി സാധാരണമാണെങ്കിലും വാസ്തവം മറിച്ചാണ്. ടെക്നോളജിയുടെ വികാസം മനുഷ്യരെ പരസ്പരം കൂടുതൽ ആശ്രിതരാക്കുകയാണ്. ഒറ്റക്ക് ചെയ്യാമായിരുന്ന പലതും യന്ത്രങ്ങൾ ഏറ്റെടുക്കുമ്പോൾ അത് പൊതുവായ വസ്തുവും അറിവുമായി മാറുകയാണ്. ഡിജിറ്റൽ വായനയും മനുഷ്യരെ കൂടുതൽ പരസ്പരം ബന്ധിപ്പിക്കുകയാണ്. അറിവ് പൊതുവാക്കി മാറ്റുന്നതിന് ഇത് സഹായകമാണ്. സ്ത്രീകൾക്കും, മറ്റു പൊതുധാരയിൽ നിന്ന് പിന്തള്ളപ്പെട്ടവർക്കും ഇപ്പോൾ ആത്മപ്രകാശനം എളുപ്പമായിരിക്കുന്നു.’’- ട്രൂ കോപ്പി വിജയകരമായ മൂന്നുവർഷങ്ങൾ പൂർത്തിയാക്കുന്ന സന്ദർഭത്തിൽ, ടെക്​നോളജി എങ്ങനെയാണ്​ വായനയെയും ആശയവിനിമയത്തെയും നവീകരിക്കുന്നത്​ എന്ന്​ വിശകലനം ചെയ്യുകയാണ്​​ ഡോ. എ.കെ. ജയശ്രീ


Comments