2020 ഏപ്രിൽ എട്ടിനാണ് ട്രൂകോപ്പി തിങ്ക് മൾട്ടിമീഡിയ പോർട്ടലായി പ്രസിദ്ധീകരണം ആരംഭിച്ചത്. കോവിഡ് കാലമായിരുന്നു അത്. ലോകം മുഴുവൻ അടച്ചിരുന്ന ലോക്ക് ഡൗൺ കാലം. മാധ്യമ രംഗത്ത് അഞ്ചു വർഷം പൂർത്തിയാക്കുകയാണ് ട്രൂകോപ്പി തിങ്ക്. വിമർശിച്ചും അനുകൂലിച്ചും എഴുതിയും പറഞ്ഞും കൂടെ നിന്ന എല്ലാവർക്കും ആദരവോടെ നന്ദി പറയുന്നു.
ഓൺലൈൻ രംഗത്ത്, മിന്നിമായുന്നതും ചെറുതും നീളം കുറഞ്ഞതുമായ ഉള്ളടക്കമാണ് ആവശ്യം എന്ന ഡിജിറ്റൽ തോന്നലുകളെയും ശീലങ്ങളെയും മറിച്ചിടാൻ ഈ കാലയളവിൽ സാധിച്ചു എന്നാണ് ട്രൂകോപ്പി തിങ്ക് അഭിമാനത്തോടെ കരുതുന്നത്. ദീർഘവും ആഴമുള്ളതുമായ ലേഖനങ്ങൾ ട്രൂകോപ്പി തിങ്ക് നിരന്തരം പ്രസിദ്ധീകരിച്ചു കൊണ്ടേയിരിക്കുന്നു. അരികുവൽക്കരിക്കപ്പെട്ടവർക്കും മനുഷ്യാവകാശ ലംഘനത്തിൻ്റെ ഇരകളാക്കപ്പെട്ടവർക്കും ഒപ്പം നിന്നുകൊണ്ട് വിഷയത്തിൻ്റെ സമഗ്രചിത്രം വ്യക്തമാക്കുന്ന ദീർഘമായ ഗ്രൗണ്ട് റിപ്പോർട്ടിങ്ങ് സ്റ്റോറികളും ഡോക്യുമെൻ്ററികളും വീഡിയോ ഫോർമാറ്റിലും ട്രൂകോപ്പി തിങ്ക് പ്രസിദ്ധീകരിച്ചു കൊണ്ടേയിരിക്കുന്നു. അതിൻ്റെ വിഷയ വൈപുല്യം രാഷ്ട്രീയം മുതൽ ശാസ്ത്രം, വിദ്യാഭ്യാസം, പരിസ്ഥിതി, ആരോഗ്യം, വിദേശകാര്യം, സാഹിത്യം, സ്പോർട്സ്, എൻ്റർടെയിൻമെൻ്റ് വരെ ആഴത്തിൽ നീണ്ടു കിടക്കുന്നു.

ആത്മഹത്യകളും ക്രൈം വാർത്തകളും അപകട വാർത്തകളും ബ്രേക്കിങ്ങ് ന്യൂസുകളായി ടെലിവിഷൻ ദൃശ്യമാധ്യമ സംസ്കാരത്തെ കീഴ്മേൽ മറിച്ചിടുന്ന കാലത്ത്, സെലിബ്രിറ്റി നടത്തങ്ങളും മനുഷ്യരുടെ സ്വകാര്യതയും സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളും ലക്ഷങ്ങൾ വ്യൂസ് ലഭിക്കുന്ന ഓൺലൈൻ കണ്ടൻ്റായി മാറുകയും ചെയ്യുന്ന കാലത്ത്, സംവാദങ്ങളിലൂടെയും എഡിറ്റോറിയൽ നിലപാടുകളിലൂടെയും ഭരണകൂടത്തിൻ്റെ നിരന്തര പ്രതിപക്ഷമായും ജനപക്ഷ രാഷ്ട്രീയത്തിൻ്റെ വക്താക്കളായും മാധ്യമരംഗത്ത് അഞ്ച് വർഷം പൂർത്തിയാക്കി എന്നതും തുടരുന്നു എന്നതും ട്രൂകോപ്പി തിങ്കിന് അഭിമാനകരമായ വസ്തുതയാണ്.
സംവാദങ്ങളാണ് ജനാധിപത്യത്തെ നിലനിർത്തുകയും മുന്നോട്ട് കൊണ്ടു പോവുകയും ചെയ്യുക എന്ന് ട്രൂകോപ്പി തിങ്ക് ഉറച്ച് വിശ്വസിക്കുന്നു. ഭരണകൂടം മാധ്യമവിരുദ്ധമായ ആഖ്യാനങ്ങൾ ഉത്പാദിപ്പിക്കയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വർത്തമാന കാലത്ത്, മാധ്യമ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന കാലത്ത്, ആവിഷ്കാര സ്വാതന്ത്ര്യം ഭീഷണി നേരിടുന്ന കാലത്ത്, വർഗീയ പ്രചാരണങ്ങളുടെ നാവായി മാധ്യമങ്ങൾ തന്നെ മാറുന്ന ഇക്കാലത്ത്, മൂലധന രാഷ്ട്രീയ താത്പര്യങ്ങൾ മാധ്യമ അജണ്ട നിശ്ചയിക്കുന്ന കാലത്ത്, സമ്പത്തിനാലും സ്ഥാനമാനങ്ങളാലും മാധ്യമപ്രവർത്തകർ വിലയ്ക്കെടുക്കപ്പെടുന്ന കാലത്ത് ജനാധിപത്യപരവും ബഹുസ്വരവും മതേതരവും മൂലധനതാര്പര്യങ്ങൾക്ക് വിരുദ്ധവുമായ സംവാദങ്ങൾക്കും വിശകലനങ്ങൾക്കുമുള്ള മാധ്യമ ഇടമായി, നിലനിൽക്കുകയാണ് ട്രൂകോപ്പി തിങ്ക്. വായനക്കാരും പ്രേക്ഷകരും എഴുത്തുകാരുമാണ് ട്രൂകോപ്പിയുടെ മൂലധനം എന്ന ഉറച്ച ബോധ്യത്തോടെ.
വിമർശനങ്ങളും പിന്തുണയുമാണ് ട്രൂകോപ്പിയെ മുന്നോട്ടു നയിക്കുന്ന ഇന്ധനം. തുടർന്നും വിമർശനങ്ങളും പിന്തുണയും പ്രതീക്ഷിച്ചു കൊണ്ട് ആറാം വർഷത്തിലേക്ക് കടക്കുകയാണ്.