അവസാനത്തെ ശ്വാസം

അയോധ്യയിൽ പ്രധാനമന്ത്രി നടത്തിയ സ്വാതന്ത്ര്യസമര വിജയപ്രഖ്യാപനത്തിനുശേഷം ബി.ജെ.പി- സംഘപരിവാർ ശക്തികൾക്കിടയിൽ ഉണ്ടായ എന്തിനും പോന്ന ക്രൗര്യത്തിന്റെ ആദ്യ ഇരകളാണ് കാരവനിലെ ആ മൂന്ന് പത്രപ്രവർത്തകർ. രാമക്ഷേത്രത്തിനു മാത്രമായുള്ളൊരു ശിലാന്യാസമായി ആ ദിവസത്തെ വിലയിരുത്തിയാൽ അപകടരമായ ഒരു ഭാവിയെ കാണാതിരിക്കുന്നതാവും ഫലം. ആ ശിലാന്യാസത്തിൽ ശത്രുവിനോടുള്ള യുദ്ധപ്രഖ്യാപനവും കൂടി ഉൾച്ചേർന്നിരിക്കുന്നു എന്നതാണ് ഡൽഹിയിലെ ഈ ആക്രമണത്തിൽ നിന്ന് മനസ്സിലാക്കേണ്ടത്

തുറന്നുപറയാനും ചോദ്യം ചോദിക്കാനും തിരുത്താനും നന്നായി ജീവിക്കുവാനും കൂട്ടുത്തരവാദിത്വം ഉണ്ടാക്കുവാനും അറിയേണ്ടവനിലേക്ക് വിശദാംശങ്ങൾ സത്യസന്ധമായി എത്തിക്കുന്നതിനും മനുഷ്യൻ കണ്ടെത്തിയ തൊഴിലാണ് പത്രപ്രവർത്തനം. സ്വാതന്ത്ര്യമാണ് അതിന്റെ അത്താണി.
(ഡോ.വിനോദ് കെ.ജോസ്, സ്വാതന്ത്ര്യം സ്‌നേഹമാണ്, സ്വാതന്ത്ര്യത്തിന്റെ മാനിഫെസ്റ്റോ, 2018)

രണകൂടം തരുന്ന അളവിലേ സ്വാതന്ത്ര്യം ശ്വസിക്കാനാവൂ എന്ന ഭയപ്പെടുത്തുന്ന തിരിച്ചറിവിൽനിന്നാണ് പ്രതിഷേധമായും പ്രതികരണമായും ‘സ്വാതന്ത്ര്യത്തിന്റെ മാനിഫെസ്റ്റോ ' 2018ൽ അച്ചടിച്ച് ഇറക്കിയത്. എഴുത്തുകാർ, ബുദ്ധിജീവികൾ, പരിഭാഷകർ, ചിത്രകാരന്മാർ... അങ്ങനെ വ്യക്തിപരമായി ബന്ധമുള്ളവരെല്ലാം ഈ മാനിഫെസ്റ്റോയിൽ നിലപാട് വിശദമാക്കി. സുഹൃത്തായ സബിൻ ഇക്ബാലിൽ നിന്ന് നമ്പർ വാങ്ങി, നേരിൽ പരിചയമില്ലാതിരുന്നിട്ടും കാരവൻ എഡിറ്ററായ വിനോദ് ജോസിനെ വിളിച്ചു. ഇങ്ങനെയൊരു പുസ്തകം ഇറക്കുന്നതിലേക്ക് ഒരു കുറിപ്പ് എഴുതിയാൽ സന്തോഷമാണന്ന് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ കുറിപ്പ് അയച്ചുകിട്ടി. എന്തുകൊണ്ട് വിനോദ് ജോസ് എന്ന ചോദ്യത്തിന് ലളിതമാണ് മറുപടി: കാരവൻ നിരന്തരം സത്യം പറയുന്നു.
സത്യം പറയുക എന്നത് ദുഷ്‌ക്കരമായ ഒരു പ്രവൃത്തിയാണ്. പ്രത്യേകിച്ച് രാജ്യം ഏകാധിപത്യ സ്വഭാവത്തിൽ ചരിക്കുമ്പോൾ. കാരവന്റെ ഓരോ ലക്കവും ഈ സത്യാന്വേഷണത്തിന്റെ തുടർച്ചയാണ്. അതുകൊണ്ടുതന്നെ അവർ പരീക്ഷണങ്ങളെ നേരിടുക സ്വാഭാവികവും. ഇന്ത്യയിലെ ബഹുഭൂരിപക്ഷം മാധ്യമ സ്ഥാപനങ്ങളും ഭരണകൂട വിധേയത്വത്തിലേക്ക് മാറിയപ്പോൾ കാരവൻ അവരുടെ നിലപാടുകളിൽ നിന്ന് ഒരു ചുവടു പോലും പിന്നോട്ട് പോയില്ല.
ആഗസ്റ്റ് അഞ്ചിന് അയോദ്ധ്യയിൽ രാമക്ഷേത്രത്തിന് ശിലാന്യാസം നടക്കുന്നു. പ്രധാനമന്ത്രി ക്ഷേത്ര നിർമാണത്തെ ഇന്ത്യയുടെ മറ്റൊരു സ്വാതന്ത്ര്യസമര വിജയമായി പ്രഖ്യാപിക്കുന്നു. ആറ് ദിവസങ്ങൾക്ക് ശേഷം ഡൽഹിയിൽ കാരവന്റെ പത്രപ്രവർത്തകർക്ക് നേരെ ബി.ജെ.പി പ്രവർത്തകരുടെ ആക്രമണം നടക്കുന്നു. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യസമര വിജയപ്രഖ്യാപനത്തിനുശേഷം ബി.ജെ.പി- സംഘപരിവാർ ശക്തികൾക്കിടയിൽ ഉണ്ടായ എന്തിനും പോന്ന ക്രൗര്യത്തിന്റെ ആദ്യ ഇരകളാണ് ആ മൂന്ന് പത്രപ്രവർത്തകർ. രാമക്ഷേത്രത്തിനു മാത്രമായുള്ളൊരു ശിലാന്യാസമായി ആ ദിവസത്തെ വിലയിരുത്തിയാൽ അപകടരമായ ഒരു ഭാവിയെ കാണാതിരിക്കുന്നതാവും ഫലം. ആ ശിലാന്യാസത്തിൽ ശത്രുവിനോടുള്ള (അപരരായി അവർ കണ്ടിട്ടുള്ളവരെല്ലാം തന്നെ) യുദ്ധപ്രഖ്യാപനവും കൂടി ഉൾച്ചേർന്നിരിക്കുന്നു എന്നതാണ് ഡൽഹിയിലെ ഈ ആക്രമണത്തിൽ നിന്ന് മനസ്സിലാക്കേണ്ടത്. അതിലൊരാൾ മുസ്‌ലിം പുരുഷനും മറ്റൊരാൾ സ്ത്രീ കൂടിയാവുമ്പോൾ അക്രമത്തിന്റെ സ്വഭാവം നിഷ്ഠൂരമാവുക സ്വാഭാവികം.
മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുന്ന ആക്റ്റിവിസ്റ്റുകൾ, പത്രപ്രവർത്തകർ, എഴുത്തുകാർ, അങ്ങനെ ന്യൂനപക്ഷത്തിലും ന്യൂനപക്ഷമായ ഒരു വിഭാഗം എല്ലാക്കാലത്തും സത്യം വിളിച്ചു പറയുകയും പീഢനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇന്ന്​ അർബൻ നക്​സലുകളായും രാജ്യദ്രോഹക്കുറ്റം ചുമത്തിയുമാണ്​ ഇവരിൽ പലരും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്​ (ഒടുവിൽ ഹാനിബാബുവിന്റെ അറസ്​റ്റ്​). എന്നാൽ ഇങ്ങനെ അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് പറയാനുള്ളത് റിപ്പോർട്ട് ചെയ്യുക എന്ന മാധ്യമ ധർമം പോലും മറന്നിരിക്കുന്നു ഇന്ത്യയിലെ പത്ര- ദൃശ്യമാധ്യമങ്ങൾ. കൃഷ്ണരാജിനെപ്പോലുള്ള ധിഷണാശാലിയായ എഡിറ്റർ വളർത്തിയ ഇ.പി.ഡബ്ല്യുപോലും അവരുടെ നീണ്ടകാല ഇടപെടലുകളുടെ ചരിത്രം മറന്ന് ഇത്തരമൊരു വിധേയപ്പെടലിലേക്ക് മാറുന്നതിനെക്കുറിച്ച് ഡോ. കെ.ടി. റാം മോഹൻ എഴുതുന്നു: The SameekshaTrust, the publisher, also seems to have abandoned the spirit of the old times as seen in the exit of two editors in quick succession. Whether it was a doing of the Trust or the editors, writers with a critical edge were even discouraged. Anand Teltumbde, for instance, was asked to tone down his criticism of the government, leading to his giving up the column altogether ( എഫ്.ബി. പോസ്റ്റ്).

ഇവിടെയാണ് കാരവൻ പോലാരു മാധ്യമം ഇന്ത്യയുടെ വർത്തമാനകാലത്ത് പ്രസക്തമാകുന്നത്. മാധ്യമ പ്രവർത്തനത്തിലെ ഒറ്റപ്പെട്ട ശബ്ദങ്ങൾ മാത്രമായിരിക്കില്ല, ആർക്കേവുകൾ, മ്യൂസിയങ്ങൾ എല്ലാം ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാം. അതൊന്നും കായികമായ ഒരിടപെടലിലൂടെ ആയിരിക്കില്ല എന്നു മാത്രം. സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുക എന്നാൽ സ്‌നേഹത്തെക്കുറിച്ച് സംസാരിക്കൽ കൂടിയാണന്ന് പറയുന്ന ഒരു മാധ്യമ സ്ഥാപനം ആക്രമിക്കപ്പെടുമ്പോൾ നമ്മുടെ ശ്വസിക്കുവാനുള്ള ഇടങ്ങൾ കൂടി ഇല്ലാതാവുകയാണ്.

സ്വാതന്ത്ര്യം സ്‌നേഹമാണ്(ഉണ്ണി ആറും ബെന്യാമിനും ചേർന്ന്​ എഡിറ്റുചെയ്​ത സ്വാതന്ത്ര്യത്തിന്റെ മാനിഫെസ്റ്റോ എന്ന പുസ്​തകത്തിൽ ഡോ.വിനോദ് കെ.ജോസ് എഴുതിയ കുറിപ്പ്​)

തുറന്നു പറയാനും ചോദ്യം ചോദിക്കാനും തിരുത്താനും നന്നായി ജീവിക്കുവാനും കൂട്ടുത്തരവാദിത്വം ഉണ്ടാക്കുവാനും അറിയേണ്ടവനിലേക്ക് വിശദാംശങ്ങൾ സത്യസന്ധമായി എത്തിക്കുന്നതിനും മനുഷ്യൻ കണ്ടെത്തിയ തൊഴിലാണ് പത്രപ്രവർത്തനം. സ്വാതന്ത്ര്യമാണ് അതിന്റെ അത്താണി.

സ്വാതന്ത്ര്യത്തിന്റെ വിപരീതപദം അടിമത്തമാണ്. ഇംഗ്ലീഷിലും freedom എന്നതിന്റെ antonym, slavery എന്ന് പഠിപ്പിക്കുന്നതുപോല. മനുഷ്യനെ വെറുക്കാൻ പഠിപ്പിക്കുന്നത് അടിമത്തത്തിൽ എത്തിക്കാനാണ്. തുറന്നു പറയാനും അന്വേഷിക്കാനും അനുവദിക്കാതിരിക്കുന്നതും പൗരനിലേക്ക് വിശദാംശങ്ങൾ സത്യസന്ധമായി എത്തിക്കുക എന്ന ദൗത്യം ചെയ്യിപ്പിക്കാതിരിക്കുന്നതും ഒരു അടിമത്തമാണ്.

ഇന്ത്യ ആ അടിമത്തത്തിലൂടെ പോകുന്നു. ചില വിദ്വാന്മാർ ‘എന്നെ ചങ്ങലയ്ക്കിടൂ' എന്നു പറയുന്നു. ചിലർ ചങ്ങല ആഭരണമായി കണ്ട് അത് ബലമായി വാങ്ങി കഴുത്തിലണിയുന്നു. ചിലരുടെ പുറകെ ചങ്ങലയും കൊണ്ട് ഓടി നടന്ന് കഴുത്തും കാലും ആഞ്ഞു മുറുക്കുന്നു. ചങ്ങല ശബ്ദം അരികത്തുനിന്ന് കേട്ടുകൊണ്ട് സ്വാതന്ത്ര്യത്തിനുവേണ്ടി ജോലി ചെയ്യുമ്പോൾ വലിയ തലവേദനയാണ്, ഉറക്കമില്ലായ്മയാണ്. ഭയമല്ല, മറ്റുള്ളവരുടെ ഭയം കാണുമ്പോൾ, മനുഷ്യന്റെ ഭയമെന്ന ചിന്തയാണ് അടിമത്തത്തിലെത്തിക്കുന്നത് എന്ന് മനസിലാവുന്നു.

മരിക്കുന്നതും സ്വാതന്ത്ര്യമാണ്. ചങ്ങല അണിഞ്ഞാലും മരിക്കും ചങ്ങല അണിഞ്ഞില്ലെങ്കിലും മരിക്കും. വലുതും ചെറുതുമായ ഒരുപാട് ചങ്ങലകൾ ഒച്ചപ്പാടുണ്ടാക്കുന്ന ഒരു വലിയ മുറിയിൽ ചെറിയ ജീവിതങ്ങളായി ജീവിക്കുന്നതാണ് സ്വതന്ത്ര പത്രപ്രവർത്തനത്തിന്റെ 2018ലെ നിർവചനം.

Comments