വായന മരിക്കുന്നു എന്ന നിലവിളി തൊണ്ണൂറുകളിൽ വ്യാപകമായിരുന്നു. വായനയുടെ ഭാവി, പുസ്തകങ്ങളുടെ ഭാവി, അതുവഴി നമ്മുടെ സംസ്‌കാരത്തിന്റെ ഭാവി തുടങ്ങിയ വിഷയങ്ങളിൽ ഘടാഘടിയൻ ചർച്ചകൾ അക്കാലത്ത് നടന്നിരുന്നു. വായിക്കുന്നവർ എക്കാലത്തും ചെറിയൊരു ന്യൂനപക്ഷമാണ്. അവർ തങ്ങൾ വായിക്കുന്നുവെന്ന പരസ്യം തോളിൽ തൂക്കിയിട്ട് നടക്കാറില്ല.
വായനയുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ടവർ അക്കാലത്തും ഇക്കാലത്തും വായിക്കുന്നവരേയല്ല. അവരുടെ ആശങ്കകൾ മറ്റു പലതിന്റെയും അടിസ്ഥാനത്തിലായിരുന്നു. തൊണ്ണൂറുകൾക്കുമുമ്പും അത്തരം ആശങ്കാ തൊഴിലാളികൾ ഉണ്ടായിരുന്നിരിക്കണം. ഇപ്പോഴുമുണ്ട്. ഇപ്പോഴത്തെ ആശങ്ക പുസ്തകങ്ങൾ വായിക്കപ്പെടുന്നില്ല, വായന മൊത്തം ഡിജിറ്റലായി എന്നതാണ്. എന്നാലോ ചെറുതും വലുതുമായ പ്രസാധകർ മാസംതോറും നൂറുകണക്കിന് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. അവ വിറ്റുപോവുന്നുമുണ്ട്.
ദോഷം പറയരുതല്ലോ. പുസ്തകങ്ങൾ കാശു കൊടുത്ത് വാങ്ങി വീടുകളിൽ സ്വകാര്യ ലൈബ്രറികൾ ഉണ്ടാക്കി, വൃത്തിയിലും ഭംഗിയിലും അടുക്കി വെക്കുന്നവർ ഇക്കാലത്ത് സുലഭമാണ്. ഈയുള്ളവൻ പെയിന്റിഗ് തൊഴിലാളി ആയതിനാൽ അത്തരം ഒരുപാട് ലൈബ്രറികൾ പെയിൻറ് ചെയ്തിട്ടുണ്ട്. തുറന്നു നോക്കുക പോലും ചെയ്യാത്ത ആ പുസ്തകങ്ങൾ കണ്ട് വേദന തോന്നിയിട്ടുമുണ്ട്.
ഇതൊക്കെ വായിക്കാൻ എവിടെ നേരം എന്ന ചോദ്യമാണ് സ്ഥിരം കേൾക്കുന്നത്. നേരം എല്ലാവർക്കും ദിവസത്തിൽ 24 മണിക്കൂറായതിനാൽ അവരോട് തർക്കിക്കാനും തോന്നാറില്ല. ചിലർ മണിക്കൂറുകളോളം നമ്മളുമായി വായിക്കാൻ സമയം കിട്ടാത്തതിനെ കുറിച്ച് വാട്ട്സാപ്പിൽ ചാറ്റ് ചെയ്യാറില്ലേ? ആ ചാറ്റിന്റെ സമയം വായനക്കായി മാറ്റിവച്ചാൽ ഒരാഴ്ച കൊണ്ട് നാലോ അഞ്ചോ പുസ്തകങ്ങൾ വായിക്കാമെന്ന് നമ്മളവരോട് പറയാറുമില്ല. നമ്മുടെ സമയം കൂടി നഷ്ടപ്പെടുത്തി നമ്മളും ആ ആശങ്കയിൽ പങ്കുചേരും.
പണ്ടൊക്കെ ഭീകരമായ വായനയായിരുന്നു, ഇപ്പോൾ അതൊക്കെ നിന്നു എന്നു പറയുന്നവരെയും കണ്ടുമുട്ടാറുണ്ട്. പക്ഷേ അവരും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്ന് വായിക്കാറുണ്ട്. ഓഡിയോ ബുക്കുകൾ കേൾക്കാറുണ്ട്. പുസ്തകങ്ങളുടെ മണം, രുചി, പുസ്തകത്താളുകൾ മറിയുമ്പോഴുണ്ടാവുന്ന സംഗീതം, പുസ്തകത്താളിലേക്ക് പാറിയെത്തുന്ന മഴച്ചാറ്റൽ തുടങ്ങിയ നൊസ്റ്റുകളിൽ കുടുങ്ങിക്കിടക്കുന്നവരാണ് എന്റെ തലമുറയിലെ വായനക്കാർ. ഞങ്ങളെ ബഹുദൂരം പിന്നിലാക്കി പുതുതലമുറ വായിക്കുന്നുണ്ട്. നമ്മൾ കേട്ടിട്ടുപോലുമില്ലാത്ത പുതിയ എഴുത്തുകാരെയും അവരുടെ രചനകളെയും കുറിച്ച് അവർക്ക് മണിക്കൂറുകളോളം സംസാരിക്കാൻ കഴിയും. പഴയതൊക്കെ മഹത്തരം, പുതിയത് മഹാമോശം എന്ന നമ്മുടെ കാഴ്ചപ്പാടിലാണ് പ്രശ്നം.
പുസ്തകത്താളിന്റെ മണമോ അത് മറിക്കുമ്പോൾ കിട്ടുന്ന അനുഭൂതിയോ ഒന്നും പുതുതലമുറയെ തൊടുന്നില്ലായിരിക്കാം. പക്ഷേ അതൊക്കെ വിലപ്പെട്ടതാവുന്നത് നമുക്കാണ്. നമ്മുടെ മാത്രം ഗൃഹാതുരത്വവും നൊസ്റ്റാൾജിയയുമാണ്. അത് നമ്മുടെ മാത്രം നഷ്ടമാണ്. പുതിയ കുട്ടികൾ അവർക്ക് സുലഭമായ മാധ്യമങ്ങളിലൂടെ വായിക്കുന്നു. അവരതിൽ തൃപ്തരാണ്. പുതിയ വായനാരീതികൾക്ക് മുഖം തിരിഞ്ഞുനിൽക്കാതെ നമുക്കും പുതിയ വായനാരീതികളിലേക്ക് കടന്നുചെല്ലാവുന്നതാണ്. മെല്ലെ മെല്ലെ നമ്മളും അതുമായി പൊരുത്തപ്പെടും.
വിരൽത്തുമ്പിൽ ലക്ഷക്കണക്കിന് പുസ്തകങ്ങൾ ഉള്ളപ്പോൾ അവരെന്തിന് കടലാസു പുസ്തകങ്ങൾ വായിക്കണം? യാത്രയിൽ വായിക്കാനായി എന്തിന് കടലാസു പുസ്തകങ്ങളുടെ ഭാരം ചുമക്കണം? കിൻഡിലോ മൊബൈലോ ലാപ്ടോപ്പോ ഉണ്ടെങ്കിൽ ഏതിരുട്ടിലും ഇരുന്ന് വായിക്കാം. പണ്ടൊക്കെ യാത്രകളിൽ വേണ്ടത്ര വെളിച്ചം കിട്ടാതെ നമ്മൾ പുസ്തകങ്ങൾ അടച്ചുവെച്ച് പുറം കാഴ്ചകളിലേക്ക് കണ്ണ് കൊടുത്ത് മനസ്സിനെയും ചിന്തയെയും അലയാൻ വിടാറില്ലേ? ഡിജിറ്റൽ വായന എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി ഇതു വരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നിരിക്കെ, നമ്മൾ എന്തിന് ആ വായനാരീതിയോട് അസഹിഷ്ണുത പുലർത്തണം? കടലാസിലായാലും യന്ത്രച്ചതുരത്തിലായാലും വായന വായന തന്നെയാണ്. തൂലികയും മഷിയും സർഗാത്മകതയും മാത്രമല്ല പരിണാമപ്പെടുന്നത്. വായനയും പരിണമിച്ചേ തീരൂ.
പുസ്തകങ്ങൾ കേടുപാടു കൂടാതെ സൂക്ഷിക്കാൻ വേണ്ടിവരുന്ന അധ്വാനം ചെറുതല്ലല്ലോ. ആ അധ്വാനത്തിന്റെ സമയം കൂടി ജീവിതത്തിൽ വായനക്കായി നീക്കിവെക്കുന്ന പുതുതലമുറയെ അഭിനന്ദിക്കുകയാണ് വേണ്ടത്. അല്ലാതെ എഴുത്തുകാരന്റെ കയ്യൊപ്പുള്ള പുസ്തകം, പുസ്തകത്താളിലെ മയിൽപീലി, പുസ്തകത്തിൽ മറന്നുവച്ച പ്രണയ മൊഴികൾ തുടങ്ങിയ നൊസ്റ്റുക്കളുമായി കാലം കഴിക്കുന്നതുകൊണ്ട് എന്ത് പ്രയോജനം? അല്ലെങ്കിൽ തന്നെ ഏത് എഴുത്തുകാരനാണ് ഇന്ന് കടലാസും പേനയും ഉപയോഗിച്ച് എഴുതുന്നത്? എഴുത്ത് മൊത്തം ഡിജിറ്റലായിക്കഴിഞ്ഞിട്ട് വർഷങ്ങളായി. ലാപ്പും മൊബൈലും ഉപയോഗിച്ച് എഴുതുന്നവർ തങ്ങളുടെ എഴുത്തിനെ വായനക്കാർ കടലാസുകളിൽ തന്നെ വായിക്കണമെന്ന് പറയുന്നതും കടലാസു വായനകൾ കുറയുന്നതിനെ ചൊല്ലി ആശങ്കപ്പെടുന്നതും ഇരട്ടത്താപ്പാണ്. എഴുതാനും എഴുതിയത് പകർത്താനും എഴുത്തുകാർക്ക് സൗകര്യം യന്ത്രങ്ങളാണെങ്കിൽ, വായിക്കുന്നവരുടെ സൗകര്യം കൂടി അവർ പരിഗണിക്കണ്ടേ?
ഒരു അനുഭവം പറയാം. കുറച്ചുമുമ്പ് തുഞ്ചൻ ഉത്സവത്തിന്, പരിസരത്തുള്ള ബുക്ക് സ്റ്റാളുകളിൽ കയറിയിറങ്ങുമ്പോൾ, ഒരു സ്റ്റാളിൽ ദാ ഇരിക്കുന്നു, എം. കൃഷ്ണൻ നായരുടെ സാഹിത്യ വാരഫലം സമ്പൂർണം. തടിച്ച ഗ്രന്ഥമാണ്. വിലയും തടിച്ചതാണ്. എന്നിലെ വായനാ പിരാന്തൻ കീശ മൊത്തം അരിച്ചുപൊറുക്കിയിട്ടും അത് വാങ്ങാനുള്ള മുഴുവൻ പണമില്ല. ആവശ്യക്കാർക്ക്ഔചിത്യമില്ല എന്ന തത്വം മൂന്ന് വട്ടം ഉള്ളിൽ ഉരുവിട്ട് ഞാനാ പുസ്തകത്തിന്റെ ബാക്കി കാശിന് കടം പറഞ്ഞുനോക്കി. ‘പിറ്റേന്ന് കൊണ്ടുവന്നുതരാൻ ഇത് ഉണക്കമീനല്ല’ എന്ന മറുപടി കിട്ടി. അതുകേട്ട് പുസ്തകങ്ങളുടെ പവിത്രതയിലും ഉണക്കമീനിന്റെ അശുദ്ധിയിലും വിശ്വസിക്കുന്നവർ ഉറക്കെ ചിരിച്ചു. എനിക്ക് ചിരി വന്നില്ല. സങ്കടമാണ് തോന്നിയത്. പുസ്തകം കടം കിട്ടാത്തതുമാത്രമല്ല കാരണം. പുസ്തകം കടം പറയാൻ പറ്റാത്തതാണെന്നും, ഉണക്കമീൻ കടം പറഞ്ഞ് വാങ്ങാവുന്നതുമാണ് എന്ന ബോധത്തെ ഓർത്താണ്. ഉണക്കമീൻ അങ്ങനെയൊന്നും കടം കിട്ടില്ല എന്ന് ഞാനവരോട് പറഞ്ഞില്ല. കൃഷ്ണൻ നായരെ തിരിഞ്ഞുനോക്കി തിരിഞ്ഞുനോക്കി ഞാനാ സ്റ്റാളിൽ നിന്നിറങ്ങി.
വർഷം ഒന്ന് കഴിഞ്ഞ് സാഹിത്യ വാരഫലം ഞങ്ങളുടെ ലൈബ്രറിയിൽ എത്തി. അത് റഫറൻസ് വിഭാഗത്തിൽ പെടുത്തിയതിനാൽ അവിടെ ഇരുന്ന് വായിക്കാനേ പറ്റൂ. അതിന് ആവശ്യക്കാർ ഏറെയുണ്ടുതാനും. തൽക്കാലം ഉണക്കമീൻ കൊണ്ട് വിശപ്പടക്കാമെന്ന് കരുതി ഞാൻ സാഹിത്യ വാരഫലത്തെ മറന്നു. പിന്നീട് കുറെ വർഷങ്ങൾക്കു ശേഷം മൊബൈൽ ഫോണും എഫ്. ബിയുമൊക്കെ ഉപയോഗിച്ചു തുടങ്ങിയപ്പോൾ, സായാഹ്ന ഓർഗ് എന്ന സൈറ്റിൽ നിന്ന് അഞ്ചു പൈസ മുടക്കില്ലാതെ സാഹിത്യ വാരഫലം സമ്പൂർണമായി വായിക്കാൻ പറ്റി.
ആ തടിച്ച ഗ്രന്ഥം എടുത്തു പൊക്കി, പ്രയാസപ്പെട്ട് പേജുകൾ മറിക്കുന്നതിനേക്കാൾ എത്രയോ എളുപ്പമാണ് മൊബൈലിൽ സ്‌ക്രോൾ ചെയ്ത് വായിക്കുന്നത്. ഇന്നും സാഹിത്യ വാരഫലം ഞാൻ വായിക്കുന്നത് അങ്ങനെയാണ്. ഇപ്പോൾ ഉണക്കമീനിന്റെ സ്ഥാനത്ത് പരിശുദ്ധി വാദക്കാർ ഡിജിറ്റൽ വായനയെ സ്ഥാപിച്ചു കാണും .പുസ്തകങ്ങളെ തുറന്നു നോക്കുക പോലും ചെയ്യാതെ അലമാരയിൽ പരിശുദ്ധമായി അടുക്കി വെച്ചിട്ടുമുണ്ടാവും.
ഡിജിറ്റൽ വായനയുടെ ഈ കാലത്ത് ഒരു വായനക്കാർക്ക് തനിക്ക് വായിച്ച് ഇഷ്ടപ്പെട്ട പുസ്തകങ്ങളെ കുറിച്ച് മുഖപുസ്തകത്തിലോ ഓൺലൈൻ സൈറ്റുകളിലോ ആസ്വാദനക്കുറിപ്പ് എഴുതാം. വായിച്ച് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അത് എഴുത്തുകാരുടെ എഫ്.ബി വാളിൽ പോയി പറയാം. അങ്ങനെ ഇഷ്ടപ്പെടാത്ത ഒരു ഗ്രന്ഥാവരിയെ കുറിച്ച് അഷ്ടമൂർത്തി എന്ന മുതിർന്ന എഴുത്തുകാരൻ തന്റെ എഫ്.ബിയിൽ, എഴുതിയിട്ടപ്പോൾ മലയാളത്തിലെ വമ്പൻ പ്രസാധകർക്ക് ആ പുസ്തകത്തിന്റെ കാശ് മടക്കി കൊടുക്കേണ്ടിയും വന്നു. പുസ്തകത്തിന്റെ ഉള്ളടക്കം മാത്രമായിരുന്നില്ല അഷ്ടമൂർത്തിയുടെ വിഷയം, പ്രസാധകരുടെ ഉഡായിപ്പുകളും കൂടിയാണ്.
ഒരു പക്ഷേ ഡിജിറ്റൽ വായനയെ ഭയപ്പെടുന്നത് പുസ്തക പ്രസാധകരും ആനുകാലികങ്ങളുടെ നടത്തിപ്പുകാരുമാവും. വീക്കിലികളും പുസ്തകങ്ങളും ഡിജിറ്റലായി വിറ്റുപോവുന്നുണ്ടെങ്കിലും, അത് അത്ര സുരക്ഷിതമോ പണ്ടത്തെയത്ര ലാഭമോ കിട്ടുന്ന ഏർപ്പാടല്ല. കടലാസു പുസ്തകങ്ങളെക്കാൾ എളുപ്പത്തിൽ കൈ മാറാവുന്നതാണ് ഡിജിറ്റൽ പുസ്തകങ്ങൾ. വീട്ടിൽ ഒരു പൂന്തോട്ടം എന്ന പോലെ, വീട്ടിൽ ഒരു ലൈബ്രറി എന്ന പൊങ്ങച്ചം നിലനിൽക്കുന്നിടത്തോളം പുസ്തക കച്ചവടക്കാർ ഭയപ്പെടേണ്ട കാര്യമില്ല. എന്നാലും അവർക്കറിയാം, തങ്ങൾ പുറത്തിറക്കുന്ന പുസ്തകങ്ങൾ വായിക്കപ്പെടാതെ അലമാരകളിൽ വിശ്രമിക്കുകയാണെന്ന്.
എഴുത്തുകാർക്ക് ഡിജിറ്റൽ എഴുത്തുകൾ തന്നെയാണ് നല്ലത്. വേഗത്തിൽ ഒരുപാട് ആളുകളിലേക്ക് എത്താനും, അഭിപ്രായങ്ങൾ അറിയാനും, വായനക്കാരുമായി നേരിട്ട് സംവദിക്കാനും സാധിക്കും. ഏത് എഴുത്തുകാരാണ് തങ്ങളുടെ പുസ്തകം ഒന്ന് തുറന്നു നോക്കുക പോലും ചെയ്യാതെ അലമാരകളിൽ കാഴ്ചവസ്തുക്കളായി വിശ്രമിക്കുന്നത് കാണാൻ ഇഷ്ടപ്പെടുക?
വായിക്കാൻ തക്ക വല്ലതും എഴുതപ്പെടുന്നുണ്ടെങ്കിൽ, അത് ഡിജിറ്റൽ ആയാലും നോൺ ഡിജിറ്റൽ ആയാലും വായിക്കപ്പെടുക തന്നെ ചെയ്യും. എന്തിൽ വായിക്കുന്നു എന്നതല്ല, എന്ത് വായിക്കുന്നു എന്നതാണ് വായനക്കാരുടെ പ്രശ്നം. നല്ലതും ചീത്തയും ഇന്നത്തെ വായനക്കാർ തങ്ങൾക്കും എഴുത്തുകാർക്കും ഇടയിൽ ഒരു മൂന്നാമന്റെ സഹായമില്ലാതെ തന്നെ കണ്ടെത്തുകയും വായിക്കുകയും ചെയ്യുന്നുണ്ട്.
വായന ഡിജിറ്റലായി എങ്കിലും നമ്മുടെ എഴുത്ത് ഒട്ടും ഡിജിറ്റലായിട്ടില്ല. കടലാസിനുവേണ്ട സങ്കേതങ്ങളും പ്രമേയങ്ങളും ആഖ്യാന രീതികളും തന്നെയാണ് ഇന്നും എഴുതപ്പെടുന്നത്. ഇടക്കാലത്ത് മേതിൽ രാധാകൃഷ്ണൻ ഡിജിറ്റൽ എഴുത്തിന്റെ ഭാഷയും സങ്കേതവും പരീക്ഷിച്ചു നോക്കിയെങ്കിലും അത് വേണ്ടത്ര വിജയിച്ചില്ല. എഴുത്തും കൂടി ഡിജിറ്റലായി കഴിഞ്ഞാൽ പരിശുദ്ധി വാദക്കാരുടെ ഉണക്കമീൻ ഉപമകൾക്ക് എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം.
ഈയുള്ളവനും ഡിജിറ്റൽ വായന തുടങ്ങുന്ന കാലത്ത് പുസ്തകങ്ങളുടെ ഗന്ധത്തെക്കുറിച്ചും താളുകൾ മറിക്കുമ്പോൾ ഉണ്ടാവുന്ന സംഗീതത്തെക്കുറിച്ചും മഴത്തണുപ്പുള്ള വായനയെ കുറിച്ചും വേദനയോടെ കവിതകൾ എഴുതിയിരുന്നു. നഷ്ടമാവുന്ന വായനാവസന്തങ്ങളെക്കുറിച്ച് നൊസ്റ്റുവടിച്ച് പണ്ടാരടങ്ങിയിരുന്നു. വായനക്കായി കഴിയുന്നതും ലൈബ്രറികളെ ആശ്രയിച്ചിരുന്ന എനിക്ക്, ഇഷ്ടപ്പെട്ട പുസ്തകങ്ങളിൽ മറ്റു വായനക്കാർ അടിവരയിട്ട് വെക്കുന്നതും, തങ്ങളുടേതായ അഭിപ്രായങ്ങൾ എഴുതിവെക്കുന്നതും, സ്വന്തം പ്രണയവും കവിതകളും എഴുതിയ കടലാസുകൾ മറന്നു വെക്കുന്നതും, അരോചകം തന്നെയായിരുന്നു.
എം.ടി.യുടെ രണ്ടാമൂഴത്തിന്റെ ഒടുക്കത്തെ പേജിലെ ഒഴിഞ്ഞ ഇടത്ത്, ഭീമസേനന്റെ മുതുക് അർജുനനെ ഓർത്ത് ദ്രൗപതി മാന്തിപ്പൊളിച്ചതിന്റെ ചിത്രം ഒരു വായനക്കാരൻ വരച്ചുവെച്ചിരുന്നു. ചിത്രം ഇന്നതാണെന്ന് ആ വായനക്കാരൻ എഴുതി വെച്ചതുകൊണ്ടാണ് എനിക്ക് കാര്യം മനസ്സിലായത്. മനോഹരമായ ആ നോവൽ വായിച്ചുതീർന്നപ്പോൾ ആ വായനക്കാരനിൽ അവശേഷിച്ചത് ഈ ഇണചേരലിന്റെ സങ്കടങ്ങളാണല്ലോ എന്നോർത്ത് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
പമ്മന്റെയും അയ്യനേത്തിന്റെയും നോവലുകളിലെ ഒഴിഞ്ഞ ഇടങ്ങളിൽ വായനക്കാർ എഴുതിവെക്കുന്ന മഹത് വചനങ്ങൾ പൊതുകക്കൂസുകളിലെ സാഹിത്യത്തെക്കാൾ ഒട്ടും മോശമായിരുന്നില്ല. സ്വന്തം അതൃപ്തികളും ആഗ്രഹങ്ങളും ഞരമ്പസുഖങ്ങളും എഴുതിയെഴുതി മലിനമായി തീർന്ന ലൈബ്രറി പുസ്തകങ്ങൾ വായിക്കുന്നതിനേക്കാൾ എന്തുകൊണ്ടും ഞാൻ ഇഷ്ടപ്പെടുന്നത് ഫ്രഷ് ആയ ഡിജിറ്റൽ പുസ്തകങ്ങൾ തന്നെയാണ്.
മാത്രമല്ല, എന്നെപ്പോലെ ചുരുങ്ങിയ താമസസൗകര്യമുള്ള വാടക വീടുകളിൽ പാർക്കുന്ന ഒരു വായനക്കാരന്, കൂലിപ്പണി കഴിഞ്ഞു വന്ന് രാത്രി വായിക്കാനിരിക്കുമ്പോൾ, ഇപ്പോൾ മറ്റ് കുടുംബാംഗങ്ങളെ ബുദ്ധിമുട്ടിക്കാൻ ലൈറ്റിട്ട് വെക്കണ്ട. കിടക്കപ്പായയിൽ കിടന്ന് മൊബൈലിലെ കുഞ്ഞ് വെളിച്ചത്തിലേക്ക് നോക്കി എത്രനേരം വേണമെങ്കിലും വായിക്കാം. തൊട്ടടുത്തുകിടക്കുന്ന ഭാര്യക്ക് പോലും ആ വായന ഒരു ശല്യമായി മാറില്ല. ഞാൻ പുലരുവോളം വായിച്ചത് ഭാര്യ അറിയുക പോലുമില്ല.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും കടലാസു പുസ്തകങ്ങൾ വായിക്കുന്ന പതിവ് നിർത്തലാക്കിയിട്ടില്ല. രണ്ടു തരം ഭക്ഷണം ഒരേ രുചിയിൽ ശാപ്പിടും പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്.
മിക്കവാറും നമ്മുടെ ആനുകാലികങ്ങൾക്ക് അച്ചടി നിർത്തി ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറേണ്ടിവരും എന്നുതന്നെയാണ് തോന്നുന്നത്. നാൽപ്പതും അമ്പതും രൂപ വില ഈടാക്കുന്ന ആനുകാലികങ്ങൾക്ക് വായനക്കാർ കുറഞ്ഞ് വരികയാണ്. പത്രവായന ഏതാണ്ട് നിലച്ചു എന്നുതന്നെ പറയാം. വാരാന്ത്യ പതിപ്പുകളിൽ കവിതയോ കഥയോ ലേഖനമോ മറ്റോ അച്ചടിച്ച് വരുന്നത് കാണാൻ കാത്തിരിക്കുന്ന എന്നെപ്പോലുള്ള ചുരുക്കം ചിലരാണ് ഇന്ന് പത്രങ്ങളുടെ വായനക്കാർ. നമ്മുടെ പേരുകേട്ട ആനുകാലികങ്ങൾ ഇപ്പോഴും പ്രശസ്തരായ എഴുത്തുകാരുടെ രചനകൾ തന്നെയാണ് പ്രസിദ്ധീകരിക്കുന്നത്. പണ്ട് പെരുന്നാളിനോ മറ്റോ കോഴിയെ അറുക്കും പോലെ ഇടയ്ക്ക് ഏതെങ്കിലും പുതിയ എഴുത്തുകാരെ കണ്ടാലായി. പുതിയ എഴുത്തുകാർ ഒന്നാന്തരം കവിതകളും കഥകളും സ്വന്തം എഫ്.ബി വാളിൽ പോലും എഴുതിയിടുന്നത് വായിക്കുന്ന വായനക്കാർ, എന്തിന് കാശു കൊടുത്ത് ഇത്തരം ആനുകാലികങ്ങൾ വാങ്ങണം? എന്തിന് പേര് മാത്രം മുൻനിർത്തി അച്ചടിച്ചു വരുന്ന ചവറുകൾ വായിക്കണം?
എന്നെപ്പോലുള്ള സാധാരണക്കാരുടെ ഒന്നാമത്തെ ചോയ്സല്ല വായന. ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയ അടിസ്ഥാന പ്രമേയങ്ങൾക്ക് ആവിഷ്‌കാരം നൽകിയതിനു ശേഷമേ ഞങ്ങൾക്ക് വായനയെപ്പറ്റി ചിന്തിക്കാൻ കഴിയുകയുള്ളൂ. വായനക്കാരൻ എന്ന നിലയിൽ രണ്ട് വായനയുമായും സമരസപ്പെട്ട് പോവാൻ കഴിയുന്നുണ്ട് എന്നത് വലിയ ആനന്ദം തന്നെയാണ്. തുടക്കത്തിലേ പറഞ്ഞു, വായിക്കുന്നവർ എക്കാലത്തും ചെറു ന്യൂനപക്ഷമാണ് എന്ന്. എങ്ങനെ വായിച്ചാലും അവർ വായനക്കാർ തന്നെയാണ്. രണ്ട് വായനയും ഒരേപോലെ ആസ്വദിക്കുന്നവരും, ഏതെങ്കിലും ഒന്നിനെ മഹത്വവൽക്കരിക്കുന്നവരും ഈ ന്യൂനപക്ഷത്തിലുണ്ട്.
കടലാസു പുസ്തകങ്ങൾ വായിക്കുന്നവർ അത് വായിക്കട്ടെ. ചതുര വെളിച്ചത്തിലും ദീർഘചതുര വെളിച്ചത്തിലും വായിക്കുന്നവർ അങ്ങനെയും വായിക്കട്ടെ. കോവിഡ് കാലത്ത് വായനയിൽ വലിയ കുതിച്ചു ചാട്ടം തന്നെ ഉണ്ടായി. പുതിയ വായനക്കാരും വായന നിലച്ചുപോയവരും വായനയിലേക്കും അതിന്റെ ആനന്ദങ്ങളിലേക്കും കയറിവന്നു. കോവിഡ് ഒഴിഞ്ഞുപോയപ്പോൾ അവരിൽ ചിലർ ഇറങ്ങിപ്പോകുകയുംചെയ്തു. ചിലർ വായനയെ ഇപ്പോഴും കൂടെ കൊണ്ടുനടക്കുന്നു.
മാറ്റങ്ങളുമായി യോജിച്ചുപോവാൻ നമുക്ക് സമയം വേണം. മാറിക്കഴിഞ്ഞാൽ പിന്നെ അതിൽനിന്ന് മാറാനും സമയം വേണം. ഞാനടക്കം ഡിജിറ്റൽ ഇടങ്ങളിൽ എന്തെങ്കിലുമൊക്കെ എഴുതുന്നവർ, അത് കടലാസു പുസ്തകങ്ങളായി കാണാൻ ആഗ്രഹിക്കുന്നവരാണ്. ആ ആഗ്രഹവും സമൂഹത്തിന്റെ സൃഷ്ടി തന്നെയാണ്. ഒരു പുസ്തകമെങ്കിലും പ്രസിദ്ധീകരിക്കാത്തവരെ സമൂഹം എഴുത്തുകാരായി അംഗീകരിക്കില്ല എന്നതാണ് സത്യം. എഴുത്തുകാരും സാമൂഹിക ജീവിയായതിനാൽ, എഴുതുന്നതും വെളിച്ചം കാണിക്കുന്നതും ഡിജിറ്റൽ ഇടങ്ങളിലാണെങ്കിലും ഒടുക്കം അത് കടലാസു പുസ്തകമായി മാറാൻ ആഗ്രഹിക്കുന്നു. അതിനായി സ്വന്തം കീശയിലെ പണം മുടക്കി, പ്രസാധകരുടെ വാട്ട്സ്ആപ്പ്, ഇ- മെയിൽ വാതിലുകളിൽ കാത്തുകെട്ടി കിടക്കുന്നു.
എന്തായാലും വായന മരിക്കുന്നു എന്ന നിലവിളി ഇപ്പോൾ അങ്ങനെ ഉയർന്നു കേൾക്കാറില്ല. വായന ഉണക്കമീനിന്റെ ഡിജിറ്റൽ അശുദ്ധിയിലേക്ക് വഴിമാറുന്നു എന്ന ശുദ്ധിവാദം സുലഭമായിട്ടുണ്ടുതാനും. ശുദ്ധിയും അശുദ്ധിയും അതിന്റെ ജോലി ചെയ്യുമ്പോൾ തന്നെ, വായനക്കാർ വായിച്ചുകൊണ്ടിരിക്കുന്നു. ഇനിയും വായിക്കും. വായനയിൽ മാറ്റങ്ങൾ ഉണ്ടാവുന്നു എന്ന സത്യം അംഗീകരിക്കുന്നു. മാറാത്തതായി മാറ്റം മാത്രമെന്ന് പറഞ്ഞ ആ വല്യ മനുഷ്യന്, ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ.