മൈക്കു കൊണ്ട് വീണ്ടും തലയ്ക്കടിക്കുന്ന റിപ്പോർട്ടർ,
മാധ്യമ കൂട്ടക്കൊലകൾ

വെഞ്ഞാറമൂട്ടിൽ നടന്ന ക്രൂരമായ കൊലപാതകങ്ങളുടെ റിപ്പോർട്ടിങ് മാധ്യമപ്രവർത്തനത്തിന്റെ നൈതികതയെക്കുറിച്ച് നിരവധി ചോദ്യങ്ങളുയർത്തുന്നു. മാധ്യമ ഉപഭോക്താക്കൾ എന്ന നിലയിൽ, മനുഷ്യത്വരഹിതമായ സെൻസേഷണലിസത്തിന് മുൻഗണന നൽകുന്ന മാധ്യമരീതികൾ ചോദ്യം ചെയ്യപ്പെടണം- ശ്യാം സോർബ എഴുതുന്നു.

നുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച സംഭവമാണ് തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ നടന്ന അഞ്ച് കൊലപാതകങ്ങൾ. ചേതനയുള്ള ഏതു മനുഷ്യനും പതറിപ്പോകുന്ന വാർത്ത. ഉറ്റവരോ ഉടയവരോ അല്ലെങ്കിൽ പോലും അത്യന്തം ഞെട്ടലുണ്ടാക്കുന്നത്. 24 വയസ്സുകാരൻ തന്റെ അനിയനും സ്നേഹിതയും മാതാവും ഉൾപ്പെടെ 6 പേരെ അതി ക്രൂരമായി കൊല്ലാൻ ശ്രമിക്കുന്നു. അതിൽ മാതാവ് ഒഴികെ അഞ്ചു പേരും കൊല്ലപ്പെടുന്നു. ഈ വാർത്ത ഒട്ടും സമാധാനത്തിലോ ആശ്വാസത്തിലോ ആവില്ല ഒരു മനുഷ്യനും ഉൾക്കൊണ്ടിട്ടുണ്ടാവുക. തങ്ങളെ പോലെത്തന്നെ ജീവിക്കുന്ന മനുഷ്യർ എന്നതിനപ്പുറത്ത് കാര്യമായി പറയത്തക്ക ഒരു ബന്ധവും ഇല്ലാതിരുന്നിട്ട് പോലും മനുഷ്യർ ഇതുകേട്ട് നെഞ്ച് മരവിച്ച് ഇരുന്നുപോയിട്ടുണ്ടാകും. അങ്ങനെയെങ്കിൽ അവരുടെ ഉറ്റവരുടെ, ഉടയവരുടെ, സുഹൃത്തുക്കളുടെ, ഒക്കെ മാനസികാവസ്ഥ ആലോചിച്ചു നോക്കിയിട്ടുണ്ടോ?

ഒരു ദുരന്തമുഖത്തേക്കാണ് മലയാളത്തിലെ പ്രമുഖ മാധ്യമസ്ഥാപനത്തിന്റെ റിപ്പോർട്ടർ മൈക്കും കൊണ്ട് ചെല്ലുന്നത്. (മാധ്യമസ്ഥാപനത്തിന്റെ പേര് എടുത്തു പറയാത്തത് ഇത് അവർക്ക് മാത്രം ബാധകമല്ലാത്തതുകൊണ്ടുതന്നെയാണ്.) അസ്വസ്ഥമായവരുടെ ഇടയിലേക്കാണ് ഈ കാഴ്ച്ച വരുന്നത്. കൊല ചെയ്യപ്പെട്ട പെൺകുട്ടിയുടെ അനിയന്റെ മുന്നിലേക്ക് മൈക്ക് എടുത്തുകൊണ്ട് സെൻസസേഷണൽ വിവരങ്ങൾക്ക് വേണ്ടി നിരന്തരം ചോദ്യങ്ങൾ ചോദിക്കുന്നു. തന്റെ സഹോദരി മരിച്ചതിന്റെ മരവിപ്പ് മാറാതെ, സംഭവങ്ങൾ ഒന്നും ഉൾക്കൊള്ളാൻ പറ്റാതെ തകർന്നിരിക്കുന്ന ഒരു യുവാവിനു മുന്നിലേക്കാണ് "അവർ തമ്മിൽ ഇഷ്ടമായിരുന്നു അല്ലെ?", "പ്രതി വീട്ടിൽ വന്ന് കല്യാണം ആലോചിച്ചിട്ടുണ്ടോ", തുടങ്ങിയ അസ്വാസ്ഥ്യജനകമായ ചോദ്യങ്ങൾ അഴിച്ചുവിടുന്നത്. ദയവ് ചെയ്ത് ഒന്നും ചോദിക്കല്ലേ എന്ന് ദയനീയമായി പറഞ്ഞുകൊണ്ട് ആ യുവാവ് പലതവണ ഒഴിഞ്ഞു മാറുന്നു, തനിക്ക് ഒന്നും അറിയുന്നില്ല എന്നും മനസിലാകുന്നില്ല എന്നും പറയുന്നു. പക്ഷെ മാധ്യമപ്രവർത്തകനും ക്യാമറാ പേഴ്സണും വിടാൻ ഉദ്ദേശ്യമില്ല.

തൊഴിൽ എന്ന രീതിയിൽ മാധ്യമപ്രവർത്തനം ചില അടിസ്ഥാന മൂല്യങ്ങളാൽ നയിക്കപ്പെടുന്ന ഒന്നാണ്. അത് പൊതുനന്മയിൽ അധിഷ്ഠിതവുമാണ്. എന്നാൽ, ടി ആർ പികൾക്കും സെൻസെഷണലിസത്തിനും പിന്നാലെ പോകുമ്പോൾ മാധ്യമപ്രവർത്തനത്തിന് അവശ്യം വേണ്ട ഈ മൂല്യങ്ങൾ തമസ്കരിക്കപ്പെടുകയാണ്.

കൊല ചെയ്യപ്പെട്ട പെൺകുട്ടിയുടെ അനിയന്റെ മുന്നിലേക്ക് മൈക്ക് എടുത്തുകൊണ്ട് സെൻസസേഷആ യുവാവ് പലതവണ ഒഴിഞ്ഞു മാറുന്നുണ്ടെങ്കിലും റിപ്പോർട്ടറും ക്യാമറാമാനും വിടുന്ന മട്ടില്ല.
കൊല ചെയ്യപ്പെട്ട പെൺകുട്ടിയുടെ അനിയന്റെ മുന്നിലേക്ക് മൈക്ക് എടുത്തുകൊണ്ട് സെൻസസേഷആ യുവാവ് പലതവണ ഒഴിഞ്ഞു മാറുന്നുണ്ടെങ്കിലും റിപ്പോർട്ടറും ക്യാമറാമാനും വിടുന്ന മട്ടില്ല.

9/11 ആക്രമണസമയത്ത് ഇന്ത്യയിലെ പല മാധ്യമങ്ങളും ദുരന്തത്തെ സെൻസെഷനലൈസ് ചെയ്യുന്നതിന് പകരം വീണ്ടെടുക്കലുകളെ പറ്റിയും പ്രത്യാശയുടെ കഥകൾ തേടിയെടുത്തും വാർത്തകൾ നൽകി. മാധ്യമപ്രവർത്തനം അനുകമ്പയ്ക്കും മാനുഷിക അന്തസ്സിനോടുള്ള ബഹുമാനത്തിനും മുൻഗണന നൽകണം എന്ന ‘‘എത്തിക്സ് ഓഫ് കെയർ" സിദ്ധാന്തം അക്ഷരാർത്ഥത്തിൽ പാലിക്കുന്ന തരത്തിലുള്ള റിപ്പോർട്ടിങ്. ഇത്തരം റിപ്പോർട്ടിങ്ങുകൾ കൈമോശം വരാൻ തുടങ്ങിയത് എന്തുകൊണ്ടാണ്? ഓരോ മാധ്യമപ്രവർത്തകരും സ്വയം ചോദിക്കേണ്ട ചോദ്യമാണിത്.

ആക്രമിക്കപ്പെടുന്ന, ബാധിക്കപ്പെടുന്ന മനുഷ്യരിലേക്ക് നടത്തുന്ന ഇത്തരം കടന്നുകയറ്റങ്ങൾ അവരുടെ ആഘാതം വർദ്ധിപ്പിക്കും. മനഃശാസ്ത്രത്തിലെ ട്രോമ തിയറി വളരെ കൃത്യമായി മനുഷ്യരിൽ എങ്ങനെയാണ് ദുഃഖവും നഷ്ടവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രോസസ്സ് ചെയ്യുന്നത് എന്ന് പറയുന്നുണ്ട്. ആക്രമണാത്മക ചോദ്യം ചെയ്യലിലൂടെയും കടന്നുകയറ്റങ്ങളിലൂടെയും ഈ മനുഷ്യരെ നിരന്തരം വീണ്ടും ട്രോമകളിലേക്ക് തള്ളിയിടുകയും പുനരുജ്ജീവിക്കാനുള്ള അവരുടെ മാനസികാവസ്ഥ ഹനിക്കപ്പെടുകയും ചെയ്യുന്നു.

മാധ്യമങ്ങളുടെ സെൻസേഷണലിസം പുതിയ കാര്യമല്ല. റിപ്പോർട്ടിങിനും ചൂഷണത്തിനും ഇടയിൽ വളരെ നേർത്തതെങ്കിലും പ്രകടമായൊരു രേഖ തെളിഞ്ഞുതന്നെ നിൽക്കുന്നുണ്ട്. "അജണ്ട ക്രമീകരണ സിദ്ധാന്തം" ഇത്തരത്തിൽ മാധ്യമങ്ങൾ പൊതുധാരണയെ എങ്ങനെ രൂപപ്പെടുത്തുന്നു എന്ന് വിശദമാക്കുന്നുണ്ട്. ഒരു ദുരന്തം അല്ലെങ്കിൽ കുറ്റകൃത്യം, അത് റിപ്പോർട്ട് ചെയ്യേണ്ടത് അത്യാവശ്യമാണെങ്കിൽ ഒന്നുകിൽ ഈ വിവരം അറിയിക്കുക എന്ന രീതിയോ അല്ലെങ്കിൽ ബാധിക്കപ്പെട്ടവരെ ചൂഷണം ചെയ്യുക എന്ന രീതിയോ മാധ്യമങ്ങൾ സ്വീകരിക്കുന്നു. ഈ സംഭവത്തിൽ, വിവരം ജനങ്ങളെ അറിയിക്കുന്നതിനുപകരം, ചൂഷണം ചെയ്യുക തന്നെയാണ് ഈ മാധ്യമപ്രവർത്തകൻ ചെയ്തത്.

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ  അഞ്ച് കൊലപാതകങ്ങൾ നടത്തിയ പ്രതി അഫാൻ
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ അഞ്ച് കൊലപാതകങ്ങൾ നടത്തിയ പ്രതി അഫാൻ

ഇത്തരം റിപ്പോർട്ടിങ് രീതികളിൽ മാറ്റം വരാൻ മാധ്യമപ്രവർത്തകർക്ക് ട്രോമ ഇൻഫർമേഷൻ റിപ്പോർട്ടിങ്ങിൽ കൃത്യമായ പരിശീലനം അത്യാവശ്യമാണ്. അല്ലെങ്കിൽ പരിശീലനം നേടിയവരെ മാത്രം ഇത്തരം വിഷയങ്ങൾ റിപ്പോർട്ട് ചെയ്യാൻ വിടുക എന്ന രീതി തുടരേണ്ടതുണ്ട്. കായികവാർത്തകൾക്കും എന്റർടെയിൻമെൻറ് വാർത്തകൾക്കുമൊക്കെ അതിനായി പരിശീലനം നേടിയവരെ നിയോഗിക്കുമ്പോൾ ഇത്തരം ദുരന്തമുഖങ്ങളിൽ മാത്രം എന്തിനാണ് ഈ പരീക്ഷണം? ഇത്തരം സംഭവങ്ങൾ തടയുന്നതിന് മാധ്യമ സ്ഥാപനങ്ങൾ കർശന മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കണം. അതൊരു ഉത്തരവാദിത്തമായി എടുക്കേണ്ട സമയം അതിക്രമിച്ചു. കാഴ്ചക്കാരും വായനക്കാരും മാധ്യമങ്ങളെ അവരുടെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളാക്കണം. ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തനമായിരിക്കണം ലക്ഷ്യം.

വെഞ്ഞാറമൂട്ടിൽ നടന്ന സംഭവം മാധ്യമപ്രവർത്തനത്തിന്റെ നൈതികതയെക്കുറിച്ചുള്ള ചോദ്യങ്ങളുന്നയിക്കുന്നുണ്ട്. മാധ്യമ ഉപഭോക്താക്കൾ എന്ന നിലയിൽ, സെൻസേഷണലിസത്തിന് മുൻഗണന നൽകുന്ന സമ്പ്രദായങ്ങളെ നാം ചോദ്യം ചെയ്യണം. മാധ്യമപ്രവർത്തനം ആക്രമണത്തിനും ചൂഷണത്തിനുമുള്ള ഉപകരണമായിരിക്കരുത്. ഈ ദുരന്തം മാധ്യമപ്രവർത്തനത്തിൽ കൂട്ടായ ആത്മപരിശോധനയ്ക്ക് പ്രചോദനമാകട്ടെ, നഷ്ടപ്പെട്ട മാനവികത വീണ്ടെടുക്കാൻ ഇനിയെങ്കിലും ഇടയാകട്ടെ.


Summary: Malayalam media's sensational approach in reporting disasters and crime news. Shyam Zorba writes about media ethics on the context of Venjarammoodu Mass murder reporting.


ശ്യാം സോർബ

തിയേറ്റർ ആർട്ടിസ്റ്റ്, ആക്റ്റിങ് ട്രെയ്നർ, റാഞ്ചിയിലെ ജാർക്കണ്ഡ് സെൻ​ട്രൽ യൂണിവേഴ്സിറ്റിയിൽ റിസർച്ച് സ്കോളർ.

Comments