മുതലാളിത്ത/സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ ഏറ്റവും ഭയക്കുന്നത് വിദ്യാർത്ഥികളെയാണ്; അനീതികൾക്കെതിരെ തിളയ്ക്കുന്ന അവരുടെ വിമത രാഷ്ട്രീയത്തെയും, ക്രിയാത്മകമായ വിയോജിപ്പുകളെയും. വിദ്യാർത്ഥികളെപ്പോലെത്തന്നെ ഭരണകൂടങ്ങളുടെ കണ്ണിലെ കരടാണ് ജൈവിക ബുദ്ധിജീവികളായ അദ്ധ്യാപകരും. അറിവും അധികാരവും കമ്പോളവും തമ്മിൽ ഉടലെടുക്കുന്ന അവിശുദ്ധബന്ധങ്ങൾ നവലിബറൽ പരിഷ്കാരങ്ങളിലൂടെ ഒരു സമൂഹത്തിലേക്ക് ആനയിക്കപ്പെടുമ്പോൾ, അവയെ വിമർശനാത്മകമായി പുനർവിചിന്തനംചെയ്യാൻ വിദ്യാർത്ഥികളോടൊപ്പം നിൽക്കുന്നവരും, അവരുടെ ചിന്തയ്ക്കു ചിന്തേരിടുന്നവരുമാണ് അദ്ധ്യാപകർ എന്നതാവാം കാരണം.
ഇന്നത്തെ യുവജനതയുടെ നിറവുറ്റ രാഷ്ട്രീയബോധത്തിന്റെ ഒരുദാഹരണമാണ് അറബ് വസന്തമെന്നു വിളിക്കപ്പെട്ട ജനകീയ വിപ്ലവത്തിൽ വിദ്യാർത്ഥിസമൂഹം വഹിച്ച നിർണായക പങ്ക്. സ്വേച്ഛാധിപത്യത്തിനും, സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ അസമത്വങ്ങൾക്കെതിരെയും, ജനാധിപത്യത്തിനുവേണ്ടിയും, ഭരണഘടനാ മാറ്റങ്ങൾക്കായും ശബ്ദിച്ചവരുടെ മുൻനിരയിൽ വിദ്യാർത്ഥികളുണ്ടായിരുന്നു. പ്രതിഷേധത്തിന്റെ ഈ തരംഗത്തിൽനിന്ന് പ്രേരണയുൾക്കൊണ്ട് പുതിയതരം വിദ്യാർത്ഥി വിപ്ലവങ്ങൾ അൾജീരിയ, ലെബനൺ, ഇറാഖ്, ഹെയ്തി തുടങ്ങി മറ്റനേകം രാഷ്ട്രങ്ങളെയും പിടിച്ചുകുലുക്കി. ഇതിനുപിന്നാലേ, വിവിധ രാഷ്ട്രങ്ങളിൽനിന്നും സംസ്കാരങ്ങളിൽനിന്നും വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽനിന്നും വന്ന ലക്ഷക്കണക്കിനു വിദ്യാർത്ഥികൾ കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കണമെന്ന ആവശ്യമുന്നയിച്ച് നഗരങ്ങളെ പ്രക്ഷുബ്ധമാക്കിയതും നാം കണ്ടു. ഏറ്റവുമൊടുവിൽ, അമേരിക്കയിൽ ഇന്നു മുഴങ്ങുന്ന ‘കറുത്ത ജീവനുകൾക്കും വിലയുണ്ട്’ (Black Lives Matter), ‘എനിക്കു ശ്വസിക്കാനാവുന്നില്ല’ (I Can’t Breathe) എന്നീ സമരമുദ്രാവാക്യങ്ങൾ നെഞ്ചേറ്റിയവരിലും വലിയൊരു പങ്ക് വിദ്യാർത്ഥികളായിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിെൻറ അനന്തസാധ്യതകളെയും പ്രസക്തിയെയുമാണ് ഈ ഓരോ ഉദാഹരണത്തിലും വായിച്ചെടുക്കാനാവുന്നത്.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഈ വിദ്യാർത്ഥിസമരങ്ങളിൽ പലതിനും ചലനശക്തി പകർന്നത് ഡിജിറ്റൽ വിവരവിനിമയമാധ്യമങ്ങളാൽ നിർമിതമായ വൈകാരിക പ്രതിഷേധസമൂഹങ്ങളും ഡിജിറ്റൽ സാങ്കേതികതയാൽ സ്വാധീനിക്കപ്പെട്ട നവസമരരീതികളുമാണ് എന്നതും പ്രധാനമാണ്.
ഡിജിറ്റൽ യുഗത്തിലാണ് നാമിന്ന് എത്തിനിൽക്കുന്നതെന്ന യാഥാർത്ഥ്യം അംഗീകരിപ്പെട്ടേ മതിയാവൂ. ഡിജിറ്റൽ മാധ്യമവും ടൂളുകളും നമുക്കുമുന്നിൽ തുറന്നിട്ട സാധ്യതകളും ചലനാത്മകതകളും ഏറെയാണെന്നതിലും തർക്കമില്ല. ഡിജിറ്റൽ ടൂളുകളുടെ പ്രാപ്യതയും ലഭ്യതയും ഉറപ്പാക്കിയാൽ വിദൂരഗ്രാമത്തിലിരിക്കുന്ന കുട്ടിക്കു പോലും നല്ല സർവകലാശാലകളിൽ പഠിക്കാം, ഹോസ്റ്റൽ ഫീസോ യാത്രാച്ചെലവോ ഇല്ലാതെതന്നെ അറിവുനേടാം.
കാലത്തിനൊപ്പം പുതുചുവടുകൾ വയ്ക്കുമ്പോൾത്തന്നെ ഗൗരവമായി ചർച്ചചെയ്യേണ്ട ഒന്നാണ്, ഓൺലൈനിലേയ്ക്കുള്ള മാറ്റത്തിനിടയ്ക്ക് കാമ്പസ്സുകളും ക്ലാസ്മുറികളും അരാഷ്ട്രീയവത്കരിക്കപ്പെടാനുള്ള സാധ്യത
കാലത്തിനു മുമ്പേ നടന്നു കേരളം
എന്നാൽ, ആഗോളമഹാമാരിയുടെ ഈ കാലത്ത് ഓൺലൈൻ അദ്ധ്യയനരീതി അനിവാര്യതയായി മാറുമ്പോൾ, അതിൽ അന്തർലീനമായ പ്രശ്നങ്ങളും വൈരുധ്യങ്ങളുംകൂടി തിരിച്ചറിയേണ്ടിയിരിക്കുന്നു. സാങ്കേതികതയുടെ പ്രാപ്യതയും ഇൻറർനെറ്റ് ലഭ്യതയും ഡിജിറ്റൽ വിഭജനവും അതു സൃഷ്ടിക്കുന്ന അസമത്വങ്ങളുമെല്ലാം പരിശോധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ. സാമ്പത്തികവിടവുകൾ സാമൂഹിക അകലങ്ങളുടെ ആക്കംകൂട്ടുമ്പോൾ, ഇതുവരെയും പൂർണമായും കുഴിച്ചുമൂടാൻ സാധിക്കാത്ത ഫ്യൂഡൽ ഭൂതകാലത്തിലേയ്ക്ക് അവ നമ്മെ നയിക്കുമോ എന്നുപോലും ആശങ്ക ഉയരുന്നുണ്ട്. ഓൺലൈൻ യുഗത്തിന്റെ അനന്തസാധ്യതകളോടൊപ്പം, ഡിജിറ്റൽ സാക്ഷരതയിലെയും ഡിജിറ്റൽ പൗരത്വത്തിലെയും അസന്തുലിതാവസ്ഥകളും, അദ്ധ്യാപകർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും, ക്ലാസ്റൂം വിനിമയങ്ങളുടെ സ്വകാര്യതയുമെല്ലാം ഇന്ന് ചർച്ചചെയ്യപ്പെടുന്നു. ദേശീയസാഹചര്യം കണക്കിലെടുക്കുകയാണെങ്കിൽ, ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ രംഗം കുത്തകവൽക്കരിക്കപ്പെടുന്നതിന്റെ അപകടസാധ്യതയും കാണാതെ പോകരുത്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ടെലികോം സ്ഥാപനമായ ബി.എസ്.എൻ.എല്ലിനെ പുനരുദ്ധരിക്കേണ്ടതിന്റെ ആവശ്യകത എത്ര ഊന്നിപ്പറഞ്ഞാലും അധികമാവില്ല. കച്ചവടതാത്പര്യങ്ങളുടെ കണ്ണുപതിയാത്ത വിദൂരഗ്രാമങ്ങളിൽ ടെലികോം സേവനങ്ങൾ എത്തിക്കാനുള്ള ഒരേയൊരുപാധിയാണ് ബി.എസ്.എൻ.എൽ എന്നതുതന്നെ കാരണം.
കേരളത്തിലും, ഡിജിറ്റൽ അസമത്വങ്ങളെ ന്യൂനീകരിക്കുന്ന പല പദ്ധതികളും സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. രണ്ടു ദശലക്ഷം ദരിദ്രകുടുംബങ്ങൾക്ക് സൗജന്യ ഇൻറർനെറ്റ് ലഭ്യമാക്കാനുള്ള കേരള ഫൈബർ ഓപ്റ്റിക് നെറ്റ് വർക്ക്, വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് ലഭ്യമാക്കുന്ന കൊക്കോണിക്സ് എന്നിവ ഉദാഹരണം. ഇൻറർനെറ്റ് പൗരാവകാശമാണെന്ന കേരള സർക്കാരിന്റെ 2019ലെ പ്രഖ്യാപനംകൂടി കണക്കിലെടുക്കുമ്പോൾ, കാലത്തിനു മുമ്പേ നടന്നു കേരളം എന്ന് ഇന്നു തിരിഞ്ഞുനോക്കുമ്പോൾ നമുക്കനുമാനിക്കാം. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽത്തന്നെയാവാം ക്ലാസ്സ്റൂം + ഓൺലൈൻ എന്ന സമവാക്യത്തിലേയ്ക്ക് നമ്മൾ എത്തിനിൽക്കുന്നത്. എന്നാൽ കാലത്തിനൊപ്പം പുതുചുവടുകൾ വയ്ക്കുമ്പോൾത്തന്നെ ഗൗരവമായി ചർച്ചചെയ്യേണ്ട ഒന്നാണ്, ഓൺലൈനിലേയ്ക്കുള്ള മാറ്റത്തിനിടയ്ക്ക് കാമ്പസ്സുകളും ക്ലാസ്മുറികളും അരാഷ്ട്രീയവത്കരിക്കപ്പെടാനുള്ള സാധ്യത.
അധ്യാപിക എന്ന നിലയിൽ എന്റെ പേടിസ്വപ്നം ഇതാണ്
അരാഷ്ട്രീയത എന്ന പദം ഈ ലേഖനത്തിലുപയോഗിച്ചിരിക്കുന്നത് യാഥാസ്ഥിതികമായ അർത്ഥത്തിലല്ല. അരാഷ്ട്രീയമെന്നാൽ രാഷ്ട്രീയേതരം എന്നോ രാഷ്ട്രീയരഹിതം എന്നോ അർത്ഥമാക്കുന്നില്ല. മറിച്ച് അരാഷ്ട്രീയതയ്ക്ക് തനതായ രാഷ്ട്രീയമുണ്ടെന്നും, ആ രാഷ്ട്രീയം പലപ്പോഴും ഭരണവർഗസംവിധാനങ്ങളുടെ താത്പര്യമാണ് സംരക്ഷിക്കുന്നതെന്നുമുള്ള തിരിച്ചറിവിലൂന്നിയാണ് നാം നില്ക്കുന്നത്. അതുകൊണ്ടുതന്നെ, വിദ്യാർത്ഥികളും അദ്ധ്യാപകരും ശാരീരീക-സാമൂഹിക അകലം പാലിക്കാൻ നിർബന്ധിതരാവുന്ന ഈ സന്ദർഭം, രാഷ്ട്രീയം പരസ്യമായി പ്രകടിപ്പിക്കുന്നതിനുള്ള അവസരങ്ങൾ ഇല്ലാതാക്കുന്ന ഒന്നായിക്കണ്ട് അതിൽ ആഹ്ളാദിക്കുന്നവരും അതിനോടൊപ്പം ചേർന്നുനിൽക്കുന്നവരുമുണ്ട്. കമ്പോള രാഷ്ട്രീയത്തിന്റെ കൈയാളുകളായി നിൽക്കാൻ ജനസമൂഹത്തെ പ്രേരിപ്പിക്കുന്ന ഈ പ്രത്യയശാസ്ത്രത്തെയാണ് ഇവിടെ അരാഷ്ട്രീയം എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈയർത്ഥത്തിൽ അരാഷ്ട്രീയമായിത്തീരുന്ന ഇടങ്ങളിൽ, ചിന്താശേഷിയും രാഷ്ട്രീയത്തെളിമയുമുള്ള വിദ്യാർത്ഥികളല്ല, മറിച്ച് ഉപഭോക്താക്കൾ മാത്രമാണുണ്ടാവുക.
നമ്മൾ ഇന്നു കാണുന്ന കേരളം, വിവിധ വിദ്യാർത്ഥി രാഷ്ട്രീയങ്ങളുടെ വിഭാവനങ്ങളിലൂടെയും സങ്കൽപങ്ങളിലൂടെയും സചേതന വീക്ഷണങ്ങളിലൂടെയും കാലാകാലങ്ങളായി ഉരുത്തിരിഞ്ഞുവന്ന ഒന്നാണ്. നമ്മുടെ കാമ്പസ്സുകളിലും ക്ലാസ് മുറികളിലും കഴിഞ്ഞ തലമുറകൾ പരസ്പരം സ്നേഹിച്ചും കലഹിച്ചും പടുത്തെടുത്ത സാമൂഹിക ഇടങ്ങളുടെയും, ഒന്നിച്ചുകണ്ട സ്വപ്നങ്ങളുടെയും, കൂട്ടായിക്കുറിച്ച രാഷ്ട്രീയ പ്രവർത്തനങ്ങളുടെയും ഫലമാണ് ഇന്നത്തെ കേരളത്തിന്റെ പുരോഗമന മുഖച്ഛായയും രാഷ്ട്രീയചടുലതയും. ദുഃഖവും ദുരിതവും ദാരിദ്ര്യവും പേറുന്നവർ ഒത്തുചേർന്ന ക്ലാസ് മുറികളാണ് നമ്മെ സഹാനുഭൂതിയും മനുഷ്യത്വവും പഠിപ്പിച്ചത്. ജീവിതത്തിന്റെ വിചിത്രരാസവിദ്യകൾ നമുക്കു പകർന്നുതന്നത് കാമ്പസാണ്. അവിടെയുമുണ്ടായിരുന്നു നിശ്ശബ്ദരാക്കപ്പെട്ടവരും, പാർശ്വവത്കരിക്കപ്പെട്ടവരും, ശിക്ഷകളും അപമാനങ്ങളും വേദനകളും ഏറ്റവാങ്ങിയവരും. എന്നാൽ തങ്ങൾക്കുവേണ്ടിയും അന്യർക്കുവേണ്ടിയും ശബ്ദമുയർത്തുന്നവരായി നമ്മെ മാറ്റിയ ആ അനുഭവങ്ങൾതന്നെയാണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ ജൈവികമായ മൂല്യങ്ങളും സംഭാവനകളും.
ഔപചാരികപഠനത്തെക്കാളേറെ, ഇത്തരം കൂടിക്കലരലുകളാണ് കാമ്പസ്സുകളെ സമ്പുഷ്ടമായ സാമൂഹിക ഇടങ്ങളായി, മാനവലോകത്തെ തന്നെ പ്രതിനിധാനംചെയ്യുന്ന സൂക്ഷ്മപ്രപഞ്ചങ്ങളായി മാറ്റിയത്. സാമൂഹിക വ്യക്തികളെന്ന നിലയ്ക്ക് നമ്മെ വാർത്തെടുത്ത ഇടങ്ങളാണവ.
ആ കാലം കൺമുന്നിൽനിന്നു വിടവാങ്ങുകയാണ്. ആ ക്ലാസ് മുറികളും കാമ്പസും ഓർമ മാത്രമാകാൻ ഏറെക്കാലം വേണ്ട എന്ന ആശങ്ക, അദ്ധ്യാപിക എന്ന നിലയിൽ ഈ മഹാമാരി എന്നിൽ ജനിപ്പിക്കുന്ന പേടിസ്വപ്നങ്ങളിൽ ഏറ്റവും വലുതാണ്.
ദൈനംദിനജീവിതത്തെ മുതലാളിത്തത്തിന്റെയും കമ്പോളത്തിന്റെയും ഭാഷയിൽ ചിട്ടപ്പെടുത്തിയ രാജ്യങ്ങളിലൊന്നായ അമേരിക്കയിലാണ് ഞാനിപ്പോൾ. മരണത്തിൽപ്പോലും ഏകാന്തത സമ്മാനിക്കുന്ന ഈ വൈറസ് എവിടെയൊക്കെയോ മുതലാളിത്തത്തിന്റെ ഒരു രൂപകം കൂടിയാണ്
വൈറസ്, മുതലാളിത്തത്തിന്റെ രൂപകം
ദൈനംദിനജീവിതത്തെ മുതലാളിത്തത്തിന്റെയും കമ്പോളത്തിന്റെയും ഭാഷയിൽ ചിട്ടപ്പെടുത്തിയ രാജ്യങ്ങളിലൊന്നായ അമേരിക്കയിലാണ് ഞാനിപ്പോൾ. മരണത്തിൽപ്പോലും ഏകാന്തത സമ്മാനിക്കുന്ന ഈ വൈറസ് എവിടെയൊക്കെയോ മുതലാളിത്തത്തിന്റെ ഒരു രൂപകം കൂടിയാണ്. മനുഷ്യരെ മനുഷ്യരിൽ നിന്നകറ്റി, സാമൂഹിക അകലങ്ങൾ പാലിക്കാൻ നിർബന്ധിതരാക്കി, ഒറ്റപ്പെടുത്തി കീഴ്പ്പെടുത്തുന്ന ഒരു വ്യാധി. ഇവിടുത്തെ ആരോഗ്യസംവിധാനവും വിദ്യാഭ്യാസവും താരതമ്യം ചെയ്യുമ്പോൾ പൗരക്ഷേമതാൽപര്യങ്ങളിലും പൊതുജനപങ്കാളിത്തത്തിലും ഊന്നിയ കേരളമാതൃക എത്രയോ ഭേദമാണെന്നുതോന്നും. ഈ മഹാമാരിയ്ക്കിടെ കേരളത്തിന് ഇത്രയും അന്താരാഷ്ടപ്രശംസ നേടാനായത് പൊതു മുതൽമുടക്കുകളിലും സാമൂഹികബോധത്തിലും ഊന്നിയ രോഗപ്രതിരോധത്തിലൂടെയാണ്. മനുഷ്യച്ചങ്ങലകളിൽക്കൂടി രോഗപ്രതിരോധം തീർത്ത നാട്! അത്തരമൊരു നാട്ടിൽ, പൊതുവിദ്യാഭ്യാസത്തിന്റെ ജൈവികോർജ്ജം ഉൾക്കൊണ്ട എന്റെ വിദ്യാർത്ഥികൾ നാളെ മുതലാളിത്തവും വ്യക്തിവാദവും മുഖമുദ്രയായ രാജ്യങ്ങളിലേതുപോലെ മനുഷ്യബന്ധങ്ങളെ മറന്ന്, തങ്ങളിൽമാത്രം മുഴുകി, തങ്ങളോടുതന്നെ ഉറക്കെ സംസാരിക്കുന്നവരായി മാറുമോ എന്നത് ആശങ്കയുളവാക്കുന്ന ചിന്തയാണ്. ജീവനറ്റ ഒരു യന്ത്രപ്പെട്ടിയ്ക്കകത്തോ നിറംപിടിപ്പിച്ച ഒരു വേദിയുടെ നാലുചുവരുകൾക്കുള്ളിലോ മുൻകൂട്ടി നിർണ്ണയിക്കപ്പെട്ട കൂടിക്കാഴ്ചകളിലൂടെമാത്രമോ തമ്മിൽ ഇടപെടുന്നവരായി മാറുമോ ഞാനും അവരും?
കാമ്പസ്സുകളുടെ സാമൂഹികചേതന ഓൺലൈൻ ലോകത്തിന്റെ വൈയക്തികതയിലേയ്ക്കും ജഡത്വത്തിലേയ്ക്കും ചുരുങ്ങുന്നതിന് ഈ മഹാമാരി കാരണമാകുമെങ്കിൽ, അതിന്റെ മാരകമായ സംഹാരരൂപം നമുക്കു ദർശിക്കാനാവുക സാമൂഹികതയുടെ അന്ത്യശ്വാസത്തിലൂംകൂടിയാണ് എന്നു പറയേണ്ടിവരും.
പഴയ വ്യവസ്ഥകൾ വഴിമാറും, പക്ഷേ...
സാമ്പ്രദായിക കാമ്പസുകളെ മഹത്വവത്കരിക്കാനോ ഡിജിറ്റൽ മാതൃകകളെ തള്ളിക്കളയണമെന്നു സ്ഥാപിക്കാനോ അല്ല ഇത്രയും പറഞ്ഞത്. ഡിജിറ്റൽ മാധ്യമത്തിൽ അധിഷ്ഠിതമായ കാമ്പസുകളും ക്ലാസ് മുറികളും ലോകമെമ്പാടും ഇടംപിടിച്ചുകഴിഞ്ഞ സ്ഥിതിയ്ക്ക് അവ നിലനിൽക്കുമെന്നതിൽ സംശയമില്ല. അതിനാൽ ഡിജിറ്റൽ ക്ലാസ് മുറികളും സാമ്പ്രദായിക കാമ്പസ് രീതികളും തമ്മിൽ ആരോഗ്യകരമായൊരു സന്തുലിതാവസ്ഥയിലെത്തുക എന്നത് കാലഘട്ടത്തിെൻറ ആവശ്യമാവാം. പൂർണമായും ഡിജിറ്റൽവത്കരിക്കപ്പെടുന്ന കാമ്പസ്സുകളും ക്ലാസ് മുറികളും ഉയർത്തുന്ന ഭീഷണികളെപ്പറ്റി ഓർമപ്പെടുത്തുന്ന ഏതൊരു വിമർശനത്തെയും സാങ്കേതികതയോടുള്ള ഭയമായും ആലസ്യമായും എഴുതിത്തള്ളാനുള്ള പ്രവണത നമുക്കുചുറ്റുമുണ്ട്. സാമ്പ്രദായിക കാമ്പസുകളുടെ ‘വക്താക്കളും’ അല്ലാത്തവരും തമ്മിൽ ഇത്തരം അനാവശ്യദ്വന്ദങ്ങൾ സൃഷ്ടിക്കുന്നതോടെ നാം കാണാതെപോവുന്ന വസ്തുതകളിലൊന്ന് ഇതാണ്: ഓൺലൈനിലേയ്ക്കുള്ള മാറ്റം എങ്ങനെ കമ്പോളരാഷ്ട്രീയത്തിനും യന്ത്രാധിപത്യത്തിൽ അധിഷ്ഠിതമായ കോർപ്പറേറ്റ് വിദ്യാഭ്യാസ വീക്ഷണങ്ങളുടെ വാഴ്ചയ്ക്കും വളംവെയ്ക്കുന്നു.
ഡിജിറ്റൽ യുഗത്തിൽ നാമെത്തിക്കഴിഞ്ഞ സ്ഥിതിയ്ക്ക് പുതിയ രീതികൾക്കുമുന്നിൽ പഴയ വ്യവസ്ഥകൾ വഴിമാറുമെന്നതിൽ സംശയമൊന്നുമില്ല. അറിവിന്റെ ഉത്പാദനത്തിലും വിതരണത്തിലും നിർണായക സ്ഥാനം ഡിജിറ്റൽ സാങ്കേതികത വഹിച്ചുതുടങ്ങിക്കഴിഞ്ഞു. അനേകം മനുഷ്യരിലേയ്ക്ക് അറിവെത്തിക്കുന്ന ഉപാധിയായി ഡിജിറ്റൽ മാധ്യമങ്ങൾ വളർന്നതോടെ വിദ്യാഭ്യാസത്തിന്റെ ഉദാത്തലക്ഷ്യങ്ങളെ ജനാധിപത്യവത്കരിക്കാനുള്ള സാധ്യതകളും അവ തുറന്നിടുന്നുണ്ട്. മാത്രമല്ല, ഇന്ത്യയിലെ വിദ്യാഭ്യാസം ഡിജിറ്റൽ ഇടങ്ങളിലൂടെ ക്രമീകരിക്കപ്പെടാനും വിപുലീകരിക്കപ്പെടാനും തുടങ്ങിയിട്ട് പതിറ്റാണ്ടായിരിക്കുന്നു. ഇ-ബുക്കുകളുടെയും ഇ-വായനയുടെയും വളർച്ചയോടൊപ്പം ഡിജിറ്റൽ ടൂളുകളും വിദ്യകളും പ്രചാരം നേടിക്കഴിഞ്ഞു. വിവരസാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ക്ലാസ് മുറികൾ വിദ്യാഭ്യാസത്തിന്റെ മുന്നുപാധികളിലൊന്നായി യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷൻ തന്നെ ശുപാർശ ചെയ്തതോടെ അദ്ധ്യാപകരും വിദ്യാഭ്യാസസ്ഥാപനങ്ങളും അത്തരം മാനദണ്ഡങ്ങൾ കരിക്കുലത്തിൽ സ്വാംശീകരിച്ചുകഴിഞ്ഞു. ഇത്തരം മാറ്റങ്ങൾ ദൈനംദിനജീവിതത്തിന്റെ ഭാഗമാകുമ്പോൾത്തന്നെ അവയിലൂടെ നാം നഷ്ടപ്പെടുത്തിക്കൂടാത്ത മൂല്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് കാമ്പസുകളുടെ സാമൂഹികചേതനയും അതു മുന്നോട്ടുവെയ്ക്കുന്ന വിദ്യാർത്ഥി രാഷ്ട്രീയത്തിെൻറ ചടുലതയും.
നാം കാണാതെപോവുന്ന വസ്തുതകളിലൊന്ന് ഇതാണ്: ഓൺലൈനിലേയ്ക്കുള്ള മാറ്റം എങ്ങനെ കമ്പോളരാഷ്ട്രീയത്തിനും യന്ത്രാധിപത്യത്തിൽ അധിഷ്ഠിതമായ കോർപ്പറേറ്റ് വിദ്യാഭ്യാസ വീക്ഷണങ്ങളുടെ വാഴ്ച്ചയ്ക്കും വളംവെയ്ക്കുന്നു
കാമ്പസുകളുടെ ഈ സജീവതയ്ക്ക് ശക്തിപകർന്നിരുന്ന പല ഘടകങ്ങളുമുണ്ട്. കാമ്പസും ക്ലാസ്മുറികളും വിവരത്തിന്റെയും വിജ്ഞാനത്തിന്റെയും സുരക്ഷിതവിനിമയം സാധ്യമാക്കുന്ന ഇടങ്ങളാണ് എന്നതാണ് അതിൽ പ്രധാനം. വിമർശനാത്മകചിന്തയും ദുഷ്കരമായ ചർച്ചകളും തമ്മിൽ കലഹിക്കുന്ന ആശയങ്ങളും വിമതാഭിപ്രായങ്ങളും പേടികൂടാതെ ഉന്നയിക്കാവുന്ന വേദികളാണവ, അതിനാൽ, ഓൺലൈൻ കാമ്പസുകളിലെ അദ്ധ്യാപക-വിദ്യാർത്ഥി സംവാദങ്ങൾ സാങ്കേതികമായി സുരക്ഷിതമായിരിക്കുമോ എന്നത് ചിന്തനീയമാണ്. ഒപ്പംതന്നെ ചിന്തിക്കേണ്ട വിഷയമാണ്, ഡിജിറ്റൽ സർവലൻസ്, അഥവാ ഡിജിറ്റൽ മാധ്യമത്തിലൂന്നിയ നിരീക്ഷണവ്യവസ്ഥകൾ. ഡിജിറ്റൽ സർവലൻസിനോടുള്ള ഭയം എങ്ങനെ കാമ്പസ്സുകളിൽ നിന്ന് പ്രതിഷേധ രാഷ്ട്രീയത്തിന്റെ ഭിന്നസ്വരങ്ങളെ തുടച്ചുനീക്കിയേക്കാം എന്നതും സംഘടിത സാമൂഹികപ്രവർത്തനത്തിന്റെ സാധ്യതകളെ ഉന്മൂലനം ചെയ്തേക്കാമെന്നതും ശ്രദ്ധ ആവശ്യപ്പെടുന്ന വിഷയമാണ്. ഒരുദാഹരണം ചൂണ്ടിക്കാട്ടാം: അമേരിക്കൻ ഭരണഘടനയിൽ, അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ഒന്നാം ഭേദഗതിയിലെ അടിസ്ഥാനതത്വമാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും ‘ഭരണഘടനാപരമായ അവകാശങ്ങൾ വിദ്യാലയത്തിന്റെ വാതിൽക്കൽ ഉപേക്ഷിക്കരുത്’ എന്നത്. അതിനാൽത്തന്നെ പ്രതീകാത്മകമായി പ്രതിഷേധിക്കാൻ പൂർണസ്വാതന്ത്ര്യം ഉള്ളവരാണ് അവിടെ അദ്ധ്യാപക-വിദ്യാർത്ഥി സമൂഹം.
നോം ചോംസ്കിയെപ്പോലുള്ള പണ്ഡിതർക്ക് അമേരിക്കൻ അക്കാദമിക വൃത്തങ്ങൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ ‘ബുദ്ധിജീവികളുടെ ഉത്തരവാദിത്വങ്ങൾ’ പോലുള്ള ലേഖനങ്ങളെഴുതാൻ കഴിയുന്നത് ഇത്തരം സ്വാതന്ത്ര്യങ്ങളുള്ളതുകൊണ്ടും കൂടിയാണ്. എന്നാൽ ലോകത്തെ പല രാഷ്ട്രങ്ങളിലെയും പൗരർക്ക് ഇന്നും അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം പൂർണാർത്ഥത്തിൽ, നിരുപാധികം അനുവദിച്ചുകിട്ടിയിട്ടില്ല. അഥവാ അങ്ങിനെ ലഭിച്ചിട്ടുള്ള രാജ്യങ്ങളിൽത്തന്നെ അവർ ഈ അവകാശം വിനിയോഗിക്കുന്നത് ആശങ്കകളോടും ഭീതികളോടും ഏറ്റുമുട്ടാൻ നിർബന്ധിതരായിക്കൊണ്ടാണ്. അഭിപ്രായസ്വാതന്ത്ര്യത്തെയും അക്കാദമിക വിയോജിപ്പിനെയും എപ്പോൾ വേണമെങ്കിലും തുറുങ്കിലടയ്ക്കാൻ പാകത്തിന് തലയ്ക്കുമീതെ തൂങ്ങിനില്ക്കുന്ന രാജ്യദ്രോഹനിയമങ്ങൾ ഇതിനുദാഹരണമാണ്. വിമർശനാത്മകരാഷ്ട്രീയത്തിന്റെ ധൈഷണികജ്വാല ഉയർത്തിപ്പിടിക്കുന്നവർ വിദ്യാർത്ഥികളോ അദ്ധ്യാപകരോ ആകട്ടെ, അവർ കമ്പോളത്തിനെതിരെയും നിരീക്ഷണ രാഷ്ട്രങ്ങൾക്കെതിരെയുമുള്ള പ്രത്യയശാസ്ത്രയുദ്ധത്തിൽ രക്തസാക്ഷികളാകുന്നത് നമ്മൾ കാണേണ്ടി വരും.
ആർക്കൈവ് ചെയ്യപ്പെട്ട ക്ലാസ്സുകൾ അപകടം ചെയ്യുമോ?
ഡിജിറ്റൽ മാധ്യമങ്ങൾ മഹാമാരിക്കാലത്തെ പോംവഴിയാകാമെങ്കിലും, അവ സ്ഥിര ബദലായിക്കൂടെന്നുള്ള സിപിഐ(എം) പൊളിറ്റ് ബ്യൂറോ നിരീക്ഷണവും ഈയൊരുസാഹചര്യത്തിൽ പ്രസക്തമാണ്. ഏതൊരു സാമ്പ്രദായിക വിജ്ഞാനവും ചോദ്യംചെയ്യാൻ ആർക്കും സ്വാതന്ത്ര്യമുള്ള ബൗദ്ധികചർച്ചാവേദികളായിരിക്കണം ആദർശകാമ്പസും ക്ലാസ്മുറികളും. ലോകമെമ്പാടും നിരീക്ഷണരാഷ്ട്രങ്ങൾ ഉയർന്നുവരുന്ന സമകാലിക സാഹചര്യത്തിൽ, അതിരുകളില്ലാത്ത കാമ്പസ് ചർച്ചകൾക്ക് ഭീഷണിയുയർത്തുന്ന ഒന്നായി മാറരുത് ഓൺലൈനിലേയ്ക്കുള്ള പരിവർത്തനം. ഇതിനകം, പല സർവ്വകലാശാലകളും കോളേജുകളും അദ്ധ്യാപകർ എന്തു പഠിപ്പിച്ചുവെന്നതിനു തെളിവായി റെക്കോർഡ് ചെയ്ത ലക്ചർ പകർപ്പുകൾ സമർപ്പിക്കാൻ പറഞ്ഞുതുടങ്ങിയിരിക്കുന്നു. ഇത്തരം ആർക്കൈവ് ചെയ്യപ്പെട്ട ക്ലാസ്സുകൾ ഭാവിയിലെ അധികാരകേന്ദ്രങ്ങൾ നിരീക്ഷണത്തിനു വിധേയമാക്കുകയും അദ്ധ്യാപകർക്കെതിരെ ഉപയോഗിക്കുകയും ചെയ്തേക്കാമെന്ന ഭീതി ഇന്ന് സാമൂഹിക-മാനവിക ശാസ്ത്രങ്ങളിലെ അദ്ധ്യാപകർക്കെങ്കിലുമുണ്ട്. ശാസ്ത്രവിഷയങ്ങൾ കൈകാര്യം ചെയ്യുന്നവർ പരീക്ഷണങ്ങൾക്കു പകരം നില്ക്കാൻ പറ്റിയ സാങ്കേതികവിദ്യകളെപ്പറ്റിയും വെർച്വൽ ലബോറട്ടറികളെപ്പറ്റിയും ചിന്തിക്കുന്ന ഈ കാലത്ത് മാനവിക-സാമൂഹികശാസ്ത്രവിഷയങ്ങൾ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും പൊരുതേണ്ടത് ഉയർന്നുവരുന്ന ഈ ഭീതികളോടാണ്.
എല്ലാവരും എല്ലാവരെയും സദാ നിരീക്ഷിക്കുന്ന വ്യവസ്ഥയിലാണ് നമ്മളിന്ന്. മാറുന്ന കാമ്പസുകളിലെ അദ്ധ്യാപകർ സദാചാര ഭൂരിപക്ഷത്തെ ഭയക്കാതെ ട്രാൻസ്ജെൻഡർ അവകാശങ്ങളെപ്പറ്റിയോ ലിംഗരാഷ്ട്രീയത്തെപ്പറ്റിയോ പുരോഗമനപരമായ മറ്റേതെങ്കിലും വിഷയത്തെപ്പറ്റിയോ ചെയ്ത ലക്ചറുകളുടെ പകർപ്പ് സമർപ്പിച്ചാൽ, നാളത്തെ ഭരണകൂടങ്ങൾ അവർക്ക് എന്തു ശിക്ഷ വിധിക്കും എന്നത് ഒരു ചോദ്യമാണ്. എന്തുതരം വിദ്യാർത്ഥിരാഷ്ട്രീയമാണ് അത്തരം കാമ്പസ്സുകളിൽ സാധ്യമാവുക? നിരന്തര നിരീക്ഷണത്തിലും അകലത്തിലും അധിഷ്ഠിതമായ കാമ്പസ്സുകളിൽ വിമർശനത്തിന്റെയും വിയോജിപ്പിന്റെയും സാധ്യതകൾ മാഞ്ഞുപോകുമ്പോൾ, കോർപറേറ്റ് നവലിബറൽ ശക്തികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നതിനാണ് അതു കാരണമാകുക. നൈസർഗ്ഗിക ബുദ്ധിജീവികളുടെ ഉത്തരവാദിത്വങ്ങൾ കൈയേൽക്കാൻപോന്ന അദ്ധ്യാപകരോ, പൗരസമൂഹത്തിൽ ക്രിയാത്മകമായി ഇടപെടാൻ കെൽപ്പുള്ള വിദ്യാർത്ഥികളോ അത്തരം കാമ്പസ്സുകളിൽ പിന്നീട് അവശേഷിക്കുമോ എന്ന വലിയ ചോദ്യത്തിന് നാം ഉത്തരം കണ്ടെത്തണം.
ആർക്കൈവ് ചെയ്യപ്പെട്ട ക്ലാസ്സുകൾ ഭാവിയിലെ അധികാരകേന്ദ്രങ്ങൾ നിരീക്ഷണത്തിനു വിധേയമാക്കുകയും അദ്ധ്യാപകർക്കെതിരെ ഉപയോഗിക്കുകയും ചെയ്തേക്കാമെന്ന ഭീതി ഇന്ന് സാമൂഹിക-മാനവിക ശാസ്ത്രങ്ങളിലെ അദ്ധ്യാപകർക്കെങ്കിലുമുണ്ട്
ചില സംശയങ്ങൾ
സാമ്പ്രദായിക ക്ലാസ്സുകളോടൊപ്പം ഓൺലൈൻ ക്ലാസ്സുകളെയും ആശ്രയിക്കുന്ന മിശ്രിതരീതി, മഹാമാരിയുടെ കാലം കഴിയുന്നതുവരേയ്ക്കുള്ള താൽക്കാലിക പ്രതിവിധിയായിരിക്കാം. എന്നാൽ വിമർശനാത്മകമായി ചിന്തിക്കാതെ ഓൺലൈനിലേയ്ക്കു ചുവടുമാറാനുള്ള വ്യഗ്രത ലോകമെമ്പാടും കാണുമ്പോൾ സ്വാഭാവികമായും പലരുടെയും മനസ്സിലുയരുന്ന ചില സംശയങ്ങളുണ്ട്. നമ്മുടെ ജൈവികമായ കാമ്പസുകളെ, വളർന്നുവരുന്ന ഒരു വിജ്ഞാനവ്യവസായം സാങ്കേതികതയിലൂടെ കീഴടക്കുന്നതിന് ഈ മാറ്റം വഴിവെയ്ക്കുമോ?. പൊതുവിദ്യാഭ്യാസത്തെ കോർപ്പറേറ്റ് മുതലാളിത്തത്തിനുള്ള വെറുമൊരു പരിപോഷക സേവനമാക്കിച്ചുരുക്കാനുള്ള കമ്പോളത്തിന്റെ ആഗ്രഹത്തിന് ഓൺലൈനിലേയ്ക്കുള്ള ഈ മാറ്റം ഊർജ്ജം പകരുമോ? വികസ്വര രാഷ്ട്രങ്ങളുടെ എല്ലാ വിദ്യാഭ്യാസനേട്ടങ്ങളെയും കഴിവില്ലായ്മയുടെ ജനാധിപത്യവത്കരണമായിമാത്രം കാണുന്ന സാങ്കേതികക്കമ്പോളത്തിന്റെ ഭാഷ എപ്പോഴും പ്രകടിപ്പിക്കുന്നത് ‘വരേണ്യ മോഡലുകൾ’ പകരം നിർമ്മിക്കാനുള്ള ആഗ്രഹമാണ്. ‘ലാഭത്തിനായുള്ള വിജ്ഞാനത്തിന്റെ വിപ്ലവം’ എന്ന മുതലാളിത്തസ്വപ്നത്തിെൻറ അന്തിമമായ സാക്ഷാത്കാരമാണ് ഈ എലീറ്റ് മോഡൽ വിദ്യാഭ്യാസം. ഇന്ത്യ പോലുള്ള രാഷ്ട്രങ്ങളിലെ മധ്യ-ഉപരിവർഗ്ഗങ്ങളെ സംബന്ധിച്ച്, ഡിജിറ്റൽ മാധ്യമത്തിന്റെ സാധ്യതകളിലൂടെ അന്താരാഷ്ട്ര വിദ്യാഭ്യാസസേവനങ്ങൾ ലഭ്യമാക്കുന്ന ‘വേൾഡ് ക്ലാസ്’ സ്ഥാപനങ്ങളിൽ സ്വന്തം കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതിലുള്ള അഭിമാനമായാണ് ഈ പ്രവണത പലപ്പോഴും പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഈ ഓട്ടമത്സരത്തിൽ പങ്കെടുക്കാൻപോലുമാകാതെ മാറിനിൽക്കുന്നവരെക്കൂടി നാം ഓർക്കുകയും പരിഗണിക്കുകയും വേണം.
ഒരു വൈറസിന് ഒരുപക്ഷേ നമ്മെ സാമൂഹിക ഇടങ്ങളിൽനിന്ന് മാറ്റിനിർത്താൻ സാധിക്കും. എന്നാൽ ഒരു വൈറസിനും, നമ്മെ അരാഷ്ട്രീയവത്കരിക്കാൻ കഴിയില്ല എന്ന് വിദ്യാഭ്യാസം വഴി തെളിയിക്കേണ്ടിയിരിക്കുന്നു.
ഡോ. മീന ടി. പിള്ള : പ്രൊഫസർ, കേരള സർവകലാശാല
വിസിറ്റിംഗ് പ്രൊഫസർ, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ,
ലോസ് ആഞ്ജലസ്