വിമോചന സമരകാലത്തുതന്നെയാണ്​​ഇപ്പോഴും കേരളത്തിലെ മാധ്യമങ്ങൾ

കേരളത്തിലെ മാധ്യമങ്ങളുടെ വാർത്തകൾ പരിശോധിച്ചാൽ സംസ്ഥാനത്തിന്റെ ഭരണാധികാരി ഗവർണറാണെന്ന ‘പൊതുസമ്മിതി നിർമാണ'മാണ് അവർ ഏറ്റെടുത്തിരിക്കുന്നത് എന്ന് വ്യക്തമാകും. സംസ്ഥാനഭരണത്തിൽ അനാവശ്യമായി ഇടപെടുന്ന ഗവർണർ ചെയ്യുന്നതാണ് നല്ലകാര്യം എന്ന രീതിയിലാണ് മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്. ഫെഡറൽ ഘടനയെതന്നെ തകർത്ത് യുണിറ്ററി സംവിധാനത്തിലേക്ക് രാജ്യത്തെ നയിക്കാൻ വെമ്പിനിൽക്കുന്നവർക്ക് കൈത്താങ്ങായി മാറുകയാണ് മാധ്യമങ്ങളും.

രണഘടനപ്രകാരം ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയനാണ്. ഇന്ത്യ യൂണിറ്ററി (ഏകീകൃതം) രാഷ്ട്രമല്ലെന്ന് വ്യക്തം. എന്നാൽ അതൊരു ഫെഡറേഷനുമല്ല. ശക്തമായ സംസ്ഥാനവും ശക്തമായ കേന്ദ്രവും എന്നതാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. എന്നാൽ സ്വാതന്ത്ര്യാനന്തരകാലത്ത് പല ഘട്ടങ്ങളിലായി ഈ ഫെഡറൽ സ്വഭാവത്തിന് ചോർച്ച സംഭവിച്ചു. കേന്ദ്ര സർക്കാരുകൾ കൂടുതൽ കൂടുതൽ അധികാരങ്ങൾ കവരുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇന്ത്യൻ ഭരണഘടന പൊളിച്ചെഴുതണമെന്ന് പല ഘട്ടങ്ങളിലും ആവശ്യപ്പെട്ട ഒരു പാർട്ടി, കേന്ദ്രം ഭരിക്കുന്ന ഈ സമയത്ത് ഫെഡറലിസത്തിനെതിരായ ആക്രമണം പതിന്മടങ്ങ് വർധിച്ചിട്ടുമുണ്ട്. എല്ലാ അധികാരങ്ങളും കേന്ദ്രത്തിൽ കേന്ദ്രീകരിക്കുക എന്നതാണ് മോദി സർക്കാരിന്റെ നയം. രാഷ്ട്രത്തിന് ഒരു ഭാഷ, ഒരു മതം, ഒരു വേഷം, ഒരു രജിസ്ട്രേഷൻ, ഒരു സിവിൽകോഡ്, ഒരു നികുതി എന്നിവയെല്ലാം ഈ നയത്തിന്റെ ഭാഗമായാണ് നിർദ്ദേശിക്കപ്പെടുന്നത്.

ഈ ഘട്ടത്തിൽ ഇന്ത്യയിലെയും കേരളത്തിലെയും മാധ്യമങ്ങൾ ഏത് പക്ഷത്താണ് നിലയുറപ്പിച്ചിട്ടുള്ളളത് എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. പ്രാഥമിക നീരീക്ഷണം, മുഖ്യധാരാ മാധ്യമങ്ങൾ ഫെഡറിലിസത്തിന് ഒപ്പമല്ല, മറിച്ച് അതിനെ തകർത്ത് യൂണിറ്ററി സ്വഭാവത്തിലേക്ക് നയിക്കുന്ന രാഷ്ട്രീയകക്ഷികൾക്കൊപ്പമാണ് നിലകൊണ്ടിട്ടുള്ളത് എന്നാണ്.

സ്വന്തം കാലിൽ നിൽക്കാനുള്ള ഒരു സംസ്ഥാനത്തിന്റെ ശ്രമത്തെയാണ് കേരളത്തിലെ മാധ്യമങ്ങൾ ക്രൂരമായി വേട്ടയാടിയത്. കേന്ദ്ര എജൻസികളായ ഇ.ഡിയും മറ്റും ചെയ്തിനെക്കാളും മേലേയാണ് ഈ മാധ്യമവേട്ട.

ഇനി വിശദാംശങ്ങളിലേക്ക് കടക്കാം.

ഏഷ്യയിൽ തന്നെ തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാർട്ടി ആദ്യം അധികാരത്തിൽ വന്നത് കേരളത്തിലായിരുന്നു. കേരളം ഇന്ന് നേടിയ സാമൂഹ്യ, രാഷ്ട്രീയ മുന്നേറ്റത്തിന് അടിത്തറിയിട്ട സർക്കാരായിരുന്നു 1957 ൽ അധികാരത്തിൽ വന്ന ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ. എന്നാൽ ആ സർക്കാരിനെ അട്ടിമറിക്കാൻ രാഷ്ട്രീയ പാർട്ടികളെയും ജനങ്ങളെയും ഇളക്കിവിട്ടതിൽ എറ്റവും പ്രധാന പങ്കുവഹിച്ചത് കേരളത്തിലെ മാധ്യമങ്ങളായിരുന്നില്ലേ? കമ്യൂണിസ്റ്റുകാർ കേരളത്തിൽ അധികാരത്തിലെത്തിയാൽ വിഷം കഴിച്ചുമരിക്കുമെന്ന് പറഞ്ഞ പത്രാധിപരുടെ പത്രത്തിന്റെ കമ്യൂണിസ്റ്റ് വിരോധത്തെക്കുറിച്ച് വിശദീകരണം ആവശ്യമില്ല. എന്നാൽ മലയാള മനോരമ മാത്രമല്ല അന്നത്തെ ഭൂരിപക്ഷം മാധ്യമങ്ങളും കമ്യൂണിസ്റ്റ് സർക്കാരിനെ എങ്ങനെയെങ്കിലും പുറത്താക്കണമെന്ന പക്ഷത്താണ് നിലയുറപ്പിച്ചത്. അക്കാലത്തെ മാധ്യമങ്ങളെക്കുറിച്ച് ഡോ. സെബാസ്​റ്റ്യൻ പോൾ ഇങ്ങനെ വിലയിരുത്തുന്നുണ്ട്: ‘കോൺഗ്രസിന്റെ പ്രചാരണ ജിഹ്വയെന്ന നിലയിൽ ആരംഭിച്ച മാതൃഭൂമിയും കത്തോലിക്കാ സഭയുടെ സ്വന്തം പത്രമായിരുന്ന ദീപികയും അമേരിക്കയിൽനിന്ന് അച്ചാരം വാങ്ങിയെത്തിയ ജോർജ് തോമസിന്റെ കേരളധ്വനിയും കമ്യൂണിസ്റ്റ് വിരുദ്ധനെന്ന മുദ്ര ഭൂഷണമാക്കിയിരുന്ന വടക്കനച്ചന്റെ തൊഴിലാളിയും നായർ സമുദായാഭിമുഖ്യമുള്ള മലയാളരാജ്യവും ദേശബന്ധുവും ഉൾപ്പെടെയുള്ള വലതുപക്ഷ പത്രങ്ങൾ വിമോചനസമരത്തെ പിന്തുണച്ചത് ചരിത്രം.’ (1957 ഇ.എം.എസ് മന്ത്രിസഭ, ചരിത്രവും രാഷ്ട്രീയവും, ചിന്ത പബ്ലിഷേഴ്സ്, പേജ് 222).

ഐക്യകേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായി ഇ.എം.എസ് സത്യപ്രതിജ്ഞ ചെയ്യുന്നു. / Photo : Keralaculture.org

ഈ ജനാധിപത്യവിരുദ്ധ നിലപാട് തുടരുന്നതിനായി അമേരിക്കയിൽ നിന്ന്​ പണം സ്വീകരിക്കുന്നതിലും മാധ്യമങ്ങൾക്ക് മടിയുണ്ടായിരുന്നില്ല. അമേരിക്കൻ പണം മനോരമ സ്വീകരിച്ചതായി മത്തായി മാഞ്ഞൂരാൻ ആക്ഷേപമുന്നയിച്ചപ്പോൾ മാമ്മൻമാപ്പിളക്കുശേഷം മനോരമയുടെ പത്രാധിപരായ കെ. എം. ചെറിയാൻ മുഖപ്രസംഗത്തിലൂടെ നൽകിയ മറുപടിയിൽ, ‘അങ്ങനെ അമേരിക്കൻ ഏജൻസികൾ സഹായിക്കുന്നെങ്കിൽ അത് ഏറ്റവും അഭിമാനകരമായി സ്വീകരിക്കുവാൻ ഞങ്ങൾക്ക് അശേഷം മടിക്കേണ്ട ആവശ്യമുള്ളതായി ഇതുവരെ തോന്നിയിട്ടില്ല' എന്ന് എഴുതുകയുണ്ടായി. (പേജ് 224). ദീപികയാകട്ടെ ‘ഗ്വാട്ടിമാലയും കേരളവും' എന്ന ലേഖനം പ്രസിദ്ധീകരിച്ച്​, ഗ്വാട്ടിമാലയിലെ സർക്കാരിനെ അട്ടിമറിച്ചതുപോലെ കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയെയും അട്ടിമറിക്കണമൈന്ന ആഹ്വാനം പോലും നടത്തുകയുണ്ടായി.

കേന്ദ്രത്തിൽ അധികാരത്തിലുള്ള, സ്വേച്​ഛാധിപത്യസ്വഭാവം കാണിക്കുന്ന സർക്കാരിനെ സുഖിപ്പിക്കാനുള്ള മത്സരമാണ് കേരളത്തിലെ മാധ്യമങ്ങൾ നടത്തുന്നത്. ഫെഡറൽ ഘടനയെതന്നെ തകർത്ത് യൂണിറ്ററി സംവിധാനത്തിലേക്ക് രാജ്യത്തെ നയിക്കാൻ വെമ്പിനിൽക്കുന്നവർക്ക് കൈത്താങ്ങായി മാറുകയാണ് കേരളത്തിലെ മാധ്യമങ്ങളും.

അതായത്, ഇന്ത്യൻ ഭരണഘടനയനുസരിച്ച് തെരഞ്ഞെടുപ്പിലൂടെ ജനങ്ങളുടെ അംഗീകാരം നേടിയ ഒരു സർക്കാരിനെ അട്ടിമറിക്കാനാണ് കേരളത്തിലെ ഭൂരിപക്ഷം മാധ്യമങ്ങളും കൂട്ടുനിന്നത്. ഈ മാധ്യമങ്ങൾ അന്ന് നിലകൊണ്ടത് സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കാനല്ല, മറിച്ച്, അതിനെ ജനാധിപത്യവിരുദ്ധമായി 356-ാം വകുപ്പ് ഉപയോഗിച്ച് പിരിച്ചുവിട്ട കേന്ദ്ര സർക്കാരിനെ ന്യായീകരിക്കാനാണ്. സംസ്ഥാനങ്ങളെ ദുർബലമാക്കി കേന്ദ്രത്തിന്റെ കരങ്ങൾക്ക് ശക്തികൂട്ടാനാണ് മാധ്യമങ്ങൾ കൂട്ടുനിന്നത്. ആ ദൗത്യം ഇന്നും ഒരു മറയുമില്ലാതെ കേരളത്തിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും തുടരുകയാണ്. അന്ന് കോൺഗ്രസ് സർക്കാരിന്റെ ഫെഡറൽ വിരുദ്ധ നടപടികളെയാണ് മാധ്യമങ്ങൾ പിന്തുണച്ചെതെങ്കിൽ ഇന്ന് മോദി സർക്കാരിന്റെ ഫെഡറൽ വിരുദ്ധ നടപടികളെ കണ്ണുംപൂട്ടി പിന്തുണക്കുകയാണ്. വിമോചനസമരകാലത്തെ കമ്യൂണിസ്റ്റ് വിരുദ്ധത ഇപ്പോഴും അതേ തീവ്രതയിലോ അതിലുമപ്പുറമോ മാധ്യമങ്ങൾ തുടരുകയാണ്.

വിമോചന സമരകാലത്തെ ഒരു തെരുവുയോഗം (1958). / Photo: Keralaculture.org

ഗവർണർ വിഷയത്തിൽ നിഴലിച്ചുകാണുന്നതും അതാണ്. ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഗവർണർ ഭരണഘടനാത്തലവനാണ്. എന്നാൽ ഭരണാധികാരിയല്ല. ഭരണനിർവഹണം നടത്താനുള്ള ഒരധികാരവും ഗവർണർക്ക് ഇല്ല. യഥാർഥ അധികാരം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിക്ഷിപ്തമാണ്. എന്നാൽ കേരളത്തിലെ മാധ്യമങ്ങളുടെ വാർത്തകളും അവക്ക് നൽകുന്ന തലക്കെട്ടും പരിശോധിച്ചാൽ സംസ്ഥാനത്തിന്റെ ഭരണാധികാരി ഗവർണറാണെന്ന ‘പൊതുസമ്മിതി നിർമാണ'മാണ് (നോം ചോംസ്‌കി നടത്തിയ പദപ്രയോഗം) അവർ ഏറ്റെടുത്തിരിക്കുന്നത് എന്ന് വ്യക്തമാകും. സംസ്ഥാനഭരണത്തിൽ അനാവശ്യമായി ഇടപെടുന്ന ഗവർണർ ചെയ്യുന്നതാണ് നല്ലകാര്യം എന്ന രീതിയിലാണ് അച്ചടി - ദൃശ്യമാധ്യമങ്ങൾ അവതരിപ്പിക്കുന്നത്. കേന്ദ്രത്തിൽ അധികാരത്തിലുള്ള, സ്വേച്​ഛാധിപത്യസ്വഭാവം കാണിക്കുന്ന സർക്കാരിനെ സുഖിപ്പിക്കാനുള്ള മത്സരമാണ് കേരളത്തിലെ മാധ്യമങ്ങൾ നടത്തുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ ഘടനയെതന്നെ തകർത്ത് യൂണിറ്ററി സംവിധാനത്തിലേക്ക് രാജ്യത്തെ നയിക്കാൻ വെമ്പിനിൽക്കുന്നവർക്ക് കൈത്താങ്ങായി മാറുകയാണ് കേരളത്തിലെ മാധ്യമങ്ങളും.

ഇനി ദേശീയമാധ്യമങ്ങളുടെ സ്ഥിതി പരിശോധിക്കാം.

2019 ആഗസ്ത് അഞ്ചിനാണ് ഭരണഘടയിലെ 370-ാം വകുപ്പും 35 എ വകുപ്പും റദ്ദാക്കി ജമ്മു കാശ്മീർ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി (ജമ്മു- കാശ്മീർ, ലഡാക്ക്- കാർഗിൽ) തരം താഴ്​ത്തുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമായി തരംതാഴ്ത്തുന്നത്. തീർത്തും ജനാധിപത്യവിരുദ്ധമായ ഈ നപടിയെ വിമർശിക്കുന്നതിനുപകരം കേന്ദ്ര സർക്കാർ ചെയ്തത് മഹത്തായ കാര്യമെന്ന നിലയിലാണ് മുഖ്യധാരാ മാധ്യമങ്ങൾ ഈ നപടിയെ കണ്ടത്.

മുസ്​ലിം ഭൂരിപക്ഷ സംസ്ഥാനമായതുകൊണ്ടാണ് ജമ്മു- കാശ്മീരിനുള്ള പ്രത്യേക അവകാശങ്ങൾ എടുത്തുകളഞ്ഞത് എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം. ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, അരുണാചൽപ്രദേശ് തുടങ്ങി പല സംസ്ഥാനങ്ങൾക്കും ഇത്തരത്തിൽ പ്രത്യേക അവകാശങ്ങൾ ഇപ്പോഴും തുടരുമ്പോഴാണ് ജമ്മു കാശ്മീരിന് ചരിത്രപരമായി ലഭിച്ച പ്രത്യേക അവകാശങ്ങൾ നിഷേധിക്കപ്പെടുന്നത്. ഒരു പ്രത്യേക മതവിഭാഗത്തെ നിലക്കുനിർത്തിയെന്ന സന്ദേശം രാജ്യത്താകമാനം നൽകുകയും അതുവഴി ഭൂരിപക്ഷ വോട്ടുകൾ നേടുകയുമാണ് മോദിയുടെയും അമിത്ഷായുടെയും ലക്ഷ്യമെന്ന് ആർക്കാണറിയാത്തത്? തുടർന്നുണ്ടായ മണ്ഡല പുനർവിഭജനവും വോട്ടർപട്ടിക പുതുക്കലും മറ്റും ഇതേ ലക്ഷ്യം വെച്ചായിരുന്നു എന്നും വ്യക്തം. ഫെഡറലിസത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്ന സമീപനമായിരുന്നു ഇത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ ഈ അമിതാധികാര നടപടിയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഭൂരിപക്ഷം മാധ്യമങ്ങളും സ്വീകരിച്ചത്. ‘ഹിസ്റ്ററി ഇൻ വൺ സ്ട്രോക്ക്' എന്ന തലക്കെട്ടാണ് ഇന്ത്യൻ എക്സ്പ്രസ് നൽകിയത്. ‘കാശ്മീർ നൗ എ യൂണിയൻസ് ടെറിട്ടറി' എന്ന തലക്കെട്ട് നൽകി ടൈംസ് ഓഫ് ഇന്ത്യയും ‘യൂണിയന്റെ പ്രദേശമായി കാശ്മീർ മാറി'യെന്ന് തലക്കെട്ട് നൽകി ഹിന്ദുസ്ഥാൻ ടൈംസും ബി.ജെ.പി പ്രത്യയശാസ്ത്രത്തെ തലക്കെട്ടിൽ സന്നിവേശിപ്പിച്ച് അവരുടെ കയ്യടി നേടി. മലയാളം പത്രങ്ങളും ഇതിൽ നിന്ന്​ ഒട്ടും വ്യത്യസ്തമായല്ല പ്രതികരിച്ചത്.

ആഗോളവൽക്കരണ നയങ്ങളെ പൊതുവെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് രാജ്യത്തെ മാധ്യമങ്ങൾ പൊതുവെയും കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങൾ പ്രത്യേകിച്ചും സ്വീകരിച്ചിരുന്നത്. കോർപറേറ്റ് മുതലാളിത്ത ലാഭം വർധിപ്പിക്കാൻ സഹായിക്കുന്ന നവ ഉദാരവൽക്കരണ നയം മാധ്യമ മുതലാളിമാരുടെയും നയം തന്നെയായതും ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്.

സംസ്ഥാനങ്ങളുടെ ധനപരമായ അവകാശങ്ങൾ ചോരാനാരംഭിച്ചത് നവ ഉദാരവൽക്കരണനയങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കാൻ ആരംഭിച്ചപ്പോഴാണ്. നരസിംഹറാവു സർക്കാർ കൊണ്ടുവന്ന നവ ഉദാരവൽക്കണ നടപടികൾ പാവങ്ങൾക്കുള്ള സബ്സിഡികൾ പ്രത്യുൽപാദനപരമല്ലെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തുകയും കോർപറേറ്റുകൾക്കുള്ള സബ്സിഡി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ആഗോളവൽക്കരണ നയങ്ങളെ പൊതുവെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് രാജ്യത്തെ മാധ്യമങ്ങൾ പൊതുവെയും കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങൾ പ്രത്യേകിച്ചും സ്വീകരിച്ചിരുന്നത്. കോർപറേറ്റ് മുതലാളിത്ത ലാഭം വർധിപ്പിക്കാൻ സഹായിക്കുന്ന നവ ഉദാരവൽക്കരണ നയം മാധ്യമ മുതലാളിമാരുടെയും നയം തന്നെയായതും ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. എന്തുകൊണ്ടാണ് മാധ്യമങ്ങൾ കമ്യൂണിസ്റ്റ് - ഇടതുപക്ഷ വിരുദ്ധമാകുന്നത് എന്നതിനുള്ള ഉത്തരവും ഇതിലടങ്ങിയിട്ടുണ്ട്.

ആഗോളവൽക്കരണനയത്തിന്റെ ഭാഗമായാണ് എഫ്​.ആർ.ബി.എം ആക്ടും, വായ്പാപരിധി നിർണയവും മറ്റും വന്നത്. ആസൂത്രണകമീഷൻ തന്നെ ഇല്ലാതായി. സംസ്ഥാനങ്ങളുടെ ധനപരമായ അവകാശങ്ങളൊണ് കവർന്നെടുക്കപ്പെട്ടത്. ഇതിനെ മറികടക്കാനാണ് ഒരോ സംസ്ഥാനങ്ങളും പരിശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് കേരളത്തിൽ കിഫ്ബി വന്നത്. സ്വന്തം കാലിൽ നിൽക്കാനുള്ള ഒരു സംസ്ഥാനത്തിന്റെ ശ്രമത്തെയാണ് കേരളത്തിലെ മാധ്യമങ്ങൾ ക്രൂരമായി വേട്ടയാടിയത്. കേന്ദ്ര എജൻസികളായ ഇ.ഡിയും മറ്റും ചെയ്തിനെക്കാളും മേലേയാണ് ഈ മാധ്യമവേട്ട. അതായത്, ഫെഡറൽ സംവിധാനം തകർത്ത് യൂണിറ്ററി സംവിധാനം കൊണ്ടുവരാനുള്ള ആർ.എസ്.എസ് പ്രോജക്ടിന്റെ ഭാഗമാകുന്നതിൽ മുഖ്യധാരാമാധ്യമങ്ങൾക്ക് ഒരു മടിയുമില്ലെന്ന് സാരം. മോദിക്കുള്ള കരുത്തും അകമഴിഞ്ഞുള്ള ഈ മാധ്യമ പിന്തുണയാണ്. വിരലിലെണ്ണാവുന്ന മാധ്യമങ്ങൾ മാത്രമാണ് ആർ.എസ്.എസിന്റെ ഈ പ്രോജക്ടിനെ എതിർക്കുന്നത്. ഭാവിചരിത്രം അവരിലാണ് പ്രതീക്ഷ അർപ്പിക്കുന്നത്, ‘ഗോദി മീഡിയ’യിലല്ല. ▮

Comments