മനില സി. മോഹൻ: കാരവൻ മാഗസിൻ റിപ്പോർട്ടർമാർക്കുനേരെയുണ്ടായ ആക്രമണം പേടിപ്പെടുത്തുന്ന ഒന്നാണ്. അതിനെക്കുറിച്ചു വന്ന റിപ്പോർട്ടുകൾ വായിച്ചാൽ മനസ്സിലാകുന്നത്, ആക്രമിക്കപ്പെട്ടവരിൽ ഒരാൾ ഷാഹിദ് താന്ത്രേയാണ്, അദ്ദേഹം മുസ്‌ലിം ആയതുകൊണ്ടാണ് ആക്രമണമുണ്ടായത്. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന പ്രഭ്ജിത്ത് സിങ്ങിന്റെ വാക്കുകളിൽ പറയുകയാണെങ്കിൽ, അദ്ദേഹം കൂടെയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ കൊലപാതകത്തിലേക്ക് തന്നെ പോകുമായിരുന്നു എന്നാണ്. ഉത്തരേന്ത്യയിലെ ഹൈന്ദവ മനസ്സ്, മുസ്‌ലിം സാന്നിധ്യത്തെ ഇത്ര അസഹിഷ്ണുതയോടെ കാണുന്ന തരത്തിലേക്ക് പരുവപ്പെട്ടിട്ടുണ്ടോ? താങ്കൾക്ക് അങ്ങനെ തോന്നുന്നുണ്ടോ?
വിനോദ് കെ. ജോസ്: തീർച്ചയായും. കാരണം, നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം, ബി.ജെ.പിയെന്നു പറയുന്നത് ഒരു നോർത്തേൺ രാഷ്ട്രീയ പാർട്ടിയല്ല, നീണ്ട ചരിത്രമുള്ള പൊളിറ്റിക്കൽ ഫോഴ്സാണ്. നരേന്ദ്രമോദി അധികാരത്തിലേറിയ രണ്ടു തെരഞ്ഞെടുപ്പുകളിലൂടെ, ഭരണത്തിന് കിട്ടുന്ന ഒരു ഉറപ്പ്, വിഷൻ എന്നത്, 95 വർഷമായി ആർ.എസ്.എസ്, ബി.ജെ.പിയിലൂടെ വളർത്തിക്കൊണ്ടുവന്ന വിഷനാണ്. ആ ഒരു മണ്ണിൽ നിന്നാണ് അതിന് വളക്കൂറുണ്ടാകുന്നത്. "ഹിന്ദുത്വ' എന്ന ഒരു പൊളിറ്റിക്കൽ ഹിന്ദുയിസം കൃതി സവർക്കർ എഴുതിയ കാലം മുതൽ നമുക്ക് മനസ്സിലാക്കാവുന്നത്, സ്വാതന്ത്ര്യം കിട്ടിയ കാലം മുതലുള്ള 27 വർഷം വളരെ ബുദ്ധിമുട്ടോടുകൂടി രാഷ്ട്രീയ പ്രവർത്തനം നടത്തിയ ഒരു ഫോഴ്സായിരുന്നു അത്. സ്വാതന്ത്ര്യ സമരത്തിനുവേണ്ടി ഒരുപാട് പ്രവർത്തിച്ച കോൺഗ്രസും ഗാന്ധിയടക്കം പല നേതാക്കന്മാരും സോഷ്യലിസ്റ്റ്- കമ്മ്യൂണിസ്റ്റ് ഫോഴ്സുകളും പ്രാദേശിക പാർട്ടികളും ഒക്കെ ബ്രിട്ടീഷുകാരുടെ കാലത്ത് പലപ്പോഴും നിരോധിക്കപ്പെട്ടിട്ടുണ്ടായിരുന്നു. പക്ഷേ ഒരിക്കലും നിരോധിക്കപ്പെടാത്ത ഫോഴ്സായിരുന്നു ഹിന്ദു വലതുപക്ഷ ശക്തികളും മുസ്‌ലിംലീഗും. രണ്ട് ധ്രുവങ്ങളിലുണ്ടായിരുന്ന ഫോഴ്‌സുകൾ. ഇന്ത്യ രണ്ടായി വിഭജിക്കാൻ പോകുന്നുവെന്നുള്ളൊരു സാഹചര്യത്തിൽ, ഭരണഘടനാ നിർമ്മാണ സഭയിലും മറ്റും നടന്ന ഡിബേറ്റുകളിലൂടെ ഒരു മെജോറിറ്റേറിയൻ സ്‌റ്റേറ്റിനുവേണ്ടി വാദിക്കുകയും പക്ഷേ ആ വാദമുഖങ്ങൾ പരാജയപ്പെടുകയുമായിരുന്നു. അന്നത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രമുഖ നേതാക്കന്മാരുടെയും ഭരണഘടനാ നിർമ്മാണ സഭയിൽ ബാക്കിയുണ്ടായിരുന്ന മെജോറിറ്റിയുടെയും അഭിപ്രായത്തിൽ നിന്നാണ് ഇന്ത്യക്ക് ഒരു സെക്യുലർ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് എന്ന ക്യാരക്ടർ ഉണ്ടായത്. 1952ലെ തെരഞ്ഞെടുപ്പ് നോക്കിയാൽ അറിയാം, ആർ.എസ്.എസിന്റെ സംഘടനയായ ഭാരതീയ ജനസംഘിന് ആ സമയത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികളേക്കാൾ കുറഞ്ഞ വോട്ടിങ് ശതമാനം മാത്രമേയുള്ളൂ; നാലോ അഞ്ചോ ശതമാനം. പക്ഷേ ഇന്നിപ്പോൾ തെരഞ്ഞെടുപ്പ് രീതിയിൽ, മുന്നൂറ് സീറ്റോടെയൊക്കെ അധികാരത്തിൽ വരുന്നൊരു ശക്തിയായി അത് മാറിക്കഴിഞ്ഞുവെന്നത് ഒരു യാഥാർത്ഥ്യം. ആ വിഷനും ആശയങ്ങൾക്കും തമ്മിൽ യാതൊരു വ്യത്യാസവുമില്ല, ആ വിഷൻ കൂടുതൽ ബലപ്പെടുകയാണുണ്ടായത് എന്നത് രണ്ടാമത്തെ യാഥാർത്ഥ്യം. മൂന്ന്, അതിനൊപ്പം പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങൾ; പ്രത്യേകിച്ച് വടക്കേ ഇന്ത്യയിൽ, പല ജനാധിപത്യ സ്ഥാപനങ്ങളിലും- അത് മീഡിയ ആകാം, ജുഡീഷ്യറി ആകാം, ബ്യൂറോക്രസി ആകാം, അക്കാഡമിയയിൽ ആകാം- ഇങ്ങനെയുള്ള സ്ഥലങ്ങളിലൊക്കെ അതിനനുസരിച്ച വ്യത്യാസവും വന്നിട്ടുണ്ട്. ഇത് മനസിലാക്കേണ്ട ഒരു കാര്യമാണ്. ഈ സന്ദർഭത്തിൽ നിന്നാണ് കഴിഞ്ഞ ആറേഴ് വർഷമായി സംഭവിക്കുന്ന ഏതൊരു പൊളിറ്റിക്കൽ ഇഷ്യൂസും നമ്മൾ മനസിലാക്കേണ്ടത്.
ഈ വർഷം ഫെബ്രുവരിയിൽ 50ഓളം ആളുകൾ കൊല്ലപ്പെട്ട ഡൽഹി കലാപത്തിൽ നിന്ന് പത്രമാധ്യമങ്ങളുടെ ശ്രദ്ധ കൊറോണ വന്നതിനുശേഷം കുറേ മാറിപ്പോയിരുന്നു. പല സ്ഥാപനങ്ങളും ആ ഫീൽഡിലേക്ക് റിപ്പോർട്ടർമാരെ വിട്ടില്ല. പക്ഷേ കാരവൻ തുടർച്ചയായി അത് ഫോളോഅപ്പ് ചെയ്തിരുന്നു. ഒരുപാട് സ്റ്റോറികൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ഗ്രൗണ്ട് ലവലിൽ പ്രവർത്തിച്ചിരുന്ന രാഷ്ട്രീയക്കാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും റോളുകൾ പുറത്തുകൊണ്ടുവരുന്ന ഇഷ്ടംപോലെ വിവരങ്ങൾ കാരവൻ തുടർച്ചയായി റിപ്പോർട്ടു ചെയ്തിരുന്നു. മാത്രമല്ല, ഡൽഹി കലാപത്തിൽ അല്ലെങ്കിൽ മുസ്‌ലിംകളെ കൊല്ലാനുള്ള ആ കലാപത്തിൽ പങ്കെടുത്ത, ഹിന്ദു മോബിന്റെ ഭാഗമായ ഒരാൾ, ക്യാമറയ്ക്കു മുമ്പിൽ, എന്തുകൊണ്ടാണ് ആ കലാപത്തിൽ പങ്കെടുത്തത് എന്ന കുറ്റസമ്മതവും നടത്തി, സ്വന്തം താൽപര്യത്തോടു കൂടി തന്നെ, സ്റ്റിങ് ഓപ്പറേഷനിലൊന്നുമല്ലാതെ. എന്തുകൊണ്ട്, എങ്ങനെ ആയുധങ്ങൾ കിട്ടി, എങ്ങനെ ആയുധങ്ങൾ ഉപയോഗിച്ചു, ഈ കാര്യങ്ങളൊക്കെ പുറത്തുവരുമ്പോൾ രണ്ട് സൈഡിൽ നിന്നും അന്വേഷണം നടത്തുന്നുണ്ടായിരുന്നു കാരവൻ. എനിക്കു തോന്നുന്നു, അതുകൊണ്ടായിരിക്കാം ആ ജേണലിസ്റ്റുകളെ ഫോളോ ചെയ്യാനുള്ള സാധ്യത ഉണ്ടായിട്ടുണ്ട്. അല്ലെങ്കിൽ അന്ന് സംഭവിച്ച കാര്യങ്ങൾ സ്പൊണ്ടേനിയസ് ആയി സംഭവിച്ചതാകാം. ഈയൊരു സന്ദർഭത്തിൽ, ഒരു നരേറ്റീവ് ടോക്ക്ഡൗൺ ആണ് ഈ കലാപം എന്നു പറയുന്നത്, മുസ്‌ലിംകളെ ലക്ഷ്യം വെച്ചുള്ള അക്രമമല്ല, പകരം പ്രകോപിപ്പിച്ചശേഷമുണ്ടായ ഒരു റിയാക്ഷനാണ് എന്നാണ് മറ്റ് പല റൈറ്റിങ്ങുകളും പറയാൻ ശ്രമിച്ചിട്ടുള്ളത്. അതിനെ ആഴത്തിൽ പഠിക്കാൻ പോയ ജേണലിസ്റ്റുകളെയെല്ലാം അവർ ബുദ്ധിമുട്ടിലാകുകയും ചെയ്തിട്ടുണ്ട്. ശാരീരികാക്രമണം അപൂർവമായേ ഉണ്ടായിട്ടുള്ളൂ.
ബാബരി മസ്ജിദ് തകർക്കപ്പെട്ട സംഭവത്തിലായാലും ഗുജറാത്ത് വംശഹത്യയിലായാലും റിപ്പോർട്ടർമാർ കർസേവകർക്കിടയിലും കലാപകാരികൾക്കിടയിലുമൊക്കെ രക്ഷപ്പെടാൻ വേണ്ടി, സ്വയം കാവിയ്ക്കുള്ളിൽ നിന്നുകൊണ്ട് റിപ്പോർട്ടു ചെയ്യാൻ ശ്രമിച്ചുവെന്നൊക്കെയുള്ള റിപ്പോർട്ടുകൾ നമ്മൾ കണ്ടിട്ടുണ്ട്, . ഡൽഹി കലാപത്തിലും അത്തരം സംഭവങ്ങൾ കണ്ടിരുന്നു. മുസ്‌ലീമായ റിപ്പോർട്ടർ പേര് ചോദിച്ചപ്പോൾ ഹിന്ദു പേര് പറഞ്ഞുവെന്നുള്ള സംഭവങ്ങളൊക്കെ വായിച്ചിട്ടുണ്ടായിരുന്നു. അത്തരം അനുഭവങ്ങൾ കാരവൻ റിപ്പോർട്ടർമാർക്കുണ്ടായിട്ടുണ്ടോ?
ഇതിന് സമാനമായ വേറൊരു സംഭവം ഫെബ്രുവരിയിലുണ്ടായിരുന്നു. റിപ്പോർട്ടിങ്ങിനുപോയ മുസ്‌ലിം പേരുള്ള വേറൊരു ജേണലിസ്റ്റിനോട് രണ്ടുപ്രാവശ്യം ഐഡന്റിറ്റി കാർഡ് ചോദിക്കുകയും ഐഡന്റിറ്റി കാർഡ് എടുത്ത് കാണിക്കാൻ വൈകിപ്പിച്ച് കൊണ്ടുപോയപ്പോൾ, കൂടെയുള്ളവർ അവനെ രക്ഷപ്പെടുത്തികൊണ്ടുവരികയും ചെയ്ത സംഭവമുണ്ടായിരുന്നു. ഒരു മോബിന്റെ മുന്നിൽ എത്തിപ്പെടുകയെന്ന് പറയുന്നത് ഒരു ജേണലിസ്റ്റിനെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള സാഹചര്യമാണ്. കാരണം, അവർ വളരെ frenzyയിലാണ്. അവരുടെ കയ്യിൽ ആയുധങ്ങളുണ്ട്, അവർ ആരെ കണ്ടാലും കൊല്ലാൻ തയ്യാറായി നിൽക്കുന്നവരാണ്, വിഷം കുത്തിവെച്ച് പറഞ്ഞയക്കപ്പെട്ടവരാണ്. അങ്ങനെയാണ് മോബുകൾ കാണപ്പെടുന്നത്. അതിപ്പോൾ ഗുജറാത്ത് കലാപത്തിലാണെങ്കിലും, 1984 ആണെങ്കിലും മുസഫർ കലാപത്തിലാണെങ്കിലും. ദൽഹിയിൽ വർക്കു ചെയ്ത് കലാപങ്ങളുടെ പൊളിറ്റിക്കൽ റിപ്പോർട്ടിങ് ചെയ്തിട്ടുള്ള ഒരുപാട് ആളുകൾ, സീനിയർ ലവലിലൊക്കെ വർക്കു ചെയ്യുന്ന സ്ഥാപനമാണ് കാരവൻ. ഇപ്പോൾ റിപ്പോർട്ടിങ്ങിന് പോകുന്ന യുവ റിപ്പോർട്ടർമാർ ചേസ് ചെയ്യപ്പെടുന്നതിന്റെ ബുദ്ധിമുട്ട് അന്നന്ന് മനസിലാക്കുന്നുണ്ട്. ഇതേപോലൊരു വയലൻസ് കവർ ചെയ്യാൻ പോയ റിപ്പോർട്ടർ ഓഫീസിൽ വന്ന് ഒരുമണിക്കൂറോളം നിയന്ത്രണം വിട്ട് കരയുന്ന സാഹചര്യമുണ്ടായിരുന്നു., താടി വെച്ചിട്ടുള്ള ഹിന്ദു പേരുള്ള ജേണലിസ്റ്റാണ്. പക്ഷേ, താടി വെച്ചുവെന്നുള്ളതുകൊണ്ട് മുസ്ലീമാണ് എന്ന തെറ്റിദ്ധാരണയിൽ അബ്യൂസ് ചെയ്യപ്പെടുന്ന, മരണം മുന്നിൽ കണ്ട അവസ്ഥയിൽ കരയുന്ന സാഹചര്യം ഈ വർഷം തുടക്കത്തിൽ തന്നെ ഞാൻ കണ്ടിട്ടുണ്ട്.
ഇതേപോലുള്ള സാഹചര്യം, ഇമോഷണലായിട്ടുള്ള എക്സ്ട്രീമിലേക്ക് തള്ളിവിടുക, മരണം നേരെ മുന്നിൽ കാണുക. മുസ്‌ലിം ഐഡന്റിറ്റി മാത്രമല്ല, പുറത്തുകൊണ്ടുവരേണ്ടത് ഓൺ ഡ്യൂട്ടിയിൽ വർക്കു ചെയ്യുന്ന സമയത്ത് ഒരു സ്ത്രീ ജേണലിസ്റ്റിന് നേരിടേണ്ടി വന്നിട്ടുള്ള പീഡനമാണ്. ഒരു സെക്ഷ്വൽ അബ്യൂസ്. ഒരു വുമൺ ജേണലിസ്റ്റ് കലാപം റിപ്പോർട്ടു ചെയ്യാൻ പോയപ്പോൾ ഈ അടുത്തകാലത്തൊന്നും ഇന്ത്യയിൽ ഇങ്ങനെയൊരു സംഭവം റിപ്പോർട്ടു ചെയ്തിട്ടില്ല. ചെറിയ ഒരു നിമിഷത്തിൽ സഹായത്തിനുവേണ്ടി ഒന്നോ രണ്ടോ പേര് വരുന്നതുകൊണ്ടാണ് രക്ഷപ്പെടുന്നത്. അല്ലെങ്കിൽ അതിലും ക്രൂരമായ രീതിയിലേക്ക് കാര്യങ്ങൾ എത്തുമായിരുന്നു. ആ ഒരു സാഹചര്യത്തിലൂടെ കടന്നുപോകുന്ന ജേണലിസ്റ്റുകൾക്കും അത്തരം അവസ്ഥകൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു പത്രസ്ഥാപനത്തിനും ഹോസ്റ്റൈൽ ആയിട്ടുള്ള അന്തരീക്ഷത്തിൽ, ഒരു സിറ്റിയിൽ ഒരു പ്രത്യേക സ്ഥലത്തുനിന്ന് സത്യം പുറത്തുകൊണ്ടുവരാൻ കഴിയും എന്നത് ഒരു പ്രധാന കാര്യമാണ്, പ്രത്യേകിച്ച്, രാഷ്ട്രീയക്കാരും പൊലീസും അധികാരസ്ഥാനത്തിരിക്കുന്നവരും കൊലപാതകമടക്കമുള്ള കാര്യങ്ങളെ മറച്ചുവെക്കാനും മൂടിവെക്കാനും അത് നടത്താനുമൊക്കെയായിട്ട് മുന്നോട്ടു പോകുമ്പോൾ. അത് പുറത്തുകൊണ്ടുവരികയെന്നുള്ളത് കൺസ്‌സ്റ്റന്റായി നടക്കുന്നുണ്ട്. അതൊരു ഒറ്റ ഈവന്റിൽ വരുന്നതല്ല.
ഈ ആക്രമണം നടന്നിട്ട് മൂന്നുനാല് ദിവസമായി, പക്ഷേ ഇന്നത്തെ ദിവസം അത് റിപ്പോർട്ടു ചെയ്യാൻ ഇതേ ഏരിയയിൽ നമ്മുടെ റിപ്പോർട്ടർമാർ പോകുന്നുണ്ട്. പ്രത്യേകിച്ച് കാരവന്റെ വാർത്തകൾ ശ്രദ്ധിച്ചാലറിയാം, ഇത് പെട്ടെന്ന് അന്നന്ന് ചെയ്യുന്ന വാർത്തകൾ അല്ല. നീണ്ട ഇൻവെസ്റ്റിഗേറ്റീവായിട്ട്, കുറച്ചുകൂടെ എവിഡൻസ് ഓറിയന്റഡ് ആയിട്ട് ഒരു മാഗസിൻ സ്പെയ്സിൽ പത്രപ്രവർത്തനം നടത്തുന്ന സ്ഥാപനമാണ് കാരവൻ. ആ രീതിയിലുള്ള വാർത്തകൾ കൊണ്ടുവരണമെന്നുണ്ടെങ്കിൽ പെട്ടെന്ന് ഒറ്റദിവസം കൊണ്ട് ഒരാളോടോ രണ്ടാളോടോ മൂന്നാളോടോ സംസാരിച്ചതുകൊണ്ടോ നടന്നുകൊള്ളണമെന്നില്ല. അതുകൊണ്ട് കൺസിസ്റ്റന്റ് ആയിട്ടുള്ള പോക്കുംവരവും അവിടെ നടക്കുന്നുണ്ട്. അത് നമ്മൾ ഒരിക്കലും നിർത്തുന്നില്ല. നിർത്താൻ പോകുന്നുമില്ല.
ഈ കേസിൽ ഭജൻപുര പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തുവെന്ന് കണ്ടു. അതിലെന്തെങ്കിലും തുടർനടപടികളുണ്ടായോ? എന്താണ് പൊലീസിന്റെയൊരു നിലപാട്?
ഇതുവരെ എഫ്.ഐ.ആറൊന്നും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല എന്നാണ് അറിയുന്നത്. ഇന്ത്യയിൽ ഇതുവരെയുള്ള നിയമം അനുസരിച്ച് ഒരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയെന്നുള്ളത് ഒരു പൗരന്റെ അവകാശം തന്നെയാണ്. പ്രത്യേകിച്ച് ക്രിമിനൽ ആയ ആക്ടിവിറ്റി റിപ്പോർട്ടു ചെയ്യപ്പെട്ട സാഹചര്യത്തിൽ കംപ്ലെയ്ന്റുമായി പോകുമ്പോൾ എന്തായാലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നുള്ളതാണ് നിയമങ്ങൾ പറയുന്നത്. പക്ഷേ, പൗരന്റെ ഇങ്ങനത്തെ പല അവകാശങ്ങളും അല്ലെങ്കിൽ സുപ്രീം കോടതിയുടെ പല ഉത്തരവുകളും കാറ്റിൽ പറത്തിക്കൊണ്ടാണ് പൊലീസും പല അഡ്മിനിസ്ട്രേഷനുകളും പ്രവർത്തിക്കുന്നത്.
കാരവൻ റിപ്പോർട്ടർമാർക്കെതിരായ ആക്രമണം സംബന്ധിച്ച വാർത്ത റിപ്പോർട്ടു ചെയ്ത മറ്റു മാധ്യമങ്ങൾ വളരെ കുറവാണ്. ഗൂഗിൾ ചെയ്തു നോക്കിയപ്പോൾ മനസിലായത് പ്രിന്റ്, വയർ, സ്‌ക്രോൾ ഒക്കെ പോലെയുളള സമാന്തരം എന്നു വിശേഷിപ്പിക്കാൻ പറ്റുന്ന മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ടു ചെയ്തിരിക്കുന്നത്. മലയാളത്തിലാണെങ്കിൽ ഡൂൾ ന്യൂസ്, മനോരമയിൽ ഒരു റിപ്പോർട്ടുണ്ട്, തേജസിൽ ഒരു റിപ്പോർട്ടുണ്ട്. അതിനപ്പുറത്തേക്ക് ഒരു വലിയ വാർത്തയായില്ല. മീഡിയ ഫ്രറ്റേണിറ്റിയെന്നൊരു കാര്യമുണ്ടല്ലോ, പ്രത്യേകിച്ച് ഈ അറ്റാക്കിന് വർഗീയ ചായ്‌വും കൂടിയുണ്ടല്ലോ. അറ്റാക്കുണ്ടായത് വർഗീയ വാദികളിൽ നിന്നാണ് എന്നുള്ളതുകൊണ്ടുതന്നെ ഇതിനകത്ത് പിന്തുണ കുറഞ്ഞുപോയി എന്നോ വേറെ എന്തെങ്കിലും സംഭവമായിരുന്നെങ്കിൽ മാധ്യമങ്ങൾ ഒരുമിച്ചു നിന്നേനെയെന്നോ... അങ്ങനെ തോന്നിയിരുന്നോ?
നേരത്തെ സൂചിപ്പിച്ചതുപോലെ ഒരു മെജോറിറ്റേറിയൻ ഹിന്ദുത്വ പൊളിറ്റിക്കൽ ഐഡിയോളജി അധികാരത്തിലിരിക്കുമ്പോൾ അത് എല്ലാ ഇൻസ്റ്റിറ്റ്യൂഷനുകളെയും ബാധിക്കാറുണ്ട്. പ്രത്യേകിച്ച് പത്രമാധ്യമസ്ഥാപനങ്ങളിൽ. അത് ഇംഗ്ലീഷാണെങ്കിലും ഹിന്ദിയാണെങ്കിലും റീജ്യണൽ ലാംഗ്വേജ് ആണെങ്കിലും. ഒന്ന്, അവ ഗവൺമെന്റ് പരസ്യങ്ങളെ ഡിപ്പന്റ് ചെയ്തുകൊണ്ടാണ് പ്രവർത്തിക്കുന്നത്. രണ്ട്, ഗവൺമെന്റിന് എതിരായി നിൽക്കുന്ന ഒരു സ്ഥാപനമാണ്, അല്ലെങ്കിൽ ഗവൺമെന്റിന് ബുദ്ധിമുട്ടുണ്ടാക്കുന്നു, ഏതെങ്കിലും രീതിയിൽ ഗവൺമെന്റുമായി സന്തോഷത്തോടെ പോകുന്ന രീതിയിലുള്ള സ്ഥാപനമല്ലയെന്നുവന്നാൽ പ്രൈവറ്റ് സ്ഥാപനങ്ങളും പരസ്യം കൊടുക്കുന്നതിൽ വിമുഖത കാണിക്കും. ഈയൊരു കോണ്ടസ്റ്റിലാണ് എല്ലാ ന്യൂസ് കവറേജുകളും മനസിലാക്കേണ്ടത്. മറ്റൊന്ന്, വലിയൊരു ഓണർഷിപ്പ്, പ്രത്യേകിച്ച് അത് എനിക്കു തോന്നുന്നു, കൂടുതൽ ഇംഗ്ലീഷിലും ഹിന്ദിയിലും മനസിലാക്കേണ്ട ഒരു കാര്യമാണ്, റീജ്യണൽ ലാംഗ്വേജിനേക്കാൾ- ഇന്ത്യൻ ഇംഗ്ലീഷ് പത്രങ്ങളും ഹിന്ദി പത്രങ്ങളും, ഹിന്ദി പത്രങ്ങൾ പ്രത്യേകിച്ച്. സ്വാതന്ത്ര്യത്തിനുശേഷം കച്ചവടക്കാർ പത്രം തുടങ്ങിയത്- ബനിയ കാസ്റ്റ് അല്ലെങ്കിൽ കമ്മ്യൂണിറ്റിയെന്നു പറയുന്നത്- ഒരു നാഷണൽ സ്റ്റഡീസിന്റെ ഭാഗമായിരുന്നില്ല, അത് കച്ചവട താൽപര്യത്തിൽ തുടങ്ങിയതാണ്. കച്ചവടമാണ് അവർ പ്രധാനമായും മുന്നോട്ടുവെക്കുന്നത്. നാഷണൽ ബിൽഡിങ്ങിന്റേതായ ടൂൾസോ ജസ്റ്റിസോ ഡെമോക്രസിയോ ആ കൾച്ചറുകളിൽ, ആ ഒരു മാധ്യമ സംസ്‌കാരത്തിൽ ആഴത്തിൽ ഊന്നിയിട്ടുള്ള വേരുകളല്ല.
ഇംഗ്ലീഷ് പത്രസ്ഥാപനങ്ങളിൽ രണ്ടുതരം ട്രഡിഷനുകളാണ് നമുക്കുള്ളത്. ഒരു ട്രഡിഷൻ, ബ്രിട്ടീഷുകാർ തുടങ്ങിയ പത്രസ്ഥാപനങ്ങൾ ബ്രിട്ടീഷുകാർ അവരുടെ താൽപര്യത്തിനുവേണ്ടി ഉപയോഗിച്ചു, അതിനുശേഷം ഇന്ത്യക്കാരായ ബിസിനസുകാർക്ക് വിട്ടുകൊടുത്തു. ടൈംസ് ഓഫ് ഇന്ത്യ പോലെയുള്ള സ്ഥാപനങ്ങൾ ബ്രിട്ടീഷുകാരുടെ കാലത്ത് തുടങ്ങി, അതിനുശേഷം ഇന്ത്യൻ കൈകളിലെത്തുന്നു. ഒരു ജെയിൻ ഫാമിലി, കച്ചവട താൽപര്യത്തോടുകൂടി പത്രസ്ഥാപനമേറ്റെടുത്ത ആളുകൾ. നിർണായക ഘട്ടങ്ങളിൽ പത്രപ്രവർത്തനത്തിന്റെ കൂടെ നിന്നുവെന്നതിനേക്കാൾ കൂടുതൽ പരസ്യവരുമാനത്തിന്റെ കൂടെ പോയ ചരിത്രമാണ് ആ ഒരു ട്രഡിഷനിലുള്ളത്. രണ്ടാമത്തെ ട്രഡിഷൻ, സ്വാതന്ത്ര്യത്തിനുമുമ്പ് നമ്മൾ ഇന്ത്യക്കാർ തന്നെ തുടങ്ങിയ പത്രങ്ങൾ, അവരുതന്നെ കൈവശം വെച്ചുകൊണ്ടുപോകുന്ന പത്രങ്ങൾ. ഇന്ത്യൻ എക്സ്പ്രസോ ഹിന്ദുസ്ഥാൻ ടൈംസോ പോലെയുള്ള പത്രങ്ങൾ. ഈ പത്രങ്ങളും വളരെ നിർണായകമായ ഘട്ടങ്ങളിൽ, അതും അവരുടെ തന്നെ ബിസിനസ് താൽപര്യങ്ങൾ എവിടെയൊക്കെയോ ഹനിക്കപ്പെട്ടപ്പോൾ പത്രധർമ്മത്തിനുവേണ്ടി പോരാടിയ റിയാക്ഷനറി റോൾ അല്ലാതെ റിയാക്റ്റ് ചെയ്തിട്ടില്ല. ചരിത്രം പഠിച്ചിട്ടുണ്ടെങ്കിൽ നമുക്കറിയാം 1970കളുടെ തുടക്കത്തിൽ ഇന്ദിരാഗാന്ധിയുടെ കൽക്കരി നാഷണലൈസേഷൻ പോലുള്ള കാര്യങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുമ്പോൾ ഇന്ത്യൻ എക്സ്പ്രസിലെ ഗോയങ്കെയുടെ ബിസിനസുകൾ പലതും തകരുന്നു. റിസീവിങ് എന്റിലായിരുന്നു. മാത്രമല്ല, അന്ന് ആർ.എസ്.എസിന്റെ പാർട്ടിയായ ജനസംഘിന്റെ കാന്റിഡേറ്റായി ലോക് സഭയിലേക്ക് മത്സരിച്ച് പരാജയപ്പെടുകയും ചെയ്തയാളാണ് രാംനാഥ് ഗോയങ്ക. എമർജൻസി സമയത്ത് ഇന്ദിരാഗാന്ധിയ്ക്കെതിരെ അവസരം വന്നസമയത്ത് പൊളിറ്റിക്കലി, സോഷ്യലി ബിസിനസ്പരമായ താൽപര്യമാണ് പത്രധർമ്മത്തേക്കാൾ മുന്നിട്ടുനിന്നതെന്ന് നമുക്ക് പറയാം. ഇന്ന് ആർ.എസ്.എസ് നയിക്കുന്ന ഗവൺമെന്റ് അധികാരത്തിലിരിക്കുമ്പോൾ ഇന്ത്യൻ എക്സ്പ്രസ് ബിഹേവ് ചെയ്യുന്നത് എമർജൻസി കാലത്ത് ഇന്ദിരാഗാന്ധിയ്ക്കെതിരെ നിന്നതോ അല്ലെങ്കിൽ ബോഫോഴ്സ്‌കാലത്ത് രാജീവ് ഗാന്ധിയ്ക്കെതിരെ നിന്നതോ ആയ ഫൈറ്റുമായി കമ്പയർ ചെയ്യാൻ പോലും പറ്റാത്ത രീതിയിൽ ആണ്. അന്നത്തെ ജേണലിസത്തിന്റെ നിഴലുപോലും കാണുന്നില്ല എന്നു നമ്മൾക്ക് പറയാൻ പറ്റും.
അതുകൊണ്ടുതന്നെ മനസിലാക്കേണ്ടത് ഈ പല പത്രസ്ഥാപനങ്ങൾക്കും ഒരു അജണ്ടയുണ്ടായിരുന്നു, ആ അജണ്ട ബിസിനസ് ഓറിയന്റഡായിരുന്നു, അങ്ങനെയെങ്കിൽ ആ അജണ്ട, ഇന്ത്യയുടെ ഭരണഘടന, അതിലെ ഫ്രീഡം ഓഫ് എക്സ്പ്രഷൻ എന്നിവയോടുള്ളതിനേക്കാൾ കൂടുതൽ വേറെ പലതിനോടുമുള്ള താൽപര്യമായിരുന്നോ... ഇങ്ങനെയുള്ള ചോദ്യങ്ങളൊക്കെ ഈ ഒരു ട്രഡിഷനിൽ വരുന്ന പത്രങ്ങളോടൊക്കെ ചോദിക്കാവുന്നതാണ്.
ഹിന്ദുസ്ഥാൻ ടൈംസും അതേപോലെ വരുന്ന വേറൊരു പത്രമാണ്. ഹിന്ദുസ്ഥാൻ ടൈംസ് ഇന്ത്യനാണെങ്കിലും വലിയൊരു ബിസിനസ് ഹൗസിന്റെ ഭാഗമായി നടന്നുപോകുന്ന പത്രമാണ്. അതുകൊണ്ടുതന്നെ ആ സ്ഥാപനങ്ങളിൽ നിന്ന് ഇങ്ങനെയുള്ള വാർത്തകളൊന്നും പുറത്തുവരുന്നില്ല. ഓരോ വർഷവും കുറഞ്ഞുകുറഞ്ഞുവരുന്ന, മെയിൻ സ്ട്രീം എന്നു നമ്മൾ വളരെ താൽപര്യത്തോടുകൂടി കണ്ടിരുന്ന, പത്രധർമ്മത്തിൽ ഉറച്ചുനിൽക്കുമെന്ന് നമ്മൾ വിശ്വസിച്ചിരുന്ന മാധ്യമങ്ങളിൽ നിന്നുതന്നെയാണ് എനിക്കു തോന്നുന്നത് ഏറ്റവും കൂടുതൽ നിശബ്ദത എല്ലാ രീതിയിൽ നോക്കിയാലും നമുക്ക് കാണാൻ പറ്റും.
ജനസംഘിന്റെ കാലം മുതൽ തന്നെ ബി.ജെ.പി അല്ലെങ്കിൽ ആർ.എസ്.എസ് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് വരികയും ജയിക്കുമെന്ന് ഒട്ടും ഉറപ്പില്ലാത്ത, എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിക്കുകയും ചെയ്തിട്ടുണ്ട്. അതിനുള്ള കാരണം വിസിബിലിറ്റി, അതായത് ഒരു കൊടികെട്ടാനുള്ള അവസരം പോലും പാഴാക്കരുത് എന്നുള്ള കാഴ്ചപ്പാടിൽ വളരെ പ്ലാൻഡ് ആയിട്ട് തന്നെയാണ് ഈ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ എല്ലാകാലത്തും മത്സരിച്ചിട്ടുള്ളത്. അത് വന്നുവന്ന് ഇന്ത്യയുടെ ഭരണാധികാരം ഏറ്റെടുക്കുന്നതിലേക്ക് എത്തി. പാരലൽ ആയി മാധ്യമങ്ങളിൽ ഈ കഴിഞ്ഞ പതിനഞ്ച് വർഷത്തിനിപ്പുറത്ത്, പ്രത്യേകിച്ച് ടെലിവിഷൻ മീഡിയ വന്നതിനുശേഷം റൈറ്റ് വിങ് ആയിട്ടുള്ള, എക്സ്ട്രീം റൈറ്റ് വിങ്ങായിട്ടുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്ക് മുൻപത്തേതിൽ നിന്ന് വ്യത്യസ്തമായി അവസരങ്ങൾ കിട്ടാൻ തുടങ്ങുകയും മാധ്യമങ്ങൾ തന്നെ ആ വഴിക്ക് മാറുകയും അവസാനം ഇപ്പോൾ റൈറ്റ് വിങ്ങിനെ സപ്പോർട്ട് ചെയ്യാത്ത മാധ്യമങ്ങൾക്ക് പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് ഇതിന്റെയൊരു വളർച്ച വന്നെത്തിയിട്ടുണ്ട്. ഈ അടുത്തകാലത്ത് മീഡിയയ്ക്ക് വന്നിട്ടുള്ള ഈയൊരു മാറ്റമുണ്ടല്ലോ, മോഡിരാജ്യത്ത് റൈറ്റ് വിങ്ങിനെ പിന്തുണയ്ക്കുന്ന മാധ്യമങ്ങൾക്കുമാത്രമേ നിലനിൽപ്പുള്ളൂവെന്ന തരത്തിൽ, മറ്റുളളവരിലെല്ലാം ഭയമുണ്ടാക്കുന്ന രീതിയിലുള്ള മാറ്റം സംഭവിച്ചതിനെ ഇത്രയും കാലത്തെ അനുഭവസമ്പത്തുള്ള മാധ്യമപ്രവർത്തകൻ എന്ന രീതിയിൽ എങ്ങനെയാണ് കാണുന്നത്?
ആർ.എസ്.എസിന്റെ വളർച്ചയും ആർ.എസ്.എസ് എങ്ങനെ ഭരണഘടനയെ റീഡിഫൈൻ ചെയ്തു, തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്നു, അതിന്റെ ഓരോ സ്ഥാപനങ്ങളിലെയും ഓരോ സ്പെയ്സിലും അവർ അവരുടെ ആളുകളെ വളർത്തിക്കൊണ്ടുവന്നു, ആവശ്യമുള്ള ഘട്ടങ്ങളിൽ അവർ അതിനെ ഉപയോഗിച്ചു, എന്ന് നോക്കണം. ഉദാഹരണത്തിന് കോടതിയലക്ഷ്യക്കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി പറഞ്ഞ ദിവസമാണിന്ന്. അത് എനിക്കു തോന്നുന്നു, നമുക്ക് മറക്കാൻ പറ്റില്ല. പുറകോട്ട് പോയിട്ടുണ്ടെങ്കിൽ, പ്രശാന്ത് ഭൂഷണിന്റെ പിതാവിൽ നിന്ന്, ശാന്തിഭൂഷന്റെ കാര്യങ്ങൾ പറഞ്ഞ് നമുക്ക് തുടങ്ങാൻ പറ്റും. ശാന്തി ഭൂഷൺ ഒരുകാലത്ത് ബി.ജെ.പിയെ വളരെ സഹായിച്ചിട്ടുള്ള അഭിഭാഷകനായിരുന്നു. അതുമാത്രമല്ല, അടിയന്തരാവസ്ഥ സമയത്ത് അടിയന്തരാവസ്ഥയ്ക്ക് കാരണമായ ജഡ്ജ്മെന്റ്, ഇന്ദിരാഗാന്ധിയെ കുറ്റംവിധിച്ചുകൊണ്ടുള്ള ജഡ്ജ്മെന്റ് വാങ്ങിച്ചെടുത്ത വക്കീലാണ് ശാന്തി ഭൂഷൺ.
പ്രശാന്ത് ഭൂഷണെ തന്നെ നോക്കിയാൽ നമുക്കറിയാം, 2011-2012 കാലങ്ങളിൽ ടുജി കേസ് അദ്ദേഹം എങ്ങനെ ഉയർത്തിക്കൊണ്ടുവന്നു എന്ന്, അതിന്റെ ബെനഫിറ്റിലൂടെ അധികാരത്തിൽ വന്നയാളാണ് നരേന്ദ്രമോദി. രണ്ടാമത്തെ പ്രാവശ്യം യു.പി.എ ഗവൺമെന്റ് നല്ല പ്രതിച്ഛായയുമായാണ് വരുന്നത്. ന്യൂക്ലിയർ ഡീൽ, കൃഷിക്കാരുടെ കടങ്ങൾ എഴുതിതള്ളി, തൊഴിലുറപ്പ്, ആർ.ടി.ഐ നിയമം പാസാക്കി, ഇങ്ങനെ വളരെ നന്നായിരിക്കുന്ന ഒരു പാർട്ടിയുടെ പ്രതിച്ഛായ ഒന്നുരണ്ട് വർഷംകൊണ്ട് തകർക്കുന്നത് മോദിയോ ഒന്നുമല്ല. അവർ അത് ഉപയോഗപ്പെടുത്തിയെന്നുമാത്രമേയുള്ളൂ. അത് തകർക്കാൻ ഏറ്റവുമധികം സഹായിച്ചത് അന്ന് പൊതുതാൽപര്യ ഹരജിയും മറ്റുമായി സ്ഥിരം സുപ്രീംകോടതിയിലും മാധ്യമങ്ങൾക്കുമുന്നിലുമൊക്കെ വന്ന് സംസാരിച്ച് ഗവൺമെന്റിനെ കറക്ട് ചെയ്യാൻ ശ്രമിച്ച, ജനങ്ങളുടെ ഭാഗത്തുനിന്ന് ഭരണഘടനാപരമായ അവകാശങ്ങൾ ഉപയോഗിച്ച് ഫൈറ്റ് ചെയ്ത പ്രശാന്ത് ഭൂഷണെ പോലുള്ളവർ കൊടുത്ത കേസിലൂടെയാണ് ഈ റൈറ്റ് വിങ് വളരുന്നത്. പ്രശാന്ത് ഭൂഷണെ കുറ്റപ്പെടുത്തി സംസാരിക്കുകയല്ല, ഞാൻ പറയുന്നത് ആർ.എസ്.എസിന്റെ ക്ലവർ ആയിട്ടുള്ള പ്ലാനിങ് ഇതിനകത്തുണ്ട് എന്നാണ്. ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ, അതായത് കെജ്രിവാൾ, ആം ആദ്മി പാർട്ടി കയറി വന്ന ഒരു മൂവ്‌മെന്റിന്റെ ഫൗണ്ടിങ് മെമ്പർ കൂടിയാണ് പ്രശാന്ത് ഭൂഷൺ. ഗവൺമെന്റിനെ അസ്ഥിരപ്പെടുത്താൻ പൊതുസമ്മതിയിലുള്ള ഒരു അഴിമതി വിരുദ്ധ മൂവ്മെന്റ് കൊണ്ടുവരിക, ആ ഒരു സ്പെയ്സിലൂടെ, ആ മെഷിനറി ഉപയോഗിച്ച് ഒരു ഇലക്ഷൻ സമയം വരുമ്പോൾ ആ ഇലക്ഷൻ വിജയിക്കുക, അങ്ങനെ പ്രധാനമന്ത്രിയാവുക, അല്ലെങ്കിൽ ഭരണം കയ്യടക്കുക എന്നുള്ള കാര്യങ്ങളുടെയകത്ത് എവിടെയൊക്കെയോ ഉപയോഗിക്കപ്പെട്ട ആളുകളെയൊക്കെ തന്നെയാണ് ഒരുപക്ഷേ ഇന്ന് ജയിലിൽപിടിച്ചിടാൻ പോകുന്നത്. പ്രശാന്തിനെ ജയിലിൽ പിടിച്ചിടും എന്ന് ഉറപ്പായിട്ടില്ല, വിധി വന്നിട്ടേയുള്ളൂ. കുറ്റക്കാരനാണെന്ന് പറഞ്ഞിട്ടേയുള്ളൂ. എന്താണ് ശിക്ഷയെന്ന് 20- തിയ്യതി തീരുമാനിക്കും.
ഒരുകാലത്ത് സോഷ്യലിസ്റ്റുകളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ പങ്കെടുത്തു, കമ്മ്യൂണിസ്റ്റുകളുടെ കൂടെയടക്കം നിന്ന് ഇലക്ഷനിൽ പങ്കുചേർന്നിട്ടുണ്ട്. 1989ൽ. എല്ലാ അഡ്ജസ്റ്റ്മെന്റുകളും കോൺഗ്രസ് പാർട്ടിയിലും ബി.ജെ.പി അങ്ങോട്ടുമിങ്ങോട്ടും നേതാക്കന്മാര് വടക്കേ ഇന്ത്യയിൽ പലസംസ്ഥാനത്തും കർണാടകയിലടക്കം അങ്ങോട്ടും ഇങ്ങോട്ടും യാതൊരു ബുദ്ധിമുട്ടുമില്ലാതെ പാർട്ടികൾ മാറുന്നുണ്ട്. ഇത് വലിയൊരു മിഷനറിയാണ്. ആഴത്തിൽ പഠിച്ചെങ്കിൽ മാത്രമേ ഈ മെഷിനറിയുടെ വിവിധ ഭാഗങ്ങൾ, ഏതൊക്കെ എന്തൊക്കെ എപ്പൊഴൊക്കെ റോളുകളിൽ വരുമെന്ന് മനസിലാക്കാൻ സാധിക്കൂ.
കാരവനെതിരെ ആദ്യമായിട്ടല്ല ഇങ്ങനെയൊരു ആക്രമണമുണ്ടാകുന്നത്. ഫിസിക്കൽ അറ്റാക്ക് ഉണ്ടാകുന്നത് ആദ്യമായിട്ടാണെങ്കിലും അല്ലാതെ തന്നെ ഒരു നോട്ടപ്പുള്ളിയാണ് കാരവൻ എപ്പോഴും. എങ്ങനെയാണ് കാരവൻ സർവൈവ് ചെയ്യുന്നത്?
ഫിനാൻഷ്യൽ ആയിട്ടുള്ള കാര്യത്തിലാണെങ്കിൽ സബ്സ്‌ക്രിപ്ഷൻ കൊണ്ടാണ് മുന്നോട്ടുപോകുന്നത്. കഴിഞ്ഞ ആറേഴ് വർഷമായി സബ്സ്‌ക്രിപ്ഷൻ നന്നായിട്ട് കൂടിയിട്ടുണ്ട്. ആളുകൾക്ക് ഇതിനകത്തുള്ള വിശ്വാസ്യത തന്നെയാണ് കാരണം. കാരവന്റെ കണ്ടന്റ് ഫ്രീയല്ല. പ്രധാനപ്പെട്ട കണ്ടന്റുകളെല്ലാം തന്നെ ഇപ്പോൾ ഓൺലൈനിലാണെങ്കിലും പെയ്ഡ് ആണ്, സബ്സ്‌ക്രിപ്ഷൻ മോഡിലാണ് കാരവന്റെ പ്രവർത്തനം. അതുകൊണ്ടുതന്നെ അത് വായിക്കാൻ വേണ്ടി, കണ്ടന്റ് കൺസ്യൂം ചെയ്യാൻ വരുന്ന ആളുകൾ പേ ചെയ്യുന്നുവെന്നുള്ളത് തന്നെയാണ് ഏറ്റവും കൂടുതൽ ചാരിതാർത്ഥ്യം തരുന്ന കാര്യം. പരസ്യവരുമാനം തുടക്കത്തിൽ ഉണ്ടായിരുന്നെങ്കിലും അത് കൺസിസ്റ്റന്റ് ആയി കുറഞ്ഞു. ജനങ്ങൾ ഏറ്റെടുത്ത ഒരു പ്രസിദ്ധീകരണമായിട്ടാണ് കാരവൻ നിലനിൽക്കുന്നത്. 11 വർഷമായി ഈ രീതിയിൽ മുന്നോട്ടുപോകുന്നു. ജനങ്ങൾ ഏറ്റെടുത്ത പ്രസിദ്ധീകരണമായതുകൊണ്ടുതന്നെ ഞങ്ങൾക്ക് പേടിക്കാതെ കൂടുതലായി ഈ രീതിയിലുള്ള വാർത്തകൾ ചെയ്യാൻ പറ്റും. ജനങ്ങൾ സബ്സ്‌ക്രിപ്ഷൻ ആയി തരുന്ന പൈസകൊണ്ടാണ് 42ഓളം പേർ ജോലി ചെയ്യുന്ന സ്ഥാപനം നടന്നുകൊണ്ടുപോകുന്നത്.
റീച്ച്, പരസ്യം, പൈസ ഇത്തരം സംഗതികളിൽ ഏതെങ്കിലും ഘട്ടത്തിൽ താങ്കളെ പ്രലോഭിപ്പിച്ചിട്ടുണ്ടോ? റീച്ച്, ഹിറ്റ്, ലൈക്ക് എന്നൊക്കെ പറയുന്ന ഓൺലൈൻ ടേംസ് ഉണ്ടല്ലോ അത് ഏതെങ്കിലും തരത്തിൽ പ്രലോഭിപ്പിക്കുകയോ അതിനായി പോപ്പുലിസ്റ്റിക്കായിട്ടുള്ള കണ്ടന്റ് കൊടുക്കണമെന്ന് തോന്നുകയോ ചെയ്തിട്ടുണ്ടോ? അതോ ആദ്യം മുതലുണ്ടായിരുന്ന നയത്തിൽ തന്നെ പോകണമെന്നാണോ തീരുമാനിച്ചിട്ടുള്ളത്?
റീച്ചിനുവേണ്ടി വാർത്തയെ കോംപ്രമൈസ് ചെയ്തിട്ടില്ല. വാർത്തയ്ക്കും വാർത്താ ശേഖരണത്തിനും വാർത്തയുടെ പ്രസന്റേഷനും അനാലിസിസിനുമാണ് ഒരു ന്യൂസ് റൂം ഏറ്റവും കൂടുതൽ സ്ട്രസ് കൊടുക്കുന്നത്. അത് ആളുകളിലേക്ക് എത്തിക്കാൻവേണ്ടി സോഷ്യൽമീഡിയയെ ഉപയോഗിക്കുന്നുണ്ട്. പക്ഷേ സോഷ്യൽമീഡിയയ്ക്ക് പൈസകൊടുക്കാനോ സോഷ്യൽമീഡിയയിൽ കൂടുതൽ സമയം ചിലവഴിച്ച് അത് പ്രചരിപ്പിക്കാനോ ഉള്ള വലിയൊരു ശ്രമമൊന്നും കാരവൻ അധികം നടത്തിയിട്ടില്ല. സബ്സ്‌ക്രിപ്ഷൻ കാമ്പെയ്ൻ അഡൈ്വടൈസ്മെന്റ് ഒരുദിവസം രണ്ടോ മൂന്നോ പ്രാവശ്യം കാരവൻ വെബ്സൈറ്റിലും സോഷ്യൽമീഡിയയിലും ഉപയോഗിക്കുന്നു എന്നുള്ളതല്ലാതെ ലൈക്ക് എത്രയുണ്ട് റീച്ച് എത്രയുണ്ട് കമന്റ് കുറഞ്ഞോ കൂടിയോ അങ്ങനെയുള്ള കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നുതന്നെയില്ല. ആ ഒരു കൾച്ചർ ഓഫീസിൽ കൊണ്ടുവന്നിട്ടില്ല. പലപ്പോഴും മാർക്കറ്റിങ് സൈഡിൽ നിന്നോ മാനേജ്മെന്റ് സൈഡിൽ നിന്നോ അങ്ങനെ പറയാൻവേണ്ടി പലപ്പോഴും ശ്രമിച്ചിട്ടുണ്ടെങ്കിലും ആ ഒരു വഴിക്ക് പോയി നമ്മൾ തന്നെ നമ്മുടെ പേഴ്സണാലിറ്റി കളയുന്ന രീതിയിലേക്ക് പോയിട്ടില്ല. കണ്ടന്റിന്റെ ക്വാളിറ്റിക്ക് ശ്രദ്ധകൊടുത്തതുകൊണ്ട് എനിക്കു തോന്നുന്നു ആ ഡിസ്ട്രാക്ഷൻ ഉണ്ടാവേണ്ടി വന്നിട്ടില്ല.
പക്ഷേ സബ്സ്‌ക്രിപ്ഷൻ കിട്ടാൻ കൂടുതൽ സാധ്യതയുള്ള ആസ്പെക്ടിൽ, ഇന്റലിജന്റ് ആയിട്ടുള്ള മാർക്കറ്റിങ് ചെയ്തിട്ടുണ്ട്. നമ്മളെ സംബന്ധിച്ച് ഒരു യാഡ്സ്റ്റിക് ഇത്രയേയുള്ളൂ, കൂടുതൽ സബ്സ്‌ക്രിപ്ഷൻ കിട്ടുന്നുണ്ടോ. അല്ലാതെ വെറുതെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്ത് റീച്ച് കൂടി കിട്ടുന്ന ആ നമ്പർ നമുക്ക് ഒരിക്കലും സ്ഥായിയായി കിട്ടുന്ന കാര്യമല്ല. അത് ഫെയ്സ്ബുക്കിനും ട്വിറ്ററിനും കൊള്ളാം. അവരെ സംബന്ധിച്ച് ആ എൻഗൈജ്മെന്റ് അവരുടെ പ്ലാറ്റ്ഫോമിന് ഗുണമാണ്. കൂടുതൽ ആളുകൾ അവരുടെ സമയം അതിൽ ചിലവഴിക്കുന്നു. പക്ഷേ നമുക്ക് നമ്മുടെ വെബ്സൈറ്റിലേക്ക് ആളുകൾ വരുന്നുണ്ടോ അവർ വരുമ്പോൾ പേ ചെയ്ത് സബ്സ്‌ക്രൈബർ ആകുന്നുണ്ടോ എന്നുള്ളത് മാത്രമേ ഹെൽത്തിയായിട്ടുള്ള ഓർഗനൈസേഷനാക്കി മാറ്റുന്നുള്ളൂ. ആ കാര്യത്തിൽ തുടക്കം മുതലേ ക്ലാരിറ്റിയുണ്ടായിരുന്നു. എനിക്കു തോന്നുന്നു ആ ഒരു ക്ലാരിറ്റികൊണ്ടായിരിക്കണം ഇപ്പോൾ വലിയ കുഴപ്പമില്ലാതെ ഫണ്ടിങ്ങിന്റെയോ മറ്റോ പ്രശ്നങ്ങളിലേക്ക് ഒരുപാട് ചിന്തപോകാതെ അത്യാവശ്യം കുഴപ്പമില്ലാത്ത ഒരു ഓർഗനൈസേഷനായി നീങ്ങാൻ പറ്റുന്നത്.
കാരവൻ മാഗസിനിലെ റിപ്പോർട്ടുകൾ