മാധ്യമപ്രവർത്തനത്തിന്റെ പുതിയ കാലത്ത്​ എങ്ങനെ വി.പി.ആറിനെ രേഖപ്പെടുത്തും?

‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന ഗാന്ധിയൻ വചനം സ്വന്തം ജീവിതത്തതിൽ പകർത്തിയ പത്രപ്രവർത്തകനാണ് വി.പി.ആർ. ഒരു റിപ്പോർട്ടർ എങ്ങനെയായിരിക്കണം എന്നും ഒരു എഡിറ്റർ എങ്ങനെ പ്രവർത്തിക്കണമെന്നും സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവർക്ക് മാതൃകയാക്കി കൊണ്ടാണ് വി.പി.ആർ. കളമൊഴിയുന്നത്. ഒരു പത്രപ്രവർത്തകന്റെ പേർസണൽ ലൈഫും പ്രൊഫഷണൽ ലൈഫും ഒന്നാണെന്ന് അദ്ദേഹം തെളിയിച്ചു.

ലയാള പത്രപ്രവർത്തന ചരിത്രത്തിൽ വി.പി.ആർ. എന്ന വി.പി. രാമചന്ദ്രന്റെ സ്ഥാനം എന്തായിരിക്കും? അമ്പത് വർഷത്തോളം ഇന്ദ്രപ്രസ്ഥത്തിലും കേരളത്തിലും നിറഞ്ഞാടിയ പത്രപ്രവർത്തകനാണെങ്കിലും, ഒരു വിവാദത്തിനു പോലും ഇടപിടിക്കാതെ, ഒരു വിവാദത്തിനു പോലും തിരികൊളുത്താതെ നിശബ്ദമായി വി.പി.ആർ. വിടവാങ്ങി. അഞ്ച് W-വിലും ഒരു H-ലും അതിർവരമ്പ് സൃഷ്ടിക്കപ്പെട്ട പ്രൊഫഷണൽ പത്രപ്രവർത്തന രംഗത്തെ അതികായനെയാണ് മലയാളിക്ക് നഷ്ടപ്പെട്ടത്.

വാർത്ത എഴുതാനറിയാത്തവർ പോലും പത്രാധിപരായും നിരീക്ഷകന്മാരായും അരങ്ങുവാഴുന്ന മലയാള മാധ്യമമേഖലയിൽ വി.പി.ആർ. എന്നും വ്യത്യസ്തനായിരുന്നു. ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന ഗാന്ധിയൻ വചനം സ്വന്തം ജീവിതത്തതിൽ പകർത്തിയ പത്രപ്രവർത്തകനാണ് വി.പി.ആർ. ഒരു റിപ്പോർട്ടർ എങ്ങനെയായിരിക്കണം എന്നും ഒരു എഡിറ്റർ എങ്ങനെ പ്രവർത്തിക്കണമെന്നും സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവർക്ക് മാതൃകയാക്കി കൊണ്ടാണ് വി.പി.ആർ. കളമൊഴിയുന്നത്. ഒരു പത്രപ്രവർത്തകന്റെ പേർസണൽ ലൈഫും പ്രൊഫഷണൽ ലൈഫും ഒന്നാണെന്ന് അദ്ദേഹം തെളിയിച്ചു. Missionary values of Professional Journalism എന്താണെന്ന് അദ്ദേഹം പുതുതലമുറയെ പഠിപ്പിച്ചു. A good journalist should be a good human being എന്ന വാക്യമോതി നല്ലൊരു ഭർത്താവായും അച്ഛനായും സുഹൃത്തായും കാരണവരായും അദ്ദേഹം ജീവിച്ചു.

അച്ഛന്റെ മരണവാർത്ത ലേഖയാണ് അറിയിച്ചത്. കഴിഞ്ഞ ഏപ്രിൽ 21നായിരുന്നു 98-ാം പിറന്നാൾ. അതിനു ശേഷമുള്ള വീഴ്ചയും മുറിവും മരണത്തിലവസാനിച്ചു. കുറേ മാസങ്ങളായി വി.പി.ആർ. ക്ഷീണിതനായിരുന്നു. മരണസമയത്ത് ലേഖയും, മരുമകൻ ചന്ദ്രശേഖറും പേരക്കുട്ടികളായ വേദയും മേഘയും അടുത്തുണ്ടായിരുന്നു, കൂടാതെ 40 വർഷത്തെ സന്തതസഹചാരി നന്ദകുമാറും.

എനിക്ക് ആരായിരുന്നു വി.പി.ആർ?. 34 വർഷക്കാലമായി അദ്ദേഹം എന്നോടൊപ്പമുണ്ട്. പ്രസ്​ അക്കാദമിയിൽ തുടങ്ങിയ സൗഹൃദം മൂന്നുപതിറ്റാണ്ട് കഴിഞ്ഞിട്ടും ഞങ്ങൾ തുടർന്നു. എന്റെ ഡൽഹി- ബോംബെ- നാഗ്പൂർ- ഷാർജ-ദുബൈ- ലണ്ടൻ- മാഞ്ചസ്റ്റർ കാലങ്ങളിലെല്ലാം ഒരു വിളിപ്പാടകലെ കരുതലായി വി.പി.ആർ. നിന്നു. 2007ൽ ഏഷ്യൻ ലൈറ്റ് തുടങ്ങിയപ്പോൾ ഒരു മടിയും കൂടാതെ കൺസൾട്ടിംഗ് എഡിറ്റർ എന്ന ഹോണററി പോസ്റ്റിൽ പിന്തുണ നൽകി. വർഷംതോറുമുള്ള എന്റെ പ്രസ്സ് അക്കാദമി ക്ലാസുകളിൽ അച്ചടക്കമുള്ള വിദ്യാർത്ഥിയായി മുൻനിരയിൽ സ്ഥാനം പിടിച്ചു. അടുത്ത ബന്ധുക്കളുടെ അകാല നിര്യാണത്തിൽ മനംനൊന്ത് ഞാൻ വിറങ്ങലിച്ചപ്പോൾ വീട്ടിൽ വന്ന് ആശ്വസിപ്പിച്ചു. പ്രസ്​ അക്കാദമിയിലെ പല പഴയ സുഹൃത്തുക്കൾക്കും സമാനമായ നിരവധി സംഭവങ്ങൾ പറയുവാൻ കാണണം.

അനസുദ്ദീൻ അസീസ്, വി.പി. രാമചന്ദ്രൻ
അനസുദ്ദീൻ അസീസ്, വി.പി. രാമചന്ദ്രൻ

ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം എല്ലാവരുടെയും പ്രിയങ്കരനായാണ് വി.പി.ആർ. പടിയിറങ്ങാറ്. ഡ്രൈവറായാലും ലൈബ്രേറിയനായാലും തൂപ്പുകാരനായാലും വി.പി.ആറിന് എല്ലാവരും സ്‌നേഹിതരാണ്. എല്ലാവരെയും അഭിവാദ്യം ചെയ്ത്, എല്ലാവരോടും കുശലം പറഞ്ഞ് മാത്രമേ വി.പി.ആർ. പ്രസ്​ അക്കാദമിയിലെ അദ്ദേഹത്തിന്റെ മുറിയിലേക്ക് പോകാറുണ്ടായിരുന്നുള്ളൂ.

ഒരു എഡിറ്റർ എങ്ങനെയൊരു ടീം ലീഡർ ആകണമെന്ന് അദ്ദേഹം കാണിച്ചു തന്നു. വ്യത്യസ്ത രംഗങ്ങളുള്ള, വ്യത്യസ്ത ആശയക്കാരായ പ്രഗത്ഭർ ഒരു മടിയും കൂടാതെ അദ്ദേഹത്തിന്റെ ആതിഥേയത്വം സ്വീകരിച്ച് പ്രസ് അക്കാദമിയിലെത്തി. ലീലാവതി ടീച്ചറും, പ്രൊഫ. ബാലകൃഷ്ണനും, സി. രാധാകൃഷ്ണനും, പെരുന്ന കെ.എൻ. നായറും, സെബാസ്റ്റ്യൻ പോളും, സത്യവ്രതനും, ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയും, റോസ്‌ക്കോട്​ കൃഷ്ണപ്പിള്ളയും പോലുള്ള പ്രമുഖർ അവരുടെ വിജ്ഞാനം ഞങ്ങൾക്ക് പകുത്ത് നൽകി. ഓരോ ക്ലാസിനു മുമ്പും അവരുടെ പത്രപ്രവർത്തന പ്രാഗത്ഭ്യത്തെക്കുറിച്ച് വി.പി.ആർ. ആമുഖക്കുറിപ്പുകൾ നൽകി.

പത്രപ്രവർത്തനം പഠിക്കേണ്ടത് ക്ലാസുമുറിയിൽ മാത്രമല്ല, ഫീൽഡിൽ ആണെന്ന വാദത്തിലുറച്ച് ആഴ്ച തോറും റിപ്പോർട്ടിങ്ങിന്​ പറഞ്ഞയക്കുന്ന പതിവും വി.പി.ആറിനുണ്ടായിരുന്നു. ഈ കോപ്പികളൊക്കെ എഡിറ്റ് ചെയ്ത് അക്കാദമി മാഗസിനിൽ പ്രസിദ്ധീകരിക്കുവാൻ അദ്ദേഹം ആവേശം കാണിച്ചു. സാധാരണ വാർത്തകൾ എഡിറ്റ് ചെയ്ത് പുതിയൊരു ആങ്കിളിൽ പുനഃസൃഷ്ടിക്കുവാൻ വി.പി.ആറിന് സാധിക്കുമായിരുന്നു. ഇടമലയാറിനടുത്തുള്ള ഇടമലക്കുടിയിലെ സാക്ഷരതാ വിജയത്തെ കുറിച്ചുള്ള വാർത്ത വി.പി.ആർ. എഡിറ്റ് ചെയ്തപ്പോൾ അത് ഇടമലക്കുടിയിലെ ആദിവാസികൾ അനുഭവിക്കുന്ന ദുരിതപർവ്വത്തെ കുറിച്ചുകൂടിയായി. അതായിരുന്നു ശരിയായ വാർത്തയും. എന്റെ ആദ്യ സ്‌കൂപ്പ്- ആദിവാസി കോളനിയിലെ അഴിമതി.

ഒരു പത്രാധിപർക്ക് ആവശ്യമായ അച്ചടക്കത്തിന്റെ ചട്ടക്കൂടിലാണ് വി.പി.ആർ. ജീവിച്ചതും ജോലി ചെയ്തതും. ജീവിതം ആഘോഷമാക്കിയവർ വി.പി.ആറിനെക്കുറിച്ച് പല കഥകളും പടച്ചിറക്കി. വിഷാദരോഗം ബാധിച്ച ഭാര്യയെ അവസാനകാലം വരെ പരിചരിച്ചതും ശുശ്രൂഷിച്ചതും വി.പി.ആർ. ആണ്. വി.പി.ആർ. ആദ്യമായും അവസാനമായും കരഞ്ഞുകണ്ടത് ഭാര്യ ഗൗരിയുടെ മരണദിനത്തിലാണ്. "ഗൗരി പോയി '- വി.പി.ആർ. ഫോണിലൂടെ പറഞ്ഞു. പിന്നെ കുറെ നേരം കരഞ്ഞു.
മാസത്തിലൊരിക്കലെങ്കിലും ഞാൻ വിളിക്കും. വിളിച്ചില്ലെങ്കിൽ അദ്ദേഹം മൊബൈലിൽ വിളിക്കും. കിട്ടിയില്ലെങ്കിൽ എന്റെ ലാൻഡ്‌ലൈൻ നമ്പറിൽ വിളിച്ചിരിക്കും. എന്തുപറ്റി എന്നറിയാനുള്ള വെപ്രാളമാണ് ആ വിളികൾക്കുപിറകിൽ. വാർത്തക്കുവേണ്ടിയുള്ള ഓട്ടത്തിൽ ഞാൻ എവിടെയെങ്കിലും വീഴുമെന്ന് അദ്ദേഹത്തിനുറപ്പായിരുന്നു. വീണപ്പോഴൊക്കെ ഒരു കൈ സഹായം തന്ന് ഉയിർത്തെഴുന്നേറ്റ് വിടുന്നതിൽ അദ്ദേഹമായിരുന്നു മുന്നിൽ.

എഴുപതുകളുടെ അവസാനം വി.പി.ആർ. ഡൽഹിയോട് വിട പറയുമ്പോൾ പ്രസിദ്ധ കാർട്ടൂണിസ്റ്റായിരുന്ന കുട്ടി വരച്ച  കാർട്ടൂൺ.
എഴുപതുകളുടെ അവസാനം വി.പി.ആർ. ഡൽഹിയോട് വിട പറയുമ്പോൾ പ്രസിദ്ധ കാർട്ടൂണിസ്റ്റായിരുന്ന കുട്ടി വരച്ച കാർട്ടൂൺ.

യഥാർത്ഥത്തിൽ അദ്ദേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ സഹായം ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് ഇങ്ങനെയൊരു പത്രസ്ഥാപനം നടത്തുന്നുണ്ടാവില്ല. ദേശാഭിമാനിയുടെ പ്രാദേശിക ലേഖകനെ ഡൽഹിയിലെയും ബോംബെയിലെയും അവസരങ്ങൾ ചൂണ്ടിക്കാട്ടി വണ്ടി കയറാൻ പ്രേരിപ്പിച്ചതിൽ വി.പി.ആറിന് വലിയൊരു പങ്കുണ്ട്. ഗ്രൂപ്പ് തർക്കത്തിൽപ്പെട്ട് എന്തുചെയ്യണമെന്നറിയാതെ അന്ധാളിച്ച എന്നിലെ പത്രപ്രവർത്തകന് കേരളത്തിനുപുറത്തും പത്രലോകമുണ്ടെന്ന് കാണിച്ചു തന്നത് വി.പി.ആർ. ആണ്.

"കെമിസ്ട്രിയിലാണ് ബിരുദം, ഇതൊന്നും ശരിയാകില്ല’ എന്നു പറഞ്ഞ എന്നോട്, ‘ഞാൻ എസ്.എസ്.എൽ.സിയും ഗുസ്തിയുമാണ്​’ എന്ന്​ തിരിച്ചടിച്ച് ആത്മവിശ്വാസം നൽകാൻ വി.പി.ആറിനായി. പത്താംക്ലാസ് കാരനായ പത്രപ്രവർത്തകനാണ് ക്ലാസ് മുറികളിൽ C.P. Scott-ന്റെ "Guardian' ദിനങ്ങളെക്കുറിച്ച് ക്ലാസെടുത്തത്. പ്രസ്​ അക്കാദമിയുടെ ലെറ്റർ ഹെഡിലെ ആപ്തവാക്യം തന്നെ "Facts are Sacred, Comment is free' എന്നാണ്. മാർഷൽ മക്ലൂഹന്റെ "ഗ്ലോബൽ വില്ലേജ്' കോൺസെപ്​റ്റും പട്ടിണിയെ ജനസംഖ്യയുമായി ബന്ധപ്പെടുത്തുന്ന മാൽത്യൂസിന്റെ തിയറിയുമെല്ലാം ആദ്യമായി കേട്ടത് വി.പി.ആറിൽ നിന്നാണ്. ഒരു മാധ്യമപ്രവർത്തകന്​ ഭൂമിക്കുകീഴിലെ എല്ലാത്തിനെക്കുറിച്ചും അഗാധമായ പരിജ്ഞാനമില്ലെങ്കിലും ഇത്തിരി അറിവെങ്കിലും ഉണ്ടാവണമെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനുവേണ്ടി പ്രയത്‌നിച്ചു. ഇന്റർനെറ്റ് ഇല്ലാത്ത യുഗത്തിൽ പുസ്തകം മാത്രമായിരുന്നു അന്ന് ആശ്രയം. പത്രപ്രവർത്തനം പഠിപ്പിക്കലായിരുന്നു അദ്ദേഹത്തിന്റെ ജോലിയെങ്കിലും പ്രസ്​ അക്കാദമിയിൽ ഒരു പത്രാധിപർ ആയാണ് വി.പി.ആർ. ജീവിച്ചത്. മണിക്കൂറുകൾ ഇടവിട്ട് യു.എൻ.ഐയുടെ ടെലിപ്രിന്റിൽ നിന്ന്​ വരുന്ന വാർത്തകൾ അദ്ദേഹം ശ്രദ്ധിക്കുമായിരുന്നു. അവയിൽ ചിലത് ഞങ്ങൾക്കുവേണ്ടി അദ്ദേഹം മാറ്റിവെയ്ക്കും. പലപ്പോഴും ഉച്ചയൂണ് കഴിക്കാതെയാണ് വി.പി.ആർ. ഈ വക ജോലികൾ ചെയ്തിരുന്നത്. എല്ലാ പത്രവും വായിക്കും. ഓരോ ദിനത്തിലെ പത്രവും മേശപ്പുറത്ത് നിരത്തി തലക്കെട്ടുകൾ താരതമ്യം ചെയ്യാനും വാർത്തകളിലെ Hits & Misses കണ്ടെത്താനും വി.പി.ആർ. ശ്രമിക്കും. പക്ഷേ ഒന്നിനെയും നിശിതമായി വിമർശിക്കില്ല. ഓരോ ന്യൂസ് റൂമുകളുടെയും പരിമിതികളെക്കുറിച്ച് വിശദമായി അറിയാവുന്ന ആളായിരുന്നു.

അതുകൊണ്ടാണ് പ്രാദേശിക ലേഖകരേയും ചെറുകിട പത്രത്തിലെ എഡിറ്റർമാരെയും ലക്ഷ്യംവെച്ച് പ്രസ് അക്കാദമി പരിശീലന കളരികൾ സംഘടിപ്പിച്ചത്. മാധ്യമ പ്രവർത്തനവുമായി ബന്ധപ്പെട്ട പല പുസ്തകങ്ങളും പുനഃപ്രസിദ്ധീകരിക്കുന്നതിനും വി.പി.ആർ. മുന്നിട്ടിറങ്ങി. സ്വദേശാഭിമാനിയുടെ വൃത്താന്ത പത്രപ്രവർത്തനം തുടങ്ങി നിരവധി പുസ്തകങ്ങൾ പ്രസ്​ അക്കാദമി വിപണിയിലിറക്കി. മാധ്യമപ്രവർത്തന രംഗത്തെ സമകാലിക സംഭവങ്ങൾ ഉൾകൊള്ളിച്ച്​ മീഡിയ എന്ന ദ്വൈമാസിക പുറത്തിറക്കാനും വി.പി.ആറിന് സാധിച്ചു. ആരോഗ്യം അനുവദിച്ചിടത്തോളം കാലം പത്ര പ്രവർത്തകനായി തന്നെ ജീവിച്ചു.

16-ാം വയസ്സിൽ എസ്.എസ്.എൽ.സിയും ടൈപ്പിംഗ് പരിശീലനവുമായി പൂനെയിലേക്ക് വണ്ടി കയറിയ പയ്യൻ 2010 ൽ പേരുകേട്ട പത്രപ്രവർത്തകനായി പേന താഴെവയ്ക്കുമ്പോൾ മാധ്യമമേഖല നന്നേ മാറിക്കഴിഞ്ഞിരുന്നു. "A good journalist is a poor journalist and a rich journalist is a bad journalist' എന്നും അദ്ദേഹം പറഞ്ഞു. മറിയം റഷീദയുടെ കഥകൾ മലയാള മാധ്യമരംഗത്തെ കുലുക്കിയപ്പോൾ മാധ്യമമേഖലയിലെ വീഴ്ചയായാണ് വി.പി.ആർ. അതിനെ കണ്ടത്. മാധ്യമ ഉടമസ്ഥർക്ക് പത്രം ലാഭമുണ്ടാക്കുവാനുള്ള വെറുമൊരു കച്ചവടമാണ്. ഒരു പത്രാധിപരെങ്കിലും നിവർന്നുനിന്ന് ഇത് തെറ്റാണ്, ഞാൻ രാജിവെക്കുകയാണ്​ എന്ന്​ വിളിച്ചുപറയാതിരുന്നത് വലിയൊരു വീഴ്ചയായാണ് വി.പി.ആർ കണ്ടത്. "പത്രം' എന്ന സിനിമയിലൂടെ രഞ്ജി പണിക്കർ, മറിയം റഷീദ വിവാദം തിരശ്ശീലയിലാക്കി​ ‘മാത്തുക്കുട്ടിച്ചായനെ’ പ്രതിക്കൂട്ടിൽ നിർത്തിയപ്പോൾ വി.പി.ആറിന് നൊന്തു. കണ്ണാടി തിരിച്ചുപിടിക്കേണ്ടത് നമ്മിലേക്കാണെന്ന് വി.പി.ആർ. ഓർമിപ്പിച്ചു. സുഖമില്ലാത്ത ഭാര്യയെയും ഏക മകളെയും കൂട്ടി, ഗുവാഹത്തിയിലും റാഞ്ചിയിലും പണിഷ്​മെൻറ്​ ട്രാൻസ്​ഫറിന്​ വിധേയനായ പത്രപ്രവർത്തകൻ ഇങ്ങനെയല്ലേ പ്രതികരിക്കൂ.

ചങ്കൂറ്റമുള്ള പത്രാധിപർ എന്ന് വീരേന്ദ്രകുമാർ പറഞ്ഞപ്പോഴും വീരേന്ദ്രകുമാറിന്റെ പത്രപ്രവർത്തന ഇടപെടലുകളെ വിമർശിക്കുവാനും അദ്ദേഹത്തിന്റെ സോഷ്യലിസ്റ്റ് ആശയങ്ങളെ ചോദ്യം ചെയ്യാനും വി.പി.ആർ. മുതിർന്നു. ആദർശത്തിന്റെ പേരിൽ ഒ.വി. വിജയനെ പോലുള്ളവരുമായി പിണങ്ങിയും ഇണങ്ങിയും കഴിയാൻ വി.പി.ആറിനായി. സി.പി. രാമചന്ദ്രൻ, ബി.ജി. വർഗീസ്, എടത്തട്ട നാരായൺ, കാർട്ടൂണിസ്റ്റ് ശങ്കർ, നരേന്ദ്രൻ തുടങ്ങിയ പഴയ ഡൽഹി ഗാങിലെ പ്രമുഖരെല്ലാം വിട പറയുകയാണ്. അവരുടെ കാൽപ്പാടുകൾ പിന്തുടരുവാൻ ഒരു പുതിയ തലമുറ വരുമെന്ന് അവർ പ്രതീക്ഷിച്ചിരിക്കണം.

ദിശമാറി മുന്നോട്ടുകുതിക്കുന്നതിനുപകരം പിറകിലേക്ക് സഞ്ചരിക്കാനാണ് ഞാനുൾപ്പെടെയുള്ളവർ ശ്രമിക്കുന്നത്. മനുഷ്യനോ മനുഷ്യത്വമോ ഇല്ലാത്ത മതമാണ് പലരുടെയും പ്രധാന പ്രശ്‌നം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കാൽഭാഗം പിന്നിടുമ്പോഴും പൊതുവേദിയിൽ സ്ത്രീത്വം അപമാനിക്കപ്പെടുന്നു. ഒറ്റ സ്വരത്തിൽ അപലപിക്കുന്നതിനു പകരം മതവും മടിശ്ശീലക്കനവും നോക്കി മിണ്ടാതിരിക്കുന്ന മാന്യരാണ് മാധ്യമ സമൂഹം. മനസിൽ വിഷം നിറയ്ക്കുന്ന ഇടുങ്ങിയ മതാധിഷ്ഠിത ചിന്താധാരകൾക്ക് ചുക്കാൻ പിടിക്കാൻ മടിയില്ലാത്തവരാണ് മാധ്യമപ്രവർത്തകർ.

പട്ടിണിയും തൊഴിലില്ലായ്മയും ലിംഗനീതിയും പൗരാവകാശവും വാർത്തകൾ അല്ലാതാകുന്നു. സർക്കുലേഷനും click button-നുകളും ലാക്കാക്കി​ സെലിബ്രിറ്റി വാർത്തയും sponsored content-ഉം കോളം നിറയ്ക്കുമ്പോൾ വി.പി.ആറിനെ പോലുള്ളവർ പിന്തുടർന്ന മാധ്യമ സംസ്‌കാരത്തിനാണ് മുറിവേൽക്കുന്നത്.


Summary: ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന ഗാന്ധിയൻ വചനം സ്വന്തം ജീവിതത്തതിൽ പകർത്തിയ പത്രപ്രവർത്തകനാണ് വി.പി.ആർ. ഒരു റിപ്പോർട്ടർ എങ്ങനെയായിരിക്കണം എന്നും ഒരു എഡിറ്റർ എങ്ങനെ പ്രവർത്തിക്കണമെന്നും സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവർക്ക് മാതൃകയാക്കി കൊണ്ടാണ് വി.പി.ആർ. കളമൊഴിയുന്നത്. ഒരു പത്രപ്രവർത്തകന്റെ പേർസണൽ ലൈഫും പ്രൊഫഷണൽ ലൈഫും ഒന്നാണെന്ന് അദ്ദേഹം തെളിയിച്ചു.


Comments