ധന്യ രാജേന്ദ്രൻ

കവർസ്​റ്റോറിയിലൂടെ ‘വനിത’
​ദിലീപ്​ എന്ന പ്രതിക്കുവേണ്ടി ചെയ്യുന്നത്​

എന്തുകൊണ്ടാണ് ‘മനോരമ’ അടക്കമുള്ള മാധ്യമങ്ങൾ തുടർച്ചയായി ദിലീപിന്റെ ഭാഗം തന്നെ പറയുന്നത്? ഇനി ദിലീപിന്റെ ഭാഗം പറഞ്ഞാലും, ഈ കേസിലെ സർവൈവറുടെ ഭാഗം അവതരിപ്പിക്കാൻ ഇവർ ശ്രമിക്കാറുണ്ടോ? അതാണ് നമ്മുടെ മുൻപിലുള്ള ചോദ്യം. ആ ചോദ്യത്തിന്റെ ഉത്തരം നെഗറ്റീവ് ആയതുകൊണ്ടാണ് ഒരുപാട് ആളുകൾ വനിതയുടെ ഈ കവർസ്റ്റോറിയെ ചോദ്യം ചെയ്യുന്നത്.

ല പാശ്ചാത്യ രാജ്യങ്ങളിലും ഒരുപാടു കാലമായി നടന്നുവരുന്നൊരു ചർച്ചയാണ്, ഒരു കുറ്റകൃത്യത്തിൽ ഒരു വെള്ളക്കാരനോ വെള്ളക്കാരിയോ ആരോപണവിധേയരായാൽ, അല്ലെങ്കിൽ ഒരു കറുത്ത പുരുഷനോ സ്ത്രീയോ സമാനമായൊരു കുറ്റകൃത്യത്തിൽ ആരോപണവിധേയരായാൽ, ഏതുരീതിയിലാണ് മാധ്യമങ്ങൾ അതിനെ കൈകാര്യം ചെയ്യുന്നത് എന്ന്. എത്രയോ പേർ വളരെ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള കാര്യമാണത്. കറുത്തവർ ഒരു കേസിൽ ആരോപണവിധേയരായാൽ അവരെക്കുറിച്ചുള്ള ഏറ്റവും മോശമായ ചിത്രമാണ് മാധ്യമങ്ങൾ അവതരിപ്പിക്കുക. അവരുടെ മുൻപത്തെ കുറ്റകൃത്യങ്ങൾ വിശദീകരിക്കും. അവർ അങ്ങനെ ചെയ്യുമെന്ന് ഞങ്ങൾ ഭയന്നിരുന്നു എന്ന് അയൽക്കാരോ കൂടെ പഠിച്ചവരോ ഉദാഹരണങ്ങൾ സഹിതം പറയുന്നതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യും.

വനിതാവിമോചനത്തിനുവേണ്ടിയെന്നു സ്വയം സ്ഥാനം കൽപിച്ചിരിക്കുന്നൊരു മാസികയ്ക്ക് എങ്ങനെയാണ് ഇതുപോലെ, ഒരു സ്ത്രീയ്ക്കെതിരെ നടന്ന അത്യന്തം ഹീനമായൊരു കുറ്റകൃത്യത്തിലെ കുറ്റാരോപിതനെ ന്യായീകരിക്കാനാവുക?

അതേസമയം, ഒരു വെളുത്ത മനുഷ്യനാണ് സമാനമായ കേസിൽ പെടുന്നതെങ്കിൽ ആ വ്യക്തിയുടെ ഏറ്റവും മൃദുവായ വശങ്ങൾ അവതരിപ്പിക്കാനായിരിക്കും മാധ്യമങ്ങളുടെ താൽപര്യം. ഓ, അവനൊരു നല്ല പയ്യനായിരുന്നു, ഞങ്ങൾക്കൊക്കെ അവനെ എന്തു വിശ്വാസമായിരുന്നു, എന്നുപറയുന്ന അയൽക്കാരുടെ അഭിമുഖങ്ങളായിരിക്കും അപ്പോൾ നമ്മൾ മാധ്യമങ്ങളിൽ കാണുക. ഇത്തരം ഘട്ടങ്ങളിൽ മാധ്യമങ്ങൾ എങ്ങനെയാണ് സാമൂഹ്യസംവാദം രൂപപ്പെടുത്തിയെടുക്കുന്നത് എന്ന് നമ്മൾ പലതവണ കണ്ടിട്ടുള്ളതാണ്. വനിത മാസികയുടെ മുഖചിത്രവും കവർസ്റ്റോറിയുമായി നടൻ ദിലീപും കുടുംബവും വന്നതിനെയും അത്തരമൊരു ശ്രമമായാണ് ഞാൻ കാണുന്നത്.

ദിലീപ് എന്ന നടൻ 2017-ൽ ജയിലിൽനിന്ന് പുറത്തുവന്നശേഷം ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം മിക്കവാറും എല്ലാ മലയാള മാധ്യമസ്ഥാപനങ്ങളും- മുഖ്യധാരാ മാധ്യമസ്ഥാപനങ്ങളെങ്കിലും- ദിലീപിന്റെ അഭിമുഖങ്ങളും ദിലീപിന്റെ സിനിമകളുടെ പ്രചാരണത്തിനുവേണ്ടിയുള്ള വാർത്തകളും തുരുതുരാ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപ്പോഴൊന്നും എല്ലാവരും അതിൽ പ്രതിഷേധിക്കാൻ പോയിട്ടില്ല. ഇപ്പോൾ വനിതയിൽ ഈ കവർസ്റ്റോറി വന്നപ്പോൾ എന്തുകൊണ്ടാണ് ആളുകൾ പ്രതിഷേധിച്ചത്? ഒരു എഡിറ്റർ എന്ന നിലയിൽ എനിയ്ക്ക് വനിതയിലെ ഈ കവർസ്റ്റോറിയോട് പ്രതിഷേധമുള്ളതിന് രണ്ടുമൂന്ന് കാരണങ്ങളുണ്ട്.

ആദ്യത്തേത്, എന്താണ് വനിത എന്ന മാസികയുടെ സ്വഭാവം? കേരളത്തിലെ വനിതകൾ വായിക്കേണ്ടതും, വനിതകളുടെ വിമോചനത്തിനായി നിലകൊള്ളുന്നതുമായ ഒരു പ്രസിദ്ധീകരണം എന്നാണല്ലോ വനിത ഇത്രയും കാലമായി അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത് (അവർ ഇത്രയും കാലം എഴുതിയതെല്ലാം വനിതകളുടെ വിമോചനത്തിനുവേണ്ടിയായിരുന്നോ, വനിതകളുടെ ശാക്തീകരണത്തിനുവേണ്ടിയായിരുന്നോ എന്നതു മറ്റൊരു തർക്കവിഷയമാണ്). അത്തരത്തിൽ വനിതാവിമോചനത്തിനുവേണ്ടിയെന്നു സ്വയം സ്ഥാനം കൽപിച്ചിരിക്കുന്നൊരു മാസികയ്ക്ക് എങ്ങനെയാണ് ഇതുപോലെ, ഒരു സ്ത്രീയ്ക്കെതിരെ നടന്ന അത്യന്തം ഹീനമായൊരു കുറ്റകൃത്യത്തിലെ കുറ്റാരോപിതനെ ന്യായീകരിക്കാനാവുക? നമ്മൾ ഇവിടെ സംസാരിക്കുന്നത് വെറുമൊരു കുറ്റകൃത്യത്തെക്കുറിച്ചല്ല. അതൊരു മോഷണമോ കൊള്ളയോ രാഷ്ട്രീയ കുറ്റകൃത്യമോ അല്ല. ഒരു സ്ത്രീക്കെതിരെ നടത്തിയ അത്യന്തം ഹീനമായൊരു കുറ്റകൃത്യത്തിലെ കുറ്റാരോപിതനെക്കുറിച്ചാണ്, സ്ത്രീകൾക്കുവേണ്ടി എഴുതുന്നു എന്ന് അവകാശപ്പെടുന്ന വനിതയിൽ വരുന്നത്. അപ്പോൾ ഈ മാസികയുടെ position എന്താണ്?

ദിലീപിനെ ഒരു family man ആയി ചിത്രീകരിക്കാനുള്ള വ്യക്തമായ ശ്രമമാണ്. അതായത്, ദിലീപിനെപ്പോലൊരു ‘കുടുംബസ്ഥന്' ഒരു കുറ്റകൃത്യം നടത്താനോ ഗൂഢാലോചനയിൽ പങ്കാളിയാകാനോ കഴിയില്ല എന്ന പൊതുബോധം രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമം.

രണ്ട്; നേരത്തേ പറഞ്ഞതുപോലെ, പാശ്ചാത്യ രാജ്യങ്ങളിൽ കണ്ടുവരുന്നതുപോലുള്ള ഈ പ്രവണത, പ്രിവിലേജുകളുള്ള ഒരാൾ ഒരു കേസിൽ കുറ്റാരോപിതനായാൽ അയാൾക്കുവേണ്ടിയൊരു സാമൂഹികപിന്തുണ രൂപപ്പെടുത്തിയെടുക്കുക എന്നതാണ്​. വനിതയിൽ വന്ന ഇന്റർവ്യൂ ദിലീപിന്റെ സിനിമയെക്കുറിച്ച് മാത്രമായിരുന്നെങ്കിൽ, ആ സിനിമയുടെ സംവിധായകനെയോ നിർമാതാവിനെയോ പറ്റിയായിരുന്നെങ്കിൽ, ഞാൻ പ്രതിഷേധിക്കുമായിരുന്നില്ല. മറ്റുപലരും പ്രതിഷേധിക്കുമായിരുന്നില്ലെന്നും എനിയ്ക്കു തോന്നുന്നു. പക്ഷേ ഇവിടെ നടന്നത്, ദിലീപിനെ ഒരു family man ആയി ചിത്രീകരിക്കാനുള്ള വ്യക്തമായ ശ്രമമാണ്. അതായത്, ദിലീപിനെപ്പോലൊരു ‘കുടുംബസ്ഥന്' ഒരു കുറ്റകൃത്യം നടത്താനോ ഗൂഢാലോചനയിൽ പങ്കാളിയാകാനോ കഴിയില്ല എന്ന പൊതുബോധം രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമം.

അതായത്, ഇത്തരത്തിലുള്ളൊരാൾ ഒരു കേസിൽ കുറ്റാരോപിതനായാൽ, അവരുടെ കുടുംബത്തിന്റെ പ്രതികരണം മാധ്യമങ്ങൾ അവതരിപ്പിക്കുന്നത് നമ്മൾ എത്രയോ കണ്ടിട്ടുള്ളതാണ്. അവൻ ഒരു അച്ഛനാണ്, ഒരു സഹോദരനാണ്, അതുകൊണ്ട് അവൻ ഈ കുറ്റകൃത്യം ചെയ്തിരിക്കില്ല എന്ന മട്ടിലുള്ള സാക്ഷ്യങ്ങൾ. കുറ്റകൃത്യം ചെയ്യുന്ന എല്ലാവരും തന്നെ, മിക്കവാറും മനുഷ്യരെല്ലാം, ഏതെങ്കിലും കുടുംബത്തിലെ അംഗമാണ്. അവൻ അച്ഛനോ മുത്തച്ഛനോ സഹോദരനോ അമ്മാവനോ ഒക്കെത്തന്നെയാണ്. സത്യത്തിൽ, കേരളത്തിലും ഇന്ത്യയിലും, സ്ത്രീകൾ ഏറ്റവും കൂടുതൽ ലൈംഗികഅതിക്രമം നേരിടുന്നത് അവരുടെ കുടുംബത്തിനുള്ളിൽ തന്നെയാണ്.

മനോരമ ഗ്രൂപ്പ്, ഈ കേസ് എങ്ങനെയാണ് കവർ ചെയ്യുന്നത് എന്ന് ഞാൻ വർഷങ്ങളായി നിരീക്ഷിക്കുന്നുണ്ട്. ഈ കേസിൽ, ദിലീപിനെ വെള്ളപൂശാനുള്ള വ്യക്തമായ ശ്രമം ഇവരിൽ നിന്നുണ്ടായിട്ടുണ്ട് എന്ന് ഇവരുടെ കവറേജിൽ നിന്ന് വ്യക്തമായി മനസ്സിലാവും.

ദിലീപ് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടോ എന്നൊരു ചോദ്യമുണ്ടായിരുന്നു വനിതയിലെ അഭിമുഖത്തിൽ. എന്തൊരു വിവരക്കേടാണ് ആ ചോദ്യം? ആ ചോദ്യം അവർ ചോദിക്കേണ്ടത് സത്യത്തിൽ ആരോടാണ്? ഈ കേസിലെ സർവൈവർ ആയ സ്ത്രീ ഏതാനും വർഷം മുൻപ് ഒരു തുറന്ന കത്ത് എഴുതിയത് വായിക്കുകയുണ്ടായി. പി.സി. ജോർജ് എന്ന രാഷ്ട്രീയക്കാരൻ അവരെ വളരെ മോശമായി ചിത്രീകരിക്കുകയും അവഹേളിക്കുകയും ചെയ്ത സന്ദർഭത്തിലായിരുന്നു അത്. ‘ഞാൻ പരാതിപ്പെടുകയാണോ ആത്മഹത്യ ചെയ്യുകയാണോ വേണ്ടത്' എന്നാണ് അവർ ആ കത്തിൽ ചോദിച്ചത്. അതേ കേസിലെ കുറ്റാരോപിതനോട് ആത്മഹത്യയെക്കുറിച്ച് ചോദിക്കുന്നത് എത്ര നിന്ദ്യമായ കാര്യമാണ്.

മറ്റൊരു കാര്യം, ഇത്തരമൊരു മാധ്യമസ്ഥാപനത്തിന്റെ ഇത്തരം പ്രവൃത്തിയെ നമ്മൾ ചോദ്യംചെയ്യുന്നതിനെ ഒറ്റപ്പെട്ട സംഭവമായി കാണേണ്ടതില്ല. ഇതിനെക്കുറിച്ച് ഞാനൊരു ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. കാരണം, ഈ ഗ്രൂപ്പ്, മനോരമ ഗ്രൂപ്പ്, ഈ കേസ് എങ്ങനെയാണ് കവർ ചെയ്യുന്നത് എന്ന് ഞാൻ വർഷങ്ങളായി നിരീക്ഷിക്കുന്നുണ്ട്. എന്തെങ്കിലുമൊരു കേസുണ്ടായാൽ അതിന്റെ രണ്ടുവശങ്ങളും നമുക്ക് കവർ ചെയ്യാം. പക്ഷേ ഈ കേസിൽ, ദിലീപിനെ വെള്ളപൂശാനുള്ള വ്യക്തമായ ശ്രമം ഇവരിൽ നിന്നുണ്ടായിട്ടുണ്ട് എന്ന് ഇവരുടെ കവറേജിൽ നിന്ന് വ്യക്തമായി മനസ്സിലാവും. ‘ദിലീപ് വളരെ പാവപ്പെട്ട പശ്ചാത്തലത്തിൽ നിന്ന് വളരെ കഷ്ടപ്പെട്ട് അധ്വാനിച്ച് മുന്നേറി വന്നൊരാളാണ്’ എന്നുപറയുന്ന ആളുകളെ വീണ്ടും വീണ്ടും അവതരിപ്പിക്കാനാണ് ഈ ഗ്രൂപ്പ് ശ്രമിച്ചിട്ടുള്ളത്. എന്തുകൊണ്ടാണ് ഇവർ തുടർച്ചയായി ദിലീപിന്റെ ഭാഗം തന്നെ പറയുന്നത്? ഇനി ദിലീപിന്റെ ഭാഗം പറഞ്ഞാലും, ഈ കേസിലെ സർവൈവറുടെ ഭാഗം അവതരിപ്പിക്കാൻ ഇവർ ശ്രമിക്കാറുണ്ടോ? അതാണ് നമ്മുടെ മുൻപിലുള്ള ചോദ്യം. ആ ചോദ്യത്തിന്റെ ഉത്തരം നെഗറ്റീവ് ആയതുകൊണ്ടാണ് ഒരുപാട് ആളുകൾ വനിതയുടെ ഈ കവർസ്റ്റോറിയെ ചോദ്യം ചെയ്യുന്നത്.

മറ്റൊന്ന് ഈ കവർസ്റ്റോറിയുടെ ടൈമിങ് ആണ്.
കേസിന്റെ വിചാരണ ഏതാണ്ട് അവസാനിക്കാനിരിക്കുന്ന സമയത്താണ് ദിലീപിനെതിരെ പുതിയ ആരോപണങ്ങൾ പുറത്തുവന്നത്- ഓഡിയോ ക്ലിപ്പുകൾ ഉൾപ്പെടെ. അതിനെക്കുറിച്ച് വലിയൊരു ചർച്ച കേരളത്തിൽ നടക്കുമ്പോഴാണ് വനിതയിൽ ഈ ലേഖനം വരുന്നത്. ഈ ലേഖനം, ദിലീപ് പ്രതിയായ കേസിനെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്. വേണമെങ്കിൽ, ഇന്റർവ്യൂ എടുക്കുന്ന സമയത്ത് ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ പുറത്തുവന്നിരുന്നില്ല, അവയെക്കുറിച്ച് വനിതയ്ക്ക് അറിയുമായിരുന്നില്ല എന്ന് നമുക്ക് ചിന്തിയ്ക്കാം. എങ്കിൽ പോലും, കേസിന്റെ വിചാരണ അവസാനഘട്ടത്തിലെത്തി നിൽക്കുന്ന സമയത്ത് കുറ്റാരോപിതനെ വെള്ളപൂശാൻ ഇത്തരമൊരു അഭിമുഖം പ്രസിദ്ധീകരിക്കാൻ പാടുണ്ടോ എന്നതാണ് ചോദ്യം.

പാർവതി തിരുവോത്ത്, രേവതി, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ

കോടതി വിലക്കിന്റെ പേരിൽ മനോരമ ഉൾപ്പെടെ എത്രയോ മാധ്യമസ്ഥാപനങ്ങൾ ഈ കേസിന്റെ വിചാരണ കവർ ചെയ്യാതിരിക്കുന്നുണ്ട്. വിചാരണ കവർ ചെയ്യാൻ മടിക്കുന്ന മനോരമ എങ്ങനെയാണ് കേസിലെ തന്റെ ഭാഗം അവതരിപ്പിക്കാൻ ദിലീപിന് മാത്രം അവസരം കൊടുക്കുന്നത്?

മറ്റൊരു കാര്യം, ഈ കേസിന്റെ വിചാരണയെക്കുറിച്ച് മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിക്കരുത് എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും കോടതിയിൽ നിന്ന് രണ്ടുതവണ പ്രസിദ്ധീകരണ നിരോധന ഉത്തരവ് (ഗാഗ് ഓർഡർ) വാങ്ങുകയും ചെയ്ത വ്യക്തിയാണ് ദിലീപ്. 2020-ൽ, ഈ കേസിലെ സർവൈവറിനുവേണ്ടി സംസാരിച്ചതിന് അഞ്ച് സിനിമാപ്രവർത്തകർക്കെതിരെ ദിലീപ് കേസ് കൊടുത്തിരുന്നു. ദിലീപിനെതിരായ സാക്ഷികൾ കോടതിയിൽ മൊഴി മാറ്റിയതിനെക്കുറിച്ച് ഫെയ്സ്ബുക്കിലെഴുതിയതിനാണ് പാർവതി തിരുവോത്ത്, രേവതി, രമ്യ നമ്പീശൻ, ആഷിക്ക് അബു, റിമ കല്ലിങ്കൽ എന്നിവർക്കെതിരെ ദിലീപ് കേസ് കൊടുത്തത്. കോടതിയിൽ ദിലീപിന് അനുകൂലമായാണ് കാര്യങ്ങൾ പോകുന്നത് എന്നു ചൂണ്ടിക്കാട്ടിയതിനായിരുന്നു അവർക്കെതിരെ കേസ്. അവർ പൊതുജനാഭിപ്രായം രൂപപ്പെടുത്താൻ ശ്രമിക്കുകയാണെന്നും, അത് കേസിന്റെ വിചാരണയെയും വിധിയെയും സ്വാധീനിക്കുമെന്നും മറ്റുമായിരുന്നു ദിലീപിന്റെ പരാതി. അതൊന്നും ദിലീപിന് ബാധകമല്ലെന്നുണ്ടോ? വനിതയിലെ അഭിമുഖത്തിൽ കേസിനെക്കുറിച്ച് ദിലീപ് സംസാരിക്കുന്നുണ്ട്. ഈ കേസ് കാരണം തന്റെ അമ്മ തളർന്നുപോയി എന്നും, താനൊരിക്കലും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കില്ല, ഈ കേസിൽ നീതി കിട്ടിയിട്ടേ താൻ മരിക്കൂ എന്നുമൊക്കെ ദിലീപ് പറയുന്നുണ്ട്. അതൊന്നും പൊതുജനാഭിപ്രായം രൂപീകരിക്കാനുള്ള ശ്രമമല്ലേ? അതൊന്നും വിചാരണയെ സ്വാധീനിക്കില്ലേ? കേസിനെക്കുറിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്ന് കോടതിയിൽ നിന്നു വാങ്ങിയ നിരോധന ഉത്തരവ് ദിലീപിന് മാത്രം ബാധകമല്ലാതിരിക്കുന്നത് എങ്ങനെയാണ്?

കോടതിയിൽ നിന്നുള്ള വിലക്കിന്റെ പേരിൽ മനോരമ ഉൾപ്പെടെ എത്രയോ മാധ്യമസ്ഥാപനങ്ങൾ ഈ കേസിന്റെ വിചാരണ കവർ ചെയ്യാതിരിക്കുന്നുണ്ട്. വിചാരണ കവർ ചെയ്യാൻ മടിക്കുന്ന മനോരമ എങ്ങനെയാണ് കേസിലെ തന്റെ ഭാഗം അവതരിപ്പിക്കാൻ ദിലീപിന് മാത്രം അവസരം കൊടുക്കുന്നത്? അപ്പോൾ, വനിതയിലെ ഈ കവർ സ്റ്റോറി പ്രസിദ്ധീകരിച്ച സമയം മാത്രമല്ല, ആ മാധ്യമസ്ഥാപനത്തിന്റെ മൂല്യബോധത്തിന്റെയും ആദർശങ്ങളുടെയും അഭാവവും കൂടി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

സിനിമയ്ക്കും സിനിമാതാരങ്ങൾക്കും വലിയ സ്വാധീനമുള്ള സമൂഹം തന്നെയാണ് കേരളവും. പക്ഷേ, നമ്മുടെ മുൻപിലുള്ള പല നായകന്മാരും വെറും കടലാസ്​ താരങ്ങൾ മാത്രമാണെന്ന് ഈ സംഭവം, ഈ കേസ് നമുക്ക് വ്യക്തമായി കാണിച്ചുതന്നു. ദിലീപ് ഈ കേസിൽ പ്രതി ചേർക്കപ്പെടുന്നതിനുമുമ്പ് തന്നെ ദിലീപടക്കം പലരും ഇതിലെ സർവൈവറെ പരസ്യമായി അവഹേളിക്കുകയും അപവാദപ്രചാരണം നടത്തുകയും ചെയ്തിരുന്നു. അപ്പോഴൊന്നും മലയാള സിനിമയിലെ So called heroes ഒന്നും സംസാരിച്ചില്ല, സർവൈവറെ വളരെ ശക്തമായി പിന്തുണയ്ക്കാൻ മുന്നോട്ട് വന്നില്ല. ‘അവൾക്കൊപ്പം, അവനുമൊപ്പം’ എന്ന അവരുടെ അഴകൊഴമ്പൻ നിലപാട് നമ്മളെല്ലാം കണ്ടതാണ്.

നമ്മുടെ വെള്ളിത്തിരയിലെ നായകന്മാർക്കും അവരുടെ അസംഖ്യം ആരാധകർക്കും മാന്യമായൊരു നിലപാട് സ്വീകരിച്ച് മുന്നോട്ടുവരാൻ നല്ലൊരു അവസരമായിരുന്നു ഈ കേസ്. പക്ഷേ അതിൽ അവർ പൂർണമായും പരാജയപ്പെട്ടു. സിനിമാമേഖലയിലെ ഏതാനും സ്ത്രീകൾ മാത്രമാണ് സത്യം പറയാൻ മുന്നോട്ടുവന്നത്- സംസാരിച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ എന്തായിരിക്കും എന്ന് നല്ലപോലെ അറിയാമായിരുന്നിട്ടും ധൈര്യപൂർവം സംസാരിച്ച ചെറിയൊരു കൂട്ടം സ്ത്രീകൾ. കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക ജീവിതത്തിൽ വലിയ സ്വാധീനമുള്ള ഇത്ര വലിയൊരു വ്യവസായം- സിനിമ-അതിന്റെ സാമൂഹികപ്രതിബദ്ധത തെളിയിക്കുന്നതിൽ പരാജയപ്പെടുകയും നമ്മളെ നിരാശപ്പെടുത്തുകയും ചെയ്ത സമയത്ത് മാധ്യമങ്ങൾക്ക് ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്തമുണ്ട്. പക്ഷേ ആ ഉത്തരവാദിത്തം തിരിച്ചറിയുന്നതിൽ കേരളത്തിലെ മാധ്യമങ്ങളും പരാജയപ്പെട്ടു- അതിനുപിന്നിലെ ഇടപാടുകൾ എന്തുതന്നെയായാലും. ഈ കവർസ്റ്റോറി വേണ്ടാ എന്നുപറയാൻ വനിതയ്ക്ക് കഴിയണമായിരുന്നു-അൽപമെങ്കിലും മാധ്യമധാർമികത ഉയർത്തിപ്പിടിക്കാനും.

സത്യം തെളിയിക്കാനുള്ള ദിലീപിന്റെ പോരാട്ടം എന്ന തരത്തിലാണ് വനിത ഈ കവർ സ്റ്റോറിയെ അവതരിപ്പിച്ചിരിക്കുന്നത്. അത് ദിലീപിനുവേണ്ടിയുള്ള വ്യക്തമായ പ്രചരണതന്ത്രം -പി.ആർ. എക്സസൈസ്-അല്ലാതെ മറ്റൊന്നുമല്ല. കുറ്റാരോപിതന്റെ സത്യമാണത്രേ സത്യം. ആ സത്യം തെളിയിക്കാൻ അയാൾ എങ്ങനെ പരിശ്രമിക്കുന്നു എന്നാണ് വനിത നമുക്ക് പറഞ്ഞുതരുന്നത്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments