ഈ വാർത്താചാനലുകൾ കാണാതിരുന്നാൽ
എന്തെങ്കിലും സംഭവിക്കുമോ?

‘‘എന്ത് കാണണം കാണേണ്ട എന്ന് നമുക്ക് തീരുമാനിക്കാം. ആ ഉത്തരവാദിത്വം കാണിക്കാതെ മാധ്യമപ്രവർത്തകരെയോ ടെലിവിഷൻ ചാനലുകളെയോ കുറ്റം പറയുന്നതിനോട് യോജിപ്പില്ല. കാണാൻ ആളുള്ളതു കൊണ്ടാണല്ലോ അവരിത് കാണിക്കുന്നത്. മറ്റ് ഓപ്ഷൻസ് ഇല്ലെന്ന് ഇക്കാലത്ത് പറയാനാകില്ല’’- മാധ്യമപ്രവർത്തകനായ ആർ. രാജഗോപാലുമായി മനില സി. മോഹൻ സംസാരിക്കുന്നു.

മനില സി. മോഹൻ: കേരളത്തിലെ ടെലിവിഷൻ ദൃശ്യമാധ്യമ സംസ്കാരത്തിന്റെ നിലവാരം അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലാണ് ഇപ്പോഴുള്ളത്. വർഗ്ഗീയത, ലൈംഗികത, അപകടങ്ങൾ, മരണങ്ങൾ, ആത്മഹത്യകൾ എന്നിവയാണ് മുഖ്യധാരാ ദൃശ്യമാധ്യമങ്ങളുടെ മുഖ്യ ഉള്ളടക്കം. ക്രൈം വാർത്തകളാണ് ബ്രേക്കിംഗും ബിഗ്ബ്രേക്കിങ്ങും. വഴിയരികുകളിലെ സി.സി. ടി വി ദൃശ്യങ്ങളാണ് ഒരു പ്രധാന കണ്ടൻ്റ്. ഒരുതരം ന്യൂസ് പോൺ. ടെലിവിഷനിലും ടെലിവിഷന്റെ ഓൺലൈൻ പ്രക്ഷേപണങ്ങളിലും പതിനായിരങ്ങളും ലക്ഷങ്ങളും കോടികളുമാണ് കാഴ്ചക്കാർ. മനുഷ്യരുടെ സ്വകാര്യതയെ മാനിക്കാതെ, മരണവീടുകളിലെ കരച്ചിലുകളും ശവസംസ്കാരം വരെയുള്ള നിരന്തര ദൃശ്യങ്ങളുമാണ് ദിവസങ്ങൾ നീളുന്ന റിപ്പോർട്ടിംഗ്. ‘വാർത്താ ചാനലുകൾ’ എന്ന പേരിൽ ഷോ ബിസിനസ്സ് നടത്തുന്ന ചില ചാനലുകൾ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന ന്യൂസ് പോൺ സംസ്കാരത്തിനൊപ്പമെത്താൻ കിതയ്ക്കുകയാണ് മറ്റ് മുഖ്യധാരാ വാർത്താചാനലുകൾ. ഈ സാംസ്കാരികാപചയം എന്താണ് കേരളത്തിലെ, മലയാളത്തിലെ ദൃശ്യബോധത്തിൽ ദൃശ്യരാഷ്ട്രീയത്തിൽ ബാക്കിയാക്കുക?

ആർ. രാജഗോപാൽ: ഇതൊരു സൈക്ലിക്കലും ഒപ്പം, എവല്യൂഷണറിയുമായ പ്രോസസ്സാണ് എന്നാണ് തോന്നുന്നത്. പ്രിൻറ് മീഡിയയും പരമ്പരാഗത മീഡിയയും ഇതേ സ്റ്റേജിലൂടെ കടന്നുപോയിട്ടുണ്ട്. ഇതിൻെറ അതിപ്രസരം 1990-കളുടെ അവസാനം, 2000 ആവുന്ന ഘട്ടത്തിൽ കണ്ടതാണ്. ‘പേജ് 3 ജേണലിസം’ കേരളത്തിൽ എത്രത്തോളം പ്രതിഫലനം ഉണ്ടാക്കിയെന്ന് വ്യക്തമല്ല, പ്രത്യേകിച്ച് ഇംഗ്ലീഷ് മീഡിയയിലാണ് ഇതുണ്ടായിരുന്നത്. തികച്ചും ഉപരിപ്ലവമായ വാർത്തകൾ, അതായത് നടിമാരും നടൻമാരും പങ്കെടുക്കുന്ന പാർട്ടികൾ, അവരുടെ ആഘോഷങ്ങൾ ഇതൊക്കെയാണ് പേജ് - ത്രീയുടെ ഭാഗമായി കൊടുക്കാറ്. 2004-2006 ഒക്കെ ആയപ്പോഴേക്കും പ്രധാന പത്രങ്ങളിൽനിന്ന് അത് പോയെങ്കിലും മൊത്തമായി അപ്രത്യക്ഷമാവുകയല്ല ചെയ്തത്. അത് ഒരു പ്രത്യേക സെഗ്മെൻറായി വളർന്നുവരികയും പത്രങ്ങൾ സപ്ലിമെൻറുകൾ ഇറക്കുകയും ചെയ്യുന്ന സാഹചര്യവുമാണ് ഉണ്ടായത്. പ്രിൻറിൻെറ അക്കാലത്തെ ഡിസിപ്ലിൻ കാരണം, തീരെ വഷളായില്ലെങ്കിലും പ്രതിലോമകരമായ ഒരു രീതി തന്നെയായിരുന്നു അത്.

ടെലിവിഷൻ ആദ്യം വന്നപ്പോൾ, പത്രമാധ്യമങ്ങൾക്ക് ഒരു ചലഞ്ച് ആയിരുന്നു. ഇപ്പോൾ നവമാധ്യമങ്ങൾ ടെലിവിഷനുപോലും ചലഞ്ചായി മാറുകയാണ്.

ഉദാഹരണത്തിന്, ടെലഗ്രാഫ് പത്രത്തിൽ ഇത്തരത്തിൽ ഒരു സപ്ലിമെൻറുണ്ടായിരുന്നു. അതായത്, തലേദിവസം ഏതൊക്കെ ഹോട്ടടലുകളിൽ ഏതെല്ലാം പാർട്ടി നടന്നു, അതിൽ ആരെല്ലാം പങ്കെടുത്തു, ഏത് പുതിയ ഫാഷൻ പ്രോഡക്ട് ലോഞ്ച് ചെയ്തു- അങ്ങനെയുള്ള വാർത്തകളാണ് നൽകിയിരുന്നത്. അതുകൊണ്ട്, എനിക്ക് ഒരു ഉപകാരം ഉണ്ടായതെന്താണെന്ന് വെച്ചാൽ, ആ സ്പേസിലുള്ള വായനക്കാരെ, അതായത് രാഷ്ട്രീയത്തോട് പൊതുവിൽ താൽപ്പര്യമില്ലാത്തവരെ തൃപ്തിപ്പെടുത്താൻ കഴിയുകയും മെയിൻ സെക്ഷനിൽ അതൊഴിവാക്കാൻ സാധിക്കുകയും ചെയ്തുവെന്നതാണ്.

നിലവിൽ ടെലിവിഷൻ ചാനലുകൾ ക്രൈമിനും ലൈംഗിക അപവാദവാർത്തകൾക്കുമൊക്കെ ഊന്നൽ കൊടുക്കുന്നത് ഒരു തുടർ പ്രോസസ് എന്ന നിലയിലാണ്. അതിൻെറ നോവൽറ്റി വാല്യൂ മാറിക്കഴിയുമ്പോൾ ചാനലുകളിലും ഇത്തരം വാർത്തകൾ പ്രത്യേക സെഗ്മെൻറായി മാറിയേക്കാം. ഈ സെഗ്മെൻറ് ഏത് സമയത്താണ് എന്നതിലൊക്കെ പ്രശ്നമുണ്ട്. ചിലപ്പോൾ, റവന്യൂ അനുസരിച്ച് പ്രൈം ടൈമിലൊക്കെയായേക്കാം. റിയൽ ഇഷ്യൂസുകളുടെ സ്ഥാനം ചിലപ്പോൾ ഉച്ചകഴിഞ്ഞ് ആരും കാണാത്ത സമയത്തായി മാറിയേക്കാം. ഇതൊന്നും ഐഡിയലായ കാര്യങ്ങളല്ല. മാർക്കറ്റിൻെറ ഡെവലപ്മെൻറ് പ്രോസസിൻെറ ഭാഗമായി സംഭവിക്കുന്നതാണ്. നമ്മളിപ്പോഴും അത് കണ്ടെത്തിവരുന്നേയുള്ളൂ.

ഒരു ബിസിനസ് മോഡൽ എന്ത് ചെയ്യണമെന്നത് മാനേജ്മെൻറ് തീരുമാനമാണ്. പിന്നീട് അത് ഏത് രീതിയിൽ കൈകാര്യം ചെയ്യുമെന്നതിലാണ് എഡിറ്റർക്ക് റോളുള്ളത്.

ടെലിവിഷൻ ആദ്യം വന്നപ്പോൾ, പത്രമാധ്യമങ്ങൾക്ക് ഒരു ചലഞ്ച് ആയിരുന്നു. ഇപ്പോൾ നവമാധ്യമങ്ങൾ ടെലിവിഷനുപോലും ചലഞ്ചായി മാറുകയാണ്. ‘അന്തിച്ചർച്ച’ എന്നൊരു കാര്യം ഏകദേശം തീർന്നു കൊണ്ടിരിക്കുകയാണെന്നാണ് തോന്നുന്നത്. മാധ്യമങ്ങളെ നിരീക്ഷിക്കുന്നവരിൽ ചിലർക്ക് ഇക്കാര്യത്തിൽ നിരാശ തോന്നിയേക്കാം. എന്നാൽ ഞാനതിനെ ഒരു ധാർമികവിഷയമായി കാണുന്നില്ല. ആത്യന്തികമായി ഇതൊരു ബിസിനസ്സാണ്. പണത്തിൻെറ ആവശ്യകതയുണ്ട്. ഇതിലൂടെയാണ് വരുമാനം ലഭിക്കുന്നതെങ്കിൽ അതിനോട് എനിക്ക് വിരോധമില്ല. പക്ഷേ ഇതിലൂടെ കിട്ടുന്ന വരുമാനം ഉപയോഗിച്ച് നല്ല രീതിയിലുള്ള മാധ്യമപ്രവർത്തനം കൂടി ചെയ്യാൻ ശ്രമിക്കേണ്ടതുണ്ട്. നമുക്കിതെല്ലാം ആഗ്രഹിക്കാനേ പറ്റുകയുള്ളൂ. നമ്മൾ പറയുന്നതാണ് ശരി, അവർ ചെയ്യുന്നത് തെറ്റെന്ന് പറയാൻ സാധിക്കില്ല. ഒരു ബിസിനസ് മോഡൽ എന്ത് ചെയ്യണമെന്നത് മാനേജ്മെൻറ് തീരുമാനമാണ്. പിന്നീട് അത് ഏത് രീതിയിൽ കൈകാര്യം ചെയ്യുമെന്നതിലാണ് എഡിറ്റർക്ക് റോളുള്ളത്. ഏതായാലും ഇത്തരത്തിലുള്ള വരുമാനം സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങൾ ഏറ്റെടുക്കുന്നതിലും ഉപയോഗപ്പെടുത്തേണ്ടതുണ്ട്.

‘അന്തിച്ചർച്ച’ എന്നൊരു കാര്യം ഏകദേശം തീർന്നു കൊണ്ടിരിക്കുകയാണെന്നാണ് തോന്നുന്നത്. മാധ്യമങ്ങളെ നിരീക്ഷിക്കുന്നവരിൽ ചിലർക്ക് ഇക്കാര്യത്തിൽ നിരാശ തോന്നിയേക്കാം.
‘അന്തിച്ചർച്ച’ എന്നൊരു കാര്യം ഏകദേശം തീർന്നു കൊണ്ടിരിക്കുകയാണെന്നാണ് തോന്നുന്നത്. മാധ്യമങ്ങളെ നിരീക്ഷിക്കുന്നവരിൽ ചിലർക്ക് ഇക്കാര്യത്തിൽ നിരാശ തോന്നിയേക്കാം.

ഇന്ന് രാഷ്ട്രീയപാർട്ടികൾ പോലും പല സാമൂഹ്യവിഷയങ്ങളും ഏറ്റെടുക്കുന്നില്ല. അവിടെ മാധ്യമങ്ങൾക്ക് വലിയ റോൾ വഹിക്കാനുണ്ട്. സമ്പൂർണമായി സാമൂഹ്യപ്രതിബദ്ധത മാത്രം ലക്ഷ്യമിട്ടുള്ള മാധ്യമപ്രവർത്തനത്തിലൂടെ സാമ്പത്തികമായി നിലനിൽക്കുവാൻ പറ്റുമോയെന്ന ചോദ്യമുണ്ട്. എന്നാൽ സായ്നാഥിൻെറ പരി പോലുള്ള മാധ്യമങ്ങൾ അത് ചെയ്യാൻ സാധിക്കുമെന്ന് തെളിയിക്കുന്നുമുണ്ട്. എന്നാൽ വിപുലമായ അടിസ്ഥാനത്തിൽ അത് നടക്കുമെന്ന് പറയാൻ പറ്റില്ല. എല്ലാവർക്കും ആദർശവ്യക്തത വേണമെന്ന് നമുക്ക് വാശിപിടിക്കാൻ സാധിക്കില്ലല്ലോ. ഇക്കാര്യത്തിൽ ആരെയും ജഡ്ജ് ചെയ്യേണ്ടതില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായം. ഏതായാലും മുന്നോട്ട് പോകുന്തോറും ഇത് വരുമാനത്തിനും വ്യൂവർഷിപ്പിനും റാങ്കിങ്ങിനും മറ്റുമായി ഒരു പ്രത്യേക സെഗ്മെൻറായി മാറുമെന്നാണ് പ്രതീക്ഷ. എന്നാൽ മറുഭാഗത്ത് നമ്മൾ ഗൗരവമെന്ന് കരുതുന്ന തരത്തിലുള്ള മാധ്യമപ്രവർത്തനം ചെയ്യാൻ ഇതിൽ നിന്നുള്ള വരുമാനം ഉപയോഗിക്കുകയാണെങ്കിൽ ഈ മോഡലിനോട് എനിക്ക് പ്രത്യേക വിയോജിപ്പൊന്നുമില്ല.

ടെലിവിഷൻ മീഡിയ എന്തെങ്കിലുമൊക്കെ ചെയ്യാനെങ്കിലും ശ്രമിക്കുന്നുണ്ട്. പ്രിൻറിൽ അതുപോലും സംഭവിക്കുന്നില്ല, അവർ മൊത്തത്തിൽ പിൻമാറിയ പോലെയാണ്.

പൊളിറ്റിക്കൽ വാർത്തകൾ, അന്താരാഷ്ട്ര - ദേശീയ സംസ്ഥാന വാർത്തകൾ, ജനകീയ പ്രശ്നങ്ങൾ, ഗ്രൗണ്ട് റിപ്പോർട്ടിംഗ്, എൻ്റർടെയിൻമെൻ്റ് - സ്പോർട്സ് വാർത്തകൾ തുടങ്ങി സമഗ്ര പാക്കേജ് ആയിരുന്നു ആദ്യകാല ടെലിവിഷൻ ബുള്ളറ്റിനുകൾ. കാലത്തിനനുസരിച്ച് ആ പാക്കേജുകളെ ക്രിയാത്മകമായി നവീകരിക്കുന്നതിനുപകരം അത്തരം വാർത്തകളെ ചോർത്തിക്കളയുകയോ വികലമാക്കുകയോ ഒക്കെ ചെയ്യുകയാണ് ടെലിവിഷൻ വാർത്തകൾ. വാർത്തയും വിശകലനങ്ങളും അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ വെല്ലുവിളിച്ചുകൊണ്ട് സമഗ്രതയെ ദുർബലമാക്കുകയും നിസ്സാരതകളെ ഭീമവത്കരിക്കുകയും വ്യക്തിപരതയെയും സദാചാര വിഷയങ്ങളെയും ദുരന്തങ്ങളെയും ആഘോഷിക്കുകയും ചെയ്യുന്ന രീതിയ്ക്ക് പ്രാമുഖ്യം കിട്ടുന്നു. ആത്മവിമർശനത്തിനും സ്വയം നവീകരണത്തിനും ടെലിവിഷൻ ചാനലുകൾ അടിയന്തരമായി തയ്യാറാവേണ്ടതില്ലേ?

അതേ, പറഞ്ഞത് വളരെ ശരിയാണ്. കാലത്തിനനുസരിച്ച് നവീകരിക്കുകയാണ് ശരിക്കും വേണ്ടിയിരുന്നത്. പക്ഷേ, ഈ ചോദ്യം മാധ്യമങ്ങളോട് മാത്രം ചുരുക്കുകയാണോ വേണ്ടത്. നമ്മുടെ വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ടും പരസ്പര ബന്ധങ്ങളുടെ കാര്യത്തിലും രാഷ്ട്രീയ പാർട്ടികളുടെ കാര്യത്തിലും, കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട്. ‘മോഡ് ഓഫ് കമ്മ്യൂണിക്കേഷനല്ല’ ഉദ്ദേശിക്കുന്നത്, ‘സ്റ്റൈൽ ഓഫ് കമ്മ്യൂണിക്കേഷ’നും ഭാഷയുമാണ്. അതൊക്കെ ‘തന്തവൈബ്’ ആണെന്നുതന്നെ പറയേണ്ടിവരും. നമ്മുടെ പത്രഭാഷ, രാഷ്ട്രീയപ്രസംഗങ്ങളിലെ ഭാഷ, (മറ്റുള്ളവരെ പരിഹസിക്കുന്നതോ ഇകഴ്ത്തുന്നതോ വിവാദപരമായതോ ഒക്കെ ആളുകൾ കേട്ടിരുന്നേക്കാം. അല്ലെങ്കിൽ മിക്കവരും കേട്ടിരുന്ന് ഉറങ്ങാറാണ് എന്നാണ് എൻെറ ധാരണ) ഒക്കെ കാലഹരണപ്പെട്ടിരിക്കുന്നു. ഗൗരവകരമെന്ന് കരുതുന്ന വിഷയങ്ങൾ ആളുകളിലേക്ക് എത്തിക്കാനുതകുന്ന നിലയിൽ പുതിയ ഭാഷയുടെയും കമ്മ്യൂണിക്കേഷൻ രീതിയുടെയും തന്ത്രങ്ങളുടെയും ആവശ്യകതയുണ്ട്. എന്നാൽ അത് മാധ്യമങ്ങൾക്ക് മാത്രം, അല്ലെങ്കിൽ ടെലിവിഷൻ ചാനലുകൾക്ക് മാത്രം വേണ്ടതാണെന്ന് പറയാൻ പറ്റുമോയെന്നറിയില്ല.

1960-കളിൽ അമേരിക്കയിൽ ടെലിവിഷൻ ജേണലിസം കാര്യമായി പ്രചാരത്തിലായപ്പോൾ പ്രിൻറ് മീഡിയ സ്വയം നവീകരണം നടത്തിയിരുന്നു. അങ്ങനെയാണ് ന്യൂ ജേണലിസം ഉണ്ടായത്, ഫോട്ടോ ജേണലിസം കൂടുതൽ വികാസം പ്രാപിച്ചത്, ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം മെച്ചപ്പെട്ടത്. ടെലിവിഷൻ വന്നതുകൊണ്ട് പ്രിൻറ് ജേണലിസം നേട്ടമുണ്ടാക്കുകയാണ് ചെയ്തത്. സ്പോർട്സ് റിപ്പോർട്ടിങ്ങിൽ, തലേദിവസം ടെലിവിഷനിൽ കണ്ടതുകൊണ്ട് മാറ്റം വരുത്തേണ്ടതുണ്ടായി.

നവീകരണം എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മാധ്യമപ്രവർത്തകരെ ഇനി അതിൻെറ പേരിലും കൂടി ബുദ്ധിമുട്ടിക്കണമെന്ന അഭിപ്രായം എനിക്കില്ല. കുതിരപ്പുറത്ത് നിന്നൊക്കെ ഇറങ്ങിയിട്ട് ഇനി ഇതുംകൂടി ചെയ്യാൻ അവർക്ക് സമയം കിട്ടണ്ടേ?
നവീകരണം എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മാധ്യമപ്രവർത്തകരെ ഇനി അതിൻെറ പേരിലും കൂടി ബുദ്ധിമുട്ടിക്കണമെന്ന അഭിപ്രായം എനിക്കില്ല. കുതിരപ്പുറത്ത് നിന്നൊക്കെ ഇറങ്ങിയിട്ട് ഇനി ഇതുംകൂടി ചെയ്യാൻ അവർക്ക് സമയം കിട്ടണ്ടേ?

പക്ഷേ, ഇക്കാലത്ത് പ്രിൻറ് മീഡിയ ഒരുതരത്തിലുള്ള നവീകരണത്തിലേക്കും പോവുന്നില്ല. ടെലിവിഷൻ മീഡിയ എന്തെങ്കിലുമൊക്കെ ചെയ്യാനെങ്കിലും ശ്രമിക്കുന്നുണ്ട്. പ്രിൻറിൽ അതുപോലും സംഭവിക്കുന്നില്ല, അവർ മൊത്തത്തിൽ പിൻമാറിയ പോലെയാണ്. പരമ്പരാഗത രീതിയിൽ, വായിച്ചാൽ മനസ്സിലാവാത്ത തരത്തിൽ, ബുദ്ധിമുട്ടുള്ള ഭാഷാഉപയോഗങ്ങളുമായി തന്നെ അവർ പോവുകയാണ്. എന്നാലതുകൊണ്ട് ടെലിവിഷന് മാത്രമാണ് ഇക്കാര്യത്തിൽ ഉത്തരവാദിത്വമുള്ളതെന്ന് എനിക്ക് തോന്നുന്നില്ല. എന്തായാലും അതിന് പ്രതിഫലം കിട്ടുമെങ്കിൽ അവരത് ചെയ്യുമെന്നുതന്നെയാണ് ഞാൻ കരുതുന്നത്.

അതിവൈകാരിക വാർത്താബ്രേക്കിങ്ങുകളും Passion Driven News ഫോക്കസ് ചെയ്യുന്നതുമൊക്കെ എളുപ്പത്തിലുള്ള ഷോർട്ട് കട്ടുകളാണ്. അത് റിസോഴ്സ് അധികം ആവശ്യമില്ലാത്ത കാര്യമാണ്. അതുകൊണ്ടായിരിക്കും അങ്ങനെ ചെയ്യുന്നത്. അതൊരു സൈക്ലിക്കൽ പ്രോസസിൻെറ ഭാഗമാണ്. ടെലിവിഷൻ ജേണലിസത്തിൽ നവീകരണം ഉണ്ടാവുമെന്നാണ് പ്രതീക്ഷ. നവീകരണം അതിൻെറ വിജയത്തിന് അത്യാന്താപേക്ഷിതമാണ്.

എന്നാൽ, മാധ്യമങ്ങൾ മാത്രം ചെയ്യേണ്ടതാണോ ഇത് എന്ന് സംശയമുണ്ട്. ഉദാഹരണത്തിന്, നമ്മുടെ കോടതി വ്യവഹാര ഭാഷ ആർക്കും മനസ്സിലാവുന്നതല്ല. ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട ഒരു കോർട്ട് ഓർഡർ എനിക്ക് വായിച്ചിട്ട് മനസ്സിലായില്ല. ഹിന്ദിയിലായതുകൊണ്ട് ഒരു സുഹൃത്തിന്റെ സഹായം തേടി. അദ്ദേഹത്തിനും മനസ്സിലാവുന്നില്ല. പിന്നീട് ഒരു അഭിഭാഷകൻ തന്നെയാണ് അത് വിവർത്തനം ചെയ്തുതന്നത്. എന്നിട്ടും സംശയങ്ങൾ ബാക്കിനിന്നു. അതായത്, ഇത്രയും പ്രധാനപ്പെട്ട നീതിന്യായ വ്യവഹാരഭാഷയിൽ പോലും കാര്യമായ നവീകരണമുണ്ടായിട്ടില്ല. അപ്പോൾ അത്, രാവിലെ മുതൽ വൈകുന്നേരം വരെ റോഡിൽ നിന്ന് അലറിവിളിക്കാൻ നിർബന്ധിക്കപ്പെടുന്ന ടെലിവിഷൻ റിപ്പോർട്ടറെയോ, ചാനൽ സ്റ്റുഡിയോയിൽ ചാടിത്തുള്ളി കളിക്കേണ്ട ആങ്കറെയോ, ചിലപ്പോൾ പാട്ട് പാടേണ്ട, ഇലക്ഷൻ റിസൾട്ട് ലേലം വിളിപോലെ പറയേണ്ട, തലേക്കെട്ട് കെട്ടി ലോറിയിൽ നിന്ന് ചാടിയിറങ്ങുന്ന, കുതിരപ്പുറത്ത് കയറിയിരിക്കുന്ന, ഇതിനെല്ലാം നിർബന്ധിക്കപ്പെടുന്ന മാധ്യമപ്രവർത്തകരോടു മാത്രം പറയുന്നതിൽ അർത്ഥമില്ല.

നവീകരണം എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മാധ്യമപ്രവർത്തകരെ ഇനി അതിൻെറ പേരിലും കൂടി ബുദ്ധിമുട്ടിക്കണമെന്ന അഭിപ്രായം എനിക്കില്ല. കുതിരപ്പുറത്ത് നിന്നൊക്കെ ഇറങ്ങിയിട്ട് ഇനി ഇതുംകൂടി ചെയ്യാൻ അവർക്ക് സമയം കിട്ടണ്ടേ?

ഇന്ത്യയിൽ പത്രമാധ്യമങ്ങൾ വായിക്കുന്നവരിൽ ഭൂരിഭാഗവും വലതുപക്ഷത്തെ പൂർണമായി പിന്തുണച്ചില്ലെങ്കിലും, അത്ര അമർഷമില്ലാത്ത ഒരു വിഭാഗമാണെന്ന തോന്നൽ അവരോട് പല മാധ്യമപ്രവർത്തകർക്കും ഉണ്ട്. ഇതെല്ലാം മാധ്യമങ്ങളിൽ പ്രതിഫലിക്കപ്പെടുന്നുണ്ട്.

അന്താരാഷ്ട്ര തലത്തിൽത്തന്നെ ഭരണകൂടങ്ങൾ വലതുപക്ഷവും തീവ്രവലതുപക്ഷവുമായി മാറിക്കൊണ്ടിരിക്കുന്ന യാഥാർത്ഥ്യമുണ്ട് വർത്തമാനകാലത്തിന്. വലതുവത്കരിക്കപ്പെട്ട ആ ബോധത്തിലെ കൂട്ടുകച്ചവടക്കാർ എന്ന നിലയിലേക്ക്, മാധ്യമങ്ങളും മാറിയിട്ടുണ്ട്. കേരളത്തിലെ മാധ്യമങ്ങളിൽ പ്രത്യക്ഷ വലതുവത്കരണവും വടക്കേയിന്ത്യൻ മാതൃകയിലെ സംഘപരിവാർ ചങ്ങാത്തവും എങ്ങനെയാണ് പ്രതിഫലിക്കുന്നത്?

വലതുപക്ഷത്തേക്ക് നീങ്ങുന്നുവെന്ന പ്രശ്നത്തിന്റെ വിത്ത് കിടക്കുന്നത് ഇതിൻെറ ഉടമസ്ഥതയിൽ തന്നെയാണ്. ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം എക്കാലത്തും വലതുപക്ഷ ഉടമസ്ഥതയിലുള്ളതായിരുന്നു. ചിലപ്പോഴൊക്കെ അക്കൂട്ടത്തിൽ ചില മാധ്യമങ്ങൾ ഇടതുപക്ഷ നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് അപ്പപ്പോഴത്തെ രാഷ്ട്രീയ - അധികാര - സാമൂഹ്യ സാഹചര്യങ്ങളെയൊക്കെ മുൻനിർത്തിയാണ്. ഇന്ദിരാഗാന്ധി മരിച്ച സമയത്ത് നാഷണലിസം, സോഷ്യലിസം എന്നിവയൊക്കെ ഫാഷനബിൾ വാക്കായിരുന്നു. ഡൽഹിയിലെ പല പ്രമുഖ മാധ്യമപ്രവർത്തകരും മാനേജ്മെൻറിൻെറ താൽപര്യം പോലും അവഗണിച്ച് അവരുടെ വ്യക്തിപ്രഭാവം കൊണ്ടും വായനക്കാർക്ക് അതാണ് താൽപര്യമെന്ന തിരിച്ചറിവുകൊണ്ടും നിലപാടെടുക്കുകയായിരുന്നു. അവർ ആ ഒഴുക്കിനോട് നീന്തുകയായിരുന്നു. എന്നാൽ ഒരിക്കലും അവർക്ക് അങ്ങനെയൊരു Conviction ഉണ്ടായിരുന്നുവെന്ന് തോന്നിയിട്ടില്ല. പക്ഷേ, അതിനു ശേഷം ഇത്ര തീവ്രമായ ഒരു വലതുപക്ഷം അധികാരത്തിലെത്തിയപ്പോൾ, ഇന്ത്യയിൽ പത്രമാധ്യമങ്ങൾ വായിക്കുന്നവരിൽ ഭൂരിഭാഗവും വലതുപക്ഷത്തെ പൂർണമായി പിന്തുണച്ചില്ലെങ്കിലും, അത്ര അമർഷമില്ലാത്ത ഒരു വിഭാഗമാണെന്ന തോന്നൽ അവരോട് പല മാധ്യമപ്രവർത്തകർക്കും ഉണ്ട്. ഇതെല്ലാം മാധ്യമങ്ങളിൽ പ്രതിഫലിക്കപ്പെടുന്നുണ്ട്. മാനേജ്മെൻറുകൾ മാധ്യമപ്രവർത്തകരെ Convince ചെയ്യുന്നത് വായനക്കാർക്ക് രാഷ്ട്രീയം താൽപ്പര്യമില്ല, ഫീൽ ഗുഡിനോടാണ് താൽപ്പര്യം എന്നൊക്കെ പറഞ്ഞാണ്. അതായത് അരാഷ്ട്രീയം അഥവാ വലതുപക്ഷം എന്നാണ് അതിൻെറ അർത്ഥം. അതായത് മാനേജ്മെൻറുകൾ തന്നെയാണ് ഇതിൻെറ പിന്നിൽ.

 അദാനിയുടെയോ അംബാനിയുടെയോ ഉടമസ്ഥതയിലുള്ള മാധ്യമത്തിൽ ഇടതുപക്ഷത്തിന് താൽപ്പര്യമുണ്ടാവുമെന്ന് ചിന്തിക്കുന്നതുതന്നെ വിഡ്ഢിത്തരമായിരിക്കും.
അദാനിയുടെയോ അംബാനിയുടെയോ ഉടമസ്ഥതയിലുള്ള മാധ്യമത്തിൽ ഇടതുപക്ഷത്തിന് താൽപ്പര്യമുണ്ടാവുമെന്ന് ചിന്തിക്കുന്നതുതന്നെ വിഡ്ഢിത്തരമായിരിക്കും.

ഇന്ത്യയിലെ പ്രധാനപ്പെട്ട അഞ്ച് മാധ്യമഗ്രൂപ്പുകളുടെ പേരെടുത്താൽ, എക്കാലത്തും അവർ വലതുപക്ഷം തന്നെയായിരുന്നു. അവരെ കുത്തകയെന്ന് വിളിക്കാനാവില്ല. കോർപ്പറേറ്റെന്ന് ചിലരെ വിളിക്കാം, ചിലരെ വിളിക്കാൻ പറ്റില്ല. ടെലിവിഷൻ ജേണലിസത്തിൽ കോർപ്പറേറ്റ് മീഡിയയുടെ അതിപ്രസരമുണ്ടെന്നുതന്നെ പറയാം. അദാനിയുടെയോ അംബാനിയുടെയോ ഉടമസ്ഥതയിലുള്ള മാധ്യമത്തിൽ ഇടതുപക്ഷത്തിന് താൽപ്പര്യമുണ്ടാവുമെന്ന് ചിന്തിക്കുന്നതുതന്നെ വിഡ്ഢിത്തരമായിരിക്കും. അതിന് ബദലായിട്ട് വരേണ്ടത് സ്വതന്ത്രമാധ്യമങ്ങളാണ്. ഇടതുപക്ഷമായാലും ആരായാലും പാർട്ടികൾ പിന്തുണയ്ക്കുമ്പോൾ അതിൻറ ക്രെഡിബിലിറ്റി കുറയുകയാണ് ചെയ്യുക. രാഷ്ട്രീയപാർട്ടികളുടെ മാധ്യമങ്ങൾ അവരുടെ നയങ്ങളെ അപ്പടി പിന്തുണയ്ക്കുകയാണ് ചെയ്യാറ്. അതെന്തുകൊണ്ടും അങ്ങനെയായിരിക്കണമെന്ന് നമ്മുടെ ഉള്ളിലും ഒരു തോന്നലുള്ളതുപോലെയാണ്. പാർട്ടിപത്രങ്ങളുടെ വിശ്വാസ്യത കളയുന്നത് ഇത്തരം പിന്തുണയാണ്. അൽപമൊക്കെ ആത്മവിമർശനം ആവശ്യമാണ്. അത് ആർക്കും എതിരാവുമെന്ന് തോന്നുന്നില്ല. രാഷ്ട്രീയപാർട്ടികളെ ഇക്കാര്യം ബോധ്യപ്പെടുത്തുകയെന്നത് ശ്രമകരമാണ്.

കാപ്പിറ്റൽ ഇൻവെസ്റ്റേഴ്സിൻെറ ഒരു പ്രത്യേകത, ഏത് ഭാഗത്തോട്ടാണോ അധികാരം ചായുന്നത് ആ ഭാഗത്തേക്ക് അവരും ചായുമെന്നതാണ്. ഇന്ത്യൻ രാഷ്ട്രീയസാഹചര്യം മാറുന്നുവെന്ന് അവർക്ക് തോന്നിയാൽ അവരപ്പോൾ ചുവടുമാറ്റും. അതുകൊണ്ട് ഇതിന് വലിയ പ്രാധാന്യം കൊടുക്കണമെന്ന് തോന്നുന്നില്ല. ഇവരുടെ ആദർശവും നിലപാടുകളുമൊന്നും വിശ്വസിക്കാൻ പറ്റില്ല. ഒഴുക്കിനനുസരിച്ച് നീന്തുക എന്നതാണ് മാധ്യമങ്ങളുടെ രീതി. പൊതുവിൽ മുഖ്യധാരാ മാധ്യമങ്ങളുടെ ഉടമസ്ഥരെല്ലാം വലതുപക്ഷക്കാരാണ്. അപ്പോൾ അതിൻെറ പ്രതിഫലനം വാർത്തകളിലുമുണ്ടാവും. ഇതിന് അപവാദമായ ചില മാധ്യമങ്ങളുമുണ്ട്. കർണാടകയിലെ കർഷകസംഘടനകളുടെ നേതൃത്വത്തിലുള്ള Eedina (ഈദിന) അത്തരത്തിലുള്ളതാണ്. അതിമനോഹരമായ മാതൃകയാണത്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വിഷയങ്ങളാണ് അവർ സംസാരിക്കുന്നത്. നിക്ഷിപ്ത താൽപര്യങ്ങളൊന്നും അവർക്കില്ല. അവർ ബി.ജെ.പിയെ നിശിതമായി വിമർശിക്കുന്നു. അതുപോലെ, കർണാക സംസ്ഥാന സർക്കാരിനെയും വിമർശിക്കുന്നു. കാരണം എല്ലാ സർക്കാരുകളും വിമർശിക്കപ്പെടേണ്ടതാണ്.

തങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങൾ മാധ്യമങ്ങൾ പറയുന്നില്ലെന്ന് പല സർക്കാരുകളും പരാതി പറയുന്നത് കാണാറുണ്ട്. എന്നാൽ, സർക്കാരുകൾ ചെയ്യുന്ന നല്ല കാര്യങ്ങൾ പറയുന്നതല്ല മാധ്യമങ്ങളുടെ ജോലി. അതിന് സർക്കാരിന് പി.ആർ ഡിപ്പാർട്ട്മെൻറുകളുണ്ട്. മാധ്യമങ്ങൾ എപ്പോഴും പ്രതിപക്ഷം തന്നെയായിരിക്കണം.

തീ‍ർച്ചയായും പൗരർക്കുള്ള അവകാശത്തിൽ കവിഞ്ഞൊന്നും മാധ്യമപ്രവർത്തകർക്കുമില്ല. ഈ ജോലിക്കിറങ്ങുമ്പോൾ കുറച്ചൊക്കെ തൊലിക്കട്ടി വേണം. അപമാനമൊക്കെ സഹിക്കാനുള്ള മനക്കരുത്ത് വേണം.

മാധ്യമപ്രവർത്തകർ രാഷ്ട്രീയ പാർട്ടികളുടെ സൈബർ അണികളാൽ നിരന്തരം ആക്രമിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യുന്നത് കുറച്ചുകാലമായി തുടരുന്ന ഒന്നാണ്. എന്നാലതിന്റെ സകല സീമകളും ലംഘിക്കപ്പെടുന്നതാണ് വനിതാ മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ. തൊഴിലിടത്തിലെ പീഡനം എന്ന രീതിയിൽത്തന്നെ കണക്കാക്കാവുന്ന ഒന്ന്. അതിൽ സംഘപരിവാർ സൈബർ ഗുണ്ടകളും ഇടതുപക്ഷ സൈബർ ഗുണ്ടകളും യു.ഡി.എഫ് സൈബർ ഗുണ്ടകളും തമ്മിൽ പ്രയോഗരീതിയിലോ ഭാഷാരീതിയിലോ സ്ത്രീവിരുദ്ധ രാഷ്ട്രീയത്തിന്റെ അളവിലോ ഒരു വ്യത്യാസവുമില്ല. ടാർജറ്റ് ചെയ്യുക, കൂട്ടമായി ആക്രമിക്കുക എന്നതാണ് രീതി. സർക്കാരും നിയമസംവിധാനങ്ങളും ഇത്തരം ആക്രമണങ്ങളെ തടയാൻ ഒന്നും ചെയ്യുന്നുമില്ല. എവിടെയാണ് മാറ്റം വരേണ്ടത്?

ഈ ചോദ്യത്തോട് എനിക്ക് ചെറിയ വിയോജിപ്പുണ്ട്. തീ‍ർച്ചയായും പൗരർക്കുള്ള അവകാശത്തിൽ കവിഞ്ഞൊന്നും മാധ്യമപ്രവർത്തകർക്കുമില്ല. ഈ ജോലിക്കിറങ്ങുമ്പോൾ കുറച്ചൊക്കെ തൊലിക്കട്ടി വേണം. അപമാനമൊക്കെ സഹിക്കാനുള്ള മനക്കരുത്ത് വേണം. നമ്മുടെ രാജ്യത്തും ലോകത്തും എത്രയോ പൗരരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയും അവർ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നുണ്ട്. അവർ നേരിടുന്നതിൻെറ പത്ത് ശതമാനം പോലും മാധ്യമപ്രവർത്തകർക്ക് നേരിടേണ്ടിവരുന്നുണ്ടെന്ന് തോന്നുന്നില്ല. അങ്ങനെ ഉണ്ടെങ്കിൽ തന്നെ അതിനെ നിയമപരമായി നേരിടാനുള്ള സാഹചര്യമുണ്ടെന്ന് ഞാൻ കരുതുന്നു. ഒരുപക്ഷേ, എൻെറ അനുഭവത്തിൻെറ പരിമിതിയിൽ നിന്നാവാം ഞാനിങ്ങനെ പറയുന്നത്. പക്ഷേ, ഓരോതവണ ഒരു മാധ്യമപ്രവർത്തകനെന്ന നിലയിൽ എന്നെ ആരെയെങ്കിലും അപമാനിക്കുകയോ തെറിവിളിക്കുകയോ ചെയ്യുമ്പോൾ ഞാൻ സ്വയം ഓർമ്മിപ്പിക്കാൻ ശ്രമിക്കുന്നത്, ഇതേ സമയത്ത് എത്രയോ പേർ പോലീസുകാരുടെ പീഡനത്തിനിരയാവുന്നു, അനധികൃതമായി ജയിലിൽ കഴിയേണ്ടിവരുന്നു, എത്രയോ പേർ വേട്ടയാടപ്പെടുന്നു, എത്രയോ പേരെ ഇന്ത്യയിൽനിന്ന് പിടിച്ചുകൊണ്ടുപോയി ബംഗ്ലാദേശിൽ കൊണ്ട് തള്ളുന്നു എന്നെല്ലാമാണ്. ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം കേൾക്കുമ്പോൾ എനിക്ക് തോന്നുന്നില്ല, മാധ്യമപ്രവർകർ അനുഭവിക്കുന്നത് അതിലും വലുതാണെന്ന്.

തീർച്ചയായും മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്ന സാഹചര്യമുണ്ട്. എന്നാൽ, മാധ്യമപ്രവർത്തകർ എന്തോ പ്രത്യേക രീതിയിൽ പീഡിപ്പിക്കപ്പെടുന്നുവെന്ന അഭിപ്രായത്തോട് യോജിക്കുന്നില്ല. ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യർ നേരിടുന്ന പീഡനം ഇതിലുമേറെ വ്യാപ്തിയുള്ളതാണ്. ആ അവകാശങ്ങൾ സംരക്ഷിക്കുകയെന്നതാണ് പ്രധാനം.

ദേശീയതലത്തിലെ ‘ഗോദി മീഡിയ’യെപ്പോലെ കേരളത്തിലും അധികാര രാഷ്ട്രീയത്തോട് ചേർന്നു നിൽക്കുന്ന മാധ്യമപ്രവർത്തകരുടെ എണ്ണം കൂടിവരികയാണ്. ചെയ്യുന്നത് പി.ആർ ജേണലിസമാണ് എന്ന് പറയാതെയും പറഞ്ഞും ചെയ്യുന്ന എംബഡഡ് ജേണലിസ്റ്റുകൾ. ജേണലിസം എന്ന തൊഴിലിന്റെ ഒരുതരം ധാർമികതയും പുലർത്താതെ രാഷ്ട്രീയ പാർട്ടികളുടെ പ്രത്യക്ഷവക്താക്കളായി ടെലിവിഷൻ ന്യൂസ് ഡസ്കുകളിൽ ജേണലിസ്റ്റ് / എഡിറ്റർ പേരുകളിൽ ഒച്ചയുണ്ടാക്കലാണ് ഇവർ ചെയ്യുന്ന മാധ്യമപ്രവർത്തനം. സോഷ്യൽ മീഡിയ റീച്ചിനും അതുവഴിയുള്ള മാർക്കറ്റ് / പണം ലഭിക്കുന്നതിനും വേണ്ടി നടത്തുന്ന അർണാബ് ഗോസ്വാമി മോഡൽ മാധ്യമപ്രവർത്തനം. അതിന് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ലഭിക്കുന്ന പിന്തുണ വലുതാണ്. സോഷ്യൽ മീഡിയയാൽ പലതരത്തിൽ നിയന്ത്രിക്കപ്പെടുന്ന തരത്തിലേക്ക് മാറുമ്പോൾ അത്തരത്തിലുള്ള ടെലിവിഷൻ ജേണലിസം ജേണലിസത്തിന്റെ മൂല്യബോധത്തെത്തന്നെ ഇല്ലാതാക്കുകയല്ലേ ചെയ്യുന്നത്?

ഈ ചോദ്യത്തിൽ തന്നെ ഉത്തരമുണ്ട്. അൽപം വിവേചനബുദ്ധിയോടെ ഇതിനെ കാണേണ്ടതുണ്ടെന്ന് തോന്നുന്നു. ഒരു കാര്യത്തെക്കുറിച്ച് പത്രാധിപരോ മാധ്യമപ്രവർത്തകരോ നിലപാട് എടുക്കുന്നതിൽ ഞാൻ തെറ്റൊന്നും കാണുന്നില്ല. ആ നിലപാടിന് ഏതെങ്കിലും രാഷ്ട്രീയപാർട്ടി എടുക്കുന്ന നിലപാടുമായി സാമ്യമുള്ളതോ അവരെ പിന്തുണയ്ക്കുന്നതോ ആവാം. അതിലും തെറ്റൊന്നും കാണുന്നില്ല. അതിൽ നമ്മളല്ല തെറ്റും ശരിയും നിലപാടെടുക്കേണ്ടത്.

ഒരു വിഷയത്തിൽ പത്രാധിപർ എടുത്ത നിലപാടും ഒരു രാഷ്ട്രീയപാർട്ടിയുടെ നിലപാടും ഒന്നായി എന്നതുകൊണ്ടുമാത്രം അവർ ആ രാഷ്ട്രീയപാർട്ടിയെ പിന്തുണയ്ക്കുന്നവരാണ് എന്ന് പറയാൻ സാധിക്കില്ല. ചില മാധ്യമപ്രവർത്തകരെക്കുറിച്ച് അങ്ങനെ പ്രചരിപ്പിക്കാറുണ്ട്. അങ്ങനെ പറയുന്നതിൽ അർത്ഥമില്ല. ഇതെല്ലാം വായനക്കാർക്ക്, കാഴ്ച്ചക്കാർക്ക്, ജനങ്ങൾക്ക് വിട്ടുകൊടുക്കുക. ഇതക്കുറിച്ച് നമ്മൾ അത്ര വേവലാതിപ്പെടേണ്ടതില്ല. അവരുടെ ക്രെഡിബിലിറ്റി നഷ്ടമാവും മുന്നോട്ട് പോവുന്തോറും, അത്രയേയുള്ളൂ. ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കും എന്ന് പറയുന്നതുപോലെയാണ് കാര്യം.

എത്രയോ പേരെ ഇന്ത്യയിൽനിന്ന് പിടിച്ചുകൊണ്ടുപോയി ബംഗ്ലാദേശിൽ കൊണ്ട് തള്ളുന്നു, ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം കേൾക്കുമ്പോൾ എനിക്ക് തോന്നുന്നില്ല, മാധ്യമപ്രവർകർ അനുഭവിക്കുന്നത് അതിലും വലുതാണെന്ന്.
എത്രയോ പേരെ ഇന്ത്യയിൽനിന്ന് പിടിച്ചുകൊണ്ടുപോയി ബംഗ്ലാദേശിൽ കൊണ്ട് തള്ളുന്നു, ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം കേൾക്കുമ്പോൾ എനിക്ക് തോന്നുന്നില്ല, മാധ്യമപ്രവർകർ അനുഭവിക്കുന്നത് അതിലും വലുതാണെന്ന്.

ഇക്കാര്യത്തിൽ മറ്റൊരു കാര്യം പറയാനുള്ളത്, ചില ഘട്ടങ്ങളിൽ നമ്മൾ കാഴ്ചക്കാരെ / വായനക്കാരെ ഉത്തരവാദികളാക്കണമെന്നാണ്. മാധ്യമപ്രവർത്തകർക്ക് ഇത് ചെയ്യാൻ സാധിക്കുന്നത് അവർക്ക് കാഴ്ച്ചക്കാരെ കിട്ടിയിട്ടല്ലേ? ഇവരൊന്നും ഇത് നിർബന്ധമായി കാണേണ്ടതില്ല. ഞാനിപ്പോൾ മൂന്ന് വർഷമായി ഒരു ടെലിവിഷൻ ചാനലും കാണാറില്ല. ചില സുഹൃത്തുക്കൾ അവർ ചെയ്ത പ്രോഗ്രാമോ യൂ ട്യൂബ് ലിങ്കോ മറ്റോ അയച്ചുതന്നാൽ അത് മാത്രം കാണും. ചാനലുകൾ കാണാത്തതുകൊണ്ട് എനിക്കെന്തെങ്കിലും ന്യൂനതയുള്ളതായി തോന്നിയിട്ടില്ല. റിമോട്ട് കൺട്രോൾ എന്ന് പറയുന്ന ഒരു വസ്തു നമ്മുടെ വിരൽത്തുമ്പിലുണ്ട്. നമുക്ക് തീരുമാനിക്കാം, എന്ത് കാണണം, കാണേണ്ട എന്ന്. ആ ഉത്തരവാദിത്വം കാണിക്കാതെ മാധ്യമപ്രവർത്തകരെയോ ടെലിവിഷൻ ചാനലുകളെയോ കുറ്റം പറയുന്നതിനോട് യോജിപ്പില്ല. കാണാൻ ആളുകളുള്ളതു കൊണ്ടാണല്ലോ അവരിത് കാണിക്കുന്നത്. മറ്റ് ഓപ്ഷൻസ് ഇല്ലെന്ന് ഇക്കാലത്ത് പറയാൻ സാധിക്കില്ല. ഇഷ്ടം പോലെ നല്ല ഓപ്ഷൻസുണ്ട്. അതിന് ചിലപ്പോൾ മറ്റ് ഭാഷയോ മറ്റോ പഠിക്കേണ്ടതുണ്ടെങ്കിൽ അത് ചെയ്യുക.

ഉത്തരേന്ത്യയിലൊക്കെ വളരെ മനോഹരമായാണ് യൂ ട്യൂബേഴ്സ് ജേണലിസം ചെയ്യുന്നത്. അതൊരു പുതിയ മോഡലാണ്. അവരൊരു രാഷ്ട്രീയപാർട്ടിയുടെയും വക്കാലത്ത് പിടിക്കുകയോ ആരെയും താങ്ങാനോ പോവുന്നില്ല. വളരെ കഷ്ടപ്പെട്ടാണ് അവരിത് ചെയ്യുന്നത്. പറഞ്ഞുവന്നത്, വായനക്കാർക്ക് പ്രധാനമത്‍യും രണ്ട് കടമകളാണുള്ളത്.
ഒന്ന്; തെരഞ്ഞെടുക്കാനുള്ള അവകാശം സൂക്ഷിച്ച് ഉപയോഗിക്കുക.
രണ്ട്; ഉത്തരവാദിത്വമുള്ള ജേണലിസം ചെയ്യുന്നവരെ പറ്റുമെങ്കിൽ സാമ്പത്തികമായി സഹായിക്കുക. ഇതൊന്നും വായുവിൽ നിന്നോ മരത്തിൽ നിന്നോ പറിച്ചെടുക്കാൻ പറ്റുന്നതല്ല. സാമ്പത്തികമായി വലിയ ചെലവുണ്ട്. നല്ല മാധ്യമപ്രവർത്തനം ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാൻ പണം മുടക്കാനും നമ്മുടെ മാധ്യമപ്രവർത്തകർ തയ്യാറാവണമെന്ന് എനിക്കൊരു അഭ്യർത്ഥന കൂടിയുണ്ട്.

Comments