വനിതാ മാധ്യമ പ്രവർത്തകർക്കുവേണ്ടിയുള്ള
സർക്കാർ കമ്മിറ്റി
ഇപ്പോൾ എവിടെയാണ് സർക്കാരേ?

എല്ലാ മേഖലകളിലും ഹേമ കമ്മിറ്റി പോലെയുള്ള സംവിധാനം വരണമെന്നും സ്ത്രീകൾ നേരിടുന്ന അസമത്വവും ലിംഗവിവേചനവും രേഖപ്പെടുത്തണമെന്നും പരിഹാരമുണ്ടാക്കണമെന്നും ആവശ്യമുയരുകയാണ്. എന്നാൽ, 2017- ൽ തന്നെ വനിതാ മാധ്യമപ്രവർത്തകർക്കായി ഒന്നാം പിണറായി സർക്കാർ കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റി രൂപീകരിച്ച് 2024 നവംബറിൽ ഏഴു വർഷം പൂർത്തിയാകും. ആ കമ്മിറ്റി ഇപ്പോൾ എവിടെയാണ്? സർക്കാരോ കമ്മിറ്റിക്കു നേതൃത്വം നൽകിയ ഇൻഫർമേഷൻ ആൻഡ് പബ്ലിക്ക് റിലേഷൻ വകുപ്പോ ഇതിനെ കുറിച്ച് മൗനം തുടരുകയാണ് -ജിഷ എലിസബത്ത് എഴുതുന്നു.

സിനിമാമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി (Hema Committee Report) സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ ഇപ്പോൾ വാർത്താകൊടുങ്കാറ്റ് സൃഷ്ടിക്കുകയാണ്. സമർപ്പിച്ച് നാലരവർഷത്തിനുശേഷമാണ് ഈ റിപ്പോർട്ട് വെളിച്ചം കണ്ടതെങ്കിലും, അതിലെ വെളിപ്പെടുത്തലുകളും കണ്ടെത്തലുകളും അതിനുള്ള പരിഹാരമാർഗങ്ങളും ചർച്ചകളിൽ നിറഞ്ഞുനിൽക്കുകയാണ്. ഇതിനിടയിൽ, മറ്റെല്ലാ മേഖലകളിലും, പ്രത്യേകിച്ച് വനിതാ മാധ്യമപ്രവർത്തകർക്കും (Journalists) വേണ്ടേ ഇത്തരമൊരു കമ്മിറ്റയെന്ന നിലയിൽ ചർച്ചകൾ പല കോണിൽ നിന്നും ഉയരുന്നുണ്ട്.

യഥാർത്ഥത്തിൽ ഇത്തരമൊരു ആവശ്യം മുൻനിർത്തി ഒന്നാം പിണറായി വിജയൻ സർക്കാർ 2017-ൽ തന്നെ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. കവിയും സാമൂഹ്യപ്രവർത്തകയുമായ സുഗതകുമാരി അധ്യക്ഷയായി സർക്കാർ നിയോഗിച്ച ഏഴംഗ സമിതിയിൽ അന്ന് എം.എൽ.എയും ഇന്ന് മന്ത്രിയുമായ വീണ ജോർജ്ജും ഉൾപ്പെട്ടിരുന്നു. വീണ ജോർജ്ജ് രാഷ്ട്രീയത്തിലിറങ്ങുന്നതിനുമുൻപ് മാധ്യമപ്രവർത്തകയും കേരളത്തിൽ ഒരു വാർത്താ ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവർത്തിച്ചിട്ടുള്ള ആദ്യത്തെ സ്ത്രീയുമാണ്. അവർക്കൊപ്പം, മാധ്യമപ്രവർത്തകരും ഫെമിനിസ്റ്റുകളുമായ എം.എസ്. ശ്രീകല, സരിത വർമ, എസ്. ശാന്തി എന്നിവരും ഉൾപ്പെട്ടിരുന്നു. അഡ്വ. ഗീനാകുമാരി, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. ഇവരെ നിയോഗിച്ചുകൊണ്ട് ഇൻഫർമേഷൻ ആൻഡ് പബ്ലിക്ക് റിലേഷൻ വകുപ്പ് (സി) ഡെപ്യൂട്ടി സെക്രട്ടറി വി. ശ്രീജയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഒന്നാം പിണറായി വിജയൻ സർക്കാർ 2017-ൽ തന്നെ വനിതാ മാധ്യമപ്രവർത്തകരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഏഴംഗ സമിതിയിൽ അന്ന് എം.എൽ.എയും ഇന്ന് മന്ത്രിയുമായ വീണ ജോർജ്ജും ഉൾപ്പെട്ടിരുന്നു.
ഒന്നാം പിണറായി വിജയൻ സർക്കാർ 2017-ൽ തന്നെ വനിതാ മാധ്യമപ്രവർത്തകരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഏഴംഗ സമിതിയിൽ അന്ന് എം.എൽ.എയും ഇന്ന് മന്ത്രിയുമായ വീണ ജോർജ്ജും ഉൾപ്പെട്ടിരുന്നു.

1) സ്ത്രീവിരുദ്ധ വാർത്തകൾ നൽകുന്നതിനെതിരെ സ്വീകരിക്കാവുന്ന നടപടി ശുപാർശ ചെയ്യുക.
2) തൊഴിൽരംഗത്ത് വനിതാ മാധ്യമ പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം നിർദ്ദേശിക്കുക.
3) പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ, എഡിറ്റേഴ്സ് ഗിൽഡ്, വാർത്താപ്രക്ഷേപണ മന്ത്രാലയം, ന്യൂസ് ബ്രോഡ്കാസ്റ്റിങ് അതോറിറ്റി എന്നിവയുടെ മാർഗ്ഗനിർദ്ദേശങ്ങളും ഐ എ പി സി ഉൾപ്പെടെയുള്ള നിയമങ്ങളും ലംഘിച്ച് സ്ത്രീകൾക്കെതിരെ നൽകുന്ന വാർത്തകൾ സംബന്ധിച്ച് സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശുപാർശ ചെയ്യുക എന്നിവയായിരുന്നു കമ്മിറ്റിയുടെ ചുമതലകൾ.

വനിതാ മാധ്യമലോകത്തെ അസമത്വവും ലിംഗവിവേചനവും കണ്ടെത്തി പരിഹാരം നിർദ്ദേശിക്കാനും സ്ത്രീകൾ ഉൾപ്പെടുന്ന വാർത്തകളിലെ നിയമലംഘനങ്ങൾ തടയാനും സർക്കാർ നടപടിയെടുക്കണമെന്ന വനിതാ മാധ്യമപ്രവർത്തകരുടെ നിരന്തര ആവശ്യം പരിഗണിച്ചായിരുന്നു ഈ കമ്മിറ്റി രൂപീകരിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിലെ മന്ത്രി എ.കെ. ശശീന്ദ്രൻ മംഗളം ചാനലൊരുക്കിയ കെണിയിൽ വീണത് സർക്കാരിനും ഏറെ സമ്മർദ്ദമുണ്ടാക്കിയിരുന്ന കാലമാണ്. കെണിയിലെ ഇരയാകേണ്ട തരത്തിൽ മാധ്യമമാനേജ്മെന്റ് ഒരു സ്ത്രീയെ നിയോഗിച്ചതും ജോലി നഷ്ടമാകാതിരിക്കാൻ അവർ അതിനു തയ്യാറായതും അന്നത്തെ ചർച്ചകളുടെ പ്രധാന പോയിന്റ് ആയിരുന്നു.

പേരുകൾ വെളിപ്പെടുത്തിയും വെളിപ്പെടുത്താതെയും വനിതകൾ, വനിതാ മാധ്യമപ്രവർത്തകർക്കായി രൂപീകരിച്ച കമ്മിറ്റിക്കു നൽകിയ വിവരങ്ങൾ ഇപ്പോഴും ഇരുമ്പുകൂട്ടിനകത്തു തന്നെയാണ്.

ഈ സമിതി, പ്രാഥമിക യോഗങ്ങൾക്കു ശേഷം 2018 ജൂലൈ മാസത്തോടെ ചോദ്യാവലി തയാറാക്കി. സംഘടനകൾ വഴിയും നേരിട്ടും ഈ ചോദ്യാവലി വനിതാമാധ്യമപ്രവർത്തകർക്ക് കൈമാറി. വനിതകൾ നൽകുന്ന ഏതു ചെറിയ വിവരങ്ങളും ഏറെ പ്രധാനമാണെന്ന ആമുഖത്തോടെയാണ് കമ്മിറ്റി സർവ്വേയുടെ പി ഡി എഫ് വിതരണം ചെയ്തത്. വനിതകൾക്ക് മറുപടി നൽകുന്നതിൽ വിമുഖത ഉണ്ടാകാനിടയുള്ളതുകൊണ്ട് പേരും സ്ഥാപനത്തിന്റെ പേരും നൽകാതെയും ചോദ്യാവലി പൂരിപ്പിക്കാൻ കമ്മിറ്റി സൗകര്യം ഒരുക്കിയിരുന്നു. സർവേക്ക് പുറമേ എന്തെങ്കിലും വിവരങ്ങൾ പ്രത്യേകം നൽകണമെങ്കിൽ അതിനായി കമ്മിറ്റിയംഗങ്ങളുടെ ഫോൺ നമ്പറുകളും രേഖപ്പെടുത്തിയിരുന്നു. വിവരങ്ങൾ നൽകുന്ന വനിതയുടെ ഐഡന്റിറ്റി പൂർണമായും രഹസ്യമായിരിക്കുമെന്നു കമ്മിറ്റി ഉറപ്പുനൽകിയിരുന്നു. അനോണിമസ് ഇ-മെയിലോ കത്തോ വിശ്വാസമുള്ള മറ്റേതെങ്കിലും സംവിധാനമോ ഉപയോഗപ്പെടുത്തി ഈ ചോദ്യാവലിയുടെ ഉത്തരങ്ങൾ കമ്മിറ്റിക്ക് മുൻപാകെ എത്തിക്കാനും അവർ സൗകര്യം നൽകി.

കഴിവും അർഹതയുമുണ്ടായാലും സ്ത്രീമാധ്യമപ്രവർത്തകർ എഡിറ്റോറിയൽ ബോർഡിലെത്തുന്നത് ചുരുക്കമാണ്. മുഖ്യധാരാ മാധ്യമങ്ങളിൽ എഡിറ്റർ തസ്തികയിൽ ഇരിക്കുന്ന പേരുകളിൽ ഒരു സിന്ധു സൂര്യകുമാറോ ഒരു ലീല മേനോനോ ഒക്കെ ഉണ്ടായാലായി. പലരെയും  മാനേജ്മെന്റുകൾ തന്നെ തിരസ്കരിക്കുന്ന പ്രവണതയുണ്ട്.
കഴിവും അർഹതയുമുണ്ടായാലും സ്ത്രീമാധ്യമപ്രവർത്തകർ എഡിറ്റോറിയൽ ബോർഡിലെത്തുന്നത് ചുരുക്കമാണ്. മുഖ്യധാരാ മാധ്യമങ്ങളിൽ എഡിറ്റർ തസ്തികയിൽ ഇരിക്കുന്ന പേരുകളിൽ ഒരു സിന്ധു സൂര്യകുമാറോ ഒരു ലീല മേനോനോ ഒക്കെ ഉണ്ടായാലായി. പലരെയും മാനേജ്മെന്റുകൾ തന്നെ തിരസ്കരിക്കുന്ന പ്രവണതയുണ്ട്.

എന്നാൽ, പേരുകൾ വെളിപ്പെടുത്തിയും വെളിപ്പെടുത്താതെയും വനിതകൾ നൽകിയ വിവരങ്ങൾ ഇപ്പോഴും ഇരുമ്പുകൂട്ടിനകത്തു തന്നെയാണ്. കമ്മിറ്റി രൂപീകരിച്ച് 2024 നവംബറിൽ ഏഴു വർഷം പൂർത്തിയാകും. ഇതുവരെ ഈ കമ്മിറ്റിയുടെ തുടർപ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ രഹസ്യാത്മക സ്വഭാവത്തിലാണ് സർക്കാർ മുന്നോട്ടുകൊണ്ടുപോകുന്നത്. വിവരം നൽകിയ പല സ്ത്രീകളും വിവിധ കാലങ്ങളിൽ ഇതിന്റെ പുരോഗതി അന്വേഷിച്ച് കമ്മിറ്റിയുടെ വിലാസത്തിലേക്ക് ഇ-മെയിൽ അയച്ചിരുന്നു. ഇതിനോടൊന്നും സർക്കാരും കമ്മിറ്റിയും പ്രതികരിച്ചില്ല. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ചില കമ്മിറ്റി അംഗങ്ങൾ അവരുടെ നിസഹായത വെളിപ്പെടുത്തി.

ഈ കമ്മിറ്റിയുടെ അധ്യക്ഷ സുഗതകുമാരി 2020 ഡിസംബറിൽ മരിച്ചു. മാതൃഭൂമി ന്യൂസിന്റെ ന്യൂസ് എഡിറ്റർ തസ്തികയിലായിരിക്കെ മാധ്യമലോകം വിട്ട എം.എസ്. ശ്രീകല ഇപ്പോൾ കോളജ് അധ്യാപികയാണ്. ഫിനാൻഷ്യൽ എക്സ്പ്രസിലെ സീനിയർ അസിസ്റ്റന്റ് എഡിറ്റർ ആയിരുന്ന സരിത വർമ 2020 ജൂലൈയിൽ ഔദ്യോഗിക പദവിയിൽ നിന്ന് വിരമിച്ചു. അന്ന് ചീഫ് സബ് എഡിറ്റർ ആയിരുന്ന എസ്. ശാന്തി ഇപ്പോൾ ദേശാഭിമാനിയുടെ ന്യൂസ് എഡിറ്റർ തസ്തികയിലാണ്.

പ്രസവാവധി വന്നാൽ ഒന്നുകിൽ ജോലിയിൽ നിന്ന് ടെർമിനേഷൻ അല്ലെങ്കിൽ അതുവരെയുള്ള സർവീസ് റദ്ദാക്കി പുതിയ കരാർ. ഇത്തരത്തിൽ ജോലിയോ സർവീസോ റദ്ദാക്കരുതെന്നാണ് നിയമമെങ്കിലും ഇതെല്ലാം അന്യുസൂതം തുടരുന്നു.

നേരത്തെ, പ്രിന്റ് മീഡിയയിൽ ഉണ്ടായിരുന്ന സ്ത്രീകളുടെ ശതമാനകണക്കുകളല്ല ഇപ്പോൾ ടി.വി ചാനലുകളിലുള്ളതെന്നു നമുക്കറിയാം. ഏതാണ്ട് ഒപ്പത്തിനൊപ്പം വരും സ്ത്രീ- പുരുഷ അനുപാതം. സ്ത്രീകളെ ജോലിക്കെടുക്കാതിരിക്കാൻ മതപരമായ തടസ്സവാദങ്ങൾ കൊണ്ടുനടക്കുകയും, പിന്നീട് അതിൽ നിന്ന് വഴിമാറി നടക്കുകയും ചെയ്ത ചില സ്ഥാപനങ്ങളുണ്ട്. അവിടങ്ങളിലൊഴിച്ചാൽ, മറ്റുള്ള സ്ഥാപനങ്ങളിലെല്ലാം ഒപ്പത്തിനൊപ്പമാണ് കണക്കുകൾ. എന്നിട്ടും, സ്ത്രീസൗഹൃദ അന്തരീക്ഷമൊരുക്കാനോ സ്ത്രീതൊഴിലാളികൾക്ക് വേണ്ടിയുള്ള നിയമങ്ങൾ പാലിക്കാനോ പല സ്ഥാപനങ്ങളും വിമുഖത കാണിക്കുന്നുണ്ട്. അതിനാൽ, ഒരേ ദിവസം ജോലിക്കു കയറിയ വനിതാജീവനക്കാർക്ക് പുരുഷജീവനക്കാരേക്കാൾ ശമ്പളത്തിലും പ്രമോഷനുകളിലും വലിയ അസമത്വങ്ങളുണ്ട്. ലിംഗപരമായ വിവേചനം രൂക്ഷമാണ്. കഴിവും അർഹതയുമുണ്ടായാലും സ്ത്രീ മാധ്യമപ്രവർത്തകർ എഡിറ്റോറിയൽ ബോർഡിലെത്തുന്നതു ചുരുക്കമാണ്. മുഖ്യധാരാ മാധ്യമങ്ങളിൽ എഡിറ്റർ തസ്തികയിൽ ഇരിക്കുന്ന പേരുകളിൽ ഒരു സിന്ധു സൂര്യകുമാറോ ഒരു ലീല മേനോനോ ഒക്കെ ഉണ്ടായാലായി. പലരെയും മാനേജ്മെന്റുകൾ തന്നെ തിരസ്കരിക്കുന്ന പ്രവണതയുണ്ട്. അഥവാ ഏതെങ്കിലും സ്ത്രീക്ക് അത്തരമൊരു പദവി അലങ്കരിക്കാൻ അവസരം കിട്ടിയാൽ, അവർ മേലുദ്യോഗസ്ഥരുടെ പ്രീതി പിടിച്ചുപറ്റാൻ ഏതറ്റം വരെയും പോയതുകൊണ്ടാണെന്ന ദുഷ്പേരും വനിതകൾ സഹിക്കണം. അങ്ങനെ മാനേജ്മെന്റും സഹപ്രവർത്തകരും സമൂഹവും ഏതൊക്കെ വിധമാണ് വനിതാമാധ്യമപ്രവർത്തകരോട് പെരുമാറുന്നതെന്നു മനസിലാക്കാൻ കൂടിയാണ് ഈ സമിതി സർക്കാർ രൂപീകരിച്ചത്.

സുരക്ഷയില്ലാത്ത രാത്രിയാത്ര

ഇപ്പോഴും രാത്രിയാത്രക്ക് സൗകര്യമൊരുക്കാത്ത സ്ഥാപനങ്ങളുണ്ടെന്നു പറഞ്ഞാൽ പൊതുജനം വിശ്വസിക്കണമെന്നില്ല. മാധ്യമങ്ങളുടെ എഡിറ്റോറിയൽ ഡെസ്കിൽ രാത്രി ഡ്യൂട്ടി കഴിഞ്ഞ് പുലർച്ചെ രണ്ടിനും മൂന്നിനും ഒറ്റയ്ക്ക് നടന്നു പോകേണ്ടി വരുന്ന വനിതാജേണലിസ്റ്റുകളുണ്ട്. പലപ്പോഴും രാത്രിയിൽ റോഡിൽ റോന്തു ചുറ്റുന്ന പോലീസുകാരാണ് അവർക്കു വീട്ടുപടി വരെ കൂട്ടുപോകുന്നത്. പുലർച്ചെ പത്രക്കെട്ടുകൾ ഏജന്റുമാർക്ക് നൽകാൻ വരുന്ന ഓട്ടോയിൽ കയറി വീട്ടിലേക്കു പോയിരുന്ന വനിതകളും നമ്മുടെ കൂട്ടത്തിലുണ്ട്. രാത്രി ഷിഫ്റ്റുള്ള ആണിനും പെണ്ണിനും സുരക്ഷിതമായ യാത്രാസൗകര്യം നൽകണമെന്നാണ് നിയമം. ഒപ്പം, സ്ഥാപനത്തിൽ വിശ്രമമുറി സൗകര്യം വേണം. രണ്ടു കൂട്ടർക്കും പ്രത്യേക ശുചിമുറികൾ ഒരുക്കണം. എന്നാൽ, ഇതൊന്നും ചെയ്യാത്ത മാധ്യമസ്ഥാപനങ്ങളുണ്ട്. തൊഴിൽവകുപ്പിൽ നിന്നുള്ള പരിശോധനകൾ വരുമ്പോൾ കണ്ണിൽ പൊടിയിടുന്ന പരിപാടിയാണ് മിക്കപ്പോഴും ചെയ്യുക.

ഇപ്പോഴും ഡെസ്കിൽ രാത്രി ഡ്യൂട്ടി കഴിഞ്ഞ് പുലർച്ചെ രണ്ടിനും മൂന്നിനും ഒറ്റയ്ക്ക് നടന്നു പോകേണ്ടി വരുന്ന വനിതാ ജേണലിസ്റ്റുകളുണ്ട്. പലപ്പോഴും രാത്രിയിൽ റോഡിൽ റോന്തു ചുറ്റുന്ന പോലീസുകാരാണ് അവർക്കു വീട്ടുപടി വരെ കൂട്ടുപോകുന്നത്.
ഇപ്പോഴും ഡെസ്കിൽ രാത്രി ഡ്യൂട്ടി കഴിഞ്ഞ് പുലർച്ചെ രണ്ടിനും മൂന്നിനും ഒറ്റയ്ക്ക് നടന്നു പോകേണ്ടി വരുന്ന വനിതാ ജേണലിസ്റ്റുകളുണ്ട്. പലപ്പോഴും രാത്രിയിൽ റോഡിൽ റോന്തു ചുറ്റുന്ന പോലീസുകാരാണ് അവർക്കു വീട്ടുപടി വരെ കൂട്ടുപോകുന്നത്.

പ്രസവിക്കുന്നത്
കുറ്റകരം

പ്രസവാവധി വന്നാൽ ഒന്നുകിൽ ജോലിയിൽ നിന്ന് ടെർമിനേഷൻ അല്ലെങ്കിൽ അതുവരെയുള്ള സർവീസ് റദ്ദാക്കി പുതിയ കരാർ. ഇത്തരത്തിൽ ജോലിയോ സർവീസോ റദ്ദാക്കരുതെന്നാണ് നിയമമെങ്കിലും ഇതെല്ലാം അന്യുസൂതം തുടരുന്നു. കുഞ്ഞുങ്ങൾ സ്റ്റേറ്റിന്റെ സ്വത്താണ്, നാളെയുടെ ഭരണചക്രം തിരിക്കേണ്ടവരാണ് ഇന്നത്തെ കുട്ടികൾ എന്ന പരിഗണയിലാണ് സ്റ്റേറ്റ് അമ്മമാർക്കുള്ള അവധി നൽകുന്നത്. ഇപ്പോഴത് പിതാക്കന്മാർക്കുള്ള അവധിയുടെ രൂപത്തിലും വന്നുതുടങ്ങി. എന്നാൽ, അമ്മമാർ ആകുന്നതു ജോലിക്കാർക്കിടയിൽ വലിയ തെറ്റായാണ് കരുതുന്നത്. അതിന്റെ 'ശിക്ഷ' അവർ അനുഭവിക്കുക തന്നെ വേണം. ജോലിയിലെ പ്രമോഷൻ തടഞ്ഞുവെച്ചോ സർവീസ് റദ്ദാക്കിയോ ജോലി കളഞ്ഞോ മാനേജ്മെന്റുകൾ ഈ നിയമലംഘനം നടപ്പാക്കും.

സ്ത്രീകൾക്ക് എന്തൊക്കെ ആനുകൂല്യങ്ങൾ ഈ നിയമത്തിന്റെ കീഴിലുണ്ടെന്നു ഹാർഡ് / സോഫ്റ്റ് കോപ്പികൾ വഴി അറിയിക്കണമെന്ന നിയമവും സർക്കാരിന്റെ കടലാസിൽ ഒതുങ്ങുന്നു. പ്രസവം കഴിഞ്ഞ് പെട്ടെന്ന് തന്നെ ജോലി തുടരുന്ന സ്ത്രീകൾ ആവശ്യപ്പെട്ടാൽ നിയമപ്രകാരം അവരുടെ വീടിനടുത്തുള്ള ഓഫീസിലേക്ക് മാറാമെന്നും വർക് ഫ്രം ഹോം രീതിയിൽ ജോലി തുടരാമെന്നുമുണ്ട്. കുട്ടികൾക്കായി ഓഫിസിൽ ക്രഷ് സൗകര്യം വേണം. ഓഫീസിൽ ഒരുക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്ഥാപനത്തിന്റെ ഏറ്റവും അടുത്തുള്ള ക്രഷിൽ സൗകര്യമൊരുക്കണം. എല്ലാവർക്കുമുള്ള പൊതുവായ ഇടവേളയ്ക്കു പുറമെ കുഞ്ഞിനെ മുലയൂട്ടാൻ പല ഇടവേളകളിലായി രണ്ടു മണിക്കൂറിൽ കുറയാത്ത സമയവും നിയമം അനുവദിക്കുന്നുണ്ട്. അതിനാൽ, സ്ത്രീകളെ ജോലിക്കെടുക്കുന്നത് സ്ഥാപനത്തിന് നഷ്ടമാണെന്ന് സ്ഥാപന ഉടമകളും മേലധികാരികളും പുരുഷ സഹപ്രവർത്തകരും ഒരേ സ്വരത്തിൽ വാദിക്കും. സ്ത്രീകൾക്കൊപ്പം നിലപാട് എടുക്കുന്ന പുരുഷന്മാർക്കെതിരെ അപവാദ കഥകൾ പറഞ്ഞുപരത്താനും ഇവർക്ക് വലിയ താല്പര്യമുണ്ട്.

ആണും പെണ്ണുമായി കുറഞ്ഞത് പത്തു ജീവനക്കാരുള്ള എല്ലാ യൂണിറ്റിലും പരാതി പരിഹാര സമിതികൾ വേണമെന്നാണ് ചട്ടം. എന്നാൽ, ഏതെങ്കിലുമൊരു യൂണിറ്റിൽ മാത്രം രൂപീകരിച്ചോ എവിടെയും രൂപീകരിക്കാതെയോ സ്ഥാപനങ്ങളുണ്ട്.

നോക്കുകുത്തികളായ
പരാതി പരിഹാര കമ്മിറ്റികൾ

തൊഴിലിടത്തെ ലൈംഗികാതിക്രമങ്ങളിൽ നടപടിയെടുക്കാൻ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികളുണ്ടോയെന്ന് തിരക്കിയാൽ പലയിടത്തും ഇല്ലെന്നുതന്നെ പറയാം. ആണും പെണ്ണുമായി കുറഞ്ഞത് പത്തു ജീവനക്കാരുള്ള എല്ലാ യൂണിറ്റിലും പരാതി പരിഹാര സമിതികൾ വേണമെന്നാണ് ചട്ടം. എന്നാൽ, ഏതെങ്കിലുമൊരു യൂണിറ്റിൽ മാത്രം രൂപീകരിച്ചോ എവിടെയും രൂപീകരിക്കാതെയോ സ്ഥാപനങ്ങളുണ്ട്. അഥവാ, അംങ്ങനെയൊരു കമ്മിറ്റി രൂപീകരിച്ചാൽ എല്ലാ ജീവനക്കാരെയും അറിയിക്കുന്ന തരത്തിൽ നോട്ടീസ് ബോർഡിൽ വിവരങ്ങൾ പ്രദര്ശിപ്പിക്കണമെന്നാണ് നിയമം. ഒപ്പം, കമ്മിറ്റിക്ക് അകത്തുള്ള പലരും മാനേജ്മെന്റിന്റെ ഇഷ്ടക്കാർ ആയിരിക്കും. അവർക്കു 'നീതി' എന്തെന്നും നിയമം എന്തെന്നും അറിവില്ലാത്തവർ ആയിരിക്കും. ഒപ്പം, ലൈംഗികാതിക്രമങ്ങൾ എന്തൊക്കെയാണ് എന്ന് എല്ലാ ജീവനക്കാർക്കും അറിവുകൊടുക്കണമെന്നും അതിനായി ബോധവൽക്കരണ ക്ലാസ്സുകളൊരുക്കണമെന്നതും നിയമത്തിലുണ്ട്.

സൈബർ ബുള്ളിയിങ്

വനിതാ മാധ്യമപ്രവർത്തകർക്ക് നേരിടേണ്ടി വരുന്ന സൈബർ ബുള്ളിയിങ്ങും വിവരണാതീതമാണ്. ഇവ പിന്നീട്ട് ഓഫ്‌ലൈൻ ആക്രമണങ്ങളായി വളരുന്നു. ഇതെല്ലാം തൊഴിലിടത്തെ ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരുന്നതാണ്. ഫോൺ നമ്പറുകളിൽ വിളിച്ചും മെസ്സേജ് അയച്ചും ലൈംഗികാതിക്രമം നടത്തുന്ന നിരവധി സൈബർഗുണ്ടകളുണ്ട്. ‘ഇന്ത്യ ഫ്രീഡം ഓഫ് എക്സ്പ്രഷൻ ഇനിഷ്യേറ്റീവി’ന്റെ കണക്കുകൾ പ്രകാരം 2023-ൽ ഇന്ത്യയിൽ കൊല്ലപ്പെട്ടത് അഞ്ച് മാധ്യമപ്രവർത്തകരാണ്. 226 പേരെ അക്രമികൾ ലക്ഷ്യംവെച്ചു. ഇതിൽ കേരളത്തിൽ അക്രമികൾ ലക്ഷ്യമിട്ട 16 പേരിൽ അഞ്ചുപേർ വനിതകളാണ്.

ഇന്ത്യ ഫ്രീഡം ഓഫ് എക്സ്പ്രഷൻ ഇനിഷ്യേറ്റിവിന്റെ  കണക്കുകൾ പ്രകാരം 2023-ൽ ഇന്ത്യയിൽ കൊല്ലപ്പെട്ടത് അഞ്ച് മാധ്യമപ്രവർത്തകരാണ്. 226 പേരെ അക്രമികൾ ലക്ഷ്യംവെച്ചു. ഇതിൽ കേരളത്തിൽ അക്രമികൾ ലക്ഷ്യമിട്ട 16 പേരിൽ അഞ്ചുപേർ വനിതകളാണ്.
ഇന്ത്യ ഫ്രീഡം ഓഫ് എക്സ്പ്രഷൻ ഇനിഷ്യേറ്റിവിന്റെ കണക്കുകൾ പ്രകാരം 2023-ൽ ഇന്ത്യയിൽ കൊല്ലപ്പെട്ടത് അഞ്ച് മാധ്യമപ്രവർത്തകരാണ്. 226 പേരെ അക്രമികൾ ലക്ഷ്യംവെച്ചു. ഇതിൽ കേരളത്തിൽ അക്രമികൾ ലക്ഷ്യമിട്ട 16 പേരിൽ അഞ്ചുപേർ വനിതകളാണ്.

ഇത്തരം സൈബർ ആക്രമണങ്ങളിൽ നിയമനടപടി സ്വീകരിക്കാനും വനിതകൾക്ക് ആവശ്യമായ മാനസികപിന്തുണയും കൗൺസലിങ്ങും നൽകാനും സർക്കാർ സമിതിക്കു ശിപാർശ ചെയ്യാമായിരുന്നു. എന്നാൽ, വനിതാ ജേണലിസ്റ്റുകൾ ഏറെ പ്രതീക്ഷയോടെ കണ്ട ഈ സമിതി ഇപ്പോൾ നിർജീവമാണ്. ഈ സമിതി ഇപ്പോൾ എന്ത് ചെയ്യുന്നെന്ന് പോലും ആർക്കും അറിയില്ല. ചോദ്യാവലി പൂരിപ്പിച്ചു നൽകിയവർ പലരും പ്രതീക്ഷ കൈവിട്ടു. വീണ്ടും 2023 നവംബറിൽ വനിതാ കമീഷന്റെ നേതൃത്വത്തിൽ കോട്ടയത്ത് വനിതാ അദാലത്ത് സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ ഉള്ള വനിതാതൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാൻ പല ഘട്ടങ്ങളിലായി അദാലത്തുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത് നടത്തിയത്. എന്നാൽ, അതിന്റെ തുടർച്ച എന്തെന്ന് വനിതാ കമ്മീഷനും പറയുന്നില്ല.

വനിതാമാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയമിച്ച സമിതി നൽകിയ ചോദ്യാവലി താഴെ കൊടുക്കുന്നു:

1. പേര്:
2. വയസ്സ്:
3. വിദ്യാഭ്യാസ യോഗ്യത:
4. പഠിച്ച സ്ഥാപനം:
5. വേറെ ഏതെങ്കിലും പ്രൊഫ. ബിരുദങ്ങൾ ഉണ്ടോ?:
വിശദാംശങ്ങൾ:
6. ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനം.
7. ഇപ്പോൾ വഹിക്കുന്ന പദവി.
8. മുമ്പ് ജോലി ചെയ്ത സ്ഥാപനങ്ങൾ.
9. ജോലി തുടങ്ങിയ വർഷം.
10. ശമ്പളം.
11. വിവാഹിത/അവിവാഹിത.
12. ഭർത്താവിന്റെ ജോലി.
13. മാതാപിതാക്കളുടെ തൊഴിൽ.
14. റിപ്പോർട്ടിങ്ങിൽ നിങ്ങൾ കൈകാര്യം ചെയ്ത വിഷയങ്ങൾ (Beats):
15. സ്പെഷ്യൽ റിപ്പോർട്ടിങ്, സ്പെഷ്യൽ അസൈൻമെൻറ് ഏൽപ്പിച്ചിട്ടുണ്ടോ? വിശദാംശങ്ങൾ:
16. സ്പെഷ്യൽ അസൈൻമെന്റിനു വേണ്ടി കേരളത്തിന് പുറത്തോ ഇന്ത്യക്കു പുറത്തോ സ്ഥാപനം പറഞ്ഞയച്ചിട്ടുണ്ടോ?
17. ലഭിച്ച അംഗീകാരങ്ങൾ/അവാർഡുകൾ:
18. സർവീസ് ബ്രേക്ക് വന്നിട്ടുണ്ടോ? ഉണ്ടെങ്കിൽ കാരണം?
19. ദീർഘ ലീവുകൾ എടുത്തിട്ടുണ്ടോ? ഉണ്ടെങ്കിൽ ഏതൊക്കെ?
20. നിങ്ങളോടൊപ്പം ജോലി തുടങ്ങിയ പുരുഷന്മാരും നിങ്ങളും ഒരേ പദവിയിലാണോ? അല്ലെങ്കിൽ കാരണം?
21. നിങ്ങൾക്ക് ചെയ്യാൻ ഇഷ്ടമുള്ള ജോലികളിൽ നിന്ന്, വിഷയങ്ങളിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ കാരണം?
22. തൊഴിൽസ്ഥലത്ത് തർക്കങ്ങൾ ഉണ്ടാകാറുണ്ടോ? ഉണ്ടെങ്കിൽ ഏതു വിഭാഗവുമായാണ് കൂടുതൽ പ്രശ്നം?
23. തൊഴിൽ സ്ഥലത്ത് ലൈംഗിക പീഡന നിരോധന നിയമപ്രകാരമുള്ള സമിതികൾ നിങ്ങളുടെ സ്ഥാപനത്തിലുണ്ടോ? പ്രവർത്തനം കാര്യക്ഷമമാണോ ?
24. ആ സമിതിയിലെ അംഗങ്ങൾ ആരൊക്കെയാണെന്ന് അറിയാമോ? നിയമം കൃത്യമായി പാലിക്കുന്ന തരത്തിലുള്ള കോമ്പോസിഷൻ ആണോ?
25. നിങ്ങളുടെ സ്ഥാപനത്തിലുണ്ടാകുന്ന പരാതികൾ സമിതിയാണോ, എച്ച്.ആർ മാനേജ്മെന്റാണോ കൈകാര്യം ചെയ്യുന്നത്?
26. സ്ത്രീകൾക്ക് പ്രത്യേക ടോയ്‌ലെറ്റ്, വിശ്രമ മുറി എന്നിവയുണ്ടോ?
27. ക്രഷ് സംവിധാനം സ്ഥാപനത്തിലുണ്ടോ?
28. താമസം എവിടെയാണ്?
സ്വന്തം വീട് / വാടക വീട്:
29. കുടുംബം കൂടെയുണ്ടോ?
30. ഗാർഹിക ജോലികളിൽ സഹായം കിട്ടുന്നുണ്ടോ?
31. ജോലിയും കുടുംബവും ഒന്നിച്ചു കൊണ്ട് പോകുവാനുള്ള സമയക്രമീകരണത്തിൽ ബുദ്ധിമുട്ടുണ്ടോ?
32. ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ ( വിവാഹം, ഗർഭം, പ്രസവം) തൊഴിൽ വളർച്ചക്ക് വിഘാതമായി തോന്നിയിട്ടുണ്ടോ?
33. യാത്ര ചെയ്യുന്നത് എങ്ങനെയാണ്?
34. സ്വന്തം വാഹനം/ കമ്പനി വാഹനം/ പൊതു ഗതാഗത സംവിധാനം
35. തൊഴിൽ സുഗമമായി മുന്നോട്ടു കൊണ്ട് പോകുന്നതിനുള്ള പിന്തുണ എവിടെ നിന്നാണ് കിട്ടുന്നത്?
36. ഈ ജോലി ഉപേക്ഷിക്കണം എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കിൽ കാരണം?
37. ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വാർത്തകളുടെ റിപ്പോർട്ടിങ് കൂടുതൽ മെച്ചപ്പെടുത്തണമെന്നു അഭിപ്രായമുണ്ടോ? ഉണ്ടെങ്കിൽ വിശദാംശങ്ങൾ.
38. ഇത്തരം വാർത്തകളിൽ അനാവശ്യമായ വിവരങ്ങൾ കടന്നുകൂടുന്നതായി അറിയാമോ?
39. ഇത്തരം വാർത്തകളിൽ ഉപയോഗിക്കുന്ന പദപ്രയോഗങ്ങളിലും ദൃശ്യങ്ങളിലും പോരായ്മകളുള്ളതായി തോന്നിയിട്ടുണ്ടോ?
40. വാർത്തകൾ സ്ത്രീകളെ കൈകാര്യം ചെയ്യുന്ന രീതിയിൽ മാറ്റങ്ങൾ വരേണ്ടതുണ്ടെന്നു കരുതുന്നുണ്ടോ? നിർദ്ദേശങ്ങൾ.
41. ഇത്തരം വാർത്തകളും പ്രോഗ്രാമുകളും നിരീക്ഷിക്കാനും പരാതിയുണ്ടെങ്കിൽ പരിഹരിക്കാനുമായി സ്ഥിരം സംവിധാനം വേണമെന്ന് കരുതുന്നുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെയായിരിക്കണം അതിന്റെ രൂപീകരണവും പ്രവർത്തനവും.
42. ഇതല്ലാതെ മറ്റു കാര്യങ്ങൾ പറയാനുള്ളത്.

Comments