ആറുവയസ്സുകാരിയായ അബിഗേൽ സാറാ റെജിയെ പാത്തും പതുങ്ങിയും സുരക്ഷിത സ്ഥാനത്തിരുത്തി പ്രതികൾ രക്ഷപ്പെട്ടതിന് കേരളാ പോലീസിന് മാത്രമായി അഭിവാദ്യമർപ്പിക്കുന്നവർ കടുത്ത 'മാപ്രാ വിരോധ' രോഗം പിടിപെട്ടവരാണ്. അതിന് ചികിത്സയില്ല. ജൂനിയർ മാൻഡ്രേക്ക് എന്ന സിനിമയിലെ പ്രതിമയെപ്പോലെയാണത്. സന്തോഷത്തോടെ ആരെങ്കിലും ഏറ്റടുത്താൽ ഇപ്പോൾ ആ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ശമനമുണ്ടാകും. തെളിച്ചുപറഞ്ഞാൽ, ഇപ്പോൾ പ്രതിപക്ഷത്തിരിക്കുന്നവർ സന്തോഷത്തോടെ ഭരണത്തിലേക്കു വന്നാൽ ഭരണം (പ്രതിമ) വിട്ടൊഴിഞ്ഞവർക്ക് 'മാപ്രാ വിരോധ' രോഗ രോഗലക്ഷണങ്ങളിൽ വലിയ കുറവുണ്ടാകും. കേരളത്തിലെ കാര്യമാണ് പറഞ്ഞുവരുന്നത്. അന്താരാഷ്ട്രീയവും, ട്രൂ ജേണലിസവുമൊക്കെ അവിടെ നിൽക്കട്ടെ.
പ്രളയവും കോവിഡുമെല്ലാം വന്നപ്പോൾ മാധ്യമങ്ങൾ, പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങൾ, ഉണ്ടാക്കിയ ഒരു ടെംപോയുണ്ട് (അതിന് അതിൻ്റേതായ പ്രശ്നങ്ങളുമുണ്ട്, ഇപ്പോൾ നമ്മുടെ വിഷയം അതല്ല.) ആ ടെംപോ കൂടി ചേർന്നാണ് മത്സ്യ ബന്ധന തൊഴിലാളികളെ രക്ഷാപ്രവർത്തനത്തിനിറക്കിയത്. ആ വിറങ്ങലിച്ച ദിവസങ്ങളിൽ മനുഷ്യരായ മനുഷ്യരെയാകെ ഐക്യപ്പെടുത്തിയതിൽ വെള്ളക്കെട്ടിൽ തുഴഞ്ഞു നിന്ന മാധ്യമപ്രവർത്തകരുടെ പങ്ക് അളക്കാൻ കഴിയാത്ത വിധം മൂല്യവത്തായിരുന്നു. മാധ്യമങ്ങൾക്ക് അങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കാൻ കഴിയും. അത് അബിഗേലിൻ്റെ രക്ഷാപ്രവർത്തനത്തെ നിർണായകമായി സ്വാധീനിച്ചുവെന്ന് കാണാൻ ആ മാപ്രാ വിരോധ കണ്ണടയൊന്ന് എടുത്തുമാറ്റിയാൽ മതി. എന്നിട്ടും മനസ്സിലാകാത്തവർ, ചരിത്രത്തിൽ മനഷ്യരെ പിടിച്ചുലച്ച സംഭവങ്ങളെ കുറിച്ചും മൂവ്മെൻറുകളെ കുറിച്ചും അതിൽ മാധ്യമങ്ങൾ വഹിച്ച പങ്കിനെ കുറിച്ചുമുള്ള പാഠങ്ങൾ ഓർത്തെടുത്താൽ മതി.
സാമ്പത്തികമായും തൊഴിൽ സുരക്ഷയുമായി ബന്ധപ്പെട്ടും ജീവിതഗുണനിലവാരത്തിൻ്റെ കാര്യത്തിലും ഏറ്റവും അവശത അനുഭവിക്കുന്നവരിൽ പെടുത്താവുന്ന ഒരു തൊഴിൽവിഭാഗത്തെ അപ്പാടെ അപമാനിക്കും വിധം പെരുമാറുന്നത് കമ്യൂണിസ്റ്റ് തണൽപറ്റി അവനവൻ കാര്യം നേടുന്ന അരാഷ്ട്രീയവാദികളാണ് എന്നതാണ് വസ്തുത
സമകാലിക മലയാള മാധ്യമ പ്രവർത്തനത്തിലുള്ള ബാലിശവും അനഭിലഷണീയവുമായ കാര്യങ്ങൾ എണ്ണിപ്പറയാൻ കഴിയാത്ത വിധം ബഹുലമാണ്. എന്നാൽ അതിനേക്കാൾ ബാലിശവും അരാഷ്ട്രീയവുമാണ് സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് ഭരണകക്ഷിയുടെ പിണിയാളുകൾ നടത്തുന്ന മാധ്യമ വിമർശം. അവരാണ് എൽ.പി സകൂൾ നിലവാരത്തിൽ നിന്നുകൊണ്ട് മാധ്യമ പ്രവർത്തകർക്ക് ‘മാപ്രകൾ’ എന്ന് കളിപ്പേരിട്ടത്. സാമ്പത്തികമായും തൊഴിൽ സുരക്ഷയുമായി ബന്ധപ്പെട്ടും ജീവിതഗുണനിലവാരത്തിൻ്റെ കാര്യത്തിലും ഏറ്റവും അവശത അനുഭവിക്കുന്നവരിൽ പെടുത്താവുന്ന ഒരു തൊഴിൽ വിഭാഗത്തെ അപ്പാടെ അപമാനിക്കും വിധം പെരുമാറുന്നത് കമ്യൂണിസ്റ്റ് തണൽപറ്റി അവനവൻ കാര്യം നേടുന്ന അരാഷ്ട്രീയവാദികളാണ് എന്നതാണ് വസ്തുത. മാധ്യമപ്രർത്തകർ സാഹചര്യങ്ങൾക്ക് ഇണങ്ങാത്ത വിധം പെരുമാറുന്നു, ചോദ്യങ്ങൾ ചോദിക്കുന്നു എന്നൊക്കെയാണ് ആക്ഷേപം. ആയിക്കോട്ടെ, അതിനെയൊക്കെ അക്കമിട്ട് വിമർശിച്ചോളൂ. നോക്കൂ മാപ്രാ വിരോധികളേ, മാധ്യമവിമർശം ഒരു ജനാധിപത്യ സമൂഹത്തിൽ അനിവാര്യമായും നിർവ്വഹിക്കപ്പെടേണ്ട ഒരു കാര്യമാണ്. എന്നാൽ അത് നിങ്ങൾ വിമർശിക്കുന്ന മാധ്യമ ബാലിശതയേക്കാൾ ബാലിശമായിക്കൂടാ എന്ന് ഓർമിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. മേൽപറഞ്ഞ അരാഷ്ട്രീയ മാപ്രാ വിരോധികളാണ് സമകാലിക മലയാള മാധ്യമ പ്രവർത്തനത്തിൻ്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ എന്ന് തിരിച്ചറിയണം.
മൂന്നു വിഭാഗത്തെ അക്കമിട്ടു തന്നെ നിരത്താൻ കഴിയും.
1.കേരളത്തിലെ മാധ്യമങ്ങളുടെ /മാധ്യമ പ്രവർത്തകരുടെ പ്രഥമ പരിഗണനാ വിഭാഗമാണ് കക്ഷി (പ്രൊഫഷണൽ) രാഷ്ട്രീയ പ്രവർത്തകർ. അവരാണ് ഒന്നാമത്തെ ഗുണഭോക്താക്കൾ. കോഴിക്കറി, കോഴി പൊരിച്ചത്, കോഴിബിരിയാണി, കോഴിയട, കോഴി വരട്ടിയത്, കോഴി പൊട്ടിത്തെറിച്ചത് എന്നിങ്ങനെ 'കോഴി സ്പെഷ്യൽ ഭോജനശാല 'കളിലെ മെനുവിലേക്ക് നോക്കിയതുപോലിരിക്കും ന്യൂസ് ചാനലുകളിലെ പരിപാടികൾ. ഒരോ വിഭവത്തിനും കോഴികളും ഭാഗങ്ങളും വ്യത്യസ്തമായിരിക്കും. പിടിക്കോഴിക്ക് പിടിക്കോഴി തന്നെ വേണം, ബ്രോസ്റ്റിന് ലഗ് പീസ് ഉത്തമം, ചില്ലി ചിക്കന് എല്ലില്ലാത്തത്... അങ്ങനെയങ്ങിനെ
ചാനലുകളിൽ രാവിലെ മുതൽ രാത്രിവരേയോടിച്ച് പിറ്റേന്ന് പത്രത്തിൻ്റെ ഉമ്മറപ്പടിയിൽ വെണ്ടയ്ക്കയാകാൻ കൂടിയ ഇനം വേണം. പിണറായി, ഗോവിന്ദൻ, ഇ.പി, കാനം... അധികം നീളില്ല ആ നിര. രണ്ടു കൈകൾ കൂട്ടിയടിച്ചാലേ ശബ്ദം വരൂ. സതീശൻ, സുധാകരൻ, ചെന്നിത്തല, മുരളീധരൻ എന്നിങ്ങനെയാണ് വലത്തേ കൈയ്ക്ക് പേര്. അതിനങ്ങോട്ടു ചെല്ലണം. കുളിച്ച് അലക്കിത്തേച്ചത് ഉടുത്ത് രാവിലെ അവർ കാത്തുനിൽക്കും. ആരും വന്നില്ലെങ്കിൽ തിരക്കഭിനയിച്ച് എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടക്കും. മൈക്കുമായി ആരെങ്കിലുമൊക്കെ ഓടിയെത്തുമെന്ന പ്രതീക്ഷയിലാണ് നടപ്പ്. വന്നാൽ, രാവിലെ കുളിച്ചത് മൊതലായി. രാത്രിവരെ മുട്ടും പാട്ടുമായി ചാനൽ ലീഡുകളിൽ നിറഞ്ഞു നിൽക്കാം. പക്ഷേ ആവേശം കാണിക്കില്ല. ഈ പത്രക്കാരെക്കൊണ്ടു തോറ്റു എന്ന ജനാർദ്ദനൻ ഭാവമണിയും. മുഖ്യമന്തിയായവർക്ക് അധികം ആവേശം കാണില്ല. പ്രതിപക്ഷ നേതാവു മുതൽ സാധ്യതാ പട്ടികയിലുള്ളവർക്ക് ആവേശം കൂടും. അവർക്കൊക്കെ മുഖ്യമന്ത്രിയാകണമല്ലോ.
പിന്നെ, ഒന്നാം നിരയിലെത്താൻ ആഗ്രഹിക്കുന്ന യുവകോമളരുടെ വരവാണ്. പഴയതുപോലെ വലിയ മുദ്രാവാക്യങ്ങളുയർത്തിയുള്ള സമരപ്പോരാട്ടങ്ങളൊന്നുമില്ല. ഭരിക്കുന്നവരുടെ യുവകോമളവിഭാഗം ചാരിറ്റി പ്രവർത്തനങ്ങൾ ഏറ്റെടുക്കും. എതിർവിഭാഗം എന്തെങ്കിലുമൊക്കെ നീട്ടിവിളിച്ച്, പൊലീസിൻ്റെ മുന്നിലേക്ക് ഓടിച്ചെന്ന് ബാരിക്കേഡ് കുലുക്കും. അവർക്കലിവുതോന്നി, ജലപീരങ്കിയടിച്ച് സ്റ്റാർച്ച് മുണ്ടിനിടയിലെ ചെമപ്പും നീലയും ജട്ടികൾ നനഞ്ഞൊട്ടുന്നത് ചാനലുകാർ പകർത്തിയാൽ രക്ഷപെട്ടു. രാത്രിവരേയോടും. എന്തോ വല്യകാര്യം ചെയ്ത ഒരു ഫീലുണ്ടാക്കും ആ ദ്യശ്യങ്ങൾ. വെള്ളം വല്ലാത്ത ഡയമൻഷൻസുള്ള ഒരു സംഭവം തന്നെയാണ്.
ഇതൊന്നുമില്ലെങ്കിൽ ‘കാള പെറ്റു, കയറെടുത്തില്ല' എന്നിങ്ങനെ ഗൗരവപ്പെട്ട വിഷയങ്ങളിൽ നടക്കുന്ന ന്യൂസ് അവറുകളിൽ ചെന്നിരിക്കാം. എളുപ്പമാണ്. സ്വന്തം കക്ഷിയെ ന്യായീകരിക്കാൻ ഒന്നോ രണ്ടോ പോയിൻ്റ് പറഞ്ഞതിനുശേഷം എതിരാളിയെ സംസാരിക്കാൻ വിടാതെ ബഹളം വെയ്ക്കുന്നയാൾ വിജയിച്ചതായി പ്രഖ്യാപിക്കും. ശേഷം അണികൾ അത് വെട്ടിമുറിച്ച് സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചോളും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലായി ഭരണപക്ഷത്തും പ്രതിപക്ഷത്തും പച്ചതൊട്ട ചങ്ങാതിമാരെല്ലാം ഈ കളിക്കളത്തിൽ കബഡി കളിച്ചവരാണ്. ചാൻസ് കിട്ടാൻ തുടക്കത്തിൽ ചാനൽ ബ്യൂറോകളിലെ ജില്ലാതല തലൈവർ/തലൈവികൾ തുടങ്ങിയവരുമായുള്ള ബന്ധം അനിവാര്യമാണ്. എന്തെങ്കിലും വിഷയം വരുമ്പോൾ ചർച്ചക്ക് വിളിക്കണേയെന്ന് ഇടയ്ക്കിടെ കാണുമ്പോൾ ചെവിയിൽ പറയണം. കയറിക്കിട്ടിയാൽ കയ്ച്ചലായി. മുൻ ചൊന്ന ജനാർദ്ദന ഭാവത്തിൽ കടുത്ത തോതിൽ പുഛരസം കലർത്തി, കൊമ്പത്തിരിക്കുന്നവർ തഴോട്ടു നോക്കുന്ന ആങ്കിളിൽ തല പൊസിഷൻ ചെയ്ത് മാധ്യമ പ്രവർത്തകരെ ചീത്ത വിളിക്കാം. അതും അവർതന്നെ സംപ്രേക്ഷണം ചെയ്തോളും.
തൻ്റെ വാദങ്ങളുടെ ‘ബെനഫിഷ്യറി പാർട്ടി' ഭരണപക്ഷത്തായിരിക്കുമ്പോൾ മാത്രമേ നിരീക്ഷകർ മാപ്ര വിളി പുറത്തെടുക്കാൻ പാടുള്ളൂ. ഭരണം പോയാൽ അതുവരെ പ്രതിപക്ഷത്തിരുന്ന് മാധ്യമങ്ങളെ പ്രശംസിച്ചവർ മാപ്ര വിളിയുടെ ചുമതല ഏറ്റെടുത്തോളും.
2. ദൃശ്യമാധ്യമങ്ങളിലെ ഇതേ കളിമൈതാനങ്ങളിൽ. 'റഫറി കളിച്ച്' കൂടിയ പരിലാളന അനുഭവിച്ച് കയറിവരുന്ന മറ്റൊരു കൂട്ടരാണ് രാഷ്ട്രീയ നിരീക്ഷകർ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നത്. സ്വൽപം വക്രബുദ്ധിയുള്ളവർക്ക് ശോഭിക്കാൻ പറ്റുന്ന മേഖല. രാഷ്ട്രീയ പാർട്ടികളിൽ പ്രൊഫഷണൽ ട്രെയ്നികളായി എത്തുന്നവരെപ്പോലെ പുറത്തിറങ്ങുകയോ ബാരിക്കേഡുകൾ കുലുക്കുകയോ വെള്ളം ചീറ്റലിന് മുന്നിൽ പെട്ട് നനഞ്ഞൊട്ടുകുയോ വേണ്ട. തുടക്കത്തിൽ കുറച്ച് കാശ് ചെലവാക്കണം. fab India യുടെ 10 ജുബ്ബ വാങ്ങണം. അതിഷ്ടമില്ലാത്തവർക്ക് നല്ല ബ്രാൻഡ് ടീ ഷർട്ടുകളൊ ഷർട്ടുകളൊ വാങ്ങാം. ഏതു വിഷയവും സംസാരിക്കുമെന്ന ‘രവിചന്ദ്ര നിഷ്പക്ഷതാ നാട്യം’ പുറമേക്ക് കാണിച്ച്, തനിക്ക് ബെനിഫിറ്റ് കിട്ടുന്ന രാഷ്ട്രീയ പാർട്ടിയായിരിക്കണം തൻ്റെ വാദങ്ങളുടെ ബെനഫിഷ്യറി എന്ന ബോധത്തോടെ സംസാരിക്കണം. അറിയാത്ത വിഷയങ്ങളിൽ ഗൂഗ്ൾ സഹായിക്കും (അധികവും അറിയാത്തവയായിരിക്കും). എന്തു ചോദിക്കുമ്പോഴും അവതാരകരെ നിസാരരാക്കി ചിരിച്ചുകൊണ്ട് തുടങ്ങണം (തുടക്കത്തിൽത്തന്നെ അങ്ങനെ ചെയ്താൽ പിന്നെ ചർച്ചക്ക് വിളിക്കില്ല. ശ്രദ്ധിക്കണം). മറ്റുള്ളവർ സംസാരിക്കുമ്പോൾ 'എന്തൊരു ബാലിശവാദങ്ങളാണ് ' എന്ന ഭാവത്തിൽ ചിരിച്ചുകൊണ്ടിരിക്കണം. കുറേ ചർച്ചകളിൽ പങ്കെടുത്ത്, സോഷ്യൽ മീഡിയകളിൽ ലൈക്കുകളുടേയും ഫോളോവേഴ്സിൻ്റെ എണ്ണം കൂടുന്ന മുറക്ക് മാധ്യമ പ്രവർത്തകരെ 'മാപ്രകൾ' എന്ന വിലക്ഷണ സംബോധനയോടെ തെറിപറഞ്ഞു തുടങ്ങണം. തൻ്റെ വാദങ്ങളുടെ ‘ബെനഫിഷ്യറി പാർട്ടി' ഭരണപക്ഷത്തായിരിക്കുമ്പോൾ മാത്രമേ നിരീക്ഷകർ മാപ്ര വിളി പുറത്തെടുക്കാൻ പാടുള്ളൂ. ഭരണം പോയാൽ അതുവരെ പ്രതിപക്ഷത്തിരുന്ന് മാധ്യമങ്ങളെ പ്രശംസിച്ചവർ മാപ്ര വിളിയുടെ ചുമതല ഏറ്റെടുത്തോളും.
3. പിന്നെയും ഒരു കൂട്ടരുണ്ട്. വലിയ ചാനലുകളിൽ പതിറ്റാണ്ടുകൾ പേടിച്ചുപണിയെടുത്ത്, സെലിബ്രിറ്റി സ്റ്റാറ്റസൊക്കെ നേടിക്കഴിഞ്ഞ് സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ പുറത്തായിപ്പോയവർ. ഈ പുറത്താകൽ തങ്ങളുടെ തെരെഞ്ഞെടുപ്പായിരുന്നു എന്ന നിലയിലായിരിക്കും പിന്നീടവരുടെ നടപ്പും ഇരിപ്പും. എന്തു മണ്ടത്തരവും ആധികാരികമായി പറയും. പറഞ്ഞതെന്താണെന്ന് നോക്കാതെ കൊച്ചു പിള്ളാര് ലൈക്ക്, ലവ് ഇമോജികളുമായി പിന്നാലെയോടും. തങ്ങളുടെ പൂർവ്വാശ്രമത്തോട് പരമപുഛം പുലർത്തി മാപ്ര വിളി ഇവർ കൂട്ടും. നിഷ്പക്ഷനാട്യത്തോടെ അധികാരവുമായി ചേർന്നുനിൽക്കും.
മാധ്യമങ്ങൾ പ്രഹസനമാകുന്നത് അത് പ്രൊഫഷണൽ രാഷ്ട്രീയക്കാരുടെ വെറും കളിക്കളമായി മാറുമ്പോഴാണ്. എന്നാൽ മാധ്യമ രംഗത്തെ കൊള്ളരുതായ്മകളുടെ മറവിൽ ഭരണപ്പാർട്ടികളിലെ രാപ്രകളും (രാഷ്ട്രീയ പ്രവർത്തകർ) അവരുടെ പ്രോപ്പഗണ്ടിസ്റ്റുകളായ ഫാബ് ഇന്ത്യാ നിരീക്ഷകരും വലിയ മോഹങ്ങളാൽ നയിക്കപ്പെടുന്ന മുൻ മാധ്യമ പ്രവർത്തകരും ഇപ്പോൾ നടത്തുന്നത് ജനാധിപത്യത്തിൻ്റെ നാലാം തൂണിനെ തച്ചുടക്കുന്ന പണിയാണ്.