പൂർണമായും എന്നെ ഞാൻ ഡിജിറ്റൈസ് ചെയ്തുകഴിഞ്ഞു

‘‘വയസ്സായവർക്ക് എന്നെ കാണാൻ സാധിക്കില്ല, ഞാൻ നിലയ്ക്കാനാഗ്രഹിക്കുന്നില്ല, ഓട്ടത്തിലാണ്, ഒഴുക്കിലാണ്. ആവർത്തന വിരസവും വൃത്തനിബദ്ധവുമായ പരമ്പരാഗതരാഗങ്ങളിൽ വട്ടം കറങ്ങിയാൽ എനിക്ക് തലചുറ്റുകയും മടുത്തുപോവുകയും ചെയ്യുന്നുണ്ട്. പ്രിൻറ്​ മീഡിയ ഒരുക്കിത്തന്നിരുന്ന എഴുത്തുകാരപ്പട്ടത്തിന്റെ ആഘോഷങ്ങൾക്കും അഹങ്കാരങ്ങൾക്കും ഇവിടൊരു പ്രസക്തിയുമില്ല’’- ട്രൂ കോപ്പി വിജയകരമായ മൂന്നുവർഷങ്ങൾ പൂർത്തിയാക്കുന്ന സന്ദർഭത്തിൽ, ഡിജിറ്റൽ വായന എന്ന അനുഭവം എഴുതുകയാണ്​ എസ്​. ശാരദക്കുട്ടി.

ട്രെയിൻ യാത്രക്കിടയിൽ വലിയ സഞ്ചിയിൽ നിന്ന് പല പാത്രങ്ങളിലായി ഭക്ഷണം കെട്ടിക്കൊണ്ടുവന്ന് നിരത്തി വിളമ്പിവെച്ചു കഴിക്കുന്ന ചില ദമ്പതികളെ കാണുമ്പോൾ പണ്ട് പുസ്തകങ്ങൾ ചുറ്റും നിരത്തിയിട്ടിരുന്ന് വായിക്കാനിരുന്ന കാലം ഓർമ വരും. ഇന്ന് ഭക്ഷണമോ പ്ലേറ്റോ പ്രധാനം എന്ന്​ആരെങ്കിലും ചോദിച്ചാൽ ഡിസ്‌പോസിബിൾ പ്ലേറ്റിൽ കിട്ടുന്ന ലഘു ഭക്ഷണമെന്നേ പറയൂ.
പ്ലേറ്റല്ല, ഭക്ഷണമാണ് പ്രധാനം.

എഴുത്തിലും വായനയിലും മൊബൈൽ ഫോൺ വലിയ വിപ്ലവം സൃഷ്ടിക്കുന്ന കാലമാണിത്. ഇന്റർനെറ്റ് വായനയും മൊബൈൽ എഴുത്തും ആശയവിനിമയ രീതികളിലുണ്ടാക്കിയത് വലിയ മാറ്റങ്ങളാണ്. ചെറുപ്പക്കാർക്കിടയിൽ വായനാശീലം വർദ്ധിക്കുന്നതിന് ഇത് സഹായിക്കുന്നുണ്ട്. ട്വിറ്ററിലും മറ്റു സോഷ്യൽ മീഡിയയിലും ഒക്കെ വളരെ ഡെഡിക്കേറ്റഡായ വായനക്കാരും എഴുത്തുകാരും ഉണ്ടെന്നും അവർ നയിക്കുന്ന പുതിയതരം ആശയ-വിനിമയ സംസ്‌കാരത്തെ തള്ളിക്കളയാൻ പാടില്ലെന്നും പ്രശസ്ത കനേഡിയൻ എഴുത്തുകാരിയായ മാർഗററ്റ് ആറ്റ്​വുഡ്​ ഈയിടെ പറഞ്ഞു. പഴയ ടെലിഗ്രാം സന്ദേശങ്ങൾ പോലെ, മരങ്ങളിൽ പേരു കൊത്തിവെക്കുന്നതുപോലെ. ഹൈക്കു കവിത പോലെ 140 വാക്കുകളിൽ ഒരാൾക്ക് ഒരു നല്ല കഥ ചുരുക്കാൻ കിട്ടുന്ന പരിശീലനമാണത്. അതിനെതിരെ നെറ്റി ചുളിക്കേണ്ടതില്ല.

ഒരാൾക്ക് എന്തിനാണിത്രയധികം പുസ്തകങ്ങളെന്ന് തോന്നിയപ്പോഴാണ് ഒരു മാസം മുൻപ് എന്റെ ​പേഴ്​സണൽ ​ലൈബ്രറി ഒന്നൊഴിച്ചെടുക്കാൻ തീരുമാനിച്ചത്. ‘വായനശാലകൾക്കായി പുസ്തകങ്ങൾ ആവശ്യമുള്ളവർ സമീപിക്കൂ' എന്നൊരു fb പോസ്റ്റിട്ടു. ഫോണിൽ നിർത്താതെ വിളികൾ വന്നു തുടങ്ങി. അഞ്ചു മിനിട്ടിനുള്ളിൽ ആ പോസ്റ്റ് ഡിലീറ്റ്​ ചെയ്യേണ്ടി വന്നു. കേരളത്തിന്റെ നാനാ ഭാഗത്തുനിന്നായി അത്രയധികം പേരാണ് പല വായനശാലകൾക്കുവേണ്ടി പുസ്തകങ്ങൾ ഏറ്റുവാങ്ങാൻ സന്നദ്ധരായത്.

എന്റച്ഛ​ന്റെ യൗവ്വനത്തോളം പഴക്കമുണ്ട് എന്റെ അലമാരകളിലെ പല പുസ്തകങ്ങൾക്കും മാസികകൾക്കും. ഇല്ലസ്​ട്രേറ്റഡ്​ വീക്കിലി, റീഡേഴ്‌സ് ഡൈജസ്റ്റ്, Womens era, Star dust, മാതൃഭൂമി, ഭാഷാപോഷിണി, ഭാവൻസ് ജേർണൽ, മിറർ, ഭാഷാസാഹിതി തുടങ്ങിയ മാസികകളുടെ പഴയ ലക്കങ്ങൾ ബയൻറ്​ ചെയ്ത് സൂക്ഷിക്കുമായിരുന്നു അച്ഛൻ. 1960 കൾ മുതലുള്ളവ അന്ന് വീട്ടിലെ പുസ്തകമുറിയിൽ നമ്പറിട്ട് അടുക്കിവെച്ചിരുന്നത് ഓർക്കുന്നു. അന്നത്തെ ഗവേഷക വിദ്യാർഥികൾ വീട്ടിലെത്തി അവയിൽ നിന്ന് കുറിപ്പുകൾ എടുത്തിരുന്നു. എം.എസ്​സി ഗണിതശാസ്ത്ര പഠനത്തിനുശേഷം ഞാൻ ഭാഷാസാഹിത്യത്തിൽ രണ്ടാമതൊരു പി.ജി ചെയ്യാൻ തീരുമാനിച്ചപ്പാൾ അച്ഛൻ ഏറെ ആഹ്ലാദിച്ചു. തന്റെ പുസ്തകങ്ങൾക്ക് ഒരവകാശിയായി എന്നഭിമാനിച്ചു. മുഴുപുസ്തകഭ്രാന്തനായിരുന്ന അച്ഛൻ അദ്ദേഹത്തിന്റെ മുഴുവൻ പുസ്തകങ്ങളും എടുത്തുകൊണ്ടുപോകാൻ എനിക്ക് അനുവാദം തന്നു. എന്റെ വിവാഹശേഷം പലപ്പോഴായി കോട്ടയത്തെ വീട്ടിൽ നിന്ന് പെരുന്നയിലെ വീട്ടിലേക്ക് ഞാനവ കടത്തി.

പെരുന്നയിലെ എന്റെ വീടിന്റെ മുകളിലെ നിലയുടെ ഒരു മുറി നിറയെ പുസ്തക അലമാരകളാണ്. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്കു ശേഷം സ്വന്തമായൊരു വീട് വെച്ച് മാറിയപ്പോൾ ഞാൻ പുസ്തകങ്ങൾക്കായി ആഗ്രഹിച്ചു പണിയിച്ച മുറിയാണ്. നിറയെ ജനാലകളാണതിന്. റോഡിനഭിമുഖമായാണ് അലമാരകൾ നിരത്തിയിരുന്നത്. പുസ്തകങ്ങൾക്ക് കാറ്റും വെളിച്ചവും വേണം. വായിക്കുമ്പോൾ എനിക്ക്, ലോർക എഴുതിയതു പോലെ ദൂരെ ഓറഞ്ച് തിന്നുന്ന കുട്ടിയെ കാണണം. മഴയും വെയിലും കാറ്റും പിടിച്ചെടുത്ത് എന്റെ പുസ്തകങ്ങൾ പഴമ മറന്ന് ഊർജ്ജസ്വലരാകണം. അവിടെയിരുന്നാണ് കഴിഞ്ഞ ഇരുപതു വർഷമായി ഞാൻ ലേഖനങ്ങളെഴുതുന്നത്. എഴുതുന്ന മേശ നിറയെ പുസ്തകങ്ങൾ നിരത്തിയിട്ട് അതിന് നടുക്കിരുന്നുമാത്രം എഴുത്ത് ശീലിച്ച ഞാൻ ഇപ്പോൾ യന്ത്രവേഗത്തിൽ എന്റെ പുസ്തകങ്ങൾ അടുക്കി മാറ്റുകയാണ്. ഇന്റർനെറ്റ് യുഗത്തിൽ ഒരാൾക്ക് ഇത്രയധികം അച്ചടിച്ച രേഖകൾ സൂക്ഷിച്ചു വെക്കേണ്ട ആവശ്യമില്ല.

ആമസോണിന്റെ പല പെട്ടികളിലായിട്ടാണ് ഞാനവയെ അടുക്കിയത്.

അപ്പോഴാണ് ഇത്രയധികം ആമസോൺ പെട്ടികൾ ഇവിടെങ്ങനെ വന്നു എന്ന് എന്റെ ജീവിതപങ്കാളി അമ്പരന്നത്. ഞാൻ അത്രയ്ക്ക് മുന്നോട്ട് ഓടിപ്പോയത് തിരക്കുകൾക്കിടയിൽ അദ്ദേഹം അറിഞ്ഞിരുന്നില്ല. എന്റെ ജീവിതവും വായനയും ഷോപ്പിങ്ങും സിനിമ കാണലും എല്ലാം ലിങ്കുകളിൽ വിരൽ തൊട്ട് ദേശാന്തരങ്ങളിലേക്ക് വികസിക്കുകയായിരുന്നു. മലയാളവും ആഗോളമായി ചിതറിപ്പരന്നു കഴിഞ്ഞല്ലോ. അതിനായി വിവിധ ആപ്പുകളും ഉപകരണങ്ങളും കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ ഉണ്ടാകുകയും ജനകീയമാകുകയും ചെയ്തിട്ടുണ്ടല്ലോ. മാത്രമല്ല, എഴുതിയ ലേഖനങ്ങളുടെയും പുസ്തകങ്ങളുടെയും ഓഡിയോ രൂപവും ലഭ്യമാണ്.

അങ്ങനെ, ഒരിക്കൽ എന്റെ സിരകളെ ത്രസിപ്പിച്ചിരുന്ന പുസ്തകങ്ങൾ ഒന്നൊന്നായി ആമസോൺ പെട്ടികളിലേക്ക് മാറുകയാണ്.
‘ആകെയൽപനേരം മാത്രം ഈയുടുപ്പു മാറ്റുവാൻ ...
അപ്പോഴുമെൻ രഥത്തിന്റെ ചക്രം മുന്നോട്ടോടുന്നു' എന്ന് തൊട്ടടുത്ത പള്ളിയിലെ ഒരു ചരമ ഘോഷയാത്രയുടെ വിലാപഗീതം കേട്ടുകൊണ്ട് ഒരിക്കൽ പ്രധാനമെന്നു കരുതിയിരുന്ന പ്രിയപുസ്തകങ്ങൾ, പെട്ടിയിൽ അലങ്കരിച്ച് അടുക്കിത്തുടങ്ങി.

പുസ്തകത്തിന്റെ മണം, മാസികകളും വാരികളും ഉണർത്തി നിർത്തിയിരുന്ന പാരമ്പര്യാഭിമാനം, താളുകൾക്കിടയിലിഴയുന്ന ഇരട്ടവാലൻ പുഴു- ഒന്നും എന്നെ ഗൃഹാതുരയാക്കുന്നില്ല. കാരണം ഇന്ന് എന്റെ സൗകര്യങ്ങളാണെനിക്കു പ്രധാനം. കണ്ണിന്റെയും കൈയിന്റെയും സൗകര്യം. വീട്ടിലുറങ്ങുന്ന മറ്റു മനുഷ്യർക്ക് അസൗകര്യമുണ്ടാക്കാതെ ലൈറ്റണച്ച് കിടന്ന്​ വായിക്കാനുള്ള സൗകര്യം, അടുക്കിക്കൂട്ടി വെച്ച മാസികകൾക്കിടയിൽ നിറയുന്ന പൊടിയിൽ നിന്നുള്ള നിത്യമോചനം. അങ്ങനെ എന്തെല്ലാം. അതിലുപരി വായനയിൽ വളരെ സെലക്​റ്റീവായിക്കൊണ്ടിരിക്കുന്ന പ്രായത്തിന് പറ്റിയത് ഡിജിറ്റൽ വായന തന്നെയാണ് എന്ന തോന്നലും . വേണ്ടതു മാത്രം ഡൗൺലോഡ്​ ചെയ്തു വായിച്ചാൽ മതിയല്ലോ. മുൻപാണെങ്കിൽ യാത്ര പോകുമ്പോൾ കുറഞ്ഞതു നാലു പുസ്തകമെങ്കിലും കയ്യിൽ കരുതേണ്ടിയിരുന്നു . ഇപ്പോൾ അതുമാവശ്യമില്ല.
less luggage, more comfort.

ഓരോ പുസ്തകവും ഓരോ മനുഷ്യനാണെന്നും അവയ്ക്ക് മിടിക്കുന്ന ഹൃദയമുണ്ടെന്നും അവയ്ക്ക് കണ്ണീരൊപ്പാനുള്ള കഴിവുണ്ടെന്നും പത്തു വർഷം മുൻപെഴുതിയ ഞാൻ തന്നെയോ ഇത്?
കെ.സി. കേശവപിള്ള എഴുതിയ കേശവീയം വർഷങ്ങൾക്കു മുൻപ് എന്റെ കയ്യിൽ നിന്ന്​ വാങ്ങിയിട്ട്, കളഞ്ഞുപോയെന്ന് ഉദാസീനനായി പറഞ്ഞ സഹാധ്യാപകനോട് പരിധിവിട്ട് കയർത്ത ഞാനാണോ ഇത്? അതും, ‘സംസ്ഥാനതല അക്ഷരശ്ലോക മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ആറ് സി.യിലെ എസ്. ശാരദക്കുട്ടിക്ക് ഹെഡ് മാസ്റ്റർ നൽകുന്ന സമ്മാനം' എന്നെഴുതിയിരുന്ന കേശവീയം.

ആ കൈപ്പട ഓർമയിൽ വന്നപ്പോഴാണ് പേന കൈ കൊണ്ട് തൊട്ടിട്ട് എത്ര കാലമായെന്ന് ഞാനാലോചിച്ചത് പലചരക്കു കടയിലേക്കും പച്ചക്കറിക്കും ഉള്ള ലിസ്​റ്റ്​ എടുക്കുന്നതു പോലും ഫോണിലായത് എന്നു മുതലായിരിക്കും?ഇപ്പോൾ എനിക്കുവേണ്ടി ഓർമകളും പുസ്തകങ്ങളും സൂക്ഷിക്കുന്ന വലിയ അലമാരകളുള്ള ഒരു കുഞ്ഞുപകരണം എന്റെ കയ്യിലുണ്ട്.

ഈ വർഷം ആകെ എത്ര പുസ്തകങ്ങൾ വായിച്ചു എന്ന് ഡിസംബറിലെ കണക്കെടുപ്പിനു വിളിച്ചവർ ചോദിച്ചു. കയ്യിലെടുത്തു പിടിച്ച പ്രിന്റഡ് പുസ്തകമാണോ ഉദ്ദേശിച്ചതെന്നു മറുചോദ്യമാണ് ഞാൻ ചോദിച്ചത്. അവാർഡ് നിർണയിക്കുന്നതിനായി പല സംഘടനകളിൽ നിന്ന് അയച്ചുകിട്ടിയ കുറച്ചു മലയാള പുസ്തകങ്ങൾ മാത്രമാണ് ഓർണ വന്നത്. അതൊക്കെ വായിച്ച കഷ്ടപ്പാട് എനിക്കറിയാം. നിന്നും നിരങ്ങിയും മുക്കിയും മൂളിയും വായിച്ചു തീർത്തവയാണേറെയും. ഓരോ മാസവും ശമ്പളം കിട്ടുന്ന ദിവസം ഡി.സി ബുക്‌സിലും മാതൃഭൂമിയിലും ഒക്കെ ചെന്ന് മൂവായിരത്തിലധികം രൂപക്ക് പുസ്തങ്ങൾ വാങ്ങിയിരുന്ന ഞാനോ ഇത്?

എന്നാൽ ഇക്കാലത്തും ഞാൻ വായിക്കുക തന്നെയായിരുന്നുവല്ലോ രാവും പകലും ഇടമുറിയാതെ. ഓൺലൈൻ വായനയുടെ സൗകര്യങ്ങൾ, ഒ.ടി.ടി സിനിമയുടെയും ആമസോൺ ഷോപിങ്ങിന്റെയും സാധ്യതകൾ, ഇതൊക്കെ ആവോളം ആസ്വദിക്കുകയാണല്ലോ. ഇന്നലെയും വിദേശത്തിറങ്ങിയ രണ്ടു പുതിയ പുസ്തകങ്ങളുടെ പി.ഡി.എഫ്​ ഒരു സുഹൃത്ത് അയച്ചു തന്നു. ഞാൻ വായനയും തുടങ്ങി. അർഥം അറിയേണ്ട വാക്കിൽ ഒന്നു തൊട്ടാൽ മതി അർഥങ്ങൾ തെളിഞ്ഞു വരും. ഇത്രയും സുഖകരവും അനായാസവുമായിരുന്നില്ല വായന മുൻപൊരിക്കലും. എം.മുകുന്ദന്റെ അഗ്‌നി എന്ന നോവൽ ഇറങ്ങിയ കാലത്ത് ഇ- മെയിൽ ഐഡി എന്ന കോൺസെപ്​റ്റിനെ പോലും ഉൾക്കൊള്ളാൻ കഴിയാതെ, ആ ഭാഗം എത്രയാവർത്തി തിരിച്ചും മറിച്ചും വായിച്ചു എന്നത് ഇന്ന് ലേശം ലജ്ജയോടെ ഓർക്കുന്നു.

പഴയ പത്രമാസികകൾ എടുക്കാൻ വരുന്ന തമിഴ്‌നാട്ടുകാരി ശാന്തിയുമായി എനിക്ക് നല്ല അടുപ്പമാണ്. ശാന്തി വരുമ്പോഴാണ് കൊടുക്കുവാൻ പത്രമാസികകൾ തീരെയില്ലാതായല്ലോ എന്ന് ഞാൻ ഓർമിച്ചു തുടങ്ങിയത്. അതുകൊണ്ട് ഞാൻ പത്രം വായിക്കുന്നില്ല എന്നർഥമുണ്ടോ? രാവിലെ തോറും വീട്ടു വാതിൽക്കൽ സൈക്കിളിൽ അച്ചടിച്ച പത്രം വരുന്നില്ല എന്നേയുള്ളൂ. അന്നുള്ളതിനെക്കാൾ വേഗത്തിൽ വാർത്തകൾ ഓൺലൈനിൽ വരുന്നുണ്ട്, അറിയുന്നും പ്രതികരിക്കുന്നുമുണ്ട്.

പ്രിൻറ്​ മീഡിയക്കു സംഭവിച്ച ശോഷണത്തെക്കുറിച്ച് എന്നേക്കാൾ നന്നായി ശാന്തി പറയും. ഫ്ലാറ്റുകളിലൊക്കെ ചെറുപ്പക്കാരായതു കൊണ്ട് പത്രമില്ല എന്നവൾ തമിഴ് കലർന്ന മലയാളത്തിൽ പറഞ്ഞു. ‘ടീച്ചറും ചെറുപ്പമായോ, വായന നിർത്തിയോ' എന്നുചോദിച്ച് ശാന്തി ഉറക്കെ ചിരിക്കും. ഞാൻ ഫോണിൽ നിന്ന് തമിഴ്പത്രങ്ങൾ വരെ എടുത്ത് ശാന്തിക്ക് കാണിച്ചു കൊടുത്തു. അവൾ താടിക്ക് കൈ കൊടുത്ത് അതെല്ലാം യാഥാർഥ്യത്തെ ഉൾക്കൊണ്ടു തന്നെ കണ്ടിരുന്നു. ചെറുപ്പക്കാരുടേതാണ് കൂടുതൽ വേഗതയുള്ള, സുഖകരവും ശക്തവുമായ വായനശീലങ്ങളെന്ന് ശാന്തിക്ക് മനസ്സിലാക്കി കൊടുക്കാൻ കഴിഞ്ഞു. ലോകത്തെ എല്ലാ പത്രങ്ങൾക്കും മികച്ച വെബ്‌സൈറ്റുകളും ആപ്പുകളുമുണ്ടെന്നും ലോകത്തെവിടെയുമിറങ്ങുന്ന വാർത്തകൾക്കായി സബ്സ്‌ക്രൈബ് ചെയ്യാനാകും വിധമാണ് ആപ്പും വെബ്‌സൈറ്റും ക്രമീകരിച്ചിരിക്കുന്നതെന്നും പറഞ്ഞത് ശാന്തി കേട്ടു. അക്ഷരങ്ങൾ ഇഷ്ടമുള്ള പോലെ വലിപ്പം കൂട്ടുകയും കുറക്കുകയും ചെയ്യുന്ന വിധവും രാത്രിവായനക്കായി ലഘുവായ വെളിച്ച സംവിധാനങ്ങൾ അഡ്ജസ്റ്റ് ചെയ്യുന്ന വിധവുമെല്ലാം ശാന്തിക്ക് മനസ്സിലായി.

രണ്ടു വർഷത്തെ കോവിഡ് അടച്ചിരിപ്പിനു ശേഷം യാത്രകൾ പുനരാരംഭിച്ചപ്പോഴേക്കും പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ ന്യൂസ് സ്റ്റാന്റുകൾ മിക്കവയും അപ്രതൃക്ഷമായിരുന്നു. ആ ആഴ്ചയിലിറങ്ങിയിരുന്ന ഏതെങ്കിലും രണ്ട് പ്രസിദ്ധീകരണം വാങ്ങാതെ ട്രെയിനിൽ കയറാറില്ലായിരുന്നു മുൻപൊക്കെ. മിക്ക റെയിൽവേ സ്റ്റേഷനിലും ന്യൂസ് സ്റ്റാന്റിരുന്നിടത്ത് പുതിയ കോഫീ ഷോപ്പുകൾ വന്നിരിക്കുന്നു. ആരും മാസികകൾ വാങ്ങാറില്ലെന്ന് സ്റ്റേഷനിലെ പഴയ ന്യൂസ് സ്റ്റാൻഡ് ഉടമ പരിഭവിച്ചു. ട്രെയിനിൽ സ്ഥിരമായിരുന്ന പത്രവായനക്കാരും ഇപ്പോഴില്ല. യാത്രക്കാർ എല്ലാവരും പക്ഷേ വായിക്കുകയോ സിനിമ കാണുകയോ ഒക്കെത്തന്നെയാണ്. ചിലർ ഫേസ് ബുക്കിൽ. മറ്റു ചിലർ ഗെയിമുകളിൽ. ചെറുപ്പക്കാർ ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലും. ഒരേ ട്രെയിനിൽ ഒരേ കംപാർട്ട്‌മെന്റിലുണ്ടായിരുന്നിട്ടും ഞാനും എന്റെ സുഹൃത്തും തിരുവനന്തപുരമെത്തുന്നതു വരെ പരസ്പരം കണ്ടില്ല. ഞാൻ രണ്ടു സിനിമ കണ്ടു. അദ്ദേഹവും അങ്ങനെയെന്തോ ശ്രദ്ധയിലായിരുന്നിരിക്കും. തമ്പാനൂരിൽ ഇറങ്ങാറായപ്പോൾ തല ഉയർത്തി രണ്ടാളും. കണ്ടതിന്റെ അത്ഭുതം പങ്കു വെക്കാനുള്ള സമയമേ ഉണ്ടായിരുന്നുള്ളു. ട്രെയിൻ നിർത്തി. രണ്ടാളും രണ്ടു വഴിക്കുപോയി.

ധാരാളം നല്ല ലേഖനങ്ങളും കഥകളും കവിതകളും അഭിമുഖങ്ങളും മലയാളത്തിലും ഇംഗ്ലീഷിലും ഓൺലൈനായി വായിച്ച വർഷങ്ങളാണ് ഇക്കഴിഞ്ഞ മൂന്നു വർഷങ്ങൾ. മലയാള ആനുകാലികങ്ങളിൽ വന്ന കവിതകളും കഥകളും വായിച്ചതാകട്ടെ വാട്ട്‌സ് ആപ് വഴിയോ ഫേസ് ബുക്ക് വഴിയോ അയച്ചു കിട്ടിയപ്പോഴാണ്.

കോവിഡിന്റെ മടുപ്പിച്ചു കളഞ്ഞ ദുരിതകാലത്ത് ഓൺലൈനിൽ നിന്ന് കണ്ണെടുക്കാൻ സമയമില്ലാതെ നിരന്തര ഇടപെടലിലൂടെ വായനക്കാരെ സമൂഹത്തോടും സാമൂഹിക പ്രശ്‌നങ്ങളോടും ചേർത്തുനിർത്തിയ എത്ര ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ. തഴക്കം വന്ന എഡിറ്റർമാരുടെ പരീക്ഷണ കൗതുകങ്ങളും എഴുത്തിന്റെയും വായനയുടെയും പുതുലോകങ്ങളും പുതുതലമുറയുടെ സാങ്കേതിക രംഗത്തെ കുതിച്ചുചാട്ടങ്ങളും. ശ്വാസം വിടാൻ നേരം തരാതെ അവ എന്നെ വായിപ്പിക്കുകയാണ്.

വായിച്ചുവായിച്ച് ന്യൂ ജെൻ ആകുവാൻ ഞാനോടുന്നത് ഡിജിറ്റൽ വായനക്കൊപ്പം കൂടിയാണ്.

ചിന്തയെ മുന്നോട്ടു നയിച്ചതും അറിവ് തന്നതുമായ എണ്ണിയാൽ തീരാത്ത വായനകൾ. അതിനെയൊക്കെ ആദ്യമൊന്നും ആരും വായനയായി എണ്ണിയിരുന്നില്ല. എന്നാൽ അംഗീകരിക്കാതെ മുന്നോട്ടു പോകാനാവില്ല എന്ന് സമ്മതിപ്പിച്ചുകൊണ്ട് ഡിജിറ്റൽ വായന മുന്നോട്ടു കുതിക്കുകയാണ്. അഭിമാനിക്കാവുന്നതും ഗൗരവമുള്ളതുമായ ഒരു വായനക്കാലം. സാമൂഹിക-രാഷ്ട്രീയ പ്രതിബദ്ധതയോടെയുള്ള ഒരിടപെടൽകാലം. എല്ലാത്തരം വൈറസുകളോടും നിരന്തരം പോരാടിക്കൊണ്ടുള്ള ഒരക്ഷീണ യാത്ര.

ആശയവിനിമയത്തിന്റെ ലോകം കുറെ കൂടി ചെറുപ്പമായി. തീരെ ചെറുതും വളരെ വലുതുമായ പ്രമേയലോകങ്ങൾ ഡിജിറ്റൽ ലോകത്തുണ്ട്. പുതുലോകത്തേക്ക് അത് കൂടുതൽ വിസ്മയത്തോടെ കണ്ണുകൾ തുറക്കുന്നുണ്ട്. പ്രിൻറ്​ മീഡിയ ഒരുക്കിത്തന്നിരുന്ന എഴുത്തുകാരപ്പട്ടത്തിന്റെ ആഘോഷങ്ങൾക്കും അഹങ്കാരങ്ങൾക്കും ഇവിടൊരു പ്രസക്തിയുമില്ല. സാങ്കേതികതയുടെ വിസ്മയ വെളിച്ചങ്ങളിലിരുന്ന് ഇവിടെ എല്ലാവരും എഴുതുന്നു, ആശയങ്ങൾ പരസ്പരം കടമെടുക്കുകയും പകർത്തുകയും പങ്കു വെക്കുകയും ചെയ്യുന്നു. കഴിവുള്ളവരെല്ലാം, ആരെയും ആശ്രയിക്കാതെ തങ്ങളാലാകും വിധം ആശയ വിനിമയപ്രക്രിയയിൽ ഏർപ്പെടുന്നു.

ട്രൂ കോപ്പി വെബ്​സീൻ നൂറാം പാക്കറ്റിൽ ഹരിശങ്കർ കർത്ത എഴുതിയത് ഇവിടെ ചേർക്കുന്നു: ‘‘എഴുപതുകളിലെ സമാന്തര പ്രസിദ്ധീകരണങ്ങൾ അച്ചടിയെ ഉപയോഗിച്ചതുപോലെ സൈബർ സാധ്യതകളെ പ്രയോജനപ്പെടുത്താനും പലരും ശ്രമിച്ചു. അവർക്കിടയിൽ പരുവം കൊണ്ട ഒരു ആശയെ/ആശയത്തെ അതിന്റെ വിപണനപരമായ സാധ്യതകൾ കൂടി പരിഗണിച്ച് കൊണ്ട് സാക്ഷാത്കരിക്കാൻ കഴിഞ്ഞ ഒരു സംരംഭമാണ് ട്രൂകോപ്പി തിങ്ക്. ലെഗസിയുള്ള മാദ്ധ്യമസ്ഥാപനങ്ങൾക്ക് ഇതിനേക്കാൾ മികച്ച രീതിയിൽ ചെയ്യാമായിരുന്ന ഒരു കാര്യമാണ് ട്രൂകോപ്പി ചെയ്തത്. നൂറു പാക്കറ്റുകൾ കഴിഞ്ഞ സ്ഥിതിയ്ക്ക് അതവരുടെ മിടുക്കായി പോയന്നേ ഇനി പറയാനാവൂ. മലയാളത്തിന്റെ നവകാല മാദ്ധ്യമ ചരിത്രത്തിൽ അവർ അവരുടേതായ ഒരു സ്‌പേസ് സംഘടിപ്പിച്ചിരിക്കുന്നു.’’

കഴിഞ്ഞ ദിവസം ഒരു കവിസുഹൃത്ത് ചോദിച്ചു, ‘ടീച്ചറെ ഈയിടെയായി മുഖ്യധാരാ മാധ്യമങ്ങളിലൊന്നും കാണുന്നില്ലല്ലോ, എഴുത്തൊക്കെ നിർത്തിയോ' എന്ന്.

ഞാൻ പറഞ്ഞു, ‘പൂർണമായും ഡിജിറ്റൈസ് ചെയ്തു എന്നെ ഞാൻ. വായനയും എഴുത്തും പുതിയ തലമുറക്കൊപ്പമാണ്. വയസ്സായവർക്ക് എന്നെ കാണാൻ സാധിക്കില്ല, ഞാൻ നിലയ്ക്കാനാഗ്രഹിക്കുന്നില്ല, ഓട്ടത്തിലാണ്, ഒഴുക്കിലാണ്.’
കവി ചിരിച്ചു.

ആവർത്തന വിരസവും വൃത്തനിബദ്ധവുമായ പരമ്പരാഗതരാഗങ്ങളിൽ വട്ടം കറങ്ങിയാൽ എനിക്ക് തലചുറ്റുകയും മടുത്തുപോവുകയും ചെയ്യുന്നുണ്ട്. ബിജു റോക്കിയുടെ പങ്കപ്പാട് എന്ന കവിത പറയുന്നതു പോലെ, എത്ര ചിറകടിച്ചിട്ടും ഒരു തരി മുകളിലേക്ക് ഉയരാൻ കഴിയാതെ നിൽക്കുന്ന കറക്കങ്ങൾ എനിക്കു മടുത്തുകഴിഞ്ഞു. ആദ്യമൊക്കെ വലിയ ഭയമുണ്ടായിരുന്നെങ്കിലും പടികൾ ഉപേക്ഷിച്ച് ഞാൻ എസ്‌കലേറ്ററുകൾ ശീലിച്ചു തുടങ്ങിയത് അങ്ങനെയാണ്.

Comments