ട്രൂകോപ്പി തിങ്കിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിരോധിച്ച നടപടിയില്‍ എനിക്ക് അസ്വാഭാവിക തോന്നുന്നില്ല. കാരണം ഇന്ത്യയില്‍ കഴിഞ്ഞ കുറെ കാലങ്ങളായി, ഇത്തരം കാര്യങ്ങളാണ് തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്ര ഭരണകൂടത്തിനും അവരുടെ വര്‍ഗീയ നിലപാടുകള്‍ക്കുമെതിരെ ഏറ്റവും ശക്തമായ പ്രതിരോധ ശബ്ദങ്ങള്‍ ഉയര്‍ന്നുവരേണ്ടത് മാധ്യമങ്ങളിലൂടെയാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ ഈ ലക്ഷ്യത്തിലൂന്നിയാണ് പ്രവര്‍ത്തിക്കേണ്ടത്. പക്ഷേ ഇവയെല്ലാം കൈവശപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കാണ് ഇവര്‍ ആദ്യം തന്നെ തുടക്കമിട്ടത്. അതിന്റെ ഭാഗമായി, മാധ്യമസ്ഥാപനങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ ഇംഗിതത്തിന് വിധേയമായി പ്രവര്‍ത്തിപ്പിക്കുമെന്ന് ഉറപ്പു കിട്ടുന്ന രീതിയില്‍ കുത്തകമുതലാളിമാരെക്കൊണ്ടുതന്നെ അവയുടെ ഉടമസ്ഥാവകാശം കൈവശപ്പെടുത്തി. പല സ്ഥാപനങ്ങൾക്കും ഇതിനകം തന്നെ കടിഞ്ഞാണിട്ടിട്ടുണ്ട്. ദേശീയ തലത്തിലുള്ള മാധ്യമങ്ങളുടെ സ്വാഭാവത്തില്‍ പ്രകടമായ മാറ്റം വന്നു കഴിഞ്ഞു.
കേരളത്തിലും ഇതേ പ്രവണത തന്നെയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയോട് അഫിലിയേഷന്‍ കാണിക്കുന്ന ചില മാധ്യമസ്ഥാപനങ്ങളൊഴിച്ച് മറ്റുള്ളവയക്കൊന്നും സ്വതന്ത്ര അസ്തിത്വങ്ങളില്ലാതായിരിക്കുന്നു.
ആകെ പ്രതീക്ഷയുണ്ടായിരുന്നത് സമൂഹമാധ്യമങ്ങളിലായിരുന്നു. അതിലൂടെ സര്‍വ്വതന്ത്ര സ്വതന്ത്രമായ ആശയവിനിമയം നടക്കുമെന്നാണ് നമ്മളെല്ലാം ആദ്യഘട്ടത്തില്‍ പ്രതീക്ഷിച്ചിരുന്നത്. സമൂഹ്യമാധ്യമങ്ങളുടെ കടിഞ്ഞാണ്‍ എവിടെയാണെന്നും, അതിന്റെ സാങ്കേതികവിദ്യ എങ്ങനെയാണ് ഭരണാധികാരികള്‍ക്ക് അല്ലെങ്കില്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക്- കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക്- പിടിച്ചെടുക്കാന്‍ കഴിയുക എന്നതിനെക്കുറിച്ചും തുടക്കത്തിൽ അറിഞ്ഞിരുന്നില്ല. സമൂഹമാധ്യമങ്ങളില്‍ എല്ലാവര്‍ക്കും സ്വതന്ത്രമായി അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ കഴിയും, ഇഷ്ടമുള്ള കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ കഴിയും- ഈ തരത്തില്‍ ഈ മാധ്യമത്തിന്റെ സ്വാതന്ത്രത്തെക്കുറിച്ച് ചിന്തിച്ചിരുന്നു. പരിധി വിട്ട് പോകുന്ന ആശയങ്ങള്‍ക്കുമാത്രമാണ് സമൂഹമാധ്യമങ്ങളില്‍ കടിഞ്ഞാണ്‍ ഉണ്ടാകുകയെന്നാണ് കരുതിയിരുന്നത്. പക്ഷേ അങ്ങനൈയല്ല സാമൂഹ്യമാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന ബോധ്യങ്ങളാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ട്രൂകോപ്പി തിങ്കിനു നേരേ ആക്രമണമുണ്ടാവുന്നതിനുമുമ്പ് സമാനമായ പല കാര്യങ്ങളും നടന്നിട്ടുണ്ട്. അതായത് സമൂഹ്യമാധ്യമങ്ങളില്‍ നിങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങള്‍ അനുവദിക്കുന്നിടത്തോളം മാത്രമാണെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്.
ഇന്ത്യയില്‍ ഇപ്പോള്‍ വലിയ തരത്തിൽ വര്‍ഗീയവത്ക്കരണം നടക്കുകയാണ്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ് എന്നത് ഒരു രാഷ്ട്രീയ പ്രയോഗമായിരുന്നു. പുതിയ പാര്‍ലമെന്റ് ഉദ്ഘാടന ദിവവസവും ഇതുതന്നെയായിരുന്നു നടന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രി ചെങ്കോലുമായി സന്ന്യാസിമാരോടൊപ്പം പാര്‍ലമെന്റില്‍ വരുന്നു, അതുപോലെ, രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നു, ഇത്തരം ഭരണഘടനാവിരുദ്ധമായ രീതികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെയെല്ലാം വളരെ നിഷ്‌കളങ്കമാണെന്ന തരത്തില്‍ ആലോചിച്ചുപോരുന്ന ചില രാഷ്ട്രീയ നേതാക്കന്മാരും ഇവിടെയുണ്ട്. കേരളത്തിലെ ഒരു പ്രധാനപ്പെട്ട ന്യൂനപക്ഷ പ്രസ്ഥാനത്തിന്റെ നേതാവ് ഈ സംഭവങ്ങളെയെല്ലാം ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകങ്ങളാണെന്ന് വിശേഷിപ്പിച്ച് സംസാരിക്കുന്നത് കേട്ടിരുന്നു. അയാളോട് വളരെയധികം സഹതാപമാണ് തോന്നിയത്.
പ്രാണപ്രതിഷ്ഠാചടങ്ങ് ഉണ്ടാക്കിയ വിനാശകരമായ പ്രവണതകളുടെ പ്രസരണമാണ് ഇപ്പോള്‍ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈയടുത്ത് കോഴിക്കോട് എന്‍.ഐ.ടിയിലുണ്ടായ സംഭവം അതിനുദാഹരണമാണ്. സംഘപരിവാർ സംഘടനയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ഭൂപടത്തെ കാവിനിറത്തിലാക്കി, വികൃതമാക്കി അവതരിപ്പിക്കുകയാണ് ചെയ്തത്. അതിനെതിരെ ഇത് കാവിഭാരതമല്ല, മതേതര ഇന്ത്യയാണെന്ന് സ്റ്റേറ്റ്‌മെന്റ് നടത്തി ചില വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. പക്ഷേ അവര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുകയാണുണ്ടായത്. അതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്നു തന്നെ വലിയ പ്രക്ഷോഭം ഉയര്‍ന്നുവന്നപ്പോള്‍ അധികൃതര്‍ക്ക് സസ്‌പെന്‍ഷന്‍ മരവിപ്പിക്കേണ്ടിവന്നു.
അതുപോലെ കോഴിക്കോട് നടന്ന മറ്റൊരു പരിപാടിയില്‍ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി, ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ തയ്യാറാകാത്തവരെ ഭീഷണിപ്പെടുത്തി. ദല്‍ഹിയില്‍ മണിശങ്കര്‍ അയ്യര്‍ക്കുണ്ടായിട്ടുള്ള അനുഭവവും സമാനമാണ്. അദ്ദേഹം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവാണ്, ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൂടെയുണ്ടായിരുന്ന ഡിപ്ലോമാറ്റാണ്. കേരള ലിറ്ററേച്ചര്‍ ഫെസിറ്റിവലിനായി കോഴിക്കോട് വന്ന സമയത്ത് ഞാന്‍ അദ്ദേഹത്തെ കണ്ടു സംസാരിച്ചിരുന്നു. ഇന്ന് സ്വന്തം ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റില്‍ നിന്ന് അദ്ദേഹത്തിനോടും മകളോടും ഇറങ്ങിപ്പോകാൻ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ പറയുകയാണ്. എന്തു ഭീകര സംഭവമാണിത്. ഈ സംഭവത്തിനെതിരെ എത്രമാത്രം പ്രതികരണങ്ങള്‍ ഉയര്‍ന്നുവെന്ന് എനിക്കറിയില്ല.
വര്‍ഗീയ ഫാഷിസ്റ്റ് പ്രവണതകളുടെ ബാധയേറ്റ കുറെ മനസ്സുകള്‍ രാജ്യത്തുണ്ടായിരുന്നു. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാചടങ്ങിനുശേഷം ഈ ബാധയേറ്റവരെല്ലാം വെളിച്ചപ്പാടുകളായി മാറുകയാണ്. സര്‍വ്വ അധികാരകേന്ദ്രങ്ങളിലും സമൂഹത്തിലും നമ്മള്‍ പ്രതീക്ഷിക്കാത്ത ആളുകള്‍ക്കിടയില്‍ പോലും ഇങ്ങനെയുള്ള പ്രവണതകള്‍ കണ്ടുവരികയാണ്. ഇതുതന്നെയാണ് കേന്ദ്ര ഗവണ്‍മെന്റ് ഉദ്ദേശിച്ചത്. ട്രൂകോപ്പി തിങ്ക് പോലെ ഒരു സ്ഥാപനത്തിനെതിരെ ആക്രമണം നടത്തിയാല്‍ വലിയ പ്രതിരോധങ്ങളുണ്ടാവില്ലെന്ന അധികാരഹുങ്കില്‍ നിന്നുകൂടിയാണ് ഈ പ്രതികാര നടപടികളുണ്ടാകുന്നത്.
(ട്രൂകോപ്പി തിങ്കിന്റെ ‘എഡിറ്റേഴ്സ് അസംബ്ലി’യില്‍ സംസാരിച്ചതില്‍ നിന്ന്)
വീഡിയോ പൂര്‍ണമായി കാണാം