ഷിറീൻ അബു: മാധ്യമപ്രവർത്തനത്തിന്റെ നെഞ്ചിലേറ്റ ഇസ്രായേലി ബുള്ളറ്റ്​

പലസ്തീനിലെ ഏറ്റവും മികച്ച മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു ഷിറീൻ. പലസ്തീനിലെ നീതിനിഷേധങ്ങളെക്കുറിച്ചുള്ള ഷിറീൻ അബു അഖ്‌ലയുടെ റിപ്പോർട്ടുകൾ കണ്ടും കേട്ടും വളർന്ന ഒരു തലമുറയാണ് ഇപ്പോൾ പലസ്തീനിലുള്ളത്. അങ്ങനെയുള്ള വലിയൊരു വിഭാഗത്തിന് ഷിറീന്റെ കൊലപാതകം വലിയ ആഘാതമാണുണ്ടാക്കിയത്.

റബ് ലോകത്തെ ഏറ്റവും പ്രമുഖരായ മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു പലസ്​തീനിയായ ഷിറീൻ അബു അഖ്‌ല. യുദ്ധമുഖങ്ങളിൽ നിന്നുള്ള വാർത്തകൾ അൽ ജസീറയിലൂടെ ലോകത്തെ അറിയിച്ചിരുന്ന മികച്ച റിപ്പോർട്ടറായിരുന്നു അവർ. യുദ്ധഭൂമിയിൽ ജോലി ചെയ്യുന്നതിനിടെ തന്നെയായിരുന്നു ഇസ്രായേൽ സൈന്യം അവരുടെ ജീവനെടുത്തത്. വളരെ അടുത്തുനിന്ന് മുഖത്തേക്ക് വെടിയുതിർത്താണ് ഇസ്രായേൽ സൈന്യം ഷിറീനെ കൊലപ്പെടുത്തിയത്. മാധ്യമപ്രവർത്തകയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇസ്രായേൽ സൈനികർ വെടിയുതിർത്തത്.

അൽ ജസീറയുടെ ആദ്യകാല റിപ്പോർട്ടർമാരിൽ ഒരാളാണ് കൊല്ലപ്പെട്ട ഷിറീൻ. "അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഭയാനകമായ കറ്റകൃത്യം' എന്നാണ് ഷിറീന്റെ കൊലപാതകത്തെ അൽ ജസീറ വിശേഷിപ്പിച്ചത്. 25 വർഷമായി അൽ ജസീറയിൽ മാധ്യമപ്രവർത്തകയായ ഷിറീൻ ഇക്കാലമത്രയും പലസ്തീനിലെ ഇസ്രായേൽ അധിനിവേശ മേഖലകളിൽ നിന്ന് നിരന്തരം വാർത്തകൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിന്നു. അത്തരത്തിലുള്ള ഒരു ദൗത്യത്തിനിടെ തന്നെയാണ് കൊല്ലപ്പെട്ടതും.

മേയ് 11-നാണ് സംഘർഷസമയത്ത് മാധ്യമപ്രവർത്തകർ ധരിക്കുന്ന PRESS എന്നെഴുതിയ ജാക്കറ്റും ഹെൽമറ്റും ധരിച്ച് സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തിനുനേരെ ഇസ്രായേൽ സൈനികർ വെടിവെച്ചത്. വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിലെ ഇസ്രായേലി ആക്രമണം റിപ്പോർട്ട് ചെയ്യാനാണ് മാധ്യമപ്രവർത്തകർ എത്തിയത്. സംഭവം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഷിറിൻ അടക്കമുള്ള മാധ്യമപ്രവർത്തകർക്കുനേരെ വെടിവെപ്പുണ്ടായത്. ഷിറീൻ വെടിയേറ്റ് വീണിട്ടും ഇസ്രായേൽ സൈന്യം വെടിവെപ്പ് നിർത്തിയില്ലെന്ന് അവർക്കൊപ്പമുണ്ടായിരുന്ന പലസ്തീൻ മാധ്യമപ്രവർത്തക ഷദ ഹനയിഷ പറഞ്ഞു.

പലസ്തീൻ- ഇസ്രായേൽ സംഘർഷം നടക്കുന്നതിനിടെയാണ് മാധ്യമപ്രവർത്തക വെടിയേറ്റു മരിച്ചതെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നുമായിരുന്നു ഇസ്രായേലിന്റെ പ്രതികരണം. പലസ്തീൻ പോരാളികൾ വെടിയുതിർത്തതിനെ തുടർന്നാണ് ഇസ്രായേൽ സൈനികർ വെടിവെച്ചതെന്നാണ് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് പറഞ്ഞത്. ഷിറീന്റെ മരണത്തിനുശേഷം ഇസ്രായേൽ സൈന്യം പുറത്തിറക്കിയ ഒരു വീഡിയോയിൽ "അവർ (പലസ്തീൻ പോരാളികൾ) ഒരാളെ ഒരു സൈനികനെ ആക്രമിച്ചു, അയാൾ നിലത്തുകിടക്കുന്നു' എന്ന് പറയുന്നത് കേൾക്കാം. എന്നാൽ സംഘർഷത്തിൽ ഒരു ഇസ്രായേൽ സൈനികനും പരിക്കേറ്റിറ്റിട്ടില്ല. പലസ്തീനിയൻ പോരാളികൾ തന്നെയാവും ഷിറീനെ അബദ്ധത്തിൽ വെടിവെച്ചതെന്നും ഇസ്രായേൽ പറഞ്ഞു.

അതേസമയം, പലസ്തീൻ പോരാളികളും ഇസ്രായേൽ സൈന്യവും തമ്മിലുള്ള വെടിവെപ്പിനിടയിലാണ് ഷിറീൻ കൊല്ലപ്പെട്ടതെന്ന ഇസ്രാലേയിന്റെ വാദം അവിടെയുണ്ടായിരുന്ന മറ്റു മാധ്യമപ്രവർത്തകർ നിഷേധിച്ചു. ജെനിൻ നഗരത്തിലെ ഇസ്രായേലിന്റെ സൈനിക നടപടി റിപ്പോർട്ട് ചെയ്യുന്നതിനിടെ, മാറി നിൽക്കാനോ റിപ്പോർട്ടിങ് അവസാനിപ്പിക്കാനോ ആവശ്യപ്പെടാതെ സൈന്യം മാധ്യമപ്രവർത്തകർക്ക് നേരെ വെടിവെപ്പ് നടത്തുകയായിരുന്നുവെന്ന് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന അൽ ഖുദ്‌സ് പത്രത്തിന്റെ റിപ്പോർട്ടർ അലി സമോദി പറഞ്ഞു. പലസ്തീൻ ചെറുത്തുനിൽപ്പ് ഉണ്ടായിരുന്നുവെന്ന ഇസ്രായേൽ വാദം നുണയാണെന്നും മാധ്യമപ്രവർത്തകരെ തന്നെയാണ് സൈന്യം ലക്ഷ്യമിട്ടതെന്നും സൗമോദി അറിയിച്ചു.
തങ്ങളുടെ ഒരു സൈനികനും വെടിയേറ്റിട്ടുണ്ടെന്നും 150 മീറ്ററിനിടയിൽ നടന്ന മൂന്ന് വെടിവെപ്പുകളിൽ അന്വേഷണം തുടങ്ങിയതായും ഇസ്രായേൽ സൈന്യം പിന്നീട് അറിയിച്ചു.

അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുവാനെന്ന് പറഞ്ഞ് ജെനിൻ നഗരം വളഞ്ഞ ഇസ്രായേൽ സൈനികർ ഒരു വീട് വളഞ്ഞ് ആക്രമണം നടത്തുന്നതായി കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ഷിറീൻ അയച്ച സന്ദേശത്തിൽ പറയുന്നു. സംഭവത്തിനു തൊട്ടുമുമ്പ് ഷിറീൻ അൽ ജസീറയുടെ റാമല്ലാ ബ്യൂറോയിലേക്കാണ് സന്ദേശമയച്ചത്. ഇസ്രായേൽ സൈന്യം ജെനിനിലെ ജബ്രിയാതിലുള്ള ഒരു വീട് വളഞ്ഞതായും വീഡിയോയും വാർത്തയും ഉടൻ അയക്കാമെന്നും ഷിറീൻ അറിയിച്ചിരുന്നു.

ഷിറീൻ കൊല്ലപ്പെട്ടതിനു പിന്നാലെ ഇസ്രായേൽ സൈന്യം അവരുടെ വീട് റെയിഡ് ചെയ്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. അവർ പലസ്തീൻ പതാകകൾ കണ്ടുകെട്ടുകയും ദേശീയ ഗാനങ്ങൾ പ്ലേ ചെയ്യുന്നത് വിലക്കുകയും ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. റാമല്ലയിലെ അൽ ജസീറ ഓഫീസിൽ ഷിറീന് അന്തിമോപചാരം അർപ്പിക്കാൻ മാധ്യമപ്രവർത്തകരും സാധാരണക്കാരുമായി നിരവധിയാളുകളാണ് എത്തിയത്. ഷിറീന്റെ ജൻമനാടായ ബെയ്ത് ഹനിനയിൽ പ്രതിഷേധിച്ചവരിൽ അഞ്ച് പലസ്തീൻകാർക്ക് ഇസ്രായേൽ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റു. മൂന്നുപേരെ സൈന്യം പിടികൂടി. മേയ് 12-ന് റാമല്ലയിൽ പലസ്തീനിയൻ അതോറിറ്റി ഷിറീന് ഔദ്യോഗിക ബഹുമതികളോടെ അന്ത്യോപചാരം നൽകി. മേയ് 13-ന് ഈസ്റ്റ് ജറുസലേമിലാണ് ശവസംസ്‌കാരം നടന്നത്.

പലസ്തീന്റെ ശബ്ദം

അനീതികൾക്കെതിരെ ശക്തമായ നിലപാടുകളെടുക്കുന്ന, തുറന്ന് സംസാരിക്കുന്ന ഷിറീൻ അബു അഖ്‌ല പലസ്തീന്റെ ശബ്ദമായി മാറിയ മാധ്യമപ്രവർത്തകയായിരുന്നു. റംസാൻ വ്രതാരംഭം മുതൽ പലസ്തീനെതിരെ ഇസ്രായേൽ നടത്തുന്ന ഏകപക്ഷീയമായ ആക്രമണങ്ങൾ ലോകത്തെ അറിയിക്കുന്നതിനാണ് ഷിറിൻ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർ ശ്രമിച്ചുകൊണ്ടിരുന്നത്. അനധികൃത കുടിയേറ്റം ഒഴിപ്പിക്കാനെന്ന പേരിൽ ഇസ്രായേൽ ജെനിൻ നഗരത്തിൽ നടത്തുന്ന ആക്രമണം റിപ്പോർട്ട് ചെയ്യാനായി സ്വയം കാർ ഓടിച്ചുപോകുന്ന വീഡിയോയാണ് ഷിറീൻ അവസാനമായി സമൂഹമാധ്യത്തിൽ പങ്കുവെച്ചത്. എന്നാൽ ഇസ്രായേലിന്റെ ക്രൂരതകളെക്കുറിച്ചുള്ള തുറന്നുപറച്ചിലുകൾ പൂർത്തിയാക്കാനാകാതെ ഇസ്രായേൽ സൈനികരുടെ വെടിയുണ്ടയിൽ ആ മാധ്യമപ്രവർത്തകയുടെ ജീവിതം അവസാനിച്ചുവെന്ന വാർത്തയാണ് പിന്നീട് വന്നത്.

കൊല്ലപ്പെട്ട ഷീരീന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയിൽ അക്രമം നടത്തുന്ന ഇസ്രയേലി പൊലീസ്.
കൊല്ലപ്പെട്ട ഷീരീന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയിൽ അക്രമം നടത്തുന്ന ഇസ്രയേലി പൊലീസ്.

""ജനങ്ങളുമായി അടുത്തിടപഴകനാണ് ഞാൻ മാധ്യമപ്രവർത്തനം തെരഞ്ഞെടുത്തത്. യാഥാർഥ്യം പുറത്തുകൊണ്ടുവരുന്നത് അത്ര എളുപ്പമായിരിക്കില്ല. പക്ഷെ എനിക്ക് അവരുടെ ശബ്ദം ലോകശ്രദ്ധയിലേക്ക് കൊണ്ടുവരണം.''- ഒരു ടെലിവിഷൻ ചാനൽ അഭിമുഖത്തിൽ ഷിറീൻ അബു അഖ്‌ല പറഞ്ഞതാണിത്. പലസ്തീന്റെ ശബ്ദം ലോകത്തെ കേൾപ്പിക്കാൻ ജീവൻ പണയം വെച്ചാണ് ഷിറീൻ സംഘർഷമേഖലകളിൽ നേരിട്ടെത്തി സത്യങ്ങൾ വിളിച്ചുപറഞ്ഞിരുന്നത്. യാഥാർഥ്യങ്ങൾ പറയുന്ന ആ ശബ്ദമാണ് ഇസ്രായേൽ സൈനികരുടെ വെടിയുണ്ടയിൽ നിലച്ചത്.

സംഘർഷം കണ്ട് വളർന്ന ജീവിതം

1971 ജനുവരി മൂന്നിന് ജറുസലേമിൽ ജനിച്ച ഷിറീൻ അബു അഖ്‌ല കുട്ടിക്കാലം മുതൽ തന്നെ ഇസ്രായേൽ-പലസ്തീൻ സംഘർഷങ്ങൾ കണ്ടും അറിഞ്ഞും തന്നെയാണ് വളർന്നത്. തന്റെ ജൻമനാടിനെതിരെ നടക്കുന്ന അനീതികൾ ലോകത്തെ അറിയിക്കണമെന്ന നിശ്ചയദാർഢ്യമാണ് ഷിറീനെ മാധ്യമപ്രവർത്തനത്തിലേക്ക് നയിച്ചത്. ഇസ്രായേലിന്റെ ക്രൂരതകൾ അറിഞ്ഞ് ജീവിച്ച ഷിറീന്റെ മരണവും ഇസ്രായേലിന്റെ ക്രൂരതയിൽ തന്നെയായി. യു.എസ്. പൗരത്വമുള്ള ഷിറിൻ അമേരിക്കയിൽ ഇടയ്ക്കിടെ പോകുമായിരുന്നു. കിഴക്കൻ ജറുസലേമിലും വെസ്റ്റ്ബാങ്കിലുമായാണ് അവർ താമസിച്ചിരുന്നത്. ബത്‌ലഹേമിൽ നിന്നുള്ള പലസ്തീനിയൻ അറബ് ക്രിസ്ത്യൻ കുടുംബത്തിൽ നിന്നുള്ള ഷിറീൻ ന്യൂജഴ്‌സിയിൽ താമസിക്കുന്ന കുടുംബാംഗങ്ങൾക്കൊപ്പം താമസിച്ചാണ് യു.എസ്. പൗരത്വം നേടിയത്.

ബെയ്ത് ഹനിനയിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഷിറീൻ ജോർദാൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ നിന്ന് ആർകിടെക്ചർ ബിരുദം നേടി. എന്നാൽ ആർക്കിടെക്ടായി ജോലി നോക്കാതെ ജോർദാനിലെ യർമോക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പ്രിൻറ്​ ജേണലിസത്തിൽ ബിരുദം നേടുകയായിരുന്നു. ബിരുദം പൂർത്തിയാക്കിയ ശേഷം ഷിറീൻ പലസ്തീനിലേക്ക് മടങ്ങിയെത്തി. റേഡിയോ മോണ്ടെ കാർലോ, വോയിസ് ഓഫ് പലസ്തീൻ എന്നിവയ്ക്കുവേണ്ടി പ്രവർത്തിച്ചുകൊണ്ടാണ് ഷിറീൻ മാധ്യമപ്രവർത്തകയുടെ ജീവിതം തുടങ്ങിയത്. തുടർന്ന്‌ UNRWA (United Nations Relief and Works Agency for Palestine Refugees in the Near East), അമ്മാൻ സാറ്റലൈറ്റ് ചാനൽ എന്നിവയ്ക്കുവേണ്ടിയും പ്രവർത്തിച്ചു. 1997-ലാണ് അൽ ജസീറയിൽ റിപ്പോർട്ടറായി ചേരുന്നത്. അറബിക് ഭാഷാ ചാനലിലെ റിപ്പോർട്ടറെന്ന നിലയിൽ വളരെ പെട്ടെന്ന് തന്നെ ഷിറീൻ ശ്രദ്ധേയയായി. ഈസ്റ്റ് ജറുസലേമിൽ താമസിച്ചായിരുന്നു ഷിറീൻ ജോലി ചെയ്തിരുന്നത്. ഇസ്രായേലി മാധ്യമങ്ങളെ കൂടുതലായി മനസ്സിലാക്കുന്നതിനായി ഷിറീൻ ഹീബ്രൂ ഭാഷ പഠിക്കുന്നുണ്ടായിരുന്നു. കൂടാതെ അടുത്തിടെ ഡിജിറ്റൽ മീഡിയയിൽ ഡിപ്ലോമയും സ്വന്തമാക്കി.

രണ്ടാം ഇൻതിഫാദ (ഇസ്രായേലിനെതിരായ പലസ്തീൻ പ്രക്ഷോഭം) ഉൾപ്പെടെയുള്ള സുപ്രധാന സംഭവങ്ങളും ഇസ്രായേൽ രാഷ്ട്രീയവും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന പലസ്തീനികളെക്കുറിച്ചുമൊക്കെ ഷിറീൻ റിപ്പോർട്ട് ചെയ്തു. 2000 ജൂലൈയിൽ നടന്ന ഇസ്രായേൽ-പലസ്തീൻ സമാധാന പ്രക്രിയ അന്തിമ ഉടമ്പടിയിലേക്കെത്തുന്നതിൽ പരാജയപ്പെട്ടതാണ് രണ്ടാം ഇൻതിഫാദയ്ക്ക് കാരണമായത്. 2000 സെപ്റ്റംബറിൽ ഇസ്രായേൽ നേതാവ് ഏരിയൽ ഷാരോൺ ടെംപിൾ മൗണ്ട് സന്ദർശിച്ചതിനു പിന്നാലെയാണ് പ്രക്ഷോഭം ആരംഭിച്ചത്. സംഘർഷത്തിൽ മൂവായിരത്തോളം പലസ്തീൻകാരും ആയിരത്തോളം ഇസ്രായേലുകാരും 64 വിദേശ പൗരൻമാരും കൊല്ലപ്പെട്ടതായണ് കണക്ക്. 2005 ഫെബ്രുവരി എട്ടിന് നടന്ന ഷറം അൽ ഷെയ്ഖ് ഉച്ചകോടിയാണ് രണ്ടാം ഇൻതിഫാദയ്ക്ക് അന്ത്യം കുറിച്ചതെന്നാണ് കരുത്തപ്പെടുന്നത്. എല്ലാവിധത്തിലുള്ള ആക്രമണങ്ങളും നിർത്താൻ പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസും ഇസ്രായേൽ പ്രധാനമന്ത്രി ഏരിയൽ ഷാരോണും കരാറിലെത്തി. തടവിലാക്കപ്പെട്ട 7500 പലസ്തീൻകാരിൽ 900 പേരെ വിട്ടയാക്കാമെന്നും രണ്ടാം ഇൻതിഫാദയ്ക്കിടെ കൈയേറിയ വെസ്റ്റ് ബാങ്കിലെ നഗരങ്ങളിൽ നിന്ന് പിൻമാറാമെന്നും ഏരിയൽ ഷാരോൺ സമ്മതിച്ചു.

അറബ് മാധ്യമലോകത്തിന് പ്രചോദനം

പലസ്തീനിലെ ഏറ്റവും മികച്ച മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു ഷിറീൻ. പലസ്തീനിലെ നീതിനിഷേധങ്ങളെക്കുറിച്ചുള്ള ഷിറീൻ അബു അഖ്‌ലയുടെ റിപ്പോർട്ടുകൾ കണ്ടും കേട്ടും വളർന്ന ഒരു തലമുറയാണ് ഇപ്പോൾ പലസ്തീനിലുള്ളത്. അങ്ങനെയുള്ള വലിയൊരു വിഭാഗത്തിന് ഷിറീന്റെ കൊലപാതകം വലിയ ആഘാതമാണുണ്ടാക്കിയത്. നിലവധിയാളുകളാണ് ഷിറീൻ റിപ്പോർട്ട് ചെയ്ത നിരവധി വാർത്തകൾ ഓർത്തുകൊണ്ട് സമൂഹമാധ്യമങ്ങളിൽ കുറിപ്പുകളെഴുതിയത്. "ഷിറീന്റെ കൊലപാതകം പലസ്തീനികളുടെ മുഖത്തടിച്ചതുപോലെയാണ്' എന്നാണ് ഒരു വിദ്യാർഥി എഴുതിയത്. "സത്യത്തിന്റെയും നീതിയുടെയും ശബ്ദമായിരുന്നു അവർ. പലസ്തീനികളുടെ വേദനകൾ അവർ ലോകത്തെ അറിയിച്ചു. മാധ്യമപ്രവർത്തകർക്ക് മാതൃകയായിരുന്നു ഷിറീൻ' എന്നാണ് പലസ്തീനിലെ ഒരു മാധ്യമ വിദ്യാർഥി കുറിച്ചത്.

അറബ് ലോകത്താകെ വലിയ സ്വാധീനമുള്ള മാധ്യമപ്രവർത്തകയായിരുന്നു ഷിറീൻ അബു അഖ്‌ല. പലസ്തീനിലെ സുപ്രധാന വിഷയങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരുന്ന ഷിറീൻ ഇസ്രായേലി രാഷ്ട്രീയം വളരെ കൃത്യമായി വിലയിരുത്തുകയും അലോകനം ചെയ്യുകയും ചെയ്തിരുന്നു. ഷിറീന്റെ ടെലിവിഷൻ റിപ്പോർട്ടിങ് ശൈലിയും പ്രത്യേകതയുയുള്ള സൈൻ ഓഫുകളും വളരെ പ്രശസ്തമാണ്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവർത്തനത്തിലൂടെ അവർ നിരവധി യുവാക്കൾക്കാണ് മാധ്യമമേഖലയിലേക്ക് കടന്നുവരാൻ പ്രചോദനമായത്.

മാധ്യമ സ്വാതന്ത്ര്യത്തിനേറ്റ കളങ്കം

ഷിറീൻ അബു അഖ്‌ലയുടെ കൊലപാതകം മാധ്യമ സ്വാതന്ത്ര്യത്തിനേറ്റ കളങ്കമാണെന്നാണ് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻറ്​ പ്രതികരിച്ചത്. ഷിറീന്റെ കൊലപാതകം ഞെട്ടലും ദുഃഖവും ഉളവാക്കുന്നതാണെന്ന് അൽ ജസീറ മാനേജിങ് ഡയറക്ടർ ഗിൽസ് ട്രെൻഡ്ൽ പറഞ്ഞു. ഇസ്രായേലിൽ മാധ്യമപ്രവർത്തകർ അപൂർവമായി കടന്നുചെല്ലുന്ന മേഖലകളിലെത്തി വാർത്തകൾ ശേഖരിച്ച ഷിറീൻ ധീരയായ മാധ്യമപ്രവർത്തകയാണെന്ന് ഹാരെറ്റ്‌സ് പത്രത്തിലെ കോളമിസ്റ്റ് ഗിഡിയോൺ ലെവി അനുസ്മരിച്ചു.
ഷിറീൻ അബു അഖ്‌ലയുടെ മരണത്തിന്റെ പൂർണ ഉത്തരവാദിത്വം ഇസ്രായേൽ സൈന്യത്തിനാണെന്ന് പലസ്തീൻ പ്രസിഡൻറ്​ മഹമൂദ് അബ്ബാസ് പറഞ്ഞു.

ഇസ്രായേൽ അധിനിവേശത്തിന്റെ ബുള്ളറ്റുകളാൽ രക്തസാക്ഷിയാക്കപ്പെട്ടതാണ് ഷിറീൻ എന്ന് പലസ്തീൻ സിവിൽ അഫയേഴ്സ് മന്ത്രി ഹുസൈൻ അൽ ഷെയ്ഖ് ട്വീറ്റ് ചെയ്തു. വാക്കുകളെ നിശബ്ദമാക്കുന്ന കുറ്റകൃത്യം ഒരിക്കൽക്കൂടി നടന്നിരിക്കുന്നുവെന്നും ഇസ്രായേൽ അധിനിവേശത്തിന്റെ ബുള്ളറ്റുകൾ സത്യത്തെ കൊലചെയ്തിരിക്കുന്നുവെന്നും ഹുസൈൻ അൽ ഷെയ്ഖ് കൂട്ടിച്ചേർത്തു. പ്രിയപ്പെട്ട മാധ്യമപ്രവർത്തകയെന്നും അടുത്ത സുഹൃത്തെന്നുമാണ് യു.കെ.യിലെ പലസ്തീൻ മിഷൻ തലവൻ ഷിറീനെ വിശേഷിപ്പിച്ചത്.


Summary: പലസ്തീനിലെ ഏറ്റവും മികച്ച മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു ഷിറീൻ. പലസ്തീനിലെ നീതിനിഷേധങ്ങളെക്കുറിച്ചുള്ള ഷിറീൻ അബു അഖ്‌ലയുടെ റിപ്പോർട്ടുകൾ കണ്ടും കേട്ടും വളർന്ന ഒരു തലമുറയാണ് ഇപ്പോൾ പലസ്തീനിലുള്ളത്. അങ്ങനെയുള്ള വലിയൊരു വിഭാഗത്തിന് ഷിറീന്റെ കൊലപാതകം വലിയ ആഘാതമാണുണ്ടാക്കിയത്.


Comments