വനിതാ പ്രതിഭകളുടെ സ്മരണാർത്ഥം നൽകുന്ന വനിതാ കലാസാഹിതി സംസ്ഥാന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.
മലയാളത്തിലെ ആദ്യത്തെ സ്വന്തം ലേഖിക എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിപ്ലവകാരിയായ യശോദ ടീച്ചറുടെ പേരിലുള്ള, പ്രഥമ വനിതാ മാധ്യമ പ്രവർത്തക പുരസ്‌കാരം ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ് മനില സി. മോഹന്.
എഴുത്തുകാരി രാജലക്ഷ്മിയുടെ പേരിലുള്ള അവാർഡിന് ജയശ്രീ ശ്യാംലാലും, പി.സി. കുറുമ്പ അവാർഡിന് തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ഗൈഡ് സുജാത ചന്ദ്രനും പി.കെ. റോസി അവാർഡ്, അഹിന്ദുവായ കാരണത്താൽ നൃത്തം അവതരിപ്പിക്കാൻ വിലക്ക് നേരിട്ട നർത്തകി സൗമ്യ സുകുമാരനും അർഹരായി.
2015 മുതലാണ് യുവകലാസാഹിതിയുടെ വനിതാ വിഭാഗമായ വനിതാകലാസാഹിതി അവാർഡ് നൽകിത്തുടങ്ങിയത്. അവാർഡ് വനിതാകലാസാഹിതിയുടെ പത്താമത് വാർഷികാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ നൽകും. യുവകലാസാഹിതി സംസ്ഥാന പ്രസിഡൻറ് ആലങ്കോട് ലീലാകൃഷ്ണൻ, ജനറൽ സെക്രട്ടറി ഇ. എം. സതീശൻ, രക്ഷാധികാരി ഗീതാ നസീർ, വനിതാകലാ സാഹിതി സംസ്ഥാന പ്രസിഡൻറ് ലില്ലി തോമസ്, സെക്രട്ടറി ശാരദ മോഹൻ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡ് നിർണയിച്ചത്.